ഉറക്കമില്ലാത്തവന്റെ കഥ - നോവലിൽ ഗുരു കണ്ടത് സ്വന്തം ജീവിതം


ബിമൽ മിത്ര പരിഭാഷ: ഡോ. പി.കെ. രാധാമണി drradhamanipk@gmail.com

സാഹിബ് ബീബി ഓർ ഗുലാം ഗുരുദത്ത്്് സിനിമയാക്കാൻ കാരണം അതിൽ സ്വന്തം ജീവിതം കണ്ടതുകൊണ്ടായിരുന്നു എന്നുപറയുന്നു ബിമൽ മിത്ര. സ്വയം പലതവണ വായിച്ചും പലരെക്കൊണ്ട് വായിപ്പിച്ചുമാണ് പുസ്തകത്തിൽനിന്ന്്് അദ്ദേഹം സിനിമയിലേക്ക്് എത്തിയത്‌. തന്റെ ഹൃദയം മറ്റുള്ളവരുടെ മുന്നിൽ തുറന്നുകാട്ടാനുള്ള ഒരവസരമായി ഗുരു അതിനെ കണ്ടു

അന്ന് ഹോട്ടലിൽനിന്നിറങ്ങി ഞാൻ നേരെ സ്റ്റുഡിയോയിലെത്തിയപ്പോൾ അവിടെ ഉത്സവാന്തരീക്ഷമായിരുന്നു. സാഹിബ് ബീബി ഓർ ഗുലാം സിനിമാഷൂട്ടിങ്‌ ആരംഭിക്കുന്ന ദിവസം. നിറയെ ആളുകൾ. ക്യാമറാമാൻ, ആർട്ട് ഡയറക്ടർ, പ്രൊഡ്യൂസർ എന്നിങ്ങനെ പലരുമുണ്ട്. കഥയിലെ മുഖ്യകഥാപാത്രം ഭൂതനാഥ് മുന്നിൽ. ഞാൻ ഭൂതത്തെ കണ്ടിട്ടെന്നപോലെ രണ്ടടി പിന്നോട്ടുവെച്ചു. പക്ഷേ, അത് ഭൂതനാഥിന്റെ വേഷത്തിൽ ഗുരുദത്തായിരുന്നു. ചിരിച്ചുകൊണ്ട് എന്റടുത്തേക്കു വന്നു. എനിക്കാശ്വാസമായി. ശരിക്കും സിനിമാ ഷൂട്ടിങ്‌ ഇന്നു തുടങ്ങുന്നുണ്ട്.

