രണ്ടുവർഷവും അഞ്ചു മാസവുമാണ് കളക്ടറായി ഞാൻ കോഴിക്കോട്ട് കഴിഞ്ഞത്. മകൻ രണ്ടാം ക്ലാസിലും മകൾ യു.കെ. ജി.യിലും പഠിത്തം ആരംഭിക്കുന്ന കുടുംബ ജീവിതത്തിന്റെ പ്രധാന ഘട്ടം. മക്കളെ കേന്ദ്രീയ വിദ്യാലയത്തിൽ ചേർക്കണം എന്ന ഒരാശയം പരിഗണിക്കപ്പെട്ടെങ്കിലും ഒരു പ്രായോഗിക യുക്തിയാൽ അതുമായി മുന്നോട്ടുപോയില്ല. ഞാൻ ഭാര്യയോട് പറഞ്ഞു: ‘‘കോഴിക്കോട് പോലെയൊരു ജില്ലയിൽ എത്രകാലം കളക്ടറായിരിക്കുമെന്നു നിശ്ചയിക്കാൻ കഴിയില്ല. ചെറിയ പ്രശ്നംമതി മറ്റൊരു ജില്ലയിലേക്ക് ‘തട്ടാൻ.’ അവിടെ കേന്ദ്രീയവിദ്യാലയം ഉണ്ടാവണമെന്നില്ല.’’ നാലുവർഷംകൊണ്ട് മൂന്ന് ജില്ലയും നാല് ജോലിയും പരിചയിച്ച അനുഭവത്തിൽ ആ സാധ്യത തള്ളിക്കളയാവതല്ലെന്ന് സഹധർമിണിക്കും തോന്നി. ഓരോ സ്ഥലംമാറ്റത്തിലും കൂടുതൽ കഷ്ടപ്പെടുക വീട്ടുകാരിയാണല്ലോ. പ്രത്യേകിച്ച് കുഞ്ഞുങ്ങൾ ചെറുതായിരിക്കെ. അങ്ങനെ മക്കളെ സെയ്‌ൻറ് ജോസഫ്‌സ് സ്കൂളിൽ ചേർത്തു. കളക്ടർ ജീവിതം ആരംഭിച്ചപ്പോൾ വീട്ടിൽ ഞാൻ ഒരു നയം വ്യക്തമാക്കി: ‘‘സമയത്ത് വീട്ടിൽ ഊണുകഴിക്കാൻ വരുമെന്നോ, സാധാരണ ആളുകൾ ഓഫീസിൽ നിന്നു മടങ്ങുന്ന സമയത്ത് തിരികെ എത്തുമെന്നോ ഉള്ള ഒരു ഗാരന്റിയും ഞാൻ ഈ കാലയളവിൽ തരുന്നില്ല. അതുകൊണ്ട് എന്നെ കാത്തിരുന്നു വിശക്കരുത്.’’ എന്റെ ആ ജീവിതശൈലി കാരണം ആദ്യകാലത്ത് കുട്ടികളുടെ പഠിത്തത്തിൽ വേണ്ടത്ര ശ്രദ്ധിക്കാത്ത പിതാവെന്ന അപഖ്യാതി എന്റെമേൽ പതിഞ്ഞു കിടപ്പുണ്ട്. അത് തെറ്റായ ആരോപണമാണെന്ന മറുവാദം ഉന്നയിക്കാൻ ഞാൻ ആളല്ല.
