കോഴിക്കോട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഡൽഹിയിൽ രവിവർമ ചിത്രപ്രദർശനം


By കെ. ജയകുമാർ k.jayakumar123@gmail.com

6 min read
Read later
Print
Share

ഇംഗ്ലണ്ടിലെ പഠനത്തിനുശേഷം തിരിച്ചെത്തിയത് തിരുവനന്തപുരത്തേക്കായിരുന്നു. കാത്തിരുന്നത് പല വകുപ്പുകളുടെ സെക്രട്ടറിസ്ഥാനം. ജോലിഭാരം കൂടുതലായിരുന്നെങ്കിലും പല മേഖലകളിലെ പ്രവർത്തനം കൂടുതൽ അനുഭവങ്ങൾ നൽകി. കോഴിക്കോട്ട്്് നടത്തിയ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും ഡൽഹിയിൽ നടത്തിയ രാജാ രവിവർമയുടെ ചിത്രങ്ങളുടെ പ്രദർശനവും അതിൽ പ്രധാനമാണ്

ഇംഗ്ലണ്ടിലെ ഒരു വർഷത്തെ വിദ്യാർഥിജീവിതം എനിക്കും ആറുമാസത്തെ വിദേശവാസം എന്റെ കുടുംബത്തിനും പലതരത്തിൽ പ്രയോജനപ്പെട്ടു. അവിടത്തെ സ്‌കൂൾ അന്തരീക്ഷം മക്കൾക്ക് വേറിട്ട അനുഭവമായി. മകൻ ആനന്ദ് സ്‌കൂളിലെ ഭക്ഷണം തീരെ ഇഷ്ടപ്പെടാതെ വീട്ടിൽനിന്ന് ഉച്ചഭക്ഷണം കൊണ്ടുപോകുമായിരുന്നു. മകൾ അശ്വതിക്കാകട്ടെ ഇംഗ്ളീഷ് ഭക്ഷണം വളരെ പ്രിയംകരമായിരുന്നു. ക്ളാസിലെ അനൗപചാരിക അന്തരീക്ഷം കുട്ടികളുടെ നൈസർഗികമായ വളർച്ച സാധ്യമാക്കി. അധ്യാപികയെ ഭയക്കുക എന്ന ശീലം തീരെയുമില്ല. എന്നാൽ, അനൗപചാരികമെന്നു തോന്നുന്ന ക്ളാസ്‌മുറിയിലെ അർഥവത്തായ ഇടപെടലുകളിലൂടെ വിദ്യാർഥികൾ സ്വായത്തമാക്കേണ്ട നല്ലശീലങ്ങളും മര്യാദകളും അവർക്കു സ്വന്തമാവുകയും ചെയ്യും. സാഹചര്യങ്ങൾ എങ്ങനെ നമ്മുടെ പെരുമാറ്റത്തെ ബാധിക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ തെളിവ് നാട്ടിൽ മടങ്ങിയെത്തിയ ഉടനെ എനിക്കു കിട്ടി. മക്കൾ രണ്ടുപേരെയും തിരുവനന്തപുരത്തെ സ്‌കൂളിലേക്ക് ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടുപോവുകയായിരുന്നു. കാഡ്ബറി ചോക്ക്‌ലേറ്റിന്റെ ഒരു ബാർ കാറിലിരുന്ന് മകൻ പൊളിച്ചു കഴിക്കാൻ തുടങ്ങി. അതിന്റെ കവർ നാട്ടുനടപ്പനുസരിച്ച് റോഡിലേക്ക് എറിയുകയും ചെയ്തു. അപ്പോൾ ഞാൻ ചോദിച്ചു: ‘‘ഇംഗ്ലണ്ടിൽവെച്ച് ഇതുപോലെ മിഠായി കഴിച്ചാൽ വേസ്റ്റ് ബിൻ കാണുന്നതുവരെ നീ കവർ പോക്കറ്റിൽ സൂക്ഷിക്കുമായിരുന്നല്ലോ. പിന്നെ ഇപ്പോൾ റോഡിലേക്ക് വേസ്റ്റ് വലിച്ചെറിഞ്ഞതോ...?’’ മകന്റെ സ്വാഭാവികമായ മറുപടി ഇതായിരുന്നു: ‘‘അച്ഛാ ഇംഗ്ലണ്ടിലെ റോഡിൽ ചപ്പുചവർ ഒന്നും ഇടാൻ നമുക്ക് തോന്നുകയില്ല. അതാണോ ഈ റോഡിന്റെ സ്ഥിതി? എവിടെനോക്കിയാലും ചവറല്ലേ?’’ പതിനൊന്നു വയസ്സുകാരന്റെ നിഷ്‌കളങ്കമായ ആ നിരീക്ഷണത്തിൽ വലിയൊരു തത്ത്വം അന്തർലീനമാണെന്നുതോന്നി. ശുചിത്വം ശുചിത്വത്തെ ആകർഷിക്കും. മാലിന്യം മാലിന്യത്തെയും (പുറത്തെ മാലിന്യത്തിനും അകത്തെ മാലിന്യത്തിനും ഇണങ്ങും ഈ തത്ത്വം)!
