സഞ്ചാരത്തിന്റെ സംഗീതം - ബാലകൃഷ്ണൻ ചോദിച്ചു: “അല്ല സർ, താങ്കൾ മാനാഞ്ചിറയുടെ മാത്രം കളക്ടറാണോ?


കെ. ജയകുമാർ k.jayakumar123@gmail.com

കോഴിക്കോടൻ ജീവിതവിശേഷങ്ങൾ തീരുന്നില്ല. നെഹ്രു ട്രോഫി ഫുട്ബോൾ വിജയകരമായി നടന്നു. തുടർജീവിതത്തിൽ പെരുമൺ ദുരന്തസ്ഥലത്തേക്ക് രക്ഷകരായി ഖലാസികളെ അയച്ചതും പി.ടി. ഉഷയ്ക്ക് വീടിന്റെ താക്കോൽ കൈമാറിയതും ബാലകൃഷ്ണൻ എന്ന പത്രപ്രവർത്തകൻ ചോദിച്ച ചോദ്യവും ജോൺ എബ്രഹാമുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ മരണവുമെല്ലാം പ്രധാനദൃശ്യങ്ങളായി തെളിയുന്നു

അങ്ങനെ തയ്യാറെടുപ്പുകൾക്കൊടുവിൽ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരത്തിന് നഗരം സജ്ജമായി. സ്റ്റേഡിയത്തിന്റെ നിർമാണം പരിപൂർണമായില്ലെങ്കിലും പരമാവധി കാണികളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിച്ചു. സ്ത്രീകൾക്ക് പ്രത്യേക ഗാലറി ഒരുക്കിയിരുന്ന കാര്യം ഒരു സുഹൃത്ത് ഈയിടെ വിളിച്ചറിയിച്ചു. വിദേശടീമുകൾ വന്നെത്തിത്തുടങ്ങി. നഗരം അതിന്റെ ഉജ്ജ്വലമായ ആതിഥേയമര്യാദയുടെ കമ്പളം വിരിച്ച് കളിക്കാരെ വരവേറ്റു. ആ പരിമളപ്രചുരിമയിൽ പഞ്ചനക്ഷത്രത്തിന്‍റെ കുറവൊക്കെ വിദേശകളിക്കാർ മറന്നു. പരമാവധി സൗകര്യങ്ങളൊരുക്കാൻ ഹോട്ടലുടമകളും കമ്മിറ്റിക്കാരും അഹോരാത്രം പണിയെടുത്തു. റോഡുകൾക്ക്‌ പുതിയമുഖം, നഗരത്തിനു പുതിയഭാവം. ജനങ്ങൾക്ക് അഭൂതപൂർവമായ ഉത്സാഹം. നഗരത്തിൽ ഉത്സവരാവുകൾ വിരുന്നുവന്നു. പുതിയവിളക്കുകൾ കണ്ണുതുറന്നു. വർണോജ്ജ്വലമായ ഉദ്ഘാടനച്ചടങ്ങ്‌ ഓർമയിൽ തങ്ങുംവിധം വ്യത്യസ്തമായി. കളിതുടങ്ങുംമുമ്പേ നഗരത്തിലേക്ക്‌ ആയിരങ്ങൾ ഒഴുകിയെത്തി. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ഈയിടെ അന്തരിച്ച ഓട്ടോ ചന്ദ്രന്റെ നേതൃത്വത്തിൽ ഗാലറിയിൽ പലപല ഉത്സാഹപരിപാടികൾ അരങ്ങേറി. കോഴിക്കോട്ടുനിന്നുള്ള ഫുട്ബോൾ മത്സരം ആദ്യമായി ദൂരദർശനിൽ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടു. മുഖ്യമന്ത്രി കരുണാകരൻ ടൂർണമെന്റ് ഉദ്ഘാടനംചെയ്തു. ഞാൻ അദ്ദേഹത്തിനു നൽകിയ വാക്ക് നല്ലൊരളവിൽ പാലിക്കാനായി. അദ്ദേഹത്തിനത് ബോധ്യപ്പെടുകയും ചെയ്തു. കോഴിക്കോട്ടുകാരുടെ മുഖത്ത് ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും തിളക്കമുണ്ടായിരുന്നു.

