അരങ്ങിൽ ഒരു ഭൂപതി


ഡോ. എസ്‌. മുരുകഭൂപതി / കെ.വി. മോഹൻകുമാർ kvmohankumar@yahoo.com

7 min read
Read later
Print
Share

ഡോ. മുരുകഭൂപതിയുടെ വ്യത്യസ്തമായ നാടകനിലമാണ് ‘മണൽ മകുടി’. നാടകം എന്ന സങ്കേതത്തെ പ്രപഞ്ചവുമായും വ്യത്യസ്ത സംസ്കൃതിയുമായും നാദസംഗീതങ്ങളുമായും ഉടൽചലനങ്ങളുമായും എന്തിനേറെ, നമുക്കുചുറ്റുമുള്ള മൃഗകുലവുമായുംവരെ ബന്ധിപ്പിച്ചാണ് മുരുകഭൂപതി തന്റെ നാടകങ്ങളെ സാക്ഷാത്കരിക്കുന്നത്. വേറിട്ട തന്റെ നാടകലോകത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്...

.

ന്റെ ‘ഉഷ്ണരാശി’ എന്ന നോവലിന്റെ തമിഴ് പതിപ്പിനെക്കുറിച്ച് തിരുവണ്ണാമലയിൽനടന്ന ചർച്ചയിൽ പങ്കെടുക്കാൻ പോയപ്പോഴാണ്‌ തുറസ്സായ നാടകനിലത്ത്‌ അരങ്ങേറിയ ‘മണൽ മകുടി’യുടെ പുതിയ നാടകമായ ‘ഇടാകിനി കഥയാരത്തം’ കാണാനിടയായത്. ലോകമുണ്ടായ കാലംമുതൽ ഇന്നേവരെയുള്ള കുടിയേറ്റങ്ങൾക്കിടയിൽ ദുരന്തങ്ങൾക്കിരയാവുന്ന മനുഷ്യരുടെ കഥയാണ്‌ ഇടാകിനി കഥയാരത്തം. അതിൽ സമീപകാലത്തെ റോഹിംഗ്യൻ, ശ്രീലങ്കൻ തമിഴ് അഭയാർഥികളുടെ ദാരുണജീവിതകഥയും ഉൾപ്പെടും. ഒരു കഥയല്ല, അനേകം കഥകൾ ചേരുന്ന കഥക്കൂട്ടാണ്‌ ഭൂപതിയുടെ നാടകങ്ങൾ. വിസ്മയംജനിപ്പിച്ച ആ നാടകക്കാഴ്ചകളാണ്‌ എന്നെ കോവിൽപ്പട്ടിയിൽ എത്തിച്ചത്. മുരുകഭൂപതിയുടെ സഹപാഠിയും നടനും നാടകപ്രവർത്തകനുമായ അജിത് എം. ഗോപിനാഥും ഒപ്പമുണ്ടായിരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിൽനിന്ന് എത്തിച്ചേർന്നവരുടെ കൂട്ടായ്മയാണ്‌ മണൽമകുടി. എഴുത്തുകാർ. ചിത്രകാരന്മാർ. വിദ്യാർഥികൾ, കർഷകത്തൊഴിലാളികൾ, ബിസിനസുകാർ... തമിഴകത്തെ ചെറുപ്പക്കാരാണ്‌ മണൽമകുടിയുടെ ആരാധകരിലേറെയും. ചെന്നൈയിലെ പ്രമുഖ സ്വകാര്യ മൊബൈൽ നെറ്റ്‌വർക്ക് കമ്പനിയിലെ ഭേദപ്പെട്ട ഉദ്യോഗം ഉപേക്ഷിച്ച് ‘നാടകനില’ത്തിൽ ചേർന്ന ഭൂപാളനാണ്‌ സംഘാടനച്ചുമതല.
തമിഴകത്ത് പഴമയിലൂന്നിയ പുതിയൊരു നാടകസംസ്കാരം പുനരുജ്ജീവിക്കുകയാണ്‌, മണൽ മകുടി. നാടോടി, ഗോത്ര, ഗ്രാമീണ ഭൂതകാലങ്ങളിൽ വേരൂന്നിയ നടനസംസ്കാരത്തിന്റെ വീണ്ടെടുക്കൽ. ‘‘അപ്പോഴേ നാടകത്തിലൂടെ യഥാർഥ സാംസ്കാരികസംവാദം ആരംഭിക്കാനാവൂ’’ -ഡോ. മുരുകഭൂപതി പറയുന്നു. വന്യമായ ശരീരചലനങ്ങളിലൂടെയും പ്രാകൃതസംഗീതത്തിലൂടെയും തുളച്ചുകയറുന്ന തമിഴ് വാമൊഴികളിലൂടെയും വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും വേറിട്ട സന്നിവേശങ്ങളിലൂടെയുമാണ്‌ വികസനത്തിനായി വേരറുക്കപ്പെടുന്ന ഗോത്രജനതയുടെയും വംശീയ അധിനിവേശങ്ങളുടെ ഇരകളായി പലായനംചെയ്യേണ്ടിവരുന്നവരുടെയും ദൈന്യവും യാതനയും ഭൂപതി ആവിഷ്കരിക്കുന്നത്. ഡൽഹിയിൽനടന്ന അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘കുഗൈമര വാസികൾ’ (വിശപ്പ് ഗുഹകളിൽ പാർക്കുന്നോർ) ഗോത്രപൈതൃകങ്ങളിൽനിന്ന് നഗരവികസനങ്ങൾക്കായി പറിച്ചുനടപ്പെട്ട കുടിയേറ്റത്തൊഴിലാളികളുടെ ജീവിതദൈന്യങ്ങളിലേക്കാണ്‌ വെളിച്ചംവിതറുന്നത്.

