മാനസാന്തരം


By റെനി ജോർജ്‌/കെ. വിശ്വനാഥ് alokviswa@mpp.co.in

8 min read
Read later
Print
Share

കേരളത്തെ വിറപ്പിച്ച ഒരു കൊലക്കേസിലെ പ്രതിയായിരുന്ന ഒരാളുമായുള്ള അഭിമുഖമാണിത്. കരിക്കൻവില്ല കൊലക്കേസിലെ പ്രധാനപ്രതിയായ റെനി ജോർജ്, അക്കാലത്തേക്കും തന്റെയും കൂട്ടാളികളുടെയും ചെയ്തികളിലേക്കും തിരിഞ്ഞുനോക്കുമ്പോൾ അതിൽ തെളിയുന്നത് ലഹരിയുടെ നീരാളിക്കൈകളും മനുഷ്യനെ ക്രിമിനലാക്കുന്നതിൽ ലഹരിക്കുള്ള പങ്കും ഏത് കൊടുംകുറ്റവാളിയിലും മറഞ്ഞിരിക്കുന്ന മാനസാന്തരത്തിന്റെ സാധ്യതയുമെല്ലാമാണ്

.

1980 ഒക്ടോബർ ആറിന് രാത്രി തിരുവല്ലയിലെ കരിക്കൻവില്ലയിലെ വീട്ടിൽ രണ്ടുപേർ ദാരുണമായി കൊല്ലപ്പെട്ടു. കുവൈത്തിൽ ദീർഘകാലം ജോലിചെയ്ത് നാട്ടിൽ തിരിച്ചെത്തി വിശ്രമജീവിതം നയിക്കുകയായിരുന്ന റെയ്‌ച്ചലും ഭർത്താവ് കെ.സി. ജോർജുമായിരുന്നു കൊലചെയ്യപ്പെട്ടത്. നാടിനെ നടുക്കിയ കൊലപാതകം അന്വേഷിക്കാനെത്തിയ യുവ അന്വേഷണോദ്യോഗസ്ഥൻ സിബി മാത്യൂസ് റെക്കോഡ് വേഗത്തിൽ പ്രതികളെ പിടികൂടി. റെയ്‌ച്ചലിന്റെ സ്വർണാഭരണങ്ങൾ കവരുന്നതിനായിരുന്നു കൊലയെന്ന് വ്യക്തമായിരുന്നു. അവിടത്തെ വീട്ടുജോലിക്കാരി ഗൗരിയിൽനിന്ന് ലഭിച്ച വിവരങ്ങളാണ് കൊലയാളിയെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. റെയ്ച്ചലും ജോർജും വാത്സല്യത്തോടെ കണ്ടിരുന്ന ബന്ധു, ‘മദ്രാസിലെ മോനാ’യിരുന്നു കൊലയ്ക്കുപിന്നിൽ. ഈ അരുംകൊലയുടെ കഥ രണ്ടുവർഷം കഴിഞ്ഞ് പ്രഗല്‌ഭ സംവിധായകൻ

ശശികുമാർ മദ്രാസിലെ മോൻ എന്നപേരിൽ സിനിമയാക്കി.
മദ്രാസിലെ മോൻ എന്ന റെനി ജോർജിനെ കഴിഞ്ഞമാസം കാണുന്നത് സീരിയൽ കില്ലർ ചാൾസ് ശോഭ്‌രാജിനെ ജയിലിൽനിന്ന് മോചിപ്പിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ച അതേദിവസമാണ്. അതേക്കുറിച്ച് പറഞ്ഞപ്പോൾ കുറ്റബോധത്തോടെ റെനി പറഞ്ഞു : ‘വഴിപിഴച്ച ബാല്യം ലഹരിയുടെ അടിമയായി എന്നെ മാറ്റുകയായിരുന്നു. ചെയ്തതൊന്നും ഞാനായിരുന്നില്ല. എന്റെയുള്ളിൽ ആളിക്കത്തിയിരുന്ന ലഹരിമരുന്നുകളായിരുന്നു. നമ്മുടെ കുഞ്ഞുങ്ങളെ എന്തുകൊണ്ട് ലഹരിമരുന്നുകളിൽനിന്ന് മാറ്റിനിർത്തണമെന്നതിന്റെ അനുഭവപാഠമാണ് എന്റെ ജീവിതം. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ലഹരിവസ്തുക്കളുടെ ഉപയോഗം തന്നെയാണ്.’ -റെനിയുടെ ശരീരഭാഷയിലും വാക്കുകളിലും കുറ്റബോധം പ്രകടമായിരുന്നെങ്കിലും ചില ദൃഢനിശ്ചയങ്ങളുടെ ആർജവവുമുണ്ടായിരുന്നു. ജീവപര്യന്തം ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ റെനി തന്നെപ്പോലെ കുറ്റകൃത്യങ്ങൾചെയ്ത് കാരാഗൃഹവാസം അനുഭവിക്കുന്നവരെ നേർവഴിക്കു കൊണ്ടുവരാനും പുനരധിവസിപ്പിക്കാനുമുള്ള പരിശ്രമങ്ങളിലാണ് ഇപ്പോൾ. മികച്ച സാമൂഹികപ്രവർത്തകനെന്നനിലയിൽ ഒട്ടേറെ പുരസ്‌കാരങ്ങളും റെനിയെ തേടിയെത്തുന്നു. മനഃപരിവർത്തനംവന്ന കുറ്റവാളിയുടെ കുമ്പസാരമല്ല റെനിയുടെ ഈ അഭിമുഖം. കുറ്റവും ശിക്ഷയും പ്രായശ്ചിത്തവും ചിന്തേരിടുന്ന മാനസാന്തരപാഠമാണ്.

