വഴിയിലൊരിടത്ത് വണ്ടിനിർത്തി ഉച്ചഭക്ഷണം വാങ്ങി. ഫാം ഹൗസിലെത്തിയപ്പോഴേക്ക് സന്ധ്യയാവാറായി. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ മൗനം തളംകെട്ടിക്കിടന്നിരുന്നു. വിശാലമായൊരു ഫാം ഹൗസ്, നാലുഭാഗത്തും കമ്പിവേലി, തീറ്റ കൊത്തിപ്പെറുക്കുന്ന കോഴിക്കൂട്ടം. തോട്ടക്കാരൻ വന്ന് സലാം പറഞ്ഞു. സ്റ്റൗവിൽ ചായ തിളച്ചു. ഫാം ഹൗസിൽ എല്ലാ സംവിധാനങ്ങളുമുണ്ട്. ഇലക്‌ട്രിക് ലൈറ്റ്, ടെലിഫോൺ, കട്ടിൽ, വിരിപ്പുകൾ, എന്തിന് ഒരു ട്രാക്ടർപോലുമുണ്ട്. ഒരറ്റത്ത് കുളം. അതിൽ മീനുകളുണ്ടായിരുന്നു. എല്ലാം ചത്തുപോയി.
“കണ്ടില്ലേ, ഇതെല്ലാം ഉണ്ടാക്കിവെച്ചിട്ട് നോക്കിനടത്താൻ ആരുമില്ല. ഗീത തയ്യാറാണെങ്കിൽ എത്ര നല്ലതായിരുന്നു!” -ഗുരു എന്നോടു പറഞ്ഞു.
ഒരുവശത്തുകൂടി പുഴ ഒഴുകുന്നുണ്ട്. സ്ത്രീകളെല്ലാം പുഴയിൽ കുളിക്കാൻ പോയി. ഞാനും ഗുരുവും കുളിമുറിയിലാണ് കുളിച്ചത്. ഈ സ്ഥലത്തെത്തുമ്പോഴാണ് ഗുരു എറ്റവുമധികം സന്തോഷിച്ചിരുന്നത്. മനസ്സ് അസ്വസ്ഥമാകുമ്പോഴെല്ലാം ഇങ്ങോട്ടാണ് ഗുരു ഓടിയെത്തിയത്. ശാന്തവും ഏകാന്തവുമായ ഈ ചുറ്റുപാടിലെത്തി ഗുരു തന്റെ അസ്വസ്ഥതകളെല്ലാം മറക്കാൻ ശ്രമിച്ചിരുന്നു.
18 മാർച്ച്, ഇന്നെന്റെ ജന്മദിനമാണല്ലോ. എനിക്ക് പെട്ടെന്നോർമ വന്നു. ഗുരുവിന്റെ ജന്മദിനം ജൂലായ് ഒമ്പതാണ്. അതിനിനിയും സമയമുണ്ട്. എന്റെ ജന്മദിനത്തിൽ ഇവിടെയെത്താൻ കഴിഞ്ഞത് അപ്രതീക്ഷിതമായ ഭാഗ്യമായി. എല്ലാം ഭംഗിയായി കഴിഞ്ഞാൽ മതിയായിരുന്നു. ഗുരുവിന്റെ കാര്യമായതുകൊണ്ട് ഒന്നും പ്രവചിക്കാൻ വയ്യ. ഏതുനിമിഷവും അപകടം മുന്നിലെത്തിയേക്കാം. മുൻകൂട്ടി അറിയാനുള്ള ഒരു വഴിയുമില്ല.
“നമുക്കൊന്നു നടക്കാൻ പോയാലോ” -ഞാൻ ചോദിച്ചു.
ഗുരു സമ്മതിച്ചു. പുണെ റോഡ് മുന്നിൽത്തന്നെ നീണ്ടുകിടക്കുന്നു. വീതിയുള്ള ടാറിട്ട നിരത്ത്. റോഡിനിരുവശത്തും ഉയർന്നുനിൽക്കുന്ന മരങ്ങൾ. ഇടയ്ക്കിടെ ചില സ്വകാര്യവാഹനങ്ങളും ലോറികളും ബസുകളും കടന്നുപോകുന്നുണ്ട്. വർണാഭമായ ചക്രവാളത്തിലാണ് നിരത്ത് ചെന്നുമുട്ടുന്നത്. ഞങ്ങൾ റോഡിലൂടെ മുന്നോട്ടുനടന്നു. ഗുരു അല്പനേരം നടക്കട്ടെ എന്നുമാത്രമേ ഞാൻ ചിന്തിച്ചുള്ളൂ. ദിവസം മുഴുവൻ സ്റ്റുഡിയോയിലോ കാറിന്റെ ഉള്ളിലോ ഇരിക്കുന്ന ആളല്ലേ? ശരീരത്തിന് ഗുണകരമായതൊന്നും ചെയ്യുന്നില്ല. ഇതുപോലെ അല്പം നടക്കുകയോ മറ്റോ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണല്ലോ? എങ്കിലും ഇത്രയധികം രാത്രികൾ ഉറങ്ങാതിരുന്നിട്ടും ഗുരുവിന്റെ ആരോഗ്യം മോശമായില്ലെന്നത് അതിശയകരമായ കാര്യംതന്നെയാണ്.
