ഡച്ച് ഗവർണറുടെ ഔദ്യോഗികവസതിയായിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച കൊച്ചിയിലെ ബോൾഗാട്ടി പാലസ്. ജലാശയത്തിലേക്ക് കരയുടെ കൈവിരൽപോലെ നീണ്ടുകിടക്കുന്ന ബോൾഗാട്ടിയിലെ ഡച്ച് കൊട്ടാരം അതിന്റെ ചരിത്രപ്രാധാന്യംകൊണ്ടും വാസ്തുശില്പസവിശേഷതകൊണ്ടും രമണീയമാണ്. കെ.ടി.ഡി.സി.യുടെ കൈവശമാണ് ബോൾഗാട്ടി പാലസും ചുറ്റുമുള്ള വിശാലമായ കമനീയ ഭൂപ്രദേശവും. ഒരു അന്താരാഷ്ട്ര ടൂറിസംകേന്ദ്രമായി വികസിക്കാൻ വേണ്ടതെല്ലാം പ്രകൃതിയും ചരിത്രവും ബോൾഗാട്ടിക്ക് സമ്മാനിച്ചിട്ടുണ്ട്. ഈ സ്ഥലവും കൊട്ടാരവും ഒരു പഞ്ചനക്ഷത്ര ഹെറിറ്റേജ് റിസോർട്ടാക്കി മാറ്റാമെന്ന ആശയവുമായി ഒരു വലിയ ഹോട്ടൽ ഗ്രൂപ്പ് രംഗത്തിറങ്ങി. നേരിട്ട് ചർച്ചയ്ക്കുവരുകയും നേരിട്ടല്ലാതെ പശ്ചാത്തലസമ്മർദം സൃഷ്ടിക്കുകയുംചെയ്തുകൊണ്ടിരുന്നു. അതിനിടെ ഇംഗ്ലണ്ടിൽനിന്ന് ഒരു കോടീശ്വരൻ തിരുവനന്തപുരത്തെത്തി ചില സീനിയർ ഉദ്യോഗസ്ഥരുമായി ചങ്ങാത്തംസ്ഥാപിക്കുകയും അത്താഴവിരുന്നുകളുംമറ്റും ഒരുക്കുകയും എന്നെയും അതിലേക്ക് ക്ഷണിക്കുകയുംചെയ്തു. ലക്ഷ്യം ബോൾഗാട്ടി സ്വന്തമാക്കുകതന്നെ. പല ഭാഗത്തുനിന്നായി ഈ വിധമുള്ള സമ്മർദം വന്നുകൊണ്ടിരിക്കെ ടൂറിസത്തിന്റെ ചുമതലയുള്ള മന്ത്രി എന്നനിലയ്ക്ക് മുഖ്യമന്ത്രി കരുണാകരൻ ഈ ആശയം എന്നോട് സംസാരിച്ചു. ബോൾഗാട്ടി കൊട്ടാരം സ്വകാര്യഹോട്ടൽ ഗ്രൂപ്പിനെ ഏൽപ്പിച്ചാൽ അത് കേരളത്തിന്റെ ടൂറിസം വികസനത്തിന് ഗുണകരമായിരിക്കില്ലേ എന്ന് അദ്ദേഹം ചോദിച്ചു. അന്ന് സ്വകാര്യവത്കരണത്തിന് ഇത്ര സ്വീകാര്യതയുള്ള കാലമല്ല. ഏതായാലും ടൂറിസം വികസനത്തിൽ സ്വകാര്യമേഖലയുടെ പങ്കിനെക്കുറിച്ചു ചിന്തിക്കാൻ ഈ സാഹചര്യവും സമ്മർദവും എന്നെ പ്രേരിപ്പിച്ചു. സ്വകാര്യ സംരംഭകർക്ക് തീർച്ചയായും വലിയ പങ്കുണ്ട്. എന്നാൽ, സർക്കാർസ്ഥലങ്ങളും കെട്ടിടങ്ങളും (വിശേഷിച്ച് ഹെറിറ്റേജ് കെട്ടിടങ്ങൾ) സ്വകാര്യ ഗ്രൂപ്പുകൾക്ക് കൈമാറുന്നതിന് പല പ്രായോഗിക ഭവിഷ്യത്തുകൾ ഉണ്ടാകാതിരിക്കില്ലല്ലോ. അഴിമതിയാരോപണംതന്നെയാണ് ഏറ്റവും വലിയ ഭവിഷ്യത്ത്. സർക്കാർഭൂമി അന്യാധീനപ്പെടുത്തുന്ന ഏതൊരു നീക്കവും ഉദ്യോഗസ്ഥർ അതിജാഗ്രതയോടെയേ സമീപിക്കൂ; പ്രത്യേകിച്ച് കേരളത്തിൽ.
