.
ഏകാന്തതയുടെ നൂറു വർഷങ്ങൾ’ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് വായിച്ചത്. കണ്ടുമറന്ന ഒരു നീണ്ട സ്വപ്നത്തിലെ ദൃശ്യങ്ങൾ പിന്നീട് കണ്ണാടികൾകൊണ്ടുമാത്രം വേർതിരിക്കപ്പെട്ട ഒരു മ്യൂസിയത്തിൽ നടന്നുകാണുന്നതുപോലെയായിരുന്നു അതിന്റെ വായന. നാടോടികൾ കൊണ്ടുവന്ന കാന്തക്കട്ടകൾക്കുപിറകെ പാത്രങ്ങളും പിഞ്ഞാണങ്ങളും മറ്റ് ലോഹസാമഗ്രികളുമെല്ലാം നിഗൂഢമായൊരു മാന്ത്രികവിദ്യയിലെന്നവണ്ണം പുറപ്പെട്ടുപോകുന്നതിന്റെ ആഹ്ലാദകരമായ നടുക്കം ഇപ്പോഴും വിട്ടുപോയിട്ടില്ല. ജിപ്സികളുടെ കൂടാരത്തിലേക്ക് മഞ്ഞുകട്ട കാണാനായി കുട്ടികളെ മുത്തച്ഛൻ കൊണ്ടുപോയ വിദൂരമായ ആ അപരാഹ്നം സ്വന്തം അനുഭവമായിത്തോന്നിയിരുന്നു. സുതാര്യമായ ആ മഞ്ഞുകട്ടയിൽ തൊട്ടപ്പോൾ ലോകമെമ്പാടുമുള്ള വായനക്കാരെപ്പോലെ എനിക്കും തണുപ്പുകൊണ്ടു പൊള്ളി. പിൽക്കാലത്ത് ഗബ്രിയേൽ ഗാർസ്യ മാർക്കേസ് നമ്മുടെ മാതൃഭാഷയിലെഴുതുന്ന ഒരെഴുത്തുകാരനായി മാറിയിരുന്നു. അദ്ദേഹം എഴുതിയതും അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതുമായ പുസ്തകങ്ങളെല്ലാം വായിച്ചു, വാങ്ങിസൂക്ഷിച്ചു.
മാക്കൊണ്ടയിൽ ചെന്നുനിന്നപ്പോൾ ആ സ്ഥലം മലയാളിക്ക് അപരിചിതമായിത്തോന്നാതിരുന്നത് എന്താവാം? അടുപ്പങ്ങൾ, രുചികൾ: പങ്കുെവക്കാൻ ഏറെയുണ്ട്. കൊടിയ വേനലും മഴകളും, സസ്യജാലങ്ങൾ, കൊളോണിയൽ ഭൂതകാലം, വിശ്വാസങ്ങൾ, ദാരിദ്ര്യം, നമുക്കു പരിചിതരായി തോന്നുന്ന കഥാപാത്രങ്ങൾ, സമ്പത്തിലും സാമൂഹികസാഹചര്യങ്ങളിലുമുള്ള അസമത്വം, ഭിന്നമെങ്കിലും പ്രകടമായ ഒരു ജാതിവ്യവസ്ഥയെക്കുറിച്ചുള്ള സൂചനകൾ, കമ്യൂണിസം, പറങ്കികൾ വഴിക്കുള്ള (Luso-Hispanic) ക്രിസ്തീയ ആചാരങ്ങൾ: അങ്ങനെ സാദൃശ്യങ്ങളുടെ ഒരു നിരതന്നെ എടുത്തെഴുതാനാവും.
