ന്ന കാദിറോവയുടെ തീൻമേശയുടെ മുന്നിലെത്തുമ്പോൾ നമ്മുടെ വിശപ്പുകെടുന്നു. നാം വല്ലാതെ അസ്വസ്ഥരാകുന്നു... യുക്രൈൻ കലാകാരിയാണ് സന്ന കാദിറോവ (Zhahnna kadyrova). അവരുടെ പാലിയാനിറ്റ്‌സിയ (Palianytsia) എന്ന പ്രതിഷ്ഠാപനകല (installation art)യുടെ മുന്നിലാണ് നാം ഇപ്പോൾ. ആസ്പിൻവാൾഹൗസിന്റെ ശീതീകരിച്ച വിശാലമായ മുറിയിൽ കുറെ ഉരുളൻകല്ലുകളെ റൊട്ടിപോലെ ഭംഗിയായി അരിഞ്ഞ് ഒരു മേശപ്പുറത്ത് പ്രദർശിപ്പിച്ചിരിക്കയാണ് സന്ന. ഇതാണ് ‘പാലിയാനിറ്റ്സിയ’ എന്ന സന്നയുടെ പ്രതിഷ്ഠാപനകല. ‘ചൂളയിൽ ചുട്ടെടുത്ത റൊട്ടി’ എന്നാണ് യുക്രൈനിയൻ ഭാഷയിൽ ‘പാലിയാനിറ്റ്സിയ’ എന്നവാക്കിന്റെ അർഥം.
2022 ഫെബ്രുവരി 24-ന് റഷ്യ, യുക്രൈൻ ആക്രമിച്ചതിന്റെ എട്ടാംനാൾ കീവിൽനിന്ന് ജർമനിയിലേക്ക് സന്ന കാദിറോവ തന്റെ കുടുംബസമേതം പലായനംചെയ്തു. ‘‘കൈയിലുണ്ടായിരുന്നത് ഒരു പാസ്പോർട്ടും ലാപ്‌ടോപ്പുംമാത്രം’’ -സന്ന ഓർക്കുന്നു. കൂടെയുണ്ടായിരുന്നത് അമ്മയും ആന്റിയും സഹോദരിയും ഭർത്താവും രണ്ടു വളർത്തുനായകളും രണ്ടു വളർത്തുപൂച്ചകളും അടങ്ങുന്ന സ്വന്തക്കാർമാത്രം.
റഷ്യൻപട്ടാളവും ടാങ്കുകളും നിറഞ്ഞ പ്രധാനപാത വെടിഞ്ഞ് ട്രാഫിക് ചെക്പോസ്റ്റുകൾ പിന്നിട്ടുള്ള ആ യാത്ര സുരക്ഷിതസ്ഥാനത്തെത്തിയപ്പോൾ രണ്ടരദിവസം പിന്നിട്ടിരുന്നു. ഉറ്റവരെ ജർമനിയിൽ എത്തിച്ചശേഷം സ്വന്തംരാജ്യത്തിലേക്കുതന്നെ സന്ന മടങ്ങി. രാജ്യത്തിന്റെ ചെറുത്തുനിൽപ്പിനോടൊപ്പം തന്റെ കലാപ്രവർത്തനങ്ങൾക്കും ഒരിടംതേടി. അങ്ങനെയാണ് യുക്രൈന്റെ പടി
ഞ്ഞാറ്, കാർപാത്ത്യൻ മലനിരകൾക്ക് താഴെയുള്ള ബറസോവയിൽ സന്ന എത്തുന്നത്. ഹംഗറിയുടെ അതിർത്തിയോടുചേർന്ന്, പൊതുവേ ശാന്തമാണ് ബറസോവ. ആ കൊച്ചുഗ്രാമത്തെ നനച്ച് ഒഴുകുന്ന നദിയിൽ ഉരുണ്ടുരുണ്ടുപോകുന്ന കല്ലുകൾ... കഥപറയുന്ന ആ കല്ലുകളിൽ കാദിറോവ കണ്ടത് യുക്രൈന്റെ പശിയടക്കുന്ന റൊട്ടി -പാലിയാനിറ്റ്‌സിയ ആണ്. കാരണം കാഴ്ചയിൽ ഇവ രണ്ടും ഒന്നായിരുന്നു. ആ നദിയിൽനിന്ന് സന്ന ശേഖരിച്ച ചരിത്രമുറങ്ങുന്ന ഉരുളൻകല്ലുകളാണ് പിന്നീട് പാരീസ്, െബർലിൻ, വെനീസ്, വാർസോ, വിയന്ന, യു.എസ്. തുടങ്ങിയ ലോകമെങ്ങുമുള്ള രാജ്യങ്ങളിലെ ഗാലറികളിലേക്ക് പുതിൻസൈന്യം സ്വന്തംരാജ്യത്ത് വിതച്ച നൃശംസകളെക്കുറിച്ച് സംസാരിക്കാനായി പുറപ്പെട്ടുപോയത്. അതേകല്ലുകൾതന്നെയാണ് ഒരു കലാവസ്തുവായി കൊച്ചി-മുസിരിസ് ബിനാലെയിലും എത്തിയത്. വിശപ്പിന്റെ സാർവദേശീയരൂപകമായ റൊട്ടി ഇവിടെ കല്ലിന്റെ സ്വത്വംമറന്ന് കേവലസാദൃശ്യത്തിന്റെ കൗതുകത്തിനപ്പുറത്ത് ഭാഷയുടെയും സംസ്കാരത്തിന്റെയും അധിനിവേശത്തിനെതിരായ പ്രതിരോധത്തിന്റെയും പ്രതീകമായി മാറുന്നു.
പാലിയാനിറ്റ്സിയ-ചൂളയിൽ ചുട്ടെടുത്ത റൊട്ടി എന്ന് അർഥംവരുന്ന യുക്രൈനിയൻ വാക്ക് യുക്രൈൻകാർക്ക് ചരിത്രപരമായി റഷ്യൻചാരന്മാരെ കണ്ടെത്താനുള്ള ഒരു ആയുധമാണ്. അത് എങ്ങനെയെന്നാൽ, റഷ്യൻനാവുകൾക്ക് പാലിയാനിറ്റ്സിയ എന്ന വാക്ക് വഴങ്ങില്ലത്രെ. ‘അക്രമകാരികളെ’ തിരിച്ചറിയാൻ വാക്കിന്റെ ഒരു ഡിക്റ്റക്‌റ്റർ. വിശപ്പകറ്റുന്ന റൊട്ടി അങ്ങനെ ഒരു ജനതയുടെ പ്രതിരോധത്തിനുള്ള അടയാളവാക്കായി മാറുന്നു. യുദ്ധവും പലായനവും വിശപ്പും മനുഷ്യന്റെ ഒറ്റപ്പെടലും ഒത്തുചേരുന്ന സന്ന കാദിറോവയുടെ തീൻമേശയുടെമുന്നിൽ നിൽക്കുമ്പോൾ ഉച്ചനേരത്തും നമ്മുടെ വിശപ്പ് കെട്ടുപോകുന്നു. നാം വല്ലാതെ അസ്വസ്ഥരാകുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..