രോമാഞ്ചം സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച്...
= സ്കൂൾകാലത്ത് നടത്തിയ കലാപ്രവർത്തനങ്ങളുടെ തുടർച്ചയായാണ് മനസ്സിൽ അഭിനയമോഹം തലപൊക്കുന്നത്. നാടൻപാട്ടും നാടകവുമെല്ലാമായി നാടുമൊത്തം സഞ്ചരിച്ചതോടെ നടനാകുക എന്നതായി ജീവിതലക്ഷ്യം. പ്ലസ്ടുവിനും എൻജിനിയറിങ്ങിനുമെല്ലാം പഠിക്കുമ്പോൾത്തന്നെ അവസരം ചോദിച്ച് സിനിമാക്കാർക്ക് പിറകെ പോയി. ഒന്നും ശരിയാകാതെ വന്നപ്പോൾ ദുബായിലേക്ക് പറന്നു. കടൽ കടന്നെങ്കിലും മനസ്സുനിറയെ സിനിമയായിരുന്നു.ജോലിക്കിടെ തിരക്കഥയെഴുതി, എഴുതിയ സിനിമയ്ക്കൊരു നിർമാതാവിനെ കിട്ടിയപ്പോൾ വിദേശത്തെ ജോലി ഉപേക്ഷിച്ച് തിരിച്ചുപോന്നു. ഇവിടെ എത്തിയപ്പോഴേക്കും നിർമാതാവ്് പിന്മാറി. എന്തുചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് കോവിഡ് തുടങ്ങുന്നത്. വീട്ടിലിരിപ്പ് നീണ്ടുപോയപ്പോൾ ചെറിയ ചില വീഡിയോകളും റീൽസുമെല്ലാം തുടങ്ങി. എന്റെ ആശയങ്ങളും കൊച്ചുതമാശകളും ആളുകൾ ഇഷ്ടപ്പെടുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോൾ ആ വഴിക്കുതന്നെ െവച്ചുപിടിച്ചു. ഞാൻ ചെയ്ത റീൽസ് കണ്ടാണ് എന്നെ രോമാഞ്ചത്തിലേക്ക് വിളിച്ചത്.
കഥയിൽ മുഴുനീള വേഷമാണ്, കഥാപാത്രത്തിനായി നടത്തിയ മുന്നൊരുക്കങ്ങൾ...
= ഒരുപാട് സമയമെടുത്ത് സംവിധായകൻ ജിത്തുമാധവൻ കഥ മൊത്തമായി വിവരിച്ചുതന്നു. മുകേഷ് എന്ന കഥാപാത്രത്തെക്കുറിച്ച് വ്യക്തമായൊരു ധാരണ ആദ്യ സംസാരത്തിൽ നിന്നുതന്നെ ലഭിച്ചു. മുടി വെട്ടാതെ, നഖം നീട്ടി, വയറിനു മീതേക്ക് മുണ്ടുടുത്ത്, ഇടയ്ക്കിടെ മേലാസകലം ചൊറിഞ്ഞ് കാഴ്ചയിലൊരു വൃത്തികെട്ടവനായി മാറണം എന്ന നിർദേശമാണ് എനിക്ക് ലഭിച്ചത്. ഭൂരിഭാഗം രംഗത്തും ഷർട്ടിടാതെ നടക്കുന്നവനാണ് കഥാപാത്രം. തയ്യാറെടുപ്പിന്റെ ഭാഗമായി കഥകേട്ടതുമുതൽ വീട്ടിൽ ഷർട്ടിടാതെയായി.
ചിത്രീകരണം തുടങ്ങുന്നതിനുമുമ്പേ ആലുവയിലൊരു ക്യാമ്പുണ്ടായിരുന്നു. അഭിനയവും റിഹേഴ്സലും പാട്ടും നൃത്തവുമെല്ലാമായി ഞങ്ങളാഘോഷിച്ച ദിവസങ്ങളായിരുന്നു അത്. ഷൂട്ടിങ്ങിനായി കൊച്ചിയിൽനിന്ന് ചെന്നൈയിലേക്ക് ട്രെയിൻ കയറുമ്പോഴേക്കും ഒരുവീട്ടിൽ കഴിയുന്നവരായി മാറിക്കഴിഞ്ഞു.
ചിത്രീകരണവിശേഷങ്ങൾ...
= സിനിമയിൽ കാണുന്നപോലെ ഞങ്ങൾ ഒരുമിച്ചൊരിടത്തുതന്നെയാണ് കഴിഞ്ഞത്. കൂടെയുള്ള കഥാപാത്രങ്ങളെല്ലാം പലതരം വസ്ത്രങ്ങളണിഞ്ഞ് ക്യാമറയ്ക്കുമുന്നിലെത്തുമ്പോൾ എന്റെ കഥാപാത്രത്തിന് മൂന്നു ലുങ്കിയും ഒരു ജാക്കറ്റുംമാത്രമേ ഉണ്ടായിരുന്നുള്ളൂ.
