പറന്നുയർന്ന പരമേശ്വരൻ നായർ


എസ്. രാജേന്ദു | rajendu@gmail.com

ആദ്യമായി പൈലറ്റ് ലൈസൻസ് നേടുകയും സ്വന്തമായി വിമാനം വാങ്ങി പറപ്പിക്കുകയും ചെയ്ത മലയാളിയാണ് ഗോവിന്ദ്‌ പരമേശ്വരൻ നായർ എന്ന ജി.പി. നായർ. ഡൽഹിയിലും ലണ്ടനിലും സംഭവബഹുലമായി ജീവിക്കുകയും മുപ്പത്തിരണ്ടാമത്തെ വയസ്സിൽ സാഹസികമായിത്തന്നെ ജീവിതത്തിൽനിന്നു വിടപറയുകയുംചെയ്ത ആ മനുഷ്യനെക്കുറിച്ചുള്ള ഒരു ഗവേഷണക്കുറിപ്പാണിത്

പലപല മോഹങ്ങളുടെയും ഭ്രമങ്ങളുടെയും അതിസാഹസികതയുടെയും കൂട്ടായിരുന്നു ഗോവിന്ദ്‌ പരമേശ്വരൻ നായരുടെ വ്യക്തിത്വം. ഒറ്റപ്പാലം സ്വദേശിയുടെ മകനായി തിരുവനന്തപുരത്തു ജനിച്ച പരമേശ്വരൻ നായർ ഡൽഹിയിൽ പത്രപ്രവർത്തകനായും ലണ്ടനിൽ നിഗൂഢവ്യക്തിത്വമായും ജീവിച്ചു. നിയമം പഠിക്കുകയും പുസ്തകം എഴുതുകയും ജയിലിൽ കിടക്കുകയും യഥേഷ്ടം പ്രണയിക്കുകയും ചെയ്തു. രക്തത്തിൽ കലർന്ന സാഹസികതയ്ക്ക് മോഹം ചിറകുകൾ തുന്നിയപ്പോൾ ജി.പി. നായർ പൈലറ്റ് ലൈസൻസ് നേടി സ്വന്തമായി വിമാനം വാങ്ങി. അത് സ്വയം പറത്തി തിരുവനന്തപുരത്തേക്ക് വരാൻ മോഹിച്ചു. ഒടുവിൽ അയാൾ ലണ്ടനിൽനിന്നു പറന്നുയർന്നു. സുഹൃത്തുക്കൾ അയാളെ യാത്രയാക്കി. എന്നാൽ, ഫ്രാൻസിൽ തകർന്നുവീണ് അസ്തമിച്ചു. അദ്ദേഹം വീട്ടിലേക്കും നാട്ടിലേക്കും അയച്ച കത്തുകളും ബ്ലിറ്റ്സ്, ഹിന്ദു തുടങ്ങിയ പത്രങ്ങളുടെ റിപ്പോർട്ടുകളും അധികരിച്ചാണ് മലയാളികൾ തീരെ അറിയാത്ത ഈ മനുഷ്യന്റെ ജീവിതരേഖ ഉണ്ടാക്കിയത്.

ഒറ്റപ്പാലത്തിനടുത്ത് പനമണ്ണ വയലാലെ ഗോവിന്ദൻ നായരുടെ മകനായി പരമേശ്വരൻ 1905-ൽ ജനിച്ചു. അമ്മ ബാലാംബിക അമ്മ. മാതാമഹൻ പ്രസിദ്ധകവിയും തിരുവിതാംകൂറിൽ ജഡ്ജിയുമായിരുന്ന ആറ്റുകാൽ ശങ്കരപ്പിള്ള, ലഹോറിൽ മഹാരാജ്‌ രഞ്ജിത് സിങ്ങിന്റെ മന്ത്രിയും സ്വാതിതിരുനാളിന്റെ ക്ഷണപ്രകാരം തിരുവിതാംകൂറിൽ വന്ന് ജഡ്ജിയായി സേവനമനുഷ്ഠിക്കുകയുംചെയ്ത ശങ്കരനാഥ ഉണിത്തിരിയുടെ തലമുറയിലായിരുന്നു പരമേശ്വരന്റെ ജനനം. തിരുവനന്തപുരത്ത് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനിടെ ഒരു വിദ്യാർഥിപ്രതിഷേധത്തിൽ പങ്കെടുത്തതിന്റെപേരിൽ അവിടം വിടേണ്ടിവന്നു. മലബാറിൽവന്ന് പത്താംതരം പാസായി. തുടർന്ന് ഡൽഹിയിലെത്തി അവിടെ ഇന്റർമീഡിയറ്റിന് ചേർന്നു.

