.
ചിത്രംവരച്ച് അതിൽനിന്ന് മാന്യമായ പ്രതിഫലംകിട്ടി ജീവിക്കാൻ കഴിയുമോയെന്ന മാതാപിതാക്കളുടെ ചോദ്യത്തിനുമുന്നിൽ തോറ്റുമടങ്ങിയ കലാകാരന്മാരുടെ നാടാണ് കേരളം. പ്രതിഭയുള്ള പല ചിത്രകാരന്മാരും ജീവിക്കാൻവേണ്ടി മറ്റുജോലികൾ കണ്ടെത്തി. വരയെന്നത് ഹോബി മാത്രമാക്കിമാറ്റി, പതുക്കെ രംഗത്തുനിന്ന് പിന്മാറുകയും ചെയ്തിട്ടുണ്ട്. ആ ഒരു സാഹചര്യത്തിലാണ് നമ്മൾക്കിടയിൽ ജീവിക്കുന്ന ഒരു ചിത്രകാരന്റെ പെയിന്റിങ് ഇരുപത്തിയെട്ട് ലക്ഷം രൂപയ്ക്ക് വിറ്റുപോയെന്ന വാർത്ത ആഹ്ലാദം പകരുന്നത്. രാജാ രവിവർമയിൽ തുടങ്ങിയ കേരളത്തിന്റെ ആധുനിക ചിത്രകലാ പാരമ്പര്യത്തിന്റെ ഇളംമുറക്കാരിൽ ശ്രദ്ധേയനായ ഭാഗ്യനാഥ് സി. എന്ന തലശ്ശേരിക്കാരന്റെ ചിത്രമായിരുന്നു അങ്ങനെ റെക്കോഡ് വിലയ്ക്ക് ഒരു കലാസ്വാദകൻ സ്വന്തമാക്കിയത്. കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച ‘ലോകമേ തറവാട്’ എന്ന് പേരിട്ട പ്രദർശനത്തിൽ മാസങ്ങൾക്കുമുമ്പ് ഭാഗ്യനാഥിന്റെ ദ ഷോസ് ആർ ഗോയിങ് ഓൺ എന്ന പരമ്പരയിലെ ഒരു ചിത്രമാണ് ഇങ്ങനെ കേരളീയ ചിത്രകലയുടെ വിപണനമൂല്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ തിരുത്തിയത്. വലിയ റൗണ്ട് കാൻവാസിൽ മാസങ്ങളുടെ സപര്യകൊണ്ട് കൊച്ചിയിലെ തന്റെ വീടിനോടുചേർന്ന ആർട്ട് സ്റ്റുഡിയോയിലാണ് ഭഗ്യനാഥ് ഈ ചിത്രം പൂർത്തിയാക്കിയത്. അതേ പരമ്പരയിലെ തുടർചിത്രങ്ങളുടെ രചനയിൽ മുഴുകിക്കൊണ്ടിരുന്ന ഭാഗ്യനാഥിനെ കാണാൻപോയത് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തും മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനത്തിനൊപ്പമായിരുന്നു. വടക്കുനിന്ന് പുറപ്പെട്ട് മധ്യകേരളത്തിൽ താവളമുറപ്പിച്ച് സർഗസൃഷ്ടികളിൽ മുഴുകുന്ന ഈ രണ്ടു പ്രതിഭകളും തമ്മിൽ ജീവിതപശ്ചാത്തലത്തിലും കലാപരമായ കാഴ്ചപ്പാടുകളിലും ഏറെ സാദൃശ്യങ്ങളുണ്ട്. അവരുടെ വർഷങ്ങൾ നീണ്ട സൗഹൃദത്തിന്റെ ഇഴയടുപ്പം പ്രകടമാക്കുന്നതാണ് വാരാന്തപ്പതിപ്പിനുവേണ്ടി നടത്തിയ ഈ സംഭാഷണം. തന്റെ കുടുംബപശ്ചാത്തലത്തെയും ഉള്ളിലെ കലാകാരന്റെ രൂപപ്പെടലിനെയുംകുറിച്ച് സംസാരിച്ചുകൊണ്ടാണ് ഭാഗ്യനാഥ് സംഭാഷണത്തിന് തുടക്കമിട്ടത്.
