മക്കളേ,
മനുഷ്യജീവിതത്തിൽ ദുശ്ശീലങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. നമ്മുടെ സമയവും സ്വാതന്ത്ര്യവും ആരോഗ്യവും മനഃശാന്തിയും എല്ലാം അവ നഷ്ടപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ദുശ്ശീലങ്ങളെ ജയിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെത്തന്നെ നല്ലശീലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രയോജനങ്ങളും വളരെയധികമാണ്. ദുശ്ശീലങ്ങളെ ഒഴിവാക്കാനുള്ള ഒരു മാർഗം അവയുടെ സ്ഥാനത്ത് ബോധപൂർവം നല്ലശീലങ്ങളെ വളർത്തുക എന്നതാണ്.
തെറ്റായ ചിന്തകളും പ്രവൃത്തികളും ആവർത്തിച്ചുകൊണ്ടിരുന്നാൽ അവ ശീലങ്ങളായി മാറുന്നു. പത്തുദിവസം രാവിലെ ഉണർന്ന ഉടനെ ചായകുടിച്ചുശീലിച്ച ഒരാൾക്ക് പതിനൊന്നാംദിവസം ചായകുടിച്ചില്ലെങ്കിൽ ആ സമയമാകുമ്പോൾ തലവേദനയുണ്ടാകും. ശീലത്തിന്റെ ശക്തിയാണത്. അതിനാൽ, നല്ലശീലങ്ങൾ ഉണ്ടാക്കിയെടുക്കാൻ നമ്മൾ ശ്രമിക്കണം.
ഒരു സംഭവം ഓർമവരുന്നു. വളരെ മുൻകോപമുള്ള ഒരു ബ്രഹ്മചാരിണി ഒരുദിവസം അമ്മയോട് ചോദിച്ചു: ‘‘അമ്മേ, എന്റെ ദേഷ്യത്തെ എങ്ങനെ മാറ്റാൻ പറ്റും?.’’ അമ്മ പെട്ടെന്ന് ഉത്തരമൊന്നും പറഞ്ഞില്ല, അവളോട് അമ്മയുടെ അടുത്തുതന്നെ ഇരിക്കാൻ പറഞ്ഞു. കുറച്ചുകഴിഞ്ഞ് അമ്മ ദേഷ്യത്തോടെ അവളോട് ചോദിച്ചു: ‘‘കുറെ നേരമായല്ലോ നീ ഇവിടെത്തന്നെ ഇരിക്കുന്നു.’’ അമ്മയുടെ ദേഷ്യഭാവം കണ്ട് ആ മോൾ പേടിച്ചുപോയി. അമ്മ സാധാരണ തന്നോട് ഇങ്ങനെ ദേഷ്യപ്പെടാറില്ലല്ലോ എന്നോർത്ത് അവൾ അദ്‌ഭുതപ്പെട്ടു. അപ്പോൾ അമ്മ ചിരിച്ചുകൊണ്ടുപറഞ്ഞു: ‘‘മോളേ, നിനക്ക് ഇനി ആരോടെങ്കിലും ദേഷ്യംതോന്നിയാൽ അമ്മയുടെ ഈ ദേഷ്യം ഓർക്കണം. അതു നിനക്കുണ്ടാക്കിയ വിഷമവും ഓർക്കണം. നീ ഓരോ പ്രാവശ്യം ദേഷ്യപ്പെടുമ്പോഴും മറ്റുള്ളവരുടെ മനസ്സ് എത്രമാത്രം വേദനിക്കുന്നുണ്ടാവും. അത് ഓർക്കുമ്പോൾ മറ്റുള്ളവരോടുള്ള നിന്റെ ദേഷ്യം മാറും, അവരെ സ്നേഹിക്കാൻ കഴിയും.’’ നമ്മുടെ മനസ്സിനെ വേണ്ടപോലെ പരിശീലിപ്പിച്ചാൽ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല.
തെറ്റിലേക്കുനയിക്കുന്ന കൂട്ടുകെട്ടുകളിൽനിന്ന് മാറിനിൽക്കുക എന്നതും പ്രധാനമാണ്. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾക്ക് അടിമയായവർ, അവയിൽനിന്നു മോചനം ആഗ്രഹിക്കുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത് തങ്ങളെ തെറ്റുചെയ്യാൻ പ്രലോഭിപ്പിക്കുന്ന വസ്തുക്കൾ ഒരിക്കലും അടുത്തുവെക്കാതിരിക്കുക എന്നതാണ്.
നല്ലശീലങ്ങൾ ഉണ്ടാകുന്നതെങ്ങനെയാണ്? ലക്ഷ്യത്തെക്കുറിച്ചുള്ള ബോധമുണ്ടാകുകയാണ് ഒന്നാമതായി വേണ്ടത്. ഉദാഹരണത്തിന്, സൈക്കിളെന്താണെന്നോ അത് ഓടിക്കേണ്ടതെങ്ങനെയെന്നോ ഒരു ചെറിയ കുട്ടിക്കറിയില്ല. പിന്നീട് അവന്റെ മനസ്സിൽ സൈക്കിൾ ഓടിക്കാനുള്ള ആഗ്രഹമുദിക്കുന്നു. പക്ഷേ, അത് ഓടിക്കാനുള്ള പ്രാപ്തിയില്ല. അടുത്തഘട്ടത്തിൽ സൈക്കിൾ ചവിട്ടാൻ പഠിച്ചുതുടങ്ങുന്നു. അങ്ങനെ ശരിയായ തീരുമാനത്തിലൂടെയും പ്രയത്നത്തിലൂടെയും അവനിൽ അറിവും കഴിവും ഉണ്ടാകുന്നു. അപ്പോഴും വളരെ ശ്രദ്ധിച്ചുമാത്രമേ അവന് സൈക്കിളോടിക്കാനാകൂ. അങ്ങനെ കുറെനാൾ ഓടിച്ച് ശീലിച്ചാൽപ്പിന്നെ ബോധപൂർവമായ പ്രയത്നത്തിന്റെ ആവശ്യമില്ലാതാകുന്നു. സൈക്കിൾ ചവിട്ടുമ്പോൾത്തന്നെ അവന് മറ്റുള്ളവരോട് സംസാരിക്കാനും കൈവീശാനുമൊക്കെ കഴിയുന്നു. നല്ലഗുണങ്ങളെ ഈ നിലയിലേക്ക് നമ്മൾ വളർത്തിയെടുക്കണം.
നിരന്തരജാഗ്രതയും പരിശ്രമവുമുണ്ടായാൽ ഏതു ദുശ്ശീലത്തെയും അതിജീവിക്കാൻ നമുക്കു സാധിക്കുകതന്നെ ചെയ്യും.
അമ്മ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..