കുറ്റവാസനകളിലേക്ക് നയിക്കാവുന്ന ഒരു പശ്ചാത്തലമായിരുന്നോ റെനിയുടെ ബാല്യത്തിൽ

= ലഹരിവസ്തുക്കളുടെ ഉപയോഗമാണ് എന്നെ ഒരു ക്രിമിനലാക്കിമാറ്റിയത്. മറിച്ച് എന്റെ കുടുംബപശ്ചാത്തലം ഒരിക്കലും അതിന് പ്രേരണയായിട്ടില്ല. കോട്ടയം മല്ലപ്പള്ളിയിൽ സ്‌കൂൾ ടീച്ചറായിരുന്നു അപ്പൻ. പിന്നീടത് രാജിവെച്ച് മിഷണറി പ്രവർത്തനങ്ങൾക്കിറങ്ങി. പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്കയിലെ അമ്മവീട്ടിലാണ് ജനിച്ചത്. എട്ടു മക്കളിൽ മൂന്നാമൻ. മൂന്ന് സ്കൂളിലായാണ് പഠിച്ചത്. ആദ്യരണ്ടിടത്തുനിന്നും കൈയിലിരിപ്പുകൊണ്ട് പുറത്താക്കി. തീരെ കൊച്ചിലേ അപ്പൻ വലിച്ചിട്ട സിഗരറ്റ് കുറ്റി പെറുക്കി വലിക്കുമായിരുന്നു. അത്തരത്തിലായിരുന്നു പ്രകൃതം. സിഗരറ്റ് വാങ്ങാൻ അപ്പന്റെ പേഴ്‌സിൽനിന്ന് കാശ് മോഷ്ടിക്കും. അതിൽനിന്ന് കള്ളിലേക്കും കഞ്ചാവിലേക്കും മയക്കുമരുന്നിലേക്കും വഴുതി. രണ്ടു കോളേജിലായാണ് പ്രീഡിഗ്രി പഠിച്ചത്. രണ്ടിടത്തുനിന്നും പറഞ്ഞുവിട്ടു. കോളേജ് വിട്ടപ്പോൾ ലഹരി ഉപയോഗിക്കുന്ന ശീലം കൂടി. അത് വാങ്ങാൻ പണത്തിനായി കുറ്റകൃത്യങ്ങൾ ചെയ്യാൻതുടങ്ങി. അതിനുവേണ്ടിയുള്ള യാത്രയാണ്‌ ഈ സംഭവത്തിൽ കലാശിച്ചത്.
കോളേജ് വിട്ടശേഷം ചെന്നൈയിലായിരുന്നു താമസം. മാതാപിതാക്കൾ അങ്ങോട്ട് മാറിയപ്പോൾ ഞാനും ഒപ്പംപോയി. അന്ന് യുവതലമുറയ്ക്ക് ഹിപ്പിസ്റ്റൈലിലുള്ള ജീവിതം ഹരമായിരുന്നു. ഒന്നിനെയും ഗൗരവമായി കാണാതിരിക്കുക. ലക്ഷ്യം ആനന്ദം മാത്രം. അതിനുള്ള വഴികളാവട്ടെ മദ്യം, മയക്കുമരുന്ന്, സെക്‌സ്... എല്ലാം കൂടിക്കലർന്ന ജീവിതമായിരുന്നു എന്റേതും. ചെന്നെയിൽ കിൽപ്പോക്കിലെ താമസത്തിനിടെ കുറെ സുഹൃത്തുക്കളെ കിട്ടി. കൂടുതലും വിദേശികൾ. അവിടത്തെ കോളേജുകളിലെ ഉഴപ്പന്മാരായ പിള്ളേരെല്ലാം എന്റെ കൂട്ടുകാരായി. കെനിയക്കാരൻ കബിലോ ഡാനിയൽ, മലേഷ്യക്കാരൻ ഗുണശേഖരൻ, മൗറീഷ്യസുകാരൻ ഗുലാം മുഹമ്മദ്. ഞങ്ങൾ ലഹരി ഉപയോഗിക്കുന്ന ഒരേ തൂവൽപ്പക്ഷികളായിരുന്നു. മാതാപിതാക്കൾ ഡൽഹിയിലേക്ക് പോയപ്പോൾ ഞാൻ ചെന്നൈയിൽതന്നെ തങ്ങി. കോളേജ് വിദ്യാർഥികൾ താമസിക്കുന്ന ഒരു ലോഡ്‌ജുണ്ടായിരുന്നു. ഞാനുമവിടെ ഒരു മുറി ഒപ്പിച്ചെടുത്തു. അവിടെ നടക്കുന്ന ലഹരിപ്പാർട്ടികളിൽവെച്ചാണ് പുതിയ സംഘവുമായി പരിചയപ്പെടുന്നത്.
ഹെറോയ്‌നും ബ്രൗൺഷുഗറുമൊക്കെ പ്രചാരത്തിൽവരുന്ന കാലഘട്ടമാണ്. വിലകൂടിയ സാധനങ്ങളാണവ. അതിന്റെ കച്ചവടം നടത്തിയാൽ നല്ല ലാഭമുണ്ടാവും. അതിന് കാശുണ്ടാക്കാൻ പല മാർഗങ്ങളും ആലോചിച്ചു. ചാൾസ് ശോഭ്‌രാജ് അക്കാലത്തെ വലിയ കഥാപാത്രമായിരുന്നു. എന്നെയാളുകൾ ശോഭ്‌രാജിനോട് ഉപമിക്കുന്നതുകേട്ട് സന്തോഷിച്ചിരുന്നു. തിരുവല്ലയിലെ എന്റെയൊരു അകന്നബന്ധുവായിരുന്നു ജോർജ് അങ്കിൾ. എന്റെ അമ്മയുടെ അമ്മയുടെ ഫസ്റ്റ് കസിനാണ്. ചെറുപ്പത്തിൽ കുറച്ചുകാലം അമ്മയുടെ അച്ഛന്റെ വീട്ടിൽ താമസിച്ചിരുന്നു. അന്ന് രണ്ടുതവണ അങ്കിളിന്റെ വീട്ടിൽപ്പോയിട്ടുണ്ട്. അവരുടെ സാഹചര്യമൊക്കെ നന്നായി അറിയാം. അഞ്ചാറ് ഏക്കർ സ്ഥലത്തിനുനടുവിൽ ഒറ്റപ്പെട്ട വീട്. കുവൈത്തിലൊക്കെ പോയി ധാരാളം പണം സമ്പാദിച്ചിരുന്നു. അങ്കിളിന്റെ ഭാര്യയാവട്ടെ എല്ലായ്‌പ്പോഴും ശരീരം നിറയെ ആഭരണങ്ങളണിഞ്ഞാണ് നടക്കുക. കുവൈത്തിൽനിന്ന് വരുമ്പോൾ ഒരിക്കൽ കംസ്റ്റംസ് അവരുടെ ശരീരത്തിൽ കുറെയധികം സ്വർണം ധരിച്ചിരുന്നതുകണ്ട് തടഞ്ഞുവെച്ച് ചോദ്യംചെയ്തിരുന്നു. അറുപത് വയസ്സ് പിന്നിട്ട അവർക്ക് മക്കളില്ലായിരുന്നു. ഉഴപ്പനായി ജീവിക്കുന്ന എന്നോട് അവർക്ക് വെറുപ്പുണ്ടായിരുന്നുമില്ല. അവരുടെ വീട്ടിൽ കൂട്ടുകാർക്കൊപ്പം ചെന്ന് ലോഗ്യം നടിച്ച് രണ്ടുപേരെയും കെട്ടിയിട്ട് സ്വർണമപഹരിക്കുക എന്നതായിരുന്നു പ്ലാൻ. ഈ പദ്ധതിയോട് കൂട്ടുകാരും യോജിച്ചു.