എം.ടി. വാസുദേവൻ നായർ ഒരു അമേരിക്കൻ യാത്ര കഴിഞ്ഞുവന്നപ്പോൾ കൊണ്ടുവന്ന ‘ഏകാന്തതയുടെ നൂറു വർഷങ്ങളുടെ’ ഒരു കോപ്പി നൊബേൽസമ്മാനം നേടുന്നതിനു മുന്നേത്തന്നെ മാർക്കേസിനെ കേരളത്തിൽ വായനക്കാരുടെ ശ്രദ്ധയിലേക്കു കൊണ്ടുവന്നിരുന്നു. എം. കൃഷ്ണൻനായർ സാഹിത്യവാരഫലത്തിലൂടെയും സ്വതന്ത്രമായ ചില ലേഖനങ്ങളിലൂടെയും മാന്ത്രികവാസ്തവികതയുടെ സവിശേഷതകൾ വിശദീകരിച്ചു. ഹുവാൻ റൂൾഫോയുടെ ‘പെദ്രോ പരാമോ’ വിവർത്തനം ചെയ്തുകൊണ്ട് വിലാസിനി എഴുതിയ ആമുഖലേഖനം ലാറ്റിനമേരിക്കൻ സാഹിത്യത്തിലേക്കുള്ള ഒരു പ്രവേശികയായിരുന്നു. നാലുദശകത്തിലേറെയായി മാർക്കേസും അദ്ദേഹത്തിന്റെ കൃതികളും നമുക്കിടയിലുണ്ട്. തൊണ്ണൂറുകളിൽ, മാർക്കേസടക്കമുള്ള എഴുത്തുകാരുടെ ശൈലിയെയും പ്രമേയങ്ങളെയും കുറിച്ച് സ്വാഭാവികമായ വിമർശനങ്ങളുണ്ടാവുകയും ലാറ്റിനമേരിക്കൻ യുവത്വം അവരെ മറികടന്നുപോകാൻ ശ്രമിക്കുകയും ചെയ്തു എന്നുണ്ടെങ്കിലും നമ്മുടെ മാർക്കേസ് ഭക്തിക്ക് ഒട്ടും ഉടവുതട്ടിയിട്ടില്ലെന്നുവേണം വിചാരിക്കാൻ.
മാർക്കേസിന്റെ മിക്കപുസ്തകങ്ങളും മലയാളത്തിൽ വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. ചിലതിനെങ്കിലും ഒന്നിൽക്കൂടുതൽ വിവർത്തനങ്ങൾ. കുറെ വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന് കഠിനമായൊരു രോഗം പിടിപെട്ടു എന്ന കിംവദന്തി കേട്ടപ്പോൾ കോഴിക്കോട്ടുള്ള ആരാധകർ രോഗശാന്തിക്കായി ഒരു പ്രാർഥനായോഗം വിളിച്ചുകൂട്ടുകയുണ്ടായി. 2014-ൽ മാർക്കേസിന്റെ മരണവാർത്തയുമായി വന്ന ആ കൊടുംദുഃഖവെള്ളിയാഴ്ച, പത്രങ്ങളും ചാനലുകളും സ്മരണാഞ്ജലികൾകൊണ്ട് നിറഞ്ഞു. കേരളമങ്ങോളമിങ്ങോളം അനുശോചനയോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. നമ്മുടെ രണ്ട് എഴുത്തുകാർ -ബെന്യാമിനും മധു എസ്. നായരും- അവിടെ പോവുകയും ബന്ധുമിത്രാദികളെ കണ്ടും കേട്ടുമുള്ള വിശേഷങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയുമുണ്ടായി.
എൺപതുകളുടെ തുടക്കത്തിൽ ഫിദൽ കാസ്ട്രോയ്‌ക്കൊപ്പം ഡൽഹിയിൽ വന്നുപോയ ഗാബോ പക്ഷേ, അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വായനക്കാരുടെ തട്ടകമായ കേരളത്തിൽ വരുകയുണ്ടായില്ല. ഇങ്ങനെ ഒരു പ്രദേശവും തന്റെ കടുത്ത ആരാധകരും ഭൂമിയിലൊരിടത്ത് നിലനിൽക്കുന്ന കാര്യവും മിക്കവാറും അദ്ദേഹം അറിഞ്ഞിരിക്കാനിടയില്ല. അക്കാര്യത്തിൽ ഒരു നഷ്ടബോധം തോന്നുക നമുക്കു സ്വാഭാവികമാണ്. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്റെ മകനായ ഒരു യുവാവ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുക്കാൻ കേരളത്തിൽ വന്നു.
