പുതിയ ഇന്ത്യയെ കണ്ടെത്തലാവും


By അമിതാഭ് കാന്ത്/മനോജ് മേനോൻ menonmanoj47@gmail.com

8 min read
Read later
Print
Share

അമിതാഭ് കാന്ത്്് എന്ന കളക്ടറെ കേരളം മറന്നിട്ടില്ല. കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന്്് പേരിട്ടുവിളിച്ചത് ഈ വാരാണസിക്കാരനാണ്. ഔദ്യോഗിക ഉയർച്ചകളുടെ പലപല മേഖലകളിലൂടെ കടന്നുപോയി അമിതാഭ് കാന്ത്്് ഇപ്പോൾ എത്തിനിൽക്കുന്നത് ജി-20 രാജ്യാന്തര കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപ്പ (പ്രത്യേക പ്രതിനിധി) എന്ന സവിശേഷപദവിയിലാണ്. യോഗങ്ങളിൽനിന്ന്‌ യോഗങ്ങളിലേക്ക് പറക്കുന്നതിനിടയിൽ നൽകിയ ഈ അഭിമുഖത്തിൽ ജി-20യെക്കുറിച്ചും അതിൽ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചും കേരളത്തിന്റെ അവസരങ്ങളെക്കുറിച്ചുമാണ് അദ്ദേഹം സംസാരിക്കുന്നത്

.

ഈവർഷം ഇന്ത്യയാണ് ജി-20 രാജ്യാന്തര കൂട്ടായ്മയുടെ അധ്യക്ഷൻ. ഈ കാലയളവിൽ ഇന്ത്യ ലക്ഷ്യമിടുന്നതെന്തൊക്കെയാണ്

= ആഗോളതലത്തിൽ വിവിധതരത്തിലുള്ള വെല്ലുവിളികൾ ഉയരുന്നതിനിടയിലാണ് ജി-20 അധ്യക്ഷപദം ഇന്ത്യ ഏറ്റെടുക്കുന്നത്. കോവിഡ്-19 മഹാവ്യാധി ഉയർത്തുന്ന തൊഴിൽനഷ്ടമുൾപ്പെടെയുള്ള വെല്ലുവിളികൾ, അതിനൊപ്പം വിതരണശൃംഖലയുടെ തകർച്ചകാരണം ജനങ്ങൾ കടുത്തദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യം തുടങ്ങിയവയാണ് സങ്കീർണമായ ഈ വെല്ലുവിളികളിൽ ചിലത്. അതുപോലെത്തന്നെ ആഗോള കടഭാരത്തിന്റെ പ്രതിസന്ധി, ഭക്ഷ്യസുരക്ഷയും ഊർജസുരക്ഷയും നേരിടുന്ന പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ ഘടകങ്ങളും വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. എന്നാൽ, ഇന്ത്യ ജി-20 അധ്യക്ഷപദത്തെ ഒരു അവസരമായാണ് കണക്കാക്കുന്നത്. ഒരു നേതാവിന്റെയോ ഫെസിലിറ്റേറ്ററുടെയോ സമവായസൃഷ്ടികർത്താവിന്റെയോ റോൾ വഹിച്ച് ഈ സങ്കീർണമായ വെല്ലുവിളികളെ ഒരു അവസരമായി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ, ഇന്ന് ലോകംനേരിടുന്ന ബൃഹത്തായ വെല്ലുവിളികൾക്ക് കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ പരിഹാരം കാണാൻ കഴിയൂ. അതിനാൽ ‘our first concern should be towards those whose need is greatest.’ ഇന്ത്യയുടെ അധ്യക്ഷപദം രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കുവേണ്ടിയായിരിക്കും. ഒരുമിച്ചുള്ള നിലനിൽപ്പിനുവേണ്ടിയായിരിക്കും ഇന്ത്യ വാദിക്കുക. കേവലം ജി-20 അംഗരാജ്യങ്ങൾക്കുവേണ്ടി മാത്രമായിരിക്കില്ല, ശബ്ദം പലപ്പോഴും കേൾക്കാതെപോകുന്ന ഗ്ലോബൽ സൗത്തിനുവേണ്ടി കൂടിയായിരിക്കും നമ്മുടെ മുൻഗണനകൾ. നിർണായകമായ ആഗോള പ്രശ്നങ്ങളിൽ ലോകത്തിന് ഗുണംലഭിക്കുന്ന തരത്തിലുള്ള പുതിയസമീപനങ്ങൾ നമ്മൾ സൃഷ്ടിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്നതരത്തിലുള്ള ഭാവിക്ക് രൂപംനൽകുകയും ഇന്ത്യയുടെ അനുഭവങ്ങൾ ലോകത്തിന് പ്രയോജനകരമാകുന്ന തരത്തിൽ പങ്കിടുകയും ചെയ്യും.

