എന്നിലെ നടനെ ഞാൻ ഒരിക്കലും നിരാശപ്പെടുത്താറില്ല


മമ്മൂട്ടി / സിറാജ് കാസിം sirajkasim@gmail.com

2 min read
Read later
Print
Share

ലിജോ ജോസ് െപല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനാവുന്ന ‘നൻപകൽ നേരത്ത് മയക്കം’തിയേറ്ററുകളിലെത്തി. തനിക്കേറെ പ്രതീക്ഷയും സംതൃപ്തിയുമുള്ള സിനിമയെക്കുറിച്ച് മമ്മൂട്ടി സംസാരിക്കുന്നു

ഉറക്കം മരണംപോലെ, ഉണരുന്നത് ജനനവും’ -തിരുക്കുറളിന്റെ സന്ദേശത്തോടുകൂടി തുടങ്ങുന്ന ഒരു സിനിമയിലേക്ക് യാത്ര തുടങ്ങുമ്പോൾ മമ്മൂട്ടി എന്ന സൂപ്പർതാരത്തെ ആരും പ്രതീക്ഷിക്കുന്നില്ല. ജയിംസിന്റെയും സുന്ദരത്തിന്റെയും നൻപകൽ നേരത്തെ മയക്കങ്ങൾക്കിടയിലെ 24 മണിക്കൂർ ദൂരം. മറ്റൊരുതലത്തിൽ ചിന്തിച്ചാൽ സുന്ദരത്തിന്റെ പുനർജന്മത്തിലെ 24 മണിക്കൂർ. ഇവർ രണ്ടുപേരുടെയും ആത്മസംഘർഷങ്ങൾ ലളിതവും സൂക്ഷ്മവുമായ അഭിനയമുഹൂർത്തങ്ങളിലൂടെ മമ്മൂട്ടി പ്രേക്ഷകരിലേക്കെത്തിക്കുമ്പോൾ നമുക്ക് ഉറപ്പിച്ചുപറയാം, ഇത് അതുല്യനടനത്തിന്റെ നൻപകൽ നേരം. മമ്മൂട്ടി കമ്പനി നിർമിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത നൻപകൽ നേരത്ത് മയക്കം മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ അടയാളപ്പെടുത്തലുകളിൽ ഒന്നുതന്നെയാണ്. മമ്മൂട്ടിയുടെ വാക്കുകളിൽ ഈ സിനിമയുടെ അനുഭവങ്ങളുടെ ആഴം തെളിയുന്നുണ്ട്.

മനസ്സിലേക്കുവന്ന സിനിമ
ഞാനും ലിജോയും കുറെ സിനിമകളുടെ കഥകൾ സംസാരിച്ചിട്ടുണ്ട്. അതിൽ ഉടനെ ചെയ്യണമെന്ന് താത്പര്യംതോന്നിയ ഒരു സിനിമയാണിത്. തമിഴ്നാട്ടിൽ മലയാളികൾക്ക് സംഭവിക്കുന്ന ഒരു കഥയാണ് ഈ സിനിമ പറയുന്നത്. മനസ്സിലേക്കുവന്ന കഥയായതുകൊണ്ടാണ് ഈ സിനിമ ഞാൻ ചെയ്തത്. അഭിനയപ്രാധാന്യവും കഥയുടെ പുതുമയും കണ്ടാണ് ഈ സിനിമ മറ്റാരും ചെയ്തില്ലെങ്കിൽ ഞാൻതന്നെ ചെയ്യാമെന്ന് വിചാരിച്ചത്. എല്ലാവരും നല്ലവരല്ലാത്ത, എല്ലാവരും ചീത്തയല്ലാത്ത, എല്ലാവരും സാധാരണമനുഷ്യരായ കഥയാണ് ഈ സിനിമ പറയുന്നത്.