അതെങ്ങനെയാണ് നടപ്പാക്കിയത്

= ചെന്നൈയിൽനിന്ന് ഞങ്ങൾ ഒരു അംബാസഡർ കാർ മോഷ്ടിച്ചു. അച്ഛന്റെ കാറിന്റെ ആർ.സി. ബുക്ക് എടുത്തുകൊണ്ടുവന്ന് അത് ആ കാറിന്റേതാക്കിമാറ്റി. അതിലായിരുന്നു തിരുവല്ലയിലേക്കുള്ള യാത്ര. വൈകുന്നേരം അഞ്ചരയോടെ അങ്കിളിന്റെ വീട്ടിലെത്തി. കൂട്ടുകാരുമായി തിരുവനന്തപുരത്തേക്ക് പോവുകയാണെന്നും കുറച്ചുസമയം ചെലവഴിച്ച് പോവുമെന്നും പറഞ്ഞു. ആന്റി ചായതന്നു. ഞങ്ങളപ്പോഴൊക്കെ പലതരം മയക്കുമരുന്നുകൾ ഉപയോഗിച്ച് ശരിയായ ബോധമില്ലാത്ത അവസ്ഥയിലാണ്. സത്യത്തിൽ ആ ഗ്രൂപ്പിലെ ശരിയായ ക്രിമിനൽ ഞാൻതന്നെയായിരുന്നു. എന്റെ പ്ലാനായിരുന്നു എല്ലാം. ഞാൻ പറഞ്ഞത് അവരെല്ലാം കേട്ടുവെന്നുമാത്രം. ഗുണശേഖരനായിരുന്നു കുറച്ച് കടുപ്പക്കാരൻ. മറ്റു രണ്ടുപേരും സത്യത്തിൽ പാവങ്ങളായിരുന്നു. സ്വർണം കൈക്കലാക്കണമെന്നല്ലാതെ കൊല്ലാനൊന്നും ഉദ്ദേശിച്ചിരുന്നില്ലതാനും. എന്നാൽ, സ്വർണം തട്ടിയെടുക്കാനുള്ള ശ്രമം തുടക്കത്തിൽത്തന്നെ അങ്കിൾ എതിർത്തു, ഒച്ചവെച്ചു. കാര്യമായ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്റെ കൈയിലുണ്ടായിരുന്ന ഒരു പിച്ചാത്തി വഴിയിൽവെച്ച് ഒരു കൊല്ലനെക്കൊണ്ട് മൂർച്ചകൂട്ടിയെടുത്തിരുന്നു. അങ്കിൾ ബഹളംവെച്ചപ്പോൾ ഒരാൾ വാപൊത്തിപ്പിടിച്ചു. മറ്റൊരാൾ കുത്തി... ശബ്ദംകേട്ട് ഓടിവന്ന ആന്റിയെ അവിടെയുണ്ടായിരുന്ന വെള്ളം നിറച്ചുവെച്ചിരുന്ന ഒരു കുപ്പിയെടുത്ത് തലയ്ക്കടിച്ച് നിലത്തുവീഴ്ത്തി. ആന്റി കാര്യങ്ങൾ പുറത്തുപറഞ്ഞാൽ ഞങ്ങൾ കുരുങ്ങുമെന്ന ചിന്തയിൽ അടുക്കളയിൽനിന്ന് ഒരു കറിക്കത്തി എടുത്തുകൊണ്ടുവന്ന് അവരെയും കുത്തി... മരിച്ചെന്ന് ഉറപ്പുവരുത്തി. അതിനുശേഷം ആന്റിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമെല്ലാം വലിച്ചുവാരിയെടുത്തു. ഒരു നൂറു പവൻ സ്വർണമുണ്ടായിരുന്നിരിക്കണം. അങ്കിളിനെ കുത്തുന്നതിനായി പിടിച്ചുവെച്ചുകൊടുക്കുന്നതിനിടയിൽ എന്റെ കൈക്ക് മുറിവേറ്റിരുന്നു. വല്ലാതെ രക്തംവന്നപ്പോൾ തുണികൊണ്ട് വലിച്ചുകെട്ടി. രാത്രി പത്തുമണിക്കുള്ളിൽതന്നെ സ്വർണവുമായി അവിടെനിന്നിറങ്ങിക്കാണും. കോട്ടയത്ത് ഒരു ഡോക്ടറുടെ അടുത്തുപോയി, കള്ളംപറഞ്ഞ് മുറിവ് കുത്തിക്കെട്ടിച്ചു. ആ ഡോക്ടറൊക്കെ പിന്നീട് കേസിലെ സാക്ഷിയായിരുന്നു. പിറ്റേദിവസം വെളുപ്പിന് ചെന്നൈക്കുപോയി. സ്വർണമെല്ലാം ഒരു മാർവാടിക്ക് കൊടുത്ത് പണമാക്കി. അവിടെയെത്തിയപ്പോൾ കിമിഡോ പറഞ്ഞു: അയാൾ നാട്ടിലേക്ക് പോവുകയാണെന്ന് ഡൽഹിയിലെ കെനിയൻ എംബസിയിൽച്ചെന്ന് രേഖകൾ ശരിയാക്കി രാജ്യംവിടാനായിരുന്നു അവന്റെ പദ്ധതി. ഞാനതിനിടയിൽ നഗരത്തിലെ ആശുപത്രിയിൽപ്പോയി കൈയിന്റെ മുറിവ് ശരിയാക്കാൻ സർജറിനടത്തി. അപ്പോഴേക്കും കേരള പോലീസ് അന്വേഷിച്ചെത്തി. ഗുലാം മുഹമ്മദിനെ ആദ്യം ഞങ്ങൾ താമസിച്ചിരുന്ന ലോഡ്ജിൽനിന്ന് അറസ്റ്റുചെയ്തു. കേരളത്തിൽ വന്നിരുന്നെന്ന് അയാൾ സമ്മതിച്ചു. അതോടെ പോലീസിന് കാര്യങ്ങളെല്ലാം മനസ്സിലായി. ഞാനും ഗുണശേഖരനും ലോഡ്ജിലേക്ക് തിരിച്ചുചെന്നപ്പോൾ ഞങ്ങളെയും പിടികൂടി. ഒക്ടോബർ ആറിനാണ് കൊലനടക്കുന്നത്. പതിനാറിന് ഞങ്ങൾ പിടിയിലായി. ഡൽഹിയിൽ
പോയ ഡാനിയലിന് രാജ്യംവിടാൻ സാവകാശം കിട്ടിയിരുന്നില്ല. ഞങ്ങൾ പിടിയിലായകാര്യം അറിഞ്ഞപ്പോൾ കിമിഡോ തിരിച്ചെത്തി പോലീസിന് കീഴടങ്ങി. ഞങ്ങളെ പോലീസ് വാനിൽ കേരളത്തിലേക്ക് കൊണ്ടുവന്നു.