“ഇടയ്ക്കൊക്കെ ഇങ്ങനെ നടക്കുന്നത് നല്ലതാണ്” -ഞാൻ പറഞ്ഞു.
“ശരിയാണ്”
“എങ്കിൽപ്പിന്നെ ബോംബെയിലും ഇതു ചെയ്യാമല്ലോ? രാവിലെ നേരത്തേ എഴുന്നേറ്റ് ജുഹു ബീച്ചിലേക്ക് പോയാൽ മതി”
‘‘ചെയ്യാനൊക്കെ കഴിയും. പക്ഷേ, പ്രാവർത്തികമാകുന്നില്ല.”
“ഇപ്പോ നടക്കാൻ പ്രയാസം തോന്നുന്നുണ്ടോ? എങ്കിൽ നമുക്ക് തിരിച്ചുപോകാം”
ഗുരുവിന് ആ നടത്തം ഇഷ്ടമായെന്നുതോന്നി. ഫാം ഉണ്ടാക്കിയിട്ട് ഇത്രയും വർഷങ്ങളായി. ഇന്നുവരെ ഈ വഴിയിലൂടെ ഗുരു നടന്നിട്ടില്ല. ഞങ്ങൾ പലതും സംസാരിച്ചുകൊണ്ട് നടന്നു.
“ഇത്തവണ ഗീതയെയുംകൂട്ടി കശ്മീരിലേക്കു പോയപ്പോൾ അവിടെവെച്ച് കുറെ നടന്നു. കുറെയധികം കറങ്ങി. ബിമൽ ബാബു, അവിടെ ഞങ്ങൾ ഒരു സന്ന്യാസിയെ കണ്ടുമുട്ടി. അദ്ദേഹം എന്തു പറഞ്ഞെന്നറിയാമോ?”
“എന്തു പറഞ്ഞു?”
“അദ്ദേഹം പറഞ്ഞു, ഞങ്ങളുടെ അടുത്ത കുഞ്ഞ് പെൺകുഞ്ഞായിരിക്കുമെന്ന്. ഒരു മകൾ വേണമെന്ന് ഞങ്ങൾക്കാഗ്രഹമുണ്ട്. രണ്ടാൺകുട്ടികളല്ലേ? ഒരു പെൺകുട്ടികൂടി വേണം”
“നിങ്ങൾക്കീ സന്ന്യാസിമാരിലൊക്കെ വിശ്വാസമുണ്ടോ?”
“വിശ്വാസമുണ്ടോന്നോ? എനിക്ക് വിശ്വാസമില്ലാത്തതായി എന്തുണ്ട്? നിങ്ങള് തന്നെ പറയൂ. ഈ ലോകത്ത് മനുഷ്യന്റെ വിശ്വാസത്തിനും അവിശ്വാസത്തിനും അപ്പുറത്തായി പലതുമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ ജീവിതത്തിൽ അത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. കുറച്ചുകൊല്ലങ്ങളായി എന്റെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരുന്ന സംഭവങ്ങൾക്കൊന്നും തർക്കസമ്മതമായ കാരണങ്ങളില്ല. എല്ലാം സംഭവിച്ചത് അച്ഛന്റെ മരണശേഷമാണ്. പണത്തിന് കുറവില്ലെങ്കിലും എനിക്ക് മനസ്സമാധാനമില്ല. ആരാണ് എന്റെ സ്വസ്ഥത നശിപ്പിക്കുന്നത്? ആരാണ് എനിക്കിത്രയധികം സമ്പാദ്യമുണ്ടാക്കിത്തരുന്നത്? ഞാനാലോചിക്കാറുണ്ട്, എന്നെ ആത്മഹത്യയുടെ വക്കോളമെത്തിച്ച അസ്വസ്ഥതയ്ക്ക് കാരണമെന്താണ്? അത് ചിന്തിക്കുന്നതുതന്നെ എനിക്കു പേടിയാണ്. അന്ന് കണക്കില്ലാതെ ഉറക്കഗുളികകൾ വിഴുങ്ങുമ്പോൾ എനിക്ക് അല്പംപോലും സന്ദേഹമോ മടിയോ ഉണ്ടായിരുന്നില്ല.” -ഇങ്ങനെ പലതും സംസാരിച്ചുനടന്ന് രണ്ടുമൈലോളം ദൂരം പിന്നിട്ടിരുന്നു. പിന്നെ ഞങ്ങൾ മടങ്ങി.
