കഥ പറയുന്ന ചങ്ങലക്കൂട്ടം


By ജി. വേണുഗോപാൽ karazhmavenugopal@gmail.com

4 min read
Read later
Print
Share

കാവ്യമായും കഥകളായും കേരളത്തിൽ പടർന്നതാണ് കവളപ്പാറക്കൊമ്പൻ എന്ന ആനയുടെ ജീവിതവും പരാക്രമങ്ങളും. ആ കൊമ്പനെ തളച്ച ചങ്ങല ഇപ്പോഴും ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിലെ കൊടിമരത്തിനോടുചേർന്നുള്ള വലിയ വിളക്കിനുകീഴിൽ ചുറ്റിക്കിടപ്പുണ്ട്്്. ആ ചങ്ങലയിൽ കവളപ്പാറക്കൊമ്പനെ തളച്ചിട്ട് 2023 മാർച്ച് നാലിന്‌ (1198 കുംഭം 20) 99 വർഷമാകുന്നു

ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിന്റെ കൊടിമരത്തോടു ചേർന്നുള്ള വലിയ വിളക്കിനുകീഴിൽ ഒരു ചങ്ങല കിടപ്പുണ്ട്. ആനച്ചങ്ങലകൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ഇതുപോലൊരെണ്ണം കണ്ടിട്ടുണ്ടാവില്ല. സാധാരണ ആനച്ചങ്ങലയുടെ അഞ്ചിരട്ടി വലുപ്പമുണ്ട് ഇതിന്. ഇത്തരമൊരു ചങ്ങലയിൽ ഒരു ആനയെ തളയ്ക്കണമെങ്കിൽ അത്‌ സാധാരണ ആനയായിരിക്കില്ല. ഈ ചങ്ങലയിൽ തളച്ചത് വെറുമൊരു കൊമ്പനെയായിരുന്നില്ല -സാക്ഷാൽ കവളപ്പാറക്കൊമ്പനെയായിരുന്നു. ഈ ചങ്ങലയിൽ കവളപ്പാറക്കൊമ്പനെ തളച്ചിട്ട് 2023 മാർച്ച് നാലിന് (1198 കുംഭം 20) 99 വർഷമാകുന്നു. 1099 കുംഭം 20 തിങ്കളാഴ്ചയാണ് തന്റെ അവസാനത്തെ കൊലയും പുലകുളിയും നടത്തിയ കവളപ്പാറയെ ഈ ചങ്ങലയിൽ തളച്ചതും പിന്നീട് ആ ചങ്ങലയിൽതന്നെ കിടന്ന് കൊമ്പൻ പരലോകംപൂകിയതും.
ആരോ കുറിച്ചുവെച്ചു, ആരൊക്കെയോ പാടി, നാവിൽനിന്ന് നാവിലേക്ക് പടർന്ന് നാടോടിപ്പാട്ടായിമാറിയതാണ് കവളപ്പാറ​െക്കാമ്പന്റെ ജീവിതകഥ. തിരുവഞ്ചിക്കുളംമുതൽ വടക്കോട് ആനക്കമ്പക്കാരുടെ ചുണ്ടുകളിൽ ഇപ്പോഴുമുണ്ട് കവളപ്പാറക്കൊമ്പന്റെ ചരിത്രം.

‘കൊലയാനയെങ്കിലും കവളപ്പാറ ആനയ്ക്ക്
പുലകുളിയേറ്റവും ചിട്ടയാണേ.
കൊന്നാലുടൻചെന്ന് തണ്ണിയിൽ മുങ്ങുക
എന്നും പതിവാണീ ദുഷ്ടപാപി’