ഇംഗ്‌ളീഷുകാർ തമ്മിൽ കാണുമ്പോൾ എപ്പോഴും കാലാവസ്ഥയെക്കുറിച്ചു സംസാരിക്കുന്നതെന്തുകൊണ്ടെന്ന്‌ കേരളത്തിൽ ജീവിച്ചുശീലിച്ച ഞങ്ങൾക്ക് മനസ്സിലായത് ഈ കാലയളവിലായിരുന്നു. ഇംഗ്ളീഷ് നോവലുകളിലെ പ്രണയസമാഗമങ്ങൾ ‘bright and sunny’ ദിനങ്ങളിൽ നടക്കുന്നതായി സങ്കല്പിച്ചിരിക്കുന്നതിന്റെ യുക്തിയും ബോധ്യമായി. ശൈത്യകാലത്ത് അനേകം ദിവസങ്ങൾ സൂര്യനെക്കാണാതെ കടന്നുപോകും. ചിലപ്പോൾ രാവിലെ വെളിച്ചം കാണും; ഉച്ചയാകുമ്പോഴേക്ക് മൂടിക്കെട്ടി ഇരുട്ടാകും. ‘If winter comes/can spring be far behind?’ എന്ന ഷെല്ലിയുടെ ആ പ്രസിദ്ധമായ പ്രത്യാശയുടെ ആഴം അറിയാൻ ഇംഗ്ലീഷ് ശൈത്യത്തിന്റെ ക്രൂരത അനുഭവിക്കണം. നമ്മുടെ നാട്ടിലെ വൃശ്ചികക്കുളിരുപോലെയല്ല ആ കാളിമയും മൂകതയും.
വിദ്യാർഥിജീവിതവും പ്രവാസവും മതിയാക്കി ഞാൻ 1992 സെപ്റ്റംബർ മാസത്തിൽ മടങ്ങിയെത്തി. ‘ടൂറിസം വഴി ഒരു രാജ്യത്തിന് ലഭിക്കുന്ന വിദേശനാണ്യത്തിന്റെ നീക്കിയിരിപ്പ് എങ്ങനെ വർധിപ്പിക്കാം’ എന്ന വിഷയത്തിൽ ഒരു പ്രബന്ധവും എഴുതിത്തീർത്ത് ഒരു പുതിയ ബിരുദാനന്തര ബിരുദവുംകൂടി കരസ്ഥമാക്കിയായിരുന്നു മടക്കം. ഇംഗ്ലണ്ടിലേക്കു പോകുന്നതിനു തൊട്ടുമുമ്പ് ഒരു വൈദ്യപരിശോധന നടത്തിയതിൽ മരുന്ന് ആവശ്യമില്ലാത്ത പ്രമേഹം സ്ഥിരീകരിച്ചിരുന്നു. ഭക്ഷണത്തിൽ അന്നുമുതൽ ചെറിയ നിയന്ത്രണങ്ങളൊക്കെ വരുത്തി. ഏതായാലും മേയിൽ കുടുംബം നാട്ടിലേക്കു മടങ്ങിയതോടെ ഹോസ്റ്റലിൽ താമസമാക്കിയ ഞാൻ ഭക്ഷണം പരമാവധിയങ്ങു കുറച്ചു. അത് നല്ലതാണല്ലോ എന്നും ആശ്വസിച്ചു. ഹോസ്റ്റലിൽ ജീവിക്കുമ്പോൾ അവശ്യം അറിയേണ്ട പാചകവിധികൾ എനിക്കപ്രാപ്യം. ചായയും ബിസ്‌കറ്റുമായി (ഒരു വി.കെ. കൃഷ്ണമേനോൻ സ്റ്റൈലിൽ) മൂന്നുമാസം ജീവിച്ച് നല്ല സ്മാർട്ട് ആയെന്ന വിചാരത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ എന്നെക്കണ്ട്‌ ഭാര്യക്ക്‌ അന്ധാളിപ്പും സങ്കടവും അടക്കാൻ കഴിഞ്ഞില്ല. മറ്റൊരു സഹപ്രവർത്തകൻ ചോദിച്ചു: ‘‘സുഖമില്ലായിരുന്നു അല്ലേ?’’ അമ്മയ്ക്ക് എന്നെ കണ്ടിട്ട് ആദ്യം മനസ്സിലായില്ല. കോലം അത്ര ദയനീയമായിരുന്നെന്ന്‌ ഞാൻ അറിഞ്ഞിരുന്നില്ല. മരുന്നില്ലാത്ത മഹാരോഗബാധിതനായാണ് ഞാൻ മടങ്ങിവന്നിരിക്കുന്നതെന്നും ചിലർ സംസാരിക്കാതിരുന്നില്ല. ഏതായാലും രണ്ടുമൂന്നു മാസത്തിനുള്ളിൽ ഭാര്യയുടെ പരിചരണത്തിലും വീട്ടിലെ ആഹാരത്തിലും ഞാൻ ഏറക്കുറെ
