വേരുകൾ ഓർത്ത് വീട്ടിലേക്ക്


By മാളവികാ മോഹനൻ/സിറാജ് കാസിം sirajkasim2000@gmail.com

3 min read
Read later
Print
Share

പുതിയ സിനിമയായ ക്രിസ്റ്റിയെക്കുറിച്ചും തന്നെക്കുറിച്ചും നടി മാളവികാ മോഹനൻ


എനിക്ക് ഒരു ഇമേജ് സെറ്റ് ചെയ്യുന്നത് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. ഒരു നടനെപ്പോലെ ഒരു നടി വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ പ്രാപ്തയാണെന്ന് പലപ്പോഴും പരിഗണിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ മനഃപൂർവം ശ്രമിക്കാറുണ്ട്...’’
ഒരിടവേളയ്ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ പറഞ്ഞ വാക്കുകളിൽ മാളവികയുടെ സ്വപ്നത്തിന്റെ നിറങ്ങളെല്ലാമുണ്ടായിരുന്നു. പട്ടംപോലെ എന്ന സിനിമയിലെ റിയ എന്ന കഥാപാത്രവുമായി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് വന്ന മാളവികാ മോഹനൻ. ഹിന്ദിയിൽ ബിയോണ്ട് ദി ക്ലൗഡ്സും തമിഴിൽ വിജയിനൊപ്പം മാസ്റ്ററും ധനുഷിനൊപ്പം മാരനും ഒക്കെ ചെയ്ത ശേഷം ക്രിസ്റ്റിയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് മാളവിക. മാത്യു തോമസിനെ നായകനാക്കി ആൽവിൻ ഹെന്റി സംവിധാനം ചെയ്യുന്ന ക്രിസ്റ്റി റിലീസിന് തയ്യാറെടുക്കുമ്പോൾ വിശേഷങ്ങൾ പങ്കിട്ട് മാളവികാ മോഹനൻ സംസാരിക്കുന്നു

ക്രിസ്റ്റി വലിയ പ്രതീക്ഷയാണ്
കൗമാരക്കാരന്റെയും അവനെക്കാൾ പ്രായമുള്ള യുവതിയുടെയും പ്രണയത്തിന്റെ കഥ പറയുന്ന ക്രിസ്റ്റി എനിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. ക്രിസ്റ്റി എന്ന ടൈറ്റിൽ കഥാപാത്രം ലഭിക്കുമ്പോൾ അത് എന്നെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വവും സാധ്യതകളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. എനിക്ക് സമീപകാലത്ത് ലഭിച്ച കഥാപാത്രങ്ങളെല്ലാം അല്പം സീരിയസ് ആയ പശ്ചാത്തലത്തിലുള്ളതായിരുന്നു. എന്നാൽ, ക്രിസ്റ്റിയുടെ കഥ അതിൽനിന്നെല്ലാം വ്യത്യസ്തമാണെന്നതാണ് എന്നെ ആദ്യം ആകർഷിച്ച ഘടകം. ഒരു കൗമാരക്കാരനും അവന് ട്യൂഷൻ എടുക്കാനായി വരുന്ന യുവതിയും തമ്മിൽ ഉടലെടുക്കുന്ന സൗഹൃദവും പിന്നീട് ആ ബന്ധത്തിൽ വരുന്ന മാറ്റങ്ങളുമെല്ലാമാണ് ഈ സിനിമ പറയുന്നത്. ഞാൻ ഒരുപാട് ആസ്വദിച്ച് ചെയ്ത വേഷമായിരുന്നു ഇത്. അതുകൊണ്ടുതന്നെ മലയാളത്തിലേക്ക് തിരിച്ചെത്തിയ വേഷത്തിൽ എനിക്ക് ഏറെ സന്തോഷവും സംതൃപ്തിയുമുണ്ട്.