ജി-20 അധ്യക്ഷപദത്തിൽ ഇന്ത്യയുടെ തയ്യാറെടുപ്പുകളെന്തൊക്കെയാണ് ? അതിൽ ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെ

= ഒരു ദൗത്യത്തി(mission)ന്റെ മാതൃകയിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ആദ്യത്തെ ഷെർപ്പതല യോഗം രാജസ്ഥാനിലെ ഉദയ്പുരിൽ നടന്നുകഴിഞ്ഞു. ഷെർപ്പതല യോഗത്തിൽ ഒട്ടേറെ വർക്കിങ്‌ ഗ്രൂപ്പ് യോഗങ്ങളും ചേർന്നു. ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന ഫീഡ്ബാക്കുകളെല്ലാം വളരെ പോസിറ്റീവാണ്. സബ്സ്റ്റാന്റീവ് അതുപോലെ ലോജിസ്റ്റിക്സ് എന്നീ രണ്ടുതലങ്ങളിലും വീഴ്ചകളില്ലാത്ത തരത്തിലുള്ള സംഘാടനത്തിനാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ അധ്യക്ഷപദം സമ്പൂർണമായി ഒരു സർക്കാർസമീപനമാണ്. ഇന്ത്യയുടെ സമീപനങ്ങൾ വിവിധ വർക്കിങ്‌ ഗ്രൂപ്പുകളിലൂടെ നമ്മുടെ മന്ത്രാലയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു. രാജ്യത്തെ പൗരസമൂഹം, വ്യവസായം, അക്കാദമിക് ലോകം തുടങ്ങിയവയെ എൻഗേജ്‌മെന്റ് ഗ്രൂപ്പുകൾ മുന്നോട്ടുകൊണ്ടുപോകുന്നു. ആത്യന്തികമായി ഇതെല്ലാം, ധനകാര്യ വിഷയം ഉൾപ്പെടെ, ഷെർപ്പതലത്തിൽ കൈകാര്യംചെയ്യും. യോഗങ്ങൾ ഡൽഹിയിൽ മാത്രമല്ല, രാജ്യവ്യാപകമായി സംഘടിപ്പിക്കും. 56 കേന്ദ്രങ്ങളിൽ 200 യോഗങ്ങൾ നടത്താനാണ് തീരുമാനം. ഇന്ത്യയെ കണ്ടെത്താൻ ലോകത്തിനുള്ള മഹത്തായ അവസരമായി ജി-20 യോഗങ്ങൾ മാറും. അതുപോലെ ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് അവരുടെ കലകളും കരകൗശലങ്ങളും ലോകത്തെ പരിചയപ്പെടുത്താനുള്ള അവസരമാകും. അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാനും സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളെ ടൂറിസം ഹബ്ബുകളായി വളർത്താനുമുള്ള അവസരമായി ഇത് മാറും. പ്രധാന വിഷയങ്ങളായ ധനകാര്യം, കാലാവസ്ഥയുമായി ബന്ധപ്പെട്ട നടപടികൾക്കുള്ള സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ (sustainable development goals അഥവാ SDG)ക്കായുള്ള കൂട്ടായ നടപടികൾ, വായ്പാസുസ്ഥിരത, ഡിജിറ്റൽ പബ്ലിക് ഗുഡ്‌സ്, വികസനത്തിനുള്ള ഡേറ്റ, ഊർജരംഗത്തെ പരിണാമങ്ങൾ, ബഹുതല സംവിധാനങ്ങളിലെ പരിഷ്കാരങ്ങൾ തുടങ്ങിയ സങ്കീർണവിഷയങ്ങളിൽ സമവായമുണ്ടാക്കുകയാണ് നമുക്കുമുന്നിലെ പ്രധാന വെല്ലുവിളികൾ.