മാതെയോ ഗാർസ്യ എലസാന്ദോ: അതാണ് മുപ്പത്തഞ്ചുവയസ്സുള്ള ആ ചെറുപ്പക്കാരന്റെ പേര്. ജീവിതത്തിൽ പലനിലയ്ക്കും ഗാബോയെ പിന്തുടരുകയാണ് അയാളെന്നു തോന്നും. മാതെയോ പത്രപ്രവർത്തകനാണ്, നോവലിസ്റ്റാണ്, സിനിമക്കാരനുമാണ്. എല്ലാം മുത്തച്ഛന്റെ കർമരംഗങ്ങൾ. 2019-ൽ എഴുതിയ ആദ്യനോവൽ (Una sita con la lady) പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുകയും പുരസ്കാരങ്ങൾ നേടുകയുമുണ്ടായി. 2015-ൽ അയാൾകൂടി ചേർന്നെഴുതിയ തിരക്കഥയിലാണ് ‘ഡെസർത്യോ’ എന്ന മെക്സിക്കൻ ചിത്രം ഓസ്കർ അവാർഡുകളിൽ മത്സരിച്ചത്. ഈയിടെ ബ്രിട്ടീഷ് മാസികയായ ‘ഗ്രാന്റ’ ഏറ്റവുംപുതിയ സ്പാനിഷ് എഴുത്തുകാരിലൊരാളായി മാതെയോവിനെ തിരഞ്ഞെടുക്കുകയുമുണ്ടായി.
പേരിലെന്നതുപോലെ എഴുത്തിലും മാതെയോയ്ക്ക് രണ്ടു വ്യത്യസ്തമായ സാഹിത്യപാരമ്പര്യങ്ങൾ കൈമുതലായിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടിലെ ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ അതികായരായിരുന്ന രണ്ട് എഴുത്തുകാരുടെ പേരക്കുട്ടിയാണയാൾ. മാന്ത്രിക വാസ്തവികതയുടെ പ്രയോക്താവായിരുന്ന ഗബ്രിയേൽ ഗാർസ്യ മാർക്കേസും അത്തരം ശൈലിയുമായി വിയോജിച്ചുപോയിരുന്ന സാൽവദോർ എലസാന്ദോ അൽക്കാൽദെയും ആണ് ആ മുത്തച്ഛന്മാർ.
ഇളംവെയിലുണ്ടായിരുന്ന ഒരു വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിലിരുന്ന് തന്റെ മുത്തച്ഛന്റെ കാന്തികവലയത്തിൽപ്പെട്ടുപോയ വായനക്കാരോട് മാതെയോ സ്നേഹത്തോടെ സംസാരിച്ചു. വേദികളിൽ മാത്രമല്ല, പുറത്തും വൈകുന്നേരത്തെ ഒത്തുചേരലുകളിലും റെയിൽവേ സ്റ്റേഷനിലും പുസ്തകശാലയിലും എല്ലാം മാതെയോ ചെന്നു. അവിടെയെല്ലാം ഏകാന്തതയിലെ കഥാപാത്രമായ മൗറീഷ്യോ ബാബിലോണിയയ്ക്കു ചുറ്റും മഞ്ഞശലഭങ്ങളെന്നതുപോലെ മാർക്കേസ് വായനക്കാർ അയാളെ വലംവെച്ചുനിന്നു.