ഏതായാലും മുഖ്യമന്ത്രി പറഞ്ഞതിന്റെ തുടർച്ചയായി ഞാനൊരു സുദീർഘമായ കുറിപ്പ് തയ്യാറാക്കി. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളൂം കെട്ടിടങ്ങളും ടൂറിസം വികസിപ്പിക്കാനായി സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചുകൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ, അതിന് ആദ്യംവേണ്ടത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. അത് മന്ത്രിസഭ കൈക്കൊണ്ടു കഴിഞ്ഞാൽ സർക്കാരിന്റെ താത്‌പര്യം സംരക്ഷിച്ചുകൊണ്ട് എങ്ങനെ സ്വകാര്യ ഏജൻസികളുമായി ബന്ധപ്പെടാം എന്ന സുതാര്യവും ജാഗ്രതാപൂർണവുമായ വ്യവസ്ഥകൾ രൂപവത്‌കരിക്കണം. ഇതിന് സർക്കാരിനെ ഉപദേശിക്കാൻ ഒരു വിദഗ്‌ധസമിതി രൂപവത്‌കരിക്കണം. ഇതൊക്കെയായിരുന്നു എന്റെ കുറിപ്പിന്റെ കാതൽ. അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ധനകാര്യ മാനേജ്‌മെൻറിൽ പ്രഗല്‌ഭനായ രബീന്ദ്രൻ നായർ, വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനെന്ന ഖ്യാതി നേടിയ ധനകാര്യ സെക്രട്ടറിയായിരുന്ന മോഹൻകുമാർ എന്നിവരും കൺവീനറായി ഞാനുമടങ്ങുന്ന സമിതിയെ ഇതിനായി നിയോഗിക്കണം എന്നായിരുന്നു മറ്റൊരു ശുപാർശ.
മുഖ്യമന്ത്രി ഈ കുറിപ്പുകണ്ടിട്ട് എന്നെ വിളിപ്പിച്ചു: ‘അപ്പോൾ നിങ്ങൾ സ്വകാര്യവത്കരണത്തിന് അനുകൂലിയല്ല അല്ലേ?’ എന്ന് ലേശം ഗൗരവത്തിൽ ചോദിച്ചു. ‘‘അങ്ങനെയല്ല സാർ. സ്വകാര്യവത്കരണവുമായി മുമ്പോട്ടുപോകണമെങ്കിൽ ഈ നിർദേശങ്ങൾ പരിഗണിക്കണം എന്നുമാത്രമാണ് ഞാൻ സമർപ്പിച്ച നോട്ടിൽ പറഞ്ഞിരിക്കുന്നത്.’’ -ഞാൻ വിശദീകരിച്ചു. ‘‘അത് മനസ്സിലായി. ഏതായാലും കമ്മിറ്റി രൂപവത്‌കരിക്കണമെന്ന നിർദേശം അംഗീകരിച്ചിട്ടുണ്ട്. കമ്മിറ്റികൂടി പെട്ടെന്ന് ശുപാർശകൾ തരൂ’’ -എന്നുമാത്രം അദ്ദേഹം പറഞ്ഞു. കർക്കശക്കാരായ രണ്ട് സീനിയർ ഉദ്യോഗസ്ഥരാണ് സമിതിയിൽ. അവരുടെ നിലപാടുകളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഏറക്കുറെ വ്യക്തമായ ധാരണയുണ്ട്. രണ്ടുമീറ്റിങ്ങുകൾ ചേർന്നു. സർക്കാർഭൂമി അന്യാധീനപ്പെടുത്താതെ സ്വകാര്യ സ്ഥാപനങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നവഴിക്കാണ് ആലോചന നീങ്ങിയത്. അതിനുമുമ്പുതന്നെ താജ് ഗ്രൂപ്പും കേരള സർക്കാരുമായി ഒരു സംയുക്തകമ്പനി രൂപവത്‌കരിച്ചിരുന്നു. താജ് കേരള റിസോർട്‌സ് ലിമിറ്റഡ് എന്ന സംയുക്ത കമ്പനിയാണ് കുമരകത്തും കൊച്ചി മറൈൻ ഡ്രൈവിലുമുള്ള ഹോട്ടലുകൾ നടത്തുന്നത്. സർക്കാരിന്റെ ഭൂമി ആ സംയുക്ത കമ്പനിക്കാണ് മുപ്പതുവർഷത്തേക്ക് പാട്ടത്തിനു കൊടുത്തിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനുതന്നെ. അത് സ്വകാര്യമേഖലയുമായുള്ള സഹകരണത്തിന്റെ കേരളമാതൃകയായി നിലനിൽക്കുന്നു.