ഒരു ആനയ്ക്കുവേണ്ടി ഒരു ഖണ്ഡകാവ്യംതന്നെ ഉണ്ടായെങ്കിൽ അത് കവളപ്പാറക്കൊമ്പനുവേണ്ടിയായിരുന്നു. മദപ്പാടിൽ കൊലവിളി നടത്തിയ കവളപ്പാറക്കൊമ്പനെ മാസങ്ങളോളം ബന്ധിച്ചിരുന്നത് ഈ ചങ്ങലയിലാണ്. എന്നാൽ, ഈ ചങ്ങല കൂടൽമാണിക്യത്തിലെത്തന്നെ മറ്റൊരു ആനയായിരുന്ന വലിയ രവിയെ തളയ്ക്കാൻ ഉപയോഗിച്ചിരുന്നതാണെന്നും കവളപ്പാറയ്ക്ക് മദമിളകിയപ്പോഴാണ് ഈ ചങ്ങലയിൽ ബന്ധിച്ചതെന്നും പറയപ്പെടുന്നു.
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണ് കവളപ്പാറ ആന ജീവിച്ചിരുന്നത്. ചരിത്രപരമായി കൃത്യമായ ഒരു രേഖപ്പെടുത്തൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. ഇതിനാൽത്തന്നെ വാമൊഴിയായാണ് കവളപ്പാറയുടെ കഥ പ്രചരിച്ചത്. ഗജപോക്കിരി എന്ന വാക്കിന്റെ ശരിയായ അർഥമായിരുന്നു കവളപ്പാറക്കൊമ്പൻ. സഹ്യപർവതനിരകളിൽ ഒരുക്കിയ വാരിക്കുഴികളിലൊന്നിൽ വീണുകിട്ടിയ ആനക്കുട്ടി പ്രഭു കുടുംബമായിരുന്ന കവളപ്പാറ നായരുടെ വീട്ടിലേക്ക് എത്തിച്ചേരുകയായിരുന്നു. ഉഗ്രപ്രതാപിയായിരുന്നു കവളപ്പാറ നായർ. ഈ പ്രഭുകുടുംബത്തിന്റെ നടുമുറ്റത്ത് വാൾത്തലകളുടെ തിളക്കവും യുദ്ധമുറകളുടെ വായ്ത്താരികളും കേട്ടാണ് കവളപ്പാറക്കൊമ്പൻ വളർന്നത്.
വിശാലമായ തറവാട്ടുപറമ്പിൽ ചങ്ങലയ്ക്കിടാതെയാണ് ആദ്യം കൊമ്പനെ വളർത്തിയത്. എന്നാൽ, പറമ്പിലെ തെങ്ങുകൾ കുത്തിമറിച്ചിട്ടാണ് കവളപ്പാറ തന്റെ കരുത്തിന്റെ ആദ്യസാന്നിധ്യമറിയിച്ചത്.
ഗജരാജന്റെ കരുത്തിനെ ആദ്യമായി ചങ്ങലയ്ക്കിടാൻ കവളപ്പാറ നായർ തീരുമാനിച്ചു. അങ്ങനെ കൊമ്പൻ മറ്റ് ആനകളെപ്പോലെ ചങ്ങലയിൽ തളയ്ക്കപ്പെട്ടു. ഈ സമയത്താണ് കവളപ്പാറ തറവാട്ടിലെ കുട്ടികൾക്ക് അഭ്യാസമുറകൾ ചൊല്ലിക്കൊടുക്കാനെത്തിയ കേളുനമ്പ്യാർ എന്ന അഭ്യാസി കവളപ്പാറക്കൊമ്പനെ ചട്ടം പഠിപ്പിക്കാൻ തീരുമാനിച്ചത്. ‘വടിയിൽ ഒതുങ്ങാത്ത ആനയെ നാട്ടിൽ വളർത്താൻ കഴിയില്ല. ആനക്കൊമ്പിൽ ഒരു കാലത്തും മനുഷ്യച്ചോര പുരളരുത്. എഴുന്നള്ളിക്കുമ്പോൾ അത് ഈശ്വരന്മാർക്ക് പിടിക്കില്ല.’ ഇതായിരുന്നു കേളുനമ്പ്യാരുടെ വാദം. തുടർന്ന് ചൂരൽച്ചൂടിൽ കേളുനമ്പ്യാർ കൊമ്പനെ പരിശീലിപ്പിക്കാൻ തുടങ്ങി. എന്നാൽ, തന്റെ കരുത്തിൽ കൂച്ചുചങ്ങലയുടെ കണ്ണിപൊട്ടിച്ച് അലറിയ കൊമ്പന്റെ മുനകൂർത്തകൊമ്പിൽ കേളുനമ്പ്യാരുടെ ചോര കുതിർന്നു. തുടർന്ന് കൊമ്പൻ തെക്കേ ദിക്കിലെ പായൽമൂടിയ കുളത്തിൽ ഇറങ്ങി കുളിച്ച് ഒന്നും അറിയാത്തപോലെ കരയ്ക്കുകയറി. കവളപ്പാറക്കൊമ്പന്റെ ആദ്യത്തെ കൊലയും ആദ്യത്തെ പുലകുളിയുമായിരുന്നു അത്.
പിന്നീട് ഏതുദിക്കിൽ മദിച്ചു കൊലനടത്തിയാലും പുലകുളിക്ക് തീർഥക്കുളം തേടുമായിരുന്നു കവളപ്പാറക്കൊമ്പൻ. ഈ കൊമ്പന്റെ സ്വഭാവത്തെക്കുറിച്ചുള്ള പാട്ടുകൾക്കും അതിനാൽ കുറവില്ലായിരുന്നു:

