കെ. ജയകുമാർ | ഫോട്ടോ: മാതൃഭൂമി
വിചാരിച്ചിരുന്നത് സംഭവിച്ചു. ടൂറിസം-സാംസ്കാരിക-ഇൻഫർമേഷൻ വകുപ്പുകളുടെ ചുമതലയിൽനിന്ന് എന്നെ കൃത്യമായി മാറ്റി. സെക്രട്ടറിയായിക്കഴിഞ്ഞ ഒരുദ്യോഗസ്ഥന് സാധാരണനിലയിൽ വകുപ്പുകളുടെ ചുമതലയിൽ മാറ്റമുണ്ടാവുകയേ പതിവുള്ളൂ. സെക്രട്ടേറിയറ്റിനു പുറത്തേക്കു പോകേണ്ടി വരാറില്ല. അല്ലെങ്കിൽ വൈദ്യുതി ബോർഡ് ചെയർമാനോ, പ്രധാനപ്പെട്ട ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറോ ആയിട്ടായിരിക്കും നിയമനം.
എന്നെ മാറ്റിയത് പൊതുവിദ്യാഭ്യാസ ഡയറക്ടറായിട്ടാണ്. അതൊരു ചെറുതോ അപ്രധാനമോ ആയ ജോലിയല്ല. കേരളത്തിലെ സ്കൂൾവിദ്യാഭ്യാസത്തിന്റെ അമരക്കാരനാവുക തീർച്ചയായും അഭിമാനകരം തന്നെ. പുതിയ പോസ്റ്റ് അല്ല എന്നെ വിഷമിപ്പിച്ചത്. സെക്രട്ടേറിയറ്റിൽനിന്ന് പുറത്താക്കി എന്ന നിരാശ എന്നെ കരണ്ടുകൊണ്ടിരുന്നു. സ്വാധീനമുള്ള ചില ഉദ്യോഗസ്ഥർ എന്റെ സ്ഥാനചലനവും ‘നാടുകടത്തലും’ ആഗ്രഹിക്കുകയും അതിനുവേണ്ടി കരുനീക്കം നടത്തുകയും ചെയ്തു എന്ന ‘ആധികാരികമായ വിവരം’ മനോവിഷമത്തെ പെരുപ്പിച്ചു.
ഭരണസിരാകേന്ദ്രത്തിൽനിന്ന് പുറത്താക്കപ്പെട്ടതിന്റെ വേദനയോടെയാണെങ്കിലും പുതിയ ജോലിയുമായി ഞാൻ വേഗം പൊരുത്തപ്പെട്ടു. കേരളാ എജ്യുക്കേഷൻ റൂൾസ് (K.E.R.) എന്ന വിശുദ്ധഗ്രന്ഥവുമായുള്ള പരിചയം ഈ ജോലിയിൽ അനിവാര്യമാണെന്ന് ആദ്യമേ മനസ്സിലായി. അതൊരു പുരാതന നിയമാവലിയാണെന്നും ബോധ്യപ്പെട്ടു. സ്വകാര്യ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കി മാറ്റുകയും അവിടത്തെ അധ്യാപർക്ക് സർക്കാർ ശമ്പളം കൊടുക്കുകയും ചെയ്ത ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭയുടെ ചരിത്രപ്രധാന തീരുമാനം അനിവാര്യമാക്കിയവയാണ് ഈ ചട്ടങ്ങൾ.
ഇവയുടെ ഭാവനരഹിതവും വികലവുമായ വ്യാഖ്യാനങ്ങളിലൂടെ വന്നുഭവിച്ചിട്ടുള്ള തെറ്റായ കീഴ് വഴക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും കണക്കില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന്റെ അമ്പതുശതമാനത്തിലേറെ ഊർജം വ്യയം ചെയ്തിരുന്നത് ഈ കേസുകളുടെ നടത്തിപ്പിനായിരുന്നു. (ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടിരിക്കുമെന്നാണെന്റെ വിശ്വാസം) ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് ഒരു സ്വതന്ത്രരാജ്യം തന്നെയാണ്. വിദ്യാഭ്യാസമേഖലയുടെ ഭരണപരവും അക്കാദമികവുമായ കാര്യങ്ങളിൽ വലിയ സംഭാവന നടത്താൻ ആ സ്ഥാനത്തിരുന്നു സാധിക്കും. ജോലിയുടെ പ്രാധാന്യം എനിക്ക് ബോധ്യപ്പെട്ടു; ഞാനതിനോട് പൊരുത്തപ്പെടുക മാത്രമല്ല അത് ഇഷ്ടപ്പെടാനും തുടങ്ങി. സംസ്ഥാനത്തു ഏറ്റവുംകൂടുതൽ സന്ദർശകർ കാണാൻ വരുന്ന ഉദ്യോഗസ്ഥൻ ഡി.പി.ഐ. തന്നെയായിരിക്കണം.
