മക്കളേ,
പുരുഷന് സമൂഹത്തിൽ എന്തുസ്ഥാനവും പങ്കുമാണോ ഉള്ളത് അതേ സ്ഥാനവും പങ്കും സ്ത്രീക്കും സമൂഹത്തിലുണ്ട്. അതിന് കുറവുസംഭവിക്കുമ്പോൾ അത് സമൂഹത്തിന്റെ താളലയം നഷ്ടമാക്കുന്നു. പ്രപഞ്ചസൃഷ്ടിയിൽ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണുള്ളത്. ഒരു മനുഷ്യശരീരത്തെ ശിരസ്സുമുതൽ താഴേക്ക് നേർപകുതിയാക്കിയാൽ രണ്ടുഭാഗങ്ങൾക്കും എത്രമാത്രം തുല്യപ്രാധാന്യമുണ്ടോ അത്രതന്നെ പ്രാധാന്യമാണ് സ്ത്രീക്കും പുരുഷനും തമ്മിലുള്ളത്. ഒന്ന് മറ്റൊന്നിനെക്കാൾ മേലെ എന്നവകാശപ്പെടാൻ കഴിയില്ല. പുരുഷന്റെ വാമഭാഗമാണ് സ്ത്രീ എന്നുപറയുമ്പോൾ സ്ത്രീയുടെ ദക്ഷിണഭാഗമാണ് പുരുഷനെന്നത് പറയാതെതന്നെ വ്യക്തമാണ്. സമൂഹത്തിൽ സ്ത്രീക്ക് തന്റേതായ സ്ഥാനമുണ്ട്; അതുപോലെത്തന്നെ പുരുഷനും. അത് ഓരോരുത്തരും മനസ്സിലാക്കിപ്രവർത്തിക്കുകയാണ് ആവശ്യം. സ്ത്രീ, പുരുഷന്റെ സ്ഥാനം കൈയടക്കാൻശ്രമിക്കുന്നതും അതുപോലെ പുരുഷൻ സ്ത്രീയുടെ സ്ഥാനം ബലംപ്രയോഗിച്ച് കൈയടക്കിവെക്കുന്നതും വ്യക്തിയിലും സമൂഹത്തിലും അസംതൃപ്തിയും അസമാധാനവും വളർത്താനേ ഇടയാക്കൂ.
ഒരു വാഹനത്തിന്റെ ഇരുചക്രങ്ങൾക്കും ഒരുപോലെത്തന്നെ പ്രാധാന്യമുണ്ട്. ഇരുചക്രങ്ങളും ഒരുപോലെ മുന്നോട്ടുചലിച്ചാൽമാത്രമേ അതിൽ യാത്രചെയ്യുന്ന വ്യക്തിക്കും ലക്ഷ്യത്തിലെത്താൻ കഴിയൂ. ഇതുപോലെ കുടുംബജീവിതത്തിലും ഭാര്യാഭർത്താക്കന്മാർ ഒരുമയോടെ മുന്നോട്ടുപോകുമ്പോഴേ അവർക്ക് ശരിയായ ലക്ഷ്യത്തിലെത്തിച്ചേരാൻ സാധിക്കൂ, സമൂഹത്തിന് വേണ്ടവിധം നന്മചെയ്യാൻ കഴിയൂ.
ഭാരതീയസംസ്കാരം സ്ത്രീക്ക് സമൂഹത്തിൽ ആദരണീയസ്ഥാനമാണ് നൽകിയിരിക്കുന്നത്. ‘മാതൃദേവോ ഭവഃ’ അഥവാ ‘അമ്മയെ ഈശ്വരനെപ്പോലെ കാണുന്നവനാകുക’ എന്നതാണ് നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നത്. ഏതുപുരുഷനും ജനിക്കുന്നതിനുമുമ്പ് പത്തുമാസം മാതാവിന്റെ ഗർഭത്തിലാണ് കഴിയുന്നത്. അതിനാൽ, തന്റെ അമ്മ ഉൾപ്പെടുന്ന സ്ത്രീസമൂഹത്തെ അവഗണനയോടെയോ അവജ്ഞയോടെയോ കാണാൻ വിവേകബുദ്ധിയുള്ള ഒരു പുരുഷനും കഴിയില്ല.
കുടുംബത്തിന്റെ അസ്തിവാരമാണ് സ്ത്രീ. കുടുംബത്തിൽ ശാന്തിയും ഐശ്വര്യവും നിലനിർത്തുന്നതിൽ പുരുഷനെക്കാൾ സ്ഥാനംവഹിക്കാൻ സ്ത്രീക്ക് കഴിയും. കാരണം, സ്നേഹവും ക്ഷമയും വിനയവും സ്ത്രീയുടെ നൈസർഗികഗുണങ്ങളാണ്. സ്ത്രീയിലെ ഈ ഗുണങ്ങളാണ് കുടുംബാംഗങ്ങളെ ഒരുമിച്ചുനിർത്തുന്നത്.പുരുഷത്വം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്. പക്ഷേ, കുടുംബബന്ധം സംതൃപ്തമായി നിലനിർത്തണമെങ്കിൽ നിശ്ചയദാർഢ്യം കൊണ്ടുമാത്രം സാധ്യമല്ല. കുടുംബാംഗങ്ങൾക്കും പരസ്പരം സ്നേഹവും ക്ഷമയും വിനയവും വിട്ടുവീഴ്ചാ മനോഭാവവുമാണ് വേണ്ടത്. സ്ത്രീ, പുരുഷന്റെ സ്വഭാവം അനുകരിക്കുമ്പോഴും പുരുഷൻ തന്റെ അഹന്തയെ സ്ത്രീയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴുമാണ് കുടുംബത്തിൽ അന്തച്ഛിദ്രം ഉടലെടുക്കുന്നത്. മനുഷ്യനെ പൂർണ സംതൃപ്തിയിലേക്കും ആത്മസാക്ഷാത്‌കാരത്തിലേക്കും നയിക്കാൻ പുരാതന ഭാരതീയജീവിതരീതി തികച്ചും അനുയോജ്യമായിരുന്നു. അതിനാൽ, സ്ത്രീ-പുരുഷ സമത്വം, സമൂഹത്തിൽ സ്ത്രീക്കുള്ള സ്ഥാനം, ഇവയൊന്നും അന്ന് തർക്കവിഷയങ്ങളായില്ല. ഭൗതികസംസ്കാരം സ്ത്രീ-പുരുഷ ബന്ധത്തെ ശാരീരികതലത്തിൽ കാണുമ്പോൾ ഭാരതീയസംസ്കാരം അതിനെ ആത്മീയതലത്തിൽ ദർശിക്കാനാണ് പഠിപ്പിച്ചത്. എന്തുകൊണ്ടും സ്ത്രീക്ക് സമൂഹത്തിൽ രണ്ടാംനിരയിലല്ല സ്ഥാനം. പുരുഷനോടൊപ്പം ഒന്നാംനിരയിൽത്തന്നെയാണ്. അത് ഇന്നുലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.സ്നേഹവും അനുകമ്പയും കുടുംബത്തിൽനിന്നുതന്നെയാണ് ആരംഭിക്കേണ്ടത്. ക്ഷമയോടെയുള്ള കേൾക്കലും ദയാപൂർവമായ വാക്കുകളും സ്നേഹപൂർവമായ പ്രവൃത്തികളുമായി അവ പ്രകടിപ്പിക്കാൻ നമുക്കു കഴിയണം.
അമ്മ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..