ചലച്ചിത്രഗാന്ധിയുടെ മന്ദഹാസങ്ങൾ


By മാങ്ങാട് രത്നാകരൻ sabdaratnakaram@gmail.com

4 min read
Read later
Print
Share

എഴുപത്തിയൊമ്പതുവർഷം നീണ്ട തന്റെ ജീവിതത്തിൽ രണ്ടേരണ്ട്‌ സിനിമകൾ മാത്രമാണ് മഹാത്മാഗാന്ധി കണ്ടത്. എന്നാൽ, ഗാന്ധിജി നേരിട്ടല്ലാതെ ഒട്ടേറെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ അതിൽ ഏറെ പ്രസിദ്ധം. പ്രകാശ് മഗ്‌ദൂം എഴുതിയ The mahatma on Celluloid - A cinematic Biography എന്ന പുസ്തകത്തെക്കുറിച്ചാണ് ഈ കുറിപ്പ്

മഹാത്മാഗാന്ധിയുടെ ആദ്യത്തെ ‘ചലച്ചിത്ര ജീവചരിത്രകാര’നായ പ്രകാശ് മഗ്‌ദൂം നാലാംക്ലാസിൽ പഠിക്കുമ്പോൾ, മഹാരാഷ്ട്രയിലെ ഒരു ഓണംകേറാമൂലയിലെ സിനിമാക്കൊട്ടകയിൽ, സ്കൂളിലെ ചങ്ങാതിമാരോടൊപ്പം റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി കണ്ടതിനെക്കുറിച്ച് ഓർമിച്ചെഴുതിയത്‌ തുടക്കത്തിൽത്തന്നെ വായിച്ചതും; ഇതെഴുതുന്നയാൾ, നാലാംക്ലാസിൽ പഠിക്കുമ്പോൾ, ക്ലാസ്‌ മാസ്റ്റർ എന്ന ഇടയൻ ഞങ്ങളെ ഉദുമ പാലക്കുന്നിലെ വെങ്കിട്രമണ ടാക്കീസിലേക്ക് ആട്ടിൻപറ്റത്തെയെന്നപോലെ തെളിച്ചുകൊണ്ടുപോയി മഹാത്മാഗാന്ധി എന്ന സിനിമ കാണിച്ചുതന്നത്, പഴയ ഫ്ളാഷ്ബാക്ക് സങ്കേതത്തിലെന്നപോലെ, വട്ടംപൊട്ടിവിടർന്ന്, ഓർമയിൽ വന്നു. എ.കെ. ചെട്ടിയാർ എന്ന മഹാനുഭാവന്റെ ഭഗീരഥപ്രയത്നത്തിന്റെ ഫലമായുണ്ടായ സുദീർഘ ഡോക്യുമെന്ററിയായിരുന്നു അതെന്ന് പിന്നീടാണു മനസ്സിലായത്.
പുണെയിലെ നാഷണൽ ഫിലിം ആർക്കൈവിന്റെ ഡയറക്ടറായിരുന്ന പ്രകാശ് മഗ്‌ദൂം എഴുതിയ ഈ ‘സിനിമാറ്റിക് ബയോഗ്രഫി’യുടെ (ദ് മഹാത്മ ഓൺ സെല്ലുലോയ്‌ഡ്, ഹാർപ്പർകോളിൻസ്, 2022) മുഖച്ചട്ടതൊട്ടു വായന തുടങ്ങിയപ്പോൾ, ആദ്യം ചിരിയാണു വന്നത്. സിനിമ ചതുർഥിയായ, സിനിമയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പലവട്ടം പറഞ്ഞിട്ടുള്ള ഗാന്ധിജിയുടെ ചലച്ചിത്ര ജീവചരിത്രം! ലണ്ടനിൽ രണ്ടാംവട്ടമേശ സമ്മേളനത്തിനു പോയപ്പോൾ (1931) ‘‘ചാർളിചാപ്ലിൻ താങ്കളെ കാണാൻ ആഗ്രഹിക്കുന്നു.’’ എന്ന് സെക്രട്ടറി മഹാദേവ് ദേശായി അറിയിച്ചപ്പോൾ, ‘‘അതാര്?’’ എന്ന് ഒട്ടും തമാശയായല്ലാതെയുള്ള ഗാന്ധിജിയുടെ ചോദ്യമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശകളിലൊന്ന്. ചാപ്ലിൻ ഈ ഗാന്ധിമൊഴി നേരിട്ടു കേട്ടിരുന്നെങ്കിൽ തന്റെ സിനിമകളിൽ പതിവുള്ളതിനെക്കാളും സ്വാഭാവികമായി മോഹാലസ്യപ്പെട്ടു വീണേനെ! ഗാന്ധിജിയെ കാണാൻ താത്‌പര്യമുണ്ടോ എന്ന് തന്നോടു തിരക്കിയപ്പോൾ ‘‘ത്രില്ലടിച്ചു’’ എന്നാണ് ചാപ്ലിൻ ആത്മകഥയിൽ എഴുതുന്നത്. അതെന്തുമാകട്ടെ, ആ കൂടിക്കാഴ്ച സംഭവിച്ചപ്പോൾ സംഭാഷണം എങ്ങനെ തുടങ്ങണമെന്നറിയാതെ ചാപ്ലിൻ കുഴങ്ങി: ‘‘ഞാൻ തന്നെയാണ് സംസാരിച്ചുതുടങ്ങേണ്ടത്, അല്ലാതെ എന്റെ ഏറ്റവും ഒടുവിലത്തെ സിനിമ എങ്ങനെയുണ്ടായിരുന്നു എന്ന് എന്നോടുപറയാൻ പോകുന്ന ഒരാളല്ലല്ലോ ഗാന്ധിജി, അദ്ദേഹം ഏതെങ്കിലും ഒരു സിനിമ കണ്ടിട്ടുണ്ടോ എന്നുതന്നെ സംശയമാണ്.’’

ചാപ്ലിന്റെ സംശയം ഏറക്കുറെ ശരിയുമാണ്. എഴുപത്തിയൊമ്പതുവർഷം നീണ്ട ജീവിതത്തിൽ രണ്ടേരണ്ടു സിനിമകളാണ് മഹാനായ നമ്മുടെ കഥാപുരുഷൻ കണ്ടിട്ടുള്ളത്. ‘മിഷൻ ടു മോസ്കോ’ (1943) എന്ന ഇംഗ്ലീഷ് സിനിമയും ‘രാമരാജ്യ’ (1944) എന്ന ഹിന്ദിസിനിമയും. രണ്ടു സിനിമകളുടെ കാര്യത്തിലും മല മുഹമ്മദിനെ തേടിപ്പോയതാണ്. പ്രൊജക്ടറും പരിവാരങ്ങളുമായി സിനിമക്കാർ ഗാന്ധിജി താമസസ്ഥലത്തേക്കു വന്നു. മുംബൈയിലെ ജുഹു ബീച്ചിൽ താൻ താമസിച്ചിരുന്ന വീടിന്റെ ഉടമയും സുഹൃത്തും വ്യവസായിയുമായ ശാന്തികുമാർ മൊറാർജിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ആദ്യസിനിമ കണ്ടത്. ‘‘എനിക്കിത് ഇഷ്ടപ്പെട്ടില്ല,’’ എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. താൻ ആഗ്രഹിക്കുന്നയത്രയും തുണി അതിലെ ഒരു ‘ആട്ടക്കാരി’യുടെ ദേഹത്തുകാണാഞ്ഞ്, അതുകാണാൻ നിർബന്ധിച്ചവരെ കണക്കിനു വഴക്കു പറയുകയും ചെയ്തു. അതോടെ സിനിമ എന്ന ‘‘കയ്‌പുറ്റ അനുഭവം’’ അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, തനിക്കു പ്രിയപ്പെട്ട കനു ദേശായി, താൻ കലാസംവിധായകനായി പ്രവർത്തിച്ച രാമരാജ്യ കാണണമെന്നു കെഞ്ചിയപ്പോൾ, ഇന്ത്യൻ മനസ്സുപിടിക്കാനായി ‘രാമരാജ്യ’ത്തെക്കുറിച്ച് സദാ ഉദ്‌ഘോഷിച്ചിരുന്ന ഗാന്ധിജിക്ക് നിരസിക്കാനായില്ല. ‘‘ഒരു ഇംഗ്ലീഷ് സിനിമ കാണുകയെന്ന അബദ്ധം കാണിച്ചതുകൊണ്ട് ഒരു ഇന്ത്യൻ സിനിമ കണ്ടേതീരൂ.’’ എന്നു കുസൃതി പറയുകയും ചെയ്തു അദ്ദേഹം. അസുഖബാധിതനായിരുന്ന ഗാന്ധിജി സുഖംപ്രാപിച്ചുവന്നപ്പോൾ ഗാന്ധിജിയുടെ സെക്രട്ടറി ഡോ. സുശീല നയ്യാർ ‘രാമരാജ്യക്കാർക്ക്’ നാല്പതുമിനിറ്റ്‌ നേരം അനുവദിച്ചു. 144 മിനിറ്റ്‌ വരുന്ന സിനിമയുടെ തിരഞ്ഞെടുത്ത ഒന്നരമണിക്കൂർ ഗാന്ധിജി മുഴുകിയിരുന്നു കണ്ടു. അത് മൗനവ്രതനാളായിരുന്നതിനാൽ, സംവിധായകൻ വിജയ് ഭട്ടിന്റെ പുറത്തുതട്ടി അഭിനന്ദിക്കുകയും ചെയ്തു. ആ സ്പർശത്തെക്കുറിച്ച് ഭട്ട് പിന്നീട് പലപ്പോഴും പറയുമായിരുന്നു: ‘‘അധികാരത്തിന്റെ ഇടനാഴികളിൽ നിരങ്ങി നേടിയെടുക്കുന്ന ഏതു പുരസ്കാരത്തെക്കാളും വിലപ്പെട്ടതാണ് മഹാത്മജി എന്റെ പുറത്തുതട്ടിയതിന്റെ അനുഭൂതി.’’ എന്ന്‌. ഗാന്ധിജിയുടെ ഈ ‘അരുതായ്മ’ രഹസ്യമായി സൂക്ഷിക്കാനാഗ്രഹിച്ചിരുന്നെങ്കിലും ‘അദ്‌ഭുതവാർത്ത’ ചോർന്നു: ‘ഇന്നലെ രാത്രി (1944 മേയ് 29) ഒമ്പതുമണിക്ക് ഇന്ത്യൻ ചലച്ചിത്ര വ്യവസായരംഗത്ത് ചരിത്രപരമായ ഒരു സംഭവം നടന്നു. ജുഹുവിലെ പാംബണിൽ മഹാത്മാഗാന്ധിയും മറ്റുള്ളവരും പ്രകാശ് പിക്‌ചേഴ്‌സിന്റെ ‘രാമരാജ്യ’ കണ്ടു. ഇതാണ് മഹാത്മജി കാണുന്ന ആദ്യ ഇന്ത്യൻ സിനിമ’ എന്ന്‌ ന്യൂയോർക്കിലെ മോഷൻ പിക്ചർ ഹെറാൾഡ് കൊട്ടിഘോഷിച്ചു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 34-ാം വർഷത്തിൽ വന്ന ‘ബയോപിക്’, ആറ്റൻബറോയുടെ ഗാന്ധിയെക്കുറിച്ച് വിശദമായിത്തന്നെ ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നു. 1962-ൽ മോത്തിലാൽ കോത്താരി എന്ന ഗാന്ധിഭക്തന്റെ സ്വപ്നത്തിന്റെ ഭാഗമായി, അന്ന് നടനായിരുന്ന റിച്ചാർഡ് ആറ്റൻബറോയുമായിച്ചേർന്ന് ജീവചരിത്രകഥാചിത്രം എടുക്കാൻ തീരുമാനിച്ചു. അതിനുമുമ്പുതന്നെ ഹോളിവുഡിലെ കേമന്മാരും മറ്റുപലരും ഇതേ മോഹവുമായി കുറെ ദൂരം സഞ്ചരിച്ചിരുന്നു. ഡേവിഡ് ലീൻ, കെൻ മക് എൻഡോവ്‌നി, ഗബ്രിയേൽ പാസ്കൽ, ഫഡ് സിന്നമൻ തൊട്ട് നമ്മുടെ വി. ശാന്താറാം വരെ. ഗ്രന്ഥകാരന്റെ അധ്യായശീർഷകം പറയുന്നതുപോലെ ‘ഈ ഗാന്ധിമാർ വെളിച്ചം കണ്ടില്ല.’
