തലവേട്ടക്കാരുടെ നാട്ടിൽ


By ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയാ ചെറിയാൻ (റിട്ട.) soniacherian@gmail.com

6 min read
Read later
Print
Share

വീണ്ടും അതിർത്തിയിലേക്കാണ്. നാഗാലാൻഡിലും മണിപ്പുരിലുമായി വിന്യസിച്ചിരിക്കുന്ന ബോർഡർ റോഡ് ഓർഗനൈസേഷനിലേക്കാണ് (GREF) നിയമനം. ഇനിയുള്ള ഒന്നരവർഷം അതിർത്തിറോഡുകളുടെ ഉടയവരുടെയൊപ്പം.നാഗാലാൻഡിലെ കുഞ്ഞൻ എയർപോർട്ടിനു വെളിയിൽ ഗ്രെഫുകാർ പ്രൊട്ടക്‌ഷൻ ടീമുമായി കാത്തുനിൽപ്പുണ്ട്. ഇവിടന്നങ്ങോട്ടിനി നല്ല സെക്യൂരിറ്റിയിലാണ് യാത്ര. കൗണ്ടർ ഇൻസർജൻസി ഏരിയ. തൊട്ടുതലേ മാസമാണ് (2015 ജൂൺ) മണിപ്പുരിലെ ചന്ദേൽ ജില്ലയിൽ മിലിറ്ററി കോൺവോയ് ആംബുഷ് ചെയ്യപ്പെട്ടത്. പതിനെട്ട് ചെറുപ്പക്കാരെ ഒറ്റയടിക്ക് നമുക്ക് നഷ്ടപ്പെട്ടു. കുറച്ചുവർഷങ്ങളായി നിലനിന്നിരുന്ന വെടിനിർത്തൽ ലംഘിക്കപ്പെട്ടിരിക്കുന്നു.

മുളന്തട്ടികൾ അടുക്കി മിനുക്കിയുണ്ടാക്കിയ ബോർഡർ റോഡിന്റെ ഓഫീസർ മെസ്. ഇടയ്ക്കിടെ, വൻഭൂമികുലുക്കങ്ങൾ ഉണ്ടാവുന്ന (സീസ്മിക് സോൺ V) ഹിമാലയമേഖലയായതിനാൽ ഇത്തരത്തിലാണ് ഇവിടെ കെട്ടിടങ്ങളുടെ രൂപകല്പന. തലയിൽ വീണാൽ ചാകരുതല്ലോ. മുളഞ്ചുമരുകൾ ആടിക്കളിക്കുമെന്നല്ലാതെ വീഴില്ല. ഭൂമി കുലുങ്ങുമ്പോൾ, പാതിയുറക്കത്തിൽ, ഇട്ടിരിക്കുന്ന രാക്കുപ്പായങ്ങളോടെ പലവട്ടം മൈതാനത്തേക്കിറങ്ങിയോടേണ്ടിവന്നിട്ടുണ്ട്. കാൽക്കീഴിൽ ഇഴയും പാമ്പിനെപ്പോലെ പുളയുന്നുണ്ടാവും നിലം !. ഒട്ടും ബാലൻസ് കിട്ടാതെ, വീഴാനാഞ്ഞുകൊണ്ടാണ് ഓട്ടം. എന്തോ, എത്ര ഗാഢനിദ്രയിലായാലും ഭൂമികുലുങ്ങുന്നതിന്‌ തൊട്ടുമുമ്പേ ഞെട്ടിയെഴുന്നേൽക്കും .

