മുണ്ടശ്ശേരിയുടെ കേട്ടെഴുത്തുകാരൻ (ഒരു മകന്റെ ഓർമ)


നീലൻ neelan.premji01@gmail.com

കേട്ടെഴുതിയും പ്രൂഫ് നോക്കിയും ജീവിച്ച മഹാനായ ഒരച്ഛനെക്കുറിച്ചുള്ള മകന്റെ ഓർമയാണിത്‌. കേട്ടെഴുതാൻ അച്ഛന് പറഞ്ഞുകൊടുക്കുന്നയാൾ ഉന്നതശീർഷൻ: ജോസഫ്‌ മുണ്ടശ്ശേരി. പിന്നീട് ആ ജോലി തന്നിലേക്കും എത്തിയപ്പോൾ കാലത്തിന്റെ ചക്രം ഒരു കറക്കം പൂർത്തിയാക്കുകയായിരുന്നു

ഓരോ ചിത്രവും ഓരോ ഓർമയാണ്. ഒരുപാട് ഓർമച്ചിത്രങ്ങൾ സമ്മാനിച്ച സുഹൃത്താണ് പുനലൂർ രാജൻ. പക്ഷേ, അടുത്ത സുഹൃത്തായിരുന്നിട്ടും രാജന്റെ ചിത്രം ഇപ്പോൾ മനസ്സിലില്ല. ഫോട്ടോ എടുത്തെടുത്ത് എന്റെ മുഖം തേഞ്ഞുപോയെന്ന്‌ വൈക്കം മുഹമ്മദ് ബഷീർ. അതുപോലെ ഫോട്ടോ എടുത്തെടുത്ത് രാജന്റെ മുഖവും മാഞ്ഞുപോയി. ഫോട്ടോഗ്രാഫർ ഫോട്ടോയ്ക്കുപിന്നിൽ മറഞ്ഞുപോകുന്നു. ഓരോ തൊഴിൽവിധികൾ!
രാജൻ എടുത്ത എന്റെ മുന്നിലിരിക്കുന്ന ഈ ചിത്രം ഒരുപാടുവർഷം പിറകോട്ട് മനസ്സിനെ കൊണ്ടുപോകുന്നു, 60-65 വർഷം പിറകോട്ട്. ചിത്രത്തിലെ ഒരാൾ എന്റെ അച്ഛനാണ്. സിനിമാനടനായിട്ടേ പലരും ഇന്ന്‌ അച്ഛനെയറിയൂ, എങ്കിലും അച്ഛൻ ഒരെഴുത്തുകാരനായിരുന്നു. കൂടെയുള്ളത് കേരളത്തിലെ ആദ്യത്തെ, ഇ.എം.എസ്. മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയും കൊച്ചി സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറും സാഹിത്യനിരൂപകനും മറ്റുമായ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി. രണ്ടുപേരും എഴുത്തുകാരാണ്. എങ്കിലും ഇവരുടെ എഴുത്ത്‌ വ്യത്യസ്തപ്പെട്ടിരുന്നു. അച്ഛൻ സ്വയമെഴുതും. മുണ്ടശ്ശേരി സ്വയം എഴുതില്ല. എഴുതാനുള്ളത്‌ പറഞ്ഞുകൊടുക്കുകയേയുള്ളൂ. അതാരെങ്കിലും കേട്ടെഴുതണം. മുണ്ടശ്ശേരിയുടെ കേട്ടെഴുത്തുകാരനായിരുന്നു അച്ഛൻ. രണ്ടുപേരും തൃശ്ശൂർ മംഗളോദയം പ്രസിലായിരുന്നു. അച്ഛൻ അവിടെ പ്രൂഫ് റീഡർ. മുണ്ടശ്ശേരി ‘മംഗളോദയം’ മാസികയുടെ പത്രാധിപരും.
അച്ഛന്റെ ഈ കേട്ടെഴുത്ത് മംഗളോദയത്തിൽ തീരില്ല. മുണ്ടശ്ശേരി അന്ന് തൃശ്ശൂരിൽനിന്ന് ഇറങ്ങിയിരുന്ന ‘നവജീവൻ’ എന്ന കമ്യൂണിസ്റ്റ് പത്രത്തിന്റെ എഡിറ്റർകൂടിയായിരുന്നു. വൈകീട്ട് നവജീവനുവേണം മുഖപ്രസംഗം. മംഗളോദയത്തിലെ പണികഴിഞ്ഞ് രണ്ടുപേരുംകൂടി നടന്ന് നവജീവനിലേക്ക്. അവിടെ മുഖപ്രസംഗം എഴുതിക്കൊടുത്തശേഷമാണ് വീട്ടിലേക്കുള്ള നടപ്പ്. അച്ഛൻ എന്നുംവൈകും വരാൻ. ഈ എഴുത്തുപണിക്ക് ആരും പ്രത്യേക കൂലിയൊന്നും കൊടുത്തിരുന്നില്ല. അതുകൊണ്ട് അച്ഛൻ മറ്റുപ്രസുകളിൽനിന്ന് പ്രൂഫ് വരുത്തി വായിച്ചുകിട്ടുന്ന അധികവരുമാനംകൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. രാത്രി ഞങ്ങൾ കിടക്കുമ്പോഴും അച്ഛൻ പ്രൂഫ് വായനയിലായിരിക്കും. രാവിലെ എഴുന്നേറ്റുവരുമ്പോഴും അതേ. ആ മനുഷ്യൻ ഉറങ്ങാറുണ്ടോ എന്നറിയില്ല. അത്രയ്ക്ക് ക്ലേശിച്ചു അന്നൊക്കെ ജീവിക്കാൻ. ഇതെല്ലാംകഴിഞ്ഞാലും പിന്നെയും കടം ബാക്കിയാവും. വല്ലപ്പോഴും കിട്ടുന്ന സിനിമയുടെ വരുമാനം കൊണ്ടുവേണം കടം വർഷാവസാനത്തിൽ കൊടുത്തുതീർക്കാൻ.