മണൽ മകുടിയുടെ നാടകങ്ങൾ അരങ്ങേറുന്നത് അടച്ചിട്ട തിയേറ്റർ ഹാളുകളിലല്ല, തുറസ്സായ നാടകനിലങ്ങളിലാണ്‌. തമിഴ് പാരമ്പര്യത്തിലൂന്നിയ ബൊമ്മകളും പൊയ്‌ക്കാലുകളും മുഖംമൂടികളും കാർഷികോപകരണങ്ങളും വാദ്യങ്ങളുമെല്ലാം നാടകനിലത്തെ ദൃശ്യ-താള നിബദ്ധമാക്കുന്നു. തമിഴകത്തിന്റെ ആദിമ ദ്രാവിഡ-ജൈന-ഗോത്ര-ശൈവ-വൈഷ്ണവ പാരമ്പര്യങ്ങളുടെ അവശേഷിപ്പുകളാണ്‌ തമിഴ് കലയും കലാസങ്കേതങ്ങളും. ഇരുള, തോട, ബഡുഗ ഗോത്രവിഭാഗങ്ങളുടെ സംഗീതോപകരണങ്ങൾക്കൊപ്പം ബൊഹീമിയൻ കുഴലുകളും ആഫ്രിക്കൻ പെരുമ്പറകളും ഓസ്‌ട്രേലിയയിലെ പ്രാകൃത ഗോത്രവിഭാഗങ്ങളുടെ വാദ്യോപകരണങ്ങളുമെല്ലാം ഭൂപതിയുടെ നാടകങ്ങൾക്ക് സംഗീതം പകരുന്നു. ‘‘എല്ലാ സംസ്കാരങ്ങളിലെയും പ്രാകൃതസംഗീതം കോർത്തിണക്കുമ്പോഴേ ലോകത്തെവിടെയുമുള്ള അടിയാളജനതയുടെ സാർവത്രികമായ ദൈന്യവും വേദനയും വികാരവുമായി അതിനെ ബന്ധിപ്പിക്കാനാവൂ’’ -ഭൂപതി പറയുന്നു.