‘‘ബിമൽ ബാബു, നിങ്ങൾ ഹോട്ടലിൽത്തന്നെ തങ്ങി അല്ലേ?’’ -ഗുരു പരിഭവിച്ചു.
എനിക്കോർമയുണ്ട്. 1961 ജനുവരി ഒന്ന്. സിനിമയുടെ ഷൂട്ടിങ്‌ ആരംഭിക്കുന്ന ശുഭമുഹൂർത്തം. പൂജ രാവിലെത്തന്നെ കഴിഞ്ഞിരുന്നു. പൂജയുടെ പ്രസാദം അസിസ്റ്റന്റ് കൊണ്ടുവന്നുതന്നു. 1940-ൽ ഞാൻ എഴുതാൻ തുടങ്ങിയ നോവലാണ്. 1953-ലാണ് പുസ്തകമായി പുറത്തിറങ്ങിയത്. ഇതിനെ അടിസ്ഥാനമാക്കി ബംഗാളിസിനിമ ഇറങ്ങിയിരുന്നു. ഹിന്ദി, ബംഗാളി ഭാഷകളിൽ സുപരിചിതമായ ഒരു കഥയുടെ ശുഭമുഹൂർത്തം. കഥാനായകൻ ഭൂതനാഥ് എന്റെ കൺമുന്നിൽ. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഈ നോവലിന്റെ പേരിൽ ഞാൻ കേട്ട പഴികൾക്കും പ്രശംസകൾക്കും കൈയുംകണക്കുമില്ല.
അതെല്ലാം പോകട്ടെ. ഞാൻ അദ്ഭുതത്തോടെ വായും പോളിച്ച് ഗുരുദത്തിനെത്തന്നെ നോക്കിക്കൊണ്ടുനിന്നു. ബംഗാളി സിനിമയുടെ ഷൂട്ടിങ്‌ വേളയിൽ സ്റ്റുഡിയോയിലേക്ക് ഞാൻ പോയിട്ടില്ല. അങ്ങോട്ടുചെല്ലണമെന്ന് ഗുരുദത്തിനെപ്പോലെ എന്നോടാരും ആവശ്യപ്പെട്ടിരുന്നുമില്ല. പക്ഷേ, ഇത്തവണ അവിചാരിതമായി ബോംബെയിലെത്തുകയും ഗുരുദത്ത് നിർബന്ധപൂർവം എന്നെ സ്റ്റുഡിയോയിലെത്തിക്കുകയുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയലോകമാണ്. വിശാലമായ ഒരു ഹാളിനകത്ത് ധാരാളം ആളുകൾ. എനിക്കിരിക്കാൻ ഒരു കസേരയിട്ടുതന്നു. ഞാൻ സന്തോഷത്തോടെ അവിടെയിരുന്നു. സുവിനയ് ബാബുവിന്റെ വീടാണ് ചിത്രീകരിക്കുന്നത്. പ്രായംചെന്ന സുവിനയ് ബാബു, ഭൂതനാഥ്, ബ്രജ് രാഖാൽ എന്നിവരാണ് സീനിൽ. ജവായുമുണ്ട്. ജവായുടെ വേഷത്തിൽ വഹീദാ റഹ്മാൻ. വഹീദ ബംഗാളിപ്പെൺകുട്ടിയെപ്പോലെ സാരിയും ബ്ളൗസും ധരിച്ചിരിക്കുന്നു. കൃത്യമായ ബംഗാളിവേഷം. ഉച്ചഭക്ഷണത്തിന് ഞാനും ഗുരുദത്തും ഗീതയും വഹീദയും ഒരുമിച്ചാണിരുന്നത്. ഗുരുദത്തിന്റെ സ്വന്തം മേക്കപ്പ് റൂമിന്റെ അടുത്തുള്ള മുറിയിൽ ഭക്ഷണം വിളമ്പി. ഗീതയെ കണ്ടപ്പോൾ അല്പം ആശ്ചര്യം തോന്നാതിരുന്നില്ല. ഗീത സ്റ്റുഡിയോയിലേക്ക് അപൂർവമായേ വരാറുള്ളൂ.
‘‘ഓ ഗീത!’’-ഞാൻ അദ്ഭുതപ്പെട്ടു.

‘‘ഇന്ന് മുഹൂർത്തമല്ലേ? അതുകൊണ്ട് വന്നതാ’’ -ഗീത മറുപടി പറഞ്ഞു.
‘‘അങ്ങനെയല്ല, ഞാൻ വിളിച്ചുകൊണ്ടുവന്നതാ. വഹീദയ്ക്ക് ബംഗാളിരീതിയിൽ സാരിയുടുക്കാൻ നല്ല വശമില്ല. അതുകൊണ്ട്’’ -ഉരുള വായിൽ വെച്ചുകൊണ്ട് ഗുരു പറഞ്ഞു.
‘‘എങ്ങനെയുണ്ട്?’’ -വഹീദ ചോദിച്ചു
‘‘വളരെ നന്നായിരിക്കുന്നു’’-ഞാൻ അഭിനന്ദിച്ചു.
‘‘ശരിക്കും ബംഗാളിപ്പെൺകുട്ടിയെപ്പോലെയുണ്ടോ?’’
‘‘നൂറു ശതമാനം.’’

