പ്രദർശനത്തിനൊരുങ്ങുന്ന ‘തങ്കം’ സിനിമയുടെ വിശേഷങ്ങൾ...
= കാപ്പയിലും ഇനി ഉത്തരത്തിലുമെല്ലാം ബോൾഡായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിൽനിന്നെല്ലാം വ്യത്യസ്തമാണ് തങ്കത്തിലെ കീർത്തി. തൃശ്ശൂരിലെ ഇടത്തരം കുടുംബത്തിൽ കഴിയുന്നവൾ. സ്വർണക്കച്ചവടമാണ് ഭർത്താവിന്. അവരുടെ ജീവിതത്തിലെ സന്തോഷങ്ങളിലൂടെയും ആകസ്മികമായി വന്നുകയറുന്ന ചില സംഭവങ്ങളിലൂടെയുമാണ് കഥ കടന്നുപോകുന്നത്. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ ടീമിനൊപ്പം വീണ്ടുമൊന്നിക്കാൻ കഴിഞ്ഞു എന്നതാണ് തങ്കം നൽകുന്ന മറ്റൊരു സന്തോഷം. കോവിഡ് കാലത്തിനുമുമ്പാണ് തങ്കത്തിന്റെ കഥ കേൾക്കുന്നത്. ആദ്യകേൾവിയിൽത്തന്നെ സിനിമയ്ക്കൊപ്പം ചേരാമെന്ന് സമ്മതിച്ചു. പിന്നീട് ലോക്‌ഡൗണെല്ലാമായി ചിത്രീകരണം നീണ്ടുപോയി. ഒരുപാട് യാത്രകൾ ആവശ്യമുള്ള കഥയാണ് തങ്കത്തിന്റേത്. അതുകൊണ്ടുതന്നെ ലോക്ഡൗൺ വിലക്കുകൾ പൂർണമായി അവസാനിക്കുന്നതുവരെ ഞങ്ങൾ കാത്തുനിന്നു.
ദിലീഷ്‌പോത്തൻ, ശ്യാം പുഷ്കരൻ ടീമിനൊപ്പമാണ് അപർണ സിനിമയിൽ ചുവടുറപ്പിക്കുന്നത്, ദേശീയപുരസ്കാരം സ്വന്തമാക്കി വീണ്ടും അവരുടെ ടീമിലേക്കെത്തുമ്പോൾ ലഭിക്കുന്ന കമന്റുകൾ...
= ദേശീയപുരസ്കാരനേട്ടത്തിന്റെ സന്തോഷം ആഘോഷമാക്കിയത് തങ്കം സിനിമയുടെ സെറ്റിൽവെച്ചായിരുന്നു. മഹേഷിന്റെ പ്രതികാരം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം വീണ്ടും അന്നത്തെ ടീമിനൊപ്പം ചേരുമ്പോൾ എന്റെ അഭിനയത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചറിയാൻ എനിക്കും താത്പര്യമുണ്ടായിരുന്നു. ശ്യാമേട്ടനോട് അഭിനയത്തെക്കുറിച്ച് ചോദിച്ചു. ആദ്യസിനിമയിൽ സീനുകൾ അഭിനയിക്കുംമുമ്പ് വിശദീകരണങ്ങൾ കൂടുതലായി നൽകേണ്ടിയിരുന്നെന്നും ഇന്ന് സിറ്റുവേഷൻ പറയുമ്പോഴേക്കും കാര്യങ്ങൾ പിടിച്ചെടുക്കാൻ പറ്റുന്നതരത്തിൽ ഞാൻ മാറിയെന്നും അവരെല്ലാം പറഞ്ഞു. കഥാപാത്രത്തെക്കുറിച്ചും സീനുകളെപ്പറ്റിയും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള സെറ്റായിരുന്നു തങ്കത്തിന്റേത്.
കെ.ജി.എഫും കാന്താരയുമെല്ലാം ഒരുക്കിയ ഹംബാലെ ഫിലിംസിനൊപ്പമാണ് അപർണ ഇന്ന് സഹകരിക്കുന്നത്. സിനിമയിലെ പുതിയ സന്തോഷങ്ങൾ...
= ഹംബാലെ ഫിലിംസിന്റെ ധൂമം സിനിമയിൽ ഇപ്പോൾ അഭിനയിച്ചുകഴിഞ്ഞു. കന്നഡ പ്രൊഡക്‌ഷൻ കമ്പനിയാണെങ്കിലും ധൂമം മലയാളസിനിമയാണ്. വർഷങ്ങൾക്കുശേഷം ഫഹദ് ഫാസിലും ഞാനും ഒന്നിക്കുന്ന സിനിമകൂടിയാണിത്. ബെംഗളൂരുവായിരുന്നു പ്രധാന ലൊക്കേഷൻ. പവൻകുമാറാണ് സംവിധായകൻ. സിനിമയുടെ ക്രിയേറ്റീവ് സൈഡിൽ ജോലിചെയ്യുന്ന വിജയ് സുബ്രഹ്മണ്യമാണ് ധൂമത്തിലേക്ക് എന്റെ പേര് നിർദേശിച്ചത്. വിജയോടൊന്നിച്ച് സൂരറൈ പോട്ര് സിനിമയിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നിക്കോട്ടിങ് പ്രമേയമായിവരുന്ന സിനിമയാണ് ധൂമം. റോഷൻ, ജോയ് മാത്യു, നന്ദുച്ചേട്ടൻ, അനുമോഹൻ എന്നിവരെല്ലാം കഥാപാത്രങ്ങളായെത്തുന്നുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകൻ സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം പത്മിനിയാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു പുതിയചിത്രം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..