പൂർവരൂപത്തിലായി (ഇപ്പോഴും മിതാഹാരം കഴിച്ചും മിക്കവാറും ദിവസങ്ങളിൽ മുക്കാൽ മണിക്കൂർ നടന്നും മരുന്നൊന്നും കഴിക്കാതെ പ്രമേഹവുമായി സന്ധിചെയ്ത് ജീവിക്കുകയാണ് ഞാൻ).
തിരികെ ജോലിക്ക് റിപ്പോർട്ടുചെയ്തു. കരുണാകരനാണ് അന്ന് മുഖ്യമന്ത്രി. ടൂറിസം വകുപ്പ് അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. ആദ്യം എന്നെ ടൂറിസം വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയാക്കി. അദ്ദേഹത്തിന്റെതന്നെ വകുപ്പാണ് പബ്ലിക് റിലേഷൻസ്. കുറച്ചുകഴിഞ്ഞപ്പോൾ ആ വകുപ്പിന്റെയും ചുമതല എനിക്കുനൽകി. ടി.എം. ജേക്കബ്ബാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി. അദ്ദേഹം എന്നെ സംസ്കാരികവകുപ്പിന്റെയും സ്‌പെഷ്യൽ സെക്രട്ടറിയാക്കി. ജില്ലയിൽനിന്ന് തിരുവനന്തപുരത്തുവരുമ്പോൾ ഒരുദ്യോഗസ്ഥൻ അനുഭവിക്കുന്ന വേവലാതികളെക്കുറിച്ച്‌ നേരത്തേ എഴുതിയിരുന്നു. അതിനെക്കാൾ ഇത്തിരിക്കൂടുതലാണ് വകുപ്പധ്യക്ഷന്റെ തലത്തിൽനിന്ന് സെക്രട്ടേറിയറ്റിൽ മന്ത്രിമാർക്കും മന്ത്രിസഭയ്ക്കും കീഴിൽ ജോലിചെയ്യാൻ തുടങ്ങുമ്പോൾ അനുഭവിക്കുന്ന സഭാകമ്പം. ഓരോ വകുപ്പും സ്വയം വരച്ചിട്ട അതിരുകൾ, പെരുപ്പിക്കുന്ന പ്രശ്നങ്ങൾ, ആത്യന്തികമായ സാധ്യതകൾ, മന്ത്രിക്ക് നമ്മളിലുള്ള വിശ്വാസം എന്നീ ഘടകങ്ങൾ വ്യക്തമാവുന്നതോടെ ആദ്യകാല സഭാകമ്പം പഴംകഥയാകും. ടൂറിസം വകുപ്പധ്യക്ഷനായിരുന്ന പരിചയം ആ വകുപ്പിന്റെ കാര്യത്തിൽ എനിക്ക് കുറച്ചു മേൽക്കോയ്മതന്നു എന്ന് സമ്മതിക്കണം. സാംസ്‌കാരികവകുപ്പും എന്റെ അഭിരുചിക്കിണങ്ങുന്നതായിരുന്നു. എന്റെ രണ്ടു മന്ത്രിമാർ, മുഖ്യമന്ത്രി കരുണാകരനും സാംസ്‌കാരികവകുപ്പ് മന്ത്രി ടി.എം. ജേക്കബ്ബും എന്നെ വിശ്വസിച്ചുവെന്നു മാത്രമല്ല, എനിക്ക് പൂർണസ്വാതന്ത്ര്യം നൽകി. പുതിയ ആശയങ്ങൾ അവർ സ്വീകരിച്ചു. ഈ രണ്ടു വകുപ്പുകളുടെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബാബു പോൾ സാറും ഇതേ സ്വാതന്ത്ര്യം എനിക്ക് കല്പിച്ചുതന്നു. ഇൻഫർമേഷൻ വകുപ്പിന്റെ കാര്യത്തിൽ ഞാൻ നേരിട്ട് മുഖ്യമന്ത്രിക്ക്‌ ഫയലുകൾ സമർപ്പിച്ചു. ആറേഴുമാസം കഴിഞ്ഞപ്പോൾ സ്പെഷ്യൽ എന്ന വിശേഷണം അഴിച്ചുവെച്ച് ഞാൻ പൂർണസെക്രട്ടറിയായി.