റിപ്പബ്ളിക്കും നെസ്റ്റും - പത്രപ്രവർത്തകകാലം
ദേശീയപ്രസ്ഥാനങ്ങളുടെ പ്രവർത്തനകാലമായിരുന്നു അത്. അവിടെ, അദ്ദേഹം ഒരു പത്രം തുടങ്ങി: ‘ദ റിപ്പബ്ലിക്‌’.

1924-കാലത്ത് പരമേശ്വരൻ ഡൽഹിയിൽ ‘റിപ്പബ്ലിക്കി’ന്റെ എഡിറ്ററായിരുന്നു. നാട്ടുരാജ്യങ്ങളെക്കുറിച്ചും അവിടത്തെ ഭരണാധികാരികളെക്കുറിച്ചും ഭരണവ്യവസ്ഥയെക്കുറിച്ചും ലേഖനങ്ങളെഴുതാനായി നിരന്തരം യാത്രചെയ്തിരുന്നു. ജോരാ എന്ന നാട്ടുരാജ്യത്തിലെ രാജാവ് അക്കാലത്ത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്. അതിനാൽ അവിടത്തെ അതിഥിമന്ദിരത്തിലായിരുന്നു താമസിച്ചിരുന്നത്.

രണ്ടുവർഷത്തോളം പരമേശ്വരൻ പത്രം നടത്തിയിരുന്നു എന്ന് അനുമാനിക്കാം, റിപ്പബ്ലിക്കിന് ഏറെയൊന്നും പ്രചാരമുണ്ടായിരുന്നില്ലെന്ന് പരമേശ്വരന്റെ എഴുത്തിൽനിന്നു മനസ്സിലാക്കാവുന്നതാണ്, ദേശീയപ്രസ്ഥാന പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കിയപ്പോൾ മാത്രമാണല്ലോ ഇത്തരം ആശയങ്ങൾ പ്രചാരത്തിൽവരുന്നത്. പത്രപ്രവർത്തനകാലത്ത് ഗ്വാളിയർ, ഝാൻസി, ജോര തുടങ്ങിയ ഇടങ്ങളിൽ യാത്രചെയ്യുകയുണ്ടായിട്ടുണ്ട്.
ദി നെസ്റ്റ് ഒരു വാരികയായിരിക്കണം. ഇവയുടെ ലക്കങ്ങൾ ഏറെ അന്വേഷിച്ചെങ്കിലും ആർക്കൈവ്സിൽ കണ്ടെത്താൻ കഴിഞ്ഞില്ല,

ഇരുപത്തിയഞ്ചു വയസ്സു കഴിയുമ്പോഴേക്കും, പരമേശ്വരനെഴുതിയ കത്തുകളുടെ അടിസ്ഥാനത്തിൽ, അദ്ദേഹം ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. അവിടെ കാർഡിഫ് യൂണിവേഴ്സിറ്റിയിൽച്ചേർന്ന് പഠനമാരംഭിച്ചു. ഇന്ത്യൻ മഹാരാജാവ് കൊടുത്ത പണം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഉപജീവനത്തിനായി പഠനത്തോടൊപ്പം ഒരു ബിസിനസും തുടങ്ങിയിരുന്നു.

പിക്കാഡല്ലി സർക്കസിലെ തെങ്ങിൻതോപ്പ്‌
ഇക്കാലത്ത് ജി.പി. നായർ ഒരു സമ്പന്നയായ ഇംഗ്ലീഷ് വിധവയുമായി പ്രണയത്തിലായി, സുന്ദരനായ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും പ്രേമത്തെക്കുറിച്ചും ഒരു മലയാളപത്രം (പേരും തീയതിയും നഷ്ടപ്പെട്ടിരിക്കുന്നു) ഒരു കേരളീയ യുവാവിന്റെ ലണ്ടനിലെ പ്രണയനാടകം എന്ന തലക്കെട്ടിൽ ഇപ്രകാരം എഴുതി:

