സൂഫിയും സുജാതയും എന്ന ചിത്രത്തിലെ സൂഫിയായി സിനിമാലോകത്തേക്ക് കാലെടുത്തവെച്ച ഇരിങ്ങാലക്കുടക്കാരൻ ദേവ് മോഹൻ മൂന്നാം സിനിമയിലൂടെത്തന്നെ പാൻ ഇന്ത്യൻ നായകനായി മാറുകയാണ്. തെന്നിന്ത്യയിലെ ശ്രദ്ധേയതാരം സാമന്ത ശകുന്തളയാകുന്ന ശാകുന്തളം എന്നചിത്രത്തിൽ ദേവ് മോഹൻ ദുഷ്യന്തരാജാവായാണ് വേഷമിടുന്നത്. അഞ്ചു ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളെപ്പറ്റി ദേവ് മോഹൻ മനസ്സുതുറക്കുന്നു.
സൂഫിയിൽനിന്ന് നേരെ ദുഷ്യന്തനിലേക്ക്, എങ്ങനെയാണ് ശാകുന്തളത്തിലേക്കെത്തിയത്?
=സൂഫിയും സുജാതയുമാണ് അതിനു കാരണം. ശാകുന്തളത്തിന്റെ നിർമാതാവായ നീലിമ ഗുണ യാദൃച്ഛികമായി സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ കണ്ടു. ദുഷ്യന്തൻ എന്ന കഥാപാത്രം എനിക്കിണങ്ങും എന്ന തോന്നൽ അവർ ശാകുന്തളത്തിന്റെ സംവിധായകനായ ഗുണശേഖറുമായി പങ്കുവെച്ചു. അങ്ങനെയാണ് അവരുടെ ടീം എന്നെ വിളിക്കുന്നത്. ആദ്യം ചിത്രത്തെക്കുറിച്ച് ഫോണിലൂടെ പറഞ്ഞപ്പോൾ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. കാരണം ഒരു മലയാളസിനിമയിൽ മാത്രം അഭിനയിച്ച എന്നെപ്പോലൊരു നടനെ സാമന്തയടക്കമുള്ള വൻതാരനിര അണിനിരക്കുന്ന ഒരു ബിഗ് ബജറ്റ് സിനിമയിൽ നായകനാക്കുമെന്ന് കരുതിയിരുന്നില്ല. ഹൈദരാബാദിൽപ്പോയി കഥകേട്ടശേഷം സിനിമയുടെ ജോലി ആരംഭിച്ചു.
കാളിദാസന്റെ നാടകം അതേപോലെ സിനിമയാക്കുകയാണോ ചെയ്തിരിക്കുന്നത്?
=അല്ല, ഒരു വാണിജ്യസിനിമയ്ക്കാവശ്യമായ മാറ്റങ്ങളെല്ലാം വരുത്തി എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ശാകുന്തളം അണിയിച്ചൊരുക്കിയിരിക്കുന്നത്. അവതരണത്തിലെ ആ മാറ്റംതന്നെയാണ് സിനിമയുടെ പ്രത്യേകത. ഹൈദരാബാദിൽവെച്ചായിരുന്നു ഷൂട്ടിങ്. അഞ്ചു ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. തമിഴിലും മലയാളത്തിലും മൊഴിമാറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ആദ്യസിനിമയിൽ അതിഥി റാവു ഹൈദരി, മൂന്നാം സിനിമയിൽ സാമന്ത... സൂപ്പർ നായികമാർക്കൊപ്പമുള്ള അനുഭവങ്ങൾ?
= സൂഫിയും സുജാതയും എന്ന ചിത്രത്തിൽ ആദ്യം മറ്റുപലനായികമാരുടെയും പേരാണ് പരിഗണിക്കപ്പെട്ടത്. ഒടുവിൽ അതിഥി റാവു ഹൈദരി എത്തിയപ്പോൾ വലിയ സർപ്രൈസായി. പുതുമുഖതാരമെന്നനിലയിൽ എല്ലാവിധ പിന്തുണയും അതിഥി നൽകി. സാമന്തയും അതുപോലെത്തന്നെയായിരുന്നു. ഒരു അപരിചിതത്വവും കാണിക്കാതെ ആദ്യദിവസംമുതൽ നല്ലരീതിയിൽ പിന്തുണച്ചു. എന്റെ ഭാഷാപ്രശ്നം മറികടക്കാനും അവർ ഏറെ സഹായിച്ചു. ഞാൻ കണ്ടിട്ടുള്ള ഏറ്റവും ശക്തയായ സ്ത്രീകളിലൊരാളാണ് സാമന്ത. ജീവിതത്തിൽ പല പ്രതിസന്ധികളെയും അവർ ഒറ്റയ്ക്ക് അതിജീവിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ്ങിനുശേഷമാണ് അവർക്ക് ശാരീരികപ്രശ്നങ്ങൾ രൂക്ഷമായത്. ഇപ്പോൾ ആ പ്രതിസന്ധിയെയും അവർ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്.
ബെംഗളൂരുവിൽ മെക്കാനിക്കൽ എൻജിനിയറായിരുന്നല്ലോ ദേവ്. സിനിമ വിളിച്ചത് എപ്പോഴാണ്?
=തൃശ്ശൂർ ഇരിങ്ങാലക്കുടയാണ് എന്റെ വീട്. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയാണ്. ബാംഗ്ലൂർ എം.എൻ.എസിൽ ജോലിചെയ്യുകയായിരുന്നു. മുമ്പ് സിനിമാബന്ധങ്ങളോ അഭിനയപരിചയമോ ഒന്നും ഉണ്ടായിരുന്നില്ല. ബെഗളൂരുവിൽ അവധിദിനങ്ങളിൽ മോഡലിങ് ചെയ്യാൻ പോകാറുണ്ടായിരുന്നു. സൂഫിയും സുജാതയും സിനിമയുടെ ഓഡിഷൻ കോൾ കണ്ടപ്പോൾ കൗതുകത്തിന് അപേക്ഷിച്ചു. ഓഡിഷന് ചെന്നപ്പോൾ നിർമാതാവായ വിജയ് ബാബുസാർ ‘‘കോൺഫിഡന്റല്ലേ, ചെയ്തുനോക്കിയാലോ?’’ എന്ന് ചോദിച്ചു. ‘‘അഭിനയിച്ചിട്ട് മുൻപരിചയമൊന്നുമില്ല, എന്നാൽ പൂർണമായ കോൺഫിഡൻസുണ്ട്’’ എന്ന് ഞാൻ മറുപടിനൽകി. 2018-ലായിരുന്നു അത്. ഒാഡിഷൻ കഴിഞ്ഞപ്പോൾ എന്നെ നായകനായി തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..