അന്ന് മുഖ്യമന്ത്രി കൈവശംവെച്ചിരുന്ന കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ കാര്യങ്ങളുടെ ഉത്തരവാദിത്വവും സെക്രട്ടറി എന്നനിലയിൽ എനിക്കായിരുന്നു. മനസ്സിനിണങ്ങുന്ന കാര്യങ്ങളായിരുന്നു ഔദ്യോഗികമായി ഞാനന്നു ചെയ്തിരുന്നതെല്ലാം. സർവീസിൽ അതൊരു അപൂർവഭാഗ്യമാണെന്ന് പറയാതെവയ്യ. മറ്റൊന്നുകൂടി സംഭവിച്ചു. സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ ഡയറക്ടർമാരെ നിയമിക്കാൻ കാലതാമസമുണ്ടാകുമ്പോഴൊക്കെ സാംസ്‌കാരികമന്ത്രി എന്നെ അവിടെ നിയമിക്കും. പല സമയങ്ങളിലായി ഞാൻ എൻസൈക്ലോപീഡിയ പബ്‌ളിക്കേഷൻസിന്റെയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡയക്ടറായി അധികചുമതല വഹിച്ചിട്ടുണ്ട്. ജോലിഭാരം കൂടുന്നുണ്ടായിരുന്നെങ്കിലും വിശ്വാസപൂർവം മന്ത്രി ഏൽപ്പിക്കുന്ന ഈ അധികജോലികൾ ഞാൻ ഒരിക്കലും പറ്റില്ലെന്ന് പറഞ്ഞില്ല. അവിടെ നടക്കുന്ന കാര്യങ്ങളൊക്കെ പഠിക്കാൻ ഈ അധികചുമതലകൾ അവസരംനൽകി. ചിലപ്പോൾ അവരുടെ ദീർഘകാല പ്രശ്നങ്ങളിൽ ചിലതിലൊക്കെ വകുപ്പ് സെക്രട്ടറി എന്നനിലയിൽ പരിഹരിക്കാനും സാധിച്ചിരുന്നു. എന്റെ അനുഭവമേഖല വിസ്തൃതമാവുകയായിരുന്നു. വ്യത്യസ്തമായ അനുഭവങ്ങൾ ആത്മവിശ്വാസം വളർത്താതിരിക്കുകയില്ലല്ലോ.