സുന്ദരിയും കോടീശ്വരിയും വിധവയുമായ ഒരു ആംഗലയുവതിയും സുഭഗനും സാഹസികനുമായ ഒരു മലയാളി യുവാവും നായികാനായകന്മാരായി അഭിനയിച്ച ശോകപര്യവസായിയായ ഒരു പ്രണയജീവിത നാടകത്തിന്റെ കഥ റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു.
ഒട്ടേറെ പത്രങ്ങളുടെ ഒരു ശൃംഖലയ്ക്ക് ഉടമസ്ഥനായി കഴിയുക എന്നത് ആ സാഹസികന്റെ പ്രഖ്യാപിത ജീവിതലക്ഷ്യങ്ങളിലൊന്നായിരുന്നു. ഒട്ടേറെ റസ്റ്റോറന്റുകളുടെ ഉടമസ്ഥാവകാശവും ആ യുവാവിന്റെ കനകക്കിനാവുകൾക്കൊരു ഇതിവൃത്തമായിരുന്നു. പിക്കാഡല്ലി സർക്കസിൽ ആയാൾ ഒരു ​െറസ്റ്റോറൻറ്‌ തുടങ്ങി. ‘തെങ്ങിൻതോപ്പ്’ (Coconut Grove) എന്നതിനു പേരുമിട്ടു. കമനീയമായലങ്കരിച്ച് അതിവിപുലമായി സജ്ജീകരിച്ച് ധാടിയോടും മോടിയോടുംകൂടി ആരംഭിച്ച ആ റസ്റ്റോറന്റ് ഏതാനും മാസം കഴിഞ്ഞപ്പോൾ പൂട്ടേണ്ടിവന്നു.

ജയിൽശിക്ഷ
അങ്ങനെയിരിക്കേ ആ മലയാളി യുവാവിന്റെ ജീവിതാന്തരീക്ഷത്തിൽ കൂരിരുട്ടും മഴക്കാറുകളും അടിഞ്ഞുകൂടി. സാമ്പത്തികനില ആകെ തകർന്നു. ലണ്ടനിലെത്തിയ പ്രമാണിയായ ഒരു ഇന്ത്യൻ സന്ദർശകനിൽനിന്ന് അയാൾ കുറെ പണം കടം വാങ്ങി. അയാൾക്ക് പോസ്റ്റ് ഡേറ്റഡ് ചെക്കും കൊടുത്തു. ചെക്ക് മാറാൻ ബാങ്കിൽ കാശില്ലാതെവന്നു. ഇതിനെത്തുടർന്ന് കോടതിയിൽ കേസായി. നായർ ജയിലിലുമായി. ജയിലിൽനിന്ന് അയാൾ പുറത്തുവന്നത് തന്റെ പണവും പദവിയും വീണ്ടെടുത്തേ അടങ്ങൂ എന്ന ഉഗ്രമായൊരു ശപഥവുമായിട്ടായിരുന്നു.
തന്റെ കേസ്‌ കെട്ടിച്ചമച്ചത്‌ മാത്രമാണെന്നും തന്നെ ശിക്ഷിച്ചിട്ടുള്ളത് തെറ്റായ രീതിയിലാണെന്നും മജിസ്ട്രേട്ടിന്റെ വിധിപ്രകാരം തന്റെ കുറ്റം ചെറുകടംവാങ്ങൽ മാത്രമാണ് എന്നും നാട്ടുകാരെയും തന്റെ ശത്രുക്കളെയും അതിശയിപ്പിക്കത്തക്കവിധത്തിലുള്ള ഒരു ഭാവിയിൽ തനിക്കു ശോഭിക്കാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം കരുതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് കടം വാങ്ങുന്നതിലൂടെ സാധാരണ പറ്റുന്ന തെറ്റേ പരമേശ്വരനും പറ്റിയിട്ടുള്ളൂ എന്ന് അദ്ദേഹത്തിന്റെ മരണശേഷം ദി ഹിന്ദുവിന്റെ ലേഖകൻ എഴുതിയ ഒരു കുറിപ്പിലുണ്ട്.