എല്ലാം സർക്കാർതന്നെ ചെയ്യണമെന്നും സ്വകാര്യവത്കരണം അപകടമാണെന്നും കരുതുന്ന പഴഞ്ചൻ മനോഭാവത്തിന്റെ തടവുകാരനാണ് ഞാൻ എന്ന് പരിഹസിച്ച ചില സഹപ്രവർത്തകർ എനിക്കുണ്ടായിരുന്നു. എന്റെ നിലപാടുകൾ ഭീരുത്വമാണെന്നും അവ നാടിന് ഗുണംചെയ്യില്ല എന്നും അവർ വിശ്വസിച്ചു. ഏതെങ്കിലും ഒരു ആശയത്തിൽ വിശ്വസിച്ച് സർക്കാർഭൂമിയും കെട്ടിടങ്ങളും സ്വകാര്യസ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ വിട്ടുകൊടുക്കുന്ന സമീപനം കേരളത്തിന് ചേരുന്നതല്ല എന്ന വിലയിരുത്തൽ തെറ്റായിരുന്നില്ല എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. ആ ഭീരുത്വത്തിൽ ഞാൻ അഭിമാനിക്കുന്നു. സർക്കാർഭൂമി കൈമാറാതെത്തന്നെ സ്വകാര്യമേഖലയ്ക്ക് പ്രവർത്തിക്കാൻ അനുകൂലമായ സാഹചര്യമൊരുക്കാമല്ലോ. ഇതിലും ധീരമായ നിലപാടുകൾ സ്വീകരിക്കണമെങ്കിൽ സർക്കാരിന്റെ പരിപൂർണ രാഷ്ട്രീയപിൻബലം വേണം. ഇപ്പോൾ കേന്ദ്രസർക്കാർ ചെയ്യുന്നതുപോലെ പൊതുമേഖലാസ്ഥാപനങ്ങളും അവയുടെ ഓഹരികളും അവരുടെ കൈവശമുള്ള ഭൂമിയുമൊക്കെ സ്വകാര്യ സംരംഭകർക്ക് കൊടുക്കുന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെങ്കിൽ ഉദ്യോഗസ്ഥർക്ക് വലിയ ഭയം വേണ്ടാ. അല്ലാതെ ഒറ്റപ്പെട്ട സ്വകാര്യവത്കരണ പരിശ്രമങ്ങളിൽ വലിയ ജാഗ്രത അനിവാര്യമാണെന്ന് ഞാൻ ഇപ്പോഴും കരുതുന്നു. ത്രീ ജി സ്പെക്‌ട്രം അഴിമതി, കൽക്കരിപ്പാടങ്ങൾ കൊടുത്തതിലുള്ള അഴിമതി എന്നിവയിലെല്ലാം അപരാധികളോ നിരപരാധികളോ ആയ ഉദ്യോഗസ്ഥർ ജയിൽവാസം അനുഭവിച്ച പിൽക്കാലചരിത്രവുംകൂടി ഓർക്കണം.
