ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിനടുത്ത് ചിലക്കലുരിപ്പെട്ടാണ് കൃഷ്ണതേജയുടെ സ്വദേശം. മൈലാവറപ്പ് കുടുംബം പരമ്പരാഗതമായി അത്യാവശ്യം സമ്പന്നരാണ്. മുതുമുത്തച്ഛനും മുത്തച്ഛനുമൊക്കെ വലിയ ദാനശീലരായിരുന്നു. ചിലക്കലുരിപ്പെട്ടിലെ മുനിസിപ്പൽ ഓഫീസ് ഇവരുടെ പഴയ കുടുംബവീടാണ്. നഗരത്തിലെ ക്ലോക്ക് ടവർ മുത്തച്ഛന്റെ പേരിലാണ്. ദാനധർമങ്ങൾ കൂടിയപ്പോൾ സമ്പത്ത് കുറഞ്ഞു. അച്ഛൻ ശിവാനന്ദ കുമാറിന് ചെറുകിട മെഡിക്കൽ ഹോൾസെയിൽ ബിസിനസായിരുന്നു. സെയ്ന്റ് ചാൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഏഴാംക്ലാസുവരെ ശരാശരി വിദ്യാർഥിമാത്രമായിരുന്നു കൃഷ്ണതേജ. ഈ ഘട്ടത്തിലാണ് ബിസിനസ് തകർച്ച നേരിട്ടതും കുടുംബം വലിയ സാമ്പത്തികപ്രയാസത്തിൽ അകപ്പെട്ടതും.
എട്ടാം ക്ലാസിലായപ്പോൾ എന്തെങ്കിലും അധികവരുമാനം കണ്ടെത്താതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നായി. പഠനം നിർത്തി എന്തെങ്കിലും പണിക്കുപോകാൻ ബന്ധുക്കളെല്ലാം ഉപദേശിച്ചു. ഒരു അയൽക്കാരൻ വന്ന് പഠനം നിർത്തരുതെന്നും സഹായിക്കാമെന്നും പറഞ്ഞു. ആരുടെയെങ്കിലും കൈയിൽനിന്ന് സൗജന്യമായി സഹായം വാങ്ങാൻ അമ്മ ഭുവനേശ്വരിക്കു താത്പര്യമില്ലായിരുന്നു. അമ്മ പറഞ്ഞതനുസരിച്ച് ഒരു മരുന്നുകടയിൽ വൈകീട്ട് ആറു മുതൽ ഒമ്പതുവരെ ജോലിക്കുപോയിത്തുടങ്ങി. കഷ്ടപ്പാടുകളുടെ ഈ ദിനങ്ങളിലാണ് പഠനത്തിലൂടെയേ തനിക്കു രക്ഷപ്പെടാനാകൂവെന്ന് കൃഷ്ണ മനസ്സിലാക്കുന്നത്. അതായിരുന്നു തുടക്കം. മൂന്നുവർഷം കടയിൽ ജോലി ചെയ്തുപഠിച്ചിട്ടും എട്ടു മുതൽ പത്തുവരെ ക്ലാസുകളിൽ ഒന്നാമനായി. ഇന്റർമീഡിയറ്റിനും ഇതിൽ മാറ്റമുണ്ടായില്ല. നസരറാവുപെട്ട കോളേജിൽനിന്ന് സ്വർണമെഡലോടെയാണ് കംപ്യൂട്ടർ സയൻസിൽ എൻജിനിയറിങ് ബിരുദം നേടിയത്. തുടർന്ന് പ്രമുഖ ഐ.ടി. സ്ഥാപനത്തിൽ ജോലി നേടി ഡൽഹിയിലെത്തി. അവിടെ റൂംമേറ്റായിരുന്ന സുഹൃത്ത് ഐ.എ.