കൃഷി മണക്കുന്ന ഭദ്രമകന്‍


രഘുനാഥ് പലേരി raghunathpaleri@gmail.com

എല്ലാ യാത്രകൾക്കും, എല്ലാവിധ വെട്ടിപ്പിടിക്കലുകൾക്കുമവസാനം എങ്ങോട്ടാണ്‌ മനുഷ്യൻ മടങ്ങുക? വിത്തെറിഞ്ഞ്‌, വിയർപ്പു തളിച്ചാൽ വസന്തംതരുന്ന മണ്ണിലേക്ക്‌. ആദിമമായ കൃഷിയിലേക്ക്‌. പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ ലേഖകൻ എഴുതുന്നത്‌ മണ്ണിന്റെ നിത്യഹരിതതയിലേക്ക്‌ അഭയംതേടിയെത്തിയ ഒരു പ്രവാസിയുടെ ജീവിതമാണ്‌

സുബ്രഹ്‌മണ്യൻ സുകുമാരൻ തന്റെ കൃഷിയിടത്തിൽ

വിശപ്പാണ് അഗ്നി. അകം വെന്ത് ചാരമാക്കുന്ന ആ തീ അണയാൻ പരിഹാരം ഒന്നേയുള്ളൂ. അന്നം. അന്നം കഴിഞ്ഞേയുള്ളൂ സകല ചിരിയും തമാശയും ആഘോഷവും മത്സരവും അഹങ്കാരവും പൊങ്ങച്ചവും അറിവില്ലായ്മയും ജ്ഞാനവും ധ്യാനവും എല്ലാം. വിശപ്പെന്ന സത്യം മായ്ക്കാതെ ഒരാഘോഷത്തിനും ത്രാണികിട്ടില്ല. വിശപ്പോളം വരില്ല ഭൂമികുലുക്കവും പ്രപഞ്ചവിസ്ഫോടനവും. വിശന്ന് പൊരിയുംനേരം കൺമുന്നിൽ ആരുമില്ല, ഒന്നുമില്ല...

എന്റെ ഓർമയിൽ ഞാൻ ആദ്യംകണ്ട കൃഷിക്കാരി അമ്മയാണ്. വാടകവീട്ടുമുറ്റത്ത് കൈവട്ടം മണ്ണ് തൂമ്പയാൽ കൊത്തിക്കിളച്ച് വെള്ളം തളിച്ച് കടുകുമണി കുഞ്ഞുങ്ങളുടെ വലുപ്പമുള്ള ചീരവിത്തുകൾ അമ്മ പാകും. ഇത്തിരി വെള്ളം തളിക്കും. ആകാശം കണാൻ വിരലോളം ഉയരത്തിൽ അവരെല്ലാം പൊങ്ങിവരുംനേരം മറ്റൊരു തടത്തിലേക്ക് പറിച്ചുനടും. വെയിൽ തട്ടാതിരിക്കാൻ ഓലമടൽ വിരിച്ച് പൊതവെക്കും. മൂന്നാംനാളോടെ തൈകൾക്ക് ബലം കിട്ടും. അപ്പോൾ തണൽ മാറ്റും. മൈതാനത്തും ഇടവഴികളിലും ചെന്ന് വാരിയെടുക്കുന്ന ചാണകവും അടുപ്പിലെ ചാരവും എല്ലാമായിരുന്നു അമ്മക്കൃഷിയുടെ വളം. ഇലകൾ തണ്ടോടെ മുറിച്ചെടുത്ത് അമ്മ തോരനും കറിയും വെക്കും. ചുകന്നചീര കുഴച്ചുള്ള ചോറിന്റെ അമ്മരുചി ഇത്ര വർഷം കഴിഞ്ഞിട്ടും നാവിൽ വിളയാടുന്നു. അന്നം തരുന്നതാരോ അവരാണ് ഈശ്വരൻ എന്നാണ്‌ അമ്മ പഠിപ്പിച്ചത്. ആരോ വിതച്ച ഭക്ഷണം ചവയ്ക്കുമ്പോൾ വിതച്ചവന് വിശപ്പാറാൻ പ്രാർഥിക്കണം. ഭക്ഷണത്തിന് ദൈവത്തോടല്ല നന്ദിപറയേണ്ടത്, ദൈവീകാംശം പ്രകാശമാക്കിയ കൃഷിക്കാരനോടാണ്. അന്നം കഴിഞ്ഞേ എന്തും ഉള്ളൂ എന്നമ്മ പറയും. കഴിക്കുമ്പോൾ ഒരന്നംപോലും പാഴാക്കരുതെന്ന് ഓർമിപ്പിക്കും. അതുകൊണ്ടാവും എവിടെവെച്ചായാലും അറിയാതെ താഴെവീഴുന്ന ഭക്ഷണത്തരി ഇന്നും ഞാൻ എടുത്ത് തിരികെ പാത്രത്തിലേക്ക് ആദരവോടെ ഇട്ടുപോകുന്നത്.