സമന്വയപ്രകാശത്തിന്റെ അക്ഷരോത്സവം


എം.വി. ശ്രേയാംസ്‌ കുമാർ shreyu@mpp.co.in

3 min read
Read later
Print
Share

ഏതു പ്രതിസന്ധിയിലും കലയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അദൃശ്യനാഡികളാൽ നാം പരസ്പരം ചേർന്നുനിൽക്കും എന്നതിന്റെ വിളംബരംകൂടിയാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം എന്നുപറയുന്നു മാതൃഭൂമി മാനേജിങ് ഡയറക്ടറും അക്ഷരോത്സവത്തിന്റെ ചെയർമാനുമായ ലേഖകൻ. കനകക്കുന്നിലെ നാല് പകലിരവുകളിൽ പ്രതിഭയുടെ നക്ഷത്രങ്ങൾ മിന്നിത്തെളിയും

.

ഭാഷയുടെയും ഭാവുകത്വത്തിന്റെയും മഹാമേളയുടെ അമരത്തേക്ക് മാതൃഭൂമി വീണ്ടുമെത്തുന്നതിന്റെ ചാരിതാർഥ്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്‌. സർഗാത്മകതയുടെ ഇടപെടലുകളെ എക്കാലത്തും പോഷിപ്പിച്ച ചരിത്രമാണ് മാതൃഭൂമിയുടേത്. അറിവിന്റെയും അക്ഷരത്തിന്റെയും വിപ്ലവകരമായ മുന്നേറ്റത്തിന്റെ 100 വർഷങ്ങൾ എന്ന് അതിനെ അടയാളപ്പെടുത്താം. ആ അക്ഷരവിപ്ലവത്തിന്റെ തുടർച്ചയെന്നോണം സാഹിത്യം, കല, സംഗീതം, സിനിമ, രാഷ്ട്രീയം എന്നിങ്ങനെ ലോകത്തിന്റെ സാംസ്കാരിക ഭൂപടത്തിലെ എല്ലാ വൻകരകളുടെയും സംഗമഭൂമിയാകാൻ തലസ്ഥാനനഗരി ഒരുങ്ങുകയാണ്. ഫെബ്രുവരി രണ്ടുമുതൽ അഞ്ചുവരെയുള്ള നാളുകളിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പ് ലോകവേദിയാകും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാംപതിപ്പിൽ അഞ്ചുവൻകരകളിൽനിന്നായി അഞ്ഞൂറിലധികം പ്രതിഭാശാലികൾ മലയാളികളോട് സംവദിക്കാനെത്തും. ആശയപ്രതിഫലനങ്ങളുടെയും ആസ്വാദനത്തിന്റെയും അരങ്ങായിമാറും തലസ്ഥാനം. തലമുറകൾക്ക് അക്ഷരോർജം സമ്മാനിച്ച മാതൃഭൂമി നൂറാംവർഷത്തിലേക്ക് എത്തുന്ന ഈ വേളയിൽ കൊണ്ടാടുന്ന അക്ഷരോത്സവം മലയാളത്തിനായി സമർപ്പിക്കുകയാണ്.