സബ് കളക്ടർ ജീവിതത്തിന്റെ തുടർച്ചയും വിപുലനവുമായിട്ടാണ് കളക്ടർ ജീവിതം എനിക്ക് അനുഭവപ്പെട്ടത്. ജില്ലയുടെ ഭൂമിശാസ്ത്രം, രാഷ്ട്രീയം, ജനങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ, നഗരത്തിലെ സമവാക്യങ്ങൾ, എല്ലാം എനിക്ക് സുപരിചിതം. പുതുതായി നിയമിക്കപ്പെടുന്ന ഒരു കളക്ടർക്ക് മൂന്നു മാസമെടുക്കും തന്റെ ജില്ലയെക്കുറിച്ചുള്ള ഒരു ത്രിമാനചിത്രം രൂപപ്പെടുത്താൻ. ആ ഘട്ടം എനിക്ക് വേണ്ടിവന്നില്ല. ഞാൻ സബ് കളക്ടറായിരിക്കെ എ.ഡി.എം. ആയിരുന്ന പക്വമതിയായ നാരായണക്കുറുപ്പ് പിന്നീട് കളക്ടറായി. അദ്ദേഹം വിരമിച്ച ഒഴിവിലാണ് ഞാൻ സ്ഥാനമേറ്റത്. നേരത്തേ കോഴിക്കോട് തഹസിൽദാർ ആയിരുന്ന പത്മനാഭക്കുറുപ്പു ഞാനെത്തുമ്പോൾ എ.ഡി.എമ്മായി. ഡെപ്യൂട്ടി കളക്ടർമാർ, ബ്ലോക്ക് ഡെവലപ്‌മെൻറ്റ് ഓഫീസർമാർ, മറ്റു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ എന്നിങ്ങനെ പരിചിതരുടെ ഒരു വലിയ വ്യൂഹത്തിലേക്കാണു ഞാൻ കളക്ടറായെത്തുന്നത് . സഹപ്രവർത്തകരുമായി പുലർത്തുന്ന വിശ്വാസവും സ്നേഹബന്ധവുമാണ് ഉദ്യോഗത്തിലെ വലിയ സമ്പത്ത്. ആ വിശ്വാസവും സ്നേഹബന്ധവും ഔദ്യോഗിക ശ്രേണികളെയും സ്ഥാനങ്ങളെയും വിരമിക്കലിനെയുമെല്ലാം അതിലംഘിച്ച് ജീവിതാവസാനംവരെ പ്രകാശിക്കുകയും ചെയ്യും. ഇത് അനുഭവസാക്ഷ്യം. ജീവിതസായാഹ്നത്തിൽ ആ സുവർണ നിക്ഷേപത്തിന്റെ പലിശ കൃത്യമായി കിട്ടിക്കൊണ്ടിരിക്കുന്നവനാണ് ഞാൻ.
കോഴിക്കോട്ദിനങ്ങളെക്കുറിച്ച് എഴുതാൻ തുടങ്ങുമ്പോൾ കടൽത്തിരകൾപോലെ മനസ്സിന്റെ മണൽപ്പരപ്പിലേക്ക് ഒന്നിനുപിറകെ ഒന്നായി ഓർമകൾ ചുരുൾ നിവരുന്നു. ചെറുതും വലുതുമായ എത്രയെത്ര സംഭവങ്ങൾ; പ്രശസ്തരും അപ്രശസ്തരുമായ എത്രയെത്ര വ്യക്തികൾ, ഓർമയിൽ ബാക്കിയാവുന്ന എത്രയെത്ര നിറഭേദങ്ങൾ ! അവയിൽനിന്ന് ഏതാനും ചിത്രങ്ങൾമാത്രം ഇവിടെ കോറിയിടട്ടെ.