വേരുകൾ ഓർക്കുമ്പോൾ
പട്ടംപോലെ എന്ന സിനിമയിൽ റിയ എന്ന കഥാപാത്രമായിട്ടാണ് ഞാൻ മലയാളത്തിൽ എത്തുന്നത്. പിന്നീട് നിർണായകം, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങൾ ചെയ്ത ശേഷം വലിയൊരു ഇടവേളയായിരുന്നു. ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ സ്വന്തം വേരുകൾ തന്നെയാണ് ഞാൻ ഓർക്കുന്നത്. സിനിമയിലേക്കുള്ള യാത്രയിൽ എന്റെ സ്വപ്നങ്ങൾക്ക് നിറങ്ങൾ ചാലിച്ചവരിൽ പ്രധാനി ഛായാഗ്രാഹകനായിരുന്ന അച്ഛൻ മോഹനനായിരുന്നു. അച്ഛൻ സിനിമയിൽ ഏറെ താത്പര്യമുള്ള ആളായതുകൊണ്ട് വീട്ടിൽ എപ്പോഴും സിനിമകളുടെ ഡി.വി.ഡി.കളുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ കണ്ടു തുടങ്ങിയ ഡി.വി.ഡി.കളാണ് എന്റെ സിനിമാ മോഹങ്ങളിലേക്കുള്ള വാതിൽ തുറന്നത്. ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ വീട്ടിലേക്കുള്ള മടക്കംപോലെയാണ് എനിക്ക് തോന്നുന്നത്.
ദ്വീപിൽ ഒരു സന്ധ്യാനേരത്ത്
ക്രിസ്റ്റി എന്ന സിനിമയുടെ ഷൂട്ടിങ് ജീവിതത്തിലെ രസകരമായ കുറെ നിമിഷങ്ങൾ സമ്മാനിച്ചിരുന്നു. മാലദ്വീപിൽ കുറച്ച് ദിവസം ഷൂട്ടിങ് നടത്തിയപ്പോൾ നേരിട്ട ചില അനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണ്. അവിടെ ചില ഏകാന്ത ദ്വീപിലൊക്കെ പോയി ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. ചെറിയ ബോട്ടിൽ അഞ്ചോ ആറോ ആളുകളായിട്ടാണ് ഞങ്ങൾ ദ്വീപിൽ ചെന്നണഞ്ഞത്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞപ്പോൾ നേരം സന്ധ്യയായി. രാത്രി ഇരുട്ട് വീണിട്ടും ബോട്ട് വരാതെ കുറെ നേരം കാത്തുനിൽക്കേണ്ടി വന്നു. ഒടുവിൽ രാത്രി ഇരുട്ടിൽ ബോട്ടിലുള്ള യാത്ര വളരെ സാഹസികവും രസകരവുമായിരുന്നു. തിരുവനന്തപുരത്തെ പൂവാർ ആണ് ഈ സിനിമയുടെ പശ്ചാത്തലം. കടലും കായലും ചേരുന്ന പൊഴിയുടെ സൗന്ദര്യമൊക്കെ ആസ്വദിച്ച ഷൂട്ടിങ് ദിനങ്ങളും മറക്കാനാകില്ല.

മലയാളത്തിൽ ഇനിയുമെത്തണം
ഹിന്ദിയിൽ യുദ്ര എന്ന സിനിമയും തമിഴിൽ തങ്കലാൻ എന്ന സിനിമയുമാണ് ഇനി വരാനുള്ളത്. രണ്ടും ഏറെ പ്രതീക്ഷകളുള്ള സിനിമകളാണ്. മാസ്റ്റർ എന്ന തമിഴ് ചിത്രത്തിനുശേഷം എനിക്ക് മലയാളത്തിൽനിന്ന് ധാരാളം ഓഫറുകൾ വന്നിരുന്നു. എന്നാൽ, എനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങളിൽ അഭിനയിക്കേണ്ടെന്നായിരുന്നു തീരുമാനം. കുറച്ച് റിയലിസ്റ്റിക്കായ പ്രോജക്ടുകൾ വരുമ്പോഴേ ഒരു നടി എന്ന നിലയിൽ എനിക്ക് പെർഫോം ചെയ്യാൻ കഴിയൂ. അത്തരം വേഷങ്ങൾ തരുന്ന മലയാളചിത്രങ്ങളിലേക്ക് ഇനിയുമെത്തണമെന്നാണ് ആഗ്രഹിക്കുന്നത്.
നിലപാടുകളുടെ ധീരത
സിനിമയിലായാലും ജീവിതത്തിലായാലും നമുക്കൊരു നിലപാട് വേണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ. മുംബൈയിൽ പഠിക്കുന്ന സമയത്ത് പൂവാലശല്യത്തിനെതിരായ ‘ചപ്പൽ മാരൂംഗി’ പോലെയുള്ള കാമ്പയിനുകളിലൊക്കെ പങ്കെടുത്തത് എന്റെ നിലപാടുകളുടെ അടയാളം തന്നെയായിട്ടാണ്. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും നമുക്ക് പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ല. പക്ഷേ, നമ്മൾ അഭിമുഖീകരിക്കുന്ന ചില കാര്യങ്ങളിലെങ്കിലും നമ്മുടെ നിലപാട് ശക്തമായി ബോധ്യപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ട്. അച്ഛന്റെ നാട് പയ്യന്നൂരാണെങ്കിലും ഞാൻ പഠിച്ചതും വളർന്നതുമൊക്കെ മുംബൈയിലാണ്. ആ നഗരമാണ് എന്റെ പേഴ്സണാലിറ്റിയും കരിയറുമൊക്കെ രൂപപ്പെടുത്തിയത്. അച്ഛനും അമ്മയും എനിക്കുതന്ന സ്വാതന്ത്ര്യവും കരുതലുമാണ് എന്നെ ഞാനാക്കിയത്. സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇപ്പോഴത്തെ കുട്ടികൾക്ക് നല്ല പരിഗണന ലഭിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..