ഭാഗ്യനാഥ്: തലശ്ശേരിയാണ് എന്റെ നാട്. എന്റെ അച്ഛൻ ചിത്രകലയിൽ താത്‌പര്യമുള്ളയാളായിരുന്നു. പ്രൈമറി സ്‌കൂൾ അധ്യാപകനായിരുന്നു. അമ്മ ലക്ഷ്മിക്കുട്ടിയും അധ്യാപികയായിരുന്നു. അച്ഛൻ സ്‌കൂൾ ഓഫ് ആർട്സിൽ പഠിച്ചയാളാണ്. കുടുംബത്തിലെ പ്രാരബ്ധംമൂലം ചിത്രകാരനാകുക എന്ന മോഹം അച്ഛന് ഉപേക്ഷിക്കേണ്ടിവന്നു. കൂടാതെ നാടകത്തിലും മേക്കപ്പ് ചെയ്യുന്നതിലുമെല്ലാം അച്ഛൻ തത്‌പരനായിരുന്നു. അച്ഛനൊപ്പം ചെറുപ്പത്തിൽ മേക്കപ്പ് ചെയ്യാൻ ഞാനും പോകുമായിരുന്നു. അച്ഛനെക്കൂടാതെ അച്ഛന്റെ അനിയനും ചിത്രം വരയ്ക്കുന്ന ആളായിരുന്നു. ചിത്രംവരയുടെ ആ അന്തരീക്ഷത്തിൽ വളർന്ന എനിക്ക് കഥകൾ വായിക്കാനും ഒത്തിരി ഇഷ്ടമായിരുന്നു. തലശ്ശേരി കുഞ്ഞാമ്പറമ്പ് സ്‌കൂളിൽ പഠിച്ചിരുന്നകാലത്ത് ബഷീറിന്റെ കഥകൾ വായിച്ച്, പ്രചോദനമുൾക്കൊണ്ട്് ക്ലാസിലെ ബെഞ്ചിൽ വരച്ചവയാണ് എന്റെ ആദ്യചിത്രങ്ങൾ. നഗ്‌നനായ രാജാവിന്റെ കഥ വായിച്ച് വരച്ചതൊക്കെ ഇപ്പോഴും ഓർമയുണ്ട്. മുതിരുംതോറും വരയോടുള്ള താത്‌പര്യം കൂടുകയും യുവജനോത്സവങ്ങളിൽ പങ്കെടുത്ത് സജീവമാകുകയും ചെയ്തു. ബ്രണ്ണൻ കോളേജിലെത്തിയപ്പോൾ കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. എം.എൻ. വിജയൻമാഷിന്റെ ക്ലാസുകൾ... മാങ്ങാട് രത്നാകരൻ, കെ. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ ചില ക്യാമ്പുകൾ. അങ്ങനെ കലയും സാഹിത്യവും നിറഞ്ഞുനിന്ന അന്തരീക്ഷമായിരുന്നു ബ്രണ്ണൻ കോളേജിൽ. അതെന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് തലശ്ശേരി സ്‌കൂൾ ഓഫ് ആർട്‌സിലെത്തി. അവിടത്തെ പഠനത്തിനുശേഷം തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ചേർന്ന് പെയിന്റിങ്ങിൽ ഡിഗ്രിയെടുത്തു. ഫൈൻ ആർട്‌സിലെ ജീവിതം എന്നിലെ കലാകാരനെ ഏറെ മാറ്റിത്തീർത്തിട്ടുണ്ട്. സ്‌കൂൾ ഓഫ് ആർട്സിൽ പഠിക്കുമ്പോൾ നമ്മൾ കണ്ടിട്ടുള്ള ചിത്രങ്ങൾ കെ.സി.എസ്. പണിക്കരുടെ ശിഷ്യന്മാരായിട്ടുള്ള ചിത്രകാരന്മാർ വരച്ചവയാണ്. മോഡേൺ ആർട്ട് എന്നാണ് അന്ന് ആ ചിത്രങ്ങളെ വിശേഷിപ്പിച്ചിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി പിന്നെ ഉണ്ടായിരുന്നത് നമ്പൂതിരിയുടെയും എ.എസിന്റെയും ഇല്ലസ്ട്രേഷനുകളാണ്. തിരുവനന്തപുരത്ത് എത്തിയതോടെ പുതിയ ശൈലികളുമായി പരിചയപ്പെട്ടു. മുൻഗാമികളിൽനിന്ന് വ്യത്യസ്തമായി കലയെ അവതരിപ്പിക്കാനുള്ള ശ്രമം അക്കാലത്ത് സജീവമാണ്. അങ്ങനെ കേരളത്തിലെ ആധുനികചിത്രകലയുടെ സമീപനത്തിൽ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ തിരുവന്തപുരത്തെത്തുന്നത്.