ഒരെഴുത്തിൽ സർദാർ കെ.എം. പണിക്കരാണ് തന്നെ ജയിലിലയക്കുന്നതിന് കാരണക്കാരൻ എന്ന് പരമേശ്വരൻ കരുതി, ‘എന്നെ ജയിലിലടയ്ക്കാൻ പണിക്കർക്ക് മുന്നൂറ് പവൻ ചെലവായെന്നാണ് ലണ്ടനിലെ പൊതുസംസാരം, പലർക്കും പണം കൊടുത്താണ് എനിക്കു വിപരീതമായി മൊഴിപറയിക്കാറാക്കിയത്’ -എന്ന് പരമേശ്വരൻ അമ്മയ്ക്ക് എഴുതുന്നു. എന്നാൽ, ‘ദി ഹിന്ദു’വിൽവന്ന ഒരു ലേഖനത്തിൽ ജി.പി. ബാല്യസഹജമായ വിഡ്ഢിത്തമാണ് കാണിച്ചിട്ടുള്ളത് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

മാനസിക പരിവർത്തനം
ജയിലിൽനിന്നും ഇറങ്ങാറായിരിക്കുന്ന അവസരത്തിലാണ് താൻ ഈ കത്തെഴുതുന്നതെന്ന് പറഞ്ഞ് അദ്ദേഹം തുടരുന്നു:

‘എന്റെ ജയിൽവാസത്തെപ്പറ്റി അല്പം പറയേണ്ടതുണ്ട്. ജയിലിലായിരിക്കുമ്പോൾ പ്രാർഥിക്കും. കള്ളുകുടിക്ക, സ്ത്രീകളുമായുള്ള സംസർഗം ചെയ്യുക മുതലായതെല്ലാം ഇനി മേലാൽ എന്റെ ജീവിതത്തിൽ ഞാൻ ചെയ്യുന്നതല്ലാ എന്ന ഒരു സത്യം കഴിഞ്ഞ ഫെബ്രുവരി 2-നു രാത്രി 12 മണിക്ക് ഞാൻ എടുക്കുകയുണ്ടായി, ഈ സത്യവും എന്റെ ജീവിതത്തിന്റെ അന്ത്യംവരെക്കും ഞാൻ പരിപാലിക്കുന്നതുമാണ്. പൊന്നമ്മയെ വിവാഹം ചെയ്തശേഷമല്ലാതെ ഇനി യാതൊരു സ്ത്രീയുമായി സംസർഗം ചെയ്യുന്നതല്ലായെന്നുള്ള ശപഥംകൂടി ജയിലിലായിരിക്കുമ്പോൾ ഞാൻ എടുത്തിട്ടുള്ളതറിയുമ്പോൾ എന്റെ ജീവിതം എത്രകണ്ട് പരിശുദ്ധമായിട്ടുള്ളതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, ഞാൻ ഇതുവരെ ആരെയും ദ്രോഹിക്കയാകട്ടെ, വഞ്ചിക്കയാകട്ടെ ചെയ്തിട്ടില്ല. എന്റെ ധർമബുദ്ധിക്ക് നിശ്ചയമായും ഒരു ഉന്നതപദവി ദൈവം തരാതെയിരിക്കയില്ല. ഈ അപമാനമെല്ലാം പോയി പരീക്ഷയ്ക്ക്‌ ജയിച്ചും ചക്രവർത്തി തിരുമനസ്സിലെ സ്ഥാനമാനങ്ങളോടുകൂടി ഞാൻ നാട്ടിലേക്കു മടങ്ങിയിട്ടില്ലെങ്കിൽ ദൈവം ഇല്ലെന്ന് വിചാരിക്കണം. ഏറ്റവും പരിശുദ്ധമായ ഒരു ജീവിതമാണ് ഞാനിന്ന് നയിക്കുന്നത്. ഇതിന്റെ ഫലവും അനുഭവവും നാലുകൊല്ലത്തിനുള്ളിൽ അണ്ണനും ലോകവും കാണും. യാതൊന്നുകൊണ്ടും അധൈര്യപ്പെടേണ്ടതില്ലെന്നാണ് വീണ്ടും വീണ്ടും ഞാൻ എല്ലാവരോടും പറയുന്നത്. ധൈര്യമായി ഇരിക്കുക, എല്ലാം മംഗളമായി പര്യവസാനിക്കും.’ എന്നാൽ കാലം മറ്റൊന്നാണ് അദ്ദേഹത്തിനായി കാത്തുവെച്ചിരുന്നത്.

