പൂർണിമ ഇന്ദ്രജിത്ത് ഒരു വണ്ടർവുമണാണ്. ജീവിതം സമ്മാനിച്ച വ്യത്യസ്ത റോളുകളെ അവർ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നത് അദ്ഭുതത്തോടെയേ കാണാനാവൂ. ഒന്നരവർഷം മാത്രമാണ് പൂർണിമ സിനിമയിൽ സജീവമായിനിന്നത്. പിന്നീട് വിവാഹശേഷം സിനിമയിൽനിന്ന് ഇടവേളയെടുത്ത അവർ സംരംഭകയുടെ റോളിലേക്ക് ചുവടുമാറ്റുകയായിരുന്നു. വിജയകരമായി തന്റെ ക്ലോത്തിങ് ബ്രാൻഡിനെ മുന്നോട്ട് നയിക്കുന്നതിനിടെ പതിനെട്ട് വർഷത്തിനുശേഷം വൈറസ് എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് വീണ്ടുമെത്തി. ഇപ്പോൾ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിലെ നിവിൻ പോളിയുടെ അമ്മവേഷത്തിലൂടെ സിനിമയിൽ തന്റെ സാന്നിധ്യം ശക്തമായുറപ്പിക്കുകയാണ് പൂർണിമ.
തുറമുഖം റിലീസാവാൻ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നല്ലോ
=സന്തോഷംനിറഞ്ഞ നിമിഷങ്ങളാണിത്. നമ്മൾ ആത്മാർഥമായി ചെയ്തൊരു ക്രാഫ്റ്റ് വലിയ സ്‌ക്രീനിൽ കാണാൻ പറ്റുന്നത് വളരെ വലിയ കാര്യമാണ്. സിനിമയെ വെറുമൊരു വിനോദമായി കാണാതെ ക്രാഫ്റ്റായിക്കണ്ട്, ഓരോ വിഭാഗത്തെയും പഠനവിഷയമായി നോക്കിക്കാണുന്ന
സമൂഹമാണ് ഇന്നുള്ളത്. അങ്ങനെയുള്ള പ്രേക്ഷകരിൽനിന്നും മികച്ച അഭിപ്രായങ്ങൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. തിരിച്ചുവരവിൽ തുറമുഖമാണ് ഞാൻ ആദ്യം കമിറ്റ് ചെയ്തത്. പക്ഷേ, വൈറസിന്റെ ഷൂട്ടിങ്ങാണ് ആദ്യം തുടങ്ങിയത്. വലിയൊരു ഇടവേളയ്ക്കുശേഷം ക്യാമറയെ അഭിമുഖീകരിക്കുന്നതിൽ ചില ബുദ്ധിമുട്ടുകളുണ്ടായെങ്കിലും അത് മറികടക്കാൻ പറ്റി. ഓരോ സിനിമയും ഓരോ അനുഭവങ്ങളാണ് തരുന്നത്. തുറമുഖം എല്ലാ രീതിയിലും വ്യത്യസ്തമാണ്. കഥയും കഥ പറയുന്ന രീതിയും എല്ലാം. നമുക്കിടയിൽ ജീവിച്ചിരുന്ന, എവിടെയും അടയാളപ്പെടുത്താതെപോയ വീരനായകന്റെ കഥയാണിത്. ഒരു മാറ്റത്തിന്റെ ഭാഗമായി ഒരു സമൂഹം തന്നെയുണ്ടാവുമല്ലോ. ആ സമൂഹത്തിൽ നമ്മൾ
പറയാൻ മറന്നുപോയ സ്ത്രീകഥാപാത്രങ്ങളും കാണും. ത്യാഗികളായ, നിലനിൽപ്പിനായി ജീവിതസാഹചര്യങ്ങളോട് യുദ്ധംചെയ്ത് മുന്നേറുന്ന പച്ചയായ മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്. രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും ചെയ്തിരിക്കുന്നു.