1987-ലെ നെഹ്രുട്രോഫി അന്താരാഷ്ട്ര ഫുട്‌ബോ ൾ മത്സരം കോഴിക്കോട്ടുവെച്ച് നടത്താമോ എന്ന് സംസ്ഥാന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡൻറ്റ് ലക്ഷ്മണനും മറ്റു ഭാരവാഹികളും നേരിട്ടുവന്ന് എന്നോടന്വേഷിച്ചു. മുൻ മേയറായിരുന്ന സി.ജെ. റോബിനാണ് ഇവരെയും കൂട്ടി വന്നത്. ഞാനൊരു ഫുട്ബോൾ കളിക്കാരനല്ല. കളി കണ്ടിരുന്നാൽ മുഷിയില്ല എന്നല്ലാതെ ഒരവകാശവാദവും എനിക്കില്ല. ഒരന്താരാഷ്ട്ര മത്സരത്തിന് ആതിഥ്യമരുളാൻ എന്തൊക്കെ വേണം? ലോകനിലവാരമുള്ള സ്റ്റേഡിയംവേണം, രാത്രി കളി നടത്താൻ സ്റ്റേഡിയത്തിൽ ഫ്ളഡ്‌ലൈറ്റ് വേണം, കാണികൾക്കിരിക്കാൻ ഗാലറി വേണം, വിദേശ ടീമുകൾക്ക് താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ വേണം, അങ്ങനെ പലതും വേണം. ഇവയൊന്നും അന്നത്തെ കോഴിക്കോട്ടില്ല. ആകെയുള്ളത് പന്തുകളിയോടുള്ള ഒടുങ്ങാത്ത ആവേശംമാത്രം. ‘‘ഇതെല്ലാമുള്ള മറ്റേതെങ്കിലും നഗരം അന്വേഷിക്കൂ’’ എന്ന സ്വാഭാവിക മറുപടി പറയാതിരുന്നത് ദൈവാനുഗ്രഹം. പകരം ഞാൻചോദിച്ചു: ‘‘സമയം എത്രയുണ്ട് നമ്മുടെ കൈവശം?’’ കഷ്ടിച്ച് ആറു മാസമുണ്ടായിരുന്നു എന്നാണോർമ. ഞാൻ എണീറ്റ് ഹസ്തദാനത്തിനായി കൈനീട്ടി: ‘‘അപ്പോൾ ഈ വരുന്ന നെഹ്രുട്രോഫി അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരം നമ്മൾ കോഴിക്കോട്ടുെവച്ച് നടത്തുന്നു.’’ ഏതോ പ്രചോദനത്താൽ നാടകീയമായി ഞാൻ അവരെ അറിയിച്ചു. തെല്ല് അവിശ്വാസത്തോടെയും എന്നാൽ, ഒട്ടു പ്രതീക്ഷയോടെയും അവർ പരസ്പരം നോക്കുന്നുണ്ടായിരുന്നു.
കോഴിക്കോടിന്റെ അന്നത്തെ അവസ്ഥയിൽ അതൊരു സാഹസിക തീരുമാനമായിരുന്നു. ജനപ്രതിനിധികളെയും പൗരമുഖ്യരെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയും അടിയന്തരമായി ക്ഷണിച്ചുവരുത്തി വിശദമായ ചർച്ച നടത്തി. ‘‘അസാധ്യമായതു നമുക്ക് ചെയ്യാം.’’ എന്ന് ഒരു നഗരം ഒരുമിച്ചു പറഞ്ഞു. േസ്റ്റഡിയം പണിയണം; സ്റ്റേഡിയത്തിൽ പുല്ലുവെച്ചുപിടിപ്പിക്കണം. പഞ്ചനക്ഷത്ര നിലവാരമുള്ള ഹോട്ടലുകൾ വേണം. നഗരത്തിൽ അന്ന് പഞ്ചനക്ഷത്രം പോയിട്ട് രണ്ടോ മൂന്നോ നക്ഷത്രമെങ്കിലുമുള്ള ഹോട്ടലുകൾതന്നെ വിരളം. അന്ന് കോഴിക്കോട് നഗരസഭ നിലവിലില്ല. സാങ്കേതികമായ എന്തോ കാരണത്താൽ തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേഷൻ കൗൺസിലും മേയറും ഇല്ല. ജില്ലാ കളക്ടർക്കാണ് പൂർണചുമതല. അത് ഒരു വലിയ അവസരമായി. സ്റ്റേഡിയം കോർപ്പറേഷന്റെ വകയാണല്ലോ.