എന്നാൽ, ഈ അദ്ഭുതം കാഴ്ചവെക്കാനായത് എന്റെ മിടുക്കല്ല. ഒരാശയം എന്നിലുദിച്ചെങ്കിലും അത് പ്രാവർത്തികമാക്കാൻ അനേകംപേരുടെ അധ്വാനവും ത്യാഗശീലവും നേതൃഗുണവും വേണ്ടിവന്നു. അങ്ങനെയുള്ള ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും നടത്തിയ സമർപ്പണമനോഭാവത്താൽ അനുഗൃഹീതമായ അധ്വാനമാണ് ആ നഗരവസന്തത്തെ തുയിലുണർത്തിയത്. എല്ലാവരുടെയും പേരുകൾ ഇവിടെ എഴുതാൻ മുതിരുന്നില്ല. എങ്കിലും ജാഗ്രതയോടെ എന്നോടൊപ്പംനിന്ന് പ്രവർത്തിച്ച എ.ഡി.എം. പത്മനാഭൻ നമ്പ്യാരെ ഓർക്കാതിരിക്കാൻ കഴിയില്ല. ആ ദിവസങ്ങളിൽ രാത്രി പത്തുമണിയോടെയല്ലാതെ അദ്ദേഹം വീട്ടിലെത്തിയിരുന്നില്ല. പകലൊക്കെ ഓഫീസ് ജോലിയുണ്ടുതാനും. പത്മനാഭൻ നമ്പ്യാർ ഇപ്പോൾ ഒപ്പമില്ല. അതുപോലെത്തന്നെ ഗ്രാമവികസനവകുപ്പിലെ ജില്ലാ ഓഫീസറായിരുന്ന എപ്പോഴും ഒപ്പംനിന്ന എടത്തിൽ ഗംഗാധരൻ. അക്കൂട്ടത്തിൽ ജീവിച്ചിരിക്കുന്നവർ ഇന്ന് കുറവ്. സ്വർഗസ്ഥരായവരും വാർധക്യത്തിലെത്തിയവരുമായ എല്ലാ സഹപ്രവർത്തകരെയും നന്ദിപൂർവം ഓർക്കുന്നു. ഒന്നിച്ചുപ്രവർത്തിച്ച് ഒരു നഗരത്തെ നവീകരിക്കാൻ നമുക്ക് സാധിച്ചല്ലോ. 1987-ലെ നെഹ്രു ട്രോഫിയുടെ വിജയത്തിന്റെയും നഗരവികസനനേട്ടങ്ങളുടെയും യഥാർഥശില്പികൾ അവരെല്ലാമാണ്. ഒരു കൂട്ടായ്മയുടെ പുഷ്പിക്കലായിരുന്നു ആ നേട്ടങ്ങൾ. അപൂർവമായിമാത്രം അനുഭവിക്കാൻ കഴിയുന്ന ജീവിതസുകൃതം. അതിനി ഒരിക്കലും ആവർത്തിക്കുകയുമില്ലല്ലോ.

കോഴിക്കോട് കളക്ടറുടെ ഏകജോലി ഫുട്ബോൾ നടത്തിക്കൽമാത്രമല്ല. മറ്റനേകം പ്രശ്നങ്ങളിൽ ഇടപെടാതെ തരമില്ല. കളക്ടറോടൊപ്പം കാറിൽ സഞ്ചരിക്കാൻ നിയുക്തനായ പോലീസുകാരനെ വേണ്ട എന്നു വെച്ചതായിരുന്നു എന്റെ ആദ്യത്തെ ഭരണപരിഷ്കാരം. സ്വന്തം ജില്ലയിൽ പോലീസ് സംരക്ഷണത്തോടെയല്ലാതെ യാത്രചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് കളക്ടറുടെ പരാജയമായി ഞാൻ കരുതി. പിന്നെ ഉമ്മർ എന്ന ഡ്രൈവർ തികച്ചും പ്രാപ്തൻ. ഒരു പോലീസ് സഹായവും ഉമ്മറിനു വേണ്ട. ഉച്ചതിരിഞ്ഞ്‌ മൂന്നുമുതൽ അഞ്ചുവരെയാണ് പൊതുജനങ്ങൾക്കുള്ള സന്ദർശനസമയം. അതും ഞാൻ മാറ്റി. കളക്ടറെ കാണാൻ നിശ്ചിതസമയമില്ല. ഞാൻ ഓഫീസിലുണ്ടെങ്കിൽ എപ്പോഴും കാണാം (ഈ നയം സർവീസിന്റെ അവസാനനാൾവരെയും തുടർന്നു). ഫുട്ബോളിനുവേണ്ടി സ്റ്റേഡിയവും നഗരവും സജ്ജമാക്കുക എന്നത് തീർച്ചയായും രസമുള്ള ജോലിയായിരുന്നു; ശ്രമകരമായിരുന്നെങ്കിലും. എന്നാൽ, മറ്റു ഔദ്യോഗികജോലികൾ ഇത്രയുംതന്നെ രസപ്രദമല്ല. ചില സംഭവങ്ങൾമാത്രം ഓർത്തെടുക്കുകയാണ്, പ്രത്യേകിച്ചൊരു ക്രമമില്ലാതെ.