തീർന്നില്ല, എഴുത്തുപണിയുടെ കഥ. ഞായറാഴ്ചകളിൽ മുണ്ടശ്ശേരി രാവിലെ എന്റെ വീട്ടിലെത്തും. അവിടെയിരുന്നാണ് അദ്ദേഹത്തിന്റെ ബാക്കി എഴുത്ത്. മുണ്ടശ്ശേരി ചാരുകസേരയിൽ കിടന്നുപറയും. അച്ഛൻ കസേരയിൽ അടുത്തിരുന്ന് തിണ്ണയിൽവെച്ച് എഴുതും. ഏതാണ്ട് ഉച്ചവരെ ഇതുതുടരും. മുറുക്കിത്തുപ്പാൻപോലും ആ മനുഷ്യൻ ചാരുകസേരയിൽനിന്ന് എഴുന്നേൽക്കില്ല. മുറുക്കാൻ കൈയിലേക്ക്‌ തുപ്പി പുറത്തുകളഞ്ഞ് അരികിലിരിക്കുന്ന കിണ്ടിയിലെ വെള്ളംകൊണ്ട് കൈ കഴുകും. പിന്നെ വെള്ളം വായിലൊഴിച്ച്‌ പുറത്തേക്ക് നീട്ടിത്തുപ്പും. ഒരിടത്തും ഒന്നിനും തലകുനിക്കാത്ത ഒരു മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല. മുറുക്കാൻ തുപ്പാൻപോലും തല കുനിക്കില്ല. തല ഉയർത്തിപ്പിടിച്ചുണ്ട് ഒരു നടത്തം, കാണേണ്ടതുതന്നെയാണത്.