ചോദ്യംചെയ്യലിനിടെ മർദനമേറ്റോ

= ഇല്ല. കാരണം, ഞങ്ങളോട് ചോദിക്കാതെത്തന്നെ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞു. അവർക്ക് അടിക്കേണ്ടിവന്നില്ല. ആദ്യം കൊണ്ടുപോയത് മാവേലിക്കര സബ് ജയിലിലേക്കായിരുന്നു. പിന്നീട് കോട്ടയം സബ് ജയിലിലേക്ക് മാറ്റി. കോട്ടയത്തെ സെഷൻസ് കോടതിയിൽ ഒരു വർഷവും മൂന്നുമാസവും കേസ് നടന്നു. സംഭവമറിഞ്ഞ എന്റെ അച്ഛൻ തകർന്നുപോയി. മകനല്ലേ, അങ്ങനെ ഉപേക്ഷിക്കാൻ കഴിയില്ലല്ലോ, അതുകൊണ്ട് വക്കീലിനെ ഏർപ്പാടാക്കിത്തന്നിരുന്നു. എല്ലാ കുറ്റവും നിഷേധിക്കാനായിരുന്നു വക്കീൽ പറഞ്ഞത്. ഞങ്ങൾ നിഷേധിച്ചുകൊണ്ടിരുന്നെങ്കിലും ജഡ്ജിക്കും കേട്ടുനിൽക്കുന്നവർക്കുമെല്ലാം കാര്യമറിയാം. എല്ലാ തെളിവുകളുമുണ്ടുതാനും.
ജയിലിൽ കിടക്കുമ്പോഴും കുറ്റബോധമൊന്നുമില്ലായിരുന്നു. അവിടെ എല്ലാം കിട്ടും, മയക്കുമരുന്നുൾപ്പെടെ എല്ലാം. പത്രങ്ങളുടെ ഒന്നാം പേജിൽ സ്ഥിരമായി ഞങ്ങളെക്കുറിച്ചുള്ള വിശദമായ വാർത്തകൾ വരും. അപ്പോൾ തോന്നും ഞങ്ങൾ എന്തോ വലിയ കാര്യംചെയ്ത ഇതിഹാസനായകരാണെന്ന്. എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം, കോടതിക്കുമുന്നിൽ ഞങ്ങളെ കാണാൻ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ വൻജനക്കൂട്ടമുണ്ടായിരുന്നു. അവരിൽ ചിലർ സിഗരറ്റും കഞ്ചാവ് പൊതിയുമെല്ലാം എറിഞ്ഞുതരും. എന്തുതരം സ്നേഹപ്രകടനമായിരുന്നു അതെന്ന് എനിക്കറിയില്ല. ഞങ്ങളുടെ കഥ സിനിമയാക്കാൻ തീരുമാനിച്ച സിനിമാ നിർമാതാവ് കുറെ കാശ് തന്നിരുന്നു. ആ പണം ജയിലിലെ ഉയർന്ന ഉദ്യോഗസ്ഥന് കൊടുത്തു. അതോടെ എനിക്ക്‌ ജയിലിൽ സകലസൗകര്യങ്ങളും കിട്ടാൻ തുടങ്ങി. ജയിൽ ഒരിക്കലും ലഹരിമുക്തമല്ല. ലഹരിക്ക് അടിമകളായ പല ക്രിമിനലുകൾക്കും ജയിൽ ഒരു അവധിക്കാല വസതിയാണ്‌ എന്നതാണ്‌ എന്റെ അനുഭവം.

