അമൃതവചനം: ദാനം  സാർഥകമാകുന്നതെപ്പോൾ


2 min read
Read later
Print
Share

മക്കളേ,

ഒരു വ്യക്തിക്ക് എത്രമാത്രം കഴിവുണ്ടായാലും അവൻ എത്രയധികം പ്രയത്നിച്ചാലും ഈശ്വരകൃപയുണ്ടെങ്കിൽമാത്രമേ യഥാർഥവിജയം കൈവരിക്കാൻ സാധിക്കൂ. ഈശ്വരകൃപയാണ് നമ്മുടെ പ്രയത്നത്തെ പൂർണതയിലെത്തിക്കുന്നത്. അതിന് സകലരുടെയും നന്മ കാംക്ഷിക്കുന്ന ഒരു മനസ്സ്‌ നമുക്കുണ്ടാവണം. ജോലി ലഭിക്കണമെങ്കിൽ വിദ്യാഭ്യാസയോഗ്യതമാത്രമുണ്ടായാൽ പോരാ. സ്വഭാവസർട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. അരി വെള്ളത്തിലിട്ടു തിളപ്പിച്ചതുകൊണ്ടുമാത്രം പായസമാവുകയില്ല. കൂടെ ശർക്കരയും തേങ്ങയും വേണം. ഇവയൊക്കെ കൂടിച്ചേരുമ്പോഴാണ് പായസമാവുന്നത്. അതുപോലെ, ഈശ്വരകൃപയ്ക്കർഹരാകണമെങ്കിൽ പ്രാർഥനയും പ്രയത്നവുംമാത്രം പോരാ. നിഷ്കാമസേവനവും ത്യാഗപൂർവം സാധുക്കൾക്കുവേണ്ടി ദാനധർമങ്ങൾ ചെയ്യാനുള്ള കരുണമനസ്സും നമുക്കുണ്ടായിരിക്കണം.
നിസ്വാർഥവും ലോകോപകാരപ്രദവുമായ കർമങ്ങൾ ചെയ്യുന്നതിലൂടെ മനസ്സ്‌ ശുദ്ധമാകും. അപ്പോൾമാത്രമേ യഥാർഥ മനഃശാന്തി അനുഭവിക്കുവാൻ കഴിയൂ. മറ്റുള്ളവരെ സഹായിക്കുമ്പോൾ അറിയാതെ നമ്മൾ നമ്മെത്തന്നെ ഉദ്ധരിക്കുകയാണു ചെയ്യുന്നത്. ഇക്കാരണംകൊണ്ടാണ് ദാനധർമങ്ങൾക്ക് നമ്മുടെ സംസ്കാരത്തിൽ വളരെയധികം പ്രാധാന്യം കൈവന്നത്. വരുമാനത്തിന്റെ ആറിലൊന്ന്‌, ദാനധർമങ്ങൾക്കായി നീക്കിവെക്കണമെന്ന വ്യവസ്ഥ പണ്ടുണ്ടായിരുന്നു. എന്നാൽ, ആ സംസ്കാരം ഇന്ന്‌ സമൂഹത്തിൽനിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു.
മനുഷ്യരിൽ സ്വാഭാവികമായും സ്വാർഥതയാണ്‌ മുന്നിട്ടുനിൽക്കുന്നത്. അന്യരുടേതുകൂടി സ്വന്തമാക്കണമെന്ന ചിന്തയല്ലാതെ അന്യർക്കെന്തെങ്കിലും നൽകണമെന്ന ചിന്തയുള്ളവർ വിരളമാണ്. തീർഥാടനത്തിനുപോകുമ്പോൾ ചിലർ ഭിക്ഷക്കാർക്ക്‌ ദാനം നൽകാനായി കുറച്ചു നാണയങ്ങൾ കൈയിൽ കരുതും. കഴിയുന്നതും ഒരുരൂപയുടെയും രണ്ടുരൂപയുടെയും നാണയങ്ങളായിരിക്കും ശേഖരിക്കുന്നത്. അഞ്ചുരൂപയിൽ കവിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഇതാണു മനുഷ്യസ്വഭാവം. സ്വാർഥത നിറഞ്ഞ മനസ്സിനെ നിസ്വാർഥമാക്കുക എന്നതാണു ദാനംകൊണ്ടുദ്ദേശിക്കുന്നത്.
ദാനധർമങ്ങൾ ചെയ്യുന്നവർതന്നെ പലപ്പോഴും ദാനത്തിന്റെ തത്ത്വം മനസ്സിലാക്കുന്നില്ല. ദാനംചെയ്യുമ്പോൾ അത് ഏതു മനോഭാവത്തോടെ ചെയ്യുന്നു എന്നത്‌ വളരെ പ്രധാനമാണ്. ദാനം പേരും പെരുമയും ലക്ഷ്യമാക്കി ആകരുത്. ക്ഷേത്രത്തിന്‌ ട്യൂബ്‌ലൈറ്റ് സമർപ്പിച്ചശേഷം വെളിച്ചം മറയത്തക്കവിധത്തിൽ അതിൽ സ്വന്തം പേരു വലിയ അക്ഷരത്തിലെഴുതിവെക്കുന്ന തരത്തിലുള്ള ദാനമാണ് ഇന്നു പലപ്പോഴും കാണാറുള്ളത്. മറ്റു ചിലരാകട്ടെ പുണ്യം ലഭിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് ദാനവും സേവനവും അനുഷ്ഠിക്കുന്നത്. ഇതു തെറ്റാണെന്നല്ല, പക്ഷേ നമ്മുടെ കർമം നിസ്വാർഥമാകുമ്പോഴാണ് അത് ആധ്യാത്മികമായും ഭൗതികമായും നമുക്കു കൂടുതൽ പ്രയോജനം ചെയ്യുന്നത്.
നമ്മളിൽ പലരും ദാനംചെയ്യുമ്പോൾപ്പോലും പിശുക്കു കാട്ടുന്നവരാണ്. എത്രയധികം സമ്പത്തുണ്ടായാലും അവയൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. പിന്നെ എന്തിനു പിശുക്കു കാട്ടണം. കഷ്ടപ്പെടുന്നവർക്ക്‌ നമ്മളാൽ കഴിയുന്ന സഹായം ചെയ്യണം. അതാണ് യഥാർഥ സമ്പത്ത്. ശാന്തിയുടെയും സമാധാനത്തിന്റെയും മാർഗമതാണ്.
സാധുക്കളോടുള്ള കരുണയും കഷ്ടപ്പെടുന്നവരുടെ വേദന കാണുമ്പോഴുള്ള മനസ്സലിവുമായിരിക്കണം സേവനത്തിനുള്ള നമ്മുടെ പ്രചോദനം. നമുക്കുവേണ്ടിയല്ലാതെ നമ്മൾ ചെയ്യുന്ന ദാനവും കർമവുമാണ് നമ്മുടെ ഹൃദയം വിശാലമാകാൻ ഉപകരിക്കുന്നത്. നമ്മുടെ ചെലവു കുറച്ചും അധികമായി അധ്വാനിച്ചും മിച്ചംവെക്കുന്ന പണംപോലും സാധുക്കളെ സഹായിക്കാൻ ഉപയോഗിക്കുന്നുവെങ്കിൽ അതാണ്‌ ശരിയായ കരുണമനസ്സ്. നിസ്വാർഥമായ കർമങ്ങളിൽനിന്നു ലഭിക്കുന്ന ആത്മസംതൃപ്തിയും ആന്തരികശുദ്ധിയുംതന്നെയാണ് നമ്മുടെ യഥാർഥസമ്പത്ത്.

അമ്മ

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..