മാർക്കേസിന് എട്ടുവയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മുത്തച്ഛൻ കേണൽ നിക്കോളോസ് റിക്കാർഡോ മാർക്കേസ് മരിച്ചുപോയി. മുത്തച്ഛന്റെ മരണശേഷം തന്റെ ജീവിതത്തിൽ സവിശേഷമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് മാർക്കേസ് പറയാറുണ്ട്. ദുഃസ്വപ്നങ്ങളിൽനിന്ന് ഞെട്ടിയുണരുമ്പോഴും മുത്തച്ഛനെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തെ ആശ്വസിപ്പിക്കുമായിരുന്നു. പല രചനകളിലും മുത്തച്ഛനെ ഒരു കഥാപാത്രമായി അദ്ദേഹം കൂടെക്കൂട്ടി. മാതെയോവിനെ സംബന്ധിച്ച് എങ്ങനെയായിരുന്നു മുത്തച്ഛൻ? അദ്ദേഹം താങ്കളുടെ എഴുത്തിനെ എങ്ങനെ സ്വാധീനിച്ചു
= എഴുത്ത് ഒരു കൺകെട്ടുവിദ്യയാണെന്നാണ് മുത്തച്ഛൻ എന്നോടുപറഞ്ഞിട്ടുള്ളത്. എപ്പോഴും വായനക്കാരനെ പിടിച്ചിരുത്താൻ നീ ശ്രദ്ധിക്കണം. ഒരിക്കൽ വിട്ടുപോയാൽ അയാൾ പിന്നെ തിരിച്ചുവരില്ല. ഓരോ സന്ദർഭത്തിനും അനുയോജ്യമായ രൂപകങ്ങൾ ഉണ്ടാക്കണം. ഉദാഹരണത്തിന് ഏകാന്തതയുടെ നൂറു വർഷങ്ങളിലെ സുന്ദരി (റെമെദിയോസ്) ആകാശത്തേക്കു പറന്നുപോകുന്നത് എങ്ങനെയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ആളുകൾ വിശ്വസിക്കണമല്ലോ. അയയിൽ ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങൾ കാറ്റിൽ പറന്നുപോകുന്നതു കണ്ടപ്പോഴാണ് അതെങ്ങനെ സാധിച്ചെടുക്കാം എന്ന് അദ്ദേഹത്തിനു മനസ്സിലായത്. കഥകളുടെയും പുസ്തകങ്ങളുടെയും ഇടയിലാണ് എന്റെ ബാല്യം. ചെറുപ്പത്തിൽ അദ്ദേഹം എനിക്കു പുസ്തകങ്ങൾ സമ്മാനിക്കുമായിരുന്നു. ഏഴുവയസ്സുള്ളപ്പോൾ തന്ന ഒരു പുസ്തകം യാസുനാരി കവാബാത്തയുടെ സഹശയനം (House of Sleeping Beauties) ആയിരുന്നു. അത്രയും നന്നേ ചെറുപ്പത്തിൽ വായിക്കാൻ സാധിക്കുന്ന തരത്തിലുള്ള പുസ്തകമല്ല അത്. എന്നാലും അതു പ്രധാനപ്പെട്ട പുസ്തകമാണെന്ന് ഞാൻ മനസ്സിലാക്കി. ആ പുസ്തകം താൻ എഴുതാൻ ആഗ്രഹിച്ചിരുന്നതാണെന്ന് മുത്തച്ഛൻ പറയുമായിരുന്നു. പിന്നീടദ്ദേഹം അതിന് ആദരമർപ്പിച്ചുകൊണ്ട് ഒരു നോവൽ എഴുതുകതന്നെ ചെയ്തു, എന്റെ വിഷാദവേശ്യകളെക്കുറിച്ചുള്ള ഓർമകൾ (Memory of my melancholy whores). കഥാഗതിയെ ഏതു