ഇത്രയും പറയാൻ ഒരു കാരണമുണ്ട്. ഈ കൊറോണക്കാലത്തും തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ വിശപ്പാറ്റുന്ന ജൈവകർഷകനായിമാറി പച്ചക്കറികൾക്കും വാഴയ്ക്കും കരനെല്ലിനും തടമെടുക്കുന്ന കൃഷിമണമുള്ള സുബ്രഹ്മണ്യൻ സുകുമാരൻ എനിക്ക് അമ്മയുടെ പ്രതീകമാണ്. വളരെക്കാലം അബുദാബിയിലായിരുന്നു സുബ്രഹ്മണ്യൻ. ആ ഭൂമിയും ആകാശവും ഒരു പ്രഷർകുക്കർപോലെയാണ്, വെന്തുപോകും ആരും. ജന്മനാട്ടിൽനിന്നും ജോലിതേടിപ്പോയി, പരിചയമില്ലാത്ത കാലാവസ്ഥയിൽ വെന്തുജീവിച്ചാൽ ആരും രോഗിയാവും. പാൻക്രിയാസ് ഉണങ്ങി സുബ്രഹ്മണ്യനും രോഗിയായി. അതോടെ അവിടംവിട്ട് നാട്ടിലെത്തി. ആയകാലത്ത് വാങ്ങിയിട്ട പറമ്പാകെ മുരടിച്ചുനിൽക്കുന്നു. കൊള്ളിബിസ്കറ്റ് തെങ്ങുകൾ മെഡലുപോലെ ഏതാനും തേങ്ങകൾ തലയിൽ ചുരുട്ടിപ്പിടിച്ച് വളഞ്ഞും നിവർന്നും നിൽക്കുന്നു. അസുഖമുള്ള ശരീരം. കരുത്തുള്ള മനസ്സ്. പ്രവാസിയെന്ന ശീർഷകം. തിരികെപ്പോയി വീണ്ടും വെയിൽകൊള്ളാൻ വയ്യ. അവനും അമ്മയെ ഓർമവന്നുകാണും. എന്നപ്പോലെതന്നെ അവനും അമ്മയെന്നാൽ അമ്മിഞ്ഞക്കല്ലായിരുന്നു.
സുബ്രഹ്മണ്യൻ പറഞ്ഞു:
‘‘ഓർമയിൽ ഓലമേഞ്ഞ പുരപ്പുറത്ത് മത്തയും കുമ്പളവും വിളഞ്ഞുകിടപ്പുണ്ട്. തൊടിനിറയെ കപ്പയും കൂർക്കയും ഉണ്ട്. മൺകുടത്തിൽ വെള്ളം നിറച്ച് നൂറടി താഴ്ചയുള്ള കുളത്തിൽനിന്ന് അമ്മയുടെ ചെറുക്കൻ ഇടതുഭാഗം ചെരിഞ്ഞ് കയറിവരുന്നു. വർഷകാലത്ത് തുടങ്ങുന്ന കുറ്റിപ്പയർ കൃഷി വേനലിൽ വീട്ടിലേക്ക് അല്പം സമ്പാദ്യമൊക്കെ കൊണ്ടുവരും. അമ്പതുകളിൽ ചാവക്കാട്ടെ സ്റ്റേറ്റ് ബാങ്കിലെ അക്കൗണ്ടുകാരിൽ ഒരാൾ മാടമ്പി സുഭദ്രയെന്ന എന്റെ അമ്മയായിരുന്നു.’’
എന്റെ അമ്മയ്ക്ക് ഒരിക്കലും ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ലെന്ന് ഞാനോർത്തു. അമ്മയുടെ ബാങ്ക് അച്ഛൻ നൽകിയ കുഞ്ഞു മുട്ടായിപ്പെട്ടിയായിരുന്നു. അതിൽനിന്നാണ് അമ്മ എനിക്ക് ലോൺ തന്നിരുന്നത്. ഒന്നും തിരിച്ചടച്ചിട്ടില്ല. വീടെന്ന ഫെഡറൽ സംവിധാനത്തിൽ അമ്മയാണ് കേന്ദ്രം. ഞാൻ വെറും സ്റ്റേറ്റ്.
തലച്ചോറല്ല, വയർ
വീണ്ടും ഞാൻ മാടമ്പി സുഭദ്രയുടെ മകനിലേക്ക് വരട്ടെ.
പന്തൽവള്ളികളിലെ ഫലങ്ങൾക്കിടയിൽ ഒരു മൗനം തെല്ലിടനേരം വീശിനിന്നു. മനുഷ്യനിലെ അശുദ്ധി സ്വീകരിച്ച് വിശുദ്ധി നൽകുന്നവയാണ് ചെടികളും വൃക്ഷങ്ങളും എല്ലാം. അവയുടെ ജീവനിൽ സ്പർശിക്കുന്നവൻ ജീവത്യാഗം ചെയ്യുന്നുവെന്നറിയുമ്പോൾ അവയും നിശ്ശബ്ദമായി പ്രതികരിക്കുമോ. മാടമ്പി സുഭദ്രയുടെ മകൻ പന്തലിലെ വള്ളികളെ ആശ്വസിപ്പിക്കാനാവും, പതിയെ സംസാരിച്ചു തുടങ്ങി.