എനിക്ക് കുറച്ചു മാസങ്ങൾക്കുമുമ്പത്തെ സംഭവം ഓർമവന്നു. ഈ വഹീദയ്ക്ക് ജവായുടെ വേഷം കൊടുക്കരുതെന്ന് ഗീത എന്നോടാവശ്യപ്പെട്ടിരുന്നു. ഞാനും സംശയത്തിലായിരുന്നു. പക്ഷേ, അന്ന് അവരെ രണ്ടുപേരെയും ഒരുമിച്ചുകണ്ടപ്പോൾ എനിക്ക് സന്തോഷമായി. ഗീതയുടെ മുഖം പ്രസന്നമായിരുന്നു. രണ്ടുപേരും സൗഹൃദത്തിലാണെന്നും ഞാൻ മനസ്സിലാക്കി. രണ്ടുപേരും പരസ്പരം ‘ഗീതാജി’ എന്നും ‘വഹീദാജി’ എന്നുമാണ് സംബോധന ചെയ്തത്. രണ്ടുപേരും സംസാരിക്കുന്നതുകണ്ടപ്പോൾ ഒരേ കുടുംബത്തിലെ സഹോദരിമാരാണെന്നു തോന്നി.
‘‘വഹീദയെ എനിക്ക്‌ വിശ്വാസമാണ്’’ -ഗീത പറഞ്ഞു.
മനുഷ്യസ്വഭാവത്തെ അടിസ്ഥാനമാക്കി ഞാൻ അനേകം കഥകളും നോവലുകളും എഴുതിയിട്ടുണ്ട്. സ്ത്രീസ്വഭാവ നിരൂപണത്തിന്റെപേരിൽ എനിക്ക് അസംഖ്യം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പഴികേൾക്കണ്ടതായും വന്നു. സത്യം പറയാമല്ലോ, മനുഷ്യകഥാപാത്രങ്ങളുമായി അടുപ്പമുണ്ടാകുന്നതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ. സ്ത്രീയായാലും പുരുഷനായാലും മനുഷ്യരാണ് എന്നെ ആകർഷിക്കുന്നത്. സമുദ്രം, പർവതങ്ങൾ, നദികൾ എന്നിവയെല്ലാം മനുഷ്യരെ ആകർഷിക്കുന്നതുപോലെ എന്നെ ആകർഷിക്കുന്നത് മനുഷ്യകഥാപാത്രങ്ങളാണ്. മനുഷ്യരുടെ വിചിത്രസ്വഭാവങ്ങളാണ് എന്നെ കൂടുതൽ ആകർഷിക്കുന്നത്. മനുഷ്യന്റെ സഹജസ്വഭാവങ്ങളോടെയുള്ള ഒരാളെ കിട്ടിയാൽപ്പിന്നെ ഘടികാരത്തിന്റെ സൂചികളിലേക്ക് എന്റെ കണ്ണോടുകയില്ല. അപ്പോൾ ഞാൻ മറ്റെല്ലാം മറക്കും. അയാൾ മഹാനോ പ്രശസ്തനോ പണ്ഡിതനോ അല്ലായിരിക്കാം. പാവപ്പെട്ടവനോ കള്ളനോ പിടിച്ചുപറിക്കാരനോ നുണയനോ ആകാം. പക്ഷേ, മനുഷ്യനെ മനുഷ്യനെന്നനിലയ്ക്ക് വിശകലനം ചെയ്യുന്നതാണ് എനിക്കിഷ്ടം. മനുഷ്യന്റെ ഗുണ-ദോഷങ്ങളും നന്മ-തിന്മകളും തെറ്റുകുറ്റങ്ങളും മഹത്ത്വവും ദുഷ്ടതയും എല്ലാം എനിക്കു വേണ്ടതുതന്നെ. അതിന്റെ വിശകലനത്തിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു.
ഭക്ഷണത്തിനുശേഷം ഷൂട്ടിങ്ങിനുള്ള മണിമുഴങ്ങി. ഗുരുവും വഹീദയും സ്റ്റുഡിയോയിലേക്ക് പോയി. ഞാനും ഗീതയും തനിച്ചായി.
‘‘ഷൂട്ടിങ്‌ എങ്ങനെയുണ്ട് ?’’-ഞാൻ ചോദിച്ചു
‘‘നന്നായിട്ടുണ്ട്. മുമ്പ് ഈ സിനിമ എടുക്കേണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു.’’
‘‘എന്തുകൊണ്ട്?’’
‘‘കാരണം, അത് ഞങ്ങളുടെ ജീവിതകഥയാണെന്നു തോന്നി.’’
എനിക്കതിശയം തോന്നി. ‘‘അങ്ങനെ പറയാൻ കാരണം?’’