ദിശയിലേക്കാണ് നയിക്കേണ്ടതെന്ന് ഒരാൾ മനസ്സിലാക്കിയിരിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്റെ മുത്തശ്ശി പറഞ്ഞിരുന്ന, അസംഭവ്യമെന്നുതോന്നിക്കുന്ന നാട്ടിൻപുറത്തെ കഥകൾ മാർക്കേസിനെ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്. വളരെ നിസ്സംഗമായിട്ടായിരുന്നു മുത്തശ്ശി കഥപറയുക. അവയെല്ലാം കേട്ടുവളർന്ന് ഒരു വലിയ അന്ധവിശ്വാസിയായിത്തീർന്ന ഒരാളായിരുന്നു അദ്ദേഹം
മോശം അഭിരുചി എന്ന അർഥത്തിലുള്ള പാവ (Pava) എന്ന കാര്യത്തിൽ മാർക്കേസ് വിശ്വസിച്ചിരുന്നു. പ്ലാസ്റ്റിക് പൂക്കൾ, മയിൽ, ചില പദങ്ങൾ... അങ്ങനെ പലതും ദുഃശകുനമാണ് ഗാബോയ്്ക്ക്. മാതെയോ ഇക്കാര്യത്തിൽ മുത്തച്ഛനെ പിന്തുടരുന്നുണ്ടോ
= ഞാനും അങ്ങനെ ചിലതെല്ലാം വിശ്വസിക്കുന്ന ഒരാളാണ്. മാർക്കേസിനെപ്പോലുള്ള ആളുകൾക്കൊപ്പം ജീവിക്കുകയാണെങ്കിൽ അത്തരം കാര്യങ്ങളിൽനിന്ന് ഒഴിയാനാവില്ല. പുസ്തകങ്ങളും സാഹിത്യവും മാന്ത്രികവസ്തുക്കളാണെന്നാണ് എന്റെയും വിശ്വാസം. ഉദാഹരണത്തിന് ഞാനിപ്പോൾ മുത്തച്ഛന്റെ പുസ്തകങ്ങൾ വായിക്കുമ്പോൾ മരിച്ചുപോയ അദ്ദേഹത്തോടു സംസാരിക്കുന്നതുപോലെ തോന്നുന്നു. ഇനി ഞാൻ
മരിച്ചുപോകുമ്പോൾ എന്റെ പുസ്തകങ്ങളിലൂടെ എനിക്ക് ജീവിച്ചിരിക്കുന്നവരോടു സംസാരിക്കാൻ സാധിക്കും. അങ്ങനെയാണ് സാഹിത്യവിനിമയത്തിന്റെ രീതി. അതൊരു ഉപചാരക്രിയയാണ്. സാധാരണലോഹങ്ങളെ സ്വർണമാക്കാൻ കഴിവുണ്ടായിരുന്ന ഒരു മാന്ത്രികനായിട്ടാണ് ഞാൻ ഗാബോയെ കാണുന്നത്. ഏകാന്തതയുടെ നൂറുവർഷങ്ങളിലെ ബുവേന്ദിയയെപ്പോലെ ചെറിയ സ്വർണമത്സ്യങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്ന ഒരാൾ.
‘‘എൺപതുവയസ്സിലെത്തുമ്പോഴുള്ള കാഴ്ചകൾ അമ്പരപ്പിക്കുന്നതാണ്. അവസാനത്തോടടുക്കുകയാണ്.’’ -അദ്ദേഹം പറഞ്ഞു. ‘‘അച്ഛനു പേടിതോന്നുന്നുണ്ടോ?’’ -ഞാൻ ചോദിച്ചു. ‘എനിക്ക് അതിയായ സങ്കടം തോന്നുന്നു.’ അദ്ദേഹം എത്ര സത്യസന്ധമായാണ് എന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടിപറഞ്ഞിരുന്നത് എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു. വിശേഷിച്ചും എന്റെ ചോദ്യങ്ങളിലെ നിർദാക്ഷിണ്യത്തെക്കുറിച്ചോർക്കുമ്പോൾ’’ ...
