ഷൂട്ടിങ് ഉണ്ടായിരുന്നോ?’’ ഞാൻ ചോദിച്ചു.
‘‘ഒരു ഡാൻസ് സീക്വൻസ് കഴിഞ്ഞ എട്ടുദിവസമായി ചെയ്യുന്നതാ. ഇന്നാണ് മുഴുവനായത്.’’
എല്ലാവരും ഭക്ഷണമേശയ്ക്കു ചുറ്റുമിരുന്നു. ശരിക്കും സന്തുഷ്ടകുടുംബം എന്നെനിക്ക് തോന്നി. പരിപൂർണമായ സ്നേഹമുള്ളിടത്ത് പരിപൂർണമായ സന്തോഷവുമുണ്ടാകും. പക്ഷേ, അപ്പോൾ ഏതോ ഒരദൃശ്യദേവത മറഞ്ഞിരുന്ന് എന്റെനേർക്ക് അർഥഗർഭമായ ഒരു നോട്ടമെറിഞ്ഞത് ഞാനെങ്ങനെ കാണാൻ!
ആ ദിവസങ്ങൾ ശരിക്കും സന്തോഷകരമായിരുന്നു. ഞാനും ഭാര്യയും ഗുരുവും ഗീതയും. ഞാനും ഗുരുവും അതിരാവിലെ സ്റ്റുഡിയോയിലേക്ക് പോകും. എന്റെ മനസ്സും പ്രസന്നമായിരുന്നു. വിലയ്ക്കുവാങ്ങാം എന്ന നോവൽ എഴുതിത്തീർന്നതുകൊണ്ട് ആ ഭാരം തലയിൽനിന്നൊഴിഞ്ഞുപോയിരുന്നു. ആദ്യമായി കണ്ണുതുറന്ന് എല്ലാം കാണാൻ എനിക്കുകഴിഞ്ഞു. ബിമൽദത്ത് കൂടെയുണ്ടായിരുന്നു. തിരക്കഥ എഴുതാൻതുടങ്ങി. മറ്റുള്ളവരെത്തുംമുമ്പ് അതിരാവിലെ ഞങ്ങൾ സ്റ്റുഡിയോയിലെത്തിയിരുന്നു. രതനാണ് വാതിൽ തുറക്കുന്നതും ഫാനും എ.സി.യുമെല്ലാം പ്രവർത്തിപ്പിക്കുന്നതും. പിന്നെ അയാൾ ചായകൊണ്ടുവരും. ബാഗിൽനിന്ന് സിഗരറ്റെടുത്ത് മേശപ്പുറത്തുവെക്കും.
അപ്പോഴാണ് കഥ, തിരക്കഥ, ഭാവിപരിപാടികൾ എന്നിവയെക്കുറിച്ചുള്ള ചർച്ച ആരംഭിക്കുന്നത്. ഗുരു വളരെ സന്തുഷ്ടനായി കാണപ്പെട്ടിരുന്നു. ഇതിനുമുമ്പത്തെ സിനിമ ചൗദഹ്‌വീം കാ ചാന്ദ് നല്ല ലാഭമുണ്ടാക്കി. പ്രൊഡ്യൂസർ എന്ന നിലയ്ക്ക് ഗുരുവിന് നല്ലപേരും കിട്ടി. അതിനുശേഷം ഗുരു ശരത്ചന്ദ്രന്റെ ‘വൈകുണഠ് കീ വസീയത്’എന്ന സിനിമയിൽ ഗോകുൽ എന്ന പ്രധാന വേഷം അഭിനയിച്ചു. ആ സിനിമയ്ക്കും നല്ലപേരുകിട്ടും എന്നാണ് പ്രതീക്ഷ. അതിന്റെ അടിസ്ഥാനത്തിൽ മറ്റു ചില സിനിമകളിലേക്ക് ഓഫർകിട്ടിയിട്ടുമുണ്ട്.