1988 ജൂലായ് എട്ടിനായിരുന്നൂ നൂറ്റിയഞ്ച്‌ യാത്രക്കാരുടെ ജീവനപഹരിച്ച പെരുമൺ ട്രെയിൻ ദുരന്തം. ഇപ്പോഴും പൂർണമായി മനസ്സിലാക്കാൻ സാധിക്കാത്ത ആ അപകടത്തിൽ അഷ്ടമുടിക്കായലിൽ ആണ്ടുപോയ റെയിൽവേ ബോഗികൾ പൊക്കിയെടുക്കാനായി കോഴിക്കോട് ജില്ലാ കളക്ടറെത്തേടി ദക്ഷിണ റെയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഫോൺവിളികളെത്തി. ബേപ്പൂരിലെ ഖലാസികളെ എത്രയുംപെട്ടെന്ന് പെരുമണ്ണിലെത്തിക്കണം. ഉരുനിർമാണത്തിന്റെ സുദീർഘപാരമ്പര്യമുള്ള ബേപ്പൂരിലെ ഖലാസികളുടെ അറിവും വിരുതും വായിച്ചറിഞ്ഞിട്ടുണ്ടെന്നല്ലാതെ നേരിൽ ഞാൻ കണ്ടിരുന്നില്ല. പ്രാദേശികമായ അന്വേഷണത്തിൽ കായൽച്ചെളിയിൽ പുതഞ്ഞുപോയ കൂറ്റൻവാഗണുകൾ പൊക്കിയെടുക്കാൻ ഇവർക്ക് സാധിക്കും എന്നറിഞ്ഞു. ബേപ്പൂരിലെ പത്തോളം ഖലാസികളെ അങ്ങനെ വാഹനത്തിൽ പെരുമണ്ണിലെത്തിച്ചു. റെയിൽവേയുടെ കരുത്തുറ്റ ക്രെയിനുകൾ പരാജയപ്പെട്ടുനിന്നിടത്ത്‌ നൂറ്റാണ്ടുകളുടെ അറിവിന്റെ പാരമ്പര്യംകൊണ്ട് സജ്ജരായ ഖലാസികൾ കയറും കപ്പിയുംകൊണ്ട് വാഗണുകൾ പൊക്കിയെടുത്തത് ചരിത്രം. കോഴിക്കോടിന് അതൊരു അസാധാരണമായ അഭിമാനസന്ദർഭമായിരുന്നു.

1986-ലെ ഏഷ്യൻ ഗെയിംസിൽ നാലു സ്വർണമെഡലുകളും ഒരു വെള്ളിമെഡലും നേടിയ പി.ടി. ഉഷയെ അന്നത്തെ സംസ്ഥാനസർക്കാർ യഥോചിതം പുരസ്കരിക്കാൻ തീരുമാനിച്ചു. പയ്യോളിയിൽ നേരത്തേത്തന്നെ ഉഷയ്ക്കുവേണ്ടി ഒരു വീട് പണിയുന്നുണ്ടായിരുന്നു. ഞാൻ ചാർജെടുക്കുമ്പോൾ പണി പകുതിയെത്തിയിരുന്ന വീട് പൂർത്തിയാക്കി താക്കോൽ ഉഷയ്ക്ക് കൈമാറാനും വീടിനു ‘ഉഷസ്സ്’ എന്ന് പേരിടാനും എനിക്ക് അവസരം കിട്ടി. ഇന്നിപ്പോൾ പി.ടി. ഉഷ രാജ്യസഭാംഗവും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമാണ്. സ്വന്തമായി കായിക അക്കാദമി നടത്തുകയും ചെയ്യുന്നു. ഇന്ത്യൻ കായികനഭസ്സിലെ താരമായി പി.ടി. ഉഷ ഇപ്പോഴും വിളങ്ങിനിൽക്കുമ്പോൾ 1986-ലെ ആ ആഘോഷദിനങ്ങൾ സന്തോഷത്തോടെ ഓർത്തുപോകുന്നെന്നുമാത്രം.