‘‘ആരുടെയെങ്കിലും നിർബന്ധങ്ങൾക്ക് വശംവദരായിട്ടല്ല കർഷകർ തലമുറകളായി ഈ ഭാരം വലിക്കുന്നത്. രാജ്യം കർഷകന്റെ വിയർപ്പുവേവിച്ച് വയറുനിറച്ചുണ്ണുമ്പോൾ, ചുട്ടെടുത്ത റോട്ടിക്കുള്ളിൽ ഒരുള്ളിചുരുട്ടി കടിച്ചുചവച്ചു വിശപ്പടക്കാനുള്ള ഭാഗ്യമേ രാജ്യത്തെ ഭൂരിഭാഗം കർഷകർക്കും ഇന്നും ഉള്ളൂ. കർഷകന്റെ വിധിയാണ് കൃഷി. ഈ ഫലങ്ങളും വള്ളികളും എല്ലാം മനസ്സിലാക്കിയ ഒരു സത്യമുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അതിവേഗം അന്യംനിന്നുപോകുന്ന ഒരു ജീവിയാണ് കർഷകൻ. അതേസമയം, നിറഞ്ഞുകിടക്കുന്ന പത്തായങ്ങളെക്കുറിച്ചും പതഞ്ഞൊഴുകുന്ന ധവളധാരയെക്കുറിച്ചും മനോഹരമായ സ്വപ്നങ്ങൾ കാണുന്നതും അവരാണ്.’’
വള്ളിപ്പന്തലിനുള്ളിൽ കാറ്റൊന്ന് നൃത്തംചെയ്തപോലെ എനിക്കു തോന്നി. എത്ര സുദൃഢവും വ്യക്തവുമായാണ് സുബ്രഹ്മണ്യൻ ഭാരതത്തിലെ കർഷകനെ വരച്ചിടുന്നത്.

‘‘ഒരു കാലംവരെ ഞാൻ കരുതിയിരുന്നത് മനുഷ്യനെ പൂർണമായും നിയന്ത്രിക്കുന്നത് തലച്ചോറാണെന്നാണ്. പാൻക്രിയാസിനെ പൂർവസ്ഥിതിയിലേക്ക് രക്ഷിക്കാനുള്ള ചികിത്സാശ്രമത്തിനിടയിൽ ആ കുഞ്ഞുമണ്ടത്തരം ഞാൻ തിരുത്തി. മറ്റുള്ളവരെ ദ്രോഹിച്ച് തന്റെ കുത്സിതാഗ്രഹങ്ങളുടെ സാഫല്യമെന്ന ആനന്ദമൂർച്ഛ അനുഭവിക്കാനുള്ള ഉപകരണം മാത്രമാണ് തലച്ചോറെന്ന സത്യം എന്നെ ബോധ്യപ്പെടുത്തിയത് എന്റെ വയറുതന്നെയാണ്. വയറിനെ സംബന്ധിച്ചിടത്തോളം അതിന്റെ സായുജ്യം ശരീരത്തിന്റെ നിലനിൽപ്പു മാത്രമാണ്. നിലനിൽക്കാൻ ഭക്ഷണം വേണം. ആഹരിക്കുന്ന ഭക്ഷണം. എത്രമാത്രം ആരോഗ്യപരമായി കൊടുക്കുന്നുവോ അത്രമാത്രം ജീവിതത്തിന്റെ കൊടിപ്പടം താഴാതെ വയറു കാത്തോളും. അസുഖങ്ങളുടെ വേലിയേറ്റമില്ലാതെ, ശരീരത്തിലെ യന്ത്രങ്ങൾ ചീയാതെ വയറ് നോക്കിക്കോളും. തലച്ചോറിലെ ഉത്സാഹശക്തികേന്ദ്രങ്ങളിലെ വൈദ്യുതസ്ഫുലിംഗങ്ങളും ചേതനയോടെ നിലനിർത്തും. അത് അച്ചട്ടാണ്.’’
സ്വരക്ഷയ്ക്കും ഒപ്പമുള്ളവരുടെ പരിരക്ഷയ്ക്കുമായി മാത്രം ആരംഭിച്ച് വിഷംതളിക്കാത്ത പച്ചക്കറികളുടെ നട്ടുനനയിൽനിന്നാണ് സുബ്രഹ്മണ്യൻ കൃഷിപാഠങ്ങൾ പഠിച്ചെടുത്തത്. ഒപ്പം ചേർക്കാൻ കണ്ടെത്തിയ കൃഷിജ്ഞാനികൾ നൽകിയ അറിവ് വേറെയും. സുഭദ്രാ പുത്രൻ തുടർന്നു:
‘‘നമ്മുടെ ചന്തകളിലെ പച്ചക്കറികൾ വഹിക്കുന്ന വിഷവസ്തുക്കളുടെ സാന്നിധ്യം കാർഷിക യൂണിവേഴ്‌സിറ്റി നിരന്തരമായി ജനങ്ങളെ തെര്യപ്പെടുത്തുന്നുണ്ട്. ആരും അതൊന്നും ശ്രദ്ധിക്കുന്നുപോലുമില്ല. വിഷമുള്ള പച്ചക്കറികൾ അവർ തിന്നുകൂട്ടുന്നു. നല്ലതാരെങ്കിലും കായ്പിച്ചുകൊടുത്താൽ വില കൂടുതലും ഭംഗി കുറവെന്നും പറഞ്ഞ് നിഷേധിക്കുന്നു. ജനങ്ങൾക്ക് കോയമ്പേടുനിന്നും ഒട്ടൻഛത്രത്തിൽനിന്നും വരുന്ന വിഷം മതി. അവരത് വാരിവലിച്ചുതിന്നുന്നു. ഭയം തോന്നിത്തുടങ്ങിയിട്ടാണ് പരമ്പരാഗത രീതിയിൽ ഭക്ഷ്യവസ്തുക്കൾ ഉത്‌പാദിപ്പിക്കാനുള്ള ശ്രമമാരംഭിച്ചത്.’’