സന്ദർശകർ കൂടുതലും സർവീസിലുള്ളതോ പിരിഞ്ഞതോ ആയ അധ്യാപകരായിരിക്കും. അല്ലെങ്കിൽ സ്കൂൾ മാനേജർമാരായിരിക്കും. അഭിഭാഷകരുമുണ്ടാകും ഇടയ്ക്കിടെ. ഇതൊക്കെയാണെങ്കിലും ‘മമതാബന്ധങ്ങളിൽനിന്ന് മുക്തി നേടാത്ത എന്റെ മനസ്സ് കലാപം കൂട്ടിക്കൊണ്ടേയിരുന്നു. എന്നാലും സെക്രട്ടറിയായിരുന്ന തന്നെ തരംതാഴ്ത്തിക്കളഞ്ഞല്ലോ’ എന്ന് അന്തഃകരണം (അഥവാ ഈഗോ) മന്ത്രിച്ചുകൊണ്ടേയിരുന്നു. അതെന്റെ അഹന്തയ്ക്കു ചെറുതല്ലാത്ത പ്രഹരം തന്നെ നൽകി. (ഒരുപക്ഷേ, അത് തന്നെയായിരിക്കണം എന്റെ സ്ഥാനമാറ്റത്തിനുവേണ്ടി പ്രയത്നിച്ചവർ ആഗ്രഹിച്ചതും.)
അന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീറായിരുന്നു. സംഭാഷണത്തിലെ ഹൃദ്യത, പെരുമാറ്റത്തിലെ അക്ഷോഭ്യത, പ്രഭാഷണത്തിലെ വശ്യത; ഈ ഗുണങ്ങളില്‍ അദ്ദേഹം അദ്വിതീയനാണ്. പുതിയ ഡി.പി.ഐ. മന്ത്രിയെ ചെന്നുകണ്ടു. അദ്ദേഹം എന്നില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചു. പ്രോത്സാഹനജനകമായി സംസാരിച്ചു. ചെയ്തുതീര്‍ക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഞാന്‍ പറഞ്ഞു: ''സാര്‍, ഇതെല്ലാം ഭംഗിയായി ചെയ്യാം. ഒരു ബുദ്ധിമുട്ടുമില്ല. എത്ര അധ്വാനിക്കാനും ഞാന്‍ ഒരുക്കമാണ്. പക്ഷേ, ഞാന്‍ ദുഃഖിതനാണ്. വിദ്യാഭ്യാസ ഡയറക്ടറുടെ ജോലി ഇഷ്ടമില്ല എന്നല്ല. എനിക്കവിടെനിന്ന് മാറ്റവും വേണ്ട. പക്ഷേ, സെക്രട്ടേറിയറ്റില്‍നിന്ന് പുറത്താക്കി എന്ന വിഷമം വിട്ടുമാറുന്നില്ല.''
എന്റെ മനസ്സ് അദ്ദേഹം വായിച്ചതുപോലെ തോന്നി. എന്റെ വികാരം ബാലിശമാണെന്നു വിധിച്ചില്ല. അദ്ദേഹം ഉടനെ പറഞ്ഞു: ''ഡി.പി.ഐ.യുടെ ജോലി ഭാരിച്ചതാണ്. ഇല്ലായിരുന്നെങ്കില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിക്കാമായിരുന്നു. ഇപ്പോഴത്തെ സെക്രട്ടറി അമേരിക്കയില്‍ ചികിത്സയ്ക്കു പോവുകയാണ്.'' 'സ്ഫുട താരകളുണ്ട് കൂരിരുട്ടിലും...' എന്ന കവിവാക്യം ഓര്‍മ വന്നു. ആ ചിന്ത ഒരു നക്ഷത്രവെളിച്ചമായി എനിക്കനുഭവപ്പെട്ടു. ''ശരിയാണ് സാര്‍. ഹെവിയാണ്; എന്നാലും സാരമില്ല; എനിക്ക് ആ അധികച്ചുമതല തന്നാല്‍ അതൊരു വലിയ ആശ്വാസമായിരിക്കും.''
