പൊതുപൗരത്വനിയമത്തെ ആർക്കാണ്‌ പേടി


ഹമീദ്‌ ചേന്നമംഗലൂർ hamcmr@gmail.com

4 min read
Read later
Print
Share

പൊതുപൗരത്വനിയമം നടപ്പാക്കാൻപോകുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ പലഭാഗത്തുനിന്നും വ്യാപകമായി ഉയർന്നുവന്നു തുടങ്ങിയിരിക്കുന്നു. വ്യത്യസ്ത സമുദായങ്ങളുടെ കുടുംബനിയമങ്ങളിൽ കുറഞ്ഞോ കൂടിയോ ഉള്ള അളവിൽ കാണുന്ന സ്ത്രീവിരുദ്ധാശയങ്ങളുടെ നിർമാർജനം ഉന്നമിട്ടാണ്‌ ഭരണഘടനയുടെ താളുകളിൽ പൊതുപൗരത്വനിയമം ഇടംപിടിച്ചത്‌ എന്നുപറയുന്നലേഖകൻ ഭരണഘടനാപരമായും മൗലികമായും അതിനെ ഇഴകീറി പരിശോധിക്കുന്നു

നമ്മുടെ ഭരണഘടനയിൽ മൗലികാവകാശങ്ങളെക്കുറിച്ച്‌ പറയുന്ന മൂന്നാം ഭാഗത്തോളംതന്നെ പ്രധാനമാണ്‌ രാഷ്ട്രനയ നിർദേശക തത്ത്വങ്ങളെക്കുറിച്ച്‌ പറയുന്ന നാലാം ഭാഗവും. പക്ഷേ, രണ്ടു ഭാഗങ്ങളും തമ്മിൽ ഒരു വ്യത്യാസമുണ്ട്‌. മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങൾ ന്യായവാദാർഹമാണ്‌. എന്നുവെച്ചാൽ കോടതികൾ മുഖേന നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങളാണവ. നാലാം ഭാഗത്തിൽ വരുന്ന നിർദേശകതത്ത്വങ്ങൾ അങ്ങനെയല്ല. കോടതികൾ മുഖേന അവ നടപ്പാകാനാകില്ല. ഭരണകൂടം മനസ്സ്‌ വെച്ചാലേ അവ പ്രവൃത്തിപഥത്തിൽ വരൂ.ഇച്ചൊന്ന വ്യത്യാസം പക്ഷേ, രാഷ്ട്രനയ നിർദേശകതത്ത്വങ്ങളുടെ മൂല്യപരമായ പ്രാധാന്യം ഒട്ടും കുറയ്ക്കുന്നില്ല. ഇന്ത്യൻ ഭരണഘടന എന്ന തന്റെ ഗ്രന്ഥത്തിൽ ഡോ. എം.വി. പൈലി വ്യക്തമാക്കുന്നതുപോലെ, രാഷ്ട്രനയ നിർദേശകതത്ത്വങ്ങൾ ആധുനിക വ്യവസ്ഥാപിത ഗവൺമെന്റിന്റെ ഏറ്റവും നൂതനമായ പ്രത്യേകതകളിലൊന്നാണ്‌. ഇക്കാര്യത്തിൽ നമ്മുടെ ഭരണഘടനാ നിർമാതാക്കൾ പ്രചോദനമുൾക്കൊണ്ടത്‌ ഐറിഷ്‌ റിപ്പബ്ലിക്കിന്റെ ഭരണഘടനയിൽ നിന്നാണെന്നും ഡോ. പൈലി നിരീക്ഷിച്ചത്‌ കാണാം. ഈ നിർദേശകതത്ത്വങ്ങളിൽ ഉൾച്ചേർന്ന ആശയങ്ങൾ ഉറവയെടുത്തതാകട്ടെ വിപ്ലവ ഫ്രാൻസിന്റെ മനുഷ്യാവകാശ പ്രഖ്യാപനത്തിൽനിന്നും അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽനിന്നുമത്രേ. വിവിധ രൂപങ്ങളിലുള്ള രാഷ്ട്രീയ മർദനങ്ങളെ ചെറുത്തു തോൽപ്പിക്കാനും സാമൂഹികവിരുദ്ധ സമ്പ്രദായങ്ങളെ ദൂരീകരിക്കാനും രാഷ്ട്രത്തെ നിർബന്ധിക്കാനുള്ള സംഘടിതശ്രമങ്ങൾക്ക്‌ യൂറോപ്പിലെയും അമേരിക്കയിലെയും ജനങ്ങൾക്ക്‌ പ്രേരണ നൽകിയത്‌ പ്രസ്തുത തത്ത്വങ്ങളാണെന്നുകൂടി ഇന്ത്യൻ ഭരണഘടനയുടെ രചയിതാവ്‌ എടുത്തുപറയുന്നുണ്ട്‌.