മാതൃഭൂമിയിലെ വി. രാജഗോപാലനായിരുന്നു സ്പോർട്‌സ് വിഷയങ്ങളിലെ എന്റെ അനൗപചാരിക ഉപദേഷ്ടാവ്. നല്ല സുഹൃത്തായിരുന്നു രാജഗോപാൽ. ഏതാനും വർഷങ്ങൾക്കുമുമ്പ് അകാലത്തിലെത്തിയ മൃതിക്കു രാജഗോപാൽ കീഴടങ്ങിയതിനോട് ഞാൻ ഇപ്പോഴും പൊരുത്തപ്പെട്ടിട്ടില്ല. സ്വകാര്യമായി എന്നെ രൂക്ഷമായി വിമർശിക്കാനും കൃത്യമായ സൂചനകൾ നൽകാനും എന്റെ ചില മണ്ടൻ മുൻവിധികൾ ധീരമായി തിരുത്തിക്കാനും രാജഗോപാലിന്റെ ആ സ്നേഹസ്വാതന്ത്ര്യം എനിക്ക് തുണയായി. ഒരു ഓണാഘോഷപരിപാടി നടക്കുകയാണ്, മാനാഞ്ചിറയിൽ. മൈതാനത്തു വലിയ ജനക്കൂട്ടമാണ്. നിരത്തിലും ജനപ്രവാഹം. മാനാഞ്ചിറയിൽ നടക്കുന്ന ഗാനമേള കേട്ടിരിക്കുകയാണ് ഞാൻ. വൈദ്യുതി നിലച്ചു. ഓണാഘോഷം നടക്കുമ്പോൾ സാധാരണ ഇങ്ങനെ സംഭവിക്കില്ല. മാനാഞ്ചിറയിൽമാത്രം ജനറേറ്റർ കരുതിയിരുന്നു. അഞ്ചുപത്തു മിനിറ്റെടുത്തു ജനറേറ്റർ പ്രവർത്തിക്കാൻ. പിറ്റേന്ന് പത്രത്തിൽ ചില വാർത്തകൾ വന്നു. നഗരം ഇരുട്ടിലായ മുക്കാൽമണിക്കൂറോളം നിരത്തുകളിൽ അനാശാസ്യപ്രവർത്തനങ്ങൾ നടന്നു. ഓണാഘോഷം സംഘടിപ്പിച്ച ജില്ലാഭരണകൂടത്തിന്റെ വീഴ്ചയായി അത് വ്യാഖ്യാനിക്കപ്പെട്ടു. വൈകുന്നേരം പത്രലേഖകർ കളക്ടറുടെ പ്രതികരണം ആരായാനായി ചുറ്റുംകൂടി. “മാനാഞ്ചിറയിൽ ജനറേറ്റർ ഉണ്ടായിരുന്നു, അവിടെ ഒരനാശാസ്യവും നടന്നില്ല” എന്ന് ഞാൻ തറപ്പിച്ചുപറഞ്ഞു. അപ്പോഴാണ് സൗമ്യപ്രകൃതിയായ ബാലകൃഷ്ണൻ എന്ന മാതൃഭൂമി ലേഖകന്റെ ചങ്കിൽ തറയ്ക്കുന്ന ചോദ്യം, ഒരിക്കലും മറക്കാത്ത ഒരു ചോദ്യം: “അല്ല സർ, താങ്കൾ മാനാഞ്ചിറയുടെമാത്രം കളക്ടറാണോ?” മറുപടിയുണ്ടോ ആ ചോദ്യത്തിന്? മനോരമയിലെ ദാമോദരൻ, കേരളകൗമുദിയിലെ സജീവൻ, ഇന്ത്യൻ എക്സ്പ്രസിലെ മാധവൻകുട്ടി, ഫോട്ടോഗ്രാഫർമാരായ നാരായണൻ, മുസ്തഫ... അങ്ങനെ അനേകം മാധ്യമസുഹൃത്തുക്കളുണ്ടായിരുന്നു അന്ന്. അവരെല്ലാം യഥാകാലം നൽകിയ വിവരങ്ങളും പങ്കിട്ട അഭിപ്രായങ്ങളും എനിക്ക് നൽകിയിട്ടുള്ള വിവരങ്ങളും ഉൾക്കാഴ്ചകളും നിസ്സാരമല്ല.