അതൊരു തിരിച്ചറിവാണ്. പ്രകൃതിക്കോ പ്രപഞ്ചത്തിനോ മനുഷ്യന്റെ നന്ദിയും സഹായവും ഒന്നും വേണ്ട. സംഗതി ശുഭമാകുന്നില്ല എന്നു തോന്നിയാൽ പ്രകൃതി ഇരിക്കുന്നിടത്തുനിന്നും വെറുതേ ആസനം ഇത്തിരി നീക്കും. അതൊടെ സകല അണ്ടപടലങ്ങളും കീഴ്‌മേൽ മറിയും. വീണതത്രയും അവിടം വളമാകും. വീണ്ടും ആദ്യം പൂജ്യംകളി തുടങ്ങും. എന്റെ മനസ്സ് വായിച്ചിട്ടോ എന്തോ സുഭദ്രപുത്രൻ ചിരിച്ചു.
മണ്ണിലെ അധ്വാനം
‘‘കാൻസർ അടക്കമുള്ള ജീവിതശൈലീരോഗങ്ങളെ വിഷാംശംകലരാത്ത ഭക്ഷണരീതികൾ ചെറുക്കാൻ സഹായകമാകുമെന്ന് ബി.എം. ഹെഗ്‌ഡെയെപ്പോലുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജൈവരീതിയിൽ കൃഷിചെയ്യുന്ന ധാരാളം കർഷകർ കേരളത്തിൽ ഉയർന്നുവരുന്ന സമയം. സുഭാഷ്‌ പലേക്കറുടെ സീറോ ബജറ്റ്‌ കൃഷി. കെ.വി. ദയാൽ നേതൃത്വം നൽകുന്ന കൃഷിരീതികൾ വേറെ. ഇതെല്ലാം ധാരാളം ആളുകളെ ആകർഷിച്ചുകൊണ്ടിരുന്നു. കേരളം ഉണരുകയാണ്. സർക്കാർ ജൈവകൃഷി തങ്ങളുടെ സാമൂഹ്യനിലപാടായി അംഗീകരിച്ചു. ഈ സമയത്താണ് ഞാനും ജൈവകൃഷിയെന്ന സർക്കസിലേക്ക് കൂപ്പുകുത്തുന്നത്. രഘുവേട്ടൻ പറഞ്ഞതുപോലെ കൊള്ളിബിസ്കറ്റ് പോലുള്ള മുന്നൂറോളം തെങ്ങുകൾ പറമ്പിലുണ്ട്. മൂന്നുമാസത്തിലൊരിക്കൽ മൂവായിരത്തിന് താഴെ നാളികേരം ലഭിക്കും. അതുകൊണ്ട് കാര്യമില്ല. തെങ്ങിൻചുവട്ടിൽ ഇടവിളകൃഷി ആശ്രയിക്കാൻ പറഞ്ഞത് ആന്ധ്രയിലെ കൃഷിവിദഗ്ധൻ കിഷൻറാവു പർച്ച. ആദ്യം വാഴക്കൃഷി തുടങ്ങി. മണ്ണിന്റെ ഫലഭൂയിഷ്ഠത അറിയാൻ സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കാതെ ചെലവുകുറഞ്ഞ എന്തെങ്കിലും വളം കണ്ടെത്താൻ ശ്രമം നടത്തി. ആ ശ്രമം അവസാനിച്ചത് തൃശ്ശൂർ എസ്.എൻ.എ. ഔഷധശാലയിൽ. അവിടെനിന്ന് കഷായച്ചണ്ടി കൊണ്ടുവന്ന് തെങ്ങുകളുടെ കടകളിൽ നിക്ഷേപിച്ചു. പറമ്പിൽത്തന്നെ സംഭരിക്കുകയും ചെയ്തു. കഷായച്ചണ്ടിക്ക് ചൂട് കൂടുതലാണ്. അതിനാൽ മഴക്കാലത്ത് മാത്രമേ സംഭരിക്കാനാവൂ. ഭേദപ്പെട്ട മഴ ലഭിച്ചതോടെ വളരെ കുറഞ്ഞ കാലംകൊണ്ട് മണ്ണ്‌ ഗുണമുള്ളതായി. നാളികേരത്തിന്റെ ലഭ്യത നന്നായി ഉയർന്നു. ഈ അഭ്യാസങ്ങൾക്കിടയിൽ കർഷകസംഘത്തിന്റെ ഒരു യോഗത്തിനിടെയാണ്‌ സി.പി.എം. ഏരിയാ സെക്രട്ടറി എം.എ. ഹാരീഷ് ബാബു പാർട്ടിയുടെ ജൈവകൃഷി ഏറ്റെടുത്ത് നടത്താമോ എന്നന്വേഷിക്കുന്നത്. ഏങ്ങണ്ടിയൂർ സഹകരണബാങ്ക് പ്രസിഡന്റായ ബാബു ബാങ്കിന്റെ സഹായം ഉറപ്പുതരികയും ചെയ്തു. അതങ്ങ് ഏറ്റെടുത്തു. മണൽപ്രദേശമാണ് ഏങ്ങണ്ടിയൂർ. പച്ചക്കറി വിളയാൻ പറ്റിയ മണ്ണല്ല. അടുക്കളവട്ടത്ത് ഒറ്റയും തെറ്റയുമായി എന്തെങ്കിലും ഉണ്ടായാലായി. ബാബു ഒരാളെ പരിചയപ്പെടുത്തി. ജെ.