ഓഫീസർ മെസിൽ ചില്ലിട്ടുവെച്ചിരിക്കുന്ന പഴയ ഓയിൽ പെയിന്റിങ്ങുകൾ എല്ലാം ഈ നാഗാമലകളിൽ റോഡുവെട്ടാൻ കൊടുത്ത ചോരയുടെ സങ്കടപ്പടങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും ക്രൂരരായവർ എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച മൂന്ന് ഗോത്രങ്ങളിലൊന്നാണ് നാഗന്മാർ. മരത്തിൽനിന്ന് തേനീച്ചക്കൂട്ടംപോലെ ഇരച്ചിറങ്ങി റോഡുവെട്ടുന്ന തൊഴിലാളികളെ ആക്രമിക്കുന്ന നാഗരെ ചിത്രങ്ങളിലെല്ലാം കാണാം. തൂവൽത്തൊപ്പികളും കുന്തങ്ങളുമായി, ആകാശത്തിലും ഭൂമിയിലുമായി പറന്നുനിന്നെന്ന പോലെ അവർ പൊരുതുന്നു. ഗറില്ലായുദ്ധത്തിനും കാട്ടുമുറകൾക്കും മുന്നിൽ റോഡുപണിക്ക് കാവൽനിൽക്കുന്ന പട്ടാളക്കാരും അവരുടെ തോക്കുകളും തളരുന്നു. അപാര പോരാളികളാണ് നാഗർ, തലവേട്ടക്കാർ. നീറുപോലെ നിന്ന് പൊരുതും. കാടിനും മേടിനും മലകൾക്കും അവരുടെ ഇരുപത്തിയൊന്ന് ഗോത്രങ്ങൾ തമ്മിൽതമ്മിൽ വീതംവെച്ച അതിരുകളുണ്ട്. അതിനുള്ളിൽ കടന്നുകയറുന്നവൻ ആരായാലും തലകൊയ്യപ്പെടും; അതിനി അവർക്കുവേണ്ടി റോഡുവെട്ടാൻ വന്നവരായാലും ! ഗ്രെഫിനുവേണ്ടി നാട്ടുകാരായ തൊഴിലാളികൾ ജോലിക്കുവരാൻ തുടങ്ങിയതിനുശേഷമാണ് കാര്യങ്ങൾ കുറച്ചൊന്ന് ഭേദമായത്. ഇപ്പോൾ ബോർഡർ റോഡുകാരുമായി നാഗർ സ്നേഹത്തിലാണ്. പാതകൾ തങ്ങൾക്ക് വികസനവും വിദ്യാഭ്യാസവും കൊണ്ടുവരുന്നെന്ന് അവർക്കറിയാം.

പർവതയാത്രകളിലെല്ലാം ഈ ബോർഡർ റോഡുകാരെ നന്ദിയോടെ നോക്കിനിന്നിട്ടുണ്ട്. മഞ്ഞും പ്രാണവായുക്കുറവും മരണക്കിണർ പണിയുന്ന പർവതമുടികളിൽ ഇവർതീർക്കുന്ന സുന്ദരപാതകൾ.! ഉയരങ്ങളിൽ എപ്പോഴുമുണ്ടാവും ഇവരുടെ സാന്നിധ്യം. അപ്പപ്പോൾ വീണ മഞ്ഞ് സ്നോകട്ടർവെച്ച് വടിച്ചുമാറ്റി, അല്ലെങ്കിൽ മലകൾ കുലുക്കിയിട്ട ബോൾഡറുകൾ (വമ്പൻ പാറക്കല്ലുകൾ) ഉരുട്ടിമാറ്റി, ചിതറിത്തെറിച്ച ഷൂട്ടിങ് സ്റ്റോണുകൾ പെറുക്കിമാറ്റി ഗ്രെഫിന്റെ ദിവസക്കൂലിക്കാരായ തൊഴിലാളികൾ. വെയിൽകൊണ്ട് ചുവന്നുകരിവാളിച്ച മുഖങ്ങളും മഞ്ഞിൽ പണിത് വെടിച്ചുകീറിയ കൈപ്പത്തികളും മണ്ണും മഞ്ഞും പുരണ്ട പിഞ്ഞിയ കമ്പിളിയുടുപ്പുകളുമായി അവർ വല്ലപ്പോഴും കടന്നുപോവുന്ന വണ്ടികൾക്ക് സന്തോഷത്തോടെ കൈവീശും. കാക്കകൾപോലും ചേക്കേറാത്ത ഉയരങ്ങളിൽ ഇത്രയും മനുഷ്യരെ ഒരുമിച്ചുകണ്ട സന്തോഷത്തിൽ നമ്മുടെ മനംകുളിർക്കും. അവരുടെ കൂടെ മിക്കപ്പോഴും കുഞ്ഞുമക്കളുമുണ്ടാവും. വണ്ടി കാണുമ്പോൾ കുഞ്ഞുങ്ങൾ ഓടിവരും. അവർക്ക് കൊടുക്കാൻ മിഠായിയും ബിസ്‌കറ്റുമൊക്കെ കരുതിയാണ് അതിർത്തിയാത്രകളൊക്കെ. അങ്ങനെ കണ്ടുകണ്ട് സ്നേഹിച്ചവരുടെ കൂടെയാണ് ഇനിയുള്ള ഒന്നരവർഷം എന്നത് വലിയൊരു സന്തോഷമായിരുന്നു. ഇത്തവണ പക്ഷേ, തനിച്ചാണ്. ഭർത്താവും മക്കളും ബെംഗളൂരുവിൽത്തന്നെ. മക്കൾ ഉയർന്നക്ലാസുകളിലെത്തിയതിനാൽ ഇനി സ്കൂൾ മാറ്റണോ എന്നുള്ള പ്രയാസംതന്നെ കാരണം.

