.
ഉത്തർപ്രദേശ് ഗാസിയാപുരിലെ മെയിൻപുരിയിൽ ജനിച്ചുവളർന്ന ഗീതാഞ്ജലി പാണ്ഡെ എന്ന പെൺകുട്ടി തന്റെ പേരിൽ അക്കാലത്തെ പതിവിന് വിപരീതമായ മാറ്റംവരുത്തിയാണ് സ്വത്വസംരക്ഷണം എന്ന വലിയ ടാസ്ക് ആദ്യം നടപ്പാക്കുന്നത്. പാണ്ഡെയ്ക്കുപകരം ചേർത്ത ശ്രീക്കു പിന്നിലെ ആ സംഭവകഥപറയാമോ
= ഞാനൊരു സ്‌ട്രോങ് ഫെമിനിസ്റ്റ് ആയതുകൊണ്ടാണ് എന്റെ സർനെയിം ശ്രീ എന്നു സ്വീകരിച്ചത് എന്നാണ് പലരുടെയും ധാരണ. അത് അങ്ങനെത്തന്നെ നിൽക്കട്ടെ. എനിക്ക് പ്രായപൂർത്തിയായപ്പോൾ സ്വന്തമായി ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനായി അച്ഛൻ എന്നെയും കൊണ്ട് ബാങ്കിൽ പോയി. ആദ്യമായി ലഭിച്ച ചെക്ക്‌ബുക്കിൽ ഞാൻ ഒപ്പിടേണ്ട സ്ഥലം കാണിച്ചുതന്ന അച്ഛൻ ഞാൻ എഴുതുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഗീതാഞ്ജലി പാണ്ഡെ എന്ന് എഴുതി ഒപ്പിടുന്നത് അദ്ദേഹം വിലക്കി. അച്ഛൻ പറഞ്ഞു: ‘പാണ്ഡെ എന്നുചേർേക്കണ്ട. പെൺകുട്ടികളുടെ സർനെയിം വിവാഹശേഷം മാറും. ഭർത്താവിന്റെ പേരാണ് സർനെയിം ആയിട്ടുവരുക. ഗീതാഞ്ജലി എന്നുമാത്രം എഴുതിയാൽ മതി.’ എന്റെ സ്വത്വത്തെ പ്രതിനിധാനം ചെയ്യുന്ന പേര് എക്കാലത്തേക്കും എന്നോടൊപ്പം ചേർക്കാൻ പറ്റില്ല, അത് മാറിക്കൊണ്ടേയിരിക്കും എന്ന ചിന്ത എന്നെ അസ്വസ്ഥയാക്കിയിരുന്നു. വിവാഹശേഷം എന്റെ പേര് മാറുന്നു, എന്റെ ഭർത്താവിന്റെ പേരിൽ മാറ്റംവരുന്നില്ല. അതുവരെ അച്ഛന്റെ പേരിനൊപ്പമുള്ള പാണ്ഡെ എന്റെകൂടെയുണ്ട്, പക്ഷേ, എന്റെ അമ്മയുടെ പേര് എവിടെയാണുള്ളത്? അമ്മയാണ് കുട്ടികളോടൊപ്പം എല്ലായ്‌പ്പോഴും ഉള്ളത്. അമ്മയാണ് വളർത്തിയത്. വ്യക്തിപരമായി കൂടുതൽസമയം ചെലവഴിക്കുന്നതും അമ്മയോടൊപ്പമാണ്. കൂടുതൽ അടുപ്പവും അമ്മയോടാണ്. അതേ അമ്മ സ്വന്തം മക്കളുടെ ഔദ്യോഗികരേഖകളിൽനിന്ന് എങ്ങനെയാണ് മാഞ്ഞുപോകുന്നത്? എന്റെ അമ്മയുടെ പേര് എക്കാലത്തേക്കുമായി എന്റെ പേരിനൊപ്പം ചേർക്കാൻ ഞാൻ തീരുമാനിക്കുന്നത് അവിടെവെച്ചാണ്. ശ്രീകുമാരി പാണ്ഡെ എന്നാണ് അമ്മയുടെ പേര്. അച്ഛന്റെ പേരായ അനിരുദ്ധ് പാണ്ഡെയുടെ മേൽവിലാസത്തിലേക്കാണ് വിവാഹശേഷം അമ്മയുടെ സർനെയിം മാറിയത്. ആ സമ്പ്രദായം തുടരാൻ എനിക്ക് ഉദ്ദേശ്യമില്ല എന്ന തീരുമാനത്തിൽ അമ്മയുടെ പേരിന്റെ ആദ്യഭാഗം ഞാൻ എന്റെ സർനെയിമാക്കി. നമുക്കുവേണ്ടി ജീവിക്കുന്നവരെ സ്വന്തം പേരിലൂടെ അടയാളപ്പെടുത്തുകയാണ് ഞാൻ ചെയ്തത്.