എസിന് ശ്രമിക്കുകയായിരുന്നു. ‘കോച്ചിങ് സ്ഥാപനത്തിലേക്ക് 30 കിലോമീറ്ററുണ്ട്. പോയിവരാൻ അദ്ദേഹത്തിന് ഒരു കൂട്ടുവേണം. അങ്ങനെയാണ് എന്നെയും നിർബന്ധിച്ചു ചേർത്തത്. സിവിൽ സർവീസ് എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. ആദ്യവർഷത്തെ പരീക്ഷയിൽ തോറ്റു. ജോലി ചെയ്തുകൊണ്ട് ഐ.എ.എസിനു ശ്രമിച്ചിട്ടു കാര്യമില്ലെന്ന് മനസ്സിലായതോടെ 2011-ൽ ജോലി രാജിവെച്ച് രണ്ടാമതും ശ്രമിച്ചു. ദിവസേന 15 മണിക്കൂറോളം പഠിച്ചെങ്കിലും അപ്രാവശ്യവും തോറ്റു. മൂന്നാംശ്രമത്തിലും തോറ്റതോടെ ആകെ തകർന്നുപോയി. ആത്മവിശ്വാസത്തിന്റെ നിറുകയിൽനിന്നിരുന്ന ഞാൻ നിലയില്ലാക്കയത്തിലേക്കു വീണതുപോലെയായി. പത്തിലും ഇന്റർമീഡിയറ്റിലും എൻജിനിയറിങ്ങിലും സംസ്ഥാനത്ത് ടോപ്പറായിരുന്ന ഞാൻ തുടർച്ചയായി മൂന്നു പരീക്ഷയ്ക്കു തോറ്റിരിക്കുന്നു. എന്താണു സംഭവിക്കുന്നതെന്ന് എനിക്കൊന്നും മനസ്സിലായില്ല. എന്തുകൊണ്ട് ഐ.എ.എസ്. കിട്ടുന്നില്ലെന്ന് ഒരുമാസത്തോളം ആലോചിച്ചു. എന്നിട്ടും ഉത്തരം കണ്ടെത്താനായില്ല. അടുത്ത കൂട്ടുകാരോടെല്ലാം ചോദിച്ചു. അവർക്കും ഒരുത്തരം പറയാൻ കഴിഞ്ഞില്ല. ഇതോടെ, ഐ.എ.എസ്. ശ്രമം ഉപേക്ഷിച്ച് വീണ്ടും ഐ.ടി. ജോലി തേടി. ഒരെണ്ണം ലഭിക്കുകയും ചെയ്തു. കൂട്ടുകാരെയെല്ലാം വിളിച്ച് ഐ.എ.എസ്. ശ്രമം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചു. അവർ വഴിയാകാം എന്റെ ശത്രുക്കളും വിവരമറിഞ്ഞു. പിറ്റേന്നു രാവിലെ ഏഴരയോടെ മൂന്ന് ശത്രുക്കൾ മുറിയിലെത്തി. അഞ്ച് മിനിറ്റ് സംസാരിക്കണമെന്നു പറഞ്ഞാണ് അവർ വന്നത്. നിനക്ക് ഒരിക്കലും ഐ.എ.എസ്. കിട്ടില്ലെന്നും തിരിച്ചു ജോലിക്കുകയറുന്നത് നല്ല തീരുമാനമാണെന്നും പറഞ്ഞു. എന്തുകൊണ്ട് ഐ.എ.എസ്. എനിക്കു കിട്ടുന്നില്ലെന്നു ചോദിച്ചപ്പോൾ അവർ മൂന്നുകാരണം പറഞ്ഞു.
രണ്ടായിരം മാർക്കിന്റെ എഴുത്തുപരീക്ഷയല്ലേ. നിന്റെ കൈയക്ഷരം മോശമായിരിക്കെ ഐ.എ.എസ്. കിട്ടാൻ ഒരു സാധ്യതയുമില്ല.