‘‘അദ്ദേഹത്തോടും ഞാൻ ഇങ്ങനെത്തന്നെയാണ് പറഞ്ഞത്. എന്തിനാണ് ഈ സിനിമ എടുക്കുന്നതെന്നും ചോദിച്ചിരുന്നു. ഞാൻ മാത്രമല്ല, പലരും അദ്ദേഹത്തെ വിലക്കിയിരുന്നു.’’
സെറ്റിലിരുന്ന് ഷൂട്ടിങ്‌ കണ്ടപ്പോൾ വഹീദയിൽ ഞാൻ ജവായെ മാത്രമേ കണ്ടിരുന്നുള്ളൂ. അവളെന്റെ കഥാപാത്രമായ ബംഗാളിപ്പെൺകുട്ടി. ഇപ്പോൾ ഞാൻ കേൾക്കുന്നത് വഹീദയെക്കുറിച്ചാണ്. ബംഗാളിയല്ലാത്ത മുസ്‌ലിംവനിത. പക്ഷേ, സിനിമയ്ക്കു പുറത്തും അവളൊരു ബംഗാളിസ്ത്രീയാണെന്നാണ് എനിക്കു തോന്നിയത്. സെറ്റിലുടുത്ത അതേ സാരി തന്നെയായിരുന്നു ഷൂട്ടിങ്ങില്ലാത്തപ്പോഴും അവളുടുത്തത്. ഹിന്ദിയിലാണ് സംസാരിച്ചതെങ്കിലും അവൾ തികച്ചും ഒരു ബംഗാളിസ്ത്രീയായിരുന്നു. അവളിലെ രണ്ടുസ്ത്രീകളെയും ഞാൻ കണ്ടു. വഹീദയെക്കുറിച്ച് ഗുരു എന്നോട് പലതും പറഞ്ഞിട്ടുണ്ട്. അവളെ അഭിനയം പഠിപ്പിച്ചത്, സിനിമയിൽ അഭിനയിപ്പിക്കാനായി സഹിച്ച പ്രയാസങ്ങൾ, ആരാലും അറിയപ്പെടാത്ത ഒരു പെൺകുട്ടിയെ ഹൈദരാബാദിൽ ചെന്ന് സിനിമയിലേക്കു കൂട്ടിക്കൊണ്ടുവന്ന് വിജയത്തിന്റെ കൊടുമുടിയിലെത്തിച്ചത്...
ആ പെൺകുട്ടി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയെന്നു മാത്രമല്ല, ഗുരുവിന്റെ കുടുംബമായും വളരെ അടുപ്പത്തിലായി. ഷൂട്ടിങ്‌ ഇല്ലാത്ത സമയത്തും അവൾ സ്റ്റുഡിയോയിലേക്കു വരാറുണ്ടായിരുന്നു. ഗുരുവിന്റെ കമ്പനിയിലെ സ്ഥിരം ആർട്ടിസ്റ്റായിരുന്നു അവൾ. സിനിമ ആവശ്യപ്പെടുന്ന സാന്നിധ്യമായിരുന്നു അവളുടേത്. വഹീദയ്ക്ക് കമ്പനിയിൽനിന്ന് നേട്ടമുണ്ടായതുപോലെ കമ്പനിക്കും അവളെക്കൊണ്ട് നേട്ടമുണ്ടായി. കമ്പനിയും വഹീദയും പരസ്പരം ഒഴിച്ചുകൂടാനാവാത്ത തരത്തിൽ ബന്ധപ്പെട്ടിരുന്നു. സുഖ-ദുഃഖങ്ങളിലും അവർ പങ്കാളികളായി. കമ്പനി നിർമിച്ച സിനിമകളിലെല്ലാം വഹീദയായിരുന്നു നായിക. കമ്പനിക്ക്‌ പ്രശസ്തി നേടിക്കൊടുത്തതോടൊപ്പം വഹീദയുടെ താരത്തിളക്കവും വർധിച്ചു. പക്ഷേ, എല്ലാവരുടെയും കൺമുന്നിൽവെച്ച് ഗുരുദത്തിന്റെ കുടുംബത്തിലേക്ക് അശാന്തിയുടെ വിത്തുവീണത് ആരുമറിഞ്ഞില്ല. എല്ലാവരും മനസ്സിലാക്കിയപ്പോഴേക്ക് ആ വിത്ത് മുളച്ചുകഴിഞ്ഞിരുന്നു. ആരുമറിയാതെ അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരുന്നു. അത് എല്ലാവരെയും വിഷമിപ്പിക്കാൻ തുടങ്ങിയിരുന്നു.

ഈ ചുറ്റുപാടിലാണ് സാഹിബ് ബീബി ഓർ ഗുലാം സിനിമയുടെ ഷൂട്ടിങ്‌ ആരംഭിക്കുന്നത്. പുസ്തകത്തിലെ ട്രാജഡി ഗുരുവിന്റെ ജീവിതത്തിലും വേരോടാൻ തുടങ്ങിയ കാലത്താണ് കൽക്കത്തയിൽനിന്ന് ഗുരു പുസ്തകം വാങ്ങിപ്പിച്ചത്. ബംഗാളി വായിക്കാൻ അയാൾക്ക് പ്രയാസമുണ്ടായിരുന്നില്ല. പുസ്തകം ഇഷ്ടപ്പെട്ടതുകൊണ്ട് ഒരിക്കൽക്കൂടി വായിച്ചു. അപ്പോൾ കുറച്ചുകൂടി ഇഷ്ടമായി. അങ്ങനെ ആകെ അഞ്ചുതവണ വായിച്ചു. എന്നിട്ടാണ് എന്നെ ബോംബെയ്ക്ക്‌ വിളിപ്പിച്ചത്.
ഇതെല്ലാം കുറെ മുമ്പുനടന്ന സംഭവങ്ങളാണ്. എന്നിട്ടും സംശയം തീർന്നില്ല. പലരെയും ആ കഥ കേൾപ്പിച്ചു. പലരെക്കൊണ്ടും പുസ്തകം വായിപ്പിച്ചു. ചിലർ നല്ല അഭിപ്രായം പറഞ്ഞു. മറ്റു ചിലരാകട്ടെ ഈ പുസ്തകം സിനിമയാക്കണ്ട എന്നുതന്നെ പറഞ്ഞു. ഗുരു പലതവണ ആലോചിച്ചു- വേണ്ട, ഇത് സിനിമയാക്കണ്ട. ആ സമയത്താണ് കുടുംബാന്തരീക്ഷത്തിൽ അസ്വസ്ഥതകൾ വീണ്ടും തലപൊക്കാൻ തുടങ്ങിയത്. ഗുരുവിന്റെ രാത്രികൾ ഉറക്കമില്ലാത്തവയായി. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കായി. ദാമ്പത്യകലഹമില്ലാത്ത വീടുണ്ടാകുമോ? ഗീത പിണങ്ങി സ്വന്തം വീട്ടിലേക്കുപോയി. മകനെ ഡാർജിലിങ്ങിലെ സ്കൂളിലേക്കയച്ചു. പാലി ഹില്ലിലെ ആ സുന്ദരഭവനം ദാമ്പത്യകലഹംകാരണം ശ്മശാനമൂകമായി. അക്കാലത്താണ് തന്റെ അസ്വസ്ഥതകൾ മറക്കാനും ജീവിതം അശാന്തമാക്കുന്ന സംഘർഷങ്ങളൊഴിവാക്കാനുമായി ഗുരു സാഹിബ് ബീബി ഓർ ഗുലാമിനെ മുറുകെപ്പിടിച്ചത്. പകൽ മുഴുവൻ സ്റ്റുഡിയോയിലെ തിരക്കുകൾകഴിഞ്ഞ് രാത്രി വീട്ടിൽ തിരിച്ചെത്തുമ്പോൾ ശൂന്യമായ ഒരു കിടപ്പുമുറി ഗുരുവിനെ വിഷമിപ്പിച്ചു. സാഹിബ് ബീബി ഓർ ഗുലാം സിനിമയാക്കുകതന്നെ എന്നയാൾ തീരുമാനിച്ചു. തന്റെ ഹൃദയം മറ്റുള്ളവരുടെ മുന്നിൽ തുറന്നുകാട്ടാനുള്ള ഒരവസരമായി ഗുരു അതിനെ കണ്ടു. സ്വയം തുറന്നുകാണിച്ച് മനസ്സിന്റെ ഭാരം കുറയ്ക്കാം. ഇതുകൊണ്ടാവാം, ഞാൻ ബോംബെയിലെത്തുമ്പോഴെല്ലാം ഗുരു സന്തുഷ്ടനായി കാണപ്പെട്ടത്, എന്നോട് സംസാരിക്കുമ്പോൾ അയാൾക്ക് ആശ്വാസം തോന്നിയത്. എന്റെ കഥയിലൂടെ അയാൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടെന്നു തോന്നി. അശാന്തമായ ആ മനസ്സിൽ തീയാളുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ഈ തീ കെടുത്താൻ അയാൾ പലരീതിയിലും പരിശ്രമിച്ചു. അയാൾക്ക് തന്റെ അശാന്തമായ മനസ്സിന്റെ ആകുലതകളിൽനിന്ന് മോചനം വേണമായിരുന്നു. ചൗദഹ്‌വീം കാ ചാന്ദ് സിനിമയിൽനിന്ന് ഗുരുവിന് ധാരാളം പണംകിട്ടി. പണം കൈയിലെത്തിയപ്പോൾ സാഹിബ് ബീബി ഓർ ഗുലാം സിനിമയെടുക്കാൻ പ്രയാസങ്ങളില്ലാതായി. അതിൽ നഷ്ടംവന്നാലും പേടിക്കാനില്ലെന്ന അവസ്ഥയായി. അങ്ങനെയാണ് സിനിമയുടെ ഷൂട്ടിങ്‌ തുടങ്ങിയത്. ഇതാണ് ഗുരുദത്ത് എന്റെ നോവൽ സിനിമയാക്കിയതിന്റെ പശ്ചാത്തലം. അങ്ങനെ 1961 ജനുവരി ഒന്നിന് ഷൂട്ടിങ്‌ തുടങ്ങി. ഗീതയും വഹീദയും സൗഹൃദത്തിലാണെന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു. ഗുരുവും ഏറെ ശാന്തനായി കാണപ്പെട്ടു.
(തുടരും)

Content Highlights: weekend

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..