സാഹബ് ബീബി ഓർ ഗുലാം എന്ന സിനിമയുടെ ആദ്യ പ്രദർശനത്തിന് ഗുരുദത്ത്് ബിമൽ മിത്രയെ വീണ്ടും വിളിച്ചുവരുത്തുകയാണ്. പലതും കണ്ട, പലതും അനുഭവിച്ച പാലി
ഹില്ലിലെ വീട്ടിലെ ആ മുറിയിൽ
എഴുത്തുകാരൻ എത്തുന്നു
ഞാൻ കൽക്കത്തയിലായിരുന്നു. ഗുരു സിനിമയുടെ എഡിറ്റിങ്ങിന്റെ ജോലികളിലും. ഫിലിം നിർമാതാവിനുപോലും ആ മുറിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. രാവിലെമുതൽ പാതിരാവരെയാണ് ജോലി. ചില ദിവസങ്ങളിൽ സ്റ്റുഡിയോയിലുള്ളവരെല്ലാം വീട്ടിലേക്കു പോയിട്ടുണ്ടാകും. രാത്രി രണ്ടും മൂന്നും മണിവരെ രതൻ മാത്രം ഗുരുവിനോടൊപ്പം. ജോലിക്കിടയിൽ തന്നെ നീട്ടി വിളിച്ചാൽ രതനു മനസ്സിലാകും, സിഗരറ്റു പാക്കറ്റ് ഉടനടി എത്തിച്ചുകൊടുക്കണം. സിഗരറ്റു പാക്കറ്റുകളും ഗ്ളാസുകളും കാലിയായിക്കൊണ്ടിരുന്നു. രാത്രി കാറിൽ വീട്ടിലേക്കുമടങ്ങുമ്പോൾ ഗുരു ഏതാണ്ട് അബോധാവസ്ഥയിലായിരിക്കും. സാഹബ് ബീബി ഓർ ഗുലാം സിനിമയുമായി അപ്പോൾ ഗുരു ഒന്നായിക്കഴിഞ്ഞിരിക്കും.
ഗീത അപ്പോഴും അമ്മയുടെ കൂടെയായിരുന്നു. ഗീതയില്ലാത്ത വീട്ടിൽ ഒറ്റയ്ക്ക് രാത്രി കഴിച്ചുകൂട്ടുക ഗുരുവിന് വലിയ പ്രയാസമായിരുന്നു. അതുകൊണ്ട് ജോലിയില്ലാത്ത ദിവസങ്ങളിലും സ്റ്റുഡിയോയിൽ തന്റെ മുറിയിൽ പോയിരിക്കുമായിരുന്നു. സ്റ്റുഡിയോ മാത്രമായിരുന്നു അയാൾക്ക് ശാന്തിലഭിച്ച ഒരേയൊരു സ്ഥലം. ഞാനവിടെയുണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നു. പക്ഷേ, ഞാൻ തിരിച്ചുപോന്നല്ലോ? മറ്റൊരാൾകൂടി ഗുരുവിന് സാന്ത്വനമാകാറുണ്ട്-വഹീദാ റഹ്മാൻ. ഹൈദരാബാദിന്റെ അറിയപ്പെടാത്ത ഒരു മൂലയിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച ഗുരുവിനോട് അവൾക്ക് കൃതജ്ഞതയുണ്ടായിരുന്നു. അവളെ അഭിനയം പഠിപ്പിച്ച് പേരും പ്രശസ്തിയും നേടിക്കൊടുത്ത് തിരക്കുള്ള നടിയാക്കിമാറ്റിയത് മറ്റാരുമായിരുന്നില്ല. പക്ഷേ, ആ ദിവസങ്ങളിൽ അവൾക്ക് ഗുരുവിന്റെ അടുത്ത് പോകുന്നതിന് വിലക്കുണ്ടായിരുന്നു. അശാന്തിയുടെ വിത്തുവിതച്ച് ഒരാളുടെ കുടുംബജീവിതം തകർക്കരുതെന്ന ചിന്തയാൽ അവൾ ഗുരുവിൽനിന്ന് സ്വയം അകന്നുനിൽക്കുകയായിരുന്നു. അതിരിക്കട്ടെ.