പുസ്തകരചന
പുറത്തിറങ്ങിയപ്പോൾ ജീവിക്കുന്നതിനായി അദ്ദേഹം പുസ്തകരചനയ്ക്കു തുനിഞ്ഞു. പല പ്രസാധകരുമായും ധാരണയിലെത്തി. അക്കാലത്ത് ജ്യേഷ്ഠനെഴുതിയ കത്തിൽ നാല് പുസ്തകങ്ങളെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ, ഏതെല്ലാമാണ് പ്രസിദ്ധീകരിക്കാൻ സാധിച്ചത് എന്നതിനു വിവരമൊന്നുമില്ല. ഇംഗ്ലണ്ടിൽ നടക്കുന്ന വട്ടമേശസമ്മേളനത്തിന് ഗാന്ധിജി എത്തുമ്പോഴേക്കും പുസ്തകം പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

‘The Empire Possessions, before & after the British - എന്ന എന്റെ രണ്ടാമത്തെ പുസ്തകം പുറത്തുവരുന്നതാണെന്നുള്ള വിജ്ഞാപനംകൂടി ചെയ്യണം’ - അദ്ദേഹം തുടരുന്നു: ‘ഇതിലേക്കു മുമ്പായി ഞാൻ എല്ലാ Empire Possessions (except India, Burma & Ceylone) കൂടി പറയണം (empire in the Pacific & Atlantic region). Preface വളരെ കേമമായിരിക്കണം. പുസ്തകം പുറത്തുവരുന്നതോടുകൂടി മാത്രമേ ഞാൻ table authorities-നെ കാണുകയുള്ളൂ. ഈ പുസ്തകത്തെ (തന്നെ ശിക്ഷിച്ച) ബഞ്ചേഴ്‌സിനോ രാജകുടുംബത്തിനൊ സമർപ്പിക്കണമെന്നാണ് വിചാരിക്കുന്നത്. അണ്ണൻ വിചാരിക്കുന്നതുപോലെ യാതൊന്നും പ്രയാസമല്ല. ഈ സംഭവത്തെ ഞാൻ എന്റെ ജീവിതത്തിലെ ഒരു ഭാഗ്യരേഖയായി കരുതുന്നു.’ പുസ്തകം തന്റെ പേരോടുകൂടിയല്ലാ പ്രസിദ്ധീകരിക്കുന്നതെന്നും പറയുന്നു. പുസ്തകം കൊടുത്തിട്ടില്ലെങ്കിൽ അതുവേറെ കേസാകുമെന്നും തന്റെ ഉടുപ്പും മറ്റും അലക്കിയ വകയിൽ മൂന്നു പവൻ വേറെ കൊടുക്കാനുണ്ടെന്നും പറയുന്നു.

നിയമബിരുദത്തിന് ചേരുന്നു
തന്റെ മുന്നിലിരിക്കുന്ന ഏതൊരു വ്യക്തിയുടെയും ഹൃദയത്തിലിടംനേടാൻ വ്യക്തിത്വത്താലും വാക്‌സാമർഥ്യത്താലും പരമേശ്വരന്‌ കഴിഞ്ഞിരുന്നു. ബെൽഫാസ്റ്റ് സർവകലാശാലയിൽ എം.എ., എൽഎൽ.ബി.ക്കു പ്രവേശനം കിട്ടിയ വിവരത്തിന് ജ്യേഷ്ഠൻ ജി. ശങ്കരൻ നായർക്ക് എഴുതിയ കത്താണിത്.