എത്രകാലമുണ്ടായിരുന്നു വിചാരണ

= ഒരു വർഷം മൂന്നു മാസം വിചാരണ നീണ്ടുനിന്നു. മൂന്നു ജീവപര്യന്തത്തിനാണ് ഞങ്ങളെ ശിക്ഷിച്ചത്. രണ്ടു കൊലപാതകത്തിന് രണ്ടു ജീവപര്യന്തം. പിന്നെ കവർച്ചയ്ക്ക് മൂന്നാമതൊരു ജീവപര്യന്തവും. 82 ജനുവരിയിലായിരുന്നു വിധിവന്നത്. കിമിഡോ ഒഴികെ ഞങ്ങൾ മൂന്നുപേരെ പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് കൊണ്ടുപോയത്. കിമിഡോക്ക് ശിക്ഷ തിഹാർ ജയിലിലായിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും വ്യക്തമായ തെളിവുകളുള്ള കേസായതുകൊണ്ട് ശിക്ഷ ശരിവെച്ചു. ആറുവർഷം ജയിലിൽ കഴിഞ്ഞപ്പോഴേക്കും സിനിമയുടെ നിർമാതാക്കൾ തന്നിരുന്ന പണം തീർന്നു. പിന്നെ പണമുണ്ടാക്കാൻവേണ്ടി പരോളിലിറങ്ങി. ബാങ്ക് കൊള്ളയടിക്കാനായിരുന്നു പദ്ധതി. ജയിലിൽക്കിടന്ന് കുറ്റകൃത്യങ്ങളിൽ പിഎച്ച്.ഡി.യെടുത്തിരുന്നു, അപ്പോഴേക്കും ഞാൻ. ബാങ്ക് കൊള്ളയെല്ലാം അനായാസം ആസൂത്രണം ചെയ്യാമെന്ന വിശ്വാസമുണ്ടായിരുന്നു. അതിനുവേണ്ടി കുറച്ചു കൂട്ടുകാരെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് എന്നെ കാണാൻ ഒരു ചെറുപ്പക്കാരൻ വന്നത്. എന്നെപ്പോലെ നിഷേധിയായി ജീവിച്ചശേഷം മനംമാറ്റംവന്ന് നേർവഴിക്കുവന്ന മനുഷ്യൻ. അയാൾ തിരുവല്ലയിൽ ഞങ്ങൾ കൊലനടത്തിയ സ്ഥലത്ത് നടക്കുന്ന ഒരു പ്രാർഥനാ യോഗത്തിന് എന്നെ കൊണ്ടുപോയി. 1987 ഓഗസ്റ്റ്‌ പതിനഞ്ചിനായിരുന്നു അത്. ജീവിതത്തിൽ ആദ്യമായായിരുന്നു ഞാനൊരു ആത്മീയസംഗമത്തിൽ പങ്കെടുക്കുന്നത്. തിരുവല്ലയിലെ നീരേറ്റുപുറത്തായിരുന്നു ആ ധ്യാനകേന്ദ്രം. ഞാൻ വലിയ താത്‌പര്യമൊന്നുമില്ലാതെ നിസ്സംഗനായാണ് അതിൽ പങ്കെടുത്തത്.

അവിടെവെച്ച്‌ എന്താണ് താങ്കൾക്ക്‌ സംഭവിച്ചത്

= ആ ധ്യാനത്തിനിടയിൽ അതു നയിച്ചിരുന്ന കെ.സി. ജോൺ എന്ന മനുഷ്യൻ എല്ലാവരോടുമായി ചോദിച്ചു. കുപ്രസിദ്ധമായ കൊലക്കേസിലെ പ്രതി റെനി ജോർജ് ഇവിടെയുണ്ടെന്ന് നിങ്ങൾക്കാർക്കെങ്കിലും അറിയാമോ? അദ്ദേഹം എനിക്കുവേണ്ടി പ്രാർഥിക്കാൻ അവരോട് പറഞ്ഞു. എല്ലാവരും അങ്ങനെ ചെയ്യുന്നതു കണ്ടപ്പോൾ എന്റെയുള്ളിൽ വലിയൊരു മാറ്റം അനുഭവപ്പെട്ടു. കുറ്റബോധംകൊണ്ടോ എന്തോ ഞാൻ കരയാൻ തുടങ്ങി. പാപിയായ എനിക്കുവേണ്ടി ഇത്രയധികംപേർ പ്രാർഥിക്കുകയാണല്ലോ എന്നായിരുന്നു എന്റെ ചിന്ത. അന്നവിടെവെച്ച് ഞാനൊരു തീരുമാനമെടുത്തു. ഇനി മേലാൽ മദ്യപിക്കില്ല, ലഹരി ഉപയോഗിക്കില്ല, മറ്റുള്ളവരെ ഉപദ്രവിക്കില്ല. ആ തീരുമാനം നടപ്പാവുമോ എന്നൊന്നും എനിക്കപ്പോൾ അറിയില്ലായിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോൾ എനിക്കുവന്ന മാറ്റം എന്റെ മാതാപിതാക്കൾക്ക് വിശ്വസിക്കാനായില്ല. കാരണം വളരെ പെട്ടെന്ന് സംഭവിച്ച ഒരു മാറ്റമായിരുന്നുവല്ലോ അത്? ഞാൻ പരോളിലായിരുന്ന സമയത്ത് എന്റെ നാടിനടുത്ത ചെങ്ങന്നാട് ചെറിയന്നൂരിലെ സഹകരണബാങ്ക് കൊള്ളയടിക്കപ്പെട്ടു. രാത്രി ട്രെയിൻവരുന്ന സമയത്ത് ഡയനാമെറ്റ് വെച്ച് സ്‌ട്രോങ് റൂം തകർത്ത് അമ്പതുലക്ഷം രൂപയുടെ സ്വർണം കൊള്ളയടിക്കുകയായിരുന്നു. തിരികെ ഞാൻ ജയിലിൽ ചെല്ലുമ്പോൾ എന്റെ കൂട്ടുകാരെല്ലാം ഉറപ്പിച്ചിരിക്കുകയാണ്, ഞാനാണ് ബാങ്ക് കൊള്ളയടിച്ചതെന്ന്. അതുകൊണ്ടുതന്നെ എന്നിൽക്കണ്ട മാറ്റം അഭിനയമാണെന്നാണ് അവർ കരുതിയത്.