താങ്കളുടെ നേതൃത്വത്തിലാണ് പ്രഥമ ഷെർപ്പതല യോഗങ്ങൾ ഉദയ്‌പുരിൽ പൂർത്തിയായത്. എന്തൊക്കെയാണ് ഈ യോഗങ്ങളിലെ പ്രധാന തീരുമാനങ്ങൾ

=ആദ്യത്തെ ഷെർപ്പതല യോഗത്തിൽത്തന്നെ ഇന്ത്യ മുന്നോട്ടുവെച്ച മുൻഗണനകൾക്ക് ജി-20 രാജ്യങ്ങൾ വിശാലമായ പിന്തുണനൽകി. ബാലിയിലെ ഉച്ചകോടിയിൽ നേതൃതല പ്രഖ്യാപനങ്ങളിൽ രൂപപ്പെട്ട സമവായത്തെ മിക്കരാജ്യങ്ങളും അഭിനന്ദിച്ചു. ഈ നേട്ടം നിലനിർത്താൻ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഉദയ്‌പുർ യോഗങ്ങളിൽ നിർദേശിച്ചു. ബാലിയിലെ ഉച്ചകോടിയുടെ താത്‌പര്യങ്ങളോട് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലിംഗസമത്വ വിഷയം ജി-20 ചർച്ചകളുടെ പൊതുധാരയിൽ കൊണ്ടുവന്നതിലും ക്രോസ് കട്ടിങ്‌ വിഷയമായി അതിനെ സമീപിച്ചതിലും ജി-20 രാജ്യങ്ങൾ ഇന്ത്യയെ അഭിനന്ദിച്ചു. ഇന്ത്യയുടെ അധ്യക്ഷപദകാലത്ത്, സുസ്ഥിര വികസനലക്ഷ്യങ്ങൾ നേടുന്നതിനുള്ള ശ്രമം ശക്തിപ്പെടുത്തുന്നതിന് ഫോക്കസ് നൽകിയതിൽ ജി-20 രാജ്യങ്ങൾ അഭിനന്ദനം അറിയിച്ചു. sherpa track-ഉം, finance track-ഉം തമ്മിൽ അടുപ്പമുള്ള സഹകരണത്തിന് അംഗരാജ്യങ്ങൾ നിർദേശിച്ചു. ഊർജരംഗത്തെ കാര്യക്ഷമത വർധിപ്പിക്കുന്നതിലുള്ള ഇന്ത്യയുടെ മുൻഗണനയിലും ഊർജമേഖലയിലേക്കുള്ള access, മിതമായ വില, നിക്ഷേപങ്ങൾ, സുസ്ഥിരമായ ഊർജത്തിന്റെ പരിണാമങ്ങൾ തുടങ്ങിയവ ഉയർത്തിക്കാട്ടുന്നതിലും ഇന്ത്യക്ക് ജി-20 രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. ഇതുകൂടാതെ, ഇന്ത്യയുടെ അധ്യക്ഷപദവിക്കുകീഴിൽ ഡിസാസ്റ്റർ റിസ്ക് റിഡക്‌ഷൻ വർക്കിങ്‌ ഗ്രൂപ്പ് സൃഷ്ടിച്ചതിനെയും രാജ്യങ്ങൾ സ്വാഗതം ചെയ്തു. ഉദയ്‌പുരിൽ യോഗങ്ങൾ കൂടാതെ, സാംസ്കാരിക പരിപാടികളും പ്രതിനിധികൾക്കായി ഒരുക്കിയിരുന്നു. പ്രതിനിധികൾക്ക് രാജസ്ഥാന്റെ സമ്പന്നമായ സംസ്കാരം, നാടോടിപാരമ്പര്യം, കലകൾ, രുചി തുടങ്ങിയവ അനുഭവിക്കാനും ആസ്വദിക്കാനും അവസരം ലഭിച്ചു. അവർ പ്രാദേശിക ഭക്ഷണം ആസ്വദിച്ചു. സംസ്ഥാനത്തിന്റെ പ്രാദേശിക കരകൗശലങ്ങൾ വീക്ഷിച്ചു. പ്രാദേശിക ഉത്‌പന്നങ്ങൾ വാങ്ങുന്നതിന് അവർ ഡിജിറ്റൽ പണമിടപാടുകൾ നടത്തിയത് രാജ്യത്തിന് അഭിമാനനിമിഷമായിരുന്നു.

രാജ്യവ്യാപകമായി 200 യോഗങ്ങൾ ജി-20ന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ടെന്ന് താങ്കൾ പറഞ്ഞല്ലോ. ഇത് എങ്ങനെയാണ് നമ്മുടെ സംസ്ഥാനങ്ങൾക്ക് നേട്ടമാകുന്നത് ? പ്രത്യേകിച്ച്, കേരളത്തെപ്പോലെയുള്ള സംസ്ഥാനത്തിന്

=ഇത് സംസ്ഥാനങ്ങൾക്ക് വളരെ അപൂർവമായ അവസരമാണ്. കലകൾ, കരകൗശലങ്ങൾ, നാടോടിപാരമ്പര്യം, സംസ്കാരം തുടങ്ങിയവയുടെ പ്രദർശനശാലകളാവുക മാത്രമല്ല, വിനോദ സഞ്ചാരത്തിന്റെയും നിക്ഷേപങ്ങളുടെയും ഹബ്ബ് ആകാനും ഇത് സംസ്ഥാനങ്ങൾക്ക് അവസരമാണ്. അവരവരുടെ നഗരങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ പാടേ പരിഷ്കരിക്കുന്നതിനുള്ള അവസരമായി സംസ്ഥാനങ്ങൾ ജി-20നെ ഉപയോഗിക്കണം. ഉദാഹരണത്തിന്, ജി-20 ഷെർപ്പയോഗം ഉദയ്‌പുരിൽ നടന്നപ്പോൾ, സംസ്ഥാന സർക്കാർ അവിടത്തെ റോഡുകൾ മുഴുവൻ പുതുക്കിപ്പണിതു, നടപ്പാതകൾ നവീകരിച്ചു. ഫത്തേസാഗർ തടാകം ശുദ്ധീകരിച്ചു. അത് പ്രദേശത്തിന് നേട്ടമായി.
കേരളത്തിൽ കൊച്ചി കായലിനരികെ ഒരു കൺവെൻഷൻ സെന്റർ പണിതുവരുന്നുണ്ട്. ഈ പദ്ധതി കഴിഞ്ഞ 30 വർഷമായി പണിപൂർത്തിയാകാതെ കിടക്കുകയായിരുന്നു. അതാണിപ്പോൾ പൂർത്തിയാക്കുന്നത്. ജി-20 യോഗങ്ങൾ കഴിഞ്ഞാലും ഈ കൺവെൻഷൻ സെന്ററിന് വലിയ ഉപയോഗങ്ങളുണ്ട്. സാംസ്കാരിക പരിപാടികൾ, ബിസിനസ് യോഗങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാൻ ഈ കേന്ദ്രം ഉപയോഗിക്കാം. രാജ്യാന്തര പ്രതിനിധികൾക്ക് വ്യത്യസ്തവും സമാനതകളില്ലാത്തതുമായ അനുഭവം പ്രദാനംചെയ്യാനുള്ള അവസരമായി സംസ്ഥാനങ്ങൾക്ക് ഈ അവസരം ഉപയോഗിക്കാം. ഈ അനുഭവങ്ങളെ ഒരു വിദേശരാജ്യപ്രതിനിധിക്ക് സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാവുന്ന തരത്തിൽ ഒരുക്കാം. സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ മികച്ച അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക, ആഗോള എം.ഐ.സി.ഇ. വ്യവസായം അഥവാ മീറ്റിങ്‌ ഇൻസെന്റീവ്‌സ് കൺവെൻഷൻസ് ആൻഡ് എക്സിബിഷൻസിന്റെ വലിയപങ്ക് നേടുക. സംസ്ഥാനത്തെ ആഗോള ബ്രാൻഡാക്കി മാറ്റുക. ലോകത്തിനുമുന്നിൽ പ്രാദേശികഭക്ഷണം, പാചകക്രമം, കലകൾ, കരകൗശലങ്ങൾ തുടങ്ങിയവയുടെ പ്രദർശനശാലയാകുക എന്നാണ് എനിക്ക് സംസ്ഥാനങ്ങളോട് പറയാനുള്ളത്.

ബി.ജെ.പി.യും മോദിസർക്കാരും ജി-20 അധ്യക്ഷപദത്തെ രാഷ്ട്രീയപ്രചാരണത്തിന് (political propaganda) ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയെ ജി-20യുടെ ലോഗോയിൽ ഉപയോഗിച്ചിരിക്കുന്നത് ഇതിന് ഉദാഹരണമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എന്തു പറയുന്നു