ഇ. എന്ന അന്താരാഷ്ട്ര കമ്പനിയിലെ ജോലികളഞ്ഞ് നാട്ടിലേക്ക് കൃഷിക്കാരനായിവന്ന കെ.ബി. ഹനീഷ് കുമാർ. ഊർജസ്വലനായ ഒരു കുമാർ. അദ്ദേഹത്തിന്റെ പ്രായോഗിക കൃഷിരീതികളിലുള്ള അറിവ് പ്രചോദനമായി. കൃഷിയിടത്തിനു സമീപംതന്നെ ലഭ്യമാകുന്ന വളവും കീടനിയന്ത്രണ മാർഗങ്ങളും സ്വീകരിക്കാൻ തീരുമാനിച്ചു. ചാണകം, മൂത്രം എന്നിവയെ ആശ്രയിക്കുക. വെള്ളവും വളവും പിടിച്ചുനിർത്താൻ മണ്ണിനെ പിടിച്ചുകെട്ടി കളിമൺകട്ടകൾ തീർക്കുക. അതിന്റെ ആദ്യപടിയായി ഒരടി ഉയരത്തിൽ കിടക്കയുടെ മാതൃകയിൽ ചെറിയ പ്ലോട്ടുകളാക്കി കൃഷിയിടത്തെ വിഭജിച്ചു. വള്ളിച്ചെടികൾക്കുള്ള തടങ്ങൾ അതേ ഉയരത്തിൽ രണ്ടു മീറ്റർ വ്യാസത്തിൽ എടുത്തു. ഭൂമിയുടെ നിരപ്പിനു മുകളിലായി അടിവളം കൊടുത്തു. അറുപത് സെ.മീ. അകലത്തിൽ ചെടികൾ നട്ടു. വള്ളിച്ചെടികൾ ഒന്നരമീറ്റർ അകലത്തിലും. ചുരുങ്ങിയ സമയത്തിനുള്ളിൽ കൈവെച്ചിടം നിറയെ തക്കാളിയും പച്ചമുളകും വെണ്ടയും വഴുതനയും പാവയ്ക്കയും പടവലവും. കൃഷിയിടം പൊതിഞ്ഞുനിന്നു.’’
‘‘കോളിഫ്ളവറും കാബേജും ഒക്കെ ഉണ്ടായിരുന്നല്ലോ. ഞാൻ തൈകൾ ഇവിടന്ന് കൊണ്ടുപോയിട്ടുണ്ട്.’’
‘‘അവയും ധാരാളം ഉണ്ടായിരുന്നു.’’
‘‘പിന്നെന്താ പറയാഞ്ഞത്...?’’
‘‘മറന്നുപോയി.’’
‘‘മറക്കാൻ പാടില്ല.’’
‘‘സോറി.’’
‘‘എന്തിനാണ് വിത്തുപാകുന്നത് ഒഴിവാക്കി മുളപ്പിച്ച തൈകളിലേക്ക് മാറിയത്?’’
‘‘ഗുണമേന്മ ഉറപ്പുവരുത്താൻ. ആദ്യം കിടക്കകളിൽ കുമ്മായം വിതറും. ഒരാഴ്ചകഴിഞ്ഞ് ഉണങ്ങിയ ചാണകവും ശീമക്കൊന്നയുടെ ഇലകളും ചേർത്ത് അടിവളം. മൂന്നുദിവസം നനച്ച് തൈ നടും. കാലത്തും വൈകീട്ടും നനയ്ക്കും. മൂന്നാംദിവസം കപ്പലണ്ടിപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും രണ്ടുനാൾ വെള്ളത്തിൽ കുതിർത്തിട്ടത് നന്നായി വെള്ളം ചേർത്ത് ഒരു കപ്പുവീതം ഓരോ ചെടിക്കും ഒഴിക്കും. ഏഴാം ദിവസം മുതൽ ചാണകവും ഗോമൂത്രവും ചേർത്ത് വളം കൊടുക്കും. നാലു ദിവസം ഇടവേളയിൽ അത് ആവർത്തിക്കും. പത്താം ദിവസം മുളകുചെടിയുടെ കൂമ്പുകൾ നുള്ളും.’’
‘‘അതെന്തിന്...?’’
‘‘ശാഖകൾ വരാനുള്ള ഒരേർപ്പാടാണ്. ഒരു മാസമാകുമ്പോൾ മുളക് പൂത്തുതുടങ്ങും. അപ്പോൾ പൂക്കൾ പറിച്ചുകളയും. ഒന്നോ രണ്ടോ തവണ. അതോടെ ചെടിക്ക് കരുത്തുകൂടും. വിളവ് വർധിക്കും’’
‘‘പൂക്കൾ പറിച്ചുകളയുംന്ന് കേട്ടപ്പോൾ സങ്കടം തോന്നി. പുതിയ അറിവാണ്.’’
