.
അഭയാർഥികളുടെ അരക്ഷിതാവസ്ഥ ആഗോള ചർച്ചകളിൽ അസ്വാരസ്യം വിതയ്ക്കുകയാണല്ലോ. പലായനത്തിന്റെ നോവ് നീറ്റുന്ന കഥാപാത്രങ്ങളാണ് താങ്കളുടേത്. ഒരിക്കൽ അഭയാർഥിയായിരുന്നല്ലോ താങ്കളും. അക്കാലത്തെ എങ്ങനെ ഓർക്കുന്നു ?
= പിൽഗ്രിംസ് വേയിലെ ദാവൂദ്, ബൈ ദി സീയിലെ സാലെ, ലത്തീഫ് ഗ്രാവൽ ഹാർട്ടിലെ സലീം. എന്റെ കഥാപാത്രങ്ങളെപ്പോലെ പുതിയനാടിനെ ഇന്നും
പൂർണമായി സ്വീകരിക്കാനാകാത്ത വ്യക്തിയാണ് ഞാൻ. പതിനെട്ടാം വയസ്സിൽ ഇംഗ്ലണ്ടിലെത്തിയതാണ്. പ്രതിസന്ധികൾ പലതും വന്നു. എന്നാൽ, ഇംഗ്ലണ്ട് എനിക്ക് സന്തോഷങ്ങളും ഒരുപാട് നൽകി. അഭയാർഥി എന്ന് അലസമായി ഇന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. നിൽക്കക്കള്ളിയില്ലാതെ ജീവൻ രക്ഷപ്പെടുത്താൻ നാടുവിടുന്നവരാണ് അഭയാർഥികൾ. അവരെ അംഗീകരിക്കാനും കേൾക്കാനും ലോകം തയ്യാറാകണം.
താങ്കളുടെ മുഖ്യകഥാപാത്രങ്ങൾ സാധാരണക്കാരാണ്. തീരേ അമാനുഷികത അവകാശപ്പെടാനില്ലാത്തവർ. പ്രവചനാതീതമായ ജീവിതസന്ധികളിൽ വഴിമുടങ്ങുന്നവർ. താങ്കൾ അവരുടെ ജീവിതത്തിന് അപൂർണവിരാമം നൽകുന്നതെന്തിനാണ് ?
= അതിമാനുഷികരെ എനിക്ക് പരിചയമില്ല. എന്നെപ്പോലെയുള്ള, എനിക്ക് ചുറ്റിലുമുള്ള ആളുകളാണ് എനിക്ക് പ്രേരണയാവുന്നത്. അപൂർണമല്ല ഒരു കഥയും. സാധ്യതകൾ നൽകുന്ന അവസാനങ്ങളാണ് എന്റെ നോവലുകൾ എന്നാണ് ഞാൻ പറയാനിഷ്ടപ്പെടുന്നത്. വായനക്കാരനെ സ്വന്തം സങ്കല്പലോകത്തിൽ വിഹരിക്കാൻ വിടുകയാണ് എന്റെ രീതി.
കഥ പറച്ചിലിനിടെ മൗനത്തിലേക്ക് ഇടയ്ക്കിടെ ഉൾവലിയുന്ന കഥാപാത്രങ്ങൾ. ഇതിനുകാരണം അന്യഭാഷയിലുള്ള വിശ്വാസക്കുറവാണോ, അനുഭവങ്ങളെ ആവിഷ്‌കരിക്കുന്നതിൽ ഭാഷ എന്ന മാധ്യമത്തിന് പരിമിതികൾ ഉള്ളതുകൊണ്ടാണോ ?