= ഇന്ത്യയുടെ അധ്യക്ഷപദവി രാജ്യത്തിന് മാത്രമല്ല, മുഴുവൻ ലോകത്തിനും അഭിമാനവിഷയമാണ്. ജി-20 കൂട്ടായ്മയുടെ ചരിത്രത്തിൽ ആദ്യമായി മൂന്നു പദവികൾ വികസ്വരരാജ്യങ്ങളാണ് വഹിക്കുന്നത്. അതായത്, നിലവിലുള്ള അധ്യക്ഷൻ (ഇന്ത്യ), മുൻ അധ്യക്ഷൻ (ഇൻഡൊനീഷ്യ), അടുത്ത അധ്യക്ഷൻ (ബ്രസീൽ)-ഈ മൂന്നുപേരും വികസ്വരരാജ്യങ്ങളിൽ നിന്നാണ്. discourse-കളെ ആഗോളതലത്തിലേക്ക് ഉയർത്താനും ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി വളരാനുമുള്ള ഇന്ത്യയുടെ അവസരമാണിത്. ഇതിൽ propaganda ഒന്നുമില്ല. ഒരൊറ്റ ലക്ഷ്യംമാത്രം-പുതിയ ലോകക്രമത്തെ നയിക്കാനുള്ള ദൃഢനിശ്ചയമെന്ന ഒറ്റലക്ഷ്യം. പ്രധാനമന്ത്രി പറഞ്ഞതുപോലെ, വസുധൈവ കുടുംബകമെന്ന (ഭൂമി ഒരൊറ്റകുടുംബം) നമ്മുടെ ആശയമാണ് ലോഗോ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യ എക്കാലത്തും ആഗോളസൗഹൃദത്തിലാണ് വിശ്വസിക്കുന്നത്. ലോഗോയിലുള്ള താമരപ്പൂവ് ഇന്ത്യയുടെ പൈതൃകത്തിന്റെയും വിശ്വാസങ്ങളുടെയും മനഃശക്തിയുടെയും പ്രതീകമാണ്.

ജി-20യിലൂടെ വസുധൈവ കുടുംബകം എന്ന ആശയം അവതരിപ്പിക്കുമ്പോൾ, മറ്റൊരു വിഷയം മുന്നിലുണ്ട്. ജി-20 അംഗരാജ്യമായ റഷ്യ ഇന്ന് ഒരു യുദ്ധത്തിന്റെ നടുവിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ ഈ ആശയത്തെ എങ്ങനെയാണ് അവതരിപ്പിക്കുക

= ബാലിയിൽ ചേർന്ന ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശക്തവും എല്ലാവരെയും ഒന്നിപ്പിക്കുന്നതുമായ ഒരു സന്ദേശം നൽകി. ഈ യുഗം യുദ്ധത്തിന്റെതല്ല എന്നായിരുന്നു അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കിയത്. ആ സന്ദേശം എല്ലാ രാജ്യങ്ങളെയും ഒരുമിപ്പിച്ചു. പല മന്ത്രിതലയോഗങ്ങളും പരാജയപ്പെട്ടപ്പോൾ, ഒരു സമവായ ശില്പിയെന്ന പ്രധാനപങ്ക് ഇന്ത്യ വഹിച്ചു. സാമ്പത്തിക സഹകരണം ചർച്ചചെയ്യാനുള്ള ഒരു പ്രധാന രാജ്യാന്തരവേദിയാണ് ജി-20 എന്നതാണ് ഇന്ത്യയുടെ ശക്തമായ നിലപാട്. മറ്റുവിഷയങ്ങൾ ചർച്ചചെയ്യാനുള്ള വേദിയല്ല. രാജ്യാതിർത്തികൾ ഭേദിച്ചുകടക്കുന്ന മുൻഗണനകൾ നമ്മൾ തിരഞ്ഞെടുക്കണം. എസ്.ഡി.ജി.കളുടെ പുരോഗതി വർധിപ്പിക്കുന്നതും വനിതാകേന്ദ്രിത വികസനം ലക്ഷ്യമിടുന്നതും സുസ്ഥിരതയ്ക്ക് ഊന്നൽനൽകുന്നതും സമഗ്രവും സുസ്ഥിരവുമായ വളർച്ച ഉറപ്പുവരുത്തുന്നതുമായിരിക്കണം മുൻഗണനകൾ.