നെടുനീളത്തിൽ മരുഭൂമിയതിരുകളും മഞ്ഞതിരുകളുമുള്ള മഹാരാജ്യം- അതിന്റെ സീമാസരണികളുടെ തമ്പുരാക്കളാണ് ഗ്രെഫ്. അപ്രാപ്യമായ ഉയരങ്ങളിൽ, ഭൗമശാസ്ത്രപ്രകാരം ചഞ്ചലമായ ഹിമാലയത്തിന്റെ മലമടക്കുകളിൽ തുരങ്കങ്ങളും തൂക്കുപാലങ്ങളും മൗണ്ടൻ പാസുകളും എന്തിന് എയർഫീൽഡുകൾവരെ സൃഷ്ടിക്കുന്ന എൻജിനിയർമാർ. അനങ്ങിയാൽപ്പോലും ശ്വാസതടസ്സമുണ്ടാവുന്ന ഉയരത്തിൽ മൈനസ് താപനിലകളിൽ നിന്നുകൊണ്ട് ഇവർ റോഡ് പണിയും. ഐസ് ബ്രേക്കർകൊണ്ട് മഞ്ഞുപാതകൾ തെളിച്ച് വഴിയൊരുക്കും. ഓരോ അതിരിലും ഓരോ കാലത്തും ഓരോതരം വെല്ലുവിളികളാണിവർക്ക്. ശൈത്യകാലത്ത് ഐസെങ്കിൽ, വേനലിൽ മഞ്ഞുരുകുംമലകൾ അടർത്തിത്തെറിപ്പിക്കുന്ന കല്ലുകളും വർഷകാലത്ത് മഴപെയ്ത് അടരുന്ന മൺപുഴകളും റോഡുകൾക്കുമേൽ പതിക്കും. വേനലിൽ ഗ്ലേഷ്യർ ജലത്താൽ തടിച്ചുവീർത്തഹങ്കരിക്കുന്ന മഞ്ഞുപുഴകൾ തലനീട്ടി കടിച്ചെടുക്കും പാതകൾ. അടൽ തുരങ്കവും ഭൂമിയിലേറ്റവും ഉയരത്തിലുള്ള മൗണ്ടൻ പാസായ ഉംലിങ്‌ ലായുമൊക്കെ ഗ്രെഫിന്റെ തൊപ്പിയിലെ പുതിയ തൂവലുകൾ.

ഗ്രെഫിൽ ഒരുപാട് മലയാളികളുണ്ട്. തുടക്കംതൊട്ടേതന്നെ. ആലപ്പുഴ, കൊല്ലംകാരാണ് അധികവും. ഒരുകാലത്ത് കായംകുളംകാരുടെ മുദ്രാവാക്യംതന്നെ ‘ഒന്നെങ്കിൽ ഗൾഫ് അല്ലെങ്കിൽ ഗ്രെഫ്’ എന്നായിരുന്നെന്ന് അവിടത്തുകാരനൊരാൾ സാക്ഷ്യം പറയുന്നു.! അങ്ങനെയാണ് നമ്മുടെ പശ്ചിമഘട്ടത്തിന്റെ സ്വന്തം അയ്യപ്പസ്വാമി ഗ്രെഫിന്റെ സ്വാമിയായത്, ഹിമാലയ പർവതപാതകളുടെ കാവൽദൈവമായത് ! പ്രോജക്ട് ഏരിയകളിലെല്ലാമുണ്ടാവും അയ്യപ്പക്ഷേത്രങ്ങൾ... ശീതകാലത്ത് മണ്ഡലപൂജ ഗംഭീര ആഘോഷവുമാണ്. ഹിമാലയൻതണുപ്പിലും ഘോഷയാത്രയും അന്നദാനവുമൊക്കെ പൊടിപൊടിക്കും. ഹിമഗിരിശിഖരങ്ങളിൽ തട്ടിച്ചിതറി മാറ്റൊലികൊള്ളും ശബരിഗിരിവാസനുള്ള ശരണംവിളികൾ !