പ്രശസ്തനടൻ സുകുമാരനായിരുന്നു ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ. അന്നത്തെ മാനേജിങ് ഡയറക്ടറുമായുള്ള ബന്ധത്തിൽ കാറ്റും കോളും നിറഞ്ഞ സന്ദർഭത്തിൽ സുകുമാരൻ മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിൽ എന്റെ മുറിയിൽവന്നു. അവിടത്തെ അവസ്ഥയെക്കുറിച്ച്‌ ഒരു കുറിപ്പെഴുതി ഞാൻ മുഖ്യമന്ത്രിക്ക് നേരത്തേതന്നെ അയച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ചെയർമാൻ കൈവശംകരുതിയിട്ടുണ്ട്. എല്ലാം ശ്രദ്ധിച്ചുകേട്ടശേഷം മുഖ്യമന്ത്രി എന്നെക്കാണാൻ സുകുമാരനോട് പറഞ്ഞു. തിരികെ അദ്ദേഹം എന്റെ മുറിയിലെത്തിയപ്പോൾതന്നെ മുഖ്യമന്ത്രിയുടെ ഓർഡറുമായി ഫയൽവന്നു. ചലച്ചിത്ര വികസന കോർപ്പറേഷനിൽ തത്‌കാലം മാനേജിങ് ഡയറക്ടറുടെ പൂർണചുമതല എനിക്ക് നൽകിക്കൊണ്ടുള്ള ഓർഡറായിരുന്നു. ഞാനത്‌ സുകുമാരനെ കാണിച്ചു. അദ്ദേഹത്തെ അത് അദ്ഭുതപ്പെടുത്തിയെന്നുതോന്നി. ‘നിങ്ങൾക്ക് ഞാൻ നല്ലൊരു മാനേജിങ് ഡയറക്ടറെ തരാം’ എന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഏതുകാര്യത്തിലും നാടകീയത നിലനിർത്താൻ അദ്ദേഹത്തിന് സഹജമായൊരു വൈഭവമുണ്ടായിരുന്നു.
ആ ചുമതല ഏതാണ്ട് രണ്ടുവർഷം വഹിക്കാനായത് ഒരു നിയോഗമായിരുന്നു. മാനേജിങ് ഡയറക്ടറായി എന്നെ പ്രതീക്ഷിച്ചില്ലെങ്കിലും, ആ ക്രമീകരണം അംഗീകരിക്കാൻ സുകുമാരന് ബുദ്ധിമുട്ടുണ്ടായില്ല. ആ കാലയളവിലും അതിനുശേഷവും ഞങ്ങൾ തമ്മിൽ വളരെനല്ല ബന്ധം പുലർന്നു. അന്നത്തെ ചലച്ചിത്രവികസന കോർപ്പറേഷൻ ബോർഡ് പ്രഗല്‌ഭരുടെ അപൂർവസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. കെ.ജി. ജോർജ്, എം.ജി. സോമൻ, കെ.പി. ഉമ്മർ, പി.വി. ഗംഗാധരൻ, രാജീവ്നാഥ്, സൂര്യ കൃഷ്ണമൂർത്തി, എന്നിവരെ വ്യക്തമായി ഓർക്കുന്നു. കൂടാതെ ഫിലിം ഓഫീസർമാരായി കെ.ആർ. മോഹനൻ, ലെനിൻ രാജേന്ദ്രൻ, വി.ആർ. ഗോപിനാഥ് എന്നീ പ്രഗല്‌ഭ സംവിധായകരുമുണ്ട്. പുതിയ തിയേറ്ററുകളൊക്കെ ആരംഭിച്ചെങ്കിലും സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമായിരുന്നില്ല. ഒരു ഡയറക്ടർ ബോർഡ് യോഗത്തിൽ ഞാൻ അവതരിപ്പിച്ച ഒരാശയം അല്പം സന്ദേഹത്തോടെ, ഏറെ ചർച്ചകൾക്കുശേഷം ബോർഡ് അംഗീകരിച്ചു. ‘നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ നമ്മുടെ ആത്യന്തികലക്ഷ്യം.’ ഞാൻ പറഞ്ഞു: ‘‘നമുക്കൊരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കാം.’’ ‘ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുന്ന നമ്മൾ ഇതിനൊക്കെ ഇറങ്ങിത്തിരിച്ചാൽ എങ്ങനെയാണ്?’ എന്ന ചോദ്യം സ്വാഭാവികമായിരുന്നു. ‘‘ഫെസ്റ്റിവലിനുള്ള സിനിമകൾ കിട്ടാൻ വലിയ ബുദ്ധിമുട്ടില്ല. നാഷണൽ ഫിലിം ആർക്കൈവ്‌സിന്റെ ഡയറക്ടർ പി.കെ. നായർ അതിനു നമ്മളെ സഹായിക്കും. പിന്നെ പണം. സർക്കാരിനോട് ചോദിക്കണ്ട. നമുക്ക് സ്‌പോൺസർഷിപ്പ് വഴി പണമുണ്ടാക്കാം.’’ ബോർഡംഗങ്ങൾക്ക്‌ പൂർണബോധ്യമായില്ല. ഞാൻ പറഞ്ഞു: ‘‘ഫെസ്റ്റിവൽ ഭംഗിയായി നടക്കണമെങ്കിൽ കോഴിക്കോട്ട് നടത്താം. അവിടെയാണെങ്കിൽ എനിക്ക് ആത്മവിശ്വാസമുണ്ട്.’’ പഴയ കളക്ടറെ കോഴിക്കോട്ടുകാർ കൈവിടുകയില്ലെന്ന്‌ എനിക്കറിയാമായിരുന്നു. പി.വി. ഗംഗാധരൻ ആ ആശയത്തെ പിന്താങ്ങി. അങ്ങനെ 1996-ൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ആദ്യത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചുകൊണ്ട് ചരിത്രം തീർത്തു.
