എന്താ രതൻ, നിന്റെ സാബ് ഇനിയും ഉണർന്നില്ലേ?’’
രതൻ ഭാവഭേദമൊന്നും കാണിക്കാതെ ‘‘ഓ’’ എന്നു പറഞ്ഞ് തിരിച്ചു പോയി. ഗീത ഇതുവരെ മുറിയിലേക്ക് വന്നില്ലല്ലോ എന്ന് ഞങ്ങൾ ആശ്ചര്യപ്പെട്ടു. ഗുരു ഇന്ന് സ്റ്റുഡിയോയിലേക്ക് പോകുന്നില്ലേ? അപ്പോൾ ഒരു വലിയ കാറ് ഗേറ്റിനുള്ളിലേക്കു വന്നു. ഡ്രൈവർ പുറത്തിറങ്ങി. അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഭാഭിജി അങ്ങാട്ടു ചെല്ലണമെന്നു ദീദിമണി പറഞ്ഞു.
ദീദിമണി എന്നയാൾ പറഞ്ഞതുകേട്ട് ഞങ്ങൾ വീണ്ടും ആശ്ചര്യപ്പെട്ടു. ദീദിമണി എന്നയാൾ വിളിക്കുന്നത് ഗീതയെയാണ്. ‘‘ഗീത എവിടെപ്പോയി?’’
‘‘ദീദിമണി സാന്താക്രൂസിലുണ്ട്’’ -ഡ്രൈവർ പറഞ്ഞു.
സാന്താക്രൂസ്, അതായത് ഗീതയുടെ അമ്മയും സഹോദരങ്ങളും താമസിക്കുന്ന സ്ഥലം. പക്ഷേ, കഴിഞ്ഞ രാത്രി പന്ത്രണ്ടുമണിവരെ ഗീത ഇവിടെ, ഈ വീട്ടിലുണ്ടായിരുന്നല്ലോ! അങ്ങോട്ടുപോയത് എപ്പോഴായിരിക്കും? എന്തൊക്കെയോ രഹസ്യങ്ങളുള്ളതുപോലെ.
‘‘ഗീത എപ്പോഴാണ് അങ്ങോട്ടുപോയത്?’’ ‘‘ഇന്നു രാവിലെ?’’
‘‘ഇന്നലെ രാത്രി രണ്ടു മണിക്ക്’’
‘‘അയ്യോ! അതെന്തിന്?’’
ഗീതയുടെ ഡ്രൈവർ മറുപടി പറയാതെ നിശ്ശബ്ദനായി നിന്നു. ഞാൻ ഭാര്യയെ നോക്കി.
‘‘സാബ് എവിടെ?’’-ഞാൻ ചോദിച്ചു.
‘‘വീട്ടിൽത്തന്നെയുണ്ട്.’’
‘‘ഉറങ്ങുകയാണോ?’’
‘‘അല്ല, ഉണർന്നു’’
ഗീത മുമ്പൊരിക്കൽ പറഞ്ഞ കാര്യം എനിക്കോർമ വന്നു. ഭക്ഷണമേശയ്ക്കു മുന്നിലിരിക്കുമ്പോൾ ഗീത ഒരിക്കലെന്നോട് പറഞ്ഞിരുന്നു:
‘‘ബിമൽ ദാ, സാഹബ് ബീബി ഓർ ഗുലാമിലെ അതേ അവസ്ഥയാണ് ഈ വീട്ടിലും.’’
‘‘നിങ്ങൾ അരമണിക്കൂറു കഴിഞ്ഞ് വരൂ, അപ്പോഴേക്ക് ഞാൻ തയ്യാറാവാം.’’ എന്റെ ഭാര്യ ഡ്രൈവറോടു പറഞ്ഞു.
ഡ്രൈവർ വണ്ടിയെടുത്ത് പുറത്തു പോയി. ഡ്രൈവർ പോയ ഉടനെ ഗൗരവം നിറഞ്ഞ മുഖഭാവത്തോടെ ഗുരു മുറിയിലേക്ക് വന്നു.