ആഗോളതലത്തിൽ മിക്ക രാജ്യങ്ങളുടെയും പ്രധാന ആശങ്കയാണ് ദാരിദ്ര്യം. ഈ വിഷയത്തെ എങ്ങനെയാണ് ജി-20 കൈകാര്യം ചെയ്യാൻ പോകുന്നത്

= ജി-20ന് ഒട്ടേറെ വർക്കിങ്‌ ഗ്രൂപ്പുകളുണ്ട്. ഈ ഗ്രൂപ്പുകളിലെ കൂടിയാലോചനകളും ചർച്ചകളും അതിന്റെ ഫലങ്ങളും തീർച്ചയായും നിലവിലെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമാണ്. ഉദാഹരണത്തിന്, വികസനം പ്രമേയമാക്കിയ വർക്കിങ്‌ ഗ്രൂപ്പ്, സുസ്ഥിര വികസനലക്ഷ്യങ്ങളുടെ (എസ്.ഡി.ജി.) പുരോഗതി എങ്ങനെ വർധിപ്പിക്കാമെന്നാണ് ചർച്ചചെയ്തത്. അതുപോലെത്തന്നെ, നമ്മൾ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറി(ഡി.പി.ഐ.)നായി പരിശ്രമിക്കുന്നു. ഇന്ന് ലോകത്ത് 200 കോടി ജനങ്ങൾ ബാങ്കുകളുടെ സേവനം ലഭ്യമല്ലാതെ (unbanked)കഴിയുന്നു. എങ്ങനെയാണ് ഇന്ത്യയിലെ ഡി.പി. ഐ. മാതൃക ഉപയോഗിച്ച്, ഈ ജനങ്ങളെ സാമ്പത്തിക മുഖ്യധാരയിലേക്ക് ഡിജിറ്റൽ ഇൻക്ലൂഷനിലൂടെ കൊണ്ടുവരുക-ഇതൊക്കെയാണ് സമവായം രൂപപ്പെടുത്തേണ്ട വിഷയങ്ങളായി നമ്മുടെ മുന്നിൽ നിലനിൽക്കുന്നത്. ആരോഗ്യമേഖല കൈകാര്യം ചെയ്യുന്ന വർക്കിങ്‌ ഗ്രൂപ്പുകൾ ഡിജിറ്റൽ ഹെൽത്ത് കെയറിൽ ഫോക്കസ് ചെയ്യണം. ആരോഗ്യരംഗത്തെ ധനവിനിയോഗം വരുമാനവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്. ഇത് ഏറെ പ്രസക്തവുമാണ്. ഉത്തരവാദ വിനോദസഞ്ചാരത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയണം. ഇതൊക്കെയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചാവിഷയങ്ങൾ.

സാങ്കേതികവിദ്യയുടെ വിഭജനം അല്ലെങ്കിൽ ഡിജിറ്റൽ വിവേചനം വികസ്വരരാജ്യങ്ങൾ നേരിടുന്ന പ്രധാനപ്രശ്നമാണ്. കോവിഡ് വ്യാപനകാലത്ത് വിദ്യാഭ്യാസരംഗത്ത് ഇത് വളരെ പ്രകടമായിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയില്ലാത്തവർക്ക് വിജ്ഞാനനിഷേധമാണ് സംഭവിക്കുന്നത്. ഈ പ്രതിസന്ധി എങ്ങനെയാണ് ജി-20 പരിഗണിക്കുക

= ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ സംവിധാനത്തിനാണ് നമ്മൾ ശ്രമിക്കുന്നത്. ഇന്ത്യ വ്യാപകമായി ഡിജിറ്റൽ ഇൻക്ലൂഷൻ സൊലൂഷൻ വികസിപ്പിച്ചിച്ചിട്ടുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) സംവിധാനത്തിലൂടെ കോവിഡ് മഹാവ്യാധിയുടെ കഠിനകാലത്ത് നമുക്ക് മെച്ചപ്പെട്ട സേവനം നൽകാൻ സാധിച്ചിട്ടുണ്ട്. ഒരു ചോർച്ചയും കൂടാതെ സമ്പൂർണ ഡിജിറ്റൽ സംവിധാനം രൂപപ്പെടുത്തി. ലക്ഷക്കണക്കിന് സ്കൂൾ, കോളേജ് വിദ്യാർഥികൾ ദീക്ഷ, സ്വയം തുടങ്ങിയ വിദ്യാഭ്യാസ ആപ്പുകൾ വഴി സ്വതന്ത്രവും തുറന്നതുമായ കോഴ്‌സ് മെറ്റീരിയൽസ് നേടുന്നു. ഓൺലൈൻ ക്ലാസുകളിലും പങ്കെടുക്കുന്നു. നമ്മുടെ മാതൃക വ്യത്യസ്തമാണ്. തുറന്നതും എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്നതും താങ്ങാവുന്നതും പരസ്പരം ഉപയോഗിക്കാൻ കഴിയുന്നതും പ്രാദേശികഭാഷകളിൽ ലഭ്യമായതും സമഗ്രവുമാണ് നമ്മുടെ മാർഗം. അത് അളക്കാൻ കഴിയുന്നതും വളരെ എളുപ്പത്തിൽ ലോകംമുഴുവൻ പകർത്താൻ കഴിയുന്നതുമാണ്. ജി-20 അധ്യക്ഷപദവിക്കാലത്ത് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ സംബന്ധിച്ച വിപുലമായ സംവാദങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. ഇത് സാധ്യമാക്കാൻ ഉന്നതതലത്തിലുള്ള പദ്ധതികൾ ആവശ്യവുമാണ്.