അക്ഷരോത്സവത്തിന്റെ നാലാംഎഡിഷന് തിരിതെളിയുമ്പോൾ നിറഞ്ഞ അഭിമാനമാണ് തോന്നുന്നത്. അതോടൊപ്പം മനസ്സിന്റെ അതിരിൽ ഒരു വലിയശൂന്യത ജ്ഞാനപ്രകാശംപോലെ മുനിഞ്ഞുകത്തുന്നു. അതൊരു കെടാവിളക്കാണ്. എം.പി. വീരേന്ദ്രകുമാർ എന്ന ധിഷണാശാലിയും മാതൃഭൂമിയുടെ അമരക്കാരനുമായ എന്റെ അച്ഛന്റെ വിയോഗശേഷം ഇതാദ്യമായാണ് മാതൃഭൂമി അക്ഷരോത്സവം അരങ്ങേറുന്നത്. നാളിതുവരെയും അദ്ദേഹം പകർന്നുതന്ന അറിവിന്റെ മഹാവെളിച്ചം ആ അസാന്നിധ്യത്തിലും വഴികാട്ടുകതന്നെ ചെയ്യും. കോവിഡ്തരംഗത്തെത്തുടർന്ന് ലോകം അടച്ചിടലിലേക്കെത്തുന്നതിന് തൊട്ടുമുമ്പാണ് അക്ഷരോത്സവത്തിന്റെ മൂന്നാം എഡിഷൻ വിജയകരമായി പൂർത്തിയായത്. ആദ്യ രണ്ട് എഡിഷനുകളിലുമെന്നപോലെ മൂന്നാംതവണയും വൻ ജനപങ്കാളിത്തത്തിന് കനകക്കുന്ന് വേദിയായി. ചർച്ചകളും സംവാദങ്ങളും ഇശലുകളും ആരവങ്ങളും നിറഞ്ഞ സാംസ്കാരികത്തുരുത്തായി കനകക്കുന്ന് മാറിയ നാളുകൾ. ആദ്യ മൂന്ന് എഡിഷനുകളെയും വൻവിജയമാക്കി മാറ്റിയത് കലാസ്നേഹികളും വിജ്ഞാനദാഹികളുമായ മലയാളികൾത്തന്നെയാണ്. അതേച്ചൊല്ലി മാതൃഭൂമി എന്ന പ്രസ്ഥാനം അഭിമാനിക്കുന്നു. പ്രതീക്ഷയുടെ ആലയമാണ് ഭൂമി എന്ന ഉറപ്പ് ​െവച്ചുനീട്ടുന്നുണ്ട് സാഹിത്യകുതുകികളും കലാസ്വാദകരും സംഗീതപ്രേമികളും ഒക്കെയുൾപ്പെടുന്ന സാമൂഹികപ്രതിബദ്ധരായ പ്രബുദ്ധരായ ഈ ആൾക്കൂട്ടം.

കോവിഡിനുശേഷം ന്യൂ നോർമൽ എന്നു പേരിട്ടുവിളിക്കുന്ന പുതുലോകത്തിൽ അക്ഷരോത്സവം അതിന്റെ എല്ലാ ചാരുതകളോടുംകൂടി മടങ്ങിവരുകയാണ്. നൂറാംവർഷത്തിന്റെ നിറവിൽ നിൽക്കുന്ന മാതൃഭൂമി ഇക്കുറി അക്ഷരോത്സവത്തിൽ മുന്നോട്ടുവെക്കുന്ന ആശയം ‘ചരിത്രത്തിന്റെ നിഴലുകളും ഭാവിയുടെ വെളിച്ചവും’ എന്നതാണ്. ചരിത്രം നമുക്കേകിയ അനുഭവപാഠങ്ങളുടെ നിഴൽത്തണലേറ്റ് കലയും സാഹിത്യവും സംസ്കാരവും ശാസ്ത്രവും ചൊരിയുന്ന സമന്വയപ്രകാശത്തിൽ ഭാവിയിലേക്ക് മുന്നേറാനുള്ള ആഹ്വാനമായി ഇതിനെ കാണാം. അക്ഷരങ്ങളുടെ കൈപിടിച്ച് കാലത്തിന്റെ കെടുതികളിൽനിന്ന് നമുക്ക് കരകയറാം.
അഞ്ചുഭൂഖണ്ഡങ്ങളിൽനിന്നുള്ള പ്രതിഭകൾ ഭാഗഭാക്കാകുന്ന, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവത്തിന്റെ നാലാം എഡിഷൻ ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. എം.ടി. വാസുദേവൻ നായരുടെ മുഖ്യപ്രഭാഷണത്തോടെ അക്ഷരാഘോഷത്തിന് തുടക്കമാകും. കനകക്കുന്ന് ഭാഷയുടെ സംഗമഭൂമിയാകും. ഒരു നൊബേൽ ജേതാവ്, രണ്ട് ബുക്കർജേതാക്കൾ, മൂന്ന് ജ്ഞാനപീഠ ജേതാക്കൾ എന്നിവർ ഒന്നുചേരുന്നു എന്നതാണ് ഇക്കുറി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ സവിശേഷത. 2021-ലെ സാഹിത്യ നൊബേൽ ജേതാവായ അബ്ദുൾറസാഖ് ഗുർണയും ബുക്കർജേതാക്കളായ ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകയും, ഒമാനി എഴുത്തുകാരി ജൊകാ അൽഹാർതിയും അതിഥികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. പലായനത്തിന്റെ നോവറിഞ്ഞ, വറുതിയുടെ വെമ്പലറിഞ്ഞ, അസമത്വത്തിന്റെ ചൂടറിഞ്ഞ ജനതയ്ക്കുള്ള സമർപ്പണമായി അവരുടെ സാന്നിധ്യത്തെ നമുക്ക് കാണാം. ജ്ഞാനപീഠം ജേതാക്കളായ എം.ടി. വാസുദേവൻ നായർ, അമിതാവ് ഘോഷ്, ദാമോദർ മൗസോ എന്നിവർ അക്ഷരോത്സവത്തിനുണ്ടാവും. മലയാള കഥാലോകത്തെ മഹാരഥനായ ടി. പത്മനാഭൻ, സുധാമൂർത്തി, ജയമോഹൻ, ആനന്ദ് നീലകണ്ഠൻ എന്നിങ്ങനെ വിവിധതലമുറകളിലെ പ്രതിഭകളുടെ ഒത്തുകൂടലിനും കനകക്കുന്ന് വേദിയാകും. അക്ഷരോത്സവത്തിന്റെ പേട്രൺ കൂടിയായ ശശി തരൂർ സജീവസാന്നിധ്യമായി ഒപ്പമുണ്ടാകും.