എന്റെ ഭാര്യയെ അവിടെ കണ്ട് ഗുരു ഞെട്ടി. ‘‘ഭാഭിജി സാന്താക്രൂസിലേക്കു പോയില്ലേ? കാറ് വരുന്നത് കണ്ടല്ലോ?’’
കാറ് പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ എന്റെ ഭാര്യ അതിൽ കയറി സാന്താക്രൂസിലേക്കു പോയെന്ന് ഗുരു ധരിച്ചു കാണും.
‘‘ഗീത എന്താ പെട്ടെന്നങ്ങോട്ട് പോയത്?” -ഞാൻ ചോദിച്ചു.
‘‘എന്തോ സുഖമില്ല.’’ ‘‘ ഗുരു അത്രയേ പറഞ്ഞുള്ളൂ.’’
എനിക്കൊന്നും മനസ്സിലായില്ല. എല്ലാം കുഴഞ്ഞുമറിയുന്നു. ഗുരുവും ഡ്രൈവറും പറയുന്നത് വെവ്വേറെ കാര്യങ്ങളാണ്. ആരെ വിശ്വസിക്കും? അപ്പോഴേക്കും എന്റെ ഭാര്യ പോകാൻ തയ്യാറായി. വണ്ടി വീണ്ടും വന്നപ്പോൾ അതിൽ കയറി പോവുകയും ചെയ്തു.
ഗുരുവിന്റെ മനസ്സിൽ കൊടുങ്കാറ്റു വീശുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. സ്നേഹബന്ധങ്ങളും സന്തോഷങ്ങളും നിമിഷനേരംകൊണ്ടസ്തമിച്ചെന്നോ? എന്തുകൊണ്ടിങ്ങനെയെല്ലാം സംഭവിക്കുന്നു? സൗഭാഗ്യങ്ങളുടെ കൊടുമുടിയിലിരിക്കുമ്പോഴും ഒരാൾക്ക് ശാന്തി ലഭിക്കാത്തതെന്തുകൊണ്ട്? അയാളുടെ മനസ്സിൽ അസ്വസ്ഥതകളുടെ കൊടുങ്കാറ്റടിക്കുന്നതെന്തുകൊണ്ടാണ്? എന്തുകൊണ്ടിങ്ങനെയെല്ലാം വന്നുഭവിക്കുന്നു?
ഗുരുവിന്റെ വീട്ടിൽ നടന്ന ഒരു സംഭവം ഓർമവരുന്നു. ഒരു ദിവസം ഒരു ജ്യോതിഷി വീട്ടിലെത്തി. ഗുരുവിന്റെയും ഗീതയുടെയും ജാതകം നോക്കി പലതും പറഞ്ഞു. ഏറെ നേരം അതു പരിശോധിച്ചതിനു ശേഷമാണ് എല്ലാം പറഞ്ഞത്. ഞാൻ എന്റെ മുറിയിലായിരുന്നു. ദീർഘനേരം അവരെ കാണാത്തതെന്തുകൊണ്ടാണെന്ന് മനസ്സിലായിരുന്നില്ല. ജ്യോതിഷി വന്ന കാര്യം പിന്നീടാണ് അറിഞ്ഞത്.
ഭക്ഷണസമയത്ത് ഞാൻ ഒറ്റയ്ക്കായിരുന്നു. ജ്യോതിഷി ബാബ നല്ലൊരു തുക ദക്ഷിണയും വാങ്ങി പോയതിനുശേഷം രണ്ടുപേരും മുറിയിലേക്കുവന്നു.
‘‘എന്തു പറഞ്ഞു ജ്യോതിഷി ബാബ?’’ -ഞാൻ ചോദിച്ചു
‘‘ചൊവ്വ ശത്രുസ്ഥാനത്താണ്.’’ -ഗുരു മറുപടി പറഞ്ഞു.
