കാലത്തെക്കാൾ മികച്ച കൃതിയാണ് ഖസാക്ക് എന്ന എന്റെ ലേഖനം എം.ടി. പ്രസിദ്ധീകരിച്ചു


By കെ.പി. നിർമൽ കുമാർ/ പ്രദീപ് പനങ്ങാട് panangad2020@gmail.com

4 min read
Read later
Print
Share

മലയാളസാഹിത്യത്തിലെ ആധുനികതയുടെ പേരുകളിലൊന്നായിരുന്നു കെ.പി. നിർമൽകുമാർ. വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും സൃഷ്ടിച്ച്്് അന്നത്തെ ന്യൂജനറേഷൻ വായനക്കാരുടെ ഹരമായി നിർമൽകുമാറിന്റെ രചനകൾ. എഴുതുന്ന അത്രതന്നെ ആഴത്തിൽ മൗനംപാലിക്കാനും ശീലിച്ച ഈ എഴുത്തുകാരനുമായുള്ള സംഭാഷണം സാഹിത്യത്തിന്റെ മറ്റൊരു കാലത്തെ തുറന്നിടുന്നു

ആദ്യകഥ ‘ഇരുമ്പിന്റെ സംഗീതം’(1968)പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു. അന്ന് എം.ടി. വാസുദേവൻ നായരായിരുന്നു പത്രാധിപർ. തുടർന്നും ഒട്ടേറെ കഥകൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. എം.ടി.യുടെ കഥാരീതികളിൽനിന്ന്‌ വ്യത്യസ്തസമീപനമായിരുന്നു താങ്കളുടേത്. ഇപ്പോൾ ആ പത്രാധിപരെ എങ്ങനെ വിലയിരുത്തുന്നു
= എം.ടി.യുമായി ഔപചാരികബന്ധംമാത്രമായിരുന്നു ഉണ്ടായിരുന്നത്. ‘അയച്ച കഥ കിട്ടി’ എന്നൊരു വരിയൊഴികെ പരിചയം നിലനിർത്തുന്ന ഒന്നും കിട്ടുന്ന കത്തിലുണ്ടാവില്ല. ആദ്യ കഥാസമാഹാരം ‘ജലം’ പ്രസിദ്ധീകരിച്ചത് തൃശ്ശൂർ കറന്റ് ബുക്സായിരുന്നു. എം.ടി. അംഗമായ അക്കാദമി അവാർഡ് കമ്മിറ്റി ആ പുസ്തകത്തിന് അവാർഡുതന്ന് എന്നെത്തന്നെ വിസ്മയിപ്പിച്ചു. ‘കാല’ത്തെക്കാൾ മികച്ച കൃതിയാണ് ‘ഖസാക്ക്’ എന്ന എന്റെ ലേഖനം എം.ടി. പ്രസിദ്ധീകരിച്ചു.
‘ജല’ത്തിന്റെ പുതിയ പതിപ്പ് ഇറക്കിയപ്പോൾ കഥകൾ കോപ്പി എഡിറ്റ് ചെയ്തു എന്ന് കേട്ടിട്ടുണ്ട്.
= ഈയിടെ എം.ടി. ഒരു അഭിമുഖത്തിൽ പറയുന്നതുകണ്ടു, ആദ്യനോവൽ നാലുകെട്ടിന്റെ അവസാനം തൃപ്തികരമായെന്ന് ഇപ്പോൾ വായിക്കുമ്പോൾ തോന്നുന്നില്ല എന്ന്. എന്തുകൊണ്ട് ഈ പ്രശസ്ത നോവൽ എം.ടി.ക്ക് കോപ്പി എഡിറ്റ്ചെയ്ത് ഭാവി തലമുറയ്ക്ക് സമ്മാനിച്ചുകൂടാ? ഖസാക്ക് പത്തുവർഷത്തോളം വിജയൻ രാകിയും മിനുക്കിയും പുതുക്കിയെന്ന് അഭിമാനിക്കുന്നവരാണ് നാം. എന്തുകൊണ്ട് എഴുത്തുകാർ അവരുടെ പുതിയ പുസ്തകങ്ങൾ പുതിയ പതിപ്പ് ഇറക്കുമ്പോൾ പകർത്തിയെഴുതി ആശയവിനിമയം എളുപ്പമാക്കുന്നില്ല?
