ലവ്ഫുളി യുവർസ് വേദ
രജിഷ വിജയനും ശ്രീനാഥ് ഭാസിയും വെങ്കിടേഷും അനിഖ സുരേന്ദ്രനും മുഖ്യവേഷത്തിലെത്തുന്ന സിനിമയാണ് ലവ്ഫുള്ളി യുവർസ് വേദ. ആർ2 എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനംചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരനാണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ. ബേബി, ശ്രുതി ജയൻ, വിജയകുമാർ എന്നിവരാണ് മറ്റു താരങ്ങൾ. രാഹുൽ രാജ് സംഗീതസംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദും ധന്യ സുരേഷ് മേനോനും ശിവരാമനും ചേർന്നാണ്. ബാബു വൈലത്തൂരാണ് തിരക്കഥ. വാർത്താ പ്രചാരണം: എ.എസ്. ദിനേശ്, മീഡിയ & മാർക്കറ്റിങ് ഡിസൈൻ - പപ്പെറ്റ് മീഡിയ.
മലൈക്കോട്ടൈ വാലിബൻ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ - ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനിലെ ജയ്സാൽമേറിൽ ആരംഭിച്ചു. ‘നൻപകൽ നേരത്ത് മയക്ക’ത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ നിർമിക്കുന്നത് ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് എന്നിവർ ചേർന്നാണ്. ആമേൻ എന്ന ചിത്രത്തിനുശേഷം പി. എസ്. റഫീക്ക് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ചിത്രത്തിന്. ചുരുളിക്കുശേഷം മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ലിജോ ചിത്രംകൂടിയാണ് മലൈക്കോട്ടൈ വാലിബൻ. പ്രശാന്ത് പിള്ള സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. വാർത്താപ്രചാരണം: പ്രതീഷ് ശേഖർ.
ശേഷം മൈക്കിൽ ഫാത്തിമ
കല്യാണി പ്രിയദർശൻ നായികയായെത്തുന്ന പുതിയ സിനിമയാണ് ശേഷം മൈക്കിൽ ഫാത്തിമ. ഫുട്‌ബോൾ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാറിലെ ഒരു വനിതാ അനൗൺസർ ആയി കല്യാണി പ്രിയദർശൻ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു സി. കുമാറാണ്. ഹിഷാം അബ്ദുൽ വഹാബ് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാലാ പാർവതി, അനീഷ് ജി. മേനോൻ, സരസ ബാലുശ്ശേരി, രൂപലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മധുരമനോഹര മോഹം
കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് മധുരമനോഹര മോഹം. ബീത്രീ എം. ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഒരു ഇടത്തരം യാഥാസ്ഥിതിക നായർ കുടുംബത്തെ കേന്ദ്രീകരിച്ച് ഒരു തികഞ്ഞ കുടുംബകഥയാണ് ചിത്രം പറയുന്നത്. ഷറഫുദ്ദീൻ, രജിഷ വിജയൻ, ആർഷാ ബൈജു എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. സൈജു കുറുപ്പ്, വിജയരാഘവൻ, അൽത്താഫ് സലിം, ബിജു സോപാനം. സുനിൽ സുഖദ, ബിന്ദു പണിക്കർ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരുടേതാണ് തിരക്കഥ. സംഗീതം: ഹിഷാം അബ്ദുൾ വഹാബ്, ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, എഡിറ്റിങ്: അപ്പു ഭട്ടതിരി. വാർത്താപ്രചാരണം: വാഴൂർ ജോസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..