ലോനാവാലയിൽനിന്ന് മടങ്ങുമ്പോഴും ഗുരു കാറിൽ ഇതൊക്കെത്തന്നെ പറഞ്ഞുകൊണ്ടിരുന്നു. കുട്ടിക്കാലത്തെ ഓർമകളും തെരുവിൽ ഏറുപമ്പരം കളിച്ചതും അങ്ങനെ പലതിലേക്കും സംഭാഷണം നീണ്ടു.
“കുട്ടിക്കാലത്തെ ഒരു കാര്യം പറയട്ടെ?” ഗുരു നല്ല ഉത്സാഹത്തിലായിരുന്നു.
“കൂട്ടുകാരിലൊരാൾ ഒരിക്കലെന്നോടു പറഞ്ഞു: നീ ദത്തുപുത്രനാണ്”
“അയ്യോ!”
“അവൻ തമാശയ്ക്കു പറഞ്ഞതാണ്. പക്ഷേ, എനിക്കത് വലിയ മാനസികസംഘർഷമുണ്ടാക്കി. എന്തുപറയാൻ! ഞാൻ അമ്മയുടെ വാക്കുകളും അമ്മയുടെ പെരുമാറ്റവുമെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു. അവൻ പറഞ്ഞത് സത്യമാണെന്ന് എനിക്കു തോന്നാൻ തുടങ്ങി. ജീവിതകാലം മുഴുവൻ അമ്മയെന്നോട് സ്വന്തം അമ്മയെപ്പോലെയല്ല പെരുമാറിയതെന്നു തോന്നി. ഞാനവരുടെ ദത്തുപുത്രനാണെന്ന വിശ്വാസമുറച്ചു”
“എന്നിട്ട്?”
“എന്നിട്ടെന്താ? സത്യം വെളിച്ചത്തുവന്നു. അവൻ എന്നെ ശുണ്ഠിപിടിപ്പിക്കാനായി ഒരു തമാശ പറഞ്ഞതായിരുന്നു”
“ഒരു കഥയ്ക്ക് നല്ല വിഷയമായി”
“എങ്കിൽ എഴുതിക്കോളൂ”
“അതെ, എഴുതാം”
ഞങ്ങൾ വീട്ടിലെത്താറായി. ഞാൻ തിരിഞ്ഞുനോക്കി. മറ്റേ കാറും ഞങ്ങളുടെ കൂടെത്തന്നെയുണ്ടായിരുന്നു. ഇനി അപ്രിയസംഭവങ്ങളൊന്നും പേടിക്കാനില്ല. അതുകൊണ്ട് പിറന്നാളിന്റെ കാര്യം പറയാമെന്നുതന്നെ തീരുമാനിച്ചു. പറയുകയും ചെയ്തു.
“ഒരു കാര്യം പറയാം. രാവിലെ പറയാതിരുന്നതാണ്. ഇനി പറയുന്നതുകൊണ്ട് കുഴപ്പമില്ല. ഇന്നെന്റെ ജന്മദിനമാണ്.” ഗുരു ഒന്ന് പരുങ്ങി.
“ഹാപ്പി ബർത്ത്‌ഡേ ടു യു. എന്താ രാവിലെ പറയാതിരുന്നത്?”
“പറയാതിരുന്നതുതന്നെയാണ്. എന്തെങ്കിലും അനിഷ്ടമുണ്ടായാൽ എനിക്ക് വലിയ വിഷമമാകുമായിരുന്നു.” കാറ് അപ്പോഴേക്കും പാലി ഹില്ലിലെ ബംഗ്ളാവിലെത്തിക്കഴിഞ്ഞിരുന്നു.
സ്വന്തം സന്തോഷത്തിന്റെ കൂടെ മറ്റൊരാളുടെ സന്തോഷംകൂടി പങ്കുചേരുമ്പോൾ അത് ഇരട്ടിസന്തോഷത്തിനുള്ള കാരണമാകും. ഗുരുവിന് എന്തെല്ലാം പ്രയാസങ്ങളുണ്ടെങ്കിലും അന്ന് ഞാൻ സന്തോഷവാനാണെന്നുകണ്ട് ഗുരുവും സന്തുഷ്ടനായി. ഗുരുവിന്റെ അമ്മയുടെ മുഖത്തും ആഹ്ളാദം അലതല്ലുന്നുണ്ടായിരുന്നു. ഗീതയും ബേബിയും അതുപോലെത്തന്നെ. ഇതുപോലെ ഒരവധിദിവസം ആഘോഷിക്കാനുള്ള അവസരം ജീവിതത്തിൽ അപൂർവമായേ ലഭിക്കൂ.
