മക്കളേ,
മനുഷ്യജീവിതം അമൂല്യമാണ്. ആ ജീവിതത്തെ വലിയ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനുവേണ്ടി സമർപ്പിക്കാൻ നമുക്കു കഴിയണം. അല്പമായതിൽ രമിക്കുന്ന ഒരു മനസ്സല്ല, മഹത്തായതിനെ തേടുന്ന ഒരു മനസ്സാണ് നമുക്കുവേണ്ടത്.
ഒരിക്കൽ ഒരാൾ ഗുരുവിനോടു പറഞ്ഞു: ‘‘ഗുരോ, ഈശ്വരൻ മാത്രമാണ് നിത്യമായതെന്നും മറ്റുള്ളതെല്ലാം അനിത്യമാണെന്നും അറിയാം. പക്ഷേ, അല്പംപോലും ഈശ്വരസ്മരണ ചെയ്യാൻ സമയം കിട്ടുന്നില്ല. ഞാൻ എന്തുചെയ്യണം?’’
ഗുരു പറഞ്ഞു: ‘‘സമയമില്ലെന്ന് എങ്ങനെ പറയാൻ കഴിയും?’’
ഭക്തൻ പറഞ്ഞു: ‘‘ഗുരോ, ഒരു മനുഷ്യായുസ്സിന്റെ പകുതിയെങ്കിലും ഉറക്കത്തിലും കുട്ടിക്കാലത്തും വാർധക്യത്തിലുള്ള നിസ്സഹായതയിലും ചെലവാകുന്നു. യൗവനത്തിലാകട്ടെ കാമചിന്തകളിലും മറ്റു പ്രലോഭനങ്ങളിലും കളികളിലുമായി സമയം പോകുന്നു. കുറെസമയം ഭക്ഷണം കഴിക്കാനും കുടിക്കാനും മറ്റുമായി ചെലവഴിക്കുന്നു. ഇനിയും കുറെ സമയം ദേഷ്യവും അസൂയയും ഉത്കണ്ഠയും വിഷമങ്ങളും ആശങ്കകളുംമൂലം പാഴാകുന്നു. ഒടുവിൽ അവശേഷിക്കുന്ന അല്പസമയം സ്വന്തം തൊഴിൽ ചെയ്യാനും കുടുംബം പോറ്റാനും വേണ്ടിവരുന്നു. ഇതെല്ലാം കഴിഞ്ഞ്, ഈശ്വരസ്മരണയ്ക്കു സമയമെവിടെ?’’
ഗുരു പറഞ്ഞു: ‘‘നീ പറഞ്ഞത് ശരിയാണ്. എനിക്കും ഒരു പരാതി പറയാനുണ്ട്. നോക്കൂ, എനിക്കു ജീവിക്കാൻ ആവശ്യമായ ഭക്ഷണം വിളയാൻ മതിയായ കൃഷിസ്ഥലമില്ല. ഞാൻ എന്തുചെയ്യും?’’
ഭക്തൻ ചോദിച്ചു: ‘‘അങ്ങ് എന്താണ് ഉദ്ദേശിച്ചത്? ഒരാൾ എത്രയധികം ഭക്ഷണം കഴിക്കുന്നവനാണെങ്കിലും, അയാൾക്കുവേണ്ട ഭക്ഷണം വിളയിക്കാനാവശ്യമായ ഭൂമി ഇവിടെയുണ്ടല്ലോ.’’
ഗുരു പറഞ്ഞു: ‘‘അത് എങ്ങനെ പറയാനാകും? സൂര്യനും നക്ഷത്രങ്ങളുമായി താരതമ്യം ചെയ്താൽ അനന്തമായ ആകാശത്തിലെ ഒരു ചെറിയ ബിന്ദുമാത്രമാണ് ഈ ഭൂമി. അതിൽത്തന്നെ നാലിൽ മൂന്നുഭാഗം വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ബാക്കിയുള്ളതിൽ അധികവും തരിശുഭൂമിയും കുന്നുകളും പാറകളുമാണുള്ളത്. പിന്നെ കാടുകളും തടാകങ്ങളും നദികളും ഉണ്ട്. അതിനുപുറമേ റോഡുകളും റെയിൽപ്പാതകളും ഹൈവേകളും സ്ഥലം കൈയടക്കുന്നു. ഇതെല്ലാം കഴിഞ്ഞാൽ മനുഷ്യനു വസിക്കാനായി വളരെക്കുറച്ച് ഇടമേ അവശേഷിക്കുന്നുള്ളൂ. അറുനൂറു കോടിയിലധികം മനുഷ്യർ ഇന്ന് ഈ ഭൂമിയിലുണ്ട്. അവർക്കെല്ലാം ആവശ്യമായ ആഹാരം ഉത്‌പാദിപ്പിക്കാൻ എവിടെയാണ് സ്ഥലമുള്ളത്’’
ഭക്തൻ കുറച്ചുനേരം ചിന്തിച്ചിട്ടു പറഞ്ഞു: ‘‘ഗുരോ, അങ്ങു പറഞ്ഞതു യുക്തിയുക്തമായി തോന്നുമെങ്കിലും അതു വാസ്തവത്തിൽ ശരിയല്ല. അങ്ങയ്ക്കും സകല ജീവജാലങ്ങൾക്കും ആവശ്യമായ ഭക്ഷണം നൽകാനുള്ള കഴിവ് ഇപ്പോഴും ഈ ഭൂമിക്കുണ്ട്.’’
ഗുരു പറഞ്ഞു: ‘‘എന്റെ പരാതി അടിസ്ഥാനരഹിതമാണെങ്കിൽ, നിന്റെ പരാതിയും അടിസ്ഥാനരഹിതമാണ്. എനിക്കാവശ്യമായ ഭക്ഷണം വിളയിക്കാൻ ഈ ഭൂമി മതിയാകുമെങ്കിൽ, നിന്റെപക്കൽ ഈശ്വരസ്മരണയ്ക്കാവശ്യമായ സമയവുമുണ്ട്.’’
ഒന്നിനും സമയം കിട്ടുന്നില്ല എന്നു പലരും പരാതിപ്പെടാറുണ്ട്. ഈ ധാരണ ശരിയല്ല. നമുക്കു താത്‌പര്യമുണ്ടെങ്കിൽ ഏതിനും സമയം കണ്ടെത്താനാകും. കൂട്ടുകൂടിയും പരദൂഷണം പറഞ്ഞും നമ്മൾ ദിവസവും എത്രയോ സമയം കളയുന്നു.
ലോകത്തിൽ വലിയവലിയ കാര്യങ്ങൾ സാധിച്ചിട്ടുള്ളവർക്കെല്ലാം നമ്മളെപ്പോലെ ദിവസം ഇരുപത്തിനാലു മണിക്കൂർ സമയമേ ഉണ്ടായിരുന്നുള്ളൂ. ലോകത്തിനു പ്രയോജനപ്രദമായ പലതും അവർക്കു ചെയ്യാൻ സാധിച്ചത് ഉള്ള സമയം വിവേകത്തോടെ ചെലവഴിച്ചതുകൊണ്ടാണ്. നമുക്കും അതിനായി പരിശ്രമിക്കാം.
അമ്മ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..