‘പ്രിയപ്പെട്ട സഹോദരാ,
ഇംഗ്ലണ്ടിൽ ബെൽഫാസ്റ്റ് സർവകലാശാലക്കാർ ഒരു പരീക്ഷയും കൂടാതെ എനിക്ക്
എം.എ.യ്ക്കും എൽഎൽ.ബി.ക്കും പഠിക്കുന്നതിനുള്ള അനുവാദം നൽകിയിരിക്കുന്നു. എന്നാൽ, രണ്ടുകൊല്ലത്തിൽ കുറച്ചു തരാൻ സാധിക്കയില്ലെന്നുള്ള അവരുടെ എഴുത്ത് ഇതോടൊന്നിച്ചടക്കം ചെയ്യുന്നു. അണ്ണാ, എന്റെ പുസ്തകം പ്രസിദ്ധപ്പെടുത്തിയശേഷമാണ് ഞാൻ ശ്രമിച്ചിരുന്നതെന്നുവരികിൽ നിശ്ചയമായും ഒരു കൊല്ലംകൊണ്ട് എം.എ.യും എൽഎൽ.ബി.യും എടുക്കാമായിരുന്നു. എന്റെ ഉദ്ദേശ്യമെന്തെന്നാൽ (ഈശ്വരൻ സഹായിച്ച്‌ എല്ലാം മംഗളമായിവരും) ഈ ഡിഗ്രികൾ എടുത്തശേഷം ഒരു കൊല്ലം ഓക്‌സ്‌ഫഡിൽ എം.എ.യ്ക്കു പഠിക്കണമെന്നാണ്.’

എന്നാൽ, ജി.പി.ക്ക് പഠനം പൂർത്തീകരിക്കാൻ സാധിച്ചോ എന്നതിനെക്കുറിച്ച് തുടർകത്തുകളിൽ ഒന്നും പറയുന്നില്ല.

തന്റെ ആഗ്രഹം എന്നെ ശിക്ഷിച്ച കോടതിയിൽ തന്നെ ഒരു വക്കീലായി 1935-ൽ വ്യവഹരിക്കണമെന്നാകുന്നു എന്ന് അദ്ദേഹം മറ്റൊരിടത്തു പറയുന്നുണ്ട്.

പൈലറ്റ് ലൈസൻസ് നേടുന്നു
അമ്മ ഇന്ത്യക്കാരിയും പാരീസിൽ ജനിച്ച വ്യക്തിയുമായ ജെ.ആർ. ഡി. ടാറ്റയാണ് ബർമയിൽവെച്ച് ആദ്യമായി ഒരു ഇന്ത്യക്കാരൻ എന്നനിലയിൽ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയത്. എന്നാൽ, ആദ്യമായി പൈലറ്റ് ലൈസൻസ് നേടുകയും സ്വന്തമായി വിമാനം വാങ്ങുകയും അത്‌ പറപ്പിക്കുകയുംചെയ്ത വ്യക്തി ജി.പി. നായരാണ്.

ജയിലിൽനിന്നിറങ്ങി നായർ നേരെ ഫ്ളയിങ് ക്ലബ്ബിലേക്കാണുപോയത്. ഇതിനു സഹായിച്ചത് ലേഡി ഡ്രമണ്ട് ഹെയി എന്ന വനിതയായിരുന്നു. ലണ്ടനിലെ റോയൽ എയ്‌റോ ക്ലബ്ബിൽനിന്നും 1931 നവംബർ 11-ന് 10176 നമ്പറായി വൈമാനികനുള്ള ലൈസൻസ് അദ്ദേഹം സ്വന്തമാക്കി. അന്ന് 15 പൗണ്ടായിരുന്നു സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള ഫീസ്‌.

വിമാനം വാങ്ങുന്നു
ഒരു Miles M2S Hawk Major Duo Drop വിമാനമായിരുന്നു അത്. സർട്ടിഫിക്കറ്റുകളെല്ലാം അതിനുണ്ടായിരുന്നു. കൂടുതൽ ഇന്ധനം നിറയ്ക്കുന്നതിനായി അത് പരിവർത്തനം ചെയ്തിരുന്നു. അതിന്റെ വിളിപ്പേര് അഥവാ call sign; ‘G-ADLH, CN 194' എന്നായിരുന്നു. ബോക്‌സ്‌ ബോണിലെ ജെ.എച്ച്‌. വാൻ എന്ന വ്യക്തി 1935-ൽ ഈ വിമാനം ഗോവിന്ദ് പരമേശ്വരൻ നായർക്കു വിറ്റതായി രേഖയുണ്ട്. ലോങ് റേഞ്ച് 3000 മൈൽ പതിപ്പാണിത്. 150 HP Blackburn Cirrus Major എൻജിനാണ് ഇതിനുണ്ടായിരുന്നത്. ഫിലിപ്‌സ് & പോവിസ് എന്ന കമ്പനിയായിരുന്നു ഇത്തരം വിമാനങ്ങൾ നിർമിച്ചിരുന്നത്. The Spirit of India എന്നാണ് അദ്ദേഹം തന്റെ വിമാനത്തിനിട്ട പേര്‌!

