ഒരു വസന്തസ്മൃതിപോലെ ഈ നഗരം എന്നും എന്നിലുണ്ടാവും


By കെ. ജയകുമാർ k.jayakumar123@gmail.com

7 min read
Read later
Print
Share

കോഴിക്കോടിനോട്‌ വിടപറയുകയാണ്. അക്കാലത്തെ സംഭവങ്ങളും ഇടപഴകിയ വ്യക്തികളും ഓർമയുടെ വിദൂരത്തിൽനിൽക്കുന്നു. ധന്യമായ ഒരു കാലം ആത്മാവിൽ ശേഷിക്കുന്നു. അതിന്റെ സുഗന്ധം തെല്ലും മങ്ങിയിട്ടില്ല. ഇനി മങ്ങുകയുമില്ല.

കോഴിക്കോട് കളക്ടർജീവിതത്തെക്കുറിച്ചോർമിക്കുമ്പോൾ മങ്ങലേൽക്കാത്ത അനേകം മുഖങ്ങളും സംഭവങ്ങളും മനസ്സിൽ തെളിഞ്ഞുവരുകയാണ്. പലതും പറയാനുണ്ട്; ചിലതൊക്കെ വിട്ടുപോകുമോ എന്ന ആശങ്കയുമുണ്ട്. പിന്നെ ഇത്രയും വർഷങ്ങളുടെ വിടവിൽ അത്തരം പിഴവുകൾ സ്വാഭാവികമല്ലേ എന്ന മുൻകൂർജാമ്യത്തിന്‌ വായനക്കാരോട് അപേക്ഷിക്കാമെന്നുമാത്രം. 1987 മാർച്ചായപ്പോൾ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽവന്നു. പുതിയ സർക്കാർ പഞ്ചായത്ത് മുനിസിപ്പാലിറ്റി-കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾ ത്വരപ്പെടുത്തി. 1988-ൽ തിരഞ്ഞെടുക്കപ്പെട്ട നഗരസഭ നിലവിൽവന്നു. ആദ്യമായി ഒരു വനിതാ മേയർ അധികാരമേറ്റു -ഹൈമവതി തായാട്ട്. കോഴിക്കോട് നഗരസഭയ്ക്ക് അധികാരം കൈമാറിക്കൊണ്ട് ഞാൻ നടത്തിയ പ്രസംഗത്തിലെ പ്രധാന ആശയം ഇതായിരുന്നു: ‘‘അമ്പത് ജനപ്രതിനിധികൾ ചർച്ചചെയ്തെടുക്കുന്ന തീരുമാനങ്ങൾക്കും ഒരുദ്യോഗസ്ഥൻ ഒറ്റയ്ക്ക് കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കും വലിയ അന്തരമുണ്ടാകും. കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ ഞാൻ ഒരുപാട് തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഓരോ തീരുമാനത്തിലും പൊതുജനതാത്‌പര്യം മാത്രമേ പരിഗണിച്ചിട്ടുള്ളൂ. മനുഷ്യസഹജമായ തെറ്റുകൾ എനിക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്ദേശ്യശുദ്ധിയാൽ മാപ്പുനൽകുക’’. മുൻഗാമിയുടെ തീരുമാനങ്ങളെല്ലാം തലനാരിഴകീറി പരിശോധിച്ച് സർവത്ര കുഴപ്പമായിരുന്നെന്നു സ്ഥാപിക്കാനുള്ള സാധാരണ പ്രലോഭനത്തിന് പുതിയ കൗൺസിൽ വഴങ്ങിയില്ല. എന്റെ തീരുമാനങ്ങളെ സംശയദൃഷ്ടിയോടെ നോക്കിയില്ല. അകാരണമായ വിമർശനമോ ആരോപണങ്ങളോ അവർ ഉയർത്തിയില്ല. മേയർ ഹൈമവതി തായാട്ടിന്റെ വ്യക്തിവൈശിഷ്ട്യവും അംഗങ്ങളുടെ മാന്യതയും ഇതിനു കാരണമായി.
മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭരണശൈലി വ്യത്യസ്തമായിരുന്നു. നിസ്സാരമെന്നുതോന്നുന്ന നടപടികളിൽപ്പോലുമുണ്ടാവും വലിയൊരർഥം. അത്തരമൊരനുഭവം എനിക്കുമുണ്ടായി. പ്രശസ്ത കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ചികിത്സച്ചെലവിനായി ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ഞാൻ അനുവദിച്ചു. കളക്ടർക്ക് അനുവദിച്ചിട്ടുള്ള പരിധിയെക്കാൾ കുറച്ചധികമായിരുന്നു അനുവദിച്ച തുക. അത്രയും തുക അനുവദിക്കാൻ മുഖ്യമന്ത്രിക്കേ അധികാരമുള്ളൂ. എന്റെ നടപടി സാധൂകരിക്കണമെന്ന് സാഹചര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് സർക്കാരിലേക്ക് കത്തെഴുതി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അന്ന് റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നളിനി നെറ്റോ എന്നെ ഫോണിൽ വിളിച്ചു: ‘‘ജില്ലാ കളക്ടറുടെ നടപടി മുഖ്യമന്ത്രി സാധൂകരിച്ചില്ല. ആവശ്യം നിരാകരിച്ച് ഫയൽ ഇതാ മടങ്ങിവന്നിരിക്കുന്നു’’. അതിനർഥം പരിധിക്കപ്പുറം നൽകിയ തുക എന്റെ കൈയിൽനിന്ന് സർക്കാരിന് തിരികെപ്പിടിക്കാം. സാധാരണഗതിയിൽ കളക്ടർമാരുടെ ഇത്തരം നടപടികൾ അംഗീകരിക്കാതിരിക്കാറില്ല. ഈ തീരുമാനം എനിക്കിത്തിരി മനഃപ്രയാസമുളവാക്കി. മൂന്നാഴ്ചകഴിഞ്ഞപ്പോൾ മുഖ്യമന്ത്രി കോഴിക്കോട്ടെത്തി. വൈകുന്നേരം അദ്ദേഹത്തെ എനിക്ക് ഒറ്റയ്ക്കുകിട്ടി, വെസ്റ്റ്ഹില്ലിലെ ഗസ്റ്റ്്് ഹൗസിൽ. ഞാൻ വിഷയം അവതരിപ്പിച്ചു: ‘‘ഒരു വലിയ കലാകാരന് യഥാസമയം ചികിത്സയ്ക്ക് പണം അനുവദിച്ചതുവഴി സർക്കാരിന് സത്‌പ്പേരല്ലേ ഉണ്ടായത്. താമസിപ്പിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന വിമർശനം എന്റെ നടപടിവഴി ഒഴിവായില്ലേ സാർ?’’ ഇങ്ങനെയൊക്കെ ഞാൻ സ്വയം ന്യായീകരിച്ചു. അപ്പോഴാണ് അദ്ദേഹത്തിന്റെ ശാന്തമായ മറുപടി: ‘‘എടോ കളക്ടറെ തനിക്കറിയാമോ? മറ്റൊരു കളക്ടർവിദ്വാൻ ഒരാവശ്യവുമില്ലാത്ത കാര്യത്തിന്‌ വലിയൊരു തുകയെടുത്തുകൊടുത്തിട്ട്‌ സാധൂകരണത്തിന്‌ നടക്കുകയാണവിടെ. ഇത് സാധൂകരിച്ചാൽ ഓനും കൊടുക്കണ്ടേ? അതാ തന്റെ കേസ് തള്ളിയത്.’’ എന്തും ചെയ്തുകളയുന്ന ഒരുദ്യോഗസ്ഥന്റെ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ, എന്റെ പ്രവൃത്തി അതിൽനിന്നൊക്കെ വ്യത്യസ്തമല്ലേ? ന്യായമല്ലേ? മുഖ്യമന്ത്രിയോട് ഇതിൽക്കൂടുതൽ എന്തു പറയാനാണ്? എന്റെ മുഖത്തെ നിരാശവായിച്ചിട്ട് സഹജമായ വലിയ ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞു: ‘‘താൻ വിഷമിക്കെണ്ടടോ കളക്ടറേ. ഒന്നുകൂടെ എല്ലാം പറഞ്ഞ് എഴുതൂ; ഞാൻ അംഗീകരിക്കാം.’’ വീണ്ടും എഴുതി; ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന്റെ സാധൂകരണം മുറപോലെ വരുകയുംചെയ്തു.