‘കണ്ടാലോ വണ്ണവും പൊണ്ണവുമുണ്ടെടോ
കണ്ടേടം കൊല്ലണം ശീലം കണ്ടാൽ
പോക്കിരി വേഷത്തിലൂക്കനാണിദ്ദേഹം
പോക്കണംകെട്ട പഹയനാണേ
പാർപ്പിടംപോലും തകർക്കുന്നിച്ചേട്ടയ്ക്ക്
പാപ്പാന്മാർ മൂന്നുപേരുണ്ടുപോലും
ഏക്കത്തിനേൽപ്പിക്കാനായിട്ടു ചെന്നാേലാ-
ഇക്കരി തീർത്ഥത്തിലാണുവാസം’

കേളുനമ്പ്യാരുടെ മരണത്തിനുശേഷമാണ് കവളപ്പാറക്കൊമ്പനെ കൂടൽമാണിക്യക്ഷേത്രത്തിൽ കവളപ്പാറനായർ നടയിരുത്തുന്നത്. ഒരു കറുത്തവാവ് ദിവസമായിരുന്നു ക്ഷേത്രത്തിലേക്കുള്ള കൊമ്പന്റെ വരവ്. കവളപ്പാറ കുടുംബക്കാർ മാസംതോറും കുളിച്ചുതൊഴുതിരുന്നത് കൂടൽമാണിക്യക്ഷേത്രത്തിലായിരുന്നു. നിന്റെ ഭ്രാന്ത് ഇവിടത്തെ ഈശ്വരൻ കുറയ്ക്കട്ടെ -ഇതായിരുന്നു കവളപ്പാറനായരുടെ പ്രാർഥന.
ആനകളുടെ മനസ്സറിയുന്ന കുഞ്ഞൻനായരായിരുന്നു കൊമ്പന്റെ പാപ്പാൻ. തിടമ്പേറ്റിയാൽ തലയെടുപ്പിൽ മുമ്പനായ കൊമ്പനോട് ആളുകൾക്കു വാത്സല്യംതോന്നി. എന്നാൽ, എപ്പോൾ വേണമെങ്കിലും കൊലവിളിനടത്താമെന്ന ദുഷ്പേരും കൊമ്പനു ലഭിച്ചു. കവളപ്പാറക്കൊമ്പന്റെ കരുത്തും ശക്തിയും ദേശമെമ്പാടും കഥകളായിപ്പരന്നു. ഇത് സുപ്രസിദ്ധിയാണോ കുപ്രസിദ്ധിയാണോ എന്നുമാത്രം സംശയം. കരുത്തരുടെ കഥകളിൽ അവൻ മുഖ്യകഥാപാത്രമായി.
പന്തിയിൽത്തന്നെയുള്ള ആനകളെ കുത്തുന്ന സ്വഭാവം ഉള്ളതുകൊണ്ട് ‘പന്തിയിൽക്കുത്തി’ എന്ന പേരും കവളപ്പാറക്കൊമ്പനുണ്ടായിരുന്നു. ആരെ കൊന്നാലും അടുത്തുള്ള തീർഥക്കുളത്തിൽ കുളിച്ചുകയറിയിരുന്നു. കൊമ്പൻ ഒന്നല്ല, ഇരുപത്തിയൊന്നു വട്ടമാണ് പുലകുളിച്ചത്.
വർഷങ്ങളോളം ഒപ്പംനിന്ന പാപ്പാൻ കുഞ്ഞൻനായരായിരുന്നു കവളപ്പാറക്കൊമ്പന്റെ അവസാന ഇര. കൊല്ലവർഷം 1099 കുംഭം 20 തിങ്കളാഴ്ചയാണ് തന്റെ അവസാനത്തെ കൊല കവളപ്പാറ നടത്തിയത്. അന്ന് കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം. ഒൻപത് ആനകളുടെ എഴുന്നള്ളിപ്പ്. തിടമ്പെഴുന്നള്ളിക്കാൻ നിയോഗം