നാഗാലാൻഡ്‌ - മണിപ്പുരിലേക്കാണ് അടുത്ത ട്രാൻസ്ഫർ എന്നുപറഞ്ഞപ്പോൾ ബെംഗളൂരുവിലെ ക്ലിനിക്കിലെ ഡെന്റൽ ചെയറിലിരുന്ന് ബ്രിഗേഡിയർ ചന്തു പറഞ്ഞുതന്നത് അവിടത്തെ പെണ്ണൊരുമയുടെ കഥയാണ്. പത്തുനാല്പതു കൊല്ലം മുന്നത്തെ കഥയാണ്, അദ്ദേഹം അവിടെ പോസ്റ്റഡായിരുന്ന കാലത്ത്. മുഴുക്കുടിയന്മാരും അലസന്മാരുമായ പുരുഷന്മാരെക്കൊണ്ട് നാഗാപെണ്ണുങ്ങൾ പൊറുതിമുട്ടിയ കാലം. ഒരു സ്ത്രീയുടെ നേതൃത്വത്തിൽ അവരൊരു വൻസഖ്യം രൂപവത്‌കരിച്ചു. രാത്രിയിൽ വലിയവടികളുമായി ചന്തകളിൽ പെൺസംഘങ്ങൾ റോന്തുചുറ്റും. വഴിയിൽ കള്ളുകുടിച്ച് വീണുകിടക്കുന്ന പുരുഷന്മാരെ പൊതിരെ തല്ലും. (അവരുടെ സ്വന്തം ഭാര്യമാർ ഇടയ്ക്കുവീഴാൻ ശ്രമിച്ചാൽ അവർക്കും കിട്ടും തല്ല്). പിന്നെ തൂക്കിയെടുത്ത് പന്നിക്കൂട്ടിൽ കൊണ്ടുപോയി കെട്ടിയിടും. ദേഹത്താകെ ചൊറിയണപ്പൊടി (നായ്‌ക്കുരണപ്പൊടി) വിതറും. പട്ടിണിക്കിട്ട് നാലുദിവസംകഴിഞ്ഞേ അഴിച്ചുവിടൂ. ഈ ലഹരിവിമുക്ത ചികിത്സ വളരെനന്നായി ഫലം നൽകിയത്രേ. കുറെക്കാലത്തേക്കെങ്കിലും മര്യാദാരാമന്മാരായിമാറി പുരുഷവർഗം. ഡീ അഡിക്‌ഷനൊരു നാഗഗോത്രപ്പെൺവേർഷൻ.