ആയിടയ്ക്ക് കുഞ്ഞീബി എന്ന ഒരു സ്ത്രീ കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ ആത്മഹത്യചെയ്തു. സെക്‌സ് വർക്കറായിരുന്നു. അതൊരു ആത്മഹത്യയല്ല, ലോക്കപ്പ്‌ മർദനത്തിന്റെ ഫലമായിനടന്ന മരണമാണെന്ന ആരോപണമുയർന്നു. കുഞ്ഞീബിയുടെ സഹപ്രവർത്തകരും സ്നേഹിതകളും ആത്മഹത്യ എന്ന പോലീസ് ഭാഷ്യം വിശ്വസിച്ചില്ല. അങ്ങനെ സ്വയംഹത്യനടത്തുന്ന പ്രകൃതക്കാരിയല്ല കുഞ്ഞീബി എന്നായിരുന്നു അവരുടെ വാദം. പ്രശ്നം വളർന്നു. ഒടുവിൽ സർക്കാർ കളക്ടറെ അന്വേഷണത്തിനു നിയോഗിച്ചു. നിശ്ചിതദിവസം തെളിവുനൽകാൻ സന്നദ്ധരായ നൂറോളം ലൈംഗികത്തൊഴിലാളികൾ എന്നെ കാണാനെത്തി. അന്ന് ലൈംഗികത്തൊഴിലിനോട് ഇന്നുള്ള സഹിഷ്ണുത ഇല്ലെന്നോർക്കണം. എന്നിട്ടും ജീവിതത്തിന്റെ പരാധീനതകളും അരക്ഷിതത്വങ്ങളും നിത്യഭീഷണികളും അവർ എന്നോട് പങ്കുവെച്ചു. അരണ്ടവെളിച്ചംനിറഞ്ഞ ജീവിതങ്ങളുടെ സങ്കടങ്ങളും ഗതികേടുകളും മനസ്സിലാക്കാനുള്ള അപൂർവാവസരം എനിക്കങ്ങനെ കൈവന്നു. അഗ്‌നിപുത്രിയിലെ വയലാർ-ബാബുരാജ്-പി. സുശീല ഗാനത്തിലെ ‘നിങ്ങളൊരിക്കൽ ചൂടിയെറിഞ്ഞൊരു നിശാഗന്ധിയാണ് ഞാൻ’ എന്ന വാങ്മയത്തിൽ ഉരുകി ഉറയുന്ന വേദന എന്തെന്ന് അന്നെനിക്ക് അറിയാനായി. കുഞ്ഞീബിയുടെ മരണകാരണത്തെക്കുറിച്ചുള്ള എന്റെ കണ്ടെത്തലുകൾ ചില വനിതാ പോലീസുകാർക്കെതിരായിരുന്നു. അറസ്റ്റുചെയ്ത യഥാർഥ സമയം പോലീസ് രേഖകളുമായി പൊരുത്തപ്പെട്ടില്ല. ഭക്ഷണപ്രിയയായിരുന്ന കുഞ്ഞീബിയെ തല്ലിച്ചതച്ചെന്നോ, ഉപദ്രവിച്ചു കൊന്നെന്നോ അനുമാനിക്കാൻ തെളിവൊന്നുമില്ല. കുഞ്ഞീബിയുടേത് ആത്മഹത്യചെയ്യുന്ന പ്രകൃതമല്ല എന്ന വാദത്തെ ഒരു പരിധിക്കപ്പുറം ആശ്രയിക്കാനാവില്ല. എത്ര ജീവിതോത്സാഹമുള്ള വ്യക്തിയും ഒരു നിമിഷത്തിന്റെ ഉറഞ്ഞുകൂടിയ നിരാശയ്ക്കും ഇരുട്ടിനും കീഴടങ്ങി ആത്മഹത്യയുടെ മാർഗം സ്വീകരിക്കാം. ഒന്നോ രണ്ടോ ദിവസത്തെ ലോക്കപ്പ് ജീവിതം, നല്ല ആഹാരമില്ലായ്മ, ആത്മനിന്ദ, നിരാശ, വ്യർഥതാബോധം എന്നീ വികാരങ്ങൾ കൂടിക്കലർന്നാൽ അത് ആത്മഹത്യയുടെ വഴിയിലെത്തിക്കാം. പോലീസിന്റെ ജാഗ്രതയുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു കുഞ്ഞീബിയുടെ ആത്മഹത്യ എന്ന എന്റെ നിഗമനം സർക്കാർ അംഗീകരിക്കുകയും ചില പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവുകയും ചെയ്തു.