ഭൂപതിയുടെ നാടകങ്ങൾ രൂപംകൊള്ളുന്നത് സംഘാംഗങ്ങൾ ഒരുമിച്ചുള്ള യാത്രകളിലൂടെയും സംവാദങ്ങളിലൂടെയുമാണ്‌. കോവിൽപ്പട്ടിയിലെ തറവാടുവീടിന്റെ മട്ടുപ്പാവിൽ സംഘാംഗങ്ങളുമൊത്തുള്ള പതിവ് സായാഹ്ന കൂട്ടായ്മയ്ക്കിടയിൽ സ്വതേ മൃദുഭാഷിയായ ഡോ. മുരുകഭൂപതി വാചാലനായി: ‘‘പെട്ടെന്നൊരു സുപ്രഭാതത്തിൽ നാടകത്തിന്റെ സ്‌ക്രിപ്റ്റ് എടുത്തുവെച്ച് റിഹേഴ്‌സൽ ആരംഭിക്കുകയോ സംഭാഷണങ്ങൾ കാണാപ്പാഠം പഠിപ്പിക്കുകയോ അല്ല ഞങ്ങൾ ചെയ്യുന്നത്. ഒരു നാടകത്തിനുള്ള ആശയം മനസ്സിൽ രൂപപ്പെടുന്നതോടെ എല്ലാ അഭിനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഞങ്ങൾ ഒരുമിച്ചൊരു യാത്രചെയ്യും. അത് ചരിത്രം ഉറങ്ങിക്കിടക്കുന്ന ഏതെങ്കിലും ഇടങ്ങളിലേക്കാവാം, മലകളിലേക്കാവാം, കാടുകളിലേക്കാവാം, പുഴകളിലേക്കാവാം, കടലോരഗ്രാമങ്ങളിലേക്കാവാം... തമിഴ്നാടിന്റെ ദേശത്തനിമകളിലൂടെയുള്ള സഞ്ചാരം. ആ യാത്രയിലെ ഇടവേളകളിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന നാടകത്തെക്കുറിച്ചുള്ള എന്റെ ആശയങ്ങളും സങ്കല്പങ്ങളും അവരോട് പറയും. അതുകേട്ട് അവരും അവരുടേതായ ആശയങ്ങൾ മുന്നോട്ടുവെക്കും. അങ്ങനെ അതൊരു കൂട്ടായ ചർച്ചയ്ക്ക് വഴിതുറക്കും. ആ കൂട്ടായ്മയിലൂടെയാണ്‌ നാടകത്തിന്റെ ഘടനയും കഥയും സംഭാഷണവുമെല്ലാം രൂപപ്പെടുക. അതോടെയത് എന്റേതുമാത്രമല്ലാതാവും. അങ്ങനെ അവരുംകൂടി ഉൾപ്പെട്ട ഒന്നാക്കി ആ നാടകത്തെ ആദ്യമേ ഞാൻ മാറ്റും. പിന്നീട് കോവിൽപ്പട്ടിയിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ യാത്രയ്ക്കിടയിൽക്കണ്ട ഓരോ കാഴ്ചകളും രൂപങ്ങളും ഓർത്തെടുക്കാനും പുനഃസൃഷ്ടിക്കാനും പറയും. അതനുസരിച്ചുള്ള മുഖംമൂടികളും രംഗസാമഗ്രികളും ഉണ്ടാക്കാൻ അവരെ നിയോഗിക്കും. അതുപോലെ യാത്രയ്ക്കിടയിൽ കാതുകളിൽപ്പതിഞ്ഞ വേറിട്ട ശബ്ദങ്ങളും സംഗീതവും. ആ ശബ്ദവിന്യാസങ്ങൾ നാടകത്തിൽ എങ്ങനെ ഉപയോഗിക്കാനാവുമെന്ന് ചർച്ചചെയ്യും. അങ്ങനെ പല ദിവസങ്ങളിലായി കൂട്ടായിരുന്ന് മ്യൂസിക് സെഷന്‌ രൂപംനൽകും. നാടകത്തിന്റെ വിവിധ ഘടകങ്ങളിലേക്ക് നടീനടന്മാരെ തുടക്കംമുതലേ കൂട്ടിക്കൊണ്ടുപോയി മാനസികമായി അവരെ അതിലേക്ക് അടുപ്പിക്കും. രണ്ടോ മൂന്നോ ആഴ്ചകൾ അതിനായി മാറ്റിവെക്കും. അതിനുശേഷമാണ്‌ നാടകത്തിന്റെ പ്രമേയപരമായ റിഹേഴ്‌സലിലേക്ക് കടക്കുന്നത്. മുപ്പതോ നാൽപ്പതോ ദിവസം റിഹേഴ്‌സലിനായെടുക്കും.

തിരുനെൽവേലിക്കടുത്ത് കോവിൽപ്പട്ടിയിലെ പല എടുപ്പുകളുള്ള തറവാടിനോടുചേർന്നാണ്‌ മണൽ മകുടിയുടെ ആസ്ഥാനം. മുരുകഭൂപതിയുടെ ചേട്ടൻ കൊണാങ്കിയാണ്‌ തമിഴകത്തിന്റെ തനത് സംസ്കാരം ഉൾക്കൊള്ളുന്ന പുതിയ നാടകനിലത്തിന്‌ ‘മണൽ മകുടി’യെന്ന് പേരിട്ടത്. ‘മണലിന്റെ സംഗീതം’. തമിഴിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമാണ്‌ ‘കൊണാങ്കി’യെന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഇളങ്കോ. തമിഴ് സാഹിത്യമാസികയായ കൽക്കുതിരയുടെ പത്രാധിപർ. വലിയൊരു സാഹിത്യത്തറവാടാണ്‌ ഭൂപതിയുടേത്. തൊണ്ണൂറു പിന്നിട്ട അച്ഛൻ എം.എസ്. ഷണ്മുഖം തമിഴിലെ പഴയ തലമുറയിലെ എഴുത്തുകാരൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവൽ പുറത്തിറങ്ങിയത് ഈയിടെയാണ്, തൊണ്ണൂറ്റിമൂന്നാം വയസ്സിൽ. മൂത്ത സഹോദരൻ തമിഴ് ശെൽവൻ പ്രശസ്തനായ കഥാകൃത്ത്. സ്വാതന്ത്ര്യസമരപ്പോരാളിയായിരുന്ന മുത്തച്ഛൻ മധുരകവി ഭാസ്കരദാസ് ആദ്യകാല നാടകകൃത്തും കവിയുമായിരുന്നു. ഇനി മുരുകഭൂപതി സംസാരിക്കട്ടെ...