ഇത്ര മൂല്യവത്തായ ആശയങ്ങളടങ്ങിയ നിർദേശകതത്ത്വങ്ങളാണ്‌ നമ്മുടെ ഭരണഘടനയുടെ 36 തൊട്ട്‌ 51 വരെയുള്ള വകുപ്പുകളിൽ ചേർത്തിരിക്കുന്നത്‌. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ 44-ാം വകുപ്പിൽ പറയുന്ന ഏകീകൃത പൗരത്വനിയമം അഥവാ ഇന്ത്യൻ കുടുംബനിയമം. അത്‌ ഭരണഘടനയുടെ താളുകളിൽ സ്ഥാനം പിടിച്ചിട്ട്‌ ഏഴേകാൽ ദശകങ്ങൾ പിന്നിട്ടിരിക്കുന്നു. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, കുട്ടികളുടെ സംരക്ഷണാവകാശം തുടങ്ങിയ വിഷയങ്ങളിൽ ലിംഗവിവേചനം ഇല്ലാതാക്കുക എന്നതാണ്‌ പൊതുപൗരത്വ നിയമവ്യവസ്ഥകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
ഭരണഘടനാനിർമാണ സഭയിൽ പൊതുപൗരത്വ നിയമങ്ങളുടെ ആവശ്യകത വിശദമായി ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. ആ നാളുകളിൽ അതിനെ കഠിനമായി എതിർത്തത്‌ രാജ്യത്തിലെ പ്രമുഖ ന്യൂനപക്ഷ സമുദായത്തിന്റെ ചില പ്രതിനിധികളാണ്‌. മുസ്‌ലിങ്ങളുടെ മതത്തിന്റെ ഭാഗമാണ്‌ അവരുടെ വ്യക്തിനിയമങ്ങളെന്നും അവയ്ക്കുപകരം പൊതുവ്യക്തി നിയമങ്ങൾ നടപ്പാക്കുന്നത്‌ അവരുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമാണെന്നുമായിരുന്നു അവരുടെ വാദം. അതിൽ കാമ്പൊട്ടുമില്ലായിരുന്നെങ്കിലും 1947-’49 കാലത്തെ സവിശേഷ രാഷ്ട്രീയസാഹചര്യത്തിൽ പൊതുപൗരത്വനിയമം എന്ന ആശയം തളർത്തിയിടപ്പെട്ടു. അങ്ങനെയാണ്‌ മൗലികാവകാശപ്പട്ടികയിൽ ചേർക്കപ്പെടേണ്ടിയിരുന്ന ലിംഗസമത്വാധിഷ്ഠിത ഏകീകൃതപൗരത്വനിയമം എന്ന ആശയം രാഷ്ട്രനയ നിർദേശക തത്ത്വപ്പട്ടികയിലേക്ക്‌ മാറ്റപ്പെട്ടത്‌.