മറക്കാനാകാത്ത ഗ്രാമത്തിൽ
പഴനിയിലെ ഒരു ഉൾഗ്രാമത്തിലാണ് ഈ സിനിമ ചിത്രീകരിച്ചത്. 45 ദിവസത്തെ ഷൂട്ടിങ് പ്ലാൻചെയ്ത സിനിമ പക്ഷേ, അതിൽ കുറഞ്ഞ ദിവസംകൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞു. യൂണിറ്റിന്റെ മിടുക്കിനൊപ്പം ആ ഗ്രാമവാസികളുടെ അകമഴിഞ്ഞ സഹകരണവും അതിൽ പ്രധാനമായിരുന്നു. ഞങ്ങൾ ആ ഗ്രാമത്തിലെ ആളുകളായി
മാറി. അവർ ഞങ്ങളോടൊപ്പം ചേർന്നു. വളരെ
രസകരമായ അനുഭവങ്ങളുമായി മറക്കാനാകാത്ത ദിനങ്ങളാണ് ആ ഗ്രാമം ഞങ്ങൾക്ക് സമ്മാനിച്ചത്. ഷൂട്ടിങ്ങിൽ ഒരു ദിവസംപോലും ബോറടിപ്പിക്കാതെ ആസ്വദിച്ചുചെയ്ത ഒരു സിനിമതന്നെയാണിത്.

നടനെ ചവിട്ടിത്തേക്കാറില്ല
താരപദവി എന്നത് ഒരു ദിവസം രാവിലെ പെട്ടെന്ന് കിട്ടുന്നതല്ലല്ലോ. താരം എന്നത് അഭിനയിച്ച് അഭിനയിച്ച് വരുമ്പോൾ പ്രേക്ഷകരുടെ ഇഷ്ടം കൂടിവന്ന് സംഭവിക്കുന്ന ഒരവസ്ഥയാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്നിലെ നടനെ ഞാൻ ഒരിക്കലും നിരാശപ്പെടുത്താറില്ല, ചവിട്ടിത്തേക്കാറില്ല. എന്റെയുള്ളിലെ നടനുവേണ്ടി പരമാവധി സൗകര്യമൊക്കെ ചെയ്തുകൊടുക്കാറുണ്ട്. അതിനുകിട്ടുന്ന അവസരങ്ങളൊന്നും നഷ്ടപ്പെടുത്താറില്ല. അങ്ങനെത്തന്നെയാണ് ഈ സിനിമയും സംഭവിച്ചത്.

കഥാപാത്രങ്ങൾക്ക് താരതമ്യമില്ല
തനിയാവർത്തനം എന്ന സിനിമയിലെ ബാലൻ മാഷുമായോ ഭൂതക്കണ്ണാടി എന്ന സിനിമയിലെ വിദ്യാധരനുമായോ ഈ സിനിമയിലെ കഥാപാത്രത്തെ താരതമ്യം ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നില്ല. ബാലനും വിദ്യാധരനും മാനസികവിഭ്രാന്തി ആരോപിക്കപ്പെടുകയും അതിലൂടെ കടന്നുപോകുന്നവരുമാണ്. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ഈ സിനിമയിൽ ചെയ്യാനുണ്ടായിരുന്നത്. അത്തരം സാധ്യതകൾ നമ്മൾ ഒരിക്കലും തള്ളിക്കളയരുത്. പ്രതിഫലമൊന്നും കിട്ടിയില്ലെങ്കിലും ഈ സിനിമയിൽ അഭിനയിക്കാൻ ഞാൻ തയ്യാറാകുമായിരുന്നു. എനിക്ക് ഏറ്റവും സന്തോഷമുള്ളതും ആനന്ദമുള്ളതും ഈ ജോലിചെയ്യുമ്പോഴാണ്.

രസകരമായ കഥാപരിസരം
വളരെ രസകരമായ അന്തരീക്ഷത്തിൽ ചെയ്ത സിനിമയാണിത്. ഞങ്ങൾ കുറെ അഭിനേതാക്കളും ആ ഗ്രാമത്തിലെ കുറെ ആളുകളും ആ സിനിമയിലുണ്ട്. ഷൂട്ടിങ് പുരോഗമിക്കുന്തോറും അഭിനേതാക്കൾ ഏതാണ് നാട്ടുകാർ ഏതാണ് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം ഞങ്ങളെല്ലാം ഇഴുകിച്ചേർന്നിരുന്നു. ചായക്കടയിലൊക്കെ ഞാൻ വെറുതേയിരിക്കുമ്പോൾ ചായ കുടിക്കാൻ വന്ന ഒരാളായിട്ടേ എന്നെയും നാട്ടുകാർ കണ്ടിട്ടുള്ളൂ. അത്രമേൽ എല്ലാവർക്കും ഇഴുകിച്ചേരാൻ കഴിഞ്ഞതുതന്നെയാണ് ഈ സിനിമയുടെ കഥാപരിസരത്തിന്റെ സവിശേഷത.

Content Highlights: weekend

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..