മുണ്ടശ്ശേരി വീട്ടിൽവന്നാൽ അമ്മ ഒരു ഗ്ലാസ് ചായ കൊടുക്കും. മിണ്ടുകപോലുമില്ല. അച്ഛനെ മുണ്ടശ്ശേരി മാഷ് (അദ്ദേഹം കുറെക്കാലം തൃശ്ശൂർ സെയ്‌ന്റ്‌ തോമസ്‌ കോളേജിൽ അധ്യാപകനുമായിരുന്നു. മലയാളം പ്രൊഫസർ). ചൂഷണം ചെയ്യുകയാണെന്നായിരുന്നു അമ്മയുടെ പക്ഷം. ഒരർഥത്തിൽ അതുശരിയായിരുന്നു താനും. എഴുത്തുകഴിഞ്ഞ് മടങ്ങുംമുമ്പ് മാഷ് അടുക്കളയിലെത്തും. അമ്മയും മാഷും ഒരേ നാട്ടുകാരാണ്. തൃശ്ശൂർ അന്തിക്കാട്ടുകാർ. പോരാത്തതിന് എന്റെ അമ്മാവൻ മാഷുടെ ക്ലാസ്‌മേറ്റുമാണ്. ‘‘എടോ ഒരു ചായയിൽ തീരുന്നതാണെടോ നമ്മളുതമ്മിലുള്ള ബന്ധം’’ എന്നുചോദിച്ചാവും മാഷുടെ വരവ്. ‘‘മാഷേ, എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട’’ അടുപ്പിൽ തീ ഊതിത്തളർന്ന മുഖവുമായി തിരിഞ്ഞുനോക്കാതെ അമ്മ വിളിച്ചുപറയും. ‘ഹാ, ഹാ, ഹാ’ എന്ന്‌ ഉറക്കെ ചിരിച്ച് മാഷ് അടുക്കളയിൽനിന്ന് വിരമിക്കും.
പക്ഷേ, അമ്മയുടെ പരാതിക്ക് വളരെക്കഴിഞ്ഞ് മാഷ് പ്രതികാരം ചെയ്യുകതന്നെ ചെയ്തു. അച്ഛനെപ്പോലെ ഞാനും പ്രൂഫ് റീഡറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്‌, തൃശ്ശൂർ എക്സ്പ്രസ് പത്രത്തിൽ. എന്റെ അനിയനും പഠിപ്പുകഴിഞ്ഞപ്പോൾ പ്രൂഫ് റീഡിങ് തുടങ്ങി -തൃശ്ശൂർ ഗീതാ പ്രസിൽ. വീട്ടിലെല്ലാവരും അങ്ങനെ പ്രൂഫ് റീഡർമാരായിത്തീരുംമുമ്പേ മുണ്ടശ്ശേരി കൊച്ചി സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറായിക്കഴിഞ്ഞിരുന്നു. അച്ഛനോ മറ്റാരോ പറയാതെതന്നെ മാഷ് എന്റെ അനിയന് അവിടെ ഒരു ജോലി തരാക്കിക്കൊടുത്തു. സർവകലാശാലയുടെ ഡെപ്യൂട്ടി രജിസ്‌ട്രാറായാണ് അയാൾ ഒടുവിൽ റിട്ടയർചെയ്തത്.
സർവകലാശാലാപണിയൊക്കെ കഴിഞ്ഞ് മാഷ് ഇരിങ്ങാലക്കുടയിൽ നിന്ന് സി.ആർ. കേശവൻ വൈദ്യർ ഇറക്കിയിരുന്ന ‘വിവേകോദയം’ മാസികയുടെ പത്രാധിപരായി. മാസത്തിൽ ഒരു മുഖപ്രസംഗം എഴുതിക്കൊടുക്കണം. അച്ഛന്റെ അടുത്തുവരാൻ മാഷ്‌ക്കോ അങ്ങോട്ടുപോകാൻ അച്ഛനോ വയ്യാതായി. അപ്പോൾ ആ പണി എന്റേതായി. മാസത്തിലൊരിക്കൽ സൈക്കിളിൽ ഞാൻ തൃശ്ശൂർ കിഴക്കുംപാട്ടുകരയിലുള്ള മാഷുടെ വീട്ടിലെത്തും. മാഷ് കാത്തിരിക്കുന്നുണ്ടാവും. മാഷ് പറയും ഞാനെഴുതും. എഴുതിത്തീർന്നാൽ വായിച്ചുകേൾക്കണം. അതുകഴിഞ്ഞാൽ മാഷ് ഒരു കവർ തരും. അഡ്രസ് പറഞ്ഞുതരും, ‘‘താൻ പോണ വഴിക്ക് ഇതു പെട്ടിയിലിട്ടേക്കാ’’. ഞാൻ മടങ്ങും. പിന്നെ മാഷ്‌ക്ക് അതും വയ്യാതായി. ഞാൻ അങ്ങോട്ടുപോകാതെയുമായി.

മാഷ് മരിക്കുമ്പോൾ അച്ഛൻ നാട്ടിലില്ലായിരുന്നു. മുംബെയിൽ എന്റെ അനിയത്തിയുടെ കൂടെയായിരുന്നു അച്ഛനും അമ്മയും. വിവരമറിഞ്ഞപ്പോൾ അമ്മയ്ക്ക് കൂസലൊന്നും ഉണ്ടായിക്കാണില്ല. പക്ഷേ, അച്ഛൻ കരഞ്ഞിരിക്കും; അമ്മപോലും കാണാതെ, അറിയാതെ, സ്വകാര്യമായി. തീർച്ച.

Content Highlights: weekend

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..