എനിക്കുശേഷം വീണ്ടും ടി. ബാലകൃഷ്ണൻ ടൂറിസം ഡയറക്ടറായി. തുടർന്ന് നളിനി നെറ്റോയായി ടൂറിസം ഡയറക്ടർ. അപ്പോഴേക്കും ടൂറിസം രംഗത്ത് കേരളം ഒരു പ്രധാന സംസ്ഥാനമായി നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. പുതിയ ഹോട്ടലുകളും ഉല്ലാസനൗകകളും ധാരാളം ടൂർ ഓപ്പറേറ്റർമാരും സ്വകാര്യസ്ഥാപനങ്ങളുമൊക്കെ സജീവമായി. ആയിടയ്ക്കാണ് ബേക്കലിൽ ഒരു പ്രത്യേക ടൂറിസം സോൺ അനുവദിക്കുന്നത്. കേന്ദ്രസർക്കാരുമായി നിരന്തരചർച്ചകൾ നടന്നിരുന്നു. ഗംഭീരമായ ബേക്കൽ കോട്ട പശ്ചാത്തലമായി വർത്തിക്കുന്ന ഒരു വിപുലമായ ടൂറിസം മേഖലയാണ് അന്ന് വിഭാവനംചെയ്തത്. നാട്ടുകാരുടെ പൂർണപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ലോകമാതൃകയാകുമായിരുന്ന ഒന്നായിരുന്നു ബേക്കൽ പദ്ധതി. പല കാരണങ്ങൾകൊണ്ട് പിന്നീടെപ്പോഴോ അതിന്റെ തോത് കുറയ്ക്കുകയായിരുന്നു. ഇപ്പോൾ അവിടെ ഏതാനും ഹോട്ടലുകൾ നിലവിൽവന്നെങ്കിലും ഉദ്ദേശിച്ച വൈപുല്യത്തിലുള്ള അന്തർദേശീയ ടൂറിസംകേന്ദ്രമായി വികസിക്കാൻ ഇനിയും ബേക്കലിന് ഒരുപാടുദൂരം പോകാനുണ്ട്.
ഇതുപോലെത്തന്നെ വളരുമായിരുന്ന ഒരു സംഗീതോത്സവം അന്ന് ആരംഭിച്ചു. മഹാരാജാ സ്വാതിതിരുനാൾ തന്റെ സംഗീതരചന നടത്തിയ തിരുവനന്തപുരം കോട്ടയ്ക്കകത്തെ കുതിരമാളികയുടെ വിശാലവും പ്രൗഢവുമായ മുറ്റത്ത് ഒരു സ്വാതി ദേശീയ സംഗീതോത്സവം അന്ന് ഞങ്ങൾ ആരംഭിച്ചു. സ്ഥിരമായി നടത്തിയിരുന്നെങ്കിൽ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുമായിരുന്ന ആ സംഗീതോത്സവം ഏതോ ഉപദേഷ്ടാക്കളുടെ പ്രേരണയിൽ കുറെക്കാലം കഴിഞ്ഞ് പാലക്കാട്ടേക്ക് കൊണ്ടുപോയി. വളരുമായിരുന്ന ഒരു സസ്യം അതോടെ വാടിപ്പോയി. ടൂറിസത്തിൽ എപ്പോഴും നിശ്ചിതദിവസങ്ങളിൽ പരിപാടികൾ നടക്കുന്നുവെന്ന് മുൻകൂട്ടി തീരുമാനിക്കണം. ഒരിക്കൽ തീരുമാനിച്ചാൽ മാറ്റാനും പാടില്ല. വിദേശയാത്രികർ എല്ലാ കാര്യങ്ങളും വളരെ നേരത്തേ പ്ലാൻചെയ്യുന്നു. നമ്മളിവിടെ എത്രവലിയ പരിപാടിക്കും രണ്ടാഴ്ചമുമ്പായിരിക്കും ഒരുക്കങ്ങൾ ആരംഭിക്കുക. വിദേശസഞ്ചാരികളാകട്ടെ ഒരു വർഷംമുമ്പേ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. ആരംഭിച്ചിട്ട് വളരാനനുവദിക്കാതെപോയ ഉത്സവങ്ങളും പദ്ധതികളും വാസ്തവത്തിൽ നഷ്ടപ്പെട്ട അവസരങ്ങൾതന്നെയാണ്.
