സീതാരാമം തിയേറ്ററുകളിലെത്തിയിരിക്കുന്നു. മുമ്പ് ചെയ്ത റൊമാന്റിക് സിനിമകളിൽനിന്ന് അവതരണത്തിലും കഥയിലും എങ്ങനെയാണ് സീതാരാമം വ്യത്യസ്തമാകുന്നത്
വലിയൊരു ചിത്രമാണ് സീതാരാമം. റൊമാൻസും ലവ്സ്റ്റോറിയും യുദ്ധപശ്ചാത്തലവുമൊക്കെയുള്ള ചിത്രം. 1960 കാലഘട്ടത്തിലുള്ള കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ഒരു ക്ലാസിക് നോവൽ വായിക്കുന്നപോലെ തോന്നി. അങ്ങനെയാണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചത്. കുറെ ട്വിസ്റ്റുകളും സംഘർഷങ്ങളും ചിത്രത്തിലടങ്ങിയിട്ടുണ്ട്. കശ്മീർ, ഹിമാചൽ, കാസ, സ്പിതി വാലി, ഹൈദരാബാദ് അടക്കമുള്ള മനോഹരമായ ലൊക്കേഷനുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രേക്ഷകർക്ക് സീതാരാമം തീർച്ചയായും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ.
റൊമാന്റിക് ഹീറോ എന്ന വിളികേട്ട് മതിയായി. ഇനി റൊമാന്റിക് റോളുകൾ ചെയ്യില്ലെന്ന പ്രഖ്യാപനം നടത്തി. അങ്ങനെയൊരു തീരുമാനത്തിലേക്കെത്താനുള്ള കാരണം
പൂർണമായും റൊമാന്റിക് ചിത്രങ്ങൾ ഒഴിവാക്കിയിട്ടില്ല. കുറച്ചുകാലത്തേക്ക് ഇങ്ങനെയുള്ള വേഷങ്ങൾ ചെയ്യേണ്ടയെന്നാണ് തീരുമാനം. ഞാൻ ഏതൊക്കെ വേഷം ചെയ്താലും ആളുകൾ എന്നെ റൊമാന്റിക് ഹീറോ എന്നുമാത്രമാണ് വിളിക്കുക. കുറച്ചുമുമ്പാണ് കുറുപ്പും സല്യൂട്ടും ഇറങ്ങിയത്. അതിൽ അങ്ങനെയുള്ള കാരക്ടറുകളായിരുന്നില്ല. എന്നാലും ആളുകൾക്ക് റൊമാന്റിക് ഹീറോ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം. റൊമാന്റിക് സിനിമകൾ പ്ലാൻചെയ്ത് ചെയ്യുന്നതല്ല. അത് സംഭവിച്ചുപോകുന്നതാണ്. മറ്റൊരുകാര്യം ഒരുപ്രായത്തിൽമാത്രമാണ് റൊമാന്റിക് സിനിമകൾ ചെയ്യാനാവുക എന്നതാണ്. മുമ്പ് എൻ.ആർ.ഐ., അല്ലെങ്കിൽ അർബൻറോളുകൾ മാത്രം ചെയ്യുന്ന നടൻ എന്ന വിശേഷിപ്പിച്ചിരുന്നു. അങ്ങനെ എന്തെങ്കിലും ടൈറ്റിലുകൾ വന്നാൽ അത് ബ്രേക്ക്ചെയ്യണമെന്ന് തോന്നുന്നു. അതൊക്കെയാണ് ഇങ്ങനെയുള്ള തീരുമാനത്തിലെത്തിച്ചത്.