കാലമേറെ മുന്നോട്ടുപോവുകയും പരമോന്നത നീതിപീഠം തന്നെ ഒന്നിലേറെ വിധി ന്യായങ്ങളിൽ യൂണിഫോം സിവിൽ കോഡിന്റെ ആവശ്യകതയിലേക്ക്‌ ഭരണകൂടത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയും മുസ്‌ലിങ്ങൾക്കിടയിലെ ഉത്‌പതിഷ്ണുവിഭാഗം പൊതുപൗരനിയമം ആവിഷ്കരിക്കപ്പെടേണ്ടതുണ്ടെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടും ന്യൂനപക്ഷ സമുദായത്തിലെ മത-സാംസ്കാരിക യാഥാസ്ഥിതികർ ഇപ്പോഴും കുടുംബനിയമങ്ങളുടെ കാലാനുസൃത പരിഷ്കരണം ലക്ഷ്യമിടുന്ന പൊതുസിവിൽ നിയമത്തെ കണ്ണടച്ചെതിർക്കുന്ന നയം തുടരുകയാണ്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്‌ 2022 ഡിസംബറിന്റെ അവസാനനാളുകളിൽ കോഴിക്കോട്ടുനടന്ന കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ സംസ്ഥാനസമ്മേളനം ഇവ്വിഷയമായി അംഗീകരിച്ച പ്രമേയം.

ഏകീകൃത പൗരനിയമം നടപ്പാക്കുന്നതിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്ന്‌ ആവശ്യപ്പെടുന്ന പ്രമേയത്തിൽ നദ്‌വത്തുൽ മുജാഹിദ്ദീൻ പറയുന്നത്‌, പൗരനിയമങ്ങളുടെ ഏകീകരണം രാജ്യത്തിന്റെ മതപരവും സാംസ്കാരികവുമായ വൈവിധ്യം ഇല്ലാതാക്കുമെന്നാണ്‌. മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഏകീകരണമാണ്‌ പൊതുസിവിൽ കോഡ്‌ ലക്ഷ്യമിടുന്നത്‌ എന്നാണ്‌ ഇതുകേട്ടാൽ തോന്നുക. ഹിന്ദുമതം, ഇസ്‌ലാം മതം, ക്രിസ്തുമതം, സിഖ്‌മതം, ബുദ്ധമതം, ജൈനമതം, പാർസിമതം തുടങ്ങിയവയാണ്‌ ഇന്ത്യയിൽ നിലവിലുള്ള മതങ്ങൾ. അവയെല്ലാം ഏകീകരിച്ച്‌ ഒരൊറ്റ മതം സൃഷ്ടിച്ച്‌ മതവൈവിധ്യമോ സംസ്കാരവൈവിധ്യമോ ഇല്ലാതാക്കുകയല്ല, മറിച്ച്‌ വിവിധ സമുദായങ്ങൾ പിന്തുടരുന്ന ലിംഗവിവേചനപരമായ കുടുംബനിയമങ്ങളുടെ സ്ഥാനത്ത്‌ ലിംഗനീതിപരമായ ഇന്ത്യൻ കുടുംബനിയമം നടപ്പിൽ വരുത്തുക എന്നതാണ്‌ ഏകീകൃത പൗരനിയമത്തിന്‌ പിന്നിലുള്ള താത്‌പര്യം. ഹിന്ദുമതക്കാരുടെയോ ഇസ്‌ലാം മതക്കാരുടെയോ മറ്റേതെങ്കിലും മതക്കാരുടെയോ ദൈവ സങ്കല്പത്തെയോ അടിസ്ഥാന മതപ്രമാണങ്ങളെയോ അത്‌ ചോദ്യംചെയ്യുന്ന പ്രശ്നമുദിക്കുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യംവരെ ഇവിടെ വിവിധ സമുദായങ്ങൾക്ക്‌ വ്യത്യസ്ത ക്രിമിനൽ നിയമച്ചട്ടങ്ങളുണ്ടായിരുന്നു. അവയുടെ സ്ഥാനത്ത്‌ 1860-ൽ ബ്രിട്ടീഷുകാർ ഏകീകൃത ക്രിമിനൽനിയമം (ഇന്ത്യൻ പീനൽ കോഡ്‌) കൊണ്ടുവന്നു. ക്രിമിനൽ നിയമങ്ങളുടെ ഏകീകരണംകൊണ്ട്‌ ഇവിടെ മതവൈവിധ്യം തകർക്കപ്പെടുകയുണ്ടായില്ല. ഇസ്‌ലാമിക നിയമ വ്യവസ്ഥയായ ശരീഅത്തിൽ പറയുന്ന ക്രിമിനൽ നിയമങ്ങളുടെ സ്ഥാനത്ത്‌ മതേതരമായ ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കപ്പെട്ടപ്പോൾ ഇസ്‌ലാം മതത്തിന്‌ ക്ഷതമേൽക്കുകയോ രാജ്യത്തിലെ മതവൈവിധ്യം തകരുകയോ ചെയ്തിട്ടില്ലെങ്കിൽ, ഇന്ത്യൻ കുടുംബ നിയമങ്ങൾ (ഏകീകൃത പൗരനിയമം) നടപ്പാക്കുമ്പോൾ ഇസ്‌ലാം മതത്തിന് ക്ഷതമേൽക്കുമെന്നോ ഇന്നാട്ടിലെ മതവൈവിധ്യം ഒലിച്ചുപോകുമെന്നോ പറയുന്നതിൽ യുക്തിയെന്തുണ്ട്?