മറ്റൊരു ആത്മഹത്യയുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ ഓർമയുണ്ട്. മെഡിക്കൽ കോളേജിലെ ഒരു വിദ്യാർഥി ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചു. ആരുടെയൊക്കെയോ കാർക്കശ്യമാണ് ആത്മഹത്യക്കു പ്രേരകമായതെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരുസംഘം മെഡിക്കൽ വിദ്യാർഥികൾ എന്നെ ഏതാണ്ട് ബന്ദിയാക്കി. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി നീതി ഉറപ്പാക്കാം എന്ന വാഗ്ദാനത്തിനപ്പുറം എനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ല. തീക്ഷ്ണമായ ആ സമരക്കാരുടെ വാചാലനായ നേതാവിനെ വളരെ വർഷങ്ങൾക്കുശേഷം സെക്രട്ടേറിയറ്റിൽ എന്നെ ഔപചാരികമായി സന്ദർശിക്കാൻവന്ന പുതിയ ബാച്ചിലെ ഐ.എ.എസ്. ബാച്ചുകാരിൽ ഒരാളായി ഞാൻ കണ്ടു. അദ്ദേഹമാണ് ഇന്നത്തെ ആഭ്യന്തര സെക്രട്ടറി ഡോക്ടർ വേണു (കാറപകടത്തിൽനിന്ന് രക്ഷപ്പെട്ട്‌ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന വേണുവും ഭാര്യ ശാരദയും കുഞ്ഞും എത്രയുംവേഗം സുഖംപ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു).
ഞാൻ ജില്ലയ്ക്കുള്ളിൽ ധാരാളമായി സഞ്ചരിച്ചു. എല്ലാ വില്ലേജുകളിലും ഒന്നിൽക്കൂടുതൽ തവണ ചെന്നെത്തി. അന്ന് ദുർഗമമായിരുന്ന വേളം വില്ലേജിൽ ചെല്ലുമ്പോൾ നാട്ടുകാർക്ക് അതൊരു വിസ്മയവും ആഹ്ളാദവുമായിരുന്നു. അക്കാലത്ത്‌ മാസത്തിലൊരിക്കൽ ഏതെങ്കിലുമൊരു പഞ്ചായത്തിൽ പൊതുജനസമ്പർക്ക പരിപാടി ഞാൻ നടത്തിയിരുന്നു. ധാരാളം ആളുകൾ പരാതികളുമായെത്തി. ചിലതിലൊക്കെ പരിഹാരമായി. ചില പ്രശ്നങ്ങൾ പരിഹരിക്കാമെന്നു വിശ്വാസമുണ്ടായി ആവലാതികൾ ക്ഷമയോടെ കേൾക്കാൻ ഒരുദ്യോഗസ്ഥൻ തയ്യാറായാൽത്തന്നെ പല പ്രശ്നങ്ങളും അതോടെ പരിഹൃതമാകും. കളക്ടർ സാധാരണക്കാരുടെ പരാതികളോട് കാണിക്കുന്ന ശ്രദ്ധ വലിയ സന്ദേശമാണ് നൽകുക. തിരുവമ്പാടിയിൽനിന്നുവന്ന ആയിഷയുടെ ആവശ്യം സ്വന്തമായി കിണർ വേണമെന്നാണ്. അവരുടെ ഭർത്താവ് ചേവായൂർ കുഷ്ഠരോഗാശുപത്രിയിൽ കഴിയുന്ന രോഗിയാണ്. ആയിഷയ്ക്ക്‌ അസുഖമില്ല. എങ്കിലും ‘കുഷ്ഠരോഗിയുടെ ഭാര്യ’ പൊതുടാപ്പിൽനിന്ന് വെള്ളമെടുക്കുന്നത്‌ നാട്ടുകാരിൽ ചിലർ അംഗീകരിച്ചില്ല. ‘‘കള്ളിയെപ്പോലെ പാതിരാത്രിവരെ കാത്തിരുന്നു വെള്ളമെടുത്തുവെച്ച്് ഇങ്ങനെ നയിക്കാൻ* കഴിയൂല്ല കളക്ടർ സാറേ’’ എന്ന വാക്കുകളിലെ നിസ്സഹായത എനിക്ക് തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. പക്ഷേ, കിണറു കുഴിച്ചുകൊടുക്കാൻ കളക്ടർക്ക് പണമെവിടെ? അപ്പോഴാണ് വരൾച്ചദുരിതാശ്വാസത്തിനായി ചെലവിടാൻ കുറച്ചു ഫണ്ട് കിട്ടുന്നത്. കുന്ദമംഗലം ബ്ളോക്ക് ഡെവലപ്‌മെൻറ് ഓഫീസർ ദേവസ്യയെ വിളിച്ച് ഞാൻ ഈ ദൗത്യം ഏൽപ്പിച്ചു. പതിനായിരം രൂപയും അനുവദിച്ചു, ആയിഷയ്ക്ക്‌ ഒരു കിണറു കുത്തിക്കൊടുക്കാൻ. കൃത്യമായി നോക്കിയാൽ ആ തീരുമാനത്തിൽ ചില പാളിച്ചകളുണ്ട്. ദേവസ്യ അത് ചൂണ്ടിക്കാട്ടുകയും ചെയ്തു. പൊതുകിണറുകൾ നന്നാക്കാനും മറ്റുമാണ് പണം ഉപയോഗിക്കേണ്ടത്. ഞാൻ ഏതായാലും ആയിഷയ്ക്ക്‌ കിണറു കുഴിച്ചുകൊടുത്തു. വെള്ളം കിട്ടിയ ദിവസം അക്ഷരാർഥത്തിൽ ആനന്ദബാഷ്പവുമായി അവർ എന്നെ കാണാൻവന്നു. ഇതിനല്ലെങ്കിൽ അധികാരം പിന്നെ എന്തിനാണ്? ഇടയ്ക്കൊക്കെ ആയിഷ ഇപ്പോഴും എന്നെ ഫോണിൽ വിളിക്കും. അനുഗ്രഹവചസ്സുകൾ പറയും.
കോഴിക്കോട് നഗരത്തിൽ നടക്കുന്ന സാംസ്‌കാരിക പരിപാടികളിൽ സജീവമായി പങ്കെടുക്കാനും എഴുത്തുകാരുമായി ഗാഢസൗഹൃദം സ്ഥാപിക്കാനും എനിക്കൊരുപാട് അവസരങ്ങളുണ്ടായി. ഇടയ്ക്കിടെ ബേപ്പൂരിൽപ്പോയി വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടിരുന്നു. അദ്ദേഹത്തിന് അക്കാലത്താണ് കേന്ദ്രസർക്കാർ പദ്‌മശ്രീ കൊടുക്കാൻ തീരുമാനിക്കുന്നത്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് ആരായാനായി സർക്കാർ എന്നെ ചുമതലപ്പെടുത്തി. ഞാൻചെന്ന് കാര്യങ്ങൾ ബോധിപ്പിച്ചു. സൂഫിയായ സാഹിത്യകാരന്റെ നിസ്സംഗസുന്ദരമായ മറുപടി ഇതായിരുന്നു: ‘‘താമ്രപത്രംപോലെ വല്ലതുമാണോ ഈ സാധനം? കൊണ്ടുതന്നാൽ വാങ്ങി അലമാരയിൽ വച്ചേക്കാം. ഡൽഹി യാത്രയൊന്നും പറ്റില്ല. തണുപ്പ് പറ്റില്ല. (അകത്തേക്കു നോക്കി) ഫാബീ, ഈ കളക്ടർ താമ്രപത്രം പോലെ മറ്റെന്തോ കൊണ്ടുവരും കേട്ടോ അലമാരയിൽ കൊണ്ടുവച്ചേക്കണം.’’ അതാണ് അദ്ദേഹത്തതിന് പദ്‌മശ്രീയോടുള്ള ബന്ധം. ‘എൻറതല്ലെൻറതല്ലീ കൊമ്പനാനകൾ’ എന്ന മനോഭാവത്തിന്റെ പ്രത്യക്ഷം! പിന്നീട് സുകുമാർ അഴീക്കോട്, എൻ.പി. മുഹമ്മദ് എന്നിവരുടെയൊക്കെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തുവെച്ച് പദ്‌മശ്രീ കൈമാറിയ സായാഹ്നവും ഓർമയിൽ ഒളിചിതറിനിൽക്കുന്നു. ടൗൺ ഹാളിൽ ഒരു പുസ്തകച്ചന്ത ഉദ്ഘാടനംചെയ്യാൻവന്ന ബഷീർ എനിക്ക് വലിയ വിലയുള്ള ഒരു അറ്റ്‌ലസ് വാങ്ങി ഒപ്പിട്ടുതന്നത് ഓർമയുണ്ട്. ‘‘ബീവിയോടൊപ്പം ഇവിടെയെല്ലാം സഞ്ചരിച്ചുകൊള്ളണം’ എന്ന കല്പനയോടെ ആ പുസ്തകം സമ്മാനിച്ചു. ഒരിക്കൽ ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ഡി.സി. കിഴക്കേമുറിയും ബഷീറും പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി കളക്ടറുടെ വസതിയിൽ തികച്ചും യാദൃച്ഛികയായി വന്നുചേർന്നതും അന്നെന്റെ പിറന്നാളായിരുന്നു എന്നതും ഓർമയിലുണ്ട്. ആ രംഗങ്ങളൊന്നും ഇനി ജീവിതത്തിൽ ആവർത്തിക്കുകയില്ലല്ലോ എന്ന വിചാരം നൊമ്പരപ്പെടുത്തുന്നതോടൊപ്പം ഓർമകളെ കൂടുതൽ കാന്തിമയമാക്കുകയും ചെയ്യുന്നു.