‘വളരെ ദുർബലമായ നടുവുമായി ജീവിക്കുന്ന അമ്മയെ നമുക്കെല്ലാവർക്കും എക്കാലവും അറിയാം’ എന്നു പറഞ്ഞുകൊണ്ടാണ് താങ്കളുടെ പ്രഥമനോവലായ ‘മായ്’ ആരംഭിക്കുന്നത്. ഒരു സർവകലാശാലയിലെ കഫ്‌റ്റീരിയയിൽ വന്നുവീഴുന്ന ബോംബ് പൊട്ടി കൊല്ലപ്പെടുന്ന 19 പേരിൽ തന്റെ മകനെ തിരിച്ചറിയുന്ന അമ്മയാണ് ‘എംപ്റ്റി സ്പെയ്‌സ്’ എന്ന നോവലിലെ കഥാപാത്രം. ഉത്തരേന്ത്യയിലെ മധ്യവർഗകുടുംബത്തിലെ മൂന്നു പെൺതലമുറയുടെയും അവർക്കുചുറ്റുമുള്ള പുരുഷന്മാരുടെയും കഥ പറഞ്ഞ നോവലാണ് ‘തിരോഹിത്’, ഭർത്താവിന്റെ മരണശേഷം തന്റെ നാട്ടിലേക്ക് - ഇപ്പോഴത്തെ പാകിസ്താനിലേക്ക് പോകണമെന്ന് വാശിപിടിക്കുന്ന എൺപത് വയസ്സായ അമ്മയുടെയും ഒപ്പം നടക്കുന്ന മകൾ റോസിയുടെയും കഥപറയുന്നു ബുക്കർ സമ്മാനം നേടിയ നോവൽ ‘രേത് സമാധി...’ ഗീതാഞ്ജലി ശ്രീ അവതരിപ്പിക്കുന്ന സ്‌ത്രീകളെല്ലാം നമുക്ക് ചുറ്റുമുള്ളതും എന്നാൽ, പിടിതരാത്തതുമായ ഗംഭീരവ്യക്തിത്വങ്ങളാണ്...
= മുൻകൂട്ടി തീരുമാനിക്കപ്പെട്ടതോ മനഃപൂർവം ചെയ്തുവെച്ചതോ ആയ ഒരു സംഭവവും എന്റെ കഥകളിലോ നോവലുകളിലോ ഇല്ല. സ്വാഭാവികമായും ഞാൻ ജീവിക്കുന്ന ലോകത്തിന്റെ ഒരു ഉത്പന്നമാണ് ഞാനും. ഈ ലോകം മുഴുവൻ രാഷ്ട്രീയം നിറഞ്ഞതാണ്. വിവേചനങ്ങൾ കൊണ്ടുള്ളതാണ്, സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങളും വേർതിരിവുകളും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളും അവർക്ക് സമൂഹത്തിലുള്ള പങ്കിനെക്കുറിച്ച് അവബോധമില്ലായ്മയുംകൊണ്ട് നിറഞ്ഞതാണ്. സ്ത്രീകളുടെ കഥകൾ ഇനിയും പറയപ്പെടാതെ കിടക്കുകയാണ്. ഇനിയും ലഭിക്കാത്തതായ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുക എന്നതാണ് എഴുത്തുകാരുടെ ധർമം. നമ്മുടെ ചരിത്രത്തിൽനിന്ന് ഇറങ്ങിപ്പോയവരെക്കുറിച്ച് എഴുതുകതന്നെവേണം. എന്റെ കഥയിലെ സ്‌ത്രീക ളെ ഞാൻ പിടിച്ചുവലിച്ചുകൊണ്ടുവന്നതല്ല. സ്വാഭാവികമായും അവർ വന്നുചേർന്നതാണ്. കഥകൾ പറയേണ്ടിയിരുന്നത് അവർക്കായിരുന്നു. കാരണം, ഓരോ കുടുംബത്തിലും ഓരോ വ്യക്തിജീവിതത്തിലും അവർ പ്രധാനപ്പെട്ട റോളിൽ ഉണ്ടാവുകയും എന്നാൽ, രേഖപ്പെടുത്തപ്പെടാതിരിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ പെൺകഥാപാത്രങ്ങൾ സ്റ്റീരിയോടൈപ്പുകളാണ്. ഈ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെ വിചാരണചെയ്തപ്പോൾ എനിക്കുകിട്ടിയത് തികച്ചും വ്യത്യസ്തമായ കുറച്ചു സ്ത്രീകളെയാണ്. ശാന്തരായ, മൂകരായ, ആണിനെ അനുസരിക്കുന്ന, വിനീതവിധേയരായ സ്ത്രീകൾക്കുള്ളിലെ കലാപകാരികളെ, ദൃഢചിത്തരായവരെ കണ്ടെത്തിയപ്പോൾ അവരെക്കുറിച്ച് സംസാരിക്കണം എന്നെനിക്കുതോന്നി. അങ്ങനെയാണ് ‘മായ്’, ‘തിരോഹിത്’ പോലുള്ള നോവലുകൾ ഉണ്ടാവുന്നത്. ഞാനൊരു സ്ത്രീയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും സ്ത്രീകളെക്കുറിച്ച് മറ്റുള്ളവർ ശ്രദ്ധിക്കാത്ത, കണ്ടെത്താത്ത കാര്യങ്ങൾ എനിക്ക് പരിചിതമാണ്. സ്ത്രീകളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും സംസാരിക്കാൻ സ്വാഭാവികമായും എനിക്കുകഴിയുന്നത് അതുകൊണ്ടാണ്. അതിന്റെയർഥം സ്ത്രീകളെക്കുറിച്ചുമാത്രം എഴുതുക എന്നല്ല, പുരുഷന്മാരും ട്രാൻസ്‌ജെൻഡറുകളും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാവരും എഴുത്തിൽ വന്നുചേരുന്നത് സ്വാഭാവികം.
ശ്രീയുടെ കഥകൾക്ക് അധികവും പശ്ചാത്തലമായിരിക്കുന്നത് കുടുംബമാണ്. എഴുത്തുകാരികൾ മുഖ്യമായും എഴുതുന്നത് കുടുംബകഥകളാണ്, കുടുംബത്തിനപ്പുറത്തേക്ക് എഴുതുക എന്നത് അവരുടെ പരിമിതിയാണ് എന്നൊക്കെ വിമർശനങ്ങൾ ഉണ്ടാവാറില്ലേ
= എഴുത്തിൽ എല്ലായ്‌പ്പോഴും വീടും കുടുംബവും കേന്ദ്രപശ്ചാത്തലമായി വരുന്നതിൽ എനിക്കൊരു പ്രശ്നവും തോന്നുന്നില്ല. അഞ്ചുനോവലുകളും ഒട്ടേറെ കഥകളും ഞാൻ എഴുതിയിട്ടുണ്ട്. എല്ലാറ്റിലും സ്ത്രീയും കുടുംബവുമല്ല പ്രധാനപ്രമേയമായി വന്നിട്ടുള്ളത്. ഏത് ചെറിയ സംഗതിയെടുത്ത് പരിശോധിച്ചാലും അതിന്റെ ചുറ്റുപാടിനെ നിർണയിക്കുന്ന ഒരു കുടുംബം കാണാം. വീടും കുടുംബവും ഈ ലോകത്തെയാകമാനം ഉൾക്കൊള്ളുന്ന ഒന്നാണ്. രാഷ്ട്രീയവും യുദ്ധവും പതനങ്ങളും മനോഭാവങ്ങളും എല്ലാം കുടുംബത്തിലാണ് ആദ്യം ഉരുവം കൊള്ളുന്നത്. കുടുംബത്തിൽ ഉണ്ടാവേണ്ടതും എന്നാൽ, ഇല്ലാത്തതുമായ പല കാര്യങ്ങളിലേക്കുമുള്ള എന്റെ ഫോക്കസ് പലപ്പോഴും എഴുത്തുകളായി പരിണമിക്കാറുണ്ട്. ഉത്തരേന്ത്യയിലെ ഹിന്ദു-മുസ്‌ലിം ബന്ധങ്ങളെക്കുറിച്ച് ‘ഹമാരാ സഹർ ഉസ് ബരസ്’ എന്ന നോവൽ എഴുതാനിടയായത് അങ്ങനെയാണ്. മനുഷ്യബന്ധങ്ങളുടെ ചരിത്രവും അസ്വാരസ്യവും സൗഹൃദവും രാഷ്ട്രീയവും ജീവിതവും വിശദമാക്കുകയാണ് ആ നോവലിലൂടെ ഞാൻ ചെയ്യാൻ ശ്രമിച്ചത്. എല്ലാം സംഭവിക്കുന്നത് കുടുംബത്തിലാണ്. കൊട്ടിയടയ്ക്കപ്പെട്ടതും നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതുമാണ് കുടുംബമെന്നും ലോകം