അടുത്ത ആഴ്ച തന്നെ ഡി.പി.ഐ.യുടെ പ്രധാന ചുമതലയ്ക്കുപുറമേ, ഞാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേറ്റു. എന്നെ പുറത്തുചാടിക്കാന്‍ ആരൊക്കെയോ ശ്രമിച്ചു എന്ന വിചാരമാണ് എന്നെ വേദനിപ്പിച്ചതും ഈ സാഹസത്തിനു പ്രേരിപ്പിച്ചതും. മനുഷ്യമനസ്സിന്റെ കൊച്ചുവാശികളും അര്‍ഥമില്ലാത്ത നിര്‍ബന്ധങ്ങളുമുണ്ടല്ലോ; അതിലൊന്നായിരുന്നു സെക്രട്ടേറിയറ്റില്‍ എനിക്കിപ്പോഴും ഒരു കസേരയുണ്ട് എന്ന് സ്ഥാപിക്കണമെന്ന തീവ്രമായ ആഗ്രഹം. സാങ്കല്പികമായ ഒരു ഉപജാപകനെ 'കൊച്ചാക്കുക' എന്നതായിരുന്നു പ്രഥമ ലക്ഷ്യം എന്ന് കുമ്പസാരിക്കാന്‍ എനിക്കിപ്പോള്‍ കഴിയും. എനിക്കെതിരേ ആരോ കളിച്ചു എന്നത് എന്റെ തോന്നലുമായിരുന്നിരിക്കാം. ഈ എഴുപതാം വയസ്സില്‍ തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം ഒരസംബന്ധനാടകത്തിലെ (absurd drama)രംഗങ്ങള്‍പോലെ രസനീയം. ഒട്ടു ബാലിശം! പക്ഷേ, വ്രണിതമായ എന്റെ ഈഗോയ്ക്ക് അന്ന് ഒരുപശാന്തി ആവശ്യമായിരുന്നു.
ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായതോടെ മറ്റൊരു ഉത്തരവാദിത്വം കൂടി അനിവാര്യമായി. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പദവി. പ്രഗല്ഭനായ യു. ആര്‍. അനന്തമൂര്‍ത്തി സ്ഥാനമൊഴിഞ്ഞതിനു ശേഷം സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കുന്നതിന് ഒരുപാടു കാലതാമസം നേരിട്ടു. അതെന്തുകൊണ്ടായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കായിരുന്നു വി.സി.യുടെ ചുമതല. പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യ രജിസ്ട്രാറായി ജോലിചെയ്ത സര്‍വകലാശാലയില്‍ 1995-ല്‍ സാഹചര്യങ്ങളുടെ ഒത്തുകളിയുടെ ഫലമായി വൈസ് ചാന്‍സലറായി ഞാന്‍ ചുമതലയേറ്റു. അപ്പോഴേക്കും ബാലാരിഷ്ടതകള്‍ മാറി, പുതിയ കാമ്പസില്‍ സര്‍വകലാശാല പൂര്‍ണശോഭയോടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞിരുന്നു.