മലയാളത്തിനൊപ്പം ഇതരഭാഷകളിലും നിരന്തരം സിനിമകൾ വരുന്നു. പാൻ ഇന്ത്യൻ ആക്ടർ എന്ന ലേബലിലേക്കാണോ ദുൽഖറിന്റെ യാത്ര
ഈ ചിത്രങ്ങളെല്ലാം ഓർഗാനിക്കായി സംഭവിച്ചതാണ്. കഥയിഷ്ടപ്പെട്ടാൽ ഏത് ഭാഷയാണെന്ന് നോക്കാറില്ല. പഠിച്ചത് പുറത്തായതുകൊണ്ട് എനിക്ക് മറ്റു ഭാഷകൾ കൈകാര്യംചെയ്യാൻ എളുപ്പമുണ്ട്. സീതാരാമിന്റെ തമിഴിലും തെലുങ്കിലുമൊക്കെ ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. തമിഴ് കുറച്ചുകൂടി എളുപ്പമാണ്. തെലുങ്ക് കുറച്ച് പ്രയാസമനുഭവപ്പെട്ടു.
ദുൽഖറിന്റെ ഓരോ മലയാളചിത്രങ്ങളും തമ്മിൽ വലിയ ഇടവേളയുണ്ടാകുന്നുണ്ട്. ഈ ഇടവേളകൾ മനഃപൂർവമാണോ
ഒരിക്കലുമല്ല. ഞാൻ ഏറ്റവുംകൂടുതൽ എൻജോയ് ചെയ്യുന്നത്
മലയാളത്തിൽ അഭിനയിക്കുമ്പോഴാണ്. കഥകൾ കേൾക്കുമ്പോൾ ഏതെങ്കിലുമൊരു പ്രത്യേക ഭാഷയിൽനിന്നുമാത്രം കേൾക്കാറില്ല. എല്ലാഭാഷയിലെ കഥകളും കേൾക്കും. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നവ ചെയ്യും. മലയാളത്തിൽ ഉടനെ രണ്ട് ചിത്രങ്ങൾ വരുന്നുണ്ട്. കിങ് ഓഫ് കൊത്തയും മറ്റൊരു കൊച്ചുസിനിമയും. പിന്നെ ഒരുപാട് ചിത്രങ്ങൾ നേരത്തേ അനൗൺസ് ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. അങ്ങനെചെയ്താൽ ആളുകൾ പ്രതീക്ഷിക്കും. അത് പെട്ടെന്ന് വന്നില്ലെങ്കിൽ അവർക്ക് നിരാശയുണ്ടാകും.
മമ്മൂക്കയോടൊപ്പം എന്നാണ്? ബിലാലിൽ അബുവായി ദുൽഖറെത്തുമെന്ന് വാർത്തകളുണ്ട്.
അത് വാപ്പച്ചിയോട് (മമ്മൂട്ടി) തന്നെ ചോദിക്കണം. വാപ്പച്ചിയും അമൽ നീരദും അടുത്തത് എന്താണ് പ്ലാൻചെയ്തിരിക്കുന്നതെന്ന് എനിക്കറിയില്ല. ബിലാൽ തന്നെയാണോ അതോ വേറെ സിനിമ വല്ലതുമാണോ എന്ന് അവർക്കേ അറിയൂ. ബിലാലിൽ എങ്ങനെയെങ്കിലും ഇടിച്ചുകയറാൻ നോക്കും. പക്ഷേ, വാപ്പച്ചി സമ്മതിക്കണം. തത്കാലം രണ്ടുപേരും വേറെ വെറെ ചിത്രം ചെയ്യുന്നതിനുപിന്നിൽ നല്ല ഉദ്ദേശ്യമാണ്. അത് പിന്നീടാണെനിക്ക് മനസ്സിലാകുന്നത്. വെവ്വേറെ ചിത്രങ്ങൾ ചെയ്യുമ്പോൾ സിനിമയിൽ തനത് വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതാണ് അതിനുപിന്നിലെ ഉദേശ്യം. എന്നാൽ, ഒരു ഫാൻബോയ് എന്നനിലയിൽ വാപ്പച്ചിയോടൊപ്പം സിനിമചെയ്യണമെന്ന ആഗ്രഹം എനിക്കുമുണ്ട്.
Content Highlights: weekend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..