പാശ്ചാത്യരും നമ്മളും തമ്മിലുള്ള ചില അടിസ്ഥാന (സ്വഭാവ) വ്യത്യാസങ്ങൾ ഈ കാലയളവിൽ ഞാൻ പഠിക്കുകയായിരുന്നു. തോൽപ്പാവക്കൂത്തിനെക്കുറിച്ച് പഠിക്കാൻവന്ന സൂസൻ എന്ന ഒരു അയർലൻഡുകാരിയാണ് ഇക്കാര്യത്തിലെ എന്റെ പ്രധാന ഗുരു. അവർക്ക് ഇന്ത്യയെ അറിയാം. നമ്മുടെ ശീലങ്ങളുമറിയാം. (അവർ പിന്നീട് ഒരു ഇന്ത്യൻ എഴുത്തുകാരനെ വിവാഹംചെയ്തു പുണെയിലാണിപ്പോൾ താമസം). പാശ്ചാത്യർ അവരുടെ ശൗചാലയങ്ങൾ നനഞ്ഞുകിടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കുളിമുറി വൃത്തിയാക്കുന്നതിന് കുറെയേറെ വെള്ളം കോരിയൊഴിക്കുന്ന കേരളീയശീലം ദയവുചെയ്ത് ഇംഗ്ലണ്ടിൽ പ്രാവർത്തികമാക്കരുതെന്നും എന്നോട് വ്യക്തമായി പറഞ്ഞത് സൂസനായിരുന്നു. ഇന്ത്യൻ കുശലാന്വേഷണ ശൈലി യൂറോപ്പിൽ മര്യാദ കേടാണെന്നും അവർ പഠിപ്പിച്ചു. സാമൂഹികമര്യാദകൾ, കൊച്ചുസമ്മാനങ്ങൾ കൊടുക്കേണ്ടതിന്റെ ആവശ്യകത, സമയനിഷ്ഠ, തിരികെ ഫോണിൽവിളിക്കാം എന്നുപറഞ്ഞാൽ വിളിക്കണം എന്ന നിർബന്ധം തുടങ്ങി കുറെയേറെ തിരുത്തലുകൾക്ക് ഞാൻ ഈ ഐറിഷ് വനിതയോട് കടപ്പെട്ടിരിക്കുന്നു.
ആ കാലയളവിൽ സാംസ്കാരികവകുപ്പിൽ നടപ്പാക്കിയ ഒരു വലിയ തീരുമാനം എഴുത്തച്ഛൻ അവാർഡ് സ്ഥാപിക്കുക എന്നതായിരുന്നു. ജെ.സി. ഡാനിയേൽ അവാർഡും അക്കാലത്താണ് നിലവിൽവരുന്നത്. ഈ രണ്ട് അവാർഡുകളുടെയും നാമകരണത്തിൽ എനിക്കൊരു പങ്കുവഹിക്കാനായി. അന്തിമതീരുമാനം മന്ത്രിയുടേതാണെങ്കിലും പേര് നിർദേശിക്കാനായതും അത് ശുപാർശചെയ്യാൻ ബാബുപോൾ എന്ന മേലുദ്യോഗസ്ഥനുണ്ടായതും ഭാഗ്യം. മലയാളത്തിൽ വൈജ്ഞാനിക സാഹിത്യത്തിൽ വലിയ സംഭാവനകൾ നൽകിയ ഒരു പണ്ഡിതനുള്ള ഏറ്റവും വലിയ പുരസ്കാരമായിട്ടാണ് എഴുത്തച്ഛൻ അവാർഡ് ആരംഭിക്കുന്നത്. (സർഗാത്മക എഴുത്തുകാർക്കും ഇത് കൊടുക്കാമെന്ന് പിന്നീട് തീരുമാനിക്കപ്പെട്ടു). മധ്യപ്രദേശിലെ കാളിദാസ് സമ്മാൻ മാതൃകയിൽ കേരളത്തിൽ ഈ പുരസ്കാരത്തിന് എഴുത്തച്ഛൻ പുരസ്കാരം എന്ന പേരുനൽകുന്നതാണ് ഉചിതമെന്ന എന്റെ ശുപാർശ അംഗീകരിക്കപ്പെട്ടു. കാനായി കുഞ്ഞിരാമനെ ശില്പത്തിന്റെ രൂപകല്പന ഏല്പിച്ചു. ശില്പത്തിലെഴുതാൻ എഴുത്തച്ഛന്റെ രണ്ടുവരികൾ വേണം. രാമായണം പരതിനോക്കി സ്വീകരിച്ച വരികൾ ഇതായിരുന്നു.