കുടുംബനിയമങ്ങളുടെ (വ്യക്തിനിയമങ്ങളുടെ) ഏകീകരണം മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ഏകീകരണമാണെന്നു പൊതുസിവിൽകോഡ് വിരുദ്ധർ പ്രചരിപ്പിച്ചു പോന്നിട്ടുണ്ട്. അടിസ്ഥാനശൂന്യമാണ് ആ പ്രചാരണം. മുസ്‌ലിങ്ങളുടെ ഏകദൈവ വിശ്വാസമോ മുഹമ്മദ് നബിയുടെ പ്രവാചകത്വമോ പരലോക വിശ്വാസമോ ഒന്നും ഏകീകൃത പൗരത്വനിയമത്തിന്റെ മേഖലയിൽ വരുന്ന കാര്യങ്ങളേയല്ല. നമസ്കാരം, വ്രതം, സക്കാത്ത്, ഹജ്ജ് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളിലേക്കും ആ നിയമങ്ങൾ കടക്കുന്നില്ല. വിവിധ സമുദായങ്ങളുടെ മതപരമായ ചട്ടക്കൂടനുസരിച്ച് വിവാഹകർമമോ മരണാനന്തരക്രിയകളോ ആഘോഷങ്ങളോ നടത്തുന്നതിനും ഏകീകൃത പൗരത്വനിയമം തടസ്സമല്ല. കാരണം ആചാരാനുഷ്ഠാനങ്ങളുടെയോ ആഘോഷങ്ങളുടെയോ ഏകീകരണമല്ല, കുടുംബനിയമങ്ങളുടെ ഏകീകരണമാണ് പൊതുസിവിൽകോഡ് വഴി ഉറപ്പാക്കപ്പെടുക.