താത്കാലിക ചാര്‍ജ് വഹിക്കുകയാണെങ്കിലും പ്രായോഗികമായി പൂര്‍ണഅധികാരമുള്ള വൈസ് ചാന്‍സലര്‍ തന്നെയാണ്. സിന്‍ഡിക്കേറ്റ് മീറ്റിങ്ങുകളും മറ്റു ഔദ്യോഗിക കാര്യങ്ങളുമെല്ലാം മുറപോലെത്തന്നെ നടത്തിപ്പോന്നു. ഡി.പി.ഐ., ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ മൂന്നു സുപ്രധാന ജോലികള്‍ ഒന്നിച്ചുചെയ്യാന്‍ ഇടയായതില്‍ എനിക്ക് പശ്ചാത്താപമില്ല. എന്റെ ഒരു ശുംഭത്തരമാണല്ലോ ഈ കായക്ലേശത്തിനു കാരണം എന്ന് ഞാന്‍ ഒരിക്കലും പരിതപിച്ചില്ല. പക്ഷേ, അധ്വാനം ചില്ലറയായിരുന്നില്ല.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്ററിലെ ഫയലുകളുടെ എണ്ണത്തിന് കണക്കില്ല. സര്‍വകലാശാലയിലെ കാര്യങ്ങള്‍ക്കും സമയപരിധിയുണ്ട്. പിന്നെ നിരന്തരമുള്ള കോട്ടയം-തിരുവനന്തപുരം യാത്രയും. മൂന്ന് ഓഫീസുകളിലും പരാതിയുണ്ടാകരുത്. 'സാറിനെ ഒരു പ്രധാന കാര്യത്തിനും കിട്ടാനില്ല.' എന്നും മറ്റുമുള്ള പരാതിക്ക് ഇടം കൊടുക്കരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. മൂന്ന് ഓഫീസുകളെയും ഒരുവിധം തൃപ്തികരമായി കൊണ്ടുപോകാന്‍ സാധിച്ചു; അത് ദൈവാനുഗ്രഹമെന്നേ പറയാവൂ. ഇത്രയേറെ അനുഭവവൈവിധ്യം ഉണ്ടാകണമെങ്കില്‍ ഈ അധ്വാനം അനിവാര്യം.
ആലുവ യു.സി. കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ അന്നത്തെ രാഷ്ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മയ്‌ക്കൊപ്പം പങ്കെടുത്തതും, മറ്റനേകം മികച്ച കലാലയങ്ങളിലെ സെമിനാറുകളിലും ആഘോഷങ്ങളിലും പങ്കെടുക്കാന്‍ സാധിച്ചതുമൊക്കെ എനിക്ക് കിട്ടിയ വലിയ വിദ്യാഭ്യാസവും പരിശീലനവുമായിരുന്നു. വൈസ് ചാന്‍സലറായിപ്പോയതുകൊണ്ട് അറിഞ്ഞുകൂടാത്ത വിഷയങ്ങളെക്കുറിച്ച് അറിയാമെന്നു നടിച്ചു അല്പജ്ഞാനം വിളമ്പി വിഡ്ഢിവേഷം കെട്ടരുത് എന്ന പാഠം ഞാന്‍ തനിയാവര്‍ത്തനം നടത്തിപ്പോന്നു അക്കാലത്ത്. പില്‍ക്കാലത്ത് ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിത്തീര്‍ന്ന പ്രഗല്ഭ അധ്യാപകനും ഗവേഷകനുമായ ഡോ. വി.എന്‍. രാജശേഖരന്‍ പിള്ളയെ വൈസ് ചാന്‍സലറായി നിയമിക്കുന്നതുവരെ, പത്തുമാസത്തോളം നീണ്ടു ഈ ത്രീറിങ് സര്‍ക്കസ്.
സമയനിഷ്ഠയെക്കുറിച്ചു പഠിച്ച പാഠം കൂടി ഓര്‍ക്കുന്നു. കോട്ടയം തിരുനക്കര മൈതാനത്തെ ഒരു പരിപാടിയില്‍ ഞാന്‍ എത്തിച്ചേരാന്‍ പതിനഞ്ചു മിനിറ്റു വൈകി. ഒരു മിനിറ്റുപോലും വൈകിക്കാതെ കൃത്യം അഞ്ചുമണിക്കുതന്നെ യോഗം ആരംഭിച്ച സംഘാടകനായിരുന്ന ഡി.സി. കിഴക്കേമുറിയെ മനസ്സാ നമിക്കുന്നു. എത്താന്‍ വൈകുന്ന മുഖ്യാതിഥിക്കുവേണ്ടി കാത്തിരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഈ തിരുനക്കര സായാഹ്നം ഞാന്‍ ഓര്‍ക്കും; ഡി.സി. കിഴക്കേമുറിയെയും.
1996-ല്‍ കോട്ടയത്തുെവച്ച് നടത്തിയ സ്‌കൂള്‍ കലോത്സവത്തിന് വിദ്യാഭ്യാസ ഡയറക്ടര്‍ എന്ന നിലയില്‍ നേതൃത്വം നല്‍കാന്‍ സാധിച്ചത് മറ്റൊരു ധന്യാനുഭവം. നമ്മുടെ സ്‌കൂള്‍വിദ്യാര്‍ഥികളില്‍ ഇത്രയേറെ പ്രതിഭ അന്തര്‍ലീനമാണല്ലോ എന്ന അറിവ് അത്യന്തം അഭിമാനപ്രദവും വിസ്മയാവഹവുമാണ്. കുഞ്ഞുങ്ങളുടെ സഹജലാളിത്യം മത്സരത്തിന്റെ ഉഷ്ണക്കാറ്റേറ്റു വാടുന്നില്ല എന്നുറപ്പു വരുത്തലാണ് കലോത്സവത്തിലെ ഏറ്റവുംവലിയ വെല്ലുവിളി. മഹാമേളയുടെ നടത്തിപ്പിന്റെ പ്രായോഗികവശങ്ങള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കരുത്തും പരിചയവും വിദ്യാഭ്യാസ വകുപ്പിനു വേണ്ടുവോളമുണ്ട്.
കോട്ടയത്തെ കലോത്സവത്തില്‍ അപ്പീല്‍ കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കെയുണ്ടായ ഒരു സംഭവം മറന്നിട്ടില്ല. പ്രസംഗമത്സരത്തിന് പരാതിയുമായി ഒരു മത്സരാര്‍ഥി വന്നു; മിടുക്കനായ ഒരു വിദ്യാര്‍ഥി. അയാളുടെ അപ്പീല്‍ ഞങ്ങള്‍ തള്ളി. മീറ്റിങ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഈ വിദ്യാര്‍ഥി വലിയ സങ്കടത്തോടും ക്ഷോഭത്തോടും എന്നോട് സംസാരിച്ചു. (തട്ടിക്കയറി എന്നും വേണമെങ്കില്‍ വ്യാഖ്യാനിക്കാം.) സാധാരണ നിലയില്‍ അതൊരു അതിരുകടന്ന വികാരപ്രകടനമായി കണക്കാക്കാം. പക്ഷേ, അയാളുടെ ആത്മാര്‍ഥമായ വ്യസനം ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു.
പരാതി മുഴുവന്‍ കേട്ടശേഷം ഞാന്‍ വലിയ സ്‌നേഹത്തില്‍ ആ വിദ്യാര്‍ഥിയോടു പറഞ്ഞു: ''ഈ ദിവസം കടന്നുപോകും. ഇവിടെ കിട്ടുന്ന ഒരു സമ്മാനമാണോ നമ്മുടെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്? ഇന്നുതോന്നിയ സങ്കടത്തിനു പകരമായി ജീവിതം വലിയ വിജയം കരുതിവെച്ചിട്ടുണ്ട്. ഇതൊക്കെ മറന്ന് പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കൂ. ഈ മത്സരത്തിലെ വിജയത്തെക്കാള്‍ എത്രയോ വലിയ വിജയം ഇയാളെ കാത്തിരിപ്പുണ്ട്.'' -തോളത്തു തട്ടി ഞാന്‍ ആ വിദ്യാര്‍ഥിയെ ആശ്വസിപ്പിച്ചു. (സെക്രട്ടേറിയറ്റിനു പുറത്തു നിയമിച്ചതിനു ധാര്‍മികരോഷവും സങ്കടവും അനുഭവിച്ച ആളാണ് ഉപദേശിക്കുന്നത്!)
