കാത്തിരിക്കുന്നു, ലിജോമോൾ ചിരിവേഷങ്ങൾക്കായി


ലിജോമോൾ ജോസ്/ ഷിനില മാത്തോട്ടത്തിൽ | shinilamathottathil814@gmail.com

ജയ് ഭീമിലെ കരുത്തുള്ള 'സെങ്കിനി'യായി തകർത്തഭിനയിച്ച ലിജോമോൾ ജോസ്് മലയാളത്തിൽ സജീവമാവുകയാണ്. ചിരിപ്പിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അവർക്കിനിയാഗ്രഹം. ലിജോ പ്രധാനവേഷത്തിലെത്തുന്ന 'വിശുദ്ധമെജോ' പ്രദർശനത്തിനൊരുങ്ങി. ലിജോമോൾ വിശേഷങ്ങൾ പറയുന്നു

വിശുദ്ധമെജോ എങ്ങനെയുള്ള സിനിമയാണ്? സിനിമാസെറ്റിലെ വിശേഷങ്ങൾ
കുടുംബപ്രേക്ഷകർക്ക്‌ ഇഷ്ടപ്പെടുന്നൊരു സിനിമയാണിത്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ ടീമിന്റെ സിനിമയെന്നു പറയുമ്പോൾത്തന്നെ ഊഹിക്കാമല്ലോ ഏതുതരത്തിലായിരിക്കുമെന്ന്. വളരെ അന്തർമുഖനായ മെജോ എന്ന പയ്യന്റെ ജീവിതമാണ് പ്രമേയം. ഡിനോയ് പൗലോസാണ് മെജോയായെത്തുന്നത്. മെജോയുടെ ചുറുചുറുക്കുള്ള സുഹൃത്ത് ജീനയുടെ വേഷമാണെനിക്ക്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം. തമാശകൾ നിറച്ച് എല്ലാത്തരം ആളുകൾക്കും ആസ്വദിക്കാനാവുന്ന രീതിയിലാണ് എടുത്തിരിക്കുന്നത്. ഒരുപിടി നല്ല പാട്ടുകളുമുണ്ട്. മെജോയുടെ ഉപദേശിസുഹൃത്തായാണ് മാത്യുവെത്തുന്നത്.

ജയ് ഭീമിനുശേഷം അഭിനയിച്ച തമിഴ്, മലയാളം സിനിമകളേതൊക്കെയാണ്
ജയ് ഭീമിനുശേഷം രണ്ട് മലയാളംസിനിമകളുടെ ഭാഗമായി. ലിജിൻജോസ് സംവിധാനം ചെയ്ത ‘ഹെർ’ ആണൊന്ന്. അഞ്ച് വ്യത്യസ്തകഥകളാണ് ചിത്രത്തിലുള്ളത്. അതിലൊരുകഥയാണ്‌ ഞാൻ ചെയ്തത്‌. എ.കെ. സാജന്റെ പുലിമടയിലും ഒരു കഥാപാത്രം ചെയ്തു. തമിഴിൽ അന്നപൂർണിയെന്ന സിനിമ ഇറങ്ങാനിരിക്കുന്നു. ഒന്നുരണ്ടു സിനിമകൂടി ഏറ്റെടുത്തിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങാനിരിക്കുന്നു.

ജയ് ഭീമിലെ സെങ്കിനിക്കു സമാനമായ കഥാപാത്രങ്ങൾ തേടിവരുന്നുണ്ടോ? എത്തരം കഥാപാത്രങ്ങളോടാണ് താത്പര്യം
ജയ് ഭീമിനുശേഷം സ്ത്രീകേന്ദ്രിത കഥാപാത്രങ്ങൾ കുറെ തേടിവരുന്നുണ്ട്. പക്ഷേ, അത്തരം കഥാപാത്രങ്ങളെ ഉടനെയൊന്നും ചെയ്യേണ്ടെന്നാണ് തീരുമാനം. വെവ്വേറെതരത്തിലുള്ള ക്യാരക്ടറുകളോടാണ് താത്പര്യം. സെങ്കിനിയിൽനിന്ന് പൂർണമായും വ്യത്യസ്തമായൊന്നാണ് ജീന. എപ്പോഴും മുമ്പുചെയ്ത കഥാപാത്രങ്ങളുമായി സാമ്യംതോന്നരുതെന്ന് നിർബന്ധമുണ്ട്. ഒരു കോമഡി കഥാപാത്രത്തെ അവതരിപ്പിച്ചുനോക്കാനാണ് ഇനിയുള്ള ആഗ്രഹം.

വിവാഹശേഷമുള്ള സിനിമാ അനുഭവവും ഭാവിപദ്ധതികളും
വിവാഹശേഷം എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നതാണ് സത്യം. കല്യാണത്തിനുമുമ്പുള്ളതുപോലെത്തന്നെയാണ് ശേഷവും. പ്രൊഫഷണൽ രംഗമായാലും വ്യക്തിജീവിതമായാലും. പ്രത്യേകിച്ച് മാറ്റമില്ല. രണ്ടുവർഷം മാധ്യമപ്രവർത്തകയായി ജോലിചെയ്തിരുന്നയാളാണ് ഞാൻ. പ്രൊഫഷൻ പൂർണമായും വിട്ട് പി.ജി.ചെയ്തു. പ്രൊഫസറാവണമെന്നായിരുന്നു പിന്നീടുള്ള ആഗ്രഹം. അതിനിടയിലാണ് സിനിമയിലെത്തുന്നത്. നടിയാകുമെന്ന് വിചാരിച്ചതേയല്ല. ഒന്നും പ്ലാൻചെയ്തല്ല ഞാൻ ഇതുവരെയെത്തിയത്. സിനിമാരംഗത്ത് തുടരാൻ ആഗ്രഹമുണ്ട്. നല്ലസിനിമകളും കഥാപാത്രങ്ങളും ചെയ്യണം.

Content Highlights: weekend

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..