മക്കളേ,
ജീവിതത്തിൽ അവശ്യം വേണ്ടത് ക്ഷമയാണ്. ഒരു പൂമൊട്ട് ബലം പ്രയോഗിച്ച് നിവർത്തിയാൽ പൂവിന്റെ പരിമളവും ഭംഗിയും അറിയാൻ കഴിയില്ല. സ്വാഭാവികമായി വിടരാൻ അനുവദിച്ചാൽമാത്രമേ അതറിയാൻ സാധിക്കൂ. അതുപോലെ, ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ക്ഷമകൂടാതെ കഴിയില്ല. മറ്റുള്ളവർ നമ്മോടു ക്ഷമ കാണിക്കുമ്പോൾ നമ്മൾ ആദരവോടെ നോക്കിക്കാണാറില്ലേ? അങ്ങനെയാണെങ്കിൽ മറ്റുള്ളവരും നമ്മളിൽനിന്ന് ക്ഷമയും പക്വതയുമുള്ള പെരുമാറ്റം പ്രതീക്ഷിച്ചാൽ അതു തെറ്റാണെന്നു പറയാനാവില്ല.
ഒരാൾ ഇടുങ്ങിയ വഴിയിലൂടെ കാർ ഓടിക്കുകയായിരുന്നു. മുമ്പിലുള്ള കാർ വളരെ പതുക്കെയാണ് പോയിക്കൊണ്ടിരുന്നത്. തുടർച്ചയായി ഹോണടിച്ചിട്ടും മുമ്പിലുള്ള കാറിലെ ഡ്രൈവർ വഴിമാറിത്തന്നില്ല. ഇതുകണ്ട് അയാളുടെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുമെന്ന സ്ഥിതിയായി. അയാൾ ചിന്തിച്ചു, ‘വീതിയുള്ള റോഡിലെത്തുമ്പോൾ ഞാൻ ഇയാളെ ഒരു പാഠംപഠിപ്പിക്കും.’ അപ്പോഴാണ് ആ കാറിന്റെ പിന്നിലെ ഗ്ലാസിലൊട്ടിച്ചിരുന്ന ഒരു ചെറിയ സ്റ്റിക്കർ അയാൾ ശ്രദ്ധിച്ചത്. അതിലിങ്ങനെ എഴുതിയിരുന്നു; ‘ശാരീരികവൈകല്യമുണ്ട്, ദയവായി ക്ഷമിക്കുക.’
അതുകണ്ടതും അയാൾ പെട്ടെന്നു ശാന്തനായി. വേഗതകുറച്ച് ക്ഷമയോടെ വാഹനമോടിച്ചു. കുറച്ചുനേരം വൈകി അയാൾ വീട്ടിലെത്തി. അയാൾ സ്വയം ചിന്തിച്ചു, ‘മറ്റുള്ളവരോടു ക്ഷമ കാണിക്കാൻ എന്തുകൊണ്ടാണ് നമുക്ക് സ്റ്റിക്കറുകൾ വേണ്ടിവരുന്നത്? സ്റ്റിക്കറിൽ എഴുതിവെക്കാൻ കഴിയാത്ത എത്രയോ കാര്യങ്ങളുണ്ട്. കാർ ഓടിക്കുന്ന വ്യക്തിക്ക് അന്ന് ജോലി നഷ്ടമാകുകയോ അല്ലെങ്കിൽ അയാളുടെ വളരെ അടുത്ത ആരെങ്കിലും മരിക്കുകയോ ചെയ്തിരുന്നെങ്കിലും, അയാൾ വണ്ടി പതുക്കെ ഓടിച്ചു എന്നുവരാം. ഇത്തരം കാര്യങ്ങൾ ഒരു സ്റ്റിക്കറിൽ എഴുതിവെക്കുന്നത് എങ്ങനെയാണ്? മറ്റുള്ളവർ ഏതൊക്കെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല. അതിനാൽ, ഇന്നുമുതൽ ഞാൻ അദൃശ്യമായ സ്റ്റിക്കറുകളെയും ബഹുമാനിക്കും’ എന്നയാൾ തീരുമാനമെടുത്തു.
ക്ഷമയോടെ മറ്റുള്ളവരെ മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കുകയാണെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ നീരസവും ദേഷ്യവുംപോലെയുള്ള അശുഭവികാരങ്ങൾ നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കില്ല.
ദേഷ്യംവരുമ്പോൾ ആത്മനിയന്ത്രണംകൊണ്ട് ആദ്യം കോപത്തെ അടക്കണം. എന്നിട്ട് വിവേകപൂർവം ചിന്തിക്കണം. അപ്പോൾ മനസ്സ് ശാന്തമാകും. ദേഷ്യം മനസ്സിൽവെച്ചുകൊണ്ട് മനസ്സിനെ ബലമായി അടക്കുന്നത് ഗുണത്തെക്കാൾ ദോഷംചെയ്യാം. വിവേകപൂർവം സന്ദർഭത്തെ വിലയിരുത്തണം. നമ്മുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കിൽ അതു തിരിച്ചറിയണം. അതിനു കഴിയുന്നില്ലെങ്കിൽ മനസ്സിലെ ക്രോധചിന്തകളിൽനിന്ന് പിന്തിരിപ്പിച്ച് മറ്റു പ്രയോജനകരമായ വിഷയങ്ങളിൽ മുഴുകണം.
ക്ഷമിക്കുക, മാപ്പുകൊടുക്കുക എന്നൊക്കെ പറഞ്ഞാൽ, നമ്മൾ വെറും ഒരു ‘ചവിട്ടി’യായിത്തീരുകയല്ലേ എന്നു ചിലർ ചിന്തിച്ചേക്കാം. അങ്ങനെയല്ല, മറിച്ച് എതിർഭാഗത്തെയും മുന്നോട്ടുവരാൻ അനുവദിക്കുക എന്നുള്ളതാണ്.
ഒരു ഇടുങ്ങിയ റോഡിൽക്കൂടി രണ്ടു കാറുകൾ നേർക്കുനേരെ വരുകയാണ്. ഞാൻ മാറില്ല, ഞാൻ മാറില്ല എന്നു രണ്ടുപേരും വാശിപിടിച്ചാൽ ആർക്കും മുന്നോട്ടുപോകാൻ കഴിയില്ല. അതേസമയം, ആരെങ്കിലും ഒരാൾ പിന്നിലേക്കു മാറാൻ തയ്യാറായാൽ, രണ്ടുപേർക്കും മുന്നോട്ടുപോകാൻ കഴിയും. ഇവിടെ ക്ഷമിച്ചവനും അതു സ്വീകരിച്ചവനും മുന്നോട്ടുപോകാൻ കഴിഞ്ഞു. അതാണു പറയുന്നത് ക്ഷമിക്കൽ മുന്നോട്ടുഗമിക്കൽ ആണെന്ന്. ക്ഷമിക്കുന്നവരെയും സ്വീകരിക്കുന്നവരെയും ക്ഷമ ഉയരങ്ങളിലേക്കു കൊണ്ടുപോകും.
അമ്മ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..