വിപുലമായ കമ്മിറ്റികൾ രൂപവത്‌കരിച്ചു. കമ്മിറ്റികൾ ആവേശപൂർവമുള്ള പ്രവർത്തനങ്ങളിൽ മുഴുകി. സ്റ്റേഡിയം രൂപകല്പന ചെയ്യാൻ പ്രശസ്ത ആർക്കിടെക്ട് എൻ.എം. സലീമിനെ ഏൽപ്പിച്ചു. പണിയേറ്റെടുക്കാൻ കരാർ ക്ഷണിച്ചു. സൗദിയിൽനിന്ന് മടങ്ങിയെത്തിയ തൃശ്ശൂർക്കാരൻ യുവാവായ മുഹമ്മദ് സക്കീർ നിശ്ചിത സമയത്തിനുള്ളിൽ ഗാലറി പണിയുന്ന പ്രവൃത്തി കരാറെടുത്തു. ഈ കുറിപ്പെഴുതാൻ ആരംഭിക്കുമ്പോൾ പത്രത്തിന്റെ ചരമകോളത്തിൽ സക്കീറിന്റെ മുഖം ഞാൻ കാണാനിടയാവുന്നു. ഉന്നതവിദ്യാഭ്യാസംകൊണ്ടും സാങ്കേതികപരിജ്ഞാനം കൊണ്ടും മാന്യമായപെരുമാറ്റംകൊണ്ടും വ്യത്യസ്തനായ ഒരു കോൺട്രാക്ടറായിരുന്നു സക്കീർ. ഈ ലക്കം വായിക്കാതെപോയ സക്കീറിന്റെ ഓർമയ്ക്കുമുമ്പിൽ, 45 വർഷംമുമ്പുള്ള ആ ദിവസങ്ങളുടെ ധന്യതയിൽ ഞാനൊന്നു നിശ്ശബ്ദനായി നിന്നുകൊള്ളട്ടെ.
ടൂർണമെൻറ്റ് നടത്തിപ്പുമായി നേരിട്ട് ബന്ധപ്പെട്ട അനേകം പ്രവർത്തനങ്ങളും സ്റ്റേഡിയം നിർമാണവും ഫ്ളഡ്‌ലൈറ്റ് സ്ഥാപിക്കലുമെല്ലാം ഒരു ഭാഗത്തു നടക്കുമ്പോൾ കളക്ടർ എന്ന നിലയിലും മേയർ എന്ന നിലയിലും ഞാൻ വേറെ ചില പരിപാടികൾ ഏറ്റെടുത്തു. കളി കഴിഞ്ഞ് ആളും ആരവവും ഒഴിഞ്ഞാലും ഈ നഗരത്തിന് എന്ത് മിച്ചമുണ്ടാവും? സ്ഥായിയായ നേട്ടങ്ങൾ ഉണ്ടാവണ്ടേ? റോഡ് വികസനത്തിൽ ചിലതൊക്കെ ചെയ്യാൻ കഴിയും എന്ന് മനസ്സിലാക്കി. ഒച്ചിഴയുംപോലെ നീങ്ങിക്കൊണ്ടിരുന്ന സ്ഥലമെടുപ്പ് നടപടികളിൽ കുടുങ്ങി നഗരനിരത്തുകൾ ശ്വാസം മുട്ടുകയായിരുന്നു. സമയക്ലിപ്തതയില്ലാതെ നടന്നുകൊണ്ടിരുന്ന വിവിധ റോഡുകളുടെ വികസനം, കോറണേഷൻ തിയേറ്ററിനുമുന്നിലെ റോഡ്, എൽ.ഐ.സി. കെട്ടിടത്തിന്റെയും മാനാഞ്ചിറ മൈതാനത്തിനുമിടയ്ക്കുള്ള റോഡ് എന്നിവയുടെ വീതി കൂട്ടൽ, അരയിടത്തുപാലംമുതൽ ആരംഭിക്കുന്ന ബൈപ്പാസിന്റെ നിർമാണം എന്നിങ്ങനെ നഗരത്തിനുള്ളിലും വെളിയിലുമായി മന്ദഗതിയിൽ നടന്നുകൊണ്ടിരുന്ന റോഡുപണികൾക്ക് നെഹ്രുട്രോഫിയുടെ പേരിൽ സമയപരിധിയുണ്ടായി. പൊതുമരാമത്തും നാഷണൽ ഹൈവേയും ഈ യത്നത്തിൽ പങ്കാളികളായി. സ്ഥലമെടുപ്പ് തുടങ്ങിയ കാര്യങ്ങളിൽ റവന്യൂ വകുപ്പും ജാഡ്യം വിട്ടെഴുന്നേറ്റു. ടൂർണമെൻറ് തുടങ്ങുംമുമ്പ് എല്ലാം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിൽ സർക്കാർ വകുപ്പുകളും ജനങ്ങളും ഒരേപോലെ ചിന്തിച്ചു. രാഷ്ട്രീയനേതൃത്വവും ഒപ്പം നിന്നു. ജില്ലയിലെ എം.എൽ.എ.മാരും എം.പി.മാരുമെല്ലാം ഈ ആവേശത്തിൽ പങ്കുകൊണ്ടു. ചില പ്രബലരുടെ മതിലും കടയുമൊക്കെ രായ്ക്കുരാമാനം പൊളിച്ചതും ഫോൺ കിട്ടാത്ത ഒരു റെസ്റ്റ് ഹൗസിൽ പോയി ഞാൻ രാത്രി കിടന്നതും ഓർമയുണ്ട്. മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തിന്റെ അനുഗ്രഹം! പൊളിച്ചു തീരുന്നതുവരെയും ഒരു സമ്മർദവും എന്നെത്തേടി വന്നില്ല.