അമിതാഭ് കാന്ത് എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ തുടക്കവും ദീർഘകാല പ്രവർത്തനവും കേരളത്തിലാണ്. ജി-20ൽ ഇന്ത്യയുടെ പ്രതിനിധിവരെ എത്തിയ ഈ വളർച്ചയിൽ കേരളത്തിനും സന്തോഷിക്കാം. ഈ യാത്രയെക്കുറിച്ച് എന്തു തോന്നുന്നു

= I have had an extremely fulfilling career. ജനങ്ങളുടെ ജീവിതത്തിൽ പലവഴികളിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിൽ സംഭാവനചെയ്യാൻ കഴിഞ്ഞതിന്റെ എളിയ അനുഭവങ്ങൾ എനിക്കുണ്ട്. ഒരു യുവ കളക്ടറായാണ് ഞാൻ കേരളത്തിൽ ജോലി തുടങ്ങിയത്. പിന്നീട്, ടൂറിസം സെക്രട്ടറി പോസ്റ്റ് ലഭിച്ചത് ഒരു പണിഷ്‌മെന്റ് പോസ്റ്റിങ്‌ പോലെയായിരുന്നു എന്ന് പലർക്കും അറിയില്ല. കാരണം, അന്ന് അതിനെ ഒരു lousy posting ആയിട്ടായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ, ഞാൻ എനിക്ക് ലഭിച്ച അവസരം ഉപയോഗിച്ച് ‘ഗോഡ്‌സ് ഓൺ കൺട്രി’ കാമ്പയിനിലൂടെ കേരളത്തിലെ വിനോദസഞ്ചാര മേഖലയെ മാറ്റിമറിച്ചു. അത് കേരളത്തെ ഒരു പ്രധാന ടൂറിസം ഹബ്ബാക്കി മാറ്റി. പിന്നീട് ഞാൻ കേന്ദ്ര സർവീസിലേക്ക്‌ വന്നപ്പോൾ, ടൂറിസം വകുപ്പിൽ പ്രവർത്തിക്കുന്ന കാലത്ത് ‘ഇൻക്രെഡിബിൾ ഇന്ത്യ’ പ്രചാരണപരിപാടി ആവിഷ്കരിച്ചു. അത് ഇന്ത്യയിലെ ടൂറിസംമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന കാലമായിരുന്നു. മുംബൈ ആക്രമണം, പാർലമെന്റിന് നേരെയുള്ള ആക്രമണം തുടങ്ങിയ കാരണങ്ങളാൽ ഇന്ത്യയിലെ ടൂറിസം ക്ഷീണംനേരിടുന്ന കാലമായിരുന്നു. രാജ്യത്തിന്റെ വഴിത്തിരിവായി മാറിയ ഇൻക്രെഡിബിൾ ഇന്ത്യ കാമ്പയിനുവേണ്ടി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, ടൂറിസം വ്യവസായം ചരിത്രത്തിലെ ഏറ്റവുംതാഴ്ന്ന നിലയിലായിരുന്നു. ടൂറിസംവകുപ്പിലെ ജോലിയെത്തുടർന്ന് ഞാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ വകുപ്പിന്റെ സെക്രട്ടറിയായി. ഇന്ത്യയെ സുഗമമായ വാണിജ്യ ഇടപാടുകളുടെ കേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ അവിടെ ചെയ്തത്. അതോടൊപ്പം രാജ്യത്തെ സ്റ്റാർട്ടപ്പ് മൂവ്‌മെന്റിനും വേദികളൊരുക്കി. പിന്നീട് നിതി ആയോഗിന്റെ സി.ഇ.ഒ. ആയി. രാജ്യത്ത് പിന്നാക്കം നിൽക്കുന്ന ജില്ലകളെ പരിപാലിക്കുന്നതിനുവേണ്ടി ആവിഷ്കരിച്ച ആസ്പിരേഷണൽ ജില്ലാപദ്ധതി, ഉത്‌പാദനബന്ധിത ആനുകൂല്യങ്ങൾ, വൈദ്യുതിവാഹന വിപ്ലവം തുടങ്ങിയവയ്ക്കുവേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. കേരളത്തിൽ പ്രവർത്തിക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനായുള്ള പദ്ധതികൾക്ക് ശ്രമിക്കുമ്പോൾ ഏറ്റവുംവലിയ പ്രശ്നം ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ചായിരുന്നു. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയെന്നത് അന്ന് ഏറ്റവുംവലിയ വെല്ലുവിളിയായിരുന്നു. അതിന്‌ ചിലപ്പോൾ മാസങ്ങളെടുക്കും എന്നതായിരുന്നു സ്ഥിതി. ഇന്ന് ഇന്ത്യയിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ സെക്കൻഡുകൾമാത്രം മതി. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ഡിജിറ്റൽ പബ്ലിക് ഇൻക്ലൂഷൻ മോഡലിന് ഞാൻ നന്ദിപറയുന്നു. ഈ മാതൃക ഇനി ലോകത്തിന് മുന്നിലേക്കുകൊണ്ടുപോകാൻ കഴിയുമെന്നാണ് നമ്മുടെ പ്രതീക്ഷ.