താങ്കളുടെ വലിയച്ഛൻ -റോദ്രിഗോ ഗാർസ്യ ബാർച, മാർക്കേസിന്റെ മൂത്തമകൻ- എഴുതിയ ‘ഗാബോയ്ക്കും മെർസിഡസിനും യാത്രാമൊഴി’ എന്ന പുസ്തകത്തിൽനിന്നാണ് ഈ ഉദ്ധരണികൾ. മുത്തച്ഛന്റെ അവസാനകാലത്ത് താങ്കൾ കൂടെയുണ്ടായിരുന്നു എന്നറിയാം. എന്തൊക്കെയാണ് അക്കാലത്തെക്കുറിച്ചുള്ള ഓർമകൾ
= വലിയ പ്രശസ്തനായിരുന്ന, എപ്പോഴും യാത്രചെയ്യുകയും സരസമായി സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരാളായിരുന്നു മുത്തച്ഛൻ. പക്ഷേ, അവസാനകാലത്ത് അദ്ദേഹം വളരെ മാറിപ്പോയി. ഓർമകൾ മാഞ്ഞു. അതു വലിയ
ദുഃഖമായിരുന്നു. കാരണം, തന്റെ ഓർമശക്തിയെക്കുറിച്ച് വലിയ അഭിമാനമുള്ള ഒരാളായിരുന്നു മുത്തച്ഛൻ. ഒടുവിൽ, സ്വന്തം പുസ്തകങ്ങൾ മറിച്ചുനോക്കി അവയെല്ലാം താനെഴുതിയതാണെന്നുകേട്ട് അദ്ദേഹം അമ്പരന്നിരുന്നു. അത്രമേൽ പ്രശസ്തിയിൽ ജീവിച്ചിരുന്ന ഒരാൾ ഒടുവിൽ ഒരു കുട്ടിയെപ്പോലെ പെരുമാറാൻ തുടങ്ങി. ഞങ്ങൾ തമ്മിലുള്ള ബന്ധം തിരിമറിഞ്ഞു. അദ്ദേഹത്തോട് ശിശുക്കളോടെന്നപോലുള്ള ഒരു വാത്സല്യമായിരുന്നു എനിക്കപ്പോൾ. വലിയ ഉത്കണ്ഠയുണ്ടായിരുന്നു അദ്ദേഹത്തിന്. മാക്കോണ്ടോയിലെ മനുഷ്യർ മറവിരോഗത്തിന് അടിപ്പെടുന്നതിന്റെ കഥ ഓർക്കുകയാണെന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ അവസ്ഥ അതിനുസമാനമാണെന്നു തോന്നും.
‘എന്നാൽ പിതാക്കന്മാരെ കൊന്നുകളയണം, കവികൾ അനാഥരായിട്ടാണ് പിറക്കുന്നത്.’ തൊണ്ണൂറുകളിൽ ലാറ്റിനമേരിക്കൻ ‘ഉച്ചസാഹിത്യത്തെ’ (Boom Literature) നിശിതമായി വെല്ലുവിളിച്ച റോബെർതോ ബൊലാന്യോ ‘ഡാൻസ് കാർഡ്’ എന്ന തന്റെ കഥയിൽ എഴുതിയ വരികളാണ് ഇവ. ഇന്നത്തെ സ്പാനിഷ് എഴുത്തുകാർ എന്നനിലയിൽ മാതെയോവിന്റെ തലമുറ എങ്ങനെ പ്രതികരിക്കുന്നു? താങ്കളുടെ കാര്യത്തിലാണെങ്കിൽ പിതാക്കന്മാരെയല്ല, പിതാമഹന്മാരെയും കൊന്നുകളയേണ്ടതുണ്ടല്ലോ!
= ശരിയാണ്. മുമ്പേ പോയവരെ നിഗ്രഹിക്കേണ്ടതുണ്ട്. ഇക്കാര്യം പറയാൻ ഏറ്റവും യോഗ്യൻ ഞാൻതന്നെയാണെന്നു തോന്നുന്നു. മാർക്കേസിൽനിന്നും കഷ്ടി രക്ഷപ്പെട്ടുവരുമ്പോഴേക്കും ഹുവാൻ റൂൾഫോയുമായുള്ള സ്വാധീനം എന്നിൽ ആരോപിക്കപ്പെടുന്നു. അതുണ്ടാവാം. മറ്റു പല പുസ്തകങ്ങളുമായും ഉണ്ട്. സ്വാധീനങ്ങൾ ഒഴിവാക്കുക എളുപ്പമല്ല. എന്നാലും ശ്രമിക്കുന്നുണ്ട്. ബൂം സാഹിത്യത്തിന്റെ കാര്യത്തിൽ വിശേഷിച്ചും. ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഒരു മുന്നേറ്റമായിരുന്നു അത്. ഭീഷണമായ ഒരു സാന്നിധ്യം. എപ്പോഴും അവരുമായി താരതമ്യംചെയ്യപ്പെടുന്നു. അവരുമായി മത്സരിക്കേണ്ടിവരുന്നു. ഞാൻ പറയാറുണ്ട്: ഭീമാകാരന്മാരായ ആ മനുഷ്യരുടെ തോളിൽ കയറിയിരിക്കാനായിരുന്നു എന്റെ പരിശ്രമം. എന്നാൽ, അവരുടെ നിഴലിൽ വന്നുപെടുക എന്ന വിധിയാണ് എനിക്കു സംഭവിച്ചത്. ഗാബോയെപ്പറ്റി പറയാതിരിക്കാനാണ് ഞാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എനിക്ക് എന്റേതായ ഒരു സാഹിത്യം പണിതെടുക്കേണ്ടതുണ്ടായിരുന്നു. ലാറ്റിനമേരിക്കയിലുള്ള എല്ലാ നല്ല എഴുത്തുകാരും ബൂം എഴുത്തുകാരുടെ സഹായമില്ലാതെ മുന്നോട്ടുപോകാനാണ് പണിപ്പെടുന്നത്. എന്റെ കാര്യത്തിൽ എഴുത്തിലെ പാരമ്പര്യം ഒരു ഗുണമായി ഭവിക്കുന്നുണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തെപ്പോലെ ഒരു മുത്തച്ഛനോടൊപ്പം കുട്ടിക്കാലം ചെലവഴിക്കുക എന്നതു മനോഹരംതന്നെയാണ്. പക്ഷേ, എഴുത്തുകാരനെന്നനിലയിൽ ഗാബോയുടെ പേരക്കുട്ടിയാവുക എന്നത് വലിയ ബാധ്യതയാണ്. ആളുകൾ നമ്മളിൽനിന്ന് കൂടുതൽ വലിയതെന്തൊക്കെയോ പ്രതീക്ഷിക്കും. അതൊട്ടും നീതിപൂർവകമല്ല. എന്റെ കൃതികൾ അവയുടെ ഗുണത്തിന്റെയടിസ്ഥാനത്തിൽ വേണ്ടേ വിലയിരുത്തപ്പെടാൻ? ഇതിപ്പോൾ ഒരു വലിയ നിഴലിൽ നിൽക്കുകയാണ്. ഗാബോയുടെ പേരക്കുട്ടി എന്ന സ്ഥാനത്തിരിക്കുന്നത് വലിയഭാരമാണ്.
‘ഒട്ടേറെ പ്രസിഡന്റുമാരെയും മെത്രാന്മാരെയും പരിചയമുണ്ട് എന്നതിൽ ത്രില്ലടിച്ചിരുന്ന ഒരാൾ’ എന്നാണ് മാർക്കേസിനെപ്പറ്റി ബോലാന്യോ പറഞ്ഞത്. സോഷ്യലിസ്റ്റായിരുന്ന മിത്തറാങ്ങുമായും പോപ്പ് ജോൺ പോൾ രണ്ടാമനുമായും ഫിദൽ കാസ്‌ട്രോയെപ്പോലുള്ള രാഷ്ട്രനേതാക്കളുമായിട്ടുമൊക്കെ അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഒരാളായിരുന്നു അദ്ദേഹമെന്നും നമുക്കറിയാം. എന്താണ് താങ്കളുടെ രാഷ്ട്രീയം
= രാഷ്ട്രീയത്തെ ഒഴിവാക്കുകയാണ് ഞാൻ പൊതുവേ ചെയ്യുന്നത്. അതു സങ്കീർണമാണ്. ഓരോ രാജ്യത്തെയും ജനത അവരുടേതായ രാഷ്ട്രീയം കണ്ടെത്തുകയാണുവേണ്ടത്. ഒരു രാജ്യത്തിന്റെ അവസ്ഥയ്ക്ക് അവിടത്തെ ജനതയും കാരണക്കാരാണ്. ഒരർഥത്തിൽ ഞാനൊരു അരാജകവാദിയാണ്. അങ്ങനെ സർക്കാരുകളൊന്നും നമുക്കുവേണ്ട. ജനങ്ങൾക്ക് അതെല്ലാം സ്വയം നടത്തിക്കൊണ്ടുപോകാൻ കഴിയും. മുത്തച്ഛൻ അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്നു പറയുന്നതു ശരിയാണ്. പക്ഷേ, അദ്ദേഹം അവരുടെയടുത്തു പോവുകയല്ല, പകരം അവർ അദ്ദേഹത്തെ തേടിവരുകയാണ് ചെയ്തത്. അധികാരത്തിന്റെ ഏകാന്തതയെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും പറയാൻ ശ്രമിച്ചിട്ടുള്ളത്. എന്നാലും അധികാരത്തിന്റെ വിശേഷാവകാശങ്ങൾ അദ്ദേഹം ആസ്വദിച്ചിരുന്നു.