1963-ൽ കോത്താരിയും ആറ്റൻബറോയും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിനെക്കണ്ട് സമ്മതവും അനുഗ്രഹവും നേടി. ഓസ്കർ പുരസ്കാരം നേടിയ അലക്സ് ഗിന്നസ് ഗാന്ധിജിയെ അവതരിപ്പിക്കണമെന്നായിരുന്നു നെഹ്രുവിന്റെ ആഗ്രഹം. ഗിന്നസാകട്ടെ, തന്നെപ്പോലൊരു വിദേശിയല്ല, ഇന്ത്യക്കാരൻ തന്നെയാണ് ഗാന്ധിജിയാവേണ്ടത് എന്നുപറഞ്ഞ് പിൻവാങ്ങി. ‘‘എന്തുതന്നെ ചെയ്താലും ഗാന്ധിജിയെ ദൈവമാക്കരുത്, അതു ഞങ്ങൾ ഇന്ത്യക്കാർ വേണ്ടത്ര ചെയ്തിട്ടുണ്ട്. ദൈവമാക്കാൻ കഴിയാത്തത്രയും മഹത്ത്വമുള്ള മനുഷ്യനാണ് ഗാന്ധിജി.’’ -നെഹ്രു പറഞ്ഞു.
അങ്ങനെ, ഇന്ത്യൻ വംശജനായ ബെൻ കിങ്‌സ്‌ലി ഗാന്ധിജിയായി. ഷേക്‌സ്പിയർ നാടകനടനായിരുന്ന കിങ്‌സ്‌ലിയുടെ ആദ്യസിനിമയുമായിരുന്നു. നസിറുദ്ദീൻ ഷാ ഗാന്ധിജിയാവും എന്നായിരുന്നു ഇന്ത്യൻ പ്രേക്ഷകരുടെ പ്രതീക്ഷ. ലണ്ടനിൽ നടന്ന സ്‌ക്രീൻ ടെസ്റ്റിൽ അദ്ദേഹം തഴയപ്പെട്ടു. ചില കള്ളക്കളികൾ അതിനുപിന്നിൽ നടന്നിരുന്നുവെന്ന് ഷാ സംശയിച്ചിരുന്നു. കമൽഹാസന്റെ ഹേ റാമിൽ (2000) ഗാന്ധിജിയാവാൻ കഴിഞ്ഞെങ്കിലും ഷാ അതിൽ തൃപ്തനായിരുന്നില്ല. കസ്തൂർബാഗാന്ധിയായി സ്മിതാ പാട്ടീൽ, ഭക്തി ബാർപെ എന്നിവരും പരീക്ഷിക്കപ്പെട്ടുവെങ്കിലും രോഹിണി ഹത്തങ്കടിയാണു തിരഞ്ഞെടുക്കപ്പെട്ടത്.
ഈ പുസ്തകം വായിച്ചുതാഴെവെച്ചപ്പോൾ ഞാനാലോചിച്ചത് മലയാളസിനിമയിൽ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനത്തെക്കുറിച്ചും ഗാന്ധിജിയുടെ സാന്നിധ്യത്തെക്കുറിച്ചുമാണ്. ആദ്യസിനിമ വിഗതകുമാരൻ (1928) തൊട്ട്, ഗാന്ധിജിയുടെ രക്തസാക്ഷിത്വം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പുറത്തിറങ്ങിയ നിർമല (1948) വരെയുള്ള (നിർമലയുടെ ചില പത്രപ്പരസ്യങ്ങളിൽ ഇങ്ങനെയൊരു വാക്യമുണ്ടായിരുന്നു: ‘എറണാകുളം മേനകയിൽ 22.2.48 ഞായറാഴ്ച മുതൽ മഹാത്മാഗാന്ധിയുടെ ശവസംസ്കാരരംഗങ്ങളടങ്ങിയ ചലനചിത്രം (with English commentary) നിർമല മലയാളചിത്രത്തോടുകൂടി പ്രദർശിപ്പിക്കുന്നു.) ആറുസിനിമകളിലും സ്വാതന്ത്ര്യസമരത്തിന്റെ വിദൂരസൂചനപോലും കാണാനാവില്ല, ഒരു പക്ഷേ, രണ്ടാമത്തെ നിശ്ശബ്ദസിനിമയായ മാർത്താണ്ഡവർമയിൽ ഒഴികെ. തികഞ്ഞ ഗാന്ധിയനായിരുന്ന ആർ. സുന്ദർരാജ് തിരുവിതാംകൂർ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരധ്യായം ചിത്രീകരിച്ചത് (സംവിധാനം: വി.പി. റാവു) ചരിത്രകഥ പറയാൻ മാത്രമാണെന്നു കരുതുകവയ്യ.

