മക്കളേ,
സ്വന്തം ജീവിതത്തിലും ബാഹ്യലോകത്തുമുണ്ടാകുന്ന സകലപ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും ഈശ്വരനെ കുറ്റപ്പെടുത്തുന്നവരുണ്ട്. എന്നാൽ, ഈ പ്രശ്നങ്ങൾക്കെല്ലാംകാരണം നമ്മുടെതന്നെ പൂർവകർമങ്ങളാണ് എന്ന വാസ്തവം അവർ അറിയുന്നില്ല. ഈശ്വരനെ ഒന്നിനും കുറ്റപ്പെടുത്താൻകഴിയില്ല. ഒരു തിയേറ്ററിൽ സിനിമ പകുതിയായപ്പോൾ ഒരാൾ കടന്നുചെല്ലുന്നുവെന്ന് കരുതുക. ഒരാൾ മറ്റൊരാളെ ക്രൂരമായി മർദിക്കുന്ന രംഗമാണ് അയാൾ കാണുന്നത്. അടികൊള്ളുന്നയാളോട് സഹതാപവും അടിക്കുന്നയാളോട് ദേഷ്യവും അയാൾക്കുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ, അയാൾ കാണുന്നതുപോലെയല്ല വാസ്തവസ്ഥിതി. ദുഷ്ടനും നീചനുമായ വില്ലന് അർഹിച്ച ശിക്ഷ നായകൻ നൽകുന്ന രംഗമാണ് വാസ്തവത്തിൽ അയാൾകണ്ടത്. അതിൽ മറ്റുകാണികളെല്ലാം സന്തോഷിക്കയാണുണ്ടായത്. അതുവരെയുള്ള സംഭവപരമ്പരകൾ അറിയാത്തതുകൊണ്ടാണ് അപ്പോൾ വന്നുകയറിയ ആൾക്ക് തെറ്റിദ്ധാരണയുണ്ടായത്. ഇതുപോലെ നമ്മുടെ പൂർവകർമങ്ങളെക്കുറിച്ചുള്ള മുഴുവൻ വസ്തുതകളും അറിയാത്തതുകൊണ്ടാണ്, നമ്മൾ ഈശ്വരനെ കുറ്റപ്പെടുത്തുന്നത്.
നമ്മൾ മുജ്ജന്മങ്ങളിലും ഈ ജന്മത്തിലുംചെയ്ത കർമങ്ങളുടെ ഫലം നമ്മൾ ഇന്നല്ലെങ്കിൽ നാളെ അനുഭവിച്ചേ മതിയാകൂ. അനേകം പശുക്കളുടെ ഇടയിലേക്ക് ഒരു പശുക്കിടാവിനെ അഴിച്ചുവിട്ടാൽ അതു സ്വന്തം തള്ളപ്പശുവിന്റെ അടുത്തുതന്നെ ചെന്നെത്തും. ശരിക്കും വിലാസമെഴുതിയ കത്ത് മേൽവിലാസക്കാരനുതന്നെ കിട്ടും. അതുപോലെ അവനവൻ ചെയ്ത കർമത്തിന്റെ ഫലം അവനവനിലേക്കുതന്നെ വന്നെത്തും. അതിന് ഈശ്വരനെ പഴിക്കുന്നതിൽ അർഥമില്ല.
ഇതുപറയുമ്പോൾ, ഒരുകഥ ഓർക്കുകയാണ്. രാജകൊട്ടാരത്തിൽ വിദൂഷകൻ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന സമയം. ഇടയ്ക്കിടെ അദ്ദേഹം നല്ലതമാശകളും പറയുന്നുണ്ട്. പക്ഷേ, രാജാവിനു കഥ ശരിക്ക് മനസ്സിലായില്ല. വിദൂഷകൻ തന്നെ കളിയാക്കുകയാണെന്നു തെറ്റിദ്ധരിച്ച രാജാവ്, ദേഷ്യത്തോടെ വിദൂഷകന് ഒരടികൊടുത്തു. വിദൂഷകൻ വേദനകൊണ്ടു പുളഞ്ഞു. ദേഷ്യംകൊണ്ട് പല്ലിറുമ്മി. എന്നാൽ, തന്നെ അടിച്ചത് രാജാവാണ്, മറുത്തൊരക്ഷരംപോലും പറയുവാൻ കഴിയില്ല. ഒരു കാരണവുംകൂടാതെ അടികിട്ടിയതിലുള്ള ദേഷ്യം, എത്ര ശ്രമിച്ചിട്ടും വിദൂഷകനു നിയന്ത്രിക്കാനായില്ല. വിദൂഷകൻ തന്റെ തൊട്ടടുത്തുനിന്നയാൾക്ക് ഒരടികൊടുത്തു. അയാൾ വിദൂഷകനോടു ചോദിച്ചു, ‘‘അങ്ങെന്താണീ ചെയ്തത്? ഞാനങ്ങയെ ഒന്നുംചെയ്തില്ലല്ലോ. “അതിനെന്താ നീ, നിന്റെ അടുത്തുനിൽക്കുന്നയാൾക്ക് ഒരടികൊടുക്കൂ. ജീവിതം ഒരു വലിയചക്രംപോലെയാണ്. അതു കറങ്ങിവരുമ്പോൾ ഓരോരുത്തർക്കും അവരവർ അർഹിക്കുന്നതുകിട്ടും. ഒട്ടും മടിക്കേണ്ട, അടുത്തിരിക്കുന്നയാൾക്ക് അടികൊടുത്തുകൊള്ളൂ’’. എന്നായിരുന്നു വിദൂഷകന്റെ മറുപടി.
ഇന്നു നമുക്കുചുറ്റും കണ്ടുവരുന്നതും ഇതുതന്നെയാണ്. തന്റെ പകയും ദേഷ്യവും അടുത്തുനിൽക്കുന്നവരോടാണ് തീർക്കുന്നത്. വാസ്തവത്തിൽ, അവർ ഒന്നുമറിഞ്ഞിട്ടുണ്ടാകില്ല. ഇന്നല്ലെങ്കിൽ നാളെ നമ്മൾ കൊടുത്തതു തിരികെ നമ്മളിലേക്കുതന്നെ മടങ്ങിയെത്തും എന്നകാര്യത്തിൽ സംശയമില്ല.
നമ്മുടെ ജീവിതത്തിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളെല്ലാം നമ്മുടെതന്നെ സൃഷ്ടിയാണെന്ന് നമ്മൾ തിരിച്ചറിയണം. നല്ലതായാലും ചീത്തയായാലും നമ്മുടെ വിധിയെ സൃഷ്ടിക്കുന്നത് നമ്മൾതന്നെയാണ്. ഇന്നു നമ്മൾ ചെയ്യുന്ന കർമം നാളെ വിധിയുടെ രൂപത്തിൽ നമ്മളെ തേടിവരുന്നു. നല്ലകർമങ്ങളാണ് നല്ലഭാവിയെ സൃഷ്ടിക്കുന്നത്. അതുകൊണ്ട് ഈ നിമിഷത്തെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുകയാണ് നമ്മൾചെയ്യേണ്ടത്.
അമ്മ
Content Highlights: weekend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..