കോഴിക്കോട്ട് പറഞ്ഞു പതിഞ്ഞുപോയ ഒരു ചൊല്ലുണ്ട്: ‘‘വാസ്കോഡ ഗാമ ഇപ്പോൾ കോഴിക്കോട്ട് വന്നാലും വഴി തെറ്റില്ല’’ എന്ന്. ഈ മുരടിപ്പിന് ചെറിയ ശമനമുണ്ടാക്കാൻ മേയറുടെ അധികാരം ഉപകരിച്ചു. അന്ന് നഗരത്തിലെ തെരുവുവിളക്കുകളെല്ലാം ട്യൂബ്‌ലൈറ്റുകളായിരുന്നു. ഹാലൊജൻ, എൽ.ഇ. ഡി. ലൈറ്റുകളൊക്കെ പ്രചാരത്തിൽ വരുന്നതിനുമുമ്പ്, സോഡിയം വേപ്പർ ലാമ്പ് ആയിരുന്നു ഏറ്റവും ആധുനികമായ നഗരവിളക്ക്. ആദ്യമായി മാവൂർറോഡിൽ റോഡിന്റെ മധ്യത്തിൽ സ്ഥാപിച്ച സോഡിയം വേപ്പർ ലാമ്പുകൾ കാണാൻമാത്രം ആളുകൾ ദൂരെനിന്ന് വന്നു. മാനാഞ്ചിറ മൈതാനം ഇപ്പോഴത്തെപ്പോലെ ഒറ്റ ഉദ്യാനമല്ല അന്ന് (അത് പിന്നീട് അമിതാഭ് കാന്തിന്റെ കാലത്തെ പരിഷ്കാരമാണ്). മൈതാനത്തിനും ചിറയ്ക്കും ചുറ്റും കമനീയമായ വിളക്കുകളും ചെടിച്ചട്ടിയുമൊക്കെ സ്ഥാപിച്ചു. നഗരത്തിലെ റോഡുകളിൽ കൃത്യമായ ബോർഡുകൾ സ്ഥാപിച്ചു. ഒലിവ് പച്ചയും ഇളംമഞ്ഞയും എന്ന നിറങ്ങളിലായിരിക്കണം കോർപ്പറേഷൻ ബോർഡുകൾക്ക് എന്ന് വ്യവസ്ഥചെയ്യുകയും എങ്ങും പുതിയ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഇംഗ്ളീഷുകാരുടെ പേരുകൾ അപ്പോഴും പേറിയിരുന്ന റോഡുകൾക്ക് പുതിയ പേരുകൾ നൽകി. അങ്ങനെയാണ് ഇന്ദിരാ ഗാന്ധി റോഡും പി.ടി. ഉഷ റോഡും കെ.പി. കേശവ മേനോൻ റോഡും എല്ലാം നിലവിൽവരുന്നത്. നാലഞ്ചുമാസം നഗരത്തിൽ ഉത്സവ പ്രതീതിയായിരുന്നു. മുറ്റത്തു പന്തൽകെട്ടി വിവാഹങ്ങൾ നടന്നിരുന്നല്ലോ പണ്ടൊക്കെ. വിവാഹത്തലേന്നുള്ള ഭവനം പോലെയായിരുന്നു നഗരം. പണികൾ നടക്കുന്നിടത്തെല്ലാം രാത്രിയും പകലും ആളുകൾ ഉത്സാഹത്തോടെയും കൗതുകത്തോടെയും പങ്കാളിത്ത ബോധത്തോടെയും കൂടിനിന്നു. എല്ലാ പ്രവൃത്തികളും യഥാസമയം തീരുമോ എന്ന ആശങ്ക പരസ്പരം പങ്കുെവച്ചു. രാത്രി വളരെ വൈകി സ്റ്റേഡിയം നിർമാണം നടക്കുന്നിടത്തോ മറ്റേതെങ്കിലും സൈറ്റിലോ ചെല്ലുമ്പോൾ ആളുകൾ ചുറ്റുംകൂടി കാര്യങ്ങളൊക്കെ ചോദിക്കും. വിലപ്പെട്ട ഒരുപാടു വിവരങ്ങൾ ആ സംഭാഷണത്തിലൂടെ എനിക്കും കിട്ടിയിരുന്നു. പലപ്പോഴും അവരിലാരെങ്കിലും കളക്ടർക്ക് കട്ടൻചായയുമായി വരും.
