ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ പറയുന്ന ഏകീകൃത പൗരനിയമം(യൂണിഫോം സിവിൽ കോഡ്) മുസ്‌ലിം വിരുദ്ധമാണെന്നും അത് നടപ്പാക്കുന്നത് മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യത്തിനുമേലുള്ള കൈയേറ്റമാണെന്നുമുള്ള വാദം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാനെഴുതിയ ലേഖന (വാരാന്തപ്പതിപ്പ്, ഫെബ്രുവരി 12) ത്തോടുള്ള അഡ്വ. ആസഫ് അലിയുടെ പ്രതികരണം(ഫെബ്രുവരി 26) വായിച്ചു. ‘ഏകീകൃത സിവിൽ കോഡ്’ എന്നാൽ, ഏകീകൃത പൗരത്വനിയമമാണ് എന്ന കാഴ്ചപ്പാട് ചിലർക്കുണ്ട്.’ എന്നും അതേ കാഴ്ചപ്പാടുകാരനാണ് ഞാനെന്നുമുള്ള ധ്വനി ആസഫ് അലിയുടെ കുറിപ്പിലുണ്ട്. അതുണ്ടാവാൻ കാരണം, എന്റെ ലേഖനം അച്ചടിച്ചുവന്നപ്പോൾ സംഭവിച്ച ഒരു പിശകാണ്. പൊതുപൗരനിയമം എന്നോ ഏകീകൃത പൗരനിയമം എന്നോ ഞാനെഴുതിയത് ലേഖനത്തിന്റെ തലക്കെട്ടുൾപ്പെടെ ഏഴിടത്ത് പൊതുപൗരത്വനിയമം എന്നോ ഏകീകൃത പൗരത്വനിയമം എന്നോ ആണ് അച്ചടിച്ചുവന്നത്. അതേസമയം, പതിമ്മൂന്നിടങ്ങളിൽ വന്നത് പൊതുപൗരനിയമം, ഏകീകൃതപൗരനിയമം, പൊതുസിവിൽകോഡ് എന്നീ പ്രയോഗങ്ങളുമാണ്. പോരാത്തതിന്, ലേഖനത്തിന്റെ മൂന്നാം ഖണ്ഡികയിൽ പൊതുപൗരനിയമത്തിന്റെ പര്യായമെന്നോണം ‘ഇന്ത്യൻ കുടുംബനിയമം’ എന്ന പ്രയോഗവും ഞാൻ നടത്തിയിട്ടുണ്ട്. ഇതിൽനിന്നെല്ലാം ഏകീകൃത പൗരനിയമത്തിന്റെ വക്താവാണ് ഞാനെന്ന് വ്യക്തമാകുമല്ലോ. നമുക്കു വേണ്ടത് ലിംഗനീതിപരമായ ഏകീകൃത ഇന്ത്യൻ കുടുംബനിയമമാണ് എന്നതത്രേ എന്റെ എക്കാലത്തെയും വിട്ടുവീഴ്ചയില്ലാത്ത നിലപാട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..