ആധുനിക നാടകവേദിയിൽ ഭൂപതിയുടെ നാടകങ്ങൾ വേറിട്ടുനിൽക്കുന്നു. പലപ്പോഴും പ്രതിപാദ്യവിഷയം വർത്തമാനകാല രാഷ്ട്രീയമാണെങ്കിലും അതിനുസ്വീകരിക്കുന്ന അവതരണശൈലി പ്രാചീന നാടകവേദിയുടെ ചുവടുപിടിച്ചാണല്ലോ. പ്രത്യേകിച്ച് ശരീരഭാഷയിൽ അധിഷ്ഠിതമാണ്‌ ഭൂപതിയുടെ നാടകങ്ങൾ. എന്നാൽ, ഒരു നടനെയോ നടിയെയോ കേന്ദ്രീകരിച്ചുള്ള പ്രകടനമല്ല, മറിച്ച് കൂട്ടായ ഉടൽബോധത്തിലൂടെയാണ്‌ (കളക്ടീവ് ബോഡി കോൺഷ്യസ്‌നെസ്‌) നാടകം ആവിഷ്കരിക്കുന്നത്. ഈയൊരു നാടകപ്രക്രിയ എങ്ങനെയാണ്‌ വികസിപ്പിച്ചെടുത്തത്
=പുതുച്ചേരിയിലെ നാടകപഠനത്തിനുശേഷം, ‘പഠിച്ചതെല്ലാം അവിടെ ഉപേക്ഷിച്ച്’ നാലഞ്ചുവർഷം നാടകസംസ്കൃതിയെക്കുറിച്ചുള്ള അന്വേഷണങ്ങളിലായിരുന്നു ഞാൻ. തമിഴ്നാട്ടിലുടനീളം അതിനായി നിരന്തരം സഞ്ചരിച്ചു. ചരിത്ര-സാംസ്കാരിക ഇടങ്ങളിലൂടെയായിരുന്നു ആ സഞ്ചാരങ്ങൾ. അതിനിടെ ഞാൻകണ്ട പരമ്പരാഗത, തനത്, അനുഷ്ഠാന കലാരൂപങ്ങൾ എന്നെ സ്വാധീനിച്ചു. അതിലൊന്നും വാചികപ്രാധാന്യമുള്ള പ്രകടനങ്ങളായിരുന്നില്ല. അവിടെ കൂടിയിരിക്കുന്ന ആളുകളെ അഥവാ ഒരു ഗ്രാമത്തെ മുഴുവൻ കൈയിലെടുക്കുന്ന രീതിയിലുള്ള ശരീരഭാഷയായിരുന്നു അവതാരകന്റേത്. അതായത് താളനിബദ്ധമായ ഉടൽചലനങ്ങളും ചുവടുകളും. പലപ്പോഴും അവതാരകൻ മോഹനിദ്രയിൽ ലയിച്ച് ആ കഥാപാത്രമായി പകർന്നാടും. അതിലൊന്നും കൃത്യമായ ഭാഷ ഉണ്ടായിരുന്നില്ല. മറിച്ച് ചില ശബ്ദങ്ങളും ആശയങ്ങളോ വൈകാരികഭാവങ്ങളോ കൈമാറാനുള്ള ഉടൽചലനങ്ങളുമാണ്‌ ഉപയോഗിച്ചിരുന്നത്. എന്റെ നാടകസങ്കല്പങ്ങളെ രൂപപ്പെടുത്തുന്നതിൽ ഇത് വളരെ സഹായകമായി. തമിഴ്നാട്ടിൽ പ്രചാരത്തിലിരുന്ന നാടകങ്ങൾ കേവലമായ വാചിക-ആംഗിക കസർത്തുകളുടേതായിരുന്നു. അതിനപ്പുറത്തേക്ക് അഭിനേതാക്കളുടെ കൂട്ടായ്മയിലൂടെയും ശരീരഭാഷയുടെ സാധ്യതകളിലൂടെയും നാടകം വികസിപ്പിക്കുന്നതിനെക്കുറിച്ച് എന്റെ മനസ്സിൽ ചിന്തകളുണ്ടായി. എന്നാൽ, പ്രാചീനമായ ഒരു ഫോമിനെയും ഞാൻ എന്റെ നാടകത്തിലേക്ക് പറിച്ചുനടുന്നില്ല. മറിച്ച് അതിലെ ഊർജം, ചടുലത, അവരുടെ ഉടൽചലനങ്ങൾ ഇതൊക്കെ ഞാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ ആവിഷ്‌കരിക്കുന്നതിനായി സ്വാംശീകരിക്കാറുണ്ട്. പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് നാടകപഠനം കഴിഞ്ഞ് പുറത്തിറങ്ങിയശേഷം ഞാൻ മരണവീട്ടിൻ കുറിപ്പുകൾ എന്നൊരു നാടകം ചെയ്തിരുന്നു. ദസ്തയേവ്‌സ്കിയുടെ നോട്ട്‌സ് ഫ്രം എ ഡെഡ് ഹൗസ് എന്ന രചനയുടെ നാടകാവിഷ്കാരം. ആ നാടകത്തിന്റെ അവതരണം പിന്നീട് തിരുവണ്ണാമലയിൽ നടന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ റിഹേഴ്‌സൽ ചെയ്യിച്ചതിനപ്പുറത്തേക്ക് അഭിനേതാക്കളുടെ കൂട്ടായ ഒരു പ്രകടനം കാണാനിടയായി. തടവുകാർ ജയിലിൽനിന്ന് രക്ഷപ്പെടുന്ന രംഗമായിരുന്നു അത്. മനോധർമാഭിനയത്തിലൂടെയും ഉടൽചലനങ്ങളിലൂടെയും എല്ലാ നടന്മാരും ഒത്തുചേർന്ന് അതിനെ വേറൊരു തലത്തിലെത്തിച്ചു. സംവിധായകനായ ഞാൻ മനസ്സിൽ കാണാത്ത ഒരു ഫോർമേഷൻ രംഗത്തുണ്ടായി.