ഇതൊക്കെ ചെയ്യാൻ എനിക്ക് ധൈര്യമുണ്ടായതും ചിലരെയെങ്കിലും ചൊടിപ്പിച്ച ‘സ്പീഡിന്’ തിക്തമായ അനന്തരഫലങ്ങൾ ഉണ്ടാകാതിരുന്നതും മുഖ്യമന്ത്രിയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയാണ്. പ്രവൃത്തികൾ ഫുൾസ്പീഡിൽ ആരംഭിക്കുന്നതിനു രണ്ടാഴ്ചമുമ്പ് ഞാൻ മുഖ്യമന്ത്രി കരുണാകരനെ കാണാൻ തിരുവനന്തപുരത്തെത്തി. മനസ്സിലുള്ള പരിപാടികളൊക്കെ അദ്ദേഹത്തോട് വിശദീകരിച്ചു. നഗരവികസനത്തിന് ഇതൊരു നല്ല അവസരമാണെന്നും ആളുകളുടെ പൂർണ സഹകരണമുണ്ടെന്നും സർക്കാരിന്റെ പിന്തുണയുണ്ടെങ്കിൽ ഫുട്‌ബോൾ ആരംഭിക്കുന്നതിനുമുമ്പ് എല്ലാം പൂർത്തിയാക്കാമെന്നും ഞാൻ ധരിപ്പിച്ചു. ‘‘കോഴിക്കോടിന്റെ മുഖച്ഛായ മാറ്റാം സർ. പക്ഷേ, എന്നെക്കുറിച്ച് ഒരുപാട് പരാതികൾ സർക്കാരിൽ വരും. സാറിന്റെ സംരക്ഷണമുണ്ടെങ്കിൽ ഏല്ലാം നടക്കും.’’ കളക്ടറുടെ ആത്മവിശ്വാസം ഒറ്റ നോട്ടത്തിലൊന്നു വിലയിരുത്തിയശേഷം അദ്ദേഹം പറഞ്ഞു: ‘‘ഗോ എഹെഡ്.’’ ആ പച്ചക്കൊടിയായിരുന്നു എന്റെ കവചം. എന്റെ പേരിൽ പരാതികളും ആരോപണങ്ങളും തീർച്ചയായും ചെന്നിരിക്കും. അദ്ദേഹത്തിന്റെ വാക്ക് എന്നെ സംരക്ഷിതനാക്കി.