?ബഷീറിന്റെ കഥകൾ വായിച്ച് ചിത്രങ്ങൾ വരച്ചെന്ന് പറഞ്ഞല്ലോ. സാഹിത്യത്തിൽനിന്നുള്ള സ്വാംശീകരണം പിൽക്കാലത്തും തുടർന്നുവോ
ഭാഗ്യനാഥ്: എന്റെ അഭിപ്രായത്തിൽ, കേരളത്തിലെ ആധുനികത പ്രധാനമായും സാഹിത്യബന്ധിതമായിരുന്നു. വാക്കുകൾ ആദ്യം, വിഷ്വൽ രണ്ടാമത് എന്നൊരു സംസ്‌കാരമുണ്ടായിരുന്നു. ആധുനികതയിൽ മുൻഗണന സാഹിത്യത്തിനായിരുന്നു. സിനിമയിലും മറ്റു സാങ്കേതികവശങ്ങളെക്കാൾ പ്രാധാന്യം കഥയ്ക്കുതന്നെയായിരുന്നു. കേരളത്തിലെ ചിത്രകലയ്ക്കാവട്ടെ സാഹിത്യത്തെപ്പോലെ ഒരു ചരിത്രമില്ലല്ലോ. കളമെഴുത്തുപോലുള്ളവ ഇവിടെയുണ്ട്. രാജാ രവിവർമയുടെ വരവോടെ ഒരു വഴിത്തിരിവുണ്ടാകുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ചിത്രകാരനാണ് രവിവർമ. ഒരു സ്റ്റുഡിയോ സ്ഥാപിച്ച് വരയ്ക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. പക്ഷേ, ഒരു വിമർശനമുള്ളത്, അദ്ദേഹം യൂറോപ്യൻ കലയിൽ ഉണ്ടായിട്ടുള്ളതുപോലെ സ്വന്തമായൊരു അന്വേഷണത്തിനോ സ്വന്തം ഭാഷ സൃഷ്ടിക്കുന്നതിനോ ശ്രമിച്ചില്ല എന്നതാണ്. വരച്ചുതുടങ്ങിയ കാലത്തേ വ്യത്യസ്തമായ രീതികൾക്കായുള്ള അന്വേഷണങ്ങൾ നിരന്തരമായി ഞാൻ നടത്തിയിരുന്നു. പക്ഷേ, അന്നത്തെ കേരളീയ സാഹചര്യത്തിൽ ചിത്രം വരച്ച് ജീവിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് കണ്ണൂർ സെയ്‌ന്റ് മൈക്കിൾസ് സ്‌കൂളിൽ പത്തുകൊല്ലത്തോളം കലാധ്യാപകനായി ജോലിചെയ്തിരുന്നു. ജോലിയും വരയും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയില്ലെന്ന് മനസ്സിലായപ്പോഴാണ് അധ്യാപനം ഉപേക്ഷിച്ചത്. വരയ്ക്കാൻ ആഗ്രഹമുണ്ടാകുകയും എന്നാൽ, വരക്കാൻ കഴിയാത്ത സാഹചര്യം വരുകയും ചെയ്തപ്പോഴായിരുന്നു അത്. അക്കാര്യത്തിൽ എന്റെ ഭാര്യ ജയന്തി നൽകിയ പിന്തുണയും