എം.ടി. എന്ന പ്രിയപ്പെട്ട എഴുത്തുകാരനെ അടുത്തറിയാനായതും ഈ കാലയളവിന്റെ കൈവല്യമാണ്. തിക്കോടിയനുമായി അനേകം പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻപോയത് മറന്നിട്ടില്ല. സഞ്ചരിക്കുന്ന ചരിത്രപുസ്തകമാണ് തിക്കോടിയൻ. എൻ.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂർ, വടകരനിന്ന് നഗരത്തിൽ വന്നിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള, യു.എ. ഖാദർ എന്നിങ്ങനെയുള്ള എഴുത്തുകാരുമായി പങ്കിട്ട വൈകുന്നേരങ്ങൾ മറക്കാവതല്ല. എന്റെ ആദ്യ കവിതാസമാഹാരമായ ‘ഒറ്റപ്പെട്ടവന്റെ പാട്ട്’ അളകാപുരി ഓഡിറ്റോറിയത്തിൽവെച്ച് പ്രകാശിപ്പിച്ചപ്പോഴും നഗരത്തിലെ എഴുത്തുകാർ പ്രോത്സാഹിപ്പിക്കാനായി സന്നിഹിതരായിരുന്നതും മറന്നിട്ടില്ല.
ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ പുതിയ മെഗാ ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ നിർമാതാവ് പി.വി. ഗംഗാധരൻ, ഗാനരചനയുടെ ഉത്തരവാദിത്വം എന്നെ ഏൽപ്പിക്കാൻ തീരുമാനിച്ചു. തിരക്കഥാരചയിതാവായ എം.ടി. വാസുദേവൻ നായർക്കും സംവിധായകൻ ഹരിഹരനും സമ്മതിച്ചു. അങ്ങനെയാണ് മലയാളത്തിലെ എക്കാലത്തെയും വിശിഷ്ടചലച്ചിത്രമായ
ഒരു വടക്കൻ വീരഗാഥയുമായി ബന്ധപ്പെടാൻ എനിക്കവസരമുണ്ടായത്. സംഗീതസംവിധായകൻ ബോംബെ രവി കോഴിക്കോട്ടെത്തി. എനിക്ക് നല്ല ജോലിത്തിരക്കുള്ള സമയമാണ്. എങ്കിലും ആ ചിത്രവുമായി സഹകരിക്കാനായത് ഭാഗ്യം. കോഴിക്കോട് വെച്ചുതന്നെ ‘ചന്ദന ലേപ സുഗന്ധം’ എന്ന പാട്ട്‌ ഭാഗികമായെഴുതി.