അടൂർ ഗോപാലകൃഷ്ണൻ ഫെസ്റ്റിവൽ ഉദ്ഘാടനംചെയ്തു. സമാപനച്ചടങ്ങിൽ ശബാനാ ആസ്മി മുഖ്യാതിഥിയായി. അഞ്ചു തിയേറ്ററുകളിലായി നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഞങ്ങൾക്ക് സാമ്പത്തികബാധ്യതയൊന്നും ഉണ്ടായില്ല. കോഴിക്കോടിന്റെ ഉദാരത വീണ്ടും എനിക്ക് ബോധ്യമായി. ഫെസ്റ്റിവൽ ഒരു വലിയ വിജയമായിരുന്നു. അതാണ് പിൽക്കാലത്ത്‌ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയായി (IFFK) രൂപാന്തരം പ്രാപിച്ചത്. പിന്നീടാണ്, 1998-ൽ ഫിലിം അക്കാദമി സ്ഥാപിതമാവുന്നതും ഫെസ്റ്റിവലിന്റെ ചുമതല അക്കാദമിയെ ഏൽപ്പിക്കുന്നതും. ഓരോ നിയോഗം വന്നുഭവിക്കുമ്പോഴും അത് എന്തിനാണെന്ന് ആദ്യം നമ്മളറിയുന്നില്ല. ഒന്നും യാദൃച്ഛികമായി സംഭവിക്കുന്നില്ല എന്നു വിചാരിക്കാനായാൽ ജീവിതത്തിനു മുഷിപ്പുണ്ടാവുകയില്ല. സസ്പെൻസ് നിലനിർത്താനാവുകയും ചെയ്യും.
സാംസ്‌കാരികവകുപ്പിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചകാലം എനിക്ക് നൽകിയത് വളരെ വിലപ്പെട്ട അനുഭവങ്ങളായിരുന്നു. 1993-ൽ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽവെച്ച് ആദ്യമായി രാജാ രവിവർമയുടെ ചിത്രങ്ങളുടെ ഒരു സുപ്രധാന പ്രദർശനം നടത്തണമെന്ന് കേന്ദ്ര സാംസ്‌കാരികവകുപ്പ് തീരുമാനിക്കുന്നു. പക്ഷേ, നാഷണൽ മ്യൂസിയത്തിന്റെ പക്കൽ പ്രദർശനത്തിനുവേണ്ട രവിവർമച്ചിത്രങ്ങളില്ല. അവയുടെ പ്രധാനശേഖരം നമ്മുടെ ശ്രീചിത്രാ ആർട്ട് ഗാലറിയാണ്. വിശ്രുതചിത്രകാരനായ മലയാളിയായ എ. രാമചന്ദ്രനും ആർട്ട് കൺസർവേറ്ററായ രൂപിക ചൗളയുമായിരുന്നു കേന്ദ്രം നിയോഗിച്ച ക്യൂറേറ്റർമാർ. അവർ ഇവിടെ വരുന്നു, ആവശ്യമുള്ള ചിത്രങ്ങൾ ഏതൊക്കെയെന്നു തീരുമാനിക്കുന്നു, നമ്മളുമായി ചർച്ചചെയ്യുന്നു, എക്‌സിബിഷന്റെ തീയതി നിശ്ചയിക്കുന്നു. കേന്ദ്രസർക്കാരിന്റെ കത്തുകൾ മുറപോലെ വന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ഇത്ര അമൂല്യമായ പെയിൻറിങ്ങുകൾ വിട്ടുകൊടുക്കുന്നതിനോട് പലരും യോജിച്ചില്ല. ലോകത്തെ മ്യൂസിയങ്ങൾ തമ്മിൽ ഇത്തരത്തിലുള്ള കൊടുക്കൽവാങ്ങലുകൾ അപൂർവമല്ല എന്നൊക്കെ ഞാൻ മനസ്സിലാക്കി. ആദ്യമായി രാജാ രവിവർമയുടെ ചിത്രങ്ങളുടെ പ്രദർശനം ഡൽഹി