ഈയൊരു അനുഭവം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഈ സംഭവവും ഞാൻ നേരത്തേ സൂചിപ്പിച്ച നാടൻകലയുടെ മൂലകങ്ങളും എല്ലാംകൂടി മനസ്സിൽക്കിടന്ന് നാടകങ്ങൾ ഇത്തരത്തിൽ വേണം രൂപപ്പെടാൻ എന്നൊരു സ്പാർക്ക് എന്റെ മനസ്സിലുണ്ടായി. ഒരു നടനെയോ നടിയെയോ ഫോക്കസ് ചെയ്തല്ല, മറിച്ച് ഒരുകൂട്ടം അഭിനേതാക്കളിലൂടെവേണം ഒരു കഥപാത്രത്തെയോ ആശയത്തെയോ സംഭവത്തെയോ അവതരിപ്പിക്കേണ്ടത് എന്ന് ഞാൻ തീർച്ചയാക്കി. ഏറ്റവും ശക്തമായി കാണികളോട് സംവദിക്കാൻ കഴിയുന്നത് കുറെ അഭിനേതാക്കൾ ചേർന്ന് അത് ആവിഷ്കരിക്കുമ്പോഴാണ്‌. അങ്ങനെ കൂട്ടായ ശരീരബോധം (കളക്ടീവ് ബോഡി കോൺഷ്യസ്‌നെസ്‌) എന്ന ആശയം എന്റെ നാടകങ്ങളിൽ നടപ്പാക്കി. ഒരുസംഘം നടന്മാർ ഒരുമിച്ച് ചെയ്യുമ്പോഴുണ്ടാകുന്ന അത്രയും ഊർജം, സാധ്യത ഒരു വ്യക്തി ചെയ്താൽ ഉണ്ടാവുകയില്ല എന്ന ബോധ്യത്തിൽനിന്നാണത് ഉരുത്തിരിഞ്ഞത്.

നാടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ ആശയമാണ്‌ മണൽ മകുടി പിന്തുടരുന്നത്. എന്നുവെച്ചാൽ ഭക്ഷണംമുതൽ കിടപ്പുവരെ ഒന്നിച്ചാവുക എന്ന സങ്കല്പത്തിലേക്ക് ഞങ്ങൾ വന്നു. ഞങ്ങൾക്ക് വലിയ വരുമാനമൊന്നുമില്ല. സുഹൃത്തുക്കളും മറ്റും നൽകുന്ന സഹായങ്ങൾ സ്വരൂപിച്ചാണ്‌ റിഹേഴ്‌സലുകൾ നടത്തുന്നത്. ഇതുവരെ ആരും ഒരു ഗ്രാന്റും തന്നിട്ടില്ല. എന്റെ വീടുതന്നെയാണ്‌ റിഹേഴ്‌സൽ ക്യാമ്പ്. ഭക്ഷണം പാകംചെയ്യുന്നതും അതിനായി വിഭവങ്ങൾ സ്വരൂപിക്കുന്നതുമെല്ലാം അഭിനേതാക്കളാണ്‌. ഞങ്ങൾ ഒന്നിച്ച്‌ കിടന്നുറങ്ങുന്നു. രാവിലെ എഴുന്നേൽക്കുന്നു. റിഹേഴ്‌സൽ നടത്തുന്നു, ചർച്ചചെയ്യുന്നു... നാടകത്തിൽ മാത്രമല്ല നാടകബാഹ്യമായ കാര്യങ്ങളിലും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുക എന്ന സമീപനമാണെന്റേത്. നാടകനിലം ഒരുക്കുന്നതും അതിനാവശ്യമായ സാങ്കേതികകാര്യങ്ങൾ ചെയ്യുന്നതുമെല്ലാം ഒരുമിച്ചാണ്‌. ഞങ്ങൾ
കൂന്തൽനഗരം എന്ന നാടകം ചെയ്യാനെത്തിയത് മണൽക്കുന്നുകൾ നിറഞ്ഞ തേരിക്കാട് എന്ന പ്രദേശത്താണ്‌. പെട്ടെന്ന് നാടകനിലത്തിന്റെ ചുറ്റുവട്ടവും പ്രകൃതിയും മറ്റ് സാധ്യതകളുമെല്ലാം എങ്ങനെ നാടകാവതരണത്തിന്‌ ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന് എല്ലാവരും ചേർന്ന് കണ്ടെത്തി.