കവളപ്പാറക്കൊമ്പന്. എഴുന്നള്ളത്തിനുള്ള ആയിരം വെടികൾ മുഴങ്ങിയപ്പോൾ സഹപാപ്പാന്മാരെ കൊമ്പൻ ഓടിച്ചുവിട്ടു. ചെവിപ്പുറത്തുവെച്ചിരുന്ന കുന്തവും തള്ളി താഴെയിട്ടു. എഴുന്നള്ളത്തു സമയമായപ്പോൾ ഇടഞ്ഞുനിന്നു. കൊമ്പനെ ഒരു മകനെപ്പോലെ നോക്കുന്ന തന്നെ കൊമ്പൻ കൊല്ലുമെന്ന് ഒരിക്കലും കുഞ്ഞൻനായർ കരുതിയില്ല. സഹപാപ്പാന്മാർ വന്ന് കവളപ്പാറ ഇടഞ്ഞെന്നു പറഞ്ഞപ്പോൾ കുഞ്ഞൻനായർ ശിവനെ പ്രാർഥിച്ചത് ഇങ്ങനെയാണ്.
‘വാരണത്തെച്ചെന്ന് നേരെയാക്കീടുവാൻ
പാരം തുണയ്ക്കാൻ നീ ചാരുശീല
മർത്യനെ കൊന്നു തയമ്പുപിടിച്ചുള്ള
മത്തേഭനിന്നു മദിച്ചിടല്ലേ
കുട്ടികളഞ്ചുണ്ടിപാപിക്കുദൈവമേ
കഷ്ടതയൊന്നും ഭവിച്ചീടല്ലേ
ചോറിനുവേണ്ടിയീ ജോലി നോക്കുന്നു ഞാൻ
വേറെ വഴിയൊന്നുമില്ലിവനും
മുപ്പതുകൊല്ലമായിപ്പണിനോക്കുന്നു.
ഇപ്പോഴെൻ ചോറിനുഭംഗമായോ
വമ്പനാം കൊമ്പന്റെ ഹുങ്കുകൾ മാറ്റുമാ
നമ്പി തുണയ്ക്കണേ ശംഭോശിവ’
എന്നാൽ, ആനയുടെ അടുത്തേക്കുചെന്ന കുഞ്ഞനെ ഈ പ്രാർഥന തുണച്ചില്ല. അടുത്തേക്കുവന്ന കൊമ്പൻ തുമ്പിക്കൈകൊണ്ട് പ്രഹരിച്ചു. പ്രഹരമേറ്റു നിലത്തുപതിച്ച കുഞ്ഞന്റെ നെഞ്ചിലേക്ക് കൊമ്പ് കുത്തിക്കയറ്റി. കുഞ്ഞനെ കൊമ്പിൽച്ചേർത്തു, കവളപ്പാറ. നിമിഷങ്ങൾക്കകംതന്നെ ആ കൊച്ചുമനുഷ്യൻ കൊല്ലപ്പെട്ടു. പിന്നെ കണ്ടതൊക്കെ തകർത്തു മുന്നോട്ട്. ഇതിനിടയ്ക്ക്‌ മദിച്ച കൊമ്പനെ നാലുപാടുനിന്നും ജനങ്ങൾ കല്ലെറിഞ്ഞു. കൊലചെയ്തശേഷം അടുത്തുകണ്ട കുളത്തിൽ പുലകുളിനടത്തി. തുടർന്ന്‌ ഇരിങ്ങാലക്കുടയിലേക്കു മടക്കയാത്ര. വഴികളിൽ ജനങ്ങളുടെ കല്ലേറുകൾ. ഒരു അവസാനത്തിന്റെ ആരംഭമായിരുന്നു അത്.
കൂടൽമാണിക്യത്തിൽ തിരിച്ചെത്തി ശാന്തനായ കൊമ്പനെ മറ്റു പാപ്പാന്മാർ വലിയ ആനച്ചങ്ങലയിൽ തളച്ചു. കീഴടക്കപ്പെട്ട്‌ വലിയ ചങ്ങലയാൽ തളയ്ക്കപ്പെട്ട കൊമ്പൻ പിന്നീട് ഒരിക്കലും അതിൽനിന്നു മോചിതനായില്ല. ഒരാളും അവനെ അഴിക്കാൻ ധൈര്യപ്പെട്ടില്ല എന്നതാണു സത്യം.