മുകളിൽ സൂചിപ്പിച്ചതുപോലെ, നദ്‌വത്തുൽ മുജാഹിദ്ദീൻ അവരുടെ പ്രമേയത്തിൽ പൊതുപൗരനിയമം സാംസ്കാരികവൈവിധ്യം ഇല്ലാതാക്കുമെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. പൗരനിയമങ്ങളുടെ 98 ശതമാനവും രാജ്യത്ത് നേരത്തേ ഏകീകരികപ്പെട്ടുകഴിഞ്ഞതാണ്. ശിശുവിവാഹനിരോധനനിയമം, വിവാഹപ്രായനിയമം, തെളിവുനിയമം, കരാർനിയമം, കമ്പനി നിയമം, സ്വത്ത് കൈമാറ്റനിയമം, രജിസ്ട്രേഷൻ നിയമം, അടിമജോലി നിർമാർജനനിയമം, ഗർഭച്ഛിദ്രനിയമം എന്നിവതൊട്ട് ബാങ്കിങ് നിയമംവരെ ഒട്ടേറെ പൗരനിയമങ്ങൾ ഇവിടെ എല്ലാ മതക്കാർക്കും ഒരുപോലെ ബാധകമാകുംവിധം ഏകീകരിക്കപ്പെട്ടിട്ടുണ്ട്. ഏകീകരിക്കപ്പെടാൻ ഇനി ബാക്കി നിൽക്കുന്നത്‌ പ്രധാനമായും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവ സംബന്ധിച്ച നിയമങ്ങളാണ്. അവ ഏകീകരിക്കപ്പെട്ടാൽ സംഭവിക്കാൻ പോകുന്നത് ഈ വിഷയങ്ങളിൽ നിലനിൽക്കുന്ന ലിംഗവിവേചനം നിയമവിരുദ്ധമായിത്തീരും എന്നതുമാത്രമാണ്. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ, ബഹുഭാര്യത്വത്തിനും പുരുഷന്റെ ഏകപക്ഷീയ വിവാഹമോചനത്തിനും പിന്തുടർച്ചാവകാശത്തിൽ സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിനും നിയമസാധുത നഷ്ടപ്പെടും. ആധുനിക സമൂഹത്തിന് തെല്ലും നിരക്കാത്ത ബഹുഭാര്യത്വവും പുരുഷന്റെ തന്നിഷ്ടപ്രകാരമുള്ള വിവാഹമോചനവും അനന്തരസ്വത്തിന്റെ സ്ത്രീകളുടെ തുല്യാവകാശനിരാകരണവുമൊന്നും മുസ്‌ലിം സംസ്കാരത്തിന്റെ അഭിലഷണീയഭാഗങ്ങളല്ലതന്നെ. അവ ഇല്ലാതാക്കുമ്പോൾ മുസ്‌ലിം സംസ്കാരം തുടച്ചുമാറ്റപ്പെടുകയല്ല, കൂടുതൽ തിളക്കമാർജിക്കുകയാണ് ചെയ്യുന്നത്. അത്തരം സാംസ്കാരികത്തിളക്കം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന് പോറലേല്പിക്കുമെന്നു പറയുന്നതിനെക്കാൾ വലിയ മൗഢ്യം വേറെന്തിരിക്കുന്നു?

പൊതുസിവിൽ കോഡിനെ എതിർക്കുന്ന യാഥാസ്ഥിതികർ മുസ്‌ലിം വ്യക്തിനിയമങ്ങളെ മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങളുടെ പ്രശ്നമായി അവതരിപ്പിക്കുന്ന രീതിയും നിലവിലുണ്ട്.
1970-കളുടെ ആദ്യത്തിൽ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് രൂപവത്കരിക്കപ്പെട്ടതുതന്നെ മുസ്‌ലിം വ്യക്തിനിയമങ്ങൾ മുസ്‌ലിം സമുദായത്തിന്റെ അലംഘനീയാവകാശങ്ങളാണെന്നു പ്രഖ്യാപിക്കുന്നതിനുവേണ്ടിയായിരുന്നു. വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ സമുദായത്തിന് സ്വയം നിർണയാവകാശം വേണമെന്നതത്രേ ബോർഡിന്റെ നീക്കുപോക്കില്ലാത്ത നിലപാട്. എന്നാൽ, സമുദായത്തിന് വേണമെന്നു പറയുന്ന സ്വയംനിർണയാവകാശം സമുദായത്തിനകത്ത് സ്ത്രീകൾക്ക് വകവെച്ചുകൊടുക്കാൻ ബോർഡോ പുരുഷകേന്ദ്രിത മതസംഘടനകളോ തയ്യാറല്ലതാനും. സമുദായം (സമുദായത്തിന്റെ സ്വയം നിയമിത പുരുഷനേതൃത്വം) എന്ത് പറയുന്നുവോ അതനുസരിക്കാനുള്ള സ്വാതന്ത്ര്യംമാത്രമേ അവർ സ്ത്രീകൾക്ക് നൽകുന്നുള്ളൂ. സമുദായത്തിന്റെ അവകാശങ്ങൾ സമുദായത്തിന്റെ പാതിവരുന്ന സ്ത്രീകളുടെ പൗരാവകാശങ്ങളെ നിരാകരിക്കുന്ന സ്ഥിതിവിശേഷമാണിപ്പോൾ നിലനിൽക്കുന്നത്. ഇത് മതേതര ജനാധിപത്യ തത്ത്വങ്ങളുടെ കടുത്ത ലംഘനമാണ്. ഈ വസ്തുതയിലേക്ക് വിരൽചൂണ്ടുകയും പെണ്ണവകാശങ്ങൾക്കുവേണ്ടി പൊരുതുകയും ചെയ്യുന്ന സംഘടനകൾ മുസ്‌ലിം സ്ത്രീകൾക്കിടയിൽ ഉയർന്നുവരുന്നുണ്ട്. അഖിലേന്ത്യാ മുസ്‌ലിം മഹിള വ്യക്തിനിയമ ബോർഡ് ഉദാഹരണമാണ്.

