മക്കളേ,
ജീവിതത്തിൽ എല്ലായ്‌പ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നടക്കണമെന്നില്ല. പലപ്പോഴും നമ്മുടെ മാർഗത്തിൽ തടസ്സങ്ങളും പ്രയാസങ്ങളും നേരിടേണ്ടിവന്നേക്കാം. എല്ലാറ്റിനെയും പുഞ്ചിരിയോടെ നേരിടാനുള്ള കഴിവ് നമ്മൾ നേടിയെടുക്കണം. നീന്താനറിയാത്ത ഒരാളെ സംബന്ധിച്ചിടത്തോളം കടലിലെ കൂറ്റൻ തിരമാലകൾ ഭയാനകമാണ്. കടലിൽ നീന്താൻ ശ്രമിച്ചാൽ തന്റെ ജീവൻതന്നെ അപകടത്തിലാകുമെന്ന് അയാൾക്കറിയാം. എന്നാൽ, നീന്തൽ അറിയാവുന്ന ഒരാൾ തിരമാലകൾകണ്ട് ഭയപ്പെടില്ല. അയാളെ സംബന്ധിച്ചിടത്തോളം അവ ആനന്ദദായകമാണ്. അതുപോലെ, ജീവിതത്തിലെ ഉയർച്ചതാഴ്ചകളെ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നത് ശരിയായ അറിവും ശരിയായ മനോഭാവവുമാണ്.പ്രതിബന്ധങ്ങളൊന്നും ഉണ്ടാകരുതെന്ന് ചിന്തിക്കരുത്. കടലിലെ തിരമാലകൾ പൂർണമായി അടങ്ങുന്നതിനായി കടൽത്തീരത്ത് കാത്തുനിൽക്കുന്നതുപോലെയാണത്. സമയം വിലപ്പെട്ടതാണ്. അതിനാൽ നാം സമയം ഒട്ടും പാഴാക്കാതെ വിവേകപൂർവം പ്രയത്നിക്കുകയാണ് വേണ്ടത്.
അവസരങ്ങൾ നമ്മളെ തേടിയെത്തുമ്പോൾ അത് തിരിച്ചറിയാൻ പലപ്പോഴും നമുക്ക് കഴിയാറില്ല. കാരണം, പ്രശ്നങ്ങളുടെയും വെല്ലുവിളികളുടെയും വേഷം ധരിച്ചായിരിക്കും അവ വന്നെത്തുന്നത്. നമ്മുടെ ദൗർബല്യങ്ങളെ തിരിച്ചറിയാനും അതിജീവിക്കാനും അതിലൂടെ സ്വയം ശക്തിയാർജിക്കാനുമുള്ള അവസരങ്ങളായി അവയെ കാണാൻകഴിഞ്ഞാൽ നമ്മൾ വിജയിച്ചു എന്നുതന്നെ പറയാം. അതുകൊണ്ട് മനോഭാവത്തിലാണ് ആദ്യം മാറ്റംവരുത്തേണ്ടത്.നമ്മൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ഓരോ സാഹചര്യവും നമ്മുടെ ദുർബലതയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. കണ്ണാടിയിൽ നോക്കി നമ്മുടെ മുഖത്തെ അഴുക്ക് മാറ്റുന്നതുപോലെ നമ്മുടെ ദൗർബല്യങ്ങളെ അതിജീവിക്കാനുള്ള അവസരങ്ങളായി അത്തരം സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ചില സാഹചര്യങ്ങൾ ദുഃഖമോ ഭയമോ ദേഷ്യമോ ഉളവാക്കുന്നവയായിരിക്കും. എന്നാൽ, നമ്മൾ വിവേകപൂർവം ശ്രമിക്കുകയാണെങ്കിൽ അത്തരം സാഹചര്യങ്ങളെയും നമുക്ക് അനുകൂലമാക്കി മാറ്റാൻ കഴിയും. പലപ്പോഴും അനുഭവങ്ങൾ നൽകുന്ന സന്ദേശം നമ്മൾ പെട്ടെന്ന് ഉൾക്കൊള്ളാറില്ല. കയ്‌പുള്ള കഷായം രോഗിക്ക് ഗുണംചെയ്യുന്നതുപോലെ തിക്താനുഭവങ്ങൾപോലും പലപ്പോഴും പിന്നീട് നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നു.
യഥാർഥത്തിൽ പ്രതിസന്ധികൾ നമ്മുടെ ഇച്ഛാശക്തിയെയും കഴിവിനെയും ഉണർത്തുന്നവയാണ്. അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണെ സദാ വിമർശിച്ചുകൊണ്ടിരുന്ന ഒരു പ്രതിപക്ഷനേതാവുണ്ടായിരുന്നു. ലിങ്കൺ അദ്ദേഹത്തെ നിലയ്ക്കുനിർത്താൻ ഒന്നും ചെയ്തില്ല. എന്താണ് അതിനുകാരണമെന്ന് മറ്റൊരാൾ ചോദിച്ചപ്പോൾ ലിങ്കൺ പറഞ്ഞു. ‘അയാളുടെ വിമർശനംകൊണ്ട് എനിക്ക് ഗുണമുണ്ട്. ഞാൻ തെറ്റിലേക്ക് പോകാതിരിക്കാൻ അതുസഹായിക്കും. അയാളുടെ കാര്യമോർക്കുമ്പോൾ കുട്ടിക്കാലത്തുകണ്ട ഒരു കുതിരയുടെ കാര്യമാണ് ഓർമവരുന്നത്. അതൊരു മടിയൻ കുതിരയായിരുന്നു. തൊഴുത്തിൽ കെട്ടുമ്പോൾ അതിനെ ഒരു ചെള്ള് വന്ന് ഉപദ്രവിക്കുമായിരുന്നു. അതുകണ്ട് ഞാൻ ആ ചെള്ളിനെ കൊല്ലാൻ ശ്രമിച്ചു. അപ്പോൾ കുതിരയുടെ ഉടമസ്ഥൻ പറഞ്ഞു: ‘വേണ്ട, വേണ്ട, അതവിടെ ഇരിക്കട്ടെ. ആ മടിയൻ കുതിരയ്ക്ക് അല്പം ചുറുചുറുക്കുണ്ടാക്കാൻ ഈ ചെള്ള് പ്രയോജനപ്പെടും.’ ഈ ഒരു കാഴ്ചപ്പാടാണ് ജീവിതത്തിലെ പ്രയാസങ്ങളോട് നമുക്ക് ഉണ്ടാവേണ്ടത്.ജീവിതത്തിലെ പ്രതിസന്ധികൾ ഈശ്വരൻ നമുക്കായി ഒരുക്കിയ അവസരങ്ങളാണെന്നുകാണാൻ കഴിഞ്ഞാൽ അവിടത്തോടുള്ള നന്ദി നമ്മുടെ മനസ്സിൽ നിറയും. അതിന് നമ്മെ പ്രാപ്തരാക്കുന്ന ഗുരുക്കന്മാരാണ് ജീവിതാനുഭവങ്ങൾ.
അമ്മ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..