18 വർഷത്തെ ഇടവേളകഴിഞ്ഞെത്തുമ്പോൾ നിവിൻ പോളിയുടെ അമ്മവേഷത്തിലാണ്. എന്തുകൊണ്ടായിരുന്നു തുറമുഖം=തുറമുഖം ചിദംബരന്റെ നാടകമാണെന്നറിയാം. അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരനാണ് സിനിമയുടെ തിരക്കഥ രചിച്ചത്. അപ്പോൾ ആ നാടകവും കഥയും അതിലെ സ്ത്രീകഥാപാത്രങ്ങളും അവർ അനുഭവിച്ച വൈകാരികമായ അവസ്ഥകളെക്കുറിച്ചുമൊക്കെ ഞങ്ങൾ മുമ്പ് പലതവണ ചർച്ചചെയ്തിട്ടുണ്ട്. അതിലെ ഉമ്മയുടെ കഥാപാത്രം എത്രമാത്രം ആഴമുള്ളതാണെന്നും മനസ്സിലാക്കിയിരുന്നു. ഉമ്മ സഞ്ചരിച്ച വൈകാരികമായ പലതലങ്ങളെക്കുറിച്ച് ഞാൻ ആലോചിച്ചതുമാണ്. പൂർണിമ ഉമ്മയുടെ കഥാപാത്രം ചെയ്യണമെന്ന് രാജീവ് പറഞ്ഞപ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ആവേശമായിരുന്നു. എപ്പോഴോ ആഗ്രഹിച്ചൊരു കാര്യം എന്റെ കൈയിലെത്തിയതുപോലെ. സിനിമ മാറി, ഞാനും മാറി. എന്റെ ഇതുവരെയുള്ള യാത്രപോലെയല്ല, ഒരിടവേളയ്ക്കുശേഷം തിരിച്ചുവരുമ്പോൾ എനിക്ക് വെല്ലുവിളിയാവുന്ന കഥാപാത്രമാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തുറമുഖത്തിലെ ഉമ്മയെപ്പോലെയുള്ള കഥാപാത്രം ഇനി എനിക്ക് ചെയ്യാൻ പറ്റണമെന്നില്ല. രാജീവിന്റെ സ്‌കൂളിൽ വർക്ക് ചെയ്യുന്ന എല്ലാ കലാകാരന്മാർക്കും ടെക്‌നീഷ്യന്മാർക്കും ഒരു ഭാഷയേയുള്ളൂ. അവർ അങ്ങോട്ടുമിങ്ങോട്ടും വളരെയധികം പിന്തുണയ്ക്കും. എന്നാൽ, ഒരു അഭിനേതാവിന്റെ ഓൺസ്‌ക്രീൻ പെർഫോമൻസിൽ ഒരിടപെടലുകളും ഉണ്ടാവില്ല. അത് മുഴുവനായും അഭിനേതാവിന്റെ കൈയിലാണ്. അതിനുള്ള പൂർണസ്വാതന്ത്ര്യം നമുക്കുണ്ട്.
ഉമ്മയിലേക്കുള്ള വേഷപ്പകർച്ചയിലേക്ക് തയ്യാറെടുപ്പുകൾ ഏറെ വേണ്ടിവന്നോ
=നിവിൻ പോളി, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ എന്നിവരുടെ അമ്മവേഷമാണ് ചെയ്തത്. ഒപ്പം നിമിഷയുമുണ്ട്. അവരെല്ലാം പലതലത്തിൽ കഴിവുതെളിയിച്ചിട്ടുള്ള അഭിനേതാക്കളാണ്. ഇവർക്കൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടുമ്പോൾ കിട്ടുന്നൊരു ഊർജമുണ്ട്. ഉമ്മയുടെ ലോകം ഭർത്താവും മൂന്നു മക്കളുമാണ്. അവരുമായുള്ള ബന്ധത്തിന്റെ ആഴം തീവ്രമായി കാണിക്കുന്ന നല്ല സീനുകളുണ്ട് ഈ സിനിമയിൽ. എന്റെ കഥാപാത്രത്തിന് രണ്ടു കാലഘട്ടമാണുള്ളത്. അതിൽ 50 വയസ്സിനുമുകളിൽ പ്രായമുള്ള കാലത്തിനുവേണ്ടി പത്ത് കിലോ ഭാരം കൂട്ടിയിരുന്നു. ഭാരം കുറയുമോ എന്ന ചെറിയൊരു ടെൻഷനുണ്ടായിരുന്നു. പിന്നീട് ചെറുപ്പകാലം ചെയ്യാനായി ശാരീരികമായും മാനസികമായും നന്നായി ഹോംവർക്ക് ചെയ്തു. 