നിർണായകമായിരുന്നു. ചിത്രകലയെ വാണിജ്യലാഭത്തിനുള്ള ഉപാധിയായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഇന്റർനെറ്റിന്റെ വരവോടെ ചിത്രകല ഒരുപാട് മാറിയിട്ടുണ്ട്. ചിത്രങ്ങൾക്ക് കൂടുതൽ വിസിബിലിറ്റി, സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഒരനുഭവം പറയാം: ഒരിക്കൽ മൗറീഷ്യസിൽനിന്ന് എത്തിയ ഒരാൾ എന്നെ ഫോണിൽ വിളിച്ചു. ഒരു ആയുർവേദ ചികിത്സയ്ക്കായി എത്തിയതാണ് അയാൾ. യാദൃച്ഛികമായി അയാളെന്റെ ചിത്രം ഓൺലൈനിൽക്കണ്ട് ഇഷ്ടപ്പെടുകയും വാങ്ങുകയും ചെയ്തു. പണ്ട് ഇങ്ങനെയൊന്ന് കേട്ടുകേൾവിയില്ലാത്തതാണ്. സാഹിത്യംപോലെ ഭാഷയുടെ പരിമിതി ചിത്രത്തിനില്ലല്ലോ? ഏതുനാട്ടിൽനിന്നുള്ള ചിത്രവും ലോകത്തെല്ലായിടത്തെയും മനുഷ്യരുടെ ശ്രദ്ധനേടുന്ന സാഹചര്യമുണ്ട്.
സന്തോഷ് ഏച്ചിക്കാനം: ഒരധ്യാപകനാകുക എന്നതായിരുന്നു എന്റെ ആഗ്രഹം. പഠിപ്പിക്കുന്ന കാര്യത്തിലും കലാപ്രവർത്തനങ്ങളിലുമെല്ലാം ഞാൻ സജീവമായിരുന്നു. പിന്നീട് ജേണലിസത്തിൽ താത്‌പര്യമുണ്ടായി. പക്ഷേ, ഒരു സ്ഥാപനത്തിന്റെ കീഴിൽനിന്ന് കുറെക്കാലം ജോലിയെടുക്കുന്ന രീതി എനിക്കിഷ്ടമല്ലായിരുന്നു. കലാകാരന് ഒരിക്കലും പാർട്ട്ടൈം കലാപ്രവർത്തനം നടത്താൻ സാധിക്കില്ലെന്നുതോന്നി. രാവിലെമുതൽ വൈകുന്നേരംവരെ ജോലിയെടുത്ത് വീട്ടിൽവന്നശേഷം എഴുതാം, വരയ്ക്കാം എന്നു വിചാരിച്ചാൽ നടക്കില്ല. ജോലി ഉപേക്ഷിക്കുന്ന സമയത്തും ഞാൻ സാമ്പത്തികമായി അത്രയൊന്നും മെച്ചപ്പെട്ടിട്ടുണ്ടായിരുന്നില്ല. ആദ്യം കുറെ സീരിയലുകൾ എഴുതി കുറെ കഴിഞ്ഞാണ് സിനിമയ്ക്കുവേണ്ടി എഴുതുന്നത്. പിന്നെ നമ്മളുടെ സൃഷ്ടികൾ അനുവാചകർ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമല്ലോ? മുഴുവൻസമയ കലാപ്രവർത്തനത്തിലേക്ക് തിരിയുന്നതിൽ വലിയ റിസ്‌ക്കുണ്ട്.