പി.ടി. ഉഷയ്ക്ക് മാനാഞ്ചിറ മൈതാനത്തുവെച്ച് നൽകിയ വിപുലമായ സ്വീകരണത്തിൽ മുഖ്യമന്ത്രി കരുണാകരൻ പങ്കെടുത്തു. അന്ന് സ്വാഗതം പറയാൻ മൈക്കിനു മുന്നിൽനിന്ന എനിക്ക് ശബ്ദം പുറത്തുവന്നില്ല. കുറച്ചുമാസംമുമ്പേ സംസാരിക്കാൻ പ്രയാസമുണ്ടായിരുന്നു. സ്വരനാളിയിൽ കുരുമുളകു വലുപ്പത്തിലുള്ള ഒരു വളർച്ച ഡോക്ടർ അശോക് കുമാർ എന്ന ഇ.എൻ.ടി. സർജൻ നാലഞ്ചു മാസത്തിനുമുമ്പേ കണ്ടതാണ്. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും ഉപദേശിച്ചതാണ്. വോക്കൽ കോർഡിലെ ഓപ്പറേഷനെക്കുറിച്ചാലോചിച്ചപ്പോൾ എനിക്ക് വല്ലാത്തൊരാശങ്ക. വല്ല കൈപ്പിഴയും പറ്റിയാൽ ശിഷ്ടജീവിതത്തിൽ ശബ്ദമില്ലാതെ വരില്ലേ? ഞാൻ സകല ആയുർവേദ-ഹോമിയോ-യൂനാനി-നാടൻ മരുന്നുകളും പ്രയോഗിച്ചുനോക്കി. ശബ്ദം തൈഥവ! എനിക്കാണെങ്കിൽ ദിവസവും മീറ്റിങ്ങുകളും പൊതുയോഗങ്ങളും. ‘ആയുധം കൈയിലില്ലാത്തോൻ അടരാടുന്നതെങ്ങനെ’ എന്ന അവസ്ഥ. അപ്പോഴാണ് പി.ടി. ഉഷയുടെ സ്വീകരണം. മുഖ്യമന്ത്രി എന്റെ ശബ്ദവൈകല്യം ശ്രദ്ധിച്ചു. പോകുംമുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കാനാവില്ല. “നിങ്ങളുടെ ശബ്ദം കഴിഞ്ഞ പ്രാവശ്യവും ഞാൻ ശ്രദ്ധിച്ചു. ഇന്ന് സംസാരിക്കാനേ സാധിച്ചില്ല. ഒരുദിവസംപോലും പാഴാക്കാതെ സർജറി നടത്തണം. ഇവിടെ ചെയ്യാൻ മടിയാണെങ്കിൽ വിദേശത്തുപോയി ചെയ്യൂ. സർക്കാർ ചെലവു വഹിക്കും. ഇത് വെച്ചുകൊണ്ടിരിക്കരുത്.” അദ്ദേഹം പോയി. ആ കരുതൽ എന്നെ അലിയിച്ചുകളഞ്ഞു. അശാസ്ത്രീയഭയം മറന്ന് ഞാൻ നേരെ ഡോക്ടർ അശോക് കുമാറിന്റെ വീട്ടിലേക്കു ചെന്നു (അഥവാ കീഴടങ്ങി). ഓപ്പറേഷൻ ദിവസം നിശ്ചയിച്ചു. അദ്ദേഹം നിശ്ചിതദിവസംകൊണ്ട് ആ കൃത്യം ഭംഗിയായി നിറവേറ്റി. തൊണ്ടയ്ക്കുള്ളിലെ കുരുമുളകു മണി വെട്ടിയെടുത്ത് പരിശോധനയ്ക്കയച്ചു. നിർദോഷിയാണെന്ന്‌ റിപ്പോർട്ടും വന്നു. അന്ന് വീണ്ടെടുത്ത ശബ്ദത്തിന്റെ ബലത്തിൽ ജീവിതം ഇപ്പോഴും മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നു.