‘‘ഇതിനിടയിൽ കീടങ്ങൾ വന്ന് ഇല തിന്നും. അവയ്ക്ക് വേപ്പെണ്ണമിശ്രിതമാണ് വൈദ്യൻമാർ ഉപദേശിക്കുക. അതൊക്കെ വലിയ ചെലവാ. പകരം പറമ്പിലെ കിരിയാത്ത പറിച്ചെടുത്ത് വെള്ളത്തിൽ രണ്ടുദിവസം ഇട്ടുവെച്ച് അത് ഉപയോഗിക്കും. ഏതാണ്ട് അത്രതന്നെ പ്രയോജനം തൃച്ഛട എന്ന ഭംഗിയാർന്ന പേരുള്ള ചെടിയിൽനിന്നും കിട്ടും. പാവലിലും പടവലത്തിലും വരുന്ന കായീച്ച എന്ന വികൃതിയെ അകറ്റിനിർത്താൻ കായകൾ നേരിട്ട് ഗോമൂത്രത്തിൽ ഒന്നു മുക്കിയെടുക്കും. കായകൾക്ക് വലുപ്പവും വണ്ണവും കൂടും. കീടങ്ങൾ ഏറ്റവും ദ്രോഹിക്കുക തക്കാളിയെയാണ്. വാഴയും കപ്പയും അടക്കം ഏതാണ്ട് 14 ടൺ പച്ചക്കറി ഉത്‌പാദിപ്പിച്ചതായാണ് കൃഷിവകുപ്പ് കണക്കാക്കിയത്. ആ വർഷം നന്നായി ജൈവകൃഷിചെയ്ത പത്ത് നിയോജകമണ്ഡലങ്ങളെ കേരള സർക്കാർ ആദരിക്കുകയുണ്ടായി. അതിൽ ഒന്ന് ഗുരുവായൂർ ആയിരുന്നു. ഏങ്ങണ്ടിയൂരിന് ഗുണമൊന്നുമുണ്ടായില്ലെങ്കിലും മൂന്നുലക്ഷം കിട്ടിയ അവാർഡിന്റെ ആധാരം ആ പതിന്നാല് ടൺ പച്ചക്കറിയായിരുന്നു എന്നത് ഗുരുവായൂരപ്പനും അറിയാവുന്ന സത്യം.’’ സുഭദ്രമകൻ സുബ്രമണ്യൻ ഒന്നു ചിരിച്ചു. പന്തലിലെ പാവക്കകൾ കാറ്റിലാടി.
ആരോഗ്യം എന്ന സമ്പത്ത്‌
‘‘ഏഴുവർഷമായില്ലേ ഈ പറമ്പിൽ വിയർക്കാൻ തുടങ്ങിയിട്ട്. എന്തൊക്കെ വിളവെടുത്തു.
‘‘ഇഞ്ചി, മഞ്ഞൾ, കൂവ, ചേമ്പ്, ചേന, കൂർക്ക, കുറ്റിപ്പയർ, നീളൻപയർ, വെള്ളരി, കുമ്പളം, കുക്കുമ്പർ. ഇഞ്ചിയും മഞ്ഞളും പ്രളയത്തിനുശേഷം ചെയ്തില്ല. പരമ്പരാഗതരീതിയിൽ ഇവയുടെ ഉത്പാദനത്തെ വിപണി പിൻതുണയ്ക്കുന്നില്ല. കുക്കുമ്പർ തുറന്നസ്ഥലത്ത് കൃഷിചെയ്യുക കീടബാധകൊണ്ട് ദുഷ്‌കരം. പൂഴിമണലിൽ വലുതാവാതെ ചേന കിടന്നിടത്ത് കിടക്കും. ചേമ്പാണ് പ്രതീക്ഷ. വലിയ ദോഷമില്ലാതെ തുടരാനാവുന്നുണ്ട്. മണ്ഡരിയുടെ ഉപദ്രവം കാരണം നീളൻപയർ തുടരാൻ കഴിഞ്ഞില്ല. കുറ്റിപ്പയർ തുടരുന്നു. മണ്ഡരിയെ തുരത്താൻ ചാളനെയ്യ് സിദ്ധൗഷധമാണ്. പക്ഷേ, ലഭ്യത കുറവ്. വില എനിക്ക് താങ്ങില്ല. വള്ളിവർഗത്തിൽ കുമ്പളാനുഗ്രഹം അപാരം. വിതയ്ക്കാതെതന്നെ നിറയെ കായ്ക്കും. കഴിഞ്ഞവർഷം അരടണ്ണിലേറെ വിളവെടുക്കാൻ കഴിഞ്ഞത് കർഷകരോട് കിളികൾ കാണിക്കുന്ന അനുഗ്രഹമാണെന്നതും സത്യം. ആരോഗ്യമുള്ള ചെടി കിട്ടാൻ സംപുഷ്ടമായ വളം നൽകണം. ചെടിയുടെ കടയിൽ പശുവിൻമൂത്രം നൽകിയാൽ ഉത്തമം. ചെടിവെച്ച് മൂന്നാം ദിവസം മൂത്രത്തിൽ പിണ്ണാക്ക് കലക്കി ഒഴിച്ചാൽ പെട്ടെന്ന് വളരും. കോഴിക്കാഷ്ഠവും ആട്ടിൻകാഷ്ഠവും ഒരാഴ്ച ഇടവിട്ട് കൊടുത്താൽ ബഹുകേമം, പൂക്കളും കായ്കളും ഉണ്ടാവാൻ ഇടവിട്ട് ഫിഷ് അമിനോ ആസിഡും എഗ്ഗ് അമിനോ ആസിഡും സ്‌പ്രേ ചെയ്താൽ ചെടികൾ തന്നെ പരസ്പരം സ്നേഹിച്ചുതുടങ്ങും. കീടബാധയെ പ്രതിരോധിക്കാൻ ഗ്രാമ്യമായ മാർഗങ്ങളാണ് ലാഭം. ജൈവരീതിയിൽ തയ്യാറാക്കുന്ന കീടപ്രതിരോധമരുന്നുകൾ സാമ്പത്തികച്ചെലവുവരുത്തും. ഈയിടെ കടൽവെള്ളം സാന്ദ്രീകരിച്ച് ചെടികൾക്ക് അടിച്ചു. അത് നല്ല ഗുണം ചെയ്തു. ചെലവു എത്രമാത്രം കുറയുന്നോ അത്രയും ഈ രീതിയിൽ കൃഷി തുടർന്നുപോകാൻ നമുക്ക് ആവേശമുണ്ടാകും.’’