കരുത്തുള്ള സ്ത്രീകളെ ഒരുപാട് കണ്ടുമുട്ടിയിട്ടുണ്ട്, പക്ഷേ, ഒരു പ്രദേശംതന്നെ ശക്തിയുള്ള പെണ്ണുങ്ങളുടേതാവുന്നതു കണ്ടത് ഇവിടെയാണ്. തലയുയർത്തിപ്പിടിച്ച് ആത്മാഭിമാനത്തോടെ നടക്കുന്ന സുന്ദരിപ്പെണ്ണുങ്ങൾ, കഠിനാധ്വാനികൾ, തമാശക്കാരികൾ. നേർക്കുനേരെ നിന്ന് കാര്യങ്ങൾ പറയുന്നവർ. വണങ്ങിനിൽക്കാൻ അറിയാത്തവർ. ആത്മവിശ്വാസത്തോടെ അതിമധുരമായി സംസാരിക്കുന്നവർ. ഇവിടെ രാത്രിയും സ്ത്രീകൾ ഒറ്റയ്ക്ക് തെരുവിലൂടെ നടക്കും. അതും ഏറ്റവും ആധുനികമായ വസ്ത്രങ്ങൾ ധരിച്ച്. ഫാഷന്റെ കാര്യത്തിൽ വളരെ മുന്നിലാണ് ഇവർ. ഇവിടത്തെ ‘ഹോങ്‌ കോങ് മാർക്കറ്റി’ൽനിന്ന് ഉടുപ്പുകളും ചെരിപ്പുകളും തിരഞ്ഞെടുക്കുമ്പോൾ ഇവർ പറയും: ‘‘ഈ ഫാഷൻ നിങ്ങളുടെ ബെംഗളൂരുവിൽ വരാൻ ഇനിയും ആറു മാസമെടുക്കും’’ (നിങ്ങളുടെ ബെംഗളൂരു).

നാഗാലാൻഡിൽ മാത്രമല്ല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം സ്ത്രീകളുടെ സ്വാതന്ത്ര്യംകണ്ട് അദ്‌ഭുതപ്പെട്ടിട്ടുണ്ട്. കട നടത്തുന്നതും വീടു നടത്തുന്നതും അവർ. കഷ്ടപ്പെട്ട് ജോലിചെയ്യുമ്പോഴും തല എപ്പോഴും ഉയർന്നായിരിക്കും. രണ്ടും മൂന്നും ജോലിയൊക്കെ ഒരേസമയം ചെയ്യും. പുഴയിൽനിന്ന് പിടിച്ചെടുത്ത മീനുകൾ ചന്തയിൽ നിങ്ങളോട് വിലപേശി വിറ്റുകൊണ്ടിരിക്കേത്തന്നെ വിരലുകൾകൊണ്ട് കമ്പിളിനൂലുകൾ ഇഴപാകി ഉടുപ്പുകൾ നെയ്യും. പിന്നിലെ തുണിക്കെട്ടിൽ കെട്ടിവെച്ചിരിക്കുന്ന ചുവന്ന കവിളുകളുള്ള കുഞ്ഞ് അമ്മയെ പറ്റിയിരിക്കുന്ന പരമസന്തോഷത്തിൽ കണ്ണു ചിമ്മിചിമ്മി ചിരിക്കും. കുത്തനെയുള്ള മലകൾ കയറുമ്പോൾ കുഞ്ഞുങ്ങളുടെ പൊക്കണം മുന്നിലേക്കും ഭാരമുള്ള വിറകുകെട്ട് മുതുകിലേക്കും മാറും. പെണ്ണുങ്ങളെ തല്ലാമെന്നോ? ചിന്തിക്കുകപോലുമരുത് -അതിനുമുന്നെ തിരിച്ചുകിട്ടിയിരിക്കും. റേപ് എന്നൊന്നും കേൾക്കാനേയില്ല. അത് അവർ തീരെ സഹിക്കാത്ത കുറ്റമാണ്.

