നാലാമത്തെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം തിരുവനന്തപുരത്ത് കനകക്കുന്നിൽ നടക്കുമ്പോൾ ഒരു ക്യുറേറ്റർ എന്നനിലയിൽ എന്റെ ആലോചനകൾ ‘ചരിത്രത്തിന്റെ നിഴലും, നാളെയുടെ വെളിച്ചവും’തന്നെയാണ്. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ, സാഹിത്യം സമയത്തിന്റെ പല അടയാളപ്പെടുത്തലുകളാണ്. അകത്തും പുറത്തുമേറ്റ മുറിവുകളുടെ കണക്കെടുപ്പാണ്, അല്ലെങ്കിൽ അവയുടെ ഉണങ്ങിയ വടുക്കളുടെ ഓർമപ്പെടുത്തലാണ്. ചരിത്രം, അത് കഴിഞ്ഞ നിമിഷത്തിന്റേതോ കഴിഞ്ഞവർഷത്തിന്റേതോ നൂറ്റാണ്ടുകളുടേതോ ആകാം. ഈ ചരിത്രമാണ് നാളെയിലേക്കുള്ള വഴിയിൽ വിളക്കുതെളിയിക്കുന്നത്. ഓരോ വടുവിലും വിരലുകളോടിക്കുമ്പോൾ അവ നമ്മെ ഓരോ അനുഭവങ്ങളുടെ വേദനയിലേക്കോ അതിൽനിന്ന് നടന്നുനീങ്ങാൻ കിട്ടിയ ആത്മീയ ഊർജത്തിലേക്കോ കൊണ്ടുപോകും. പ്രതീക്ഷ എന്ന വെളിച്ചം നമ്മെ കാത്തുനിൽക്കും. ഈ പ്രതീക്ഷയുടെ ആഘോഷമാണ് അക്ഷരോത്സവത്തിന്റെ നാലാം പതിപ്പ്.
ലോകം ഒരു മഹാമാരിയിൽനിന്ന് കുടഞ്ഞെഴുന്നേറ്റ് മുന്നോട്ടുപോകുന്നതിന്റെ ഉത്സവമാണത്, ഉത്സാഹമാണ്. കേരളത്തിലേക്ക് വിശ്വസാഹിത്യത്തിലെ പ്രതിഭകളെ കൊണ്ടുവരാനും അവരുടെ ചിന്തകളെ കേൾപ്പിക്കാനും അക്ഷരോത്സവത്തിന്റെ ഓരോ പതിപ്പിലും ശ്രമിക്കാറുണ്ട്. ഇത്തവണ വരുന്നത്, കഴിഞ്ഞവർഷം നൊബേൽ സമ്മാനം നേടിയ ടാൻസാനിയൻ-ബ്രിട്ടീഷ് എഴുത്തുകാരൻ അബ്ദുൾറസാഖ് ഗുർണയാണ്. അഭയവാസത്തെയും അതിജീവനത്തിന്റെ സങ്കീണതകളെക്കുറിച്ചും ഇത്രയ്ക്ക് ആഴത്തിലും ഭംഗിയായും എഴുതിയിട്ടുള്ളവർ ചുരുക്കമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യ-സാംസ്കാരിക യാത്രകളെക്കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്ത ഗുർണയുടെ കേരളത്തിലേക്കുള്ള ആദ്യസന്ദർശനവും ഇതാണ്. ഈ വർഷത്തെ ബുക്കർ സമ്മാനജേതാവ് ഷെഹാൻ കരുണതിലക ഇതിനുമുമ്പും അക്ഷരോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ, ഇക്കുറി ലോകസാഹിത്യത്തിന്റെ മിന്നുന്ന താരമായാണ് വരവ്. തന്റെ സെവൻ മൂൺസ് ഓഫ് മാലി അൽമേഡയിലൂടെ ശ്രീലങ്കൻ ആഭ്യന്തരകലാപത്തിന്റെ കഥപറയുന്ന ഷെഹാൻ, കനകക്കുന്നിൽ തന്റെ യാത്രയുടെ കഥപറയും. ഇന്റർനാഷണൽ ബുക്കർ ജേതാവായ ഒമാനി എഴുത്തുകാരി ജോക്ക അൽ ഹാർത്തിക്കും കേരളം ആദ്യാനുഭവമായിരിക്കും. ഫിക്‌ഷൻ എങ്ങനെ സ്ത്രീശാക്തീകരണത്തിനു കാരണമാകും എന്ന് അവർ പറയും.
കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖനാണ് ജ്ഞാനപീഠജേതാവായ അമിതാവ് ഘോഷ്. വർഷങ്ങൾക്കുമുമ്പ് താൻ ജോലിചെയ്തിരുന്ന തിരുവനന്തപുരത്തേക്കുള്ള ഒരു നൊസ്റ്റാൾജിക് യാത്രയാകും ഘോഷിന് ഇത്തവണത്തെ അക്ഷരോത്സവം. പ്രകൃതി നേരിടുന്ന പ്രതിസന്ധിയിൽ എങ്ങനെ സാഹിത്യം അതിന്റെ പങ്കുവഹിക്കുന്നു എന്ന് അദ്ദേഹം വിവരിക്കും.
സാഹിത്യം ജീവിതത്തിന്റെ ആഖ്യാനമാകുന്നതിനാൽ, അത് എഴുത്ത് എന്ന പ്രക്രിയയിൽമാത്രം ഒതുങ്ങേണ്ടതല്ല. ‘MBIFL Inspirations’-ലൂടെ കനകക്കുന്നിലേക്കു വരുന്നത് സ്വന്തം ജീവിതംകൊണ്ട് അനേകായിരം ആൾക്കാരെ സ്പർശിച്ചവരാണ്. അതിൽ സൈക്കിൾ ദീദി, ബൈക്ക് ആംബുലൻസ് ദാദ, എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായംകുറഞ്ഞ പെൺകുട്ടി പൂർണ മലാവത്ത് എന്നിവരുൾപ്പെടും.
ഒരു സാഹിത്യോത്സവം എന്തായിരിക്കണം, എന്തിനായിരിക്കണം എന്ന ചിന്തയാണ് ഒരു ‘ക്യുറേറ്റഡ്’ ഫെസ്റ്റിവൽ എന്നതിലേക്കെത്തിച്ചത്. ജനപ്രിയ എഴുത്തുകാർമാത്രമല്ല, വേറിട്ട ശബ്ദങ്ങളും ഇവിടെ കേട്ടിട്ടില്ലാത്ത ശബ്ദങ്ങളും കേരളത്തിലേക്ക് കൊണ്ടുവരണം എന്നതാണ് ഒരു ലക്ഷ്യം. ശബ്ദകോലാഹലങ്ങളോ ജനക്കൂട്ടങ്ങളോ അല്ല പ്രാധാന്യം. മറിച്ച്, അർഥഗർഭമായ ആശയവിനിമയവും ചില അപൂർവസംഗമങ്ങളും പ്രചോദനാത്മകമായ പ്രസംഗങ്ങളുമൊക്കെയാണ്. അക്ഷരോത്സവത്തിൽ ഇത്തവണ ഇന്ത്യൻ എഴുത്തുകാർക്കുപുറമേ ലാറ്റിൻ അമേരിക്കൻ, ഏഷ്യൻ (ഫിലിപ്പീൻസ്, കൊറിയ, മലേഷ്യ), ആഫ്രിക്കൻ, മദ്ധ്യ-കിഴക്കൻ യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള എഴുത്തുകാരുമുണ്ടാകും. കനകക്കുന്നിൽ ഇതുവരെ കേട്ടിട്ടില്ലാത്ത ശബ്ദങ്ങളും കഥകളും കേൾക്കും. ‘Reimagining India’ സീരീസിൽ രാഷ്ട്രീയക്കാരും എഴുത്തുകാരും തങ്ങളുടെ കാഴ്ചപ്പാടിലെ ഇന്ത്യയെക്കുറിച്ച് സംസാരിക്കും. കനകക്കുന്നിൽ ഇത്തവണ ഞങ്ങൾ ‘പോളണ്ടിനെക്കുറിച്ച് മിണ്ടും’ കാരണം, പതിനഞ്ചോളംവരുന്ന പോളിഷ് സാഹിത്യകാരന്മാരുടെ സംഗമംകൂടിയായിരിക്കും ഇത്തവണത്തെ അക്ഷരോത്സവം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..