‘‘കൃഷി നിനക്ക് ആനന്ദവും ശാന്തതയും ആവേശവും തരുന്നുണ്ടെന്നർഥം.’’
‘‘എന്താ സംശയം. ആനന്ദമല്ല, പരമാനന്ദം. ഫലങ്ങൾ തരുന്നവയെ സ്പർശിച്ചുകൊണ്ട് ജീവിക്കുക. അവ വളരുന്നതും വലുതാവുന്നതും കണ്ടറിയുക. കൃഷിയോളം പ്രകൃതിയിൽ അലിഞ്ഞുള്ള മറ്റൊരു തൊഴിൽ ഏതാണുള്ളത്. ഇതും ഒരു യുദ്ധംതന്നെ. നല്ല മുറിവേൽക്കും. ചിലപ്പോൾ ചത്തുപോകും. എത്ര കൃഷിക്കാർ വിളവുകുറഞ്ഞ് കടം കയറി മാഞ്ഞുപോകുന്നു. ഉത്‌പാദിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ വിളകളാണ് പാവലും പടവലവും പച്ചമുളകും. കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങളും കീടങ്ങളുടെ ഭീകരമായ ആക്രമണവും പന്തലടക്കമുള്ള ചെലവുകൾ അതിഭാരം. കഴിഞ്ഞ മൂന്നുവർഷമായി ഇവയോടൊപ്പം ഞാനുണ്ട്. നേന്ത്രവാഴ ഇടവിട്ടും കരനെല്ല് ആവർത്തിച്ചും കൃഷിചെയ്യുന്നു. അരി പുറത്തുനിന്ന് വാങ്ങുന്നില്ല. ഈ വർഷം ചീരയിൽ തുടങ്ങി കപ്പയും പടവലവും പച്ചമുളകും വിപണിയിൽ എത്തിച്ചിട്ടുണ്ട്. വെണ്ട ആരംഭിച്ചു. വാഴയും കപ്പയും മഴയ്ക്കുമുമ്പ് തുടങ്ങും.’’
‘‘സത്യം പറ. ലാഭം കിട്ടാറുണ്ടോ...?’’
‘‘വളരെ വിഷമം തോന്നിയിട്ടുണ്ട്. പോയിട്ടേ ഉള്ളൂ. വരവ് അപൂർവം. പക്ഷേ, ആരോഗ്യമെന്ന സമ്പത്ത് അച്ചട്ടാണ്, എനിക്കു മാത്രമല്ല. പ്രകൃതിക്കും. പരമ്പരാഗതരീതി മാറ്റിപ്പിടിച്ചൂടേ എന്ന് സ്നേഹമുള്ളവർ ചോദിക്കാറുണ്ട്. ഒരിക്കലും മാറ്റിപ്പിടിക്കില്ല. ഏഴുവർഷംമുമ്പ് കൃഷി തുടങ്ങിയ കാലത്താണ് കുറഞ്ഞൊരു സ്ഥലം നിശ്ചയിച്ച് ആദ്യമായി ചീരവിത്തുകൾ പാകി മുളപ്പിക്കുന്നത്. വളരെ കുറച്ചുസമയമേ ചീര വിപണിയിലെത്തിക്കാൻ വേണ്ടൂ. പിന്നീടൊരിക്കലും ചീര വാങ്ങി പാകേണ്ടിവന്നിട്ടില്ല. കാരണം ചീര അതിനവസരം തന്നില്ല. അപൂർവമായി ഒരു കുംഭമഴ വെറുതെയെങ്ങാനും ചാറിയാൽ രണ്ടുനാൾ കഴിയുമ്പോൾ മണ്ണിൽ നിറയെ കുഞ്ഞുമുളകൾ നിറയും. നാലുനാൾ കഴിയട്ടെ അവയൊക്കെ ചീരത്തൈകളായിമാറും. പ്രളയത്തിനുമുമ്പത്തെ വർഷം പന്ത്രണ്ടായിരം രൂപയ്ക്ക് വിൽക്കാനായി. തുടർന്നും ചീര തനിയെവന്ന് മന്ദഹസിച്ചുനിൽക്കും. ഈ വർഷവും വന്നു. മുത്തിൾ, തഴുതായ്മ, കല്ലുരുക്കി തുടങ്ങി എത്രയോ ഔഷധസസ്യങ്ങൾ ഈ മണ്ണിൽ അനുഗ്രഹംചൊരിഞ്ഞ് വളരുന്നു. ഇവരൊക്കെ എത്രയോ കാലങ്ങളായി മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. തിരിച്ച്‌ മനുഷ്യന് ഇവയോടൊക്കെ എന്തെങ്കിലും പരിഗണനയുണ്ടോ. ഉണ്ടാവണം. ആർക്കെങ്കിലും ഉണ്ടാവണം. അവരിലൊരാൾ ഞാനാകണം.’’