‘‘അറിയാമോ, ഇപ്പോ എല്ലാവരും അഭിനയിക്കാൻ ക്ഷണിച്ചുകൊണ്ട് എന്റെ പിറകേ കൂടിയിരിക്കയാണ്. കെ. ആസിഫ് ‘ലവ് ആൻഡ് ഗോഡ്’ എന്ന ഒരു സിനിമ ഉണ്ടാക്കുന്നുണ്ട്. ഹീറോയായി ഞാൻ വേണമെന്ന് പറഞ്ഞിരിക്കുന്നു’’
‘‘നല്ലതല്ലേ?’’ഞാൻ ചോദിച്ചു.
‘‘നല്ലതൊക്കെത്തന്നെയാണ്. പക്ഷേ, ഇതിന്റെയെല്ലാം അവസാനമെന്തായിരിക്കും? ഈ പ്രശസ്തിയും പേരും പണവും... ഇതിന് അവസാനമുണ്ടോ? ഒരു ദരിദ്രകുടുംബത്തിലെ അംഗമാണ് ഗുരു. ഒന്നൊന്നായി ലൗകികമായ സുഖങ്ങളുടെ ഉത്തുംഗമായ കൊടുമുടിയിലാണ് അയാളിപ്പോൾ. പേരിനും പ്രശസ്തിക്കുമൊപ്പം വന്നുചേർന്ന അതിമോഹങ്ങളും അനാവശ്യച്ചെലവുകളും സുഹൃത്തുക്കളും ശത്രുക്കളും. പേരിനുപോലുമില്ല വിശ്രമം. ഉറക്കം ഇല്ലേയില്ല. സ്തുതിപാഠകരുടെ നടുവിലായി ജീവിതം. ഇതാണിപ്പോൾ ഗുരു.’
ഇതുതന്നെയാണ് ഗുരുദത്തിന്റെ ട്രാജഡിയും. ഗുരുവിനെ അസ്വസ്ഥനാക്കിയ ട്രാജഡി. തനിക്കുചുറ്റുമുള്ള സ്തുതിപാഠകർക്ക് ചാരിയിരിക്കാനുള്ള തലയണയായി മാറി ഗുരു. എല്ലാവർക്കും വേണ്ടത് ലക്ഷക്കണക്കിനു പണമായിരുന്നു. മധുരതരമായ വാക്കുകളുടെ മായാജാലത്തിനുള്ളിലായിരുന്നു അയാൾ. അയാളുടെ മഹത്ത്വം അറിഞ്ഞ് അംഗീകരിച്ചവരും ഉണ്ടായിരുന്നു. പക്ഷേ, അത്തരക്കാരുടെ എണ്ണം കുറവായിരുന്നു. ചുറ്റും കൂടിനിന്ന് മധുരവചനങ്ങൾകൊണ്ട് മോഹിപ്പിച്ചവർ- നിങ്ങളൊരു ജീനിയസ് ആണ്. യൂ ആർ ഗ്രേറ്റ്. നിങ്ങളൊരു മഹാനാണ് എന്നിങ്ങനെ പ്രശംസാവചനങ്ങൾകൊണ്ട് മൂടുന്നവരുടെ തിക്കുംതിരക്കുമായിരുന്നു ചുറ്റിലും. ഈ അവസ്ഥയിലാണ് ഞാൻ ബോംബെയിലെത്തുന്നത്. ഒരു ദുവസം ഗുരു എന്നോട് പറഞ്ഞു:
‘‘ബിമൽ ബാബു, താങ്കൾ ബോംബെയിൽ താമസമാക്കൂ’’
‘‘ബോംബെയിലോ? ഞാനോ?’’
‘‘ഒരുകാലത്ത് എനിക്ക് അഭിനയത്തിലായിരുന്നു താത്പര്യം. പക്ഷേ, അന്നാരും ചാൻസ് തന്നില്ല. ഞാൻ ഡയറക്ടറും പ്രൊഡ്യൂസറും മാത്രമായി. പിന്നെ എന്റെ സുഹൃത്ത് ദേവാനന്ദാണ് എനിക്ക് ചാൻസ് തന്നത്’’
‘‘പക്ഷേ കഥകളെക്കുറിച്ച് നിങ്ങൾക്കറിവുണ്ടായതെങ്ങനെയാണ്?’’