1962 മാർച്ച്. സ്ക്രിപ്‌റ്റെഴുതുന്ന ജോലി തീർന്നിരുന്നു. ആനന്ദ് ബസാർ മാസികയ്ക്കുശേഷം ശരദ്-വിശേഷാൽ പതിപ്പിനുവേണ്ടി ഒരു നോവലെഴുതിക്കൊടുക്കാനുണ്ടായിരുന്നു. ആവശ്യക്കാർ ധാരാളമുണ്ട്, ഞാനാണെങ്കിൽ ക്ഷീണിതനും. ‘വിലയ്ക്ക് വാങ്ങാം’ തീർന്നതേയുള്ളൂ. വേറൊരു ജോലി ഏറ്റെടുക്കാൻ തോന്നുന്നില്ല. പക്ഷേ, വേറെ വഴിയില്ല. കൊൽക്കത്തയ്ക്ക് മടങ്ങിപ്പോകാനുള്ള ഏർപ്പാടുകൾ ചെയ്തു. മടങ്ങിപ്പോകുന്നതിനു രണ്ടുദിവസംമുമ്പാണ് അതു സംഭവിച്ചത്.
എന്നത്തെയുംപോലെ തലേന്ന് രാത്രിയിലും ഞങ്ങൾ നാലുപേരും ഏറെനേരം സംസാരിച്ചിരുന്നു. ഭക്ഷണസമയത്തുപോലും വട്ടംകൂടിയിരുന്ന് പലതും സംസാരിച്ചതിനുശേഷമാണ് കിടക്കാൻ പോയത്. രാവിലെ എഴുന്നേറ്റ് ഞാൻ ചാരുകസേരയിലിരിക്കുകയായിരുന്നു. ഈ മുറിയുടെ മുന്നിലാണ് പൂന്തോട്ടം. അതിൽ ധാരാളം പക്ഷികൾ ചേക്കേറുന്ന വലിയമരങ്ങളുണ്ട്. നോക്കിയിരിക്കാൻ നല്ല രസമാണ്. രാവിലെ ചായ കൊണ്ടുവരുന്നത് രതനാണ്. ആ സമയത്ത് വീട്ടിനകത്തുനിന്ന് പല ശബ്ദങ്ങളും കേൾക്കാറുണ്ട്. പരസ്പരം സംസാരിക്കുന്നതിന്റെയും നിത്യേനയുള്ള ജോലികൾ ആരംഭിക്കുന്നതിന്റെയും ശബ്ദങ്ങൾ. പിന്നെ ഗീത മുറിയിലേക്കു വരും. കുട്ടികൾ നേരത്തേ സ്കൂളിലേക്കു പുറപ്പെടും. ഗീതതന്നെയാണ് അവരെ ഒരുക്കി സ്കൂളിലയക്കുന്നത്. അപ്പോഴേക്കും ഗുരുവിന് സ്റ്റുഡിയോയിലേക്ക് പോകാനുള്ള സമയമായിരിക്കും. ലുങ്കിയും കുർത്തയും ധരിച്ച് പാൻ ചവച്ചുകൊണ്ട് ഗുരു കാറ് സ്റ്റാർട്ടാക്കും. ഞാനും കൂടെ കയറും. ഇതാണ് നിത്യവും സംഭവിക്കാറുള്ളത്. പക്ഷേ, അന്ന് വീടുമുഴുവൻ നിറഞ്ഞുനിൽക്കുന്ന നിശ്ശബ്ദതയായിരുന്നു. എവിടെയും അനക്കമില്ല. ഞങ്ങൾക്കതിശയംതോന്നി. വീട്ടിലുള്ളവരെല്ലാം ഇന്ന് കൂടുതൽ നേരം ഉറങ്ങിപ്പോയോ? ഞങ്ങൾ ആശ്ചര്യപ്പെട്ടു. രതൻ ചായ കൊണ്ടുവന്നില്ല. എട്ടുമണി, ഒമ്പതുമണി, ഒമ്പതരയായി. എല്ലാവർക്കും എന്തുപറ്റി? ഏറെ നേരം കഴിഞ്ഞ് രതൻ ചായയുമായി വന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..