‘‘എന്നു വെച്ചാൽ?’’
‘‘ചൊവ്വാഴ്ചകളിൽ ഒന്നും തുടങ്ങരുതെന്ന് ജ്യോതിഷി ബാബ മുന്നറിയിപ്പു തന്നിട്ടുണ്ട്. എനിക്കും പലപ്പോഴും ഇതനുഭവപ്പെട്ടിട്ടുണ്ട്. എന്റെ ചൊവ്വാഴ്ചകൾ മോശം ദിവസങ്ങളാണ്. ജീവിതത്തിലെ ചീത്ത കാര്യങ്ങളെല്ലാം സംഭവിച്ചത് ചൊവ്വാഴ്ചകളിലാണ്.’’
പെട്ടെന്ന് ഗീത ചോദിച്ചു: ‘‘എങ്കിൽ ചൊവ്വാഴ്ച നമ്മുടെ വിവാഹം നടത്തിയതെന്തിനായിരുന്നു?’’ഇതിനുത്തരം ആർക്കു പറയാൻ കഴിയും?
രണ്ടുമൂന്നു കൊല്ലം ഗീതയെ വിവാഹം കഴിക്കണമെന്ന നിർബന്ധത്തോടെ നടന്ന ആളാണ് ഗുരുദത്ത്. അവസാനം വിവാഹത്തീയതി നിശ്ചയിച്ചതാകട്ടെ, കുപ്രസിദ്ധമായ ചൊവ്വാഴ്ചയും. അയാളുടെ തലയിലെഴുത്തായിരിക്കാം. വിധിവിഹിതം ആർക്കും തടുക്കാനാവില്ല. അതിനുശേഷം ഭാര്യയും ഭർത്താവും തമ്മിൽ ഈ കാര്യത്തെച്ചൊല്ലി നടന്ന സംഭാഷണങ്ങളിലൊന്നും കൃത്യമായ ഒരു വിശദീകരണം നൽകാൻ ഗുരുവിന് കഴിഞ്ഞില്ല. എന്തുകൊണ്ടാണ് ഒരു ചൊവ്വാഴ്ച തന്നെ തിരഞ്ഞെടുക്കേണ്ടിവന്നത്? അന്നുതന്നെ വിവാഹം നടത്തണമെന്ന് ഗുരു വാശിപിടിച്ചത്? മധുരതരമായ ഒരു ബന്ധം തന്നെയായിരുന്നു അവർ തമ്മിലുണ്ടായിരുന്നത്. ഒരാളില്ലാതെ മറ്റേയാൾക്ക് ജീവിക്കാനാവില്ല എന്നുവരെ എനിക്കു തോന്നിയിട്ടുണ്ട്. ഭാര്യയും ഭർത്താവും തമ്മിൽ ഇതുപോലെയുള്ള സ്നേഹബന്ധം വിരളമായേ കാണാറുള്ളൂ. ഗീതയില്ലെങ്കിൽ ഗുരു തികച്ചും ഏകാകിയും അശരണനുമായിത്തീരാറുണ്ട്. എങ്കിലും രണ്ടാളും ഇത് തുറന്ന് സമ്മതിക്കാറുമില്ല. ഒരാളില്ലാത്ത അവസരങ്ങളിലാണ് മറ്റേയാൾ തന്റെ സ്വകാര്യദുഃഖങ്ങൾ ഞാനുമായി പങ്കുവെക്കാറുള്ളത്. രണ്ടുപേരോടും പറയാൻ സാന്ത്വന വാക്കുകളോ പ്രതികാരത്തിന്റെ ഭാഷയോ എനിക്ക് ലഭിക്കാറുമില്ല. ഞാൻ ഒറ്റയ്ക്കിരുന്ന് ഈശ്വരനോട് പ്രാർഥിക്കുക മാത്രമാണ് ചെയ്തിരുന്നത്.