‘‘കുട്ടിക്കാലത്ത് അച്ഛൻ ഓഫീസിൽനിന്ന് പുസ്തകങ്ങൾ കൊണ്ടുവരാറുണ്ടായിരുന്നു. അദ്ദേഹത്തിന് നല്ല വായനശീലമുണ്ടായിരുന്നു. മക്കളിൽ എനിക്കും ആത്മയ്ക്കും മാത്രമാണ് വായനയിൽ താത്പര്യമുണ്ടായിരുന്നത്. മറ്റു രണ്ടുപേർക്കും അതൊട്ടുംതന്നെയില്ല. വളരെ ചെറുപ്പത്തിൽ മോപ്പസാങ്ങിന്റെ മുഴുവൻ കഥകളും ഞാൻ വായിച്ചിരുന്നു. അതിനുശേഷം വായിച്ച കഥകളിൽ ഇഷ്ടപ്പെട്ടതെല്ലാം ഗുരുവിന്റെ ഓർമയിൽ തങ്ങിനിന്നു. അന്ന് പുസ്തകംവാങ്ങി വായിക്കാനുള്ള പണം കൈയിലുണ്ടായിരുന്നില്ല.
സിനിമയെക്കുറിച്ചറിയാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അതിന് ഒരുവഴിയുമുണ്ടായിരുന്നില്ല. ഇപ്പോൾ ഇവിടെ വരുത്താത്ത പത്രമാസികകളില്ല. ഇംഗ്ളണ്ടിൽനിന്നുപോലും വരുത്തുന്നുണ്ട് മാസികകൾ. പുസ്തകങ്ങൾ ധാരാളമുണ്ട് വീട്ടിൽ. വായനക്കാരില്ലെന്നത് കഷ്ടം ഞാൻ ശ്രോതാവു മാത്രമായി’’.
‘‘അങ്ങനെയിരിക്കെ ഒരുദിവസം സ്റ്റേറ്റ്‌സ്‌മേൻ പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരുകഥ കണ്ണിൽപ്പെട്ടു. ഏതോ പുതിയ എഴുത്തുകാരൻ. എഴുത്തും അത്ര മുന്തിയതായിരുന്നില്ല. പക്ഷേ, കഥ എന്റെ മനസ്സിലേക്കു കയറി, അവിടെ താവളമുറപ്പിച്ചു. കൊല്ലങ്ങൾ കഴിഞ്ഞിട്ടും ആ കഥ ഞാൻ മറന്നില്ല. ഞാനാ കഥ സിനിമയാക്കി- ‘പ്യാസാ’. സിനിമ വിജയിച്ചു. പ്രയത്നം സാർഥകമായി. പേരും പ്രശസ്തിയും പണവും കിട്ടി’’
‘‘കേൾക്കൂ, നിങ്ങളുടെ ഇഷ്ടത്തിന് ഗസ്റ്റ്ഹൗസിലോ മറ്റെവിടെയെങ്കിലുമോ താമസിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് ഞാനൊരു ഫ്ളാറ്റ് ഏർപ്പാടാക്കിത്തരാം’’
‘‘ഇല്ല, ഇപ്പോൾ അത് സാധിക്കുമെന്നുതോന്നുന്നില്ല. കുറെ മുമ്പായിരുന്നെങ്കിൽ ഒരുപക്ഷേ, അതേക്കുറിച്ച് ചിന്തിക്കാമായിരുന്നു’’
‘‘നിങ്ങൾ കൂടെയുണ്ടായിരുന്നെങ്കിൽ നന്നായേനെ. ബോംബെയിൽ കഥയെഴുത്തുകാർ കുറവാണ്. ഇവിടത്തെ പല സാഹിത്യകാരന്മാരെക്കൊണ്ടും ഞാൻ കഥയെഴുതിച്ചു. മാസങ്ങളോളം അവർക്ക് പണം കൊടുത്തുകൊണ്ടിരുന്നു. പക്ഷേ, കഥ പൂർത്തിയാക്കിക്കൊണ്ടുവന്ന് വായിക്കുമ്പോൾ എനിക്കു ചിരി വരും’’.ഗുരു കുറെ എഴുത്തുകാരുടെ പേരുപറഞ്ഞു. ആ പേരുകൾ ഇവിടെ പറയുന്നത് ശരിയല്ല. ഞാൻ ഗുരുവിനോട് ബംഗാളിലെ പ്രശസ്തരായ ചില എഴുത്തുകാരുടെ കഥകൾ വായിക്കണമെന്നുപദേശിച്ചു.