ഈ അവസ്ഥയിൽ ഗുരു ബോംബെയിൽനിന്ന് ട്രങ്ക് കോൾ ചെയ്തു. ജൂൺ 24-ന് ബോംബെയിൽ സിനിമയുടെ പ്രീമിയർ ഷോ. സൂര്യ ലാഡിയയോടൊപ്പം ഞാനും ബോംബെയ്ക്ക് ചെല്ലണം എന്നു പറയാനാണ് വിളിച്ചത്.
1962 ജൂൺ 24
ഇന്നലെ എനിക്ക് പെട്ടെന്ന് തീരെ വയ്യാതായി. കിടക്കയിൽനിന്ന് എഴുന്നേൽക്കാൻപോലും കഴിയുന്നില്ല. മിനിഞ്ഞാന്നുമുതൽ എന്തോ ക്ഷീണം തോന്നിയിരുന്നു. ഈ അവസ്ഥയിൽ എങ്ങനെ ബോംബെയ്ക്ക് പോകും? ഞാൻ ഡോക്ടറെ കാണാൻ പോയി. അദ്ദേഹം എന്തോ ഒരു ചുമന്നഗുളിക തന്നു. അത് കഴിച്ച് രാത്രി ഉറങ്ങാൻ കിടന്നു. തീരെ ഉറക്കം വന്നില്ല. ഗുരുവിനെപ്പോലെ ഉറക്കക്കുറവ് എന്റെയും പ്രശ്നമാണ്. രാത്രിയിലെ അവസാനയാമം. വീടിന്റെ മുന്നിൽനിന്ന് ഒരു കാറിന്റെ ഹോൺശബ്ദം കേട്ടു. വെളുപ്പിന് അഞ്ചുമണിയായെന്ന് മനസ്സിലായി. ഗുരുവിന്റെ ഡിസ്ട്രിബ്യൂട്ടർ സൂര്യ ലാഡിയ അഞ്ചുമണിക്ക് വന്ന് എന്നെ വിളിച്ചുണർത്തി കാറിൽ കൂട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു. ഞാൻ ഉണർന്നിരിക്കുക തന്നെയായിരുന്നു. അതുകൊണ്ട് ഉണർത്തേണ്ട ആവശ്യമുണ്ടായില്ല. പുറത്തിറങ്ങി അയാളോടൊപ്പം പോകാനേയുള്ളൂ. അങ്ങനെ പുലർകാലത്തേ കൊൽക്കത്തയിലേക്ക് ഞാനിറങ്ങി. റോഡുകളിൽ വെള്ളംതളിക്കുന്ന പണി നടക്കുന്നു. വഴിയോരങ്ങളിൽ സാഹബ് ബീബി ഓർ ഗുലാം സിനിമയുടെ പോസ്റ്ററുകൾ, വിശാലമായ ചുമരുകളിൽ ഗുരുദത്തിന്റെ കട്ടൗട്ടുകൾ.
വിമാനത്തിൽ ബോംബെയിലെത്താൻ നാലുമണിക്കൂർ എടുത്തു. അക്കാലത്ത് ചില റോഡുകളിൽ സർവീസ് ബോയ്‌കോട്ട് ഉണ്ടായിരുന്നു. പാലി ഹില്ലിലെ ബംഗ്ളാവിലെ സ്ഥിതിയെന്തായിരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഞാൻ കൽക്കത്തയ്ക്കു തിരിച്ചുപോയ സമയത്ത് ഗീത അവിടെ ഉണ്ടായിരുന്നില്ല. അവൾക്ക് സുഖമില്ലാതെ സാന്താക്രൂസിലായിരുന്നു. പക്ഷേ, വീട്ടിലെത്തിയതും ഗീത പ്രസന്നതയോടെ മുന്നിലെത്തി. പഴയതുപോലെ ഹാർദമായി ഞങ്ങളെ സ്വാഗതംചെയ്തു.