എഴുത്തുപരീക്ഷയിൽ പോയന്റുകൾ വെച്ച് എഴുതിയിട്ടു കാര്യമില്ല. ഒരു ഖണ്ഡികപോലെ, കഥപോലെയാവണം ആശയങ്ങൾ അവതരിപ്പിക്കേണ്ടത്. നീ എഴുതുന്നത് അങ്ങനെയല്ല.
എന്തു ചോദിച്ചാലും നീ നേരെയാണ് ഉത്തരം പറയുന്നത്. ഐ.എ.എസിൽ വളരെ ഡിപ്ലോമാറ്റിക്കായും ആധികാരികമായും മറുപടി പറയേണ്ടിവരും. നീയതു ചെയ്യുന്നില്ല. അവർ പോയിക്കഴിഞ്ഞപ്പോഴാണ് കൈയക്ഷരം, എഴുത്തുരീതി, സംഭാഷണരീതി എന്നിവ നന്നാക്കിയാലേ ഐ.എ.എസിലെത്താൻ കഴിയൂവെന്ന് ഞാൻ മനസ്സിലാക്കിയത്’- കടന്നുപോന്ന ദുരിതകാലത്തെക്കുറിച്ച് കൃഷ്ണതേജ ഓർക്കുന്നു.
365 ദിവസം നീണ്ട പരീക്ഷ
ഒന്നുകൂടി സിവിൽസർവീസിനു ശ്രമിക്കാൻ തീരുമാനിച്ചു. ജ്യോഗ്രഫിയാണ് മെയിനെടുത്തത്. ഹൈദരാബാദിലേക്കു മടങ്ങി. ഒരു നഴ്സറി ടീച്ചറിനെ കണ്ടെത്തി ദിവസം രണ്ടുമണിക്കൂർ കൈയക്ഷരം നന്നാക്കാൻ മാത്രമായി ശ്രമിച്ചു. ബാലലത എന്നുപേരുള്ള ഒരു സർക്കാർ ജോലിക്കാരി അവിടെയുണ്ടായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്ന ഇവർ കുട്ടികൾക്ക് ക്ലാസുകൾ എടുക്കാറുണ്ട്. ഇവരെ സമീപിച്ചു. എന്റെ എഴുത്തുരീതി നന്നാക്കുകയാണ് ലക്ഷ്യം. അവർ ഒരു ഉപാധി വെച്ചു. പുലർച്ചെ നാലുമുതൽ ഏഴുവരെ ക്ലാസ്. ഒരുവർഷം മുഴുവൻ. ഒരു മുടക്കവുമില്ല. എന്നെങ്കിലും മുടങ്ങിയാൽ അത് അവസാന ക്ലാസായി കണക്കാക്കും. ഞാൻ ഏറ്റു. മൂന്നരയ്ക്ക് എഴുന്നേൽക്കണം. തലേന്നു ടോപ്പിക് പറയും. പഠിച്ചിട്ടുവേണം ചെല്ലാൻ. അവർ എനിക്കുവേണ്ടി നിസ്വാർഥസേവനം ചെയ്യുകയാണ്. രാത്രി വൈകിയിരുന്നാണ് അവർ ചോദ്യങ്ങൾ തയ്യാറാക്കുന്നത്. എന്നിട്ട് പുലർച്ചെ നാലുമണിക്ക് റെഡിയായിരിക്കും. 365 ദിവസവും ക്ലാസ് മുടങ്ങിയില്ല. അവസാനദിവസം അവർ പറഞ്ഞു: ‘ഐ.എ.എസ്. കിട്ടാനുള്ള യോഗ്യതയായിക്കഴിഞ്ഞു’ എന്റെ സംഭാഷണരീതി മെച്ചപ്പെടുത്തുകയായിരുന്നു അടുത്തലക്ഷ്യം. അതിനായി ഹൈദരാബാദിൽ ആർ.സി. റെഡ്ഡി ഐ.എ.എസ്. അക്കാദമിയിൽ പഠിപ്പിക്കാൻ തുടങ്ങി. കമ്യൂണിക്കേഷൻ എന്ന ആർട്ട് പഠിച്ചത് ഇങ്ങനെയാണ്. ഇതോടെ ‘ശത്രുക്കൾ’ ചൂണ്ടിക്കാട്ടിയ മൂന്നു പ്രശ്നങ്ങളും പരിഹരിച്ചതായി എനിക്കുതോന്നി. നാലാംതവണ പരീക്ഷയെഴുതി ജയിച്ചു. ഇന്റർവ്യൂവിന് പോകാൻ വസ്ത്രങ്ങളും കോട്ടും വാങ്ങിത്തന്നത് ടീച്ചറാണ്. അങ്ങനെ ഇന്റർവ്യൂ ദിവസമെത്തി.