ആദ്യസ്വപ്നം
ലണ്ടനിൽനിന്നും തിരുവനന്തപുരത്തേക്ക് സ്വന്തം വിമാനത്തിൽ സ്വയം പറത്തിവരിക എന്നതായിരുന്നു പരമേശ്വരന്റെ ആദ്യസ്വപ്നം. അദ്ദേഹം എഴുതുന്നു: ‘ഞാൻ തിങ്കളാഴ്ച റീഡിങ് എന്ന സ്ഥലത്തുള്ള എറോഡാമിൽ രണ്ടാഴ്ചവട്ടത്തേക്ക് താമസക്കാരനായി പോകുന്നു. സർട്ടിഫിക്കറ്റ് കിട്ടേണ്ടതിലേക്കാണ് അവിടെ താമസിക്കാൻ ഉദ്ദേശിക്കുന്നത്. ഈശ്വരസഹായത്താൽ ഗവർമ്മെണ്ടിൽനിന്നുമുള്ള എ - സർട്ടിഫിക്കറ്റ് കിട്ടുമെന്നാശിക്കുന്നു. അതിനുശേഷമേ പറക്കുന്നതിനുള്ള അനുവാദം ലഭിക്കുകയുള്ളൂ.’
എന്നാൽ, പരമേശ്വരന് ഇതിനുള്ള അനുവാദം ലഭിച്ചില്ല. തുടർന്ന് അദ്ദേഹം അത്‌ലാന്റിക് താണ്ടുക എന്ന മഹദ്‌സ്വപ്നത്തിൽ ആകൃഷ്ടനായി.

യാത്രയയപ്പ് യോഗം
ലണ്ടനിലെ ഇന്ത്യൻസമൂഹം ഗോവിന്ദ് പരമേശ്വരൻ നായരുടെ സാഹസികയാത്രക്ക് വലിയ പ്രോത്സാഹനം നൽകി. അവർ അദ്ദേഹത്തെ ആദരിക്കുന്നതിനായി ഒരു രാത്രി വിരുന്നു സംഘടിപ്പിച്ചു. പ്രസിഡന്റും മിസ്സിസ് ആർ.എസ്. നെഹ്രയും ചേർന്ന് ലണ്ടനിലെ സെൻട്രൽ ഹിന്ദു സൊസൈറ്റിക്കുവേണ്ടിയും ദി ഇന്ത്യൻ കൊളോണിയൽ അസോസിയേഷൻ ഒാഫ് ഇംഗ്ലണ്ടും ഒരുമിച്ചാണ് ആളുകളെ ക്ഷണിച്ചത്.

‘മി. നായരുടെ ഈ കഠിനമായ തീരുമാനം ഇന്ത്യക്കാർ കാലത്തിനുപിന്നിൽ സഞ്ചരിക്കുന്നവരല്ലെന്നും അവർ പടിഞ്ഞാറൻ യുവാക്കളെപ്പോലെ സാഹസികരാണെന്നും ലോകത്തെ ബോധ്യപ്പെടുത്തുന്നതിനുമാകുന്നു’ -എന്ന് പത്രങ്ങളിൽ കാണാം. യാത്രാമാർഗം
ലണ്ടനിൽനിന്നു പുറപ്പെട്ട് മാർഷ്യലസിൽ എത്തി, അവിടെനിന്ന്‌ കാസാബ്ലാങ്കാ (ഫ്രഞ്ച് മൊറൊക്കൊ), സെനഗലിലെ തെയിസ്, പിന്നെ അറ്റ്‌ലാന്റിക് കടന്ന് തെക്കെ അമേരിക്കയിലെ നഥാൽ തുറമുഖത്ത് 1907 മൈൽ താണ്ടിയെത്തുന്നതായിരുന്നു ജി.പി. നായരുടെ യാത്രയുടെ

ആദ്യഘട്ടം.
അവിടെനിന്ന്‌ മിയാമി (ഫ്ളോറിഡ), ന്യൂയോർക്ക്, ന്യൂഫൗണ്ട്‌ലൻഡ്‌ വഴി നോർത്ത് അറ്റ്‌ലാന്റിക്‌ കടന്ന് അയർലൻഡിലെത്തി അവിടെനിന്ന്‌ ഇംഗ്ലണ്ടിലെത്താനായിരുന്നു തീരുമാനം. ഇത് പതിന്നാലുദിവസംകൊണ്ട്‌ പൂർത്തീകരിക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

