പ്രതീക്ഷകൂടാതെ സ്നേഹിക്കുക


അമ്മ


മക്കളേ,
ഭൂമിയിൽ എല്ലാവരും കൊതിക്കുന്നതു സ്നേഹമാണ്‌. എന്നാൽ, ഏറ്റവും ദാരിദ്ര്യവും സ്നേഹത്തിനുതന്നെ. അക്കാര്യത്തിൽ പണക്കാരനും പാവപ്പെട്ടവനും തമ്മിൽ വ്യത്യാസമില്ല. എല്ലാവർക്കും സ്നേഹംകിട്ടാനാണ്‌ ആഗ്രഹം. എന്നാൽ, കൊടുക്കാൻ മടിയാണ്‌. സ്നേഹം കൊടുത്താൽത്തന്നെ പ്രതീക്ഷവെച്ചാണ്‌ കൊടുക്കുന്നത്‌. പ്രതീക്ഷയില്ലാതെ സ്നേഹം കൊടുക്കുക. നമ്മുടെ ഉള്ളിലുള്ള ആനന്ദത്തെയും പ്രേമത്തെയും ഉണർത്താനും മറ്റുള്ളവരിൽനിന്ന്‌ സ്നേഹം തിരിച്ചുകിട്ടാനുമുള്ള ഏറ്റവും എളുപ്പമാർഗം അതാണ്‌.

വൈകുന്നേരം ലൈറ്റിട്ടിരിക്കുന്ന ഒരു മുറിയിലേക്ക്‌ നമ്മൾ കടന്നുവരുന്നു എന്നു കരുതുക. മുകളിലുള്ള ബൾബ്‌ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? ഇല്ല. ആ ബൾബിനെക്കുറിച്ച്‌ ഒരു ഓർമപോലും ഇല്ലാതെ എല്ലാവരും ആ വെളിച്ചത്തിൽ അവരവരുടെ കാര്യങ്ങൾ ചെയുന്നു. കറന്റ്‌ പോകുമ്പോൾ മാത്രമാണ്‌ ആളുകൾ ബൾബിനെക്കുറിച്ച്‌ ഓർക്കുന്നത്‌. അപ്പോൾ മാത്രമാണ്‌ അതിന്റെ മൂല്യം അവർ മനസ്സിലാക്കുന്നത്‌. അതുപോലെ നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുമ്പോൾ പലരും അതിന്റെ മൂല്യം തിരിച്ചറിയണമെന്നില്ല. ആ സ്നേഹം തിരികെ കിട്ടണമെന്നുമില്ല. തിരിച്ചു സ്നേഹം പ്രതീക്ഷിച്ചാൽ മിക്കപ്പോഴും ദുഃഖവും നിരാശയുമായിരിക്കും ഫലം. അതുകൊണ്ട്‌ ഒന്നും പ്രതീക്ഷിക്കാതെ വേണം മറ്റുള്ളവരെ നമ്മൾ സ്നേഹിക്കു കയും സേവിക്കുകയും ചെയ്യേണ്ടത്‌. എങ്കിലും സിസ്വാർഥവും സേവനനിരതവുമായ ജീവിതം ആരുനയിച്ചാലും ഇന്നല്ലെങ്കിൽ നാളെ ലോകം അതു തിരിച്ചറിയും. അതിന്റെ മൂല്യം മനസ്സിലാക്കുകയും ചെയ്യും. എത്രയോ പേർക്ക്‌ ആ ജീവിതം പ്രചോദനമേകും. അതിനാൽ സ്നേഹിക്കാനും സേവിക്കാനുമുള്ള മനഃസ്ഥിതിയെ ഒരു നിധിപോലെ നമ്മുടെ ഹൃദയത്തിൽ നമ്മൾ കാത്തു സൂക്ഷിക്കണം. അതിനെക്കാൾ വലിയ ഒന്നും “പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ എന്നെക്കൊണ്ടു സാധിക്കുമോ, അത്ര എളുപ്പമാണോ എന്നൊക്കെ ചിന്തിച്ചു നിരാശരാകരുത്‌. മനുഷ്യരെ മാത്രമല്ല, പക്ഷികളെയും മൃഗങ്ങളെയും പ്രകൃതിയിലുള്ള സകലതിനെയും സ്നേഹിക്കാൻ കൊച്ചുകുട്ടികളായിരുന്നപ്പോൾ നമുക്കു കഴിഞ്ഞിരുന്നു. ആ കഴിവ്‌ ഇപ്പോഴും നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടപ്പുണ്ട്‌. അതിനെ ഉണർത്തിയാൽ മാത്രം മതി. സ്നേഹമെന്താണെന്ന്‌ സ്വയം അനുഭവിച്ചറിയുമ്പോൾ കുഞ്ഞിനെ ലാളിക്കുന്നതുപോലൊരു ഭാവം വരും. സ്നേഹം എല്ലാവർക്കും കൊടുക്കാൻ തോന്നും. കാരുണ്യത്തോടെയുള്ള ഒരു നോട്ടം, ഒരു വാക്ക്‌, ഒരു പ്രവൃത്തി. അതെല്ലാം സ്നേഹമാണ്‌. നമ്മെ ദ്വേഷിക്കുന്നവരുടെ വാക്കുകൾ ക്ഷമയോടെ കേൾക്കുന്നതും തിരിച്ച്‌ അവരെ ദ്വേഷിക്കാതിരിക്കുന്നതും സ്നേഹം തന്നെയാണ്‌.

വലിയ ത്യാഗമൊന്നും ചെയ്യണമെന്ന്‌ അമ്മ പറയുന്നില്ല. ദുഃഖിക്കുന്നവർക്ക്‌ കുറച്ചെങ്കിലും ആശ്വാസം പകരാം, ഒരല്പം സ്നേഹം നൽകാം. എന്തായാലും ഒരു ദിവസം നമ്മുടെ ഈ മനുഷ്യശരീരം നശിക്കും. ഒന്നും ചെയ്യാതെയിരുന്ന്‌ ജീവിതം തീരുന്നതിലും നല്ലത്‌: കുറച്ചെന്തെങ്കിലും മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്നതല്ലേ? തുരുമ്പിച്ചില്ലാതാവുന്നതിലും നല്ലത്‌ തേഞ്ഞില്ലാതാവുന്നതല്ലേ?

ഒരാളുടെ ബാങ്ക്‌ അക്കൗണ്ടിൽ വലിയൊരു സമ്പാദ്യമുണ്ടെങ്കിൽ അപ്രതീക്ഷിതമായി ഒരു സാമ്പത്തികപ്രതിസന്ധിയുണ്ടായാൽപ്പോലും അതിനെ ധൈര്യപൂർവം നേരിടാൻ അയാൾക്കു നിഷ്പ്രയാസം സാധിക്കും. വ്യാപാരത്തിൽ നഷ്ടംനേരിടുകയോ, ജോലിനഷ്ടപ്പെടുകയോ ചെയ്താൽപ്പോലും അയാൾ നിരാശപ്പെടില്ല. ആതുപോലെ നമ്മുടെയുള്ളിലെ സ്നേഹമാകുന്ന സ്വത്തിനെക്കുറിച്ച്‌ നമ്മൾ ബോധവാന്മാരായാൽ ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും ധൈര്യപൂർവം നേരിടാനും സകല പരിമിതികളെയും അതിജീവിക്കാനും നമുക്കു സാധിക്കും.

Content Highlights: weekend

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..