‘‘സുഖമല്ലേ ബിമൽ ദാ?’’ -അവൾ ചോദിച്ചു.
‘‘അതിരിക്കട്ടെ. നിനക്കെങ്ങനെ? ഗുരു? ഗുരു ഇവിടെയില്ലേ?’’
‘‘ഉറങ്ങുന്നു’’
എനിക്കും നല്ലക്ഷീണമുണ്ടായിരുന്നു. ഇന്നലത്തെ ഉറക്കവും ബാക്കിയുണ്ടായിരുന്നു. കണ്ണടഞ്ഞുപോകുന്നതുപോലെ.
‘‘സുഖമല്ലേ?’’-ഞാൻ ചോദിച്ചു. ഗീത അധികം സംസാരിക്കാത്ത ആളാണ്. ഉള്ളിലെ സങ്കടങ്ങൾ വെളിപ്പെടുത്തി മറ്റുള്ളവരെ അധികം വിഷമിപ്പിക്കാറില്ല.
‘‘അതെ’’ -അവൾ പറഞ്ഞു.
ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. ഇവിടെ വരുമ്പോഴെല്ലാം കിടക്കാറുള്ള മുറിയിൽപ്പോയി കിടന്നു. ദുഃഖകരമായ ഓർമകളുടെ ഭാരവും പേറിക്കൊണ്ടാണ് കുറച്ചു മാസങ്ങൾക്കുമുമ്പ് ഈ വീട്ടിൽനിന്നു പോയത്. അന്ന് ഗുരുവിന്റെ ഗൗരവംനിറഞ്ഞ മുഖമാണ് മുമ്പിലുണ്ടായിരുന്നത്. ഇന്ന് ചിരിക്കുന്ന മുഖം മുമ്പിലുണ്ടാവണേ എന്നായിരുന്നു പ്രാർഥന. ഉറങ്ങുകയാണെന്ന് കേട്ടപ്പോൾ ആശ്വാസമായി. എന്നെപ്പോലെ കഴിഞ്ഞ രാത്രി ഉറങ്ങാതെ ഇപ്പോൾ ഉറങ്ങിപ്പോയതായിരിക്കും.
ഞാനും വസ്ത്രംമാറാൻപോലും നിൽക്കാതെ വന്ന വേഷത്തിൽത്തന്നെ കിടക്കയിലേക്കു ചാഞ്ഞു. ഇന്നു രാത്രി ഇവരുടെയെല്ലാം കഠിനാധ്വാനത്തിന്റെ ഫലം പുറത്തുവരും. ചിലർ പേനകൊണ്ടെഴുതുമ്പോൾ മറ്റു ചിലർ ക്യാമറകൊണ്ടെഴുതുന്നു. പേനകൊണ്ട് ഞാനെഴുതിയ കഥ സിനിമയായി സ്‌ക്രീനിൽ തെളിയും. പക്ഷേ, എനിക്ക് വേവലാതിപ്പെടേണ്ട കാര്യമില്ല. സിനിമ നല്ലതല്ലെങ്കിലും തിയേറ്ററുകളിൽ ഓടിയില്ലെങ്കിലും എനിക്ക് നഷ്ടമൊന്നും വരാനില്ല. ഇതിന്റെ കഥയെഴുതിയ ആൾ എന്ന നിലയ്ക്കുമാത്രമേ സിനിമയുമായി എനിക്കു ബന്ധമുള്ളൂ. വേറെ ഉത്തരവാദിത്വങ്ങളൊന്നുമില്ല. സിനിമ നല്ലതോ ചീത്തയോ എന്നു ചിന്തിക്കേണ്ടകാര്യം എനിക്കില്ല. ഞാൻ സിനിമാക്കാരനല്ല, സാഹിത്യകാരനാണ്. എന്റെ ലോകം സിനിമയല്ല, സാഹിത്യമാണ്. സിനിമാലോകവുമായി എനിക്കെന്തു ബന്ധം?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..