നാഷണൽ മ്യൂസിയത്തിൽവെച്ച് നടക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന്‌ എനിക്ക് ബോധ്യമായി. ചെലവൊക്കെ കേന്ദ്രസർക്കാർ വഹിച്ചുകൊള്ളും. സാംസ്‌കാരികവകുപ്പ് മന്ത്രിക്കു വലിയ തടസ്സമില്ല. പക്ഷേ, മുഖ്യമന്ത്രികൂടി അറിയണ്ടേ ഇത്ര പ്രധാനവിഷയം? അതിനിടെ ചില പ്രശസ്തചിത്രകാരന്മാരും ആദരണീയരായ സാംസ്‌കാരികപ്രവർത്തകരും രംഗത്തിറങ്ങിക്കഴിഞ്ഞു. ‘ഇതൊരു തട്ടിപ്പാണ്. കൊണ്ടുപോകുന്നതായിരിക്കില്ല തിരികെവരുന്ന ചിത്രങ്ങൾ; അവയുടെ കോപ്പിയായിരിക്കും. അന്താരാഷ്ട്ര ഉപജാപത്തിന്റെ ഭാഗമാണ് ഈ പ്രദർശനം’ എന്നിത്യാദി സ്ഥിരം സന്ദേഹങ്ങൾ അന്തരീക്ഷത്തിൽ ഉൽക്കവിതറി. തീരുമാനമെടുക്കേണ്ട സമയമായി. അവസാനം സാംസ്കാരികവകുപ്പ് മന്ത്രിയും ഞാനും മുഖ്യമന്ത്രിയെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. പരാതികളുടെ പേപ്പറുകൾ അദ്ദേഹത്തിന്റെ മേശപ്പുറത്തും ഞങ്ങൾ കണ്ടു. ഒടുവിൽ വലിയൊരു തുകയ്ക്ക് ഇൻഷുർ ചെയ്യണം എന്ന നിബന്ധനയോടെ പ്രദർശനത്തതിനുവേണ്ടി ഇരുപതോളം രവിവർമച്ചിത്രങ്ങൾ എല്ലാ സുരക്ഷാക്രമീകരണങ്ങളും ചെയ്ത്‌ നിശ്ചിതകാലയളവിലേക്ക് നാഷണൽ മ്യൂസിയത്തിന് കടമായിക്കൊടുക്കാൻ തീരുമാനിക്കപ്പെട്ടു. അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ മലയാളികൾക്ക് അഭിമാനമായ രാജാ രവിവർമ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി കരുണാകരനും ടി.എം. ജേക്കബ്ബും (ഈ ഞാനും) പങ്കെടുത്തു. ഒരന്താരാഷ്ട്ര സംഭവമായി ആ പ്രദർശനം മാറി. ഇന്ന് ലോകകലാലോകത്ത്‌ രവിവർമയ്ക്കുണ്ടായ പുനരുജ്ജീവനത്തിന്‌ ഹേതുവായത് ആ പ്രദർശനംതന്നെയായിരുന്നു. ഡൽഹിയിൽ കൊണ്ടുപോയ ചിത്രങ്ങൾ ഇപ്പോഴും ശ്രീചിത്ര ആർട്ട് ഗാലറിയിൽ സുരക്ഷിതമായിരിക്കുന്നു.
സർക്കാരിന്റെ കൈവശമുള്ള ഏതൊരു ടൂറിസംസ്ഥലവും ഹെറിറ്റേജ് കെട്ടിടവും പഴയ കഥകളിലെ സുന്ദരിയായ രാജകുമാരിയെപ്പോലെയാണ്. ഒരുപാട് രാജാക്കന്മാർക്ക് അവളുടെ കരംഗ്രഹിക്കാൻ മോഹമുണ്ടാകും. അത്തരത്തിലൊരു സുന്ദരിയായ രാജകുമാരിയാണ് കൊച്ചിയിലെ ബോൾഗാട്ടി പാലസ്. കരുത്തരായ ചില കാമമോഹിതർ അവളെ കാംക്ഷിച്ചുവന്നു, ആ കാലയളവിൽ..

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..