ഭാഗ്യനാഥ്: നമ്പൂതിരിയുടെയും മറ്റും ചിത്രങ്ങൾ കണ്ട് ഇവിടത്തെ വായനക്കാർ അതാണ് ആധുനികചിത്രകല എന്ന് ധരിച്ച അവസ്ഥയുണ്ട്. നമ്പൂതിരിയുടെ ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ട ഒരു തലമുറയുണ്ട്. ഡൽഹിയിലോ ബോംബെയിലോ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഒരുഘട്ടത്തിൽ ഇവിടെ ചിത്രകല ശൂന്യമായ അവസ്ഥയുണ്ടായിരുന്നു. രവിവർമയ്ക്കുശേഷം. കലയ്ക്കകത്തുതന്നെ പുതിയ കല നിർമിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. ചുറ്റുപാടിനോടുള്ള പ്രതികരണമായി, രാഷ്ട്രീയമായിട്ടോ ഒരു വ്യക്തിയുടെ പോർട്രെയിറ്റായിട്ടോ ചിത്രകല മാറിത്തീരുന്നതാണ് എന്റെ തുടക്കകാലത്ത് കണ്ടത്. എന്നെപ്പോലുള്ളവർ ലോകചിത്രകലയിലെ പലപ്രവണതകളെയും അന്വേഷിക്കാൻ തുടങ്ങുന്നതും അക്കാലത്താണ്. ലോകസാഹിത്യവുമായി കൂടുതൽ അടുക്കുന്നതും ഫൈൻ ആർട്സ് കാലത്താണ്.
ഏച്ചിക്കാനം: ചിത്രകലയിൽ രൂപപ്പെട്ട റാഡിക്കൽ മാറ്റത്തിന്റെ ഭാഗമായിട്ടാണ് ഭാഗ്യനാഥ് വരുന്നത്. വരയ്ക്കുന്ന ചിത്രങ്ങളിൽ രാഷ്ട്രീയമായ ഒരു സമീപനം പുലർത്തിയിരുന്നു. എഴുത്തിലും അത്തരം സമീപനം വന്നിട്ടുണ്ട്. അരാഷ്ട്രീയവത്കരണത്തിന്റെ കാലത്ത് പൊളിറ്റിക്കൽ ആകുക എന്ന നിലപാട് പ്രധാനമാണല്ലോ. എന്നാൽ, ബോധപൂർവം രാഷ്ട്രീയം പറയുന്ന രീതി ശരിയുമല്ലെന്നുതോന്നുന്നു. അത് കൃത്രിമമാകും. പിന്നെ സാഹിത്യവായനയും ചിത്രങ്ങളിൽ ഗുണം ചെയ്യുമല്ലോ?
ഭാഗ്യനാഥ്: സന്തോഷിന്റെ തുരുമ്പ് എന്ന കഥയുണ്ട്. കാവേരി എന്ന ഒരു ലൈംഗികത്തൊഴിലാളിയാണ് ആ കഥയിലെ പ്രധാന കഥാപാത്രം. ആ സ്ത്രീയുടെ ശരീരത്തിൽ ഒരുപാട് ദൈവങ്ങളെ പച്ചകുത്തിയിട്ടുണ്ട്. പീഡിപ്പിക്കുന്ന ദൈവങ്ങളെക്കൂടി പീഡിപ്പിക്കുക എന്നതിൽ ഒരു വിഷ്വൽ ഉണ്ട്. ചിത്രകാരനെന്നനിലയിൽ എന്റെ മനസ്സിലേക്ക് ആദ്യമെത്തിയത് അതാണ്. ഉഭയജീവിതം എന്ന കഥയിലും അത്തരം ഒരുപാട് വിഷ്വൽസാധ്യതകൾ കണ്ടെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വരയ്ക്കാൻ വേണ്ടിയല്ലാതെ വായിക്കുമ്പോൾ ഇങ്ങനെ ഒരുപാട് സംഗതികൾ കിട്ടാറുണ്ട്.
ഏച്ചിക്കാനം: കലാസൃഷ്ടിയിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ടൊക്കെ ജീവിക്കാമെന്ന വിശ്വാസം ഭാഗ്യന് കിട്ടുന്നത് എപ്പോഴാണ്?
ഭാഗ്യനാഥ്: ഹൈദരാബാദിലെ ഫൈൻ ആർട്സ് പഠനത്തിനുശേഷം ഒരു സോളോ എക്സിബിഷൻ നടത്തി. മട്ടാഞ്ചേരി കാശി ആർട്ട് ഗാലറിയിൽ. 2007-ൽ ആണ്. നേരത്തേ പറഞ്ഞതുപോലെ ഇന്റർനെറ്റിന്റെ വരവോടെ ഒരു ‘ആർട്ട് ബൂം’ സംഭവിച്ചു. ആളുകൾ ചിത്രങ്ങൾ വാങ്ങാൻ തുടങ്ങി. ആ സമയത്താണ് എന്റെ ചിത്രങ്ങളും വിറ്റുപോകാൻ തുടങ്ങിയത്. കേരളത്തിൽ ഇപ്പോഴുള്ള ചില ചിത്രകാരന്മാർ ഗാലറികളുമായി സഹകരിച്ച് ചിത്രങ്ങളുടെ വിൽപ്പന സാധ്യമാക്കുന്നുണ്ട്.