ഇതിനിടെ കലാപരമായ ഒരു കഥകൂടി പറയാം. അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരത്തിന്റെ ഉദ്ഘാടനം വർണപ്പകിട്ടുള്ളതാക്കണം എന്ന് തീരുമാനിക്കപ്പെട്ടു. അനേകം കലാരൂപങ്ങളുടെ പ്രദർശനവും മറ്റും ബന്ധപ്പെട്ട കമ്മിറ്റി ആസൂത്രണം ചെയ്യുകയാണ്. അപ്പോഴാണ് ഒരു സ്വാഗതഗാനം വേണം എന്ന ആവശ്യമുയരുന്നത് . എന്നോട് എഴുതാനൊക്കെ പലരും പറഞ്ഞെങ്കിലും ഒ.എൻ.വി. സാറിനെക്കൊണ്ട് എഴുതിക്കാമെന്നു തീരുമാനിച്ചു. അനേകംപേർ ചേർന്ന് ആലപിക്കേണ്ട ഗാനം ചിട്ടപ്പെടുത്താൻ പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിനെ ബന്ധപ്പെട്ടു. അദ്ദേഹം വന്നു; എന്നോടൊപ്പമായിരുന്നു താമസം. അദ്ദേഹം വന്നെങ്കിലും സ്വാഗത ഗാനം എഴുതിക്കിട്ടാൻ ഒരു നാലഞ്ചുദിവസം വൈകി. സംഗീത സംവിധായകൻ ഒന്നും ചെയ്യാനില്ലാതിരിക്കുന്നതുകണ്ട് ഞാൻ പറഞ്ഞു: ‘‘എപ്പോഴോ ഞാൻ കുറിച്ചിട്ട നാലു വരികളാണ്. ഒന്ന് നോക്കൂ.’’ വായിച്ചു നോക്കിയിട്ട് അദ്ദേഹം പറഞ്ഞു: ‘‘നല്ല വരികൾ; ഞാനൊന്നു നോക്കട്ടെ.’’ വൈകീട്ട് ഞാൻ ചെല്ലുമ്പോൾ ആ വരികൾ അദ്ദേഹം പഹാഡി രാഗത്തിൽ ചിട്ടപ്പെടുത്തി കേൾപ്പിച്ചു. ആ നാലുവരികൾക്കുണ്ടായ പരിണാമം അദ്‌ഭുതകരമായിരുന്നു. ബാക്കി വരികൾ അദ്ദേഹം ആവശ്യപ്പെട്ടു. പിറ്റേന്ന് ഞാൻ പാട്ടിന്റെ പൂർണരൂപം എഴുതിയേൽപ്പിച്ചു.
ചില്ലിട്ട വാതിലിൽ വന്നു നിൽക്കാമോ
മെല്ലെ തുറന്നു തരാമോ?
ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
മൗനാനുവാദം തരാമോ?...’
‘‘ഇതുപോലെ ഒരു എട്ടു പാട്ടുകൾ കൂടി എഴുതൂ. നമുക്ക് യേശുദാസിനെക്കൊണ്ട് പാടിച്ച് കാസറ്റിറക്കാം.’’ പിന്നീടാണ് അദ്ദേഹം പാട്ടുകൾ യേശുദാസിനെ കേൾപ്പിക്കുന്നതും തരംഗിണി മ്യൂസിക് അത് ‘ആർദ്രഗീതങ്ങൾ’ എന്ന പേരിൽ പുറത്തിറക്കുന്നതും. നെഹ്രുകപ്പ് അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിന്റെ പ്രതീക്ഷിക്കാത്ത ഉപോത്‌പന്നം!