സാഹിത്യകാരന്മാരുടെ കുടുംബത്തിൽനിന്ന് ഭൂപതിമാത്രം നാടകത്തിലേക്ക് വരാനുണ്ടായ സാഹചര്യമെന്തായിരുന്നു. ചെറുപ്പകാലത്ത് നാടകപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നോ
= എന്റെ ചെറുപ്പകാലം കോവിൽപ്പട്ടി ഗ്രാമത്തിലായിരുന്നു. കോവിൽപ്പട്ടിയിലന്ന് ഇന്നത്തെപ്പോലെ നാഗരികത വന്നിരുന്നില്ല. വലിയൊരു മൈതാനത്തിലേക്ക് നീളുന്ന വഴിയുടെ ഇരുവശങ്ങളിലായുള്ള നിരവീടുകളിലൊന്നിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. എതിർവശത്ത് ശൗചാലയങ്ങളോടുകൂടിയ പത്തുനിര വീടുകൾ ഉണ്ടായിരുന്നു. അത് വാടകയ്ക്ക് കൊടുക്കുമായിരുന്നു. തമിഴ്നാട്ടിൽ അക്കാലത്ത് വീടിനോടുചേർന്ന് ശൗചാലയങ്ങൾ അപൂർവമായിരുന്നു. അതുകൊണ്ടുതന്നെ കോവിൽപ്പട്ടിയിൽ സർക്കസ് കമ്പനിക്കാർ വന്നാൽ വനിതാതാരങ്ങളെ താമസിപ്പിച്ചിരുന്നത് അവിടെയായിരുന്നു. ഞാനും സഹോദരങ്ങളും കൊച്ചുകുട്ടികളായിരുന്നതിനാൽ സർക്കസിലെ സ്ത്രീകൾ ഞങ്ങളെ കൂടാരത്തിൽ കൊണ്ടുപോയി റിഹേഴ്‌സൽ കാണിക്കുമായിരുന്നു. അവരധികവും കേരളത്തിൽനിന്നുള്ളവരായിരുന്നു. സർക്കസിൽ അവർ കാണിക്കുന്ന അഭ്യാസങ്ങൾ എന്നെ വിസ്മയിപ്പിച്ചിരുന്നു. സർക്കസിലുടനീളം ഒരു ശരീരസമന്വയമാണല്ലോ കാണുക. പത്തുപേരടങ്ങുന്ന ഒരു ഫോർമേഷൻ പെട്ടെന്ന് മാറിമറിയും, വേറൊന്നാകും. അതിൽ ചിലർ ട്രപ്പീസിലേക്ക് മാറും. അങ്ങനെ കൂട്ടായ്മയുടെ കലയാണല്ലോ സർക്കസ്. അന്ന് ഞാൻ കൊച്ചുകുട്ടിയായിരുന്നതിനാൽ ഈ അർഥത്തിൽ ചിന്തിച്ചിരുന്നില്ലെങ്കിലും ആ കാഴ്ചകൾ എന്റെ മനസ്സിൽ പതിഞ്ഞിരുന്നു. എന്നെയത് പിൽക്കാലത്ത് സ്വാധീനിച്ചെന്ന് ഇന്നെനിക്കുതോന്നുന്നു. കോളേജിൽ ചേർന്നപ്പോൾ ഞാൻ ഇടതുപക്ഷ വിദ്യാർഥിപ്രസ്ഥാനമായ എസ്.എഫ്.ഐ. യുടെ സാംസ്കാരികവിഭാഗത്തിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരുപാട് തെരുവുനാടകങ്ങൾ ചെയ്തിരുന്നു. സഫ്ദർ ഹശ്‌മി വെടിയേറ്റുമരിച്ചപ്പോൾ ഞങ്ങൾ പ്രതിഷേധസൂചകമായി തമിഴ്നാട്ടിലുടനീളം തെരുവുനാടകങ്ങൾ നടത്തി. ഇതൊക്കെയാണ്‌ എന്നെ നാടകത്തോട് അടുപ്പിച്ചുനിർത്തിയത്.