പൂർത്തിയായില്ല. റെക്കോഡിങ്ങിനു ചെന്നൈയിലേക്ക് ഞാനും പോയി. മൂന്നു പാട്ടുകൾ ഇനിയും എഴുതാനുണ്ട്. ‘ചന്ദന ലേപ സുഗന്ധം’ എന്ന ഗാനം എഴുതിത്തീർന്നപ്പോൾ വിചാരിച്ചതിലും വൈകി. ‘കളരിവിളക്ക് തെളിഞ്ഞതാണോ’ എന്ന പാട്ടുകൂടി എഴുതിത്തീർന്നപ്പോഴേക്കും എനിക്ക് കോഴിക്കോട്ടേക്ക് മടങ്ങേണ്ട സമയമായി. പിറ്റേന്ന് ഐ.ആർ.ഡി.പി. ഫെയർ ഉദ്ഘാടനമാണ്. മന്ത്രി വരും. മാറിനിൽക്കാനാവില്ല. മറ്റൊരാളെ ഗാനരചന ഏൽപ്പിക്കുകയേ വഴിയുള്ളൂ. കൈതപ്രം ദാമോദരൻ നമ്പൂതിരിയെ വിളിക്കാമെന്ന് ഞാൻ തന്നെയാണ് സൂചിപ്പിച്ചത്. അങ്ങനെയാണ് ‘ഇന്ദുലേഖ കൺതുറന്നൂ’ എന്ന കൈതപ്രത്തിന്റെ പാട്ട് പിറക്കുന്നത്. കൈതപ്രം എന്ന ഗാനരചയിതാവിന്റെ ജൈത്രയാത്ര അവിടെ ആരംഭിക്കുകയായിരുന്നു.
1988-ന്റെ മധ്യത്തോടെ നാദാപുരത്തും വാണിമേലിലുമൊക്കെ രാഷ്ട്രീയസംഘട്ടനങ്ങളുണ്ടായി. നിരോധനാജ്ഞ പുറപ്പെടുവിക്കുകയും കരുതൽ അറസ്റ്റുകൾ നടത്തുകയുമൊക്കെ ചെയ്തു. നിഷ്പക്ഷമായ നിലപാടുകളെടുക്കാൻ ഞാൻ ശ്രദ്ധിച്ചു. വിരുദ്ധചേരികളിലുള്ളവർ പരസ്പരം വെട്ടിക്കൊല്ലുന്ന സ്ഥിതിയുണ്ടായി. സ്ഥിതിഗതികൾ ശാന്തമാക്കാനും പരസ്പരവിശ്വാസം വീണ്ടെടുക്കാനുമായി വടകര റെസ്റ്റ് ഹൗസിൽ എണ്ണമറ്റ സർവകക്ഷിയോഗങ്ങളും വീടുവീടാന്തരമുള്ള സന്ദർശനങ്ങളും നടത്തി. മരണംനടന്ന വീടുകളിലെ നിലവിളികൾ ഇപ്പോഴും എന്റെ മനസ്സിൽനിന്ന് ഒഴിഞ്ഞിട്ടില്ല. കരയാനും സഹിക്കാനും വിധിക്കപ്പെടുന്ന അമ്മമാരുടെ മുഖങ്ങൾക്കു മാറ്റമില്ല. വേദനയ്ക്ക് കക്ഷിഭേദമില്ല. മതജാതി ഭേദവുമില്ല. റവന്യൂ ടൂറിസം മന്ത്രി പി.എസ്. ശ്രീനിവാസൻ ആയിടെ ജില്ലയിലെത്തിയപ്പോൾ എന്നോട് പറഞ്ഞു: ‘‘ഞാൻ നിങ്ങളെ ഇവിടെനിന്ന് പൊക്കും. ടൂറിസം ഡയറക്ടറായി നല്ലൊരാളെ വേണം.’’ ‘പൊക്കുക’ എന്നദ്ദേഹം പറഞ്ഞത് സ്നേഹത്തോടെയാണ്. എനിക്ക് ജില്ലവിടാനുള്ള സമയമായി. എങ്കിലും നാദാപുരം ശാന്തമാകാതെ ജില്ല വിടരുതെന്ന്‌ എനിക്ക് തോന്നി. ഞാൻ മന്ത്രിയോട് പറഞ്ഞു: ‘‘ജില്ലയിൽ ഞാനിപ്പോൾ രണ്ടരവർഷമായി. മാറേണ്ട സമയമായി. പക്ഷേ, സാർ എനിക്ക് രണ്ടുമാസംകൂടി തരണം. നാദാപുരം ശാന്തമായിട്ട്‌ ഞാൻ വിടാം. ഇപ്പോൾ ഇവിടെനിന്ന് പോയാൽ അതൊരു ഭാരമായി മനസ്സിൽക്കിടക്കും’’. അദ്ദേഹത്തിന് എന്റെ വികാരം മനസ്സിലായി. ഡിസംബർ വരെ ഞാൻ കോഴിക്കോട്ട് തുടർന്നു. നാദാപുരം പ്രദേശങ്ങൾ ശാന്തമായി. എല്ലാ രാഷ്ട്രീയനേതാക്കളും അതിനായി സഹകരിച്ചു. എ. കണാരൻ, എൻ. ചന്ദ്രശേഖരൻ, കേളുവേട്ടൻ, സുരേഷ് ബാബു, ഐ.വി. ശശാങ്കൻ, എം. ദാസൻ എന്നിങ്ങനെ ഒട്ടേറെ രാഷ്ട്രീയനേതാക്കളെ സ്നേഹത്തോടെ ഓർക്കുന്നു. കേളുവേട്ടൻ എനിക്കൊരു ശക്തിസ്രോതസ്സ് തന്നെയായിരുന്നു എപ്പോഴും.