‘‘ഭഗവാനേ, അങ്ങ് ശരിക്കും ഉണ്ടെങ്കിൽ അവർക്കിടയിലുള്ള പൊരുത്തക്കേടുകൾ ഇല്ലാതാക്കണേ.’’ പക്ഷേ, മനുഷ്യർക്കറിയാൻ കഴിയാത്ത ഭാവികാലത്തിന്റെ പേരാണ് വിധി. വിധി തന്റെ നിയമം നടപ്പാക്കിയപ്പോൾ ഒരു മൂകസാക്ഷിയായി നിൽക്കാൻ ഞാൻ നിർബന്ധിതനായതാണ് എന്റെ ദുഃഖം. ഗുരുവിന്റെ അനിയൻ ഒരിക്കൽ പറഞ്ഞതോർക്കുന്നു: ‘‘എനിക്ക് മറ്റൊന്നും വേണ്ട, ഗുരു സന്തോഷത്തോടെ ജീവിച്ചാൽമാത്രം മതി.’’ എല്ലാ പ്രാർഥനകളും ശുഭാശംസകളും നിഷ്ഫലമാക്കിക്കൊണ്ട് ഗുരുവിന്റെ വിധി ദുഃഖപൂർണമായ ഒരു പരിസമാപ്തിയിലെത്തുമെന്ന് അന്നാരും കരുതിയില്ല.
സന്ധ്യ കഴിഞ്ഞ് രാത്രിയായി. അപ്പോഴാണ് എന്റെ ഭാര്യ സാന്താക്രൂസിൽ നിന്ന് പാലിഹില്ലിൽ തിരിച്ചെത്തിയത്. അവളുടെ മുഖത്ത് അതിശയകരമായ ആശങ്ക പടർന്നിരിക്കുന്നത് ഞാൻ കണ്ടു.
‘‘എന്തുണ്ടായി, ഗീത?’’ ഞാൻ ചോദിച്ചു.
‘‘അവളുടെ കൈ മുറിഞ്ഞു.’’
‘‘കൈ മുറിഞ്ഞോ? എങ്ങനെ?’’
‘‘ഇന്നലെ രാത്രി ഗീത ബ്ളേഡ്‌കൊണ്ട് കൈയിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു.’’
‘‘അയ്യോ! എന്തിന്? ഗുരു അവളോടെന്തെങ്കിലും പറഞ്ഞോ?’’
‘‘അതൊരു നീണ്ട കഥയാണ്. ഇതുവരെ അത് കേട്ടുകൊണ്ടിരിക്ക്യായിരുന്നു. ബ്ളീഡിങ് ഇപ്പഴാണ് നിന്നത്. ഗീതയ്ക്ക്
കുഴപ്പമൊന്നുമില്ല. ക്ഷീണമുണ്ടെന്നുമാത്രം. കിടപ്പാണ്. നാളെയും ഞാൻ അങ്ങോട്ട് പോണം. കാറ് വിടാമെന്നു പറഞ്ഞു.’’
അപ്രതീക്ഷിതമായ ഈ അപകടംമൂലം ഞങ്ങൾ രണ്ടാളും എന്തു ചെയ്യേണ്ടൂ എന്നറിയാത്ത അവസ്ഥയിലായി. ഇവിടെ ഞങ്ങൾ വിരുന്നുകാർ മാത്രമാണ്. വീടിന്റെ ഉള്ളകങ്ങളിൽ നടക്കുന്ന കാര്യങ്ങളിൽ ജിജ്ഞാസുക്കളാവാൻ ഞങ്ങൾക്കർഹതയില്ല. ഇവരുടെ സന്തോഷത്തിൽ പങ്കു ചേരാം. സങ്കടത്തിൽ സഹതപിക്കാം. ഇതിലപ്പുറം ഞങ്ങൾക്കെന്തു കഴിയും?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..