ഭൂപതിയുടെ നാടകങ്ങളിൽ ധാരാളമായി പലതരം മുഖംമൂടികളും ബൊമ്മകളും പൊയ്‌ക്കാലുകളും ഉൾപ്പെടുന്ന രംഗസാമഗ്രികൾ ഉപയോഗിക്കുന്നതായി കാണുന്നു. ഇത്രയേറെ വൈവിധ്യമായ മുഖംമൂടികളും രംഗസാമഗ്രികളും എങ്ങനെ കണ്ടെത്തുന്നു =നാടകത്തിൽ വരികൾക്കിടയിലൂടെ വായിക്കേണ്ട സംജ്ഞകളും അർഥതലങ്ങളുമുണ്ട്. ഇതൊക്കെയും പ്രതിഫലിപ്പിക്കുന്നതിൽ നടന്മാർക്ക് പരിമിതികളുണ്ട്. ഒരുപാട് ഭാവപ്രകടനങ്ങൾ ഒരേസമയം സന്നിവേശിപ്പിക്കുന്നതിന്‌ വേദിയിൽനിൽക്കുന്ന അഭിനേതാക്കളെക്കൊണ്ടുമാത്രം സാധിക്കില്ല. അവിടെയാണ്‌ വിവിധതരം മുഖംമൂടികളുടെ പ്രസക്തി. പിന്നെ എന്റെ കാഴ്ചപ്പാടിൽ പക്ഷിമൃഗാദികളും മരങ്ങളും പ്രകൃതിയും എല്ലാമടങ്ങുന്ന കൂട്ടായ്മയാണ്‌ ജീവിതം. നാടകത്തിലൂടെ നമ്മൾ മുന്നോട്ടുവെക്കുന്നത് ആധുനികലോകം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിതപ്രശ്നങ്ങളും പ്രതിസന്ധികളുമൊക്കെയാണ്‌. നമ്മുടെ ജീവിതപരിസരങ്ങളിലുള്ള ജന്തുജാലങ്ങളെ മാറ്റിനിർത്തി നാടകാവതരണം സാധ്യമല്ല. നമ്മൾ ദുരിതമനുഭവിക്കുമ്പോൾ അതിനോടൊപ്പംതന്നെ അവയും അനുഭവിക്കുന്നില്ലേ? നമ്മൾ ആനന്ദിക്കുമ്പോൾ അതിന്റെ അനുരണനങ്ങൾ പ്രകൃതിയിലേക്കും അവയിലേക്കും പകരുന്നുണ്ട്. അതൊക്കെ വേദിയിൽ അവതരിപ്പിക്കാൻ രംഗസാമഗ്രികളും മുഖംമൂടികളും ഉപകരിക്കും. അത് എത്രകണ്ട് കാഴ്ചക്കാരുമായി സംവദിക്കുന്നുണ്ട് എന്നത് അവരാണ്‌ പറയേണ്ടത്. എന്റെ കാഴ്ചകളും യാത്രകളുമാണ്‌ ഇവയുടെ വൈവിധ്യതയ്ക്ക്‌ വഴിതെളിക്കുന്നത്. എന്റെ വീടിനടുത്ത് കഴുകുമലയിൽ പ്രാചീനകാലത്തെ ജൈനസങ്കേതമുണ്ട്. അവിടെ മലതുരന്ന് കൊത്തുപണിചെയ്ത് നിർമിച്ചൊരു വെട്ടുവൻ കോവിലുണ്ട്. വിവിധ ഭാവങ്ങളിൽ കല്ലിൽക്കൊത്തിയ രൂപങ്ങളവിടെ കാണാം. പ്രത്യേകിച്ച് നർത്തകരുടെയും ദാസികളുടെയും വാദ്യമേളക്കാരുടെയും മറ്റും. വിവിധതരത്തിലുള്ള ശാരീരികപ്രകൃതിയുള്ളവർ. കല്ലിൽ കൊത്തിവെച്ച ആ രൂപങ്ങളുടെ മുഖത്തുനോക്കുമ്പോൾ ഞാൻ കാണുക നാടകത്തിനുള്ള മുഖംമൂടികളെയാണ്‌. ആ ഭാവങ്ങളൊക്കെ ക്യാമറയിൽ പകർത്തി ഞങ്ങൾ നാടകത്തിനുള്ള മാസ്കുകൾ നിർമിക്കാറുണ്ട്. ഒരു മനുഷ്യനാൽ പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറത്തുള്ള ഭാവങ്ങളാണവ. മനസ്സിന്റെ വിഹ്വലതകളും ആകുലതകളും ആനന്ദവുമൊക്കെ വിവിധതലങ്ങളിൽ പ്രതിഫലിപ്പിക്കുന്ന കലാരൂപങ്ങൾ. ഇത്തരം കാഴ്ചകൾ എന്നെ സ്വാധീനിക്കാറുണ്ട്. അങ്ങനെയാണ്‌ മാസ്കുകൾ രൂപംകൊള്ളുന്നത്. ഒരു നാടകത്തിൽ ഉപയോഗിച്ച മുഖംമൂടി വീണ്ടുമൊരു നാടകത്തിൽ ഉപയോഗിക്കാറില്ല. പ്രമേയപരമായി അതവിടെ ചേർന്നെന്നുവരില്ല.