ജയിലിൽവെച്ച് കുറെയധികം പേരെ പരിചയമായിക്കാണുമല്ലേ

= രാഷ്ട്രീയത്തടവുകാരനായ അബ്ദുന്നാസർ മ അദനിയെയും വിഗ്രഹകവർച്ചക്കേസിലെ പ്രതിയായ ഏറ്റുമാനൂർ സ്റ്റീഫനുമായുമെല്ലാം അവിടെവെച്ചാണ്‌ പരിചയപ്പെട്ടത്‌. മഅദനി നന്നായി സംസാരിക്കും. അദ്ദേഹത്തിന്റെ ആശയങ്ങളിലേക്ക് എന്നെ നയിക്കാൻ ശ്രമിക്കും. പക്ഷേ, അപ്പോൾ എന്റെ മനസ്സിലെ ലക്ഷ്യം ദാവൂദ് ഇബ്രാഹിമിനെപ്പോലെ വലിയൊരു അധോലോകനായകനായി മാറുകയായിരുന്നു. ജയിലിലാവട്ടെ എനിക്കെവിടെയും പോവാം. ആരെയും കാണാം. സിനിമാ ഷൂട്ടിങ്ങിനുവരുന്ന നടന്മാരെല്ലാം എന്നെ വിളിപ്പിക്കും, കാണും. ഞാൻ കിടന്നിരുന്ന സെല്ലിനെ വിളിച്ചിരുന്നത് രാജ്ഭവനെന്നായിരുന്നു.

എന്താണ് സത്യത്തിൽ താങ്കളുടെ മാറ്റത്തിന് കാരണം

= മാറ്റം വരുത്തിയത് ക്രിസ്തുവാണെന്നാണ് എന്റെ വിശ്വാസം. ക്രിസ്തു ഒരു മതത്തിന്റെ മാത്രം ആചാര്യനല്ല എന്ന്‌ ഞാൻ വിശ്വസിക്കുന്നു . അദ്ദേഹം രക്ഷകനാണ്. മനുഷ്യബന്ധങ്ങളുടെ അപ്പോസ്തലനാണ്. രണ്ടു കുറ്റവാളികൾക്ക് നടുവിലായി കഴുവിലേറ്റപ്പെട്ട നിരപരാധിയായ മനുഷ്യൻ. അദ്ദേഹം ആ കുറ്റവാളികളെ തനിക്കുതുല്യരായിക്കണ്ട് പാപങ്ങളിൽനിന്ന് മോചിപ്പിക്കാൻ ശ്രമിച്ചു.

എത്രകാലമാണ് ജയിലിൽ കഴിഞ്ഞത്

= 14 വർഷം, ഒൻപത് മാസമാണ് ജയിലിൽ കിടന്നത്. 1982-ൽ അകത്തുപോയി. ’95-ൽ മോചിതനായി. 42-ാം വയസ്സിലാണ് ജയിൽമോചിതനാവുന്നത്. ഞങ്ങൾ നാലുപേരും ഒരുമിച്ചാണ് വിട്ടയക്കപ്പെട്ടത്. അന്നും കിമിഡോയെ ഞങ്ങൾ കണ്ടില്ല. മോചിതനായശേഷം അയാൾ നേരെ നാട്ടിലേക്കുപോയി. നല്ല കുടുംബത്തിൽനിന്നുള്ള ആളായിരുന്നു. പിന്നീടും അയാളെ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. നാട്ടിൽ നല്ലരീതിയിൽ കഴിയുന്നുണ്ടാവും. ഗുണശേഖരനെ ഇപ്പോഴും ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്.