ജനക്കൂട്ടത്തിന്റെ രോഷം മുഴുവൻ കല്ലേറുകളായി ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടത് ശരീരത്തിൽ വലിയ വ്രണങ്ങളായി. ഇത് പഴുത്തുപൊട്ടി. ചങ്ങലകൾ സൃഷ്ടിച്ച മുറിവുകളും വ്രണങ്ങളായി മാംസത്തിലേക്കിറങ്ങി. എന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ദുരിതപൂർണമായ എട്ടുമാസത്തിനുശേഷം ചങ്ങലയിൽ കിടന്നുതന്നെ കവളപ്പാറക്കൊമ്പൻ ചരിഞ്ഞു. കവളപ്പാറക്കൊമ്പൻ ചരിത്രമായി, കാവ്യമായി. തൃശ്ശൂർ ജില്ലയിലെ വെങ്കിടങ്ങ് ശങ്കരനാരായണ എലിമെന്ററി സ്‌കൂളിൽ പഠിപ്പിച്ചിരുന്ന സി.സി. വർഗീസ് എന്ന പാവറട്ടി സ്വദേശിയായ ഒരു സ്‌കൂൾ മാഷ് ഈ ആനയെപ്പറ്റി എഴുതിയ കവിത -കവളപ്പാറക്കൊമ്പൻ -അങ്ങനെ പ്രശസ്തമായി.
ഇരുപത്തിയൊന്നു മനുഷ്യജീവനുകൾ കൊമ്പിൽക്കോർത്ത, കലാപകലുഷിതമായി മുന്നോട്ടുപോയ ആനയുടെ ജീവിതകഥ മറ്റൊരുതരത്തിലും വാമൊഴിയായി പ്രചരിക്കുന്നുണ്ട്. തിരുവഞ്ചിക്കുളം ക്ഷേത്രോത്സവത്തിൽ പ്രധാനിയായിരുന്ന കവളപ്പാറക്കൊമ്പന്റെ വാശി പരീക്ഷിക്കാൻ കൊച്ചിരാജാവ് തീരുമാനിച്ചത്രേ. കൊച്ചിരാജാവിന്റെ ആജ്ഞപ്രകാരം തേവരുടെ കോലം അദ്ദേഹത്തിന്റെ ആനയുടെ തലയിൽക്കയറ്റി. ഇതിൽ പ്രതിഷേധിച്ച്‌ കൊമ്പൻ പ്രകോപിതരായി. കോലംവെച്ച ആനയെ കുത്തിമറിച്ചിട്ടു. കൊമ്പനെ നിയന്ത്രിക്കാൻ പാപ്പാന്മാർ പഠിച്ചപണി പതിനെട്ടും നോക്കി. ഇതിനിടയിൽ ഒന്നാം പാപ്പാനായ കുഞ്ഞൻനായർ അവനെ ഒരു അത്താണിയിൽ ബന്ധിച്ചു. കൊമ്പൻ അത് പറിച്ചുകൊണ്ട് കവളപ്പാറ ലക്ഷ്യമിട്ടു നടന്നു. ഇതുകണ്ട് കുഞ്ഞൻനായർ അവന്റെ തുമ്പിയിൽ വടികൊണ്ടടിച്ചതിനെത്തുടർന്ന്‌ കുഞ്ഞൻനായരെ അവൻ തുമ്പികൊണ്ടടിച്ചുവീഴ്ത്തി കൊമ്പിൽ കോർത്തു. പിന്നെ കുഞ്ഞൻനായരുടെ ജഡം തുമ്പിയോടുചേർത്ത്‌ ശാന്തനായിനിന്നു. പാപ്പാനെ കൊന്നതിൽ
ദുഃഖിതനായ കൊമ്പൻ കല്ലെറിയുന്ന നാട്ടുകാരോട്‌ പ്രതിഷേധിക്കാതെ കണ്ണീരൊഴുക്കിനിന്നു. തന്റെ ആനയെ കുത്തിയതിനുള്ള അപമാനത്തിനു പകരമായി കൊച്ചിരാജാവ് ബ്രിട്ടീഷ് പോലീസിനെക്കൊണ്ട് കവളപ്പാറ കൊമ്പനുനേരെ നിറയൊഴിപ്പിച്ചു. ചരിഞ്ഞുവീണപ്പോഴും കുഞ്ഞൻനായരെ തുമ്പിക്കൈകൊണ്ട് കെട്ടിപ്പിടിച്ചിരുന്നെന്നും പറയുന്നു. ഈ ദുരന്തമറിഞ്ഞ മൂപ്പിൽ നായർ പൊട്ടിക്കരഞ്ഞുവത്രേ. വെടിയേറ്റ ആന മരണവെപ്രാളത്തിൽ തിരുവഞ്ചിക്കുളം ഗോപുരവാതിലിൽ കുത്തിയ പാടുകളാണത്രേ ഇപ്പോഴും അവിടെ കാണുന്നതെന്നും വാമൊഴികളിലുണ്ട്‌.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..