ദിമാപ്പുരിൽ എയർപോർട്ടിൽനിന്ന് മെസിലേക്ക് പോകുന്ന വഴിയിൽ കൂട്ടാൻ വന്നവർ ആദ്യം കാണിച്ചുതന്നത് നഗരമധ്യത്തിലെ മണിഗോപുരമാണ്. കുറെ നാളുകൾക്കുമുമ്പ്‌ അവിടെവെച്ച് ഒരു പുരുഷനെ തൂക്കിക്കൊന്നത്രേ. സ്ത്രീകളുടെ സംഘമാണത് ചെയ്തത്. അവരുടെ ഒരു കോളേജ് പെൺകുട്ടിയെ റേപ് ചെയ്തു എന്ന വാർത്ത പടർന്നതിനാലാണത്. അറസ്റ്റുചെത് ജയിലിലടച്ച പ്രതിയെ ജയിൽതകർത്ത് അവർ പിടിച്ചുകൊണ്ടുവരുകയായിരുന്നു. നഗ്നനാക്കി റോഡിലൂടെ വലിച്ചിഴച്ച അയാളെ മണിഗോപുരത്തിൽ തൂക്കിയിട്ടു നാഗാപെണ്ണുങ്ങൾ, നാട്ടുകാർക്കെല്ലാം കാണാൻ പാകത്തിൽ...
ഭൂതമുളക് അഥവാ ഗോസ്റ്റ് പെപ്പർ എന്ന ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിന്റെ നാട്. ടബാസ്‌കോ സോസിനെക്കാൾ നാനൂറുമടങ്ങ് എരിവ് കൂടുതലാണിതിന്. ഇവിടത്തെ പെണ്ണുങ്ങളുമിതുപോലെ. ചുവന്നുതുടുത്ത് അതിസുന്ദരികളാണ്, അതുപോലെ കടുപ്പക്കാരികളും. ജാതിയും തട്ടുകളുമില്ലാത്ത സുതാര്യമായ ഗോത്രസഭകളിൽ സ്ത്രീകൾക്ക് വലിയസ്ഥാനമുണ്ട്. മിക്ക ഗോത്രങ്ങളിലും വേട്ടയ്ക്കുപോകുമ്പോൾ നയിക്കുന്നതും നിയന്ത്രിക്കുന്നതും സ്ത്രീകൾ. ഗോത്രങ്ങൾ തമ്മിലുള്ള പോരുകളിൽ (ശരിക്കും ആയുധങ്ങളുമായി യുദ്ധങ്ങൾ തന്നെ!) ആരു ജയിച്ചെന്ന തീരുമാനം തീർച്ചപ്പെടുത്തുന്നതും പെണ്ണുങ്ങൾ. എന്തിന് നാഗാതീവ്രവാദികളും ഗവൺമെൻറും തമ്മിലുള്ള സമാധാനചർച്ചകൾക്ക് ചുക്കാൻപിടിക്കുന്നതും പലപ്പോഴും സ്ത്രീകളാണ്. ‘ഷെഡ് നോ മോർ ബ്ലഡ്’ എന്ന മുദ്രാവാക്യവുമായി തീവ്രവാദികളെ തിരിച്ചു കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയ NMA (നാഗാ മദേഴ്‌സ് അസോസിയേഷൻ). ‘ചോരപ്പുഴയൊഴുക്കാതെ തിരിച്ചു വീട്ടിൽ കേറ്‌ മക്കളേ...’ എന്ന്. ആകെ ഈ പെണ്ണുങ്ങൾ സങ്കടപ്പെട്ടുകണ്ടിട്ടുള്ളത് വീടുകളിലും കളിസ്ഥലത്തുമൊക്കെ വന്ന് ഭീകരവാദികൾ നിർബന്ധപൂർവം കൂട്ടിക്കൊണ്ടുപോകുന്ന കൗമാരക്കാരായ ആൺകുട്ടികളെക്കുറിച്ച് പറയുമ്പോഴാണ്. കുട്ടികളെ അവരിൽനിന്ന് രക്ഷിക്കാൻവേണ്ടി ദൂരെ ബെംഗളൂരുവിലും ഡൽഹിയിലുമൊക്കെ വിട്ടു പഠിപ്പിക്കാനാണ് ഇത്ര കഠിനമായി അധ്വാനിക്കുന്നത് എന്നവർ കൂട്ടിച്ചേർക്കും.