സീനിനു തൊട്ടുമുൻപ് ക്യാമറ റെഡിയാകുമ്പോഴേക്കും ഒാരോരുത്തരുടെയും വസ്ത്രങ്ങളെക്കുറിച്ച് തുടർച്ച(കണ്ടിന്യൂറ്റി) നോക്കി വിശദമായി പറയും. എന്നോട് കൂടുതലായൊന്നും പറയേണ്ടതില്ല. പച്ച, ചുകപ്പ് അങ്ങനെ ലുങ്കിയുടെ നിറം മാത്രം. സിനിമയിലെ ഒരു കഥാപാത്രമായ സോമൻ ഒരു ഘട്ടം മുതൽ പ്ലാസ്റ്ററിട്ട കാലുമായാണ് അഭിനയിക്കുന്നത്.ബൈക്കപകടത്തിൽപ്പെട്ട് സോമന്റെ കാലൊടിഞ്ഞെന്നാണ് കഥയിൽ പറയുന്നതെങ്കിലും.ചിത്രീകരണത്തിന്റെ ഒരൊഴിവുദിനത്തിൽ ഞങ്ങൾ ക്രിക്കറ്റ് കളിക്കുമ്പോഴുണ്ടായ അപകടത്തിലാണ് സോമന്റെ (ജഗദീഷ്)കാലിന് പരുക്കേൽക്കുന്നത്. കളിക്കിടെ ബാറ്റ് തട്ടി കാൽപൊട്ടി. സിനിമയിൽനിന്ന് പുറത്താകുമോ എന്ന് പേടിച്ച് രണ്ടുദിവസം അവൻ വേദന പുറത്തുകാണിച്ചില്ല.പിന്നീട് കാലിൽ നീരുകൂടിയതോടെ കാര്യം പുറത്തായി.
ഹൊറർ കോമഡി രംഗങ്ങൾ സ്വീകരിക്കപ്പെടുന്നതുപോലെത്തന്നെ, പാളിപ്പോകാനും സാധ്യത കൂടുതലാണ്.അത്തരം ചിന്തകൾ അഭിനയിക്കുമ്പോൾ മനസ്സിലേക്ക് കയറിവന്നിരുന്നോ...
= കഥയുടെ വലിയൊരു ഭാഗം വീടിന്റെ അകത്തളത്തിലാണ് നടക്കുന്നത്. കോമഡിയും ഹൊററും ചേർത്തുെവച്ചുള്ള രംഗങ്ങൾ കൂടുതലായതിനാൽ കൃത്യമായ പ്ലാനിങ്ങോടെയാണ് സീനുകൾ മുന്നോട്ടുകൊണ്ടുപോയത്. എഴുതി ചിട്ടപ്പെടുത്തിയ തിരക്കഥ മുന്നിലുണ്ടായിരുന്നു.ഓരോ സീനിനെക്കുറിച്ചും സംവിധായകന് കൃത്യമായ ധാരണയുണ്ടായിരുന്നു. എങ്കിലും ഷോട്ടെടുക്കുമ്പോൾ ഞങ്ങളിൽനിന്നുയരുന്ന അഭിപ്രായങ്ങൾ, സിനിമയ്ക്ക് ഗുണമെന്ന് തോന്നിയാൽ അപ്പോൾത്തന്നെ സ്വീകരിക്കപ്പെട്ടിരുന്നു. വീട്ടിലെല്ലാവരുമൊന്നിച്ചിരുന്ന് കഞ്ഞികുടിക്കുന്ന സീരിയസ് സീനിൽ ഞാൻ അടുത്തിരിക്കുന്നവന്റെ പ്ലേറ്റിൽനിന്ന് ഭക്ഷണം വാരിക്കഴിച്ചതെല്ലാം അങ്ങനെ ഉൾപ്പെടുത്തിയതാണ്. സിറ്റുവേഷണൽ കോമഡിയാണ് കൂടുതലായും കഥയിൽ നിറഞ്ഞുനിൽക്കുന്നത്. ഞങ്ങളെല്ലാവരും തമ്മിലുള്ള പൊരുത്തം തമാശരംഗങ്ങൾക്ക് കരുത്തുകൂട്ടി.
ഒരുപാട് ദുരൂഹതകൾ നിലനിർത്തിയാണ് സിനിമ അവസാനിക്കുന്നതെന്ന അഭിപ്രായം വ്യാപകമാണ്, ക്ലൈമാക്സിനെക്കുറിച്ചുള്ള അടക്കംപറച്ചിലുകൾ ശ്രദ്ധിച്ചിരുന്നോ...
= യഥാർഥ സംഭവങ്ങളെ മുൻനിർത്തിയാണ് രോമാഞ്ചം സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു സിനിമയുടെ സമയത്തിനുള്ളിൽനിന്ന് കഥ പൂർണമായിപ്പറയാൻ സാധ്യമല്ല, അതുകൊണ്ടുതന്നെ രോമാഞ്ചത്തിനൊരു രണ്ടാംഭാഗം ഉണ്ട്. ആദ്യഭാഗത്തിൽ സൃഷ്ടിച്ച ദുരൂഹതകൾക്കെല്ലാം രണ്ടാംഭാഗത്തിൽ ഉത്തരം കിട്ടും. ആ വീട്ടിൽ കഴിഞ്ഞവർക്ക് പിന്നീടെന്തുസംഭവിച്ചു എന്ന കാര്യങ്ങളാണ് രണ്ടാംഭാഗത്തിൽ പറയുന്നത്. ആദ്യ സിനിമയുടെ മുകളിൽ വരുന്നൊരു രണ്ടാംഭാഗത്തിനായുള്ള പരിശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..