പരമ്പരാഗതരീതികളോട് കലഹിച്ചാണല്ലോ എഴുതിത്തുടങ്ങിയത്. ആധുനികതയുടെ കാലത്തെ സമകാലിക എഴുത്തുകാരെ എങ്ങനെ വായിച്ചിരുന്നു
= ‘ഇനി ഒരഞ്ചുവർഷം നീ എഴുതരുത്’ എന്നായിരുന്നു യുവ മുകുന്ദനോട് ഒ.വി. വിജയന്റെ ഗുരുകല്പനയെന്ന് മുകുന്ദന്റെ ഒരഭിമുഖത്തിൽ വായിച്ചതോർക്കുന്നു. ഡൽഹിയിലെ മലയാളം എഴുത്തുകാർ പതിവായി കാണുമെന്നും രചനകൾ വായിച്ച്‌ മറ്റുള്ളവരുമായി അഭിപ്രായം പങ്കിടുമെന്നും ഡൽഹി പത്രപ്രവർത്തകർ പ്രചരിപ്പിച്ച കാലത്തുതന്നെ വിജയൻ എഴുതിയത് ഓർക്കുന്നു: ‘എന്നോടൊപ്പം എഴുതുന്നവരുടെ രചനകൾ ഞാൻ പിന്തുടാറില്ല. ‘ആരെങ്കിലും ആധുനികരെ വിടാതെ വായിച്ചിട്ടുണ്ടെങ്കിൽ പത്രാധിപത്തൊഴിൽപരമായി എം.ടി.യും വിമർശനപരമായി കെ.പി. അപ്പനും ആയിരുന്നു. അപ്പൻ ആധുനികതയുടെ രക്ഷകൻ അർജുനൻതന്നെയായി. ആധുനികത, യാഥാസ്ഥിതികരാൽ നിർദയം വേട്ടയാടപ്പെടുന്ന ആ കാലത്ത് പ്രതിരോധം തീർക്കാനും ആധികാരികതയോടെ ഓരോരുത്തരെയും സാഹിത്യത്തിൽ അടയാളപ്പെടുത്താനും അപ്പന്റെ രചനകൾക്ക് അക്കാലത്ത്‌ സാധിച്ചു. രാജകൃഷ്ണനും ആഷാ മേനോനും ആധുനികതയ്ക്കനുകൂലമായി എഴുതിയവരെങ്കിലും അപ്പന്റെ പോരാട്ടച്ചിട്ട അതൊന്നുവേറെത്തന്നെ. ഒ.വി. വിജയന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള രചനകളും സ്റ്റേറ്റ്സ്‌മാൻ, ഹിന്ദു പത്രങ്ങളിൽ വന്ന കാർട്ടുണുകളും വായിച്ചിരുന്നു. അതുപോലെ കാക്കനാടന്റെ കഥകളും കൗതുകത്തോടെ വായിച്ചിരുന്നു. ആനന്ദിന്റെ മരണ സർട്ടിഫിക്കറ്റ് എം. ഗോവിന്ദന്റെ സമീക്ഷയിൽ വന്നപ്പോൾത്തന്നെ വായിച്ചു. മറ്റുള്ളവരുടെ രചനകൾ ഒരെഴുത്തുകാരൻ എങ്ങനെ വായിക്കാതിരിക്കും.?