ഒരു ഫുട്‌ബോൾ ടൂർണമെൻറ് നഗരത്തിന്റെ നവീകരണത്തിന് ഗുണം ചെയ്യുന്ന അവസരമാക്കാം എന്ന എന്റെ വിശ്വാസം ഉത്സാഹവും ഉത്സവവുമാക്കിയത് കോഴിക്കോടിന്റെ ഉദാരഹൃദയമാണ്. നന്മ കാണുന്ന ജനങ്ങളാണ്. അവരാണ് അതിന്റെ യഥാർഥശില്പികളും അവകാശികളും. നഗരത്തിൽ ചെറിയൊരു കാലയളവിനുള്ളിൽ വലിയമാറ്റങ്ങൾ യാഥാർഥ്യമായതിന്റെ രഹസ്യചേരുവകൾ പലതാണ്. ഇപ്പോഴും മറന്നിട്ടില്ലാത്ത, പല ശ്രേണികളിലുള്ള നൂറു കണക്കിന് ഉദ്യോഗസ്ഥരുടെയും സർക്കാർ ജീവനക്കാരുടെയും അധ്വാനമാണ്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റാഫിന്റെ സമ്പൂർണ സഹകരണമാണ്. നഗരത്തിലെ പൗരപ്രമുഖർ നൽകിയ സ്വാർഥവിചാരം തീണ്ടാത്ത സഹകരണമാണ്. പത്രമാധ്യമങ്ങളുടെ നിർലോഭമായ പ്രോത്സാഹനമാണ്. പോരായ്മകളും വീഴ്ചകളും ചൂണ്ടിക്കാട്ടാൻ പത്രപ്രവർത്തക സുഹൃത്തുക്കൾ മടിച്ചില്ല; തിരുത്താൻ ഞാനും. കമ്മിറ്റികളിൽ നിസ്വാർഥമായി പ്രവർത്തിച്ച അനേകം പ്രമുഖരുണ്ട്. സ്റ്റേഡിയം നിർമാണക്കമ്മിറ്റിയുടെ ട്രഷറർ ആയിരുന്ന പരേതനായ ഹസ്സൻകുട്ടി സാഹിബിനെ പ്രത്യേകമായി ഓർക്കുന്നു. വിവിധ രാഷ്ട്രീയനേതാക്കൾ കാര്യങ്ങൾ സുഗമമാക്കാൻ സഹകരിച്ചു. അനേകം കരാറുകാരുടെ ശുഷ്‌കാന്തിയുണ്ട്. അവരുടെ എണ്ണമറ്റ തൊഴിലാളികളുടെ രാപകലുള്ള അത്യധ്വാനമുണ്ട്. ഓർമിക്കാനും നന്ദിപറയാനും അനേകം പേരുണ്ട്. പട്ടികനീളും എന്നതുകൊണ്ടുമാത്രമല്ല അതിനു മുതിരാത്തത്. പറയപ്പെടാത്ത നന്ദിയുടെ സുഗന്ധം മനസ്സിൽ എപ്പോഴുമുണ്ടാകട്ടെ. ഇപ്പോൾ എല്ലാം അവിശ്വസനീയമായിത്തോന്നുന്നു. വ്യത്യാസങ്ങൾ പർവതീകരിക്കപ്പെടുകയും വിഘടനത്തിന് അവ ഹേതുവാവുകയും ചെയ്യുന്ന വർത്തമാനകാലത്തിന്റെ ഇരുളിടങ്ങളിൽ നിൽക്കുമ്പോൾ കൂട്ടായ്മയുടെയും ഒരുമയുടെയും ഇന്നലെയുടെ ആ പ്രകാശദിനങ്ങൾ എന്തൊരു അമൂല്യ സമ്മാനമായിരുന്നു! ജനങ്ങളുടെ വിശ്വാസവും ആവേശവും പങ്കാളിത്തവുമുണ്ടെങ്കിൽ വികസനമെന്ന മെല്ലെ ചലിക്കുന്ന യന്ത്രം അതിവേഗം നീങ്ങുമെന്ന് അന്നെനിക്ക് ബോധ്യമായി. ആ ബോധ്യം എന്നെ മറ്റൊരാളാക്കി.
കഴിഞ്ഞ ലക്കം ഇതേ പംക്തിയിലെ ആമുഖ
വാചകങ്ങളിൽ രാജൻപിള്ളയെക്കുറിച്ച്
ലേഖകൻ ഉദ്ദേശിക്കാത്ത തരത്തിലുള്ള
ഒരു വിരുദ്ധ പരാമർശം വന്നു. അത് ജയകുമാർ
എഴുതിയതോ അദ്ദേഹത്തിന്റെ പ്രസ്തുത
ലേഖനത്തിന്റെ സത്തയ്ക്ക് യോജിച്ചതോ
ആയിരുന്നില്ല. ധാരണാപ്പിശകുകാരണം വന്ന
ആ എഡിറ്റോറിയൽ പരാമർശത്തിൽ രാജൻ
പിള്ളയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടായ വേദനയിൽ ഖേദിക്കുന്നു.
- പത്രാധിപർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..