ഭൂപതിയുടെ നാടകങ്ങളിൽ ഒരുപാട് വൈവിധ്യമേറിയ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. പഴയകാലത്തെ സംഗീതോപകരണങ്ങൾ, പുറംരാജ്യങ്ങളിലേത്... അതിൽ പകുതിയിലധികവും താങ്കളാണ്‌ കൈകാര്യംചെയ്യുന്നത്. എങ്ങനെയാണ്‌ ഇത്രയേറെ വൈവിധ്യമാർന്ന സംഗീതോപകരണങ്ങൾ നാടകത്തിന്റെ ഭാഗമായിമാറുന്നത്
= നമ്മുടെ കാതുകൾ തുറന്നുവെച്ചാൽ എന്തെല്ലാം വൈവിധ്യമാർന്ന ശബ്ദങ്ങളാണ്‌ ചുറ്റും കേൾക്കുന്നത്? കാറ്റിന്റെ ശബ്ദം, മഴയുടെ ശബ്ദം, കിളികളുടെ ശബ്ദം, പുഴയുടെ ശബ്ദം, കാടിന്റെ ശബ്ദം... ഇങ്ങനെ പല പല ശബ്ദങ്ങൾ. എന്റെ നാടകങ്ങളിൽ വികാരങ്ങളെ സംവേദിപ്പിക്കാനുള്ള സന്ദർഭങ്ങളിലാണ്‌ കൂടുതൽ സംഗീതം ഉപയോഗിക്കുന്നത്. സംഗീതത്തിനൊപ്പം മൗനത്തിനും വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ചിലരംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അതിൽവരുന്ന വികാരങ്ങൾ അതേപടി പ്രതിഫലിപ്പിക്കണമെങ്കിൽ അതിനുതക്ക സംഗീതം/ശബ്ദവിന്യാസം വേണം. അതിനായി ഏറ്റവും യോജിച്ച സംഗീതോപകരണം കണ്ടെത്തുകയാണ്‌ ചെയ്യുക. ഒരു ഘട്ടത്തിൽ, മായക്കോമാളിയും ജാലക്കണ്ണാടിയും എന്ന നാടകം ചെയ്യുന്ന സമയത്ത് ഇൻഡൊനീഷ്യയിൽനിന്ന് ഒരു മണി വരുത്തുകയുണ്ടായി. ചില ഉപകരണങ്ങളുടെ ശബ്ദം, വടികുത്തി നടക്കുന്നത്, പൊയ്ക്കാലിൽ നടക്കുന്നത്... ഇതൊക്കെ ഞങ്ങൾ അഭിനേതാക്കളുടെ സഹായത്തോടെ ഉപയോഗിക്കാറുണ്ട്. നാടകത്തിന്റെ ശൈലിയുമായി ചേർന്നുനിൽക്കുന്ന തത്സമയ സംഗീതമാണ്‌ ഞാൻ ഉപയോഗിക്കുന്നത്. പക്ഷേ, റിഹേഴ്‌സലിന്റെ ഭാഗമായുള്ള പരിശീലനത്തിനുവരുന്ന അഭിനേതാക്കളിൽ സംഗീതാവബോധമുണ്ടാക്കുന്നതിന്‌ വിവിധ ശാസ്ത്രീയസംഗീതങ്ങൾ കേൾപ്പിക്കാറുണ്ട്. അതൊന്നും നാടകത്തിൽ ഉപയോഗിക്കാറില്ല. അപ്പോൾ അവരെന്നോട് ചോദിക്കാറുണ്ട്: ശാസ്ത്രീയസംഗീതം കേൾപ്പിച്ചുതന്നിട്ട് ഇതല്ലല്ലോ നാടകത്തിൽ ഉപയോഗിക്കുന്നതെന്ന്. അഭിനേതാക്കളിൽ സംഗീതസംസ്കാരം വളർത്തിയെടുക്കാനാണ്‌ ഞാൻ അങ്ങനെ ചെയ്യുന്നത്. അതിലൂടെ നമ്മുടെ നാടകഗാത്രത്തിനെ സഹായിക്കുന്ന ശബ്ദവിന്യാസങ്ങൾ കണ്ടെത്താൻ അവർക്ക് കഴിയും. നമ്മൾ ശബ്ദഘോഷങ്ങളുടെ നടുവിലാണ്‌ ജീവിക്കുന്നത്. ആവർത്തിതമായ ശബ്ദഘോഷങ്ങളാണ്‌ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ആവർത്തനം മടുപ്പുളവാക്കും. അതുകൊണ്ട് അതിനെ മറികടക്കാൻ നമ്മൾ നിത്യജീവിതത്തിൽ ശ്രമിക്കാറുണ്ട്. നാടകത്തിലും ഇത്തരം ആവർത്തനങ്ങളെ മറികടക്കേണ്ടതുണ്ട്. ഇന്നുള്ള നാടകങ്ങളധികവും വാചികപ്രാധാന്യമുള്ളതാണ്‌. നിലവിലുള്ള നാടകസങ്കേതങ്ങൾ എന്നെ മടുപ്പിക്കുന്നു എന്ന ചിന്തയിൽനിന്നാണ്‌ പുതിയ സമീപനങ്ങൾ ഞാൻ സ്വീകരിക്കുന്നത്. ആളുകൾ അത് എങ്ങനെയെടുക്കുന്നു എന്നുചോദിച്ചാൽ എനിക്ക് ഒരു ഉത്തരമേ പറയാനുള്ളൂ. തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയ്ക്കകത്തും പുറത്തും ഞാൻ നാടകം അവതരിപ്പിക്കാറുണ്ട്. അപ്പോഴൊക്കെ എനിക്ക് ലഭിച്ചിട്ടുള്ള പ്രതികരണങ്ങളിൽനിന്നാണ്‌ ഞാൻ ചെയ്യുന്ന ശരികളെ അവർ അംഗീകരിക്കുന്നുവെന്നും എന്റെ നാടകങ്ങൾ സംവേദനക്ഷമമാകുന്നുവെന്നും മനസ്സിലാക്കുന്നത്. അതുകൊണ്ട് എന്റെ നാടകങ്ങൾക്ക് പ്രസക്തിയുണ്ട്. ഒരു കലാകാരനെ സംബന്ധിച്ച് താൻ മുന്നോട്ടുവെക്കുന്ന കലാരൂപം സംവേദനക്ഷമമാകുന്നു എന്ന് വരുമ്പോഴാണല്ലോ അത് കാലികപ്രസക്തമാകുന്നത്.

Content Highlights: weekend

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..