എന്നത് പുറത്തുള്ള കാഴ്ചയാണ് എന്നുമാണ് എല്ലാവരുടെയും ധാരണ. അസംബന്ധമാണത്. ഈ മുഴുലോകം തന്നെയാണ് കുടുംബം. രാജ്യത്തെ രാഷ്ട്രീയം തന്നെ എടുത്തുനോക്കൂ, കുടുംബാംഗങ്ങളിൽ തീവ്ര വലതുപക്ഷക്കാരെയും അതിതീവ്ര ഇടതുപക്ഷക്കാരെയും കാണാൻ കഴിയും. എല്ലാ വീക്ഷണങ്ങളും നമുക്ക് കുടുംബത്തിൽ നിന്നുതന്നെയാണ് ആദ്യം ലഭിക്കുന്നത്. അയോധ്യവിഷയത്തിൽ കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. എതിർത്തും അനുകൂലിച്ചും ഒരേ കുടുംബത്തിലുള്ളവർ വാദപ്രതിവാദങ്ങൾ നടത്തിയിട്ടുണ്ട്. കുടുംബത്തിൽ നടക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് പുറത്തും നടക്കുന്നത്. ഏത് കഥ പറയാനും ഏറ്റവും നല്ല പശ്ചാത്തലം കുടുംബം തന്നെയാണ്.
രേത് സമാധിയിലെ അമ്മ സ്വാതന്ത്ര്യാനന്തര ഇന്ത്യയെത്തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. താൻ ജനിച്ചുവളർന്ന ദേശത്തേക്ക് പോകണം എന്ന് വാശിപിടിക്കുന്ന അമ്മയെ വായിക്കുമ്പോൾ അവിഭക്ത ഇന്ത്യയെ, വിഭജനം ഒരിക്കലും ആഗ്രഹിക്കാതിരുന്ന ഇന്ത്യൻ ദേശീയ നേതാക്കളെ, മതദ്വേഷങ്ങളില്ലാതിരുന്ന ലഹോറിനെ, വിഭജനം കഴിഞ്ഞപ്പോൾ മക്കൾ പാകിസ്താനിലും അമ്മ ഇന്ത്യയിലുമായിപ്പോയ അനേകമനേകം സാധാരണക്കാരുടെ പ്രതിനിധിയായിത്തീരുന്നുണ്ട്.
= സർഗാത്മക എഴുത്ത് എന്നത് വെറുമൊരു സെറിബ്രൽ ആക്ടിവിറ്റിയല്ല. നോവലെഴുതുമ്പോൾ നിങ്ങൾക്ക് കൃത്യമായി ബോധ്യമുള്ളതിനെക്കുറിച്ചുള്ളതെല്ലാം എഴുത്തായി വരും. നോവൽ എഴുതി അച്ചടിക്കുന്നതുവരെ മാത്രമേ പ്രമേയം എഴുത്തുകാരുടെ െെകയിൽ നിൽക്കുന്നുള്ളൂ. അച്ചടിച്ച് പുസ്തകമായാൽ നിങ്ങൾ പറഞ്ഞതുപോലെയുള്ള അഭിപ്രായങ്ങൾ വന്നുചേരും. സിദ്ധാന്തങ്ങൾ കൃതിക്കുമേൽ ആധിപത്യം സ്ഥാപിക്കും. അതെല്ലാം കഥാപാത്രങ്ങളുടെ നല്ല വളർച്ചയ്ക്ക് സഹായകമാവുന്നതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജീവിക്കുന്ന രേത് സമാധിയിലെ അമ്മ അവിഭക്ത ഇന്ത്യയിലാണ് ജനിച്ചത്. അവരുടെ കാലത്തെ ഇന്ത്യയിൽ ജനിച്ചുവളർന്ന, തന്റെ നാട് എന്താണെന്നുള്ളത് അനുഭവിച്ചറിഞ്ഞ അമ്മയെ സംബന്ധിച്ചിടത്തോളം വിഭജനാനന്തര ഇന്ത്യ, പാകിസ്താൻ എന്നുള്ള സങ്കല്പമില്ല. ആദ്യകാല ഇന്ത്യയുടെ പാരസ്പര്യത്തിന്റെ ഓർമയിലാണ് അവർ ഇപ്പോഴും ജീവിക്കുന്നത്. എന്റെ കേന്ദ്രകഥാപാത്രം റോസിയാണ്. നിങ്ങൾ ശ്രദ്ധ കൊടുത്തിരിക്കുന്നത് അമ്മയിലാണ്. കാരണം വായന നിങ്ങളുടേതാണ്.