അതിനിടയിൽ വിവാഹിതനായി അല്ലേ

= ജയിലിൽ കഴിയുന്നതിനിടെ 39-ാം വയസ്സിലാണ് വിവാഹം കഴിച്ചത്. എന്നെപ്പോലൊരു മനുഷ്യനെ ഒരു സ്ത്രീക്ക് സ്വീകരിക്കാൻ കഴിയില്ല. പക്ഷേ, അക്കാര്യത്തിലും അദ്ഭുതം സംഭവിച്ചു. എന്റെ അച്ഛൻ കണ്ടെത്തി, വിവാഹം ആലോചിച്ചു. ടീന മലയാളിയല്ല, മംഗലാപുരത്തുകാരിയാണ്. ബഹ്‌റൈനിൽ നല്ല ശമ്പളം വാങ്ങി നഴ്‌സായി ജോലിചെയ്യുകയായിരുന്നു അപ്പോൾ. എന്നെപ്പോലുള്ളവരെ നന്നാക്കിയെടുക്കുന്നതിൽ താത്‌പര്യമുള്ള സ്നേഹസമ്പന്നയായ സ്ത്രീ. ഞാൻ പരോളിലിറങ്ങി വന്നപ്പോൾ അവർ അവധിയെടുത്തുവന്നു. മംഗലാപുരത്തുവെച്ച് വിവാഹം നടന്നു. വിവാഹശേഷം ഞാൻ ജയിലിലേക്കും ടീന ബഹ്‌റൈനിലേക്കും പോയി. എന്നെപ്പോലൊരു കുറ്റവാളിയെ വിവാഹം കഴിച്ചതോടെ ജോലിസ്ഥലത്ത് അവർക്ക് പ്രശ്നങ്ങളുണ്ടായി. ചുറ്റുമുള്ളവരുടെ കണ്ണിൽ അവൾ മറ്റൊരു കുറ്റവാളിയായിമാറി. അങ്ങനെ ഒരു വർഷംകൂടിയേ അവിടെ തുടർന്നുള്ളൂ. ജോലി രാജിവെച്ച് ബെംഗളൂരുവിലേക്കുപോന്നു. അവിടത്തെ ഡി.ജി.പി.യെ കണ്ട് ജയിലിൽപ്പോയി കുറ്റവാളികളെ കണ്ട് സംസാരിക്കാനുള്ള അനുമതിനേടി. വൈകാതെ ജയിൽപ്പുള്ളികളെ കൗൺസിലിങ് ചെയ്ത് അവരെ പൊതുസമൂഹത്തിന് ഇണങ്ങുന്നവരാക്കിമാറ്റുന്നതിന് ഒരു സംഘടന തുടങ്ങുകയായിരുന്നു. ക്രിസ്ത്യൻ ഫെലോഷിപ്പ് ബെംഗളൂരു എന്നാണ് ഞങ്ങളുടെ സംഘടനയുടെ പേര്. എനിക്കൊരു മകളുണ്ട് -റീമ. അവൾ ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ
ബിരുദാനന്തര ബിരുദം ചെയ്തശേഷം ബെംഗളൂരുവിൽത്തന്നെ ഒരു ആശുപത്രിയിൽ ജോലിചെയ്യുന്നു.

അന്നത്തെ കൊലപാതകത്തെ അധികരിച്ച് നിർമിച്ച മദ്രാസിലെ മോൻ സിനിമ താങ്കൾ കണ്ടിരുന്നോ

= ഇല്ല. പക്ഷേ, അതിൽ എന്റെ റോൾ അവതരിപ്പിച്ച രവീന്ദ്രൻ വളരെമുമ്പേ എന്റെ സുഹൃത്തായിരുന്നു. ആ സിനിമ ഇറങ്ങി 28 വർഷത്തിനുശേഷം രവീന്ദ്രൻ ബെംഗളൂരുവിൽവന്ന് എന്നെ കണ്ടിരുന്നു.

അങ്ങനെ ഞാൻ മദ്രാസിലെ മോനായി - രവീന്ദ്രൻ

റെനി ജോർജ് ചെറുപ്പത്തിൽത്തന്നെ തന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നുവെന്ന് ‘മദ്രാസിലെ മോൻ’ എന്ന സിനിമയിൽ റെനി ജോർജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രവീന്ദ്രൻ പറയുന്നു: ‘‘ഞങ്ങൾ ഒന്നിച്ച് എത്രയോ ദിവസങ്ങൾ ചെലവഴിച്ചിട്ടുണ്ട്. എന്നാൽ, പിന്നീടുണ്ടായ ചില അസ്വാരസ്യങ്ങൾ കാരണം ആ സൗഹൃദം മുന്നോട്ടുപോയില്ല. ഞാൻ സിനിമയിൽ ഏറെ തിരക്കുള്ള നായകനടനായി. ആകസ്മികമായാണ് കരിക്കൻവില്ല കൊലപാതകത്തെക്കുറിച്ചും അതിലെ പ്രതിയെ കുറിച്ചുമുള്ള വാർത്ത ഞാൻ കേട്ടത്. റെനിയാണ് പ്രധാന പ്രതിയെന്നത് എന്നിൽ ഏറെ ഞെട്ടലുണ്ടാക്കി. പിന്നീട് ആ സംഭവത്തെ അധികരിച്ച്‌ ശശികുമാർ മദ്രാസിലെ മോൻ എന്ന സിനിമയൊരുക്കിയപ്പോൾ അതിൽ റെനിയുടെ വേഷം അവതരിപ്പിക്കാനുള്ള നിയോഗം എനിക്കുതന്നെയായി. മദ്രാസിലെമോൻ എന്ന സിനിമ വലിയ വിജയം നേടി. അതിനുശേഷം പലരും കരുതിയത് യഥാർഥത്തിൽ ‘മദ്രാസിലെ മോൻ’ ഞാനാണെന്നാണ്. വലിയരീതിയിലുള്ള തെറ്റിദ്ധാരണയുണ്ടായി. എന്റെ പല വിവാഹാലോചനകളും മുടങ്ങിപ്പോയി. പലരും എന്നെ വെറുത്തു. ആ സിനിമയ്ക്കുശേഷം എന്നെ തേടിവന്ന കഥാപാത്രങ്ങൾ വില്ലൻ പരിവേഷമുള്ളതായിരുന്നുതാനും.’’ മദ്രാസിലെ മോനിൽ രവീന്ദ്രനു പുറമേ മോഹൻലാലും രവികുമാറും തമ്പി കണ്ണന്താനവുമെല്ലാം അഭിനയിച്ചിരുന്നു.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..