കീടാബസാർ എന്നൊരു ചന്തയുണ്ട് ദിമാപ്പുരിൽ. നാനാജാതി പുഴുവർഗങ്ങളും വിട്ടിൽ, ചീവീട്, ഈയൽ, പച്ചത്തുള്ളൻ, നീറ്, തേനീച്ച ഇത്യാദി പ്രാണികളും പാമ്പുകളും പ്രാവിൻകുഞ്ഞുങ്ങളും ബുഷ് മീറ്റ് എന്ന ഡോഗ് മീറ്റും ഒക്കെ വിൽപ്പനയ്ക്കുണ്ട്. ‘‘പറക്കുന്നതെല്ലാം ഞങ്ങൾ പിടിച്ചുതിന്നും, വിമാനമൊഴികെ’’ - നാഗർ തമാശപറയും. ‘ബൈറ്റ് ദ ഇൻസെക്ട് ബാക്ക്’. പ്രാണികൾ ലോകത്തെ എല്ലാ വംശങ്ങളുടെയും ഭക്ഷണശീലങ്ങളുടെ ഭാഗമായിരുന്നു. പുറപ്പാടുകാലത്ത് മേഘംപോലെ പറന്നുവീണ വെട്ടുകിളികളെ (locust) ഭക്ഷണമാക്കിയ കഥ പഴയനിയമം പറയുന്നുണ്ട്. ഭക്ഷണയോഗ്യമായ പ്രാണികൾ കുറവായ തണുത്ത യൂറോപ്പിൽപ്പോലും ഗ്രീക്കുകാരും റോമക്കാരുമൊക്കെ പ്രാണികളെ തേടിപ്പിടിച്ചു കഴിക്കുമായിരുന്നു. ചീവീടുകളെ (Cicada) എങ്ങനെ കണ്ടെത്താമെന്നും എപ്പോൾ ഭക്ഷിക്കണമെന്നും അരിസ്റ്റോട്ടിൽ വിശദമായി എഴുതിയിട്ടുണ്ട്.! നമ്മുടേതടക്കമുള്ള ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ പ്രാണിഭക്ഷണം അതിസാധാരണമായിരുന്നു. ക്ഷാമകാലത്തും വറുതിയിലും നാഗരെ കാത്തുരക്ഷിച്ചത് ഈ പ്രാണി പ്രോട്ടീൻ ആണെന്നു പറയുന്നു.
മൂവായിരം, നാലായിരം രൂപ വിലയിൽ ഹോൺ ബിൽ ഫെസ്റ്റിവലിൽ വിൽക്കാൻ വെച്ചിരിക്കുന്ന വലിയ മലന്തേനീച്ചയുടെ പുഴുക്കൾ ഇവരുടെ ഡെലിക്കസിയാണ് (അതി രുചികരമാണെന്ന് രുചിച്ചുനോക്കിയ ഒരു മലയാളിസുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.!. ചെമ്മീന്റെ രുചി പോലെയാണെന്ന്). വലിയ കാടിന്റെ ഉള്ളറകളിൽ വൻമടകളിൽ കൂടുണ്ടാക്കുന്ന മലന്തേനീച്ചകളുടെ തേനെടുക്കാനും പുഴു മോഷ്ടിക്കാനും സംഘംചേർന്ന് യാത്രചെയ്യുന്ന ഗോത്രങ്ങൾ. ഓരോ ഗോത്രവും തങ്ങൾ കണ്ടുപിടിച്ച തേൻമടയ്ക്ക് അടയാളംവെക്കും. പുഴുക്കളും തേനും പാകമാകുംവരെ കാത്തിരിക്കേണ്ടതുണ്ട്. അതിനിടെ അതു മറ്റുഗോത്രക്കാർ കട്ടെടുക്കുന്നതൊക്കെയാണ് വലിയ ആയുധപ്പോരുകളുടെയും ഗോത്രകലഹങ്ങളുടെയും തുടക്കം. കുടിപ്പകകളും ഗോത്രയുദ്ധങ്ങളും അതിസാധാരണം. ആജന്മശത്രുക്കളായ ഗോത്രങ്ങളുമുണ്ട്.