ചില പ്രധാനവ്യക്തികളുടെ മരണവും കോഴിക്കോട് ജീവിതസ്മൃതികളിൽ ശ്യാമം കലർത്തിയിരിക്കുന്നു. ജോൺ എബ്രഹാമുമായി അധികമാർക്കുമറിഞ്ഞുകൂടാത്ത സവിശേഷമായ ഒരു ബന്ധമുണ്ടെനിക്ക്. ജോൺ നാല്പതുദിവസംമാത്രം നീണ്ട ഒരു വൈവാഹികബന്ധത്തിൽ പങ്കാളിയായി. ആ പെൺകുട്ടി അസാമാന്യയായ ധിഷണാശാലിയായിരുന്നു; എന്റെ ഒരു മുൻകാല സ്നേഹിതയും. ഞാൻ ഈ ബന്ധത്തെക്കുറിച്ച് അറിയുമ്പോഴേക്കും നാല്പതുദിവസത്തെ ബാന്ധവം അവസാനിച്ചിരുന്നു.`സ്നേഹിതയോട് ഞാൻ ചോദിച്ചു: “ഇതെങ്ങനെ സംഭവിച്ചു?” ഇതായിരുന്നു മറുപടി: “ഞങ്ങൾ ഒന്നിച്ചുകഴിഞ്ഞ നാല്പതുദിവസവും ജോൺ ഒരു മാന്യനായിരുന്നു. സ്നേഹമുള്ള പുരുഷനായിരുന്നു. മദ്യപിച്ചാൽ എല്ലാം അവസാനിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. നാല്പത്തിയൊന്നാംദിവസം അയാൾ മദ്യപിച്ചുവന്നു. ഞാൻ ഇറങ്ങിപ്പോരുകയുംചെയ്തു. ഒരുദിവസം വൈകുന്നേരം കോഴിക്കോട് എൻ.ബി.എസ്. പുസ്തകശാലയുടെ മുന്നിൽവെച്ച് ജോണിനെ കണ്ടു. ‘അവൾ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്. പഴയ സ്നേഹിതയാണല്ലേ?’ എന്നുപറഞ്ഞ്‌ സംഭാഷണം ആരംഭിച്ച ജോണിന്റെ കണ്ണുവെട്ടിച്ച്‌ ഞാൻ പൊയ്ക്കളഞ്ഞതാണ്. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് ടെറസിന്റെ മുകളിൽനിന്നുവീണ് ആ ജീനിയസിന്റെ ജീവിതം അകാലത്തിൽ പൊലിയുന്നത്. ടൗൺഹാളിൽ ശരീരം പൊതുദർശനത്തിനു വെക്കാനുമെല്ലാം വേണ്ട തീരുമാനങ്ങളെടുക്കാൻ എനിക്ക് സാധിച്ചു, ആ മരവിച്ച കിടപ്പിലും ജോൺ എന്നെ നോക്കി ഗൂഢമായി ചിരിക്കുംപോലെ എനിക്കുതോന്നി.

പാർലമെന്റ്‌ മെമ്പറായിരുന്ന സൗമ്യനായ ഡോ. കെ.ജി. അടിയോടിയുടെ ഹൃദയാഘാതത്താലുള്ള ആകസ്മികമരണമാണ് മറ്റൊരോർമ. പേരാമ്പ്രയിൽ ഔദ്യോഗികയാത്ര പോയാൽ അദ്ദേഹം അവിടെയുണ്ടെങ്കിൽ ആ വീട്ടിൽ പോകാതിരിക്കില്ല ഞാൻ. ധന്യത പകരുന്ന സാന്നിധ്യമായിരുന്നു ഡോ. അടിയോടിയുടേത്. അദ്ദേഹത്തിന്റെ മരണം മറക്കാതിരിക്കാൻ മറ്റൊരു കാരണവുമുണ്ട്. ലോക്‌സഭയുടെ കാലാവധി പിന്നെയും രണ്ടുവർഷമുണ്ടായിരുന്നതുകൊണ്ട് ഇടക്കാല തിരഞ്ഞെടുപ്പുണ്ടാവും. ഡോ. അടിയോടിയുടെ സീറ്റിൽ മത്സരിക്കാൻ ഒരു മുഖ്യധാരാ രാഷ്ട്രീയനേതൃത്വം എന്നോടാവശ്യപ്പെട്ടു. റിട്ടയർ ചെയ്യാൻ പിന്നെയും ഇരുപത്തിയഞ്ചുവർഷങ്ങൾ ബാക്കിയുള്ള ഞാൻ സ്നേഹപൂർവം, നന്ദിപൂർവം ആ ക്ഷണം നിരസിച്ചു. അതെത്ര നന്നായി എന്ന് ഇപ്പോൾ തോന്നുന്നുമുണ്ട്.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..