മുത്തച്ഛന്റെ എല്ലാ രചനകളും വായിച്ചിട്ടുണ്ടോ
= എല്ലാ കൃതികളും ഇല്ല.
അദ്ദേഹത്തിന്റെ രചനകളിൽ ഇഷ്ടപ്പെട്ട നോവൽ ഏതാണ്? കഥകൾ? എന്തുകൊണ്ട്
= ഏകാന്തതയുടെ നൂറുവർഷങ്ങളാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാബോ കൃതി. ഒരുപക്ഷേ, അതു ഞങ്ങളുടെ കുടുംബത്തിന്റെ ചരിത്രം എന്നനിലയ്ക്കാവാം. അതിലുപരി അതിന്റെ എഴുത്തുരീതി എന്നെ ആകർഷിച്ചിരുന്നു. അവസാനഭാഗമൊക്കെയെത്തുമ്പോൾ ഞാൻ ശരിക്കും അമ്പരന്നുപോയിട്ടുണ്ട്. കഥകളിൽ ഓഗസ്റ്റിലെ ഭൂതങ്ങൾ (Ghosts of August) എനിക്കു പ്രിയപ്പെട്ടതാണ്. പിന്നെ വെള്ളം വെളിച്ചം പോലെ (Light, like Water). എന്റെ അച്ഛനും അമ്മാവനും കുട്ടികളായിരുന്നപ്പോൾ മുത്തച്ഛൻ അവരെ കഥാപാത്രങ്ങളായി എഴുതിയതാണല്ലോ. അതൊക്കെയാണെങ്കിലും മറ്റു രചനകളെയൊക്കെ സാധാരണവായനക്കാരെപ്പോലെയാണ് ഞാൻ നോക്കിക്കാണുന്നത്.
ഒരു അഭിമുഖത്തിൽ മാർക്കേസിനോടുള്ള ചോദ്യം ഇങ്ങനെയായിരുന്നു: ‘‘ഏകാന്തതയുടെ നൂറുവർഷങ്ങളുടെ വിജയത്തിൽ താങ്കൾ കുഴങ്ങിപ്പോയെന്നു തോന്നുന്നു.’’
ഉത്തരം: ‘‘അതെ. വല്ലാതെ.’’ സ്വകാര്യതയെ തകർത്തുതരിപ്പണമാക്കിയ ആ പ്രശസ്തിയെ എങ്ങനെയാണ് അദ്ദേഹം കൈകാര്യംചെയ്തത്
= പ്രശസ്തി അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. എല്ലാവരും പ്രശസ്തരാവാൻ പരിശ്രമിക്കും. എന്നാൽ, അങ്ങനെ പ്രശസ്തരായിത്തീരുമ്പോഴുണ്ടാകുന്ന പ്രതിസന്ധി വളരെവലുതാണ്. അതിനെ അഭിമുഖീകരിക്കുക എളുപ്പമല്ല. എങ്കിലും തന്റെ സ്വകാര്യജീവിതത്തെ പരമാവധി സൂക്ഷിച്ചുകൊണ്ടുപോകാൻ അദ്ദേഹം പണിപ്പെട്ടു. എങ്കിലും ചിലപ്പോഴെല്ലാം പ്രശസ്തിയിൽ അഭിരമിക്കുകയും ചെയ്തു. ആൾക്കൂട്ടത്തിൽ തിരിച്ചറിയപ്പെടുന്നതും സ്വന്തം പുസ്തകങ്ങൾ ഒപ്പിട്ടുകൊടുക്കുന്നതുമെല്ലാം അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..