പതിനഞ്ചുകാരനായ ആൺകുട്ടി തന്റെ പ്രണയിതാവിനെ ചുംബിക്കാനായുമ്പോൾ അവന്റെ വായിൽ നിന്നും ചാടുന്ന ഉമിനീർ... അതിലുമൊരു തരത്തിൽ നർമമാണുള്ളത്. വളരെ പ്രേമാതുരമായ ഒരു സംഗതി നടന്നുകൊണ്ടിരിക്കുമ്പോൾ അതിന്റെ രസച്ചരട് പാടേ മുറിച്ചെറിഞ്ഞുകൊണ്ട് ചാടുന്ന ഉമിനീർ പ്രണയത്തെത്തന്ന റദ്ദുചെയ്തുകളയുന്നു. ആണുങ്ങളെക്കുറിച്ച് കളിയായിപ്പറയാനായി രേത് സമാധിയിൽ പതിനഞ്ച് പേജ് നീക്കിവെച്ചു എന്നൊക്കെയുള്ള കമന്റുകൾ നേരിട്ട എഴുത്തുകാരിയാണ് ശ്രീ
= അതൊക്കെ സ്വാഭാവികമായും എവിടെയെങ്കിലുമൊക്കെ നടന്നിട്ടുണ്ടാവില്ലേ? മനുഷ്യരുടെ കാര്യത്തിൽ അങ്ങനെ എന്തെല്ലാം നടക്കുന്നുണ്ട്. എനിക്കിപ്പോൾ ഓർമവരുന്നത് മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയത്തിലെ ഒരു രംഗമാണ്. അത്രയും കാലം പ്രണയിച്ച പെൺകുട്ടിയെ ഒരു ധനികൻ വിവാഹം കഴിച്ച് സ്വന്തമാക്കുന്നു. വിവാഹിതയായ പ്രണയിനി ഏതെങ്കിലും കാലത്ത് തനിക്ക് സ്വന്തമാകുമെന്ന പ്രതീക്ഷയിൽ അയാൾ കാത്തിരിക്കുന്നു. ഒടുക്കം ധനികനായ ഭർത്താവ് മരിക്കുന്നു. അപ്പോഴേക്കും അവർ എൺപതുകളിൽ എത്തിയിട്ടുണ്ട്. കമിതാക്കളുടെ വയസ്സുകാലത്തെ സമാഗമം മർക്കേസ് വിവരിച്ചിരിക്കുന്നത് എത്ര ഭംഗിയായിട്ടാണ്! എഴുത്തുകാരൻ അബ്‌സർഡ് വളർത്തിയത് അവിടെയാണ്. ഭർത്താവ് മരിച്ചതോടെ തങ്ങളുടെ അനർഘനിമിഷങ്ങൾ വന്നണഞ്ഞിരിക്കുന്നു എന്ന് കമിതാക്കൾ കരുതുന്നു. ആഹ്ളാദത്തി
െന്റയും പ്രതീക്ഷയുടെയും നിമിഷങ്ങളാണ് അത്. നായകൻ സന്തോഷം കൊണ്ട് ഓടുന്നത് ബാത്ത്‌റൂമിലേക്കാണ്. സന്തോഷമടക്കാൻ അയാൾ തിരഞ്ഞെടുത്തത് ബാത്ത്‌റൂമാണ്. ഭർത്താവ് മരിച്ച വേളയിൽ ദുഃഖത്തിലിരിക്കുന്ന ഭാര്യ തൊട്ടടുത്തുനിൽക്കുന്ന കുട്ടി കഴിച്ചുകൊണ്ടിരിക്കുന്ന ചോക്ലേറ്റിൽനിന്ന് ഒരു കഷണം വാങ്ങി കഴിക്കുന്നത് അബ്‌സർഡ് ആയിട്ട് തോന്നിയേക്കാം. ഒരു മിഠായി കഴിച്ചു എന്നുകരുതി ദുഃഖം ദുഃഖമല്ലാതായി മാറുന്നില്ലല്ലോ. കാര്യങ്ങളെ ലാഘവത്തോടെ കണ്ടാൽ മതിയല്ലോ. കളിയാക്കുകയല്ല, നിരീക്ഷണത്തിൽപ്പെടുന്ന കാര്യങ്ങൾ അവതരിപ്പിക്കുകയാണ് നിങ്ങൾ സൂചിപ്പിച്ച രംഗത്തിലൂടെ ഞാൻ ചെയ്തത്.