ശാരികപ്പൈതലേ ചാരുശീലേ വാരികാരോമലേ കഥാശേഷവും ചൊല്ലു നീ
ആദ്യ പുരസ്കാരം പണ്ഡിതശ്രേഷ്ഠനായ ശൂരനാട് കുഞ്ഞൻപിള്ള സാറിനായിരുന്നു. കരമനയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ പോയി അവാർഡ് വിവരം പങ്കിട്ട വൈകുന്നേരത്തിന്റെ ഓർമയ്ക്ക് ഇപ്പോഴും തെളിച്ചമുണ്ട്. നിഷ്കളങ്കമായ ചിരിയോടെ ഞങ്ങളെ എതിരേറ്റ ആ മഹാനായ മനീഷിയുടെ ഓർമ എത്രധന്യം. ദർബാർ ഹാളിൽവെച്ച് അവാർഡ് ദാനവും നടത്തി.
ചലച്ചിത്രമേഖലയിൽ സർവോത്കൃഷ്ടമായ പുരസ്കാരത്തിന് ജെ.സി. ഡാനിയേലിന്റെ പേരല്ലാതെ മറ്റൊന്നും ചേരുകയില്ലെന്ന് ദാദാ സാഹേബ് ഫാൽക്കെ അവാർഡിന്റെ ചരിത്രം സംക്ഷേപിച്ചുകൊണ്ട് ഞാനയച്ച നിർദേശവും അംഗീകരിക്കപ്പെട്ടു. 1992-ൽ ആദ്യ അവാർഡ് ടി.ഇ. വാസുദേവന് സമർപ്പിച്ചു. അടുത്ത വർഷം തിക്കുറിശ്ശിക്കായിരുന്നു ജെ.സി. ഡാനിയേൽ അവാർഡ്. അക്കാലത്ത് ഇന്നത്തെപ്പോലെ അവാർഡുകൾ വ്യാപകമായിരുന്നില്ല . സംസ്ഥാനസർക്കാർതന്നെ പ്രകൃഷ്ടപുരസ്കാരങ്ങൾ സ്ഥാപിക്കുന്നത് നടാടെയായിരുന്നല്ലോ. ഇത്തരം ചരിത്രം ജനിക്കുന്ന തീരുമാനങ്ങളിൽ പങ്കാളിയാകാൻ കഴിയുക എന്നത് ഒരുദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള അമൂല്യമായ അനുഗ്രഹമത്രേ. സാഹിത്യവും സിനിമയും സ്വന്തം തട്ടകമായി കരുതിപ്പോരുന്ന എന്നെപ്പോലൊരാൾക്ക് ഇതിലും വലിയൊരു സുകൃതമുണ്ടോ?
രാഷ്ട്രീയാകാശത്ത് കാർമേഘങ്ങൾ നിറയുന്നത് എപ്പോഴാണെന്നോ കാറും കോളും മാഞ്ഞ് സൂര്യപ്രകാശം തെളിയുന്നത് എപ്പോഴാണെന്നോ പ്രവചിക്കാവതല്ല. മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാവണമെന്ന ആവശ്യങ്ങൾ ഉയർന്നുകൊണ്ടിരുന്നു. വനംവകുപ്പുമന്ത്രി കെ.പി. വിശ്വനാഥന്റെ രാജിയോടെ കാര്യങ്ങളുടെ ഗതിവേഗം വർധിച്ചു. എന്തൊക്കെയോ ഉരുണ്ടുകൂടുന്നതായി തോന്നിയതോടെ സ്വകാര്യവത്കരണനിർദേശങ്ങൾ തീരുമാനിക്കാൻ നിയുക്തമായ ഞങ്ങളുടെ കമ്മിറ്റിയുടെ സ്പീഡ് കുറഞ്ഞു. അധികം വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരൻ രാജിവെക്കുന്നു. എ. കെ. ആൻറണി മുഖ്യമന്ത്രിയാവുന്നു. ആര്യാടൻ മുഹമ്മദിനായിരുന്നു ടൂറിസം വകുപ്പിന്റെ ചുമതല. നേരത്തേതന്നെ എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നെങ്കിലും എന്നോട് പൊതുവേ സ്നേഹമുണ്ടായിരുന്നെങ്കിലും മന്ത്രിയായി വന്നപ്പോൾ മുതൽ എന്നോട് പഴയ ബന്ധമില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി. രണ്ടാഴ്ചകഴിഞ്ഞപ്പോൾ ആ നീരസമനോഭാവത്തിന്റെ കാരണം പിടികിട്ടി. എന്നെ മുറിയിൽ വിളിപ്പിച്ച് മന്ത്രി പറഞ്ഞു: ‘‘ആ ബോൾഗാട്ടി കൊട്ടാരം വിൽക്കാൻ തീരുമാനിച്ച ഫയലില്ലേ? അതൊന്ന് അയച്ചോളൂ. അധികം വൈകണ്ടാ, ഒരാഴ്ചയ്ക്കുള്ളിൽ.’’ ഞാനൊന്നും പറഞ്ഞില്ല. മുറിയിൽ മടങ്ങിവന്ന് പതിനഞ്ചുമിനിറ്റിനുള്ളിൽ ഫയൽ അദ്ദേഹത്തിന് എത്തിച്ചുകൊടുത്തു. ‘ഇത്ര സ്പീഡിൽ ഫയലെങ്ങനെ അയക്കാൻപറ്റി’യെന്ന് അദ്ദേഹം
ഇൻറർകോമിൽ പ്രതികരിക്കുകയുംചെയ്തു. ഞാൻ ആ ഫയൽ നേരത്തേ തയ്യാറാക്കിെവച്ചിരുന്നു. കോടികൾ വാങ്ങിക്കൊണ്ട് ബോൾഗാട്ടി കൊട്ടാരം വിൽക്കാനുള്ള ഫയൽ എല്ലാം ഞാൻ തയ്യാറാക്കിെവച്ചിരിക്കുന്നു എന്ന ആരോപണം ഒരു വിഷപ്പാറ്റയെപ്പോലെ എവിടെയൊക്കെയോ ചുറ്റിപ്പറക്കുന്നതായി ഞാൻ അറിഞ്ഞിരുന്നു. മന്ത്രിസഭയിൽ മാറ്റമുണ്ടായ ഉടനെത്തന്നെ, ആരായിരിക്കും മന്ത്രി എന്നൊന്നും അറിയുന്നതിനുമുമ്പേത്തന്നെ നടന്ന കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന കുറിപ്പുകളോടെ ഞാൻ ഫയൽ തയ്യാറാക്കി വെച്ചിരിക്കകയായിരുന്നു. ലേശം സംശയത്തോടെ എന്നെ മന്ത്രി നോക്കിയതിന്റെ പിന്നിൽ ഈ കിംവദന്തിയാണെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരാഴ്ചയ്ക്കുള്ളിൽ അയക്കാൻപറഞ്ഞ ഫയൽ പതിനഞ്ച് മിനിറ്റിൽ എത്തിച്ചുകൊടുത്തതിൽ എനിക്ക് എന്തെന്നില്ലാത്ത സംതൃപ്തി തോന്നി. ഡയറക്ടറായിരുന്ന നളിനി നെറ്റൊയോട് ഞാൻ പറഞ്ഞു: ‘‘ഞാൻ മേശ വൃത്തിയാക്കിത്തുടങ്ങി. അധികം നാൾ ഈ പണിയുണ്ടാവാൻ സാധ്യതയില്ല.’’ രണ്ടുദിവസംകഴിഞ്ഞ് കണ്ടപ്പോൾ ‘അപ്പോൾ നിങ്ങൾ ബോൾഗാട്ടി വിറ്റില്ല അല്ലേ’ എന്ന് മന്ത്രി തെല്ലദ്‌ഭുതത്തോടെ എന്നോട് ചോദിച്ചു. ‘വിൽക്കാതിരിക്കാനാണ് ശ്രമിച്ചത്’ എന്ന് മറുപടി പറഞ്ഞു. സംശയത്തിന്റെ നിഴലിൽനിന്ന് മോചിപ്പിച്ചെങ്കിലും ടൂറിസം വകുപ്പിലെ എന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന പ്രവചനം തെറ്റിയില്ല. അടുത്താഴ്ചത്തെ മന്ത്രിസഭായോഗം കഴിഞ്ഞപ്പോൾ അത് ബോധ്യമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..