= ഭാഷയ്ക്ക് പരിമിതികളുണ്ട്. മൗനം അതിനെക്കാൾ ശക്തിയുള്ള മാധ്യമമാണ്. മൗനത്തിന് ധ്വനിപ്പിക്കാൻ കഴിയുന്ന വൈകാരിക വൈവിധ്യം വാക്കുകളുടെ വിനിമയ ശേഷിക്കതീതമാണ്. ഭീതി ജനിപ്പിക്കുന്നത് കൂടിയാണ് മൗനം. അർധോക്തികളുടെ സൗന്ദര്യം അപാരമാണ്. ഉള്ളിലൊതുക്കാൻ ആഗ്രഹിക്കുന്ന പലതുമുണ്ടാവും. ശബ്ദമായി പുറത്തെത്തിയാൽ നമ്മുടെ മനോനില തെറ്റിക്കത്തക്ക തീവ്രതയുള്ള അനുഭവങ്ങൾ. അന്നേരവും മൗനമാണ് തുണ.
യുക്രൈനിൽനിന്ന് പലായനംചെയ്ത മനുഷ്യരെ ഉൾക്കൊള്ളാൻ കാണിച്ച നയതന്ത്ര വിശാലത അറബ്, ഏഷ്യൻ, ആഫ്രിക്കൻ പൗരന്മാരോട് യൂറോപ്പ് കാണിക്കാറില്ല. അഭയം നൽകുന്നതിൽ മതവും ദേശീയതയും യൂറോപ്പ് മാനദണ്ഡമാക്കുന്നുണ്ടോ ?
= യുക്രൈനികളോട് കാണിച്ച ആർദ്രത യൂറോപ്പ് എല്ലാവരോടും കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കറുത്തവരോടും തവിട്ടുനിറമുള്ളവരോടും മഞ്ഞ നിറക്കാരോടുമുള്ള യൂറോപ്യൻ സമീപനം മാറേണ്ടത് കാലത്തിന്റെ ആവശ്യമാണ്. യുദ്ധവും കാലാവസ്ഥയും കലാപവും പട്ടിണിയും - അവനവന്റെ വീട് വിട്ടെറിഞ്ഞുവരാൻ ഓരോരുത്തർക്കും ന്യായമായ കാരണങ്ങളുണ്ട്. അതറിയണം. പരിഹരിക്കണം.
സവിശേഷമായ ആഖ്യാനരീതിയാണ് താങ്കളുടേത്. പരദേശത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിനിടെ ജന്മനാടിന്റെ ഓർമകളിൽ മുഴുകുന്നവരാണ് താങ്കളുടെ മിക്ക കഥാപാത്രങ്ങളും. വേരറ്റു പോകാതിരിക്കാനുള്ള പെടാപ്പാടാണ് ഈ കഥപറച്ചിലുകൾ. ‘തീവ്രഗൃഹാതുരത്വത്തിലേക്ക് കൂപ്പുകുത്തുമ്പോൾ ഞാനെന്റെ വീടിനെ വാക്കുകളിലൂടെ വരയ്ക്കും’ എന്ന് ഒരു അഭിമുഖത്തിൽ താങ്കൾ പറഞ്ഞിട്ടുണ്ട്. കഥ പറയുന്നവരെക്കുറിച്ചുള്ള കഥയെഴുതി സ്വത്വം തിരികെപ്പിടിക്കുകയല്ലേ താങ്കൾ ?
= കഥകൾ പറയുന്നത് സാർവജനികമായ രീതിയാണ്. ഓർമകൾ ആവർത്തിച്ചു പറയുമ്പോൾ അവ ആഴത്തിൽ ഉള്ളിൽപ്പതിയും. ചിലപ്പോൾ ചോര പൊടിഞ്ഞെന്നു വരും. മുറിവുകൾ പിന്നെ ഉണങ്ങിയെന്നുവരില്ല. പക്ഷേ, അന്യതാബോധത്തെ എതിർത്തു തോൽപ്പിക്കാൻ കഥ പറച്ചിലിനെക്കാൾ നല്ലൊരു ആയുധമില്ല. വാക്കുകളിലൂടെ ആത്മാവിനുള്ളിൽ സ്വന്തം വേരുകളെ ബലപ്പെടുത്തുകയാണ് ഞാൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..