കേരളത്തിൽ അടുത്തകാലത്ത് രൂപവത്കരിക്കപ്പെട്ട മുസ്‌ലിം വിമൻ ഫോർ ജെൻഡർ ജസ്റ്റിസ് (MWGJ) മറ്റൊരുദാഹരണം. സ്ത്രീകളുടെ പൗരാവകാശങ്ങളെ പുരുഷകേന്ദ്രിത സമുദായത്തിന്റെയും മതസംഘടനകളുടെയും അവകാശങ്ങൾക്ക് കീഴപ്പെടുത്തിക്കൂടാ എന്ന പക്ഷക്കാരാണവർ. പിന്തുടർച്ചാനിയമമുൾപ്പെടെയുള്ള വിഷയങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കണമെന്നും അവരാവശ്യപ്പെടുന്നു.
ഇത്തരം ആവശ്യങ്ങൾ മുസ്‌ലിം വനിതാ കൂട്ടായ്മകളിൽനിന്നുതന്നെ പുറപ്പെടുമ്പോൾ ലിംഗനീതിപരമായ പൊതുപൗരനിയമം വേണമെന്ന് ആവശ്യപ്പെടേണ്ടവരാണ് ലിംഗസമത്വത്തിനുവേണ്ടി ശബ്ദിച്ചുപോന്നിട്ടുള്ള ഇടതുപക്ഷക്കാർ. പക്ഷേ വിചിത്രമെന്നു പറയണം, അവർ ഏകീകൃതപൗരനിയമം ബി.ജെ.പി. അജൻഡയെന്നാരോപിച്ച് തള്ളിക്കളയുകയാണ് ചെയ്യുന്നത്. മുസ്‌ലിം യാഥാസ്ഥിതിക സംഘടനകളും ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. ബി.ജെ.പി.യോ അതിന്റെ മുൻ രൂപമായ ജനസംഘമോ ഉണ്ടാകുന്നതിനുമുമ്പ് എഴുതപ്പെട്ട ഇന്ത്യൻ ഭരണഘടനയിൽ ഉൾച്ചേർന്ന യൂണിഫോം സിവിൽകോഡ് എങ്ങനെയാണ് ബി.ജെ.പി. അജൻഡയുടെ ഭാഗമാവുക? രാജ്യത്ത് നിലനിൽക്കുന്ന വ്യത്യസ്ത സമുദായങ്ങളുടെ കുടുംബനിയമങ്ങളിൽ കുറഞ്ഞോ കൂടിയോ ഉള്ള അളവിൽ കാണുന്ന സ്ത്രീവിരുദ്ധാംശങ്ങളുടെ നിർമാർജനം ഉന്നമിട്ടാണ് ഭരണഘടനയുടെ താളുകളിൽ പൊതുപൗരത്വനിയമം ഇടം പിടിച്ചത്. അതിനെ വെറുക്കാനും ഭയക്കാനും ചെറുക്കാനും ശീലിച്ചവരോട് ഒരഭ്യർഥന മാത്രമേയുള്ളൂ. വെടിയണം, പൊതുപൗരത്വനിയമപ്പേടി.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..