സത്യം അതാണ്. പിന്നെയെങ്ങനെ പരമ്പരാഗത രീതികൾ കൈവിടും.

ജൈവപച്ചക്കറിയാണ് വിളയുന്നതെന്നും വിൽക്കുന്നതെന്നും നെഞ്ചുരുക്കി പറഞ്ഞാലും പലരും കേരളത്തിൽ വിശ്വസിക്കില്ല എന്നതാണ് പരമാർഥം. ആരെന്ത് നന്മചെയ്താലും അതിൽ ഇത്തിരി തിന്മകലക്കി ഒഴിച്ചിട്ടുണ്ടെന്ന് പറയുന്നതിന്റെ ഒരു കേമത്വജാട എന്തുകൊ​േണ്ടാ പലരിലും വിളഞ്ഞുനിൽക്കുന്നു. ആ കളകൾ അവനവൻതന്നെ വെട്ടിമാറ്റണം. ഈ കൊറോണക്കാലം തിരിച്ചറിവിന്റെകൂടി കാലമാകട്ടെ. സുഖസുന്ദരമായി ഇത്രയും ദിവസം ലോക്‌ഡൗണിൽ ഇരുന്നപ്പോൾതന്നെ ജീവിക്കാൻ ആവശ്യമായിക്കണ്ട പലതും അനാവശ്യമാണെന്ന് പലർക്കും തോന്നിയിട്ടുണ്ടാവും. സ്ത്രീ ആയാലും പുരുഷനായാലും ശരീരത്തിന് സൗന്ദര്യം നൽകുന്നത് അതിന്റെ പ്രതിരോധശക്തിയാണെന്ന് കൊറോണ ഇതിനകംതന്നെ ലോകത്തെ പഠിപ്പിച്ചുകഴിഞ്ഞു. ഇനിയും പഠിക്കാത്തവർ ഇപ്പോൾതന്നെ പഠിക്കുക. പ്രതിരോധത്തിന് നല്ല ഭക്ഷണം കഴിക്കുക. അതിൽ ഏറ്റവും ഉത്തമം ജൈവഭക്ഷണരീതിയാണെന്നും അറിയുക.
‘‘സുബ്രഹ്മണ്യാ നീ എന്തിനാണ് ഈ വഴി തിരഞ്ഞെടുത്തത്...?’’
‘‘എന്തിനാണ് ഞാനിങ്ങനെയായത് എന്ന് ഇടയ്ക്കൊക്കെ ഓർത്തുനോക്കാറുണ്ട്. തിരികെപ്പോയി ചെയ്തുകൊണ്ടിരുന്ന ജോലിയിൽതന്നെ തുടരാമായിരുന്നു. അല്ലെങ്കിൽ ഇവിടെത്തന്നെ ഒന്നും ചെയ്യാതെ എന്തെങ്കിലും ചെയ്ത് കഴിയാമായിരുന്നു. പക്ഷേ, സാധിക്കില്ല. ഓരോരുത്തരും ഓരോ അവതാരമാണെന്നാണ് അതിന് എനിക്കുകിട്ടിയ ഉത്തരം. പരമഹംസർ പറയുകയുണ്ടായി. അദ്ദേഹം ശരീരം സ്വീകരിച്ചത് ഭൗതികതയുടെ പാരമ്യത്തിൽനിന്ന് മനുഷ്യരെ ആത്മീയതയുടെ കുളിർമതയിലേക്ക് നയിക്കാനായിരുന്നുവത്രേ. എനിക്കേറ്റവും താത്‌പര്യമുള്ള ആത്മീയശക്തി അദ്ദേഹമാണ്. അതുപോലെ എല്ലാ മനുഷ്യജന്മത്തിനും എന്തെങ്കിലും നന്മകൾ ലോകത്തിന് നൽകാനുണ്ടാവും. ലോകമംഗളാർഥമാണ് ജന്മം എന്നാണ് വിശ്വാസം. എന്റെ നന്മയാണ് എന്റെ കൃഷി.’’

Content Highlights: Raghunath paleri shares a story of a Farmer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..