കെ.പി. നിർമൽ കുമാർ എന്ന ആധുനിക എഴുത്തുകാരനെ മലയാളവായനക്കാർ ശരിയായി വായിച്ചുൾക്കൊണ്ടു എന്ന് കരുതുന്നുണ്ടോ
= നിങ്ങൾക്ക് ഇരുനൂറോ മുന്നൂറോ വായനക്കാരുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതൊരു ബഹുമതിയായി കാേണണ്ട സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എനിക്ക്‌ പരിചയമുള്ള കുടുംബങ്ങളിലെ യുവതലമുറ ആഴ്ചപ്പതിപ്പ് വാങ്ങിക്കുന്നതുപോട്ടെ വായിക്കുന്നുപോലുമില്ല. അത്തരം വായനരീതി മതിപ്പോടെ ഉൾക്കൊള്ളുന്നുമില്ല. ജനപ്രിയനോവലുകൾ എഴുതുന്നവർക്ക് ഉത്തമസാഹിത്യപ്പട്ടം നൽകി പ്രസാധകർ ബഹുമാനിക്കുന്നു. ആദ്യ കഥ ഇരുമ്പിന്റെ സംഗീതം മാതൃഭൂമി സ്വീകരിച്ചു. അടുത്ത ഒന്നരക്കൊല്ലത്തിനുള്ളിൽ ഏഴോളം കഥകൾ മാതൃഭൂമിയിൽ വന്നു. ആ കഥകൾ പുസ്തകരൂപത്തിലായപ്പോൾ സാഹിത്യ അക്കാദമി അവാർഡ് കിട്ടി.
നിർമൽ കുമാറിന്റെ കഥകളെ ‘സർഗാത്മക ധാർഷ്ട്യം’ എന്നാണ് മേതിൽ രാധാകൃഷ്ണൻ വിശേഷിപ്പിച്ചത്. ആ വിശേഷണം എല്ലാ കാലത്തും തുടരാൻ കഴിഞ്ഞോ
= ഖസാക്ക് അതിന്റെ വിസ്മയകരമായ സ്വാധീനകാലത്ത് യുവ ആരാധകരായ കുറെപ്പേരെ തീവ്രാനുഭൂതിയോടെ കൂടെനിർത്തി. സച്ചിദാനന്ദന്റെ ജ്വാല മിനിമാസിക പ്രത്യേക പതിപ്പിറക്കി ഖസാക്കിനെ പ്രകീർത്തിച്ചു. അങ്ങനെ ഖസാക്കാലയത്തിൽ പരിചയപ്പെട്ടയാളാണ് സുഹൃത്ത് മാസിക പത്രാധിപരായ മേതിൽ രാധാകൃഷ്ണൻ. മേതിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സൂര്യവംശം നോവൽ എഴുതാൻ തുടങ്ങിയപ്പോൾ ആദ്യലക്കം കണ്ട ആഹ്ലാദം ഞാൻ മറുനാട്ടിലിരുന്ന് അറിയിച്ചത് ടെലിഗ്രാംവഴിയായിരുന്നു. എന്റെ കഥകളെക്കുറിച്ച്‌ മേതിൽ ആരോട് എന്തെല്ലാം പറഞ്ഞു എന്നൊന്നും അറിയാത്തവിധം വേറൊരു ഭൂമികയിലാണ് അക്കാലത്ത്‌ ഞാൻ കഴിഞ്ഞത്. ഏറ്റവുമൊടുവിൽ ഒരു കൊല്ലംമുമ്പായിരിക്കണം, അനന്തപുരിയിലുള്ള മേതിലുമായി ഫോണിൽ കുറെ സംസാരിച്ചത്. ഒ.