1940-കളിലുള്ള സ്ത്രീയുടെ മാനസികാവസ്ഥ ഇന്നത്തെ സ്ത്രീക്ക് ചിന്തിക്കാൻപോലും പറ്റില്ല. പുരുഷമേധാവിത്വം നിറഞ്ഞുനിന്ന കാലഘട്ടമാണത്. അടിമത്തവും ദാരിദ്ര്യവും നിറഞ്ഞ ആ സാഹചര്യത്തിൽ സ്ത്രീകൾ മാനസികമായി യുദ്ധം ചെയ്തിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിനുമുമ്പ് അന്നത്തെക്കാലത്ത് മട്ടാഞ്ചേരിയിലേക്ക് താമസം മാറിവന്ന ഒന്നുരണ്ട് ഉമ്മമാരെ ഞാൻ കണ്ടിരുന്നു. അവർക്കൊപ്പം ഒരു ദിവസം ചെലവഴിച്ച്, കഥകൾ കേട്ട്, അവർ കടന്നുവന്ന സാഹചര്യങ്ങൾ മനസ്സിലാക്കി.
സിനിമയിൽ ഇന്ദ്രജിത്തും പ്രധാനമായൊരു വേഷം ചെയ്യുന്നുണ്ടല്ലോ
=സാന്റാ ഗോപാലൻ എന്ന റിയൽ ലൈഫ് കഥാപാത്രത്തെയാണ് ഇന്ദ്രൻ ചെയ്തിരിക്കുന്നത്. എക്സ്റ്റൻഡഡ് കാമിയോ റോളാണ്. ഇന്ദ്രന് തുറമുഖം എന്നാൽ, അത് എന്റെ സിനിമയാണ്. അങ്ങനെയാണ് പറയാറ്. എല്ലാ നടീനടന്മാർക്കുമുണ്ടാവില്ലേ അവരെ അടയാളപ്പെടുത്തുന്ന, പരിപൂർണമായി അഭിനയിക്കാൻ കഴിയുന്നൊരു സിനിമയെങ്കിലും. അങ്ങനെ എന്നെ അടയാളപ്പെടുത്തുന്നൊരു സിനിമയായിട്ടാണ് ഇന്ദ്രൻ തുറമുഖത്തെ കാണുന്നത്. ഇപ്പോൾ നല്ല തിരക്കഥകൾ കേൾക്കുന്നുണ്ട്. ഹിന്ദിയിൽ രണ്ട് വെബ്സീരീസ് ചെയ്തുകഴിഞ്ഞു.
അഖിലൻ
ജയം രവി നായകനാവുന്ന ‘അഖിലൻ’ തിയേറ്ററുകളിൽ. ‘ഭൂലോക’മെന്ന ചിത്രത്തിനുശേഷം എൻ. കല്യാണകൃഷ്ണനും ജയം രവിയും ഒന്നിക്കുന്ന ചിത്രമാണ് അഖിലൻ. അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തിയത്. പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് നായികമാർ. സംഗീതം: സാം സി.എസ്., ഛായാഗ്രഹണം: വിവേക് ആനന്ദ്. കേരളത്തിൽ മുരളി സിൽവർ സ്‌ക്രീൻ പിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്.
18+
നസ്ലിൻ, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി. ജോസ് സംവിധാനംചെയ്യുന്ന പുതിയ ചിത്രമാണ് ‘18+’. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ.യു., ശ്യാംമോഹൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫലൂദ എന്റർടെയ്ൻമെന്റും റീൽസ് മാജിക്കും ചേർന്നുനിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ്. സംഗീതം: ബിജിഎം ക്രിസ്റ്റോ സേവ്യർ. തിരക്കഥ, സംഭാഷണം: എ.ഡി.ജെ. രവീഷ് നാഥ്, എഡിറ്റർ: ചമൻ ചാക്കോ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്. പി.ആർ.ഒ. എ.എസ്. ദിനേശ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..