മാതൃഭൂമിയുടെ എം.ഡി.യും എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ എം.പി. വീരേന്ദ്രകുമാർ, കെ.ടി.സി. ഗ്രൂപ്പിന്റെ ചെയർമാൻ പി.വി. ചന്ദ്രൻ, പ്രമുഖ വ്യാപാരിയായ പി.കെ. അഹമ്മദ്, ബീച്ച് ഹോട്ടൽ സിദ്ധാർഥൻ, പി. സുന്ദർദാസ്, എൻ.ബി. കൃഷ്ണക്കുറുപ്പ്, എൻ.ഇ. ബാലകൃഷ്ണമാരാർ, മറ്റനേകം പ്രമുഖവ്യാപാരികൾ എന്നിവരെല്ലാം ജില്ലയുടെ പൊതു ആവശ്യങ്ങൾക്കുവേണ്ടി കൂടെനിന്നു. ശങ്കരൻവക്കീൽ എന്ന് എല്ലാവരും വിളിക്കുന്ന മുൻ മേയർ അഡ്വ. ശങ്കരൻ, മുതിർന്ന രാഷ്ട്രീയനേതാക്കളായ പി.പി. ഉമ്മർകോയ, ബി.വി. അബ്ദുള്ളക്കോയ, എം.എൽ.എ.മാരായിരുന്ന ചന്ദ്രശേഖരക്കുറുപ്പ്, എം. കുട്ട്യാലി, പദ്‌മനാഭൻ മാസ്റ്റർ എന്നിവരെല്ലാം എപ്പോഴും പിന്തുണച്ചു. എ. സുജനപാൽ, ചെലവൂർ വേണു, അഡ്വ എം. രാജൻ, നഗരത്തിലെ അനേകം പൗരമുഖ്യർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറയിലുള്ളവരുടെ സ്നേഹം എനിക്കെന്നും കവചമായി (അനേകം പേരുകൾ വിട്ടുപോയിട്ടുണ്ടെന്നു കറ്റസമ്മതം നടത്താതെ വയ്യ).
ഡിസംബറിൽ കോഴിക്കോട് ടാഗോർ തിയേറ്ററിൽ ഒരുക്കിയ വലിയ യാത്രയയപ്പു സമ്മേളനം നഗരത്തിലെ പൗരമുഖ്യരുടെ സാന്നിധ്യവും സ്നേഹവാക്കുകളുംകൊണ്ട് നിറംമങ്ങാത്ത ചിത്രമായി ഓർമയിൽ പതിഞ്ഞുകിടപ്പുണ്ട്. ഒരു ജില്ലയും അവിടത്തെ ജനങ്ങളും നൽകിയ നിരുപാധികമായ സ്നേഹവിശ്വാസങ്ങൾ എന്നെ കൂടുതൽ ഉത്തരവാദിത്വമുള്ളവനാക്കി. ‘ഒരു വസന്തസ്മൃതിപോലെ ഈ നഗരം എന്നും എന്നിലുണ്ടാവും’ എന്നായിരുന്നു എന്റെ വിയോഗവാക്യം. മൂന്നരപ്പതിറ്റാണ്ടിനുശേഷവും ആ വസന്തവർണങ്ങളും സുഗന്ധവും തെല്ലും മങ്ങിയിട്ടില്ല. ഇനി മങ്ങുകയുമില്ല.

*അധ്വാനിക്കാൻ

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..