ഗോലിയാത്തിന്റെ നിർഭയ; ദക്ഷിണാഫ്രിക്കയുടെയും


2 min read
Read later
Print
Share

ആസ്പിൻവാൾ ഹൗസിനകത്ത്, മൾട്ടിപ്ലക്സ് തിയേറ്ററിന് സമാനമായ ഇരുട്ടിൽ ‘കോറസ്’ മുടങ്ങാതെ തുടരുകയാണ്... സ്‌ക്രീനിനു താഴെയുള്ള ഇരിപ്പിടത്തിലും വെറുംനിലത്തും ബീൻ ബാഗിലും ഇരിക്കുന്ന കാണികളാണ് ഷോയിലേക്ക് എന്റെ ശ്രദ്ധക്ഷണിച്ചത്. ദക്ഷിണാഫ്രിക്കയെ പിടിച്ചുകുലുക്കിയ, ഒരുസംഭവത്തിന്റെ പശ്ചാത്തലത്തിൽ അതേ രാജ്യക്കാരി, ഗബ്രിയാല ഗോലിയാത്ത് (GABRIELLE GOLIATH) എന്ന കലാകാരി ഒരുക്കിയ പ്രതിഷ്ഠാപനകലയാണ് ‘കോറസ്’ (Chorus (2021), channel video & sound installation). പ്രദർശനം കണ്ടിരിക്കെ 2012-ലെ നിർഭയസംഭവം ഓർമവന്നു. ഡൽഹിയിലെ തെരുവിൽ റേപ്പിസ്റ്റുകൾ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞ ആ സഹോദരിയുടെ ഓർമ ഒരു കണ്ണുനീർത്തുള്ളിയായി മനസ്സിൽ ഉറഞ്ഞു...

സ്‌ക്രീനിൽ ഒരു ഒഴിഞ്ഞ സ്റ്റേജിന്റെ ദൃശ്യം തെളിഞ്ഞു. അവിടേക്ക് അവർ ഒരോരുത്തരായ് നിശ്ശബ്ദമായ് നടന്നുവന്നു. കേപ്ടൗൺ സർവകലാശാലയിലെ വിദ്യാർഥികൾ (നാല്പത്തിയേഴുപേർ). അവർ വരിവരിയായി, നിരനിരയായി നിന്നു. തങ്ങളെ വിട്ടുപിരിഞ്ഞ പ്രിയ കൂട്ടുകാരി ഉയിനെൻ മിർവെത്യാനയെ ഒരുനിമിഷം ഓർത്ത് എന്തോ പാടാൻ തയ്യാറെടുത്തു. പക്ഷേ, അവരുടെ ചുണ്ടുകൾ അനങ്ങിയില്ല. എങ്കിലും പതിയെ അന്തരീക്ഷത്തിൽ ഒരു ശബ്ദം അലയടിച്ചു. ഒരു മുഴക്കം... അടക്കിപ്പിടിച്ച ശ്വാസം ഒന്നിക്കുമ്പോഴുള്ള മുഴക്കം... അക്രമിയുടെ പിടിയിൽനിന്ന് നിലവിളിച്ച് കുതറിയോടിയപ്പോൾ മൂടിക്കെട്ടിയ ശ്വാസത്തിന്റെ മൂളിച്ച... അത് ഒരു സമർപ്പണമായിരുന്നു. ഉയിനെനുവേണ്ടി മാത്രമല്ല, ആ വർഷം സ്വന്തംരാജ്യത്ത് പീഡനത്തിൽ കൊല്ലപ്പെട്ട എഴുനൂറ്റിമുപ്പത്തിയഞ്ച് ജീവനുകൾക്കുംവേണ്ടി, ആ വിദ്യാർഥികളുടെ ജീവശ്വാസംകൊണ്ടുള്ള തർപ്പണമായിരുന്നു.

ഉയിനെൻ മിർവെത്യാന സംഭവം:
പോസ്റ്റോഫീസിൽ തനിക്കുവന്ന ഒരു പാർസലെടുക്കാൻ പോയതായിരുന്നു കേപ്ടൗൺ സർവകലാശാലാ വിദ്യാർഥിനി ഉയിനെൻ മിർവെത്യാന(19). അവിടെ ജോലിചെയ്തിരുന്ന ലുയാൻഡ ബോത്ത(42) അവിടെവെച്ച് അവളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2019 ഓഗസ്റ്റ് 24-ന്‌ ആയിരുന്നു ആ സംഭവം. അയാൾ അവളുടെ മൃതശരീരം ഒരു വയലിലേക്ക് വലിച്ചെറിഞ്ഞ് പെട്രോളൊഴിച്ച് കത്തിച്ചു. ലോകത്ത് ഏറ്റവുംകൂടുതൽ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്ന, അരക്ഷിതാവസ്ഥയുള്ള രാജ്യം എന്ന ചീത്തപ്പേരുള്ള ദക്ഷിണാഫ്രിക്കയിൽ ഈ സംഭവം പക്ഷേ, ഒരു നിമിത്തമായി എന്നുമാത്രം. (2022-ലെ സമീപകാല പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ജനുവരിമുതൽ ജൂൺവരെ മാത്രം ദക്ഷിണാഫ്രിക്കയിൽ 1748 സ്ത്രീകളും 17 വയസ്സിന് താഴെയുള്ള 549 കുട്ടികളും കൊല്ലപ്പെട്ടു). ഈ സംഭവത്തെത്തുടർന്ന് രാജ്യവ്യാപകപ്രക്ഷോഭത്താൽ ദക്ഷിണാഫ്രിക്ക ഇളകിമറിഞ്ഞു. ആയിരങ്ങൾ കേപ്ടൗണിലെ ദക്ഷിണാഫ്രിക്കൻ പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ഒത്തുകൂടി. 2012-ലെ നിർഭയസംഭവത്തെ ഓർമിപ്പിക്കുന്നതായി ജൊഹാനസ്ബർഗിലെ ദിനരാത്രങ്ങൾ. പിന്നീടുണ്ടായത് ചരിത്രം. പാർലമെന്റ് പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടി. സർക്കാർ ലിംഗാധിഷ്ഠിത അക്രമവും സ്ത്രീഹത്യയും ഒരു ദേശീയപ്രതിസന്ധിയായി അംഗീകരിച്ചു. ലിംഗാധിഷ്ഠിത അക്രമങ്ങൾക്കെതിരേ ഒരു ‘ദേശീയ സ്ട്രാറ്റജിക് പ്ലാൻ’ ആരംഭിച്ചു. ഉയിനിന്റെ ഘാതകന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചെങ്കിലും പുരുഷാധിപത്യത്തിന് സാമൂഹികഘടനയിൽ ആഴത്തിൽ വേരുകളുള്ള സൗത്ത് ആഫ്രിക്കയിൽ സ്ത്രീകൾ, മറ്റ് ലൈംഗികന്യൂനപക്ഷങ്ങൾ, കുട്ടികൾ എന്നിവർ നിരന്തരം അപമാനിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നതായി ഏറ്റവുംപുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..