ഗാന്ധിജി പൂർണസ്വരാജ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ദേശീയപ്രസ്ഥാനത്തിനു പുത്തനുണർവു കൈവന്ന വേളയിലാണ് മാർത്താണ്ഡവർമയുടെ ചിത്രീകരണം. സിനിമയിലേക്ക്‌ ദേശീയവികാരം സമർഥമായി ഒളിച്ചുകടത്തുകയായിരുന്നുവെന്ന് കരുതണം. സിനിമയിലെ ഒരു ഖണ്ഡം, കഥാസന്ദർഭത്തിനിണങ്ങുന്ന മട്ടിൽ ഇങ്ങനെ എഴുതിക്കാണിച്ച്, തുടങ്ങി: ‘Enough of this agelong tyranny. Ye! Freedom- loving sons of the soil! Gird up your loins and fight for your birth-right. Rise up from your slumber. Awake, arise and stop not till our goal is reached. (പൗരന്മാരേ! ജീവനെ ബലികഴിച്ചും സ്വാതന്ത്ര്യം നേടുവിൻ. സമരാങ്കണത്തിൽ ഇറങ്ങുവിൻ! വിജയലക്ഷ്മി നിങ്ങളെ നിശ്ചയമായും വരിക്കും). പകർപ്പവകാശ പ്രശ്നത്തിൽപ്പെട്ട് നിരോധിക്കപ്പെട്ട (1933) മാർത്താണ്ഡവർമയ്ക്ക് ഒളിച്ചുെവച്ച ആ സ്വാതന്ത്ര്യസമരസന്ദേശം പകരാനായില്ല. 1921-ൽ കാഞ്ചിഭായി ജെ. റാത്തോഡ് ഭക്ത വിദുർ സംവിധാനം ചെയ്തപ്പോൾ, വളരെ പെട്ടെന്നുതന്നെ സെൻസർ ബോർഡിന് കാര്യം പിടികിട്ടിയിരുന്നുവല്ലോ. ‘നിങ്ങൾ ചെയ്യുന്നതെന്താണെന്ന് ഞങ്ങൾക്കറിയാം. അത് വിദുരരല്ല, ഗാന്ധിജിയാണ്. വേല െെകയിലിരിക്കട്ടെ.’ സിനിമ നിരോധിക്കപ്പെട്ടു.

മലയാളസിനിമയിൽ ഗാന്ധിജി അധികവും പ്രത്യക്ഷപ്പെട്ടത് ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ച ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ്. ശ്രീനാരായണഗുരു (1986), യുഗപുരുഷൻ (2010) എന്നീ സിനിമകളിൽ ഗാന്ധിജി പ്രത്യക്ഷപ്പെട്ടു. പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഗർഷോം (1999) എന്ന സിനിമയിൽ കഥാനായകന്റെ മനസ്സാക്ഷിയായാണ് ഗാന്ധിജി ഉടലോടെ വരുന്നത്.
ചലച്ചിത്രവുമായോ ചലച്ചിത്രഗവേഷണവുമായോ ഒരു ബന്ധവുമില്ലാതിരുന്ന ഒരു ഉദ്യോഗസ്ഥൻ, ഗാന്ധിജിയുടെ 150-ാം ജന്മവാർഷികവേളയിൽ സ്വാത്മപ്രചോദിതനായി ഗാന്ധിസംബന്ധിയായ സിനിമകളുടെ ഒരു പട്ടികയുണ്ടാക്കാനായി തുടങ്ങിയദൗത്യം, ഇന്ത്യൻ ചലച്ചിത്രചരിത്രത്തിലെ വിലപ്പെട്ട ഒരു പുസ്തകത്തിനു വഴിയൊരുക്കി. ‘ചലച്ചിത്ര ജീവചരിത്രത്തിന്റെ പ്രവേശകത്തിൽ, മേക്കിങ്‌ ഓഫ് മഹാത്മ (ഹിന്ദിയിൽ, ഗാന്ധി സെ മഹാത്മ തക്, 1996) സംവിധാനംചെയ്ത ശ്യാം ബെനഗൽ പറയുന്നതുപോലെ, സിനിമ എന്ന മാധ്യമത്തിലൂടെ ജീവിച്ചിരിക്കുന്ന മഹാത്മാഗാന്ധിയാണ് ഇതിലുടനീളം. സിനിമ എന്ന കലാരൂപത്തോട് ഒരുകാലത്തും മമതയില്ലാതിരുന്ന ഒരാളോട് ചലച്ചിത്രചരിത്രത്തിന്റെ മധുരപ്രതികാരം!

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..