വി. വിജയന്റെ മരണശേഷം മേതിൽ അനുസ്മരണമെഴുതിയില്ലെന്ന്‌ ഞാൻ പരിഭവിച്ചു. മുഖ്യധാരാപ്രസിദ്ധീകരണത്തിലല്ല എഴുതിയതെന്നുപറഞ്ഞു. ദേശാഭിമാനിയിലെ മേതിലിന്റെ അഭിമുഖം ഓൺലൈനിൽ കണ്ടപ്പോൾത്തന്നെ ലിങ്ക് ഞാൻ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തു. സുരഭില യുവതയിലെ ആസ്വാദ്യകരമായ ഒരു ഭൂതകാലസ്മരണ പരിക്കേൽക്കാതിരിക്കട്ടെ. അങ്ങനെ ഞാൻ കരുതുന്നതിൽ ധാർഷ്ട്യത്തിന്റെയോ സർഗാത്മകതയുടെയോ തിരുശേഷിപ്പുണ്ടാവില്ല. മാതൃഭൂമി മനോഹരമായി പ്രസിദ്ധീകരിച്ച മേതിൽ കഥകൾ ആ സൗഹൃദസ്മരണയ്ക്കായി വാങ്ങി ഷെൽഫിൽ വെച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് എഴുതിയ ഏഴുകഥകളെ താങ്കൾ പിന്നീട് തള്ളിപ്പറഞ്ഞത്
= എം.ടി. പത്രാധിപരായിരുന്ന കാലത്തായിരുന്നു കൃഷ്ണഗന്ധകജ്വാലകൾ, ഒരു സംഘം അഭയാർഥികൾ എന്നീ സമാഹാരങ്ങളിലെ കഥകൾ വരുന്നത്. സ്വച്ഛന്ദമൃത്യു, കബന്ധങ്ങൾ, അപരാഹ്നം, സതി എന്നിങ്ങനെ ഒരിക്കൽ നിരൂപകശ്രദ്ധനേടിയ ഏഴോളം കഥകൾ തിരഞ്ഞെടുത്ത കഥകൾ എന്ന പതിപ്പിൽ ഉൾപ്പെടുത്താതിരുന്നത് ആ കഥകൾ ഇന്ന് എന്റെ സാഹിത്യസങ്കല്പങ്ങളുമായി ഒത്തുപോകുന്നില്ല എന്ന തിരിച്ചറിവിൽ സംഭവിച്ചതാണ്. ഈ കഥകളെക്കുറിച്ച് ഫെയ്‌സ്ബുക്കിലുംമറ്റും സഹൃദയർ വല്ലപ്പോഴും ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. മറുനാടൻനഗരികളിൽക്കഴിഞ്ഞ ഒരു ഇരുണ്ടയുവത്വത്തെ ഓർമിപ്പിക്കുന്ന ആ കഥകൾ ഫലത്തിൽ തള്ളിക്കളഞ്ഞു എന്നുവേണം വായനക്കാർ കണക്കാക്കാൻ. എന്റെ സാഹിത്യജീവിതം ജനമേജയന്റെ ജിജ്ഞാസ, ഇന്നത്തെ അതിഥി, അതീത ശക്തി, കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ, തിരഞ്ഞെടുത്ത കഥകൾ എന്നിവയിൽ ഒതുങ്ങുന്നു
ആധുനികതയെക്കുറിച്ചുള്ള താങ്കളുടെ സമീപനങ്ങൾ മാറിയോ
= ഒരിക്കൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ആധുനികതയെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ ഏറ്റുപറഞ്ഞു, ‘ആധുനികത എഴുപതുക്കളുടെ മധ്യത്തോടെ സ്വയം റദ്ദുചെയ്യപ്പെട്ടു, ഞങ്ങൾ ബലിതർപ്പണം ചെയ്തു, ആധുനികതയെ സാഹിത്യചരിത്രത്തിലേക്ക് പറഞ്ഞയച്ചു’ എന്ന്. പ്രപഞ്ചത്തിന്റെ പൊരുൾ ഇപ്പോൾ ആരെയും അസ്വസ്ഥരാക്കുന്നില്ല. എന്നാൽ, ഭൗതികജീവിതം എഴുത്തുകാരനെ കീഴ്‌പ്പെടുത്തി ശ്വാസംമുട്ടിക്കുന്ന അവസ്ഥയായി.