അമിതാഭ് കാന്ത്

ഉത്തർപ്രദേശിലെ വാരാണസിയിൽ 1956-ൽ ജനനം. ഡൽഹിയിലെ മോഡേൺ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം. ഡൽഹി സെയ്‌ന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം, ജവാഹർലാൽ നെഹ്രു സർവകലാശാലയിൽനിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം. ഹാർവാർഡ് സർവകലാശാലയിൽ ഉപരിപഠനം. 1980-ലാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. കേരള കേഡർ ഉദ്യോഗസ്ഥൻ. തലശ്ശേരിയിൽ സബ്കളക്ടറായാണ് തുടക്കം. പിന്നീട് കോഴിക്കോട് കളക്ടറായി. കേരളത്തിൽ ടൂറിസം സെക്രട്ടറി, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിങ്‌ ഡയറക്ടർ, മത്സ്യഫെഡ് മാനേജിങ്‌ ഡയറക്ടർ തുടങ്ങി വിവിധ പദവികൾ വഹിച്ചു. 2001-ൽ കേന്ദ്ര സർവീസിലെത്തി. 2001 മുതൽ 2007 വരെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. 2009-2014ൽ ഡൽഹി ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ്‌ ഡയറക്ടറായി. സർവീസിൽനിന്ന് വിരമിച്ചശേഷവും ഉന്നതപദവികൾ അമിതാഭ് കാന്തിനെ തേടിയെത്തി. 2016 മുതൽ 2022 ജൂൺവരെ നിതി ആയോഗ് സി.ഇ.ഒ. നിതി ആയോഗിന്റെ രണ്ടാമത്തെ സി.ഇ.ഒ.യാണ് കാന്ത്. ബ്രാൻഡിങ്‌ ഇന്ത്യ-ആൻ ഇൻക്രെഡിബിൾ ജേണി, ഇൻക്രെഡിബിൾ ഇന്ത്യ 2.0. എന്നീ രണ്ട് പുസ്തകങ്ങൾ രചിച്ചു. ദ പാത്ത് എഹഡ്: ട്രാൻസ്ഫർമേറ്റീവ് ഐഡിയാസ് ഫോർ ഇന്ത്യ എന്ന പുസ്തകം എഡിറ്റ് ചെയ്തു. രഞ്ജിതാ കാന്താണ് ഭാര്യ.

ജി-20 കൂട്ടായ്മ

ഇന്ത്യയടക്കം 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്ന കൂട്ടായ്മയാണ് ജി-20 എന്നറിയപ്പെടുന്നത്. ആഗോള സാമ്പത്തികരംഗം, സുസ്ഥിര വികസനം, രാജ്യാന്തര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ
വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് ഈ കൂട്ടായ്മ കൈകാര്യം ചെയ്യുന്നത്. 1999 സെപ്‌റ്റംബർ 26-നാണ് ഇത്‌ നിലവിൽവന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഇത്തരം കൂട്ടായ്മയ്ക്ക്
രൂപംകൊടുത്തത്

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..