ഇവരുടെ വീടുകളിൽ കാരണവന്മാരുടെ ഫോട്ടോ വെച്ചിരിക്കുന്നതു കണ്ടാൽ നമ്മൾ അന്തിച്ചുപോവും. ആയുധങ്ങളും അവർ വെട്ടിയെടുത്ത തലകളുടെ തലയോട്ടികളുമൊക്കെയായാണ് ചിത്രങ്ങൾ. നമ്മുടെ കാരണവന്മാർ വാക്കത്തിയും കോടാലിയും തലയോട്ടിയും പിടിച്ച് ഉമ്മറത്തെ ഫോട്ടോകളിൽ ചിരിച്ചിരിക്കുന്നത് ഒന്നു സങ്കല്പിച്ചുനോക്കൂ. പക്ഷേ ഇവർക്കിത് വലിയ അഭിമാനമാണ്. We are nagas... the head hunters... എന്നു പറയുമ്പോഴെന്ത് ഗരിമയാണ് ! തലവേട്ടക്കാരുടെ നാട്. വേട്ട അവരുടെ രക്തത്തിലുണ്ട്. വളരെ പ്രോമിനന്റ് ആയ ആദിമ നായാടിജീനുകൾ. ഒരിക്കൽ നാഗാ റെജിമെന്റ്‌ ഭടന്മാരുമായി ജംഗിൾ പട്രോളിനുപോയ ഒരു മലയാളി ക്യാപ്റ്റൻ പറഞ്ഞ കഥയോർമയുണ്ട്. കാട്ടിലൊരു കേഴമാനിനെ കണ്ടതോടെ അവർ പൂർണമായി നായാട്ടുഗോത്രമായി മാറി. താളത്തിലും ക്രമത്തിലും വട്ടംചുറ്റുകയും പ്രത്യേക ആരവത്തോടെ ഇരയോടടുക്കുകയും വേട്ടയാടുകയും ചെയ്യുന്നത് ക്യാപ്റ്റൻ അന്തംവിട്ട് നോക്കിനിന്നു. സ്വന്തം ഓഫീസറെ കണ്ടഭാവംപോലും അവർ നടിച്ചില്ല. മണിക്കൂറുകളെടുത്ത് ഇരയെ കൃത്യമായ ആസൂത്രണത്തോടെ വളഞ്ഞുപിടിച്ച് വെട്ടിക്കൊന്ന് പങ്കുവെച്ച് ഇറച്ചി സ്വന്തം ബാക്ക് പാക്കിലാക്കിയതിനുശേഷം അവർ ക്യാപ്റ്റനു മുന്നിൽവന്ന് നിഷ്കളങ്കമായി അറ്റെൻഷനിൽ നിന്നു.

‘ഹുക്കും സർ... ഇനി ഓർഡർ തരൂ സർ, ഞങ്ങൾ അനുസരിക്കാം’ എന്ന്.!
ഏറ്റവും ഉയരെയുള്ള ഒരു ഗ്രെഫ് സെക്‌ഷനിൽ ചികിത്സയ്ക്കുവരുന്ന ഗോത്രത്തലവനെക്കുറിച്ച് അവിടത്തെ ഡോക്ടർ പറയും, വസ്ത്രം നാമമാത്രമാണ്. അതായത്, കൗപീനം മാത്രം. അതും മുൻഭാഗത്ത് ഒരു കീറ്ത്തുണി തൂക്കിയിട്ടമാതിരി പരമസ്വതന്ത്രമാണ് ! പക്ഷേ, ശരീരംനിറയെ പച്ചകുത്തിയിരിക്കും. സൗന്ദര്യത്തിനും അലങ്കാരത്തിനുമായാണ്. ഇനിയുമുണ്ടലങ്കാരങ്ങൾ, നഖങ്ങളും പല്ലുകളും തൂക്കിയിട്ട മാലകളും തൂവലുകളും തളകളും ഒക്കെയൊക്കെ. നാടൻതോക്കും കുന്തവും കൈയിൽ നിർബന്ധം. തോക്ക് ഡോക്ടറുടെ മേശയിൽ ചാരിവെച്ചിട്ട് മരുന്ന് ആവശ്യപ്പെടും. ഡോക്ടർ പരിശോധിച്ചിട്ട് മരുന്നെഴുതുമ്പോൾ മുറ്റത്തെ ഗൊമാരി മരത്തിലിരിക്കുന്ന വേഴാമ്പലിനെ ഉന്നംപിടിക്കും. ഡോക്ടറെ പേടിപ്പിക്കാൻ ഒരുദ്ദേശവുമില്ല കേട്ടോ. ‘വേട്ടയാടൽ’ -ആണ് എല്ലാമെല്ലാം. അതാണ്. പക്ഷേ, തോക്ക് നാടൻകൊല്ലൻ ഉണ്ടാക്കിയതായതിനാൽ മുന്നോട്ടുപോകേണ്ട തിര പിന്നോട്ടു വരുമോ എന്ന കാര്യത്തിൽമാത്രമാണ് ഡോക്ടർക്ക് ഒരു ചെറിയ ഭയമുള്ളത്.!

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..