മഹാരോഗത്തിന്റെ വൈറസ് മനുഷ്യരെ പരസ്പരം അകറ്റിനിർത്തിയ കാലത്തിന് സാക്ഷിയായ തലമുറയാണ് നമ്മുടേത്. ഏത് പ്രതിസന്ധിയിലും കലയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അദൃശ്യനാഡികളാൽ പരസ്പരം ചേർന്നുനിൽക്കുകതന്നെചെയ്യും എന്ന വിളംബരംകൂടിയാണ് അക്ഷരോത്സവ വേദിയിൽ പരോക്ഷമായി ഉയരുന്നത്. വിശ്വസാഹിത്യം വാഴ്ത്തിയ എഴുത്തുകാരുടെയും വെള്ളിത്തിരയിൽ അദ്‌ഭുതങ്ങൾ സൃഷ്ടിച്ച പ്രതിഭാശാലികളുടെയും സമകാലിക രാഷ്ട്രീയത്തിലെ കരുത്തരുടെയും കലാ-കായികരംഗത്തെ അതികായരുടെയും സാന്നിധ്യത്താൽ കനകക്കുന്നിന് ശോഭയേറുന്ന നാളുകളാണ് വരാൻപോകുന്നത്. ആശയസംവാദങ്ങളുടെയും സാഹിത്യ ചർച്ചകളുടെയും പകലുകൾക്കൊടുവിൽ സംഗീതസാന്ദ്രമായ സായാഹ്നങ്ങൾ സമ്മാനിക്കും കനകക്കുന്ന്. അക്ഷരലോകത്തെ നവപ്രതിഭകൾക്കായി എഴുത്തുകളരികളും ഉണ്ടാകും. നാലുദിവസം, ഇരുന്നൂറ്റമ്പതിലധികം സെഷനുകൾ. ചർച്ചകൾക്കുപുറമേ സോളോ, ഡയലോഗ്, ഡിബേറ്റ്, ഇൻർവ്യൂ എന്നീ വിഭാഗങ്ങൾ. രണ്ടുലക്ഷം രൂപ സമ്മാനത്തുകയുള്ള മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാര പ്രഖ്യാപനത്തിനും അക്ഷരോത്സവം വേദിയാകും. നവഎഴുത്തുകാരുടെ രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ ഇക്കുറിയും പുറത്തിറക്കുന്നുണ്ട്.
അക്ഷരോത്സവത്തിന് മുന്നോടിയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച പ്രഭാഷണപരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത ഞങ്ങൾക്കേകിയ ഊർജം ചെറുതല്ല. പ്രകൃതിയോടിണങ്ങി പരിസ്ഥിതിസൗഹാർദപരമായാണ് ഇതുവരേക്കും അക്ഷരോത്സവം കൊണ്ടാടിയിട്ടുള്ളത്. ഇത്തവണയും ആ പതിവിന് മാറ്റമുണ്ടാകില്ല. അനശ്വരരചനകൾ ലോകത്തിന് സമ്മാനിച്ച മലയാളത്തിന്റെ മണ്ണിൽ ആശയങ്ങളുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ഉല്ലാസഭരിതമായ ഉത്സവകാലമായിരിക്കും കനകക്കുന്നിലെ ഈ നാല് പകലിരവുകളെന്ന് ഞങ്ങൾ ഉറപ്പിച്ചുപറയുന്നു

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..