‘‘എനിക്കൊരു ലിസ്റ്റ് ഉണ്ടാക്കിത്തന്നാൽ മതി. ഞാൻ പുസ്തകങ്ങൾ വാങ്ങിപ്പിക്കാം’’ ഞാൻ ലിസ്റ്റുണ്ടാക്കിക്കൊടുത്തു. ആരെയും ഒഴിവാക്കിയില്ല. ചർച്ചചെയ്യപ്പെട്ട നല്ല പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. അഞ്ഞൂറുരൂപയോളം ചെലവാക്കി ഗുരുവിന്റെ ഡിസ്ട്രിബ്യൂട്ടർ പുസ്തകങ്ങളെല്ലാം വാങ്ങി ഗുരുവിനയച്ചുകൊടുത്തു.
‘‘ഇനി ഇതെല്ലാം ഓരോന്നായി ഇരുന്നു വായിക്കാം.’’ ഗുരു പറഞ്ഞു.
അത്തവണ ഞാനവിടെയുണ്ടായിരുന്ന ദിവസങ്ങളിൽ ഗുരുവിന് സന്തോഷം പകരാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. പക്ഷേ, ഞാൻ മടങ്ങിപ്പോകുന്നതിനുമുമ്പുതന്നെ മറ്റൊരപകടം സംഭവിച്ചു. ഭയാനകവും വേദനാജനകവുമായ ഒരുസംഭവം. അതേക്കുറിച്ചു പറയുന്നതിനുമുമ്പ് മറ്റൊരുകാര്യം പറയേണ്ടതുണ്ട്. സംഭവം നടക്കുന്നതിന്റ തലേന്നുപോലും ആർക്കും ഒന്നും അറിയുമായിരുന്നില്ല. അതിന്റെ ഒരു സൂചനയുമുണ്ടായിരുന്നില്ല. വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ കഴിഞ്ഞതും സംഭാഷണങ്ങളിലേർപ്പെട്ടതും. മടങ്ങുന്നതിന്റെ തലേന്ന് മാത്രമല്ല, ഞാനവിടെയുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം ഗുരു എന്നോട് ഒരുപാടുകാര്യങ്ങൾ സംസാരിച്ചു. മാർച്ച് 18-ന് ഞങ്ങൾ നാലുപേരും ഒരുമനസ്സോടെയാണ് ഒരുമിച്ചിരുന്ന് സംസാരിച്ചത്.
കഴിഞ്ഞ കുറച്ചുദിവസമായി ഗീത എന്നും പറയാറുള്ള കാര്യം അന്നും ആവർത്തിച്ചു:
‘‘ഭാഭീജി ബോംബെക്കു വന്നിട്ട് ഇതുവരെ ബോംബെ കാണിക്കാൻ പുറത്തുകൊണ്ടുപോയില്ല.’’
ഗുരു വളരെ നല്ലമൂഡിലാണെന്നു തോന്നി. എല്ലാവരെയുംകൂട്ടി പുറപ്പെട്ടു. രണ്ടുകാറുകളിലായി ലോനാവാലയിലേക്ക് പുറപ്പെട്ടു. ഒരു കാറിൽ ഗുരുവിന്റെ അമ്മ വാസന്തിദേവിയും എന്റെ ഭാര്യയും ഗീതയും ബേബിയും. മുമ്പിലത്തെ കാറിൽ ഞാനും ഗുരുവും. ബേബി അമൃതറായ് എന്ന പേരിൽ ‘ഗുൽമോഹർ’എന്ന സിനിമയിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..