പിന്നെയും ഒരു എട്ടു വര്‍ഷം കഴിഞ്ഞിരിക്കും; ഞാന്‍ ഡല്‍ഹി കേരള ഹൗസിന്റെ പോര്‍ട്ടിക്കോവില്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ സുമുഖനായ ഒരു യുവാവ് വന്ന് ''സാറിനു എന്നെ ഓര്‍മയുണ്ടാവില്ല.'' എന്ന ആമുഖത്തോടെ അഭിവാദ്യം ചെയ്തു. പിന്നെ ഈ പഴയ കഥയോര്‍മിപ്പിച്ചു. കലോത്സവക്കാലത്തു പത്താംക്ലാസില്‍ പഠിച്ചിരുന്ന ആ വിദ്യാര്‍ഥി നിയമപഠനം പൂര്‍ത്തിയാക്കി ഒരു വലിയ നിയമസ്ഥാപനത്തില്‍ ചേര്‍ന്ന്, സുപ്രീംകോര്‍ട്ടില്‍ പ്രാക്ടീസ് ആരംഭിച്ചു. അന്നത്തെ എന്റെ വാക്കുകള്‍ ആ വിദ്യാര്‍ഥിയെ സമാശ്വസിപ്പിക്കുകയും ജീവിതവിജയത്തിലേക്കു നയിക്കുകയും ചെയ്തുവെന്നത് എന്നെ വാസ്തവത്തില്‍ അകമേ കോള്‍മയിര്‍ കൊള്ളിച്ചു.
ഈ ഉദ്യോഗത്തില്‍ കൈവന്ന വലിയൊരു നേട്ടം അധ്യാപക സംഘടനകളുമായുണ്ടായ നല്ലബന്ധമാണ്. അന്ന് മുപ്പത്തിയഞ്ചിലേറെ സംഘടനകളുണ്ടായിരുന്നു. മൂന്നു നാല് സംഘടനകള്‍ വളരെ പ്രബലം. മറ്റുള്ളവയൊക്കെ പ്രത്യേകവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവ. അധ്യാപക സംഘടനകളുടെ സഹകരണമില്ലാതെ വിദ്യാഭ്യാസവകുപ്പില്‍ കാര്യമായൊന്നും നടത്താന്‍ സാധിക്കില്ല. സഹകരണമുണ്ടെങ്കിലോ ആ വകുപ്പില്‍ നടക്കാത്തതായി ഒന്നുമില്ല. ബാലകൃഷ്ണന്‍ നമ്പ്യാര്‍, രാമചന്ദ്രന്‍ നായര്‍, അയിര ശശി, പളനി, റഷീദ് കണിച്ചേരി എന്നിങ്ങനെ പ്രഗല്ഭരായ അധ്യാപക സംഘടനാനേതാക്കളെ വ്യക്തമായി ഓര്‍ക്കുന്നു. ഇവരുമായി എനിക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞ സവിശേഷ ബന്ധത്തിന്റെ രഹസ്യം എന്തായിരുന്നെന്നു ഞാന്‍ സ്വയം അപഗ്രഥിച്ചിട്ടുണ്ട്.
ഡി.പി.ഐ. എന്ന ഉദ്യോഗസ്ഥനും അധ്യാപകസംഘടനാ നേതാക്കളും എന്നതിനപ്പുറം, ഒരു വിദ്യാര്‍ഥിക്ക് അധ്യാപകരോടുള്ള ബന്ധത്തോടെമാത്രം ഞാനവരോട് ഇടപെട്ടു. നീതിപൂര്‍വമല്ലാത്ത ഒരാവശ്യത്തിനും അവര്‍ വന്നില്ല. ആവശ്യപ്പെട്ട കാര്യങ്ങള്‍ എല്ലാം അനുവദിക്കാന്‍ സാധിച്ചിട്ടുമില്ല. അത് പക്ഷേ, ബന്ധത്തെ ഒരിക്കലും ബാധിച്ചില്ല.
എസ്.എസ്.എല്‍.സി. പരീക്ഷയാണ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്കണ്ഠാജനകമായ പ്രധാന ഉത്തരവാദിത്വം. വിപുലമായ പരീക്ഷാഭവനും മറ്റു സംവിധാനവുമെല്ലാം ഉണ്ടെങ്കിലും വ്യക്തിപരമായി നമുക്കൊരല്പം വൈകാരിക സമ്മര്‍ദം തോന്നാതിരിക്കില്ല. നാലുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍, ആയിരക്കണക്കിന് പരീക്ഷാകേന്ദ്രങ്ങള്‍, പരീക്ഷാഡ്യൂട്ടി നോക്കുന്ന അനേകായിരം അധ്യാപകര്‍ ഈ ഘടകങ്ങളെല്ലാം ഒരുമിക്കുമ്പോഴേ പരീക്ഷകള്‍ നന്നായി നടക്കൂ. പിന്നെ ചോദ്യപ്പേപ്പര്‍ അച്ചടി, അതിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തല്‍, വാല്യുവേഷന്‍, സമയബന്ധിതമായ റിസള്‍ട്ട് പ്രഖ്യാപനം എന്നിങ്ങനെ ഓരോ ഘട്ടവും നിര്‍ണായകം.
വിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും പരീക്ഷാഭവനിലെയും പരിണതപ്രജ്ഞരും സമര്‍പ്പണബുദ്ധിയുള്ളവരുമായ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നത്. എന്റെ അറിവിന് കാല്‍നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ഈ സാക്ഷ്യപ്പെടുത്തല്‍ അനുഭവത്തിന്റെ ബാക്കിപത്രമാകുന്നു.
അന്നു റാങ്ക് പ്രഖ്യാപിക്കുന്ന കാലമാണ്. സിമിയായിരുന്നു ഞങ്ങളുടെ താരം. ഒന്നാംറാങ്കുകാരി. വീട്ടില്‍ മന്ത്രിയോടൊപ്പം പോയി അഭിനന്ദനം അറിയിച്ചു. രണ്ടുവര്‍ഷം മുമ്പ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍വെച്ച് ഒരു യുവതി എന്നെ വന്നു പരിചയപ്പെട്ടു. ''ഞാന്‍ ഡോക്ടര്‍ സിമി.'' പരിചിതമായ പേര്. ഞാന്‍ സൂക്ഷിച്ചു നോക്കി. അതെ ഞങ്ങളുടെ ഒന്നാം റാങ്കുകാരി! വിദ്യാഭ്യാസ വകുപ്പിന്റെ അഭിമാനം. ഇതാ പ്രഗല്ഭയായ ഒരു ഡെര്‍മറ്റോളജിസ്റ്റ് ആയി മുന്നില്‍നില്‍ക്കുന്നു. റാങ്ക് കുറച്ചുപേര്‍ക്കേ കിട്ടൂ. പക്ഷേ, എത്രയെത്ര മിടുക്കികളുടെയും മിടുക്കന്മാരുടെയും ജീവിതങ്ങളെയാണ് സ്പര്‍ശിക്കാന്‍ കഴിയുക! അതിനെക്കാള്‍ വലിയ സൗഭാഗ്യമുണ്ടോ? വിദ്യാഭ്യാസ ഡയറക്ടറാക്കിയപ്പോള്‍ സങ്കടപ്പെട്ട ഞാന്‍ കാലത്തിന്റെ കൈയക്ഷരം വായിക്കാന്‍ കഴിയാത്ത നിരക്ഷരന്‍. ചിന്താവിഷ്ടയായ സീതയിലെ ഒരു ശ്ലോകം ഉദ്ധരിക്കാതെ നിവൃത്തിയില്ല.
'മനമിങ്ങു ഗുണം വരുമ്പൊഴും
വിനയെന്നോര്‍ത്തു വൃഥാ ഭയപ്പെടും
കനിവാര്‍ന്നു പിടിച്ചണയ്ക്കുവാന്‍
തുനിയുമ്പോള്‍ പിടയുന്ന പക്ഷിപോല്‍...'
മനസ്സിന്റെ അന്നത്തെ പിടച്ചില്‍ എത്ര വ്യര്‍ഥമായിരുന്നു എന്ന് തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതം എനിക്ക് ബോധ്യപ്പെടുത്തിത്തന്നു. ദീര്‍ഘമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറായുള്ള നിയമനം എന്ന് കൃതാര്‍ഥതയോടെ തിരിച്ചറിയുന്നു. അത് 'വിനയെന്നോര്‍ത്തു വൃഥാ ഭയപ്പെട്ടെ'ന്നോര്‍ക്കുമ്പോള്‍ മനുഷ്യമനസ്സിന്റെ സഹജമായ പരിമിതികളെക്കുറിച്ച് ചിന്തിച്ചുപോകുന്നു. പലപ്പോഴും കണ്മുന്നിലുള്ളതായിരിക്കുകയില്ല നിജം. നമ്മുടെ കാഴ്ചയ്ക്കു നിശ്ചിതദൂരത്തിനപ്പുറം സഞ്ചരിക്കാന്‍ കഴിവില്ലല്ലോ.
തുടരും
Content Highlights: K. Jayakumar, Autobiography, Sancharathinte sangeetham, weekend
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..