രേത് സമാധിയിൽ ഒരു മലയാള ബന്ധമുണ്ട്. സക്കറിയയുടെ കഥകളായ ‘ഞാൻ ഉറങ്ങാൻ പോവുംമുമ്പ്’, ‘ഒരുദിവസത്തെ ജോലി’ എന്നിവ പരാമർശിക്കപ്പെടുന്നു...
= സക്കറിയ എന്റെ അടുത്ത സുഹൃത്താണ്. സക്കറിയയുടെ എഴുത്തുകളിൽ നർമമുണ്ട്. നമ്മൾ നേരത്തേ പറഞ്ഞതരത്തിലുള്ള നർമം. അദ്ദേഹത്തിന്റെ എല്ലാകഥകളും എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. ഈ രണ്ടുകഥകളും വളരെ ശക്തമായ കഥകളായതുകൊണ്ടാണ് എന്റെ മനസ്സിൽ തറഞ്ഞുകിടന്നതും ഞാൻ എന്റേതായ നോവൽ എഴുതുമ്പോൾ ആ കഥകൾ കടന്നുവന്നതും. ആ കഥകളുടെ ഇംഗ്ലീഷ് വിവർത്തനം വായിച്ച ഞാൻ അവ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു. എഴുതുമ്പോൾ സ്വാഭാവികമായും മറ്റൊരു എഴുത്തുകാരന്റെ സൃഷ്ടി നമ്മുടെ മനസ്സിലേക്ക് വരണമെങ്കിൽ അതിൽ തീർച്ചയായും അത്തരത്തിലുള്ള ക്രാഫ്റ്റും പ്രമേയവും എഴുത്തുകാരൻ സൃഷ്ടിച്ചിരിക്കണം. അദ്ദേഹം ചെയ്തതും അതാണ്. സക്കറിയ വളരെ സ്വാഭാവികമായും ജൈവികമായും കഥയെഴുതുന്നയാളാണ്. കലയും സാഹിത്യവും ദൈവത്തെക്കാൾ മഹത്തായതാണ് എന്ന തത്ത്വം രേത്‌സമാധി എഴുതുമ്പോൾ ഞാൻ ഓർമിച്ചതാണ് അദ്ദേഹത്തിന്റെ കഥകളിലേക്ക് എന്നെ നയിച്ചത്. ദൈവത്തിന് എല്ലാ ശക്തിയും കഴിവുമുണ്ട്. പക്ഷേ, ബാബുക്കയെപ്പോലെ പാടാനുള്ള കഴിവില്ല! ദൈവത്തിന് ബാബുക്കയുടെ സംഗീതം പഠിക്കണം. ദൈവത്തിനുപോലും ബാബുക്കയുടെ സംഗീതവിദ്യാർഥിയാവാൻ ആഗ്രഹം ഉണ്ടായി എന്നുപറയുമ്പോൾ ആ സംഗീതജ്ഞന്റെ മഹത്ത്വമാണ് ഘോഷിക്കപ്പെടുന്നത്. സക്കറിയ വളരെ ഫലിതരൂപേണയാണ് അത് പറഞ്ഞിരിക്കുന്നത്. ദൈവത്തെ മനുഷ്യനെക്കാൾ മഹത്തരമായിട്ട് ചിത്രീകരിച്ചിരിക്കുന്നത് പോഴത്തമാണ് എന്നാണ് സ്ഥാപിക്കുന്നത്. കലയുടെ, സംഗീതത്തിന്റെ സൗന്ദര്യവും മഹത്ത്വവും അഖണ്ഡതയും ഇവിടെ വരച്ചുകാട്ടുന്നു. ഒരു ദിവസത്തെ ജോലി എന്ന കഥയിൽ വയസ്സായ അമ്മയെ പരിചരിക്കുന്നതിനെപ്പറ്റിയുള്ള തർക്കമാണ് പ്രമേയമായിരിക്കുന്നത്. സ്വാഭാവികമായും നമ്മുടെയെല്ലാം കുടുംബത്തിൽ നടക്കുന്ന ഒന്ന്. തങ്ങൾക്ക് എന്താണ് യഥാർഥത്തിൽ ലഭിക്കേണ്ടതെന്ന് ഉൾക്കൊള്ളാതെ, മക്കളിൽനിന്നും തികച്ചും യാന്ത്രികമായ പരിചരണം ഏറ്റുവാങ്ങാൻ ബാധ്യസ്ഥരാവുന്നു വയസ്സായ മാതാപിതാക്കൾ. യഥാർഥസ്നേഹവും പരിചരണവും മക്കളുമായുള്ള സമ്പർക്കവും അവർ ആഗ്രഹിക്കുന്നു. പണം