യാത്ര: തുടക്കവും ഒടുക്കവും
പറക്കൽ ആരംഭിക്കാനുള്ള നല്ല ദിവസം നിശ്ചയിച്ചു. നായരുടെ സുഹൃത്തുക്കളും അനേകം പത്രപ്രവർത്തകരും ക്യാമറക്കാരും ക്രോയിഡൻ വിമാനത്താവളത്തിൽ സ്ഥലംപിടിച്ചു. ഡോ. ഹരിപ്രസാദ് ശാസ്ത്രി എന്ന ഒരു ഇന്ത്യൻ ബ്രാഹ്മണൻ വിമാനത്തിനടുത്തുചെന്ന് പൂജാകർമങ്ങൾ നടത്തി. പത്രപ്രവർത്തകർ അദ്ദേഹവുമായി അഭിമുഖസംഭാഷണം നടത്തി. കൂട്ടത്തിൽ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച വനിതയുമുണ്ടായിരുന്നു.

ബ്ലിറ്റ്‌സിലെ ലേഖനം തുടരുന്നു: വിമാനം പുറപ്പെടാറായി. നായർ എല്ലാവർക്കും ഹസ്തദാനം ചെയ്തു. ഒഴിഞ്ഞുമാറിനിന്ന ആ വനിതയെ അയാൾ ഗാഢം പുണർന്നു

ജി.പി. നായർ വിമാനത്തിൽ കയറി ഏതാനും മിനിറ്റുകൾക്കിടയിൽ വിമാനം ഗർജിച്ചുകൊണ്ടു വ്യോമമണ്ഡലത്തിലേക്കുയർന്നു. കറങ്ങിക്കറങ്ങി അത് വിദൂരതയിലേക്ക് പറന്നുപോയി. ഒരു കൊച്ചു പാവകണക്കെ അകലേക്കകലേക്ക് നീങ്ങിപ്പോയ ആ യാനപാത്രം കുറച്ചുകൂടി കഴിഞ്ഞപ്പോൾ മേഘപാളികൾക്കിടയിലൂടെ ഊളിയിട്ട് അദൃശശൃംഖലയിലേക്ക് കടന്നുചെന്നു. യാത്രയയക്കാനെത്തിയവരെല്ലാം വിമാനത്താവളം വിട്ടുപിരിഞ്ഞു. എന്നാൽ, ആ വിമാനം ഫ്രാൻസിൽ തകർന്നുവീണു. കേവലം മുപ്പത്തിരണ്ടു വയസ്സുള്ള ആ സാഹസികൻ, മരിച്ചു. സ്വന്തമായുള്ള വിമാനം തകർന്ന് മരണംവരിക്കുന്ന ആദ്യ ഇന്ത്യൻ പൈലറ്റും അദ്ദേഹമായിരിക്കാം.

1937 ഒക്ടോബർ 24-ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അപകടം. ഭൂമിയിലേക്കുവീണ വിമാനം പാടേ തകർന്നുതരിപ്പണമായി. അദ്ദേഹത്തിന്റെ ഭൗതികശരീരം ഒരു മരക്കൊമ്പിൽ തങ്ങിക്കിടന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പത്രങ്ങൾ എഴുതി. അപകടം ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ചയായി. പ്രശസ്ത പത്രപ്രവർത്തകനായ പോത്തൻ ജോസഫാണ് പിന്നീട്‌ പരമേശ്വരൻ നായരുടെ ഭൗതികാവശിഷ്ടങ്ങൾ കൊണ്ടുവന്ന് ജ്യേഷ്ഠനെ ഏൽപ്പിച്ചത്. ഇരുനൂറ് മണിക്കൂറിനുപകരം വെറും നാല്പതു മണിക്കൂറേ അദ്ദേഹത്തിന് പറത്തൽപരിചയമുണ്ടായിരുന്നുള്ളൂവെന്നും ആ യന്ത്രം ഉപയോഗിക്കാൻവേണ്ട അറിവ്‌ കുറവുണ്ടായിരുന്നു എന്നും പത്രങ്ങൾ എഴുതി.

Content Highlights: weekend

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..