സക്കീർ ഹുസൈൻ, സിജി കൃഷ്ണൻ, സുജിത്ത് എസ്.എൻ., രതീഷ്, അജി വി.എൻ. തുടങ്ങി ചിലർ വരച്ചു ജീവിക്കുന്ന ചിത്രകാരന്മാരാണ്. സ്റ്റുഡിയോ സ്ഥാപിച്ച് പൂർണമായും വരച്ച് ജീവിക്കുന്ന സാഹചര്യം ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. കൂടുതൽ ആളുകളും ഡൽഹി കേന്ദ്രീകരിച്ചാണ് നിൽക്കുന്നത്. എ. രാമചന്ദ്രൻ ചിത്രങ്ങളുടെ വിൽപ്പനയെപ്പറ്റി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്: ‘‘ഞാൻ ശാന്തിനികേതനിൽ വിദ്യാർഥിയായിരുന്നപ്പോൾ അവിടത്തെ ഒരു പ്രൊഫസർ എന്റെ വാട്ടർ കളർ ചിത്രം 25 രൂപയ്ക്ക് വാങ്ങി. ഞാൻ ശാന്തിനികേതൻ വിട്ടസമയത്ത് അദ്ദേഹത്തിന് എന്റെ ചില വലിയ ചിത്രങ്ങൾ സൗജന്യമായി നൽകി. കാരണം എനിക്ക് അവ നാട്ടിലേക്ക് കൊണ്ടുവരാനുള്ള സൗകര്യമില്ലായിരുന്നു. ഞാൻ പിന്നീട് ശാന്തിനികേതനിൽ പോയപ്പോൾ കണ്ടത് അന്ന് 25 രൂപയ്ക്ക് എന്റെ കൈയിൽനിന്ന് വാങ്ങിയ ചിത്രങ്ങൾ വീട്ടിലെ സ്വീകരണമുറിയിൽ പ്രാധാന്യത്തോടെ വെച്ചിരിക്കുന്നതാണ്. എന്നാൽ, അതിലും പ്രധാനപ്പെട്ട എന്റെ ചിത്രങ്ങൾ കട്ടിലിനടിയിൽ വെച്ചിരിക്കുന്നു. കാരണം അവ സൗജന്യമായി നൽകിയതാണല്ലോ!’’ പലപ്പോഴും വിലയാണ് ചിത്രത്തിന് പ്രാമുഖ്യം നേടിക്കൊടുക്കുന്നത്. പക്ഷേ, ഏറ്റവും കൂടുതൽ വിറ്റുപോയ പുസ്തകമാണ് അല്ലെങ്കിൽ സിനിമയാണ് നല്ല സിനിമയെന്ന് പറയാൻ കഴിയില്ലല്ലോ, അക്കാര്യം ചിത്രകലയിലും പ്രസക്തമാണ്. ഏതായാലും വിലയുള്ള എന്തോ ഒന്ന് അതിലുണ്ടെന്ന തോന്നൽ കേരളത്തിലെ ആളുകൾക്കുണ്ടായിട്ടുണ്ട്.
ഏച്ചിക്കാനം: നമ്മളൊരു സൂപ്പർ മാർക്കറ്റിൽ പോയാൽ നാലുതരത്തിലുള്ള പുട്ടുപൊടി കാണും. അക്കൂട്ടത്തിൽനിന്ന് നമ്മൾ എടുക്കുക വിലകൂടിയ പുട്ടുപൊടിയായിരിക്കും. കൂടുതൽ നല്ലതായ എന്തോ അതിലുണ്ടെന്ന തോന്നൽതന്നെ കാരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..