കൊണ്ട് നേടാൻ കഴിയുന്ന സൗകര്യത്തെക്കുറിച്ച് ചിന്തിക്കുന്ന മക്കളെക്കുറിച്ച് പോൾ എഴുതുന്നു. പക്ഷേ, മനുഷ്യസ്നേഹം എവിടെ? ആ കഥ എന്നെ വളരെയധികം സ്പർശിച്ചു. രേത് സമാധി എഴുതുമ്പോൾ ഈ കഥകളെല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി. അവയുമായെല്ലാം ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നെനിക്ക് തിരിച്ചറിവുണ്ടായി. എന്റെ രചനയിൽ മറ്റൊരു എഴുത്തുകാരനെ, എഴുത്തിനെ പരാമർശിക്കുന്നതിൽ എനിക്ക് കുറച്ചിലൊന്നും തോന്നിയില്ല.
എഴുത്തിൽ മാതൃഭാഷയെ വളരെയധികം ഉപയോഗപ്പെടുത്തുകയും അതേസമയം, വിശ്വഭാഷയിൽ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളയാളുമാണ് താങ്കൾ. ശ്രീയുടെ ഗവേഷണങ്ങളും പഠനങ്ങളുമെല്ലാം കവി പ്രേംചന്ദിനെക്കുറിച്ചുള്ളതാണ്. ഹിന്ദി ഭാഷയും സാഹിത്യവും എങ്ങനെയാണ് താങ്കളെ സ്വാധീനിച്ചിരിക്കുന്നത്
= പ്രേംചന്ദിനെക്കുറിച്ച് ഗവേഷണം നടത്താൻ ഞാൻ തുനിഞ്ഞിറങ്ങിയത് ഹിന്ദി സാഹിത്യത്തെക്കുറിച്ച് വിശദമായിത്തന്നെ പഠിച്ചിരിക്കണം എന്ന നിർബന്ധം കൊണ്ടുതന്നെയാണ്. പ്രേംചന്ദിനെക്കൂടാതെ ഹിന്ദി സാഹിത്യത്തിലെ അതികായരെ വായിക്കുകയും പഠിക്കുകയും ചെയ്തപ്പോഴും പ്രേംചന്ദിൽ ഞാൻ കൂടുതൽ ആകൃഷ്ടയായിരുന്നു. ഒരു പ്രതിഭ അല്ലെങ്കിൽ വ്യക്തി നമ്മളെ എത്രമാത്രം സ്വാധീനിച്ചു എന്ന് അളന്നുതിട്ടപ്പെടുത്താനുള്ള ഒരു ഉപകരണം നമ്മൾ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹിന്ദി സാഹിത്യത്തിലെ എന്റെ പൂർവികർ എന്നിലുളവാക്കിയ സ്വാധീനത്തെ എനിക്ക് അളന്നു തിട്ടപ്പെടുത്താൻ കഴിയില്ല. അവരുടെ എഴുത്തുകൾ ഞാൻ ഇഷ്ടപ്പെട്ടു, അനേകമനേകം വിധത്തിലുള്ള കഥപറച്ചിൽ രീതികളിൽ ഞാൻ ആകൃഷ്ടയായിട്ടുണ്ട്. പ്രേംചന്ദിന്റെ രചനകൾ വളരെ ലളിതവും എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്നതുമാണ്. കാരണം, അദ്ദേഹത്തിന്റെ ലക്ഷ്യം സാധാരണക്കാരായ ജനങ്ങളോട് വളരെ ലളിതമായും വിനയത്തോടെയും അക്ഷരങ്ങളിലൂടെ സംവദിക്കുക വഴി അവരെ സാക്ഷരരാക്കുക എന്നതായിരുന്നു. പ്രേംചന്ദിന്റെ കാലത്തെ സാഹിത്യത്തിന്റെ പ്രധാനലക്ഷ്യവും അതുതന്നെയായിരുന്നു. അദ്ദേഹത്തിന്റെ കഥകൾ ലളിതമായിരുന്നു. പക്ഷേ, അനേകം വ്യാഖ്യാനങ്ങളുടെ അടരുകൾ ആ കഥകളിലെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. കഫാൻ പോലുള്ള കഥകൾ എടുത്തുനോക്കുകയാണെങ്കിൽ ധാരാളം ആന്തരാർഥങ്ങളും ഐറണികളും ആഴവും നമുക്ക് കാണാൻ കഴിയും. ഉപരിപ്ലവമായി കഥ വായിക്കുന്നയാളെ സംബന്ധിച്ചിടത്തോളം വളരെ ലളിതമായ കഥകളാണുതാനും. അതുകൊണ്ടാണ് പ്രേംചന്ദിലൂടെ എന്റെ മാതൃഭാഷാസാഹിത്യത്തെക്കുറിച്ച് ഞാൻ വിശദമായി പഠിക്കാൻ തീരുമാനിച്ചത്. പ്രേംചന്ദിന്റെ കാലത്തിന് വളരെ ശേഷമാണ് ഞാൻ അദ്ദേഹത്തെ പഠിക്കുന്നത്. അപ്പോഴേക്കും സമൂഹത്തിന്റെയും മനുഷ്യരുടെയും മറ്റെല്ലാറ്റിന്റെയും അടിസ്ഥാനസ്വഭാവവും ഭാവവും മാറിക്കഴിഞ്ഞിട്ടുണ്ട്. യാഥാർഥ്യങ്ങൾ ഏറക്കുറെ വളഞ്ഞൊടിഞ്ഞിരിക്കുന്ന കാലമാണ്. അർഥശങ്കകൾ മാത്രമേയുള്ളൂ. അതേസമയം, ലോകം മുഴുവനായും തുറന്നിട്ടിരിക്കുകയാണ്. അതിരുകൾ അലിഞ്ഞുപോവുകയും ഒപ്പം അതിരുകളുടെ ആവശ്യകത ഉയർത്തിക്കൊണ്ടുവരുകയും ചെയ്യുന്ന തികച്ചും വ്യത്യസ്തമായൊരു ലോകത്താണ് ഞാൻ ജീവിക്കുന്നത്. പ്രേംചന്ദിന്റെ ശൈലിയിൽ കഥപറയേണ്ട കാലവുമല്ല ഇത്. തീർച്ചയായും അതെന്റെ രീതിയുമല്ല. അത്തരത്തിലാണ് ഓരോ എഴുത്തുകാരും എന്നെ സ്വാധീനിക്കുന്നത്. ഞാൻ എന്റേതായ എഴുത്തുവഴികൾ കണ്ടെത്തുന്നു. എന്നിരുന്നാലും പ്രേംചന്ദ് ഒരുതരം ആനന്ദം തന്നെയാണ്. മഹാഭാരതമാണ് അത്തരത്തിൽ എന്നെ സ്വാധീനിച്ച മറ്റൊരു ഗ്രന്ഥം. ധാരാളം ആഖ്യാനതന്ത്രങ്ങൾകൊണ്ട് സമ്പന്നമാണ് മഹാഭാരതം. ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ കഥകൾ പറഞ്ഞുതുടങ്ങുന്നു. കുട്ടികൾക്കുപോലും ഇഷ്ടമാവുന്നു. എന്നാൽ, അത്രയും കനപ്പെട്ട ദാർശനികഗ്രന്ഥമാണുതാനും. മഹാഭാരതത്തിന് പലതരം റേഞ്ചാണുള്ളത്. വളരെ സങ്കീർണമായവിഷയങ്ങളും ലളിതമായവയും കൈകാര്യംചെയ്യുന്നുണ്ട്. സമ്മിശ്രമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന രീതി എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എന്റേതായ ആഖ്യാനശബ്ദം കണ്ടെത്താൻ, എന്റേതായ ആഖ്യാനകവാടം ലോകത്തിനായി തുറക്കാൻ എന്നെ സഹായിച്ചത് മഹാഭാരതമാണ്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോ എഴുത്തുകാരും മറ്റ് എഴുത്തുകാരെ സ്വാധീനിച്ചേക്കാം. അത് അനുകരണമല്ല. മറ്റു കൃതികളിൽനിന്ന് ഉൾക്കൊണ്ടുകൊണ്ട് അവനവന്റേതായ രീതിയിൽ അവതരിപ്പിക്കുന്നവരാണ് എഴുത്തുകാർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..