ഒരിക്കൽ ഖസാക്കിൽ അഭിരമിച്ച ഒരാൾ ഇപ്പോൾ മഹാഭാരതത്തിൽ അഭിരമിക്കുന്നു. ഇതൊരു വൈരുധ്യമല്ലേ
= ഒരുപക്ഷേ, അതുകൊണ്ടായിരിക്കുമോ എഴുത്തുകാരൻ വൈരുധ്യങ്ങളുടെ കലവറയെന്ന്‌ അപഹസിക്കപ്പെടുന്നതും! ഒരുമാസത്തിൽക്കുറഞ്ഞൊരു കാലം ചുരുങ്ങിയ ഭൗതികസാഹചര്യങ്ങളിൽക്കഴിഞ്ഞ തസ്രാക്ക് ഗ്രാമത്തെയാണ് വിജയൻ ഖസാക്ക് ഭൂമികയാക്കിയത്. വിദേശരാജ്യങ്ങളിൽ പോകാതെ വിജയൻ കഥാപാത്രങ്ങളെ വിദേശരാജ്യങ്ങളിൽ വിജയകരമായി വിന്യസിച്ചു. നിളയോര കൂടല്ലൂരിൽനിന്നൊരു കഥാകാരൻ രണ്ടാമൂഴം നോവലെഴുതി. പിന്നെ, വാരാണസി എല്ലാ വിധത്തിലുമുള്ള അയുക്തികളും വൈരുധ്യങ്ങളും ഏറ്റുവാങ്ങുന്നൊരു ഹൃദയസംഗമസ്ഥാനമായി. മലയാളസാഹിത്യരചന ഇനിയും പരിമിതികളില്ലാതെ പടർന്നുപന്തലിക്കട്ടെ.
വ്യാസനിൽനിന്ന്‌ എഴുത്തച്ഛനിലേക്കുള്ള ദൂരത്തെ എങ്ങനെ കാണുന്നു
= എഴുത്തച്ഛന്റെ മഹാഭാരതം ഞാൻ വായിച്ചിട്ടില്ല. എഴുത്തച്ഛന്റെ രാമായണം (എം.കെ സാനുവിന്റെ അടിക്കുറിപ്പുള്ള, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച) കുറെ ദിവസങ്ങളെടുത്ത് ഞാൻ വായിച്ചു. അജ്ഞേയവാദിയായ വായനക്കാരന് ദാർശനിക ഉൾക്കാഴ്ചതരുക എന്നതല്ല എഴുത്തച്ഛന്റെ കിളിപ്പാട്ടിന്റെ ലക്ഷ്യം. വിശ്വാസികളുടെ ഭക്തിഗാനം എന്നനിലയിൽ അതിനെ കാണണം.
പുതിയ എഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടല്ലോ. അവരുടെ പരിമിതിയും സാധ്യതകളും എന്താണ്
= അന്തർലോകത്തെ ഏകാധിപതികളായിരുന്നു ആധുനികകാലകഥാപാത്രങ്ങളെങ്കിൽ, പുതുകഥയിലെ നായകൻ കൂട്ടായ്മയുമായി സഖ്യംചേർന്നവനാണ്. ജാതി-മത വേർതിരിവുകൾക്ക് അതീതരായി മാനവമൂല്യങ്ങളുടെ സംരക്ഷണത്തിനായി രാഷ്ട്രീയശരികൾ (political correctness) പിടിച്ച് നിരത്തിലിറങ്ങാൻ തയ്യാറാണ്. ജനാധിപത്യത്തിന് ഭീഷണിയുയർത്തുന്ന ശക്തികൾക്കെതിരേ സമരവീര്യത്തോടെ ഇറങ്ങിത്തിരിക്കുന്നു. നേരെ വാ മനസ്സിന്റെ ഉടമകളാണവർ. സാമൂഹികമാധ്യമങ്ങളുടെ സജീവസാന്നിധ്യം ആത്മാവിഷ്കാരത്തിനായി ആവുന്നത്ര പ്രയോജനപ്പെടുത്തുന്നു, നേട്ടം കൊയ്യുന്നു. അന്തരീക്ഷവർണന, ദാർശനികചിന്താശകലങ്ങൾ, ഏകാന്തത, കാവ്യാത്മക ഭാഷ എന്നിങ്ങനെ ഒരിക്കൽ മലയാളകഥാരചനയെ കൊഴുപ്പിച്ച ചേരുവകൾ ഇപ്പോൾ കഥയുടെ ഊട്ടുപുരയിൽ ആരും ഉപയോഗിച്ചുകാണുന്നില്ല. അതിന് നന്ദി.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..