പുകയിലയും മുളകും
ഇന്റർവ്യൂവിനുമുമ്പ് ഞാൻ ഒരു മോക്ക് ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. പുകയിലക്കൃഷിക്ക് പേരുകേട്ട സ്ഥലമാണ് ഗുണ്ടൂർ. ആരോഗ്യത്തിന് ഹാനികരമായ പുകയിലക്കൃഷി ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് അഭിമുഖം നടത്തിയയാൾ ചോദിച്ചു. നല്ലതല്ലെന്ന് ഞാൻ പറഞ്ഞു. എന്നാൽ, പുകയില ഉപയോഗിക്കുന്നവർക്കല്ലേ കുഴപ്പമുള്ളൂ, കൃഷിക്കാർക്ക് വരുമാനം കിട്ടുന്നതല്ലേ എന്ന് മറുചോദ്യം വന്നു. എന്റെ ഭാഗം ഞാൻ വാദിച്ചെങ്കിലും ആ അഭിമുഖം ആകെ മോശമായി. യഥാർഥ ഇന്റർവ്യൂവിന്റെ തലേന്നുള്ള എന്റെ ഒരേയൊരു പ്രാർഥന പുകയിലയെക്കുറിച്ച് ചോദ്യംവരല്ലേയെന്നു മാത്രമായിരുന്നു. ഗുണ്ടൂരിലെ കൃഷിയെക്കുറിച്ചു ചോദിച്ചാൽ അവിടത്തെ മറ്റൊരു പ്രധാന കൃഷിയായ മുളകിനെക്കുറിച്ച് പറയാൻ തീരുമാനിച്ചു. സ്ഥലം ഗുണ്ടൂരെന്നു പറഞ്ഞതും കൃഷിയെപ്പറ്റി ചോദ്യം വന്നു. മുളക് പറഞ്ഞ് ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റൊരു പ്രധാന കൃഷിയില്ലേയെന്നായി ചോദ്യം. പുകയില പറയേണ്ടിവന്നു. ഗുണ്ടൂർ കളക്ടറായാൽ പുകയിലക്കൃഷി നിരോധിക്കുമോ അതോ പ്രോത്സാഹിപ്പിക്കുമോയെന്ന് ചോദിച്ചു. നിരോധനം പെട്ടെന്നു സാധിക്കില്ലെന്നു ഞാൻ മറുപടി പറഞ്ഞു. കൃഷിക്കാരെ ബോധവത്കരിച്ച് പടിപടിയായി മറ്റു കൃഷികളിലേക്കു മാറ്റണം. എട്ടോ പത്തോവർഷംകൊണ്ട് അവരെ പൂർണമായി ഈ രംഗത്തുനിന്ന് മാറ്റുകയാവും പ്രായോഗികമെന്നു പറഞ്ഞു. അതിനായി ഒരു റോഡ്മാപ്പ് തയ്യാറാക്കി പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കണമെന്നും പറഞ്ഞു. ഇത് ഇന്റർവ്യൂ ബോർഡിന് ബോധിച്ചു. നയചാതുര്യത്തോടെ സംസാരിക്കാൻ പഠിച്ചതിന്റെ ഗുണം. മറ്റൊരു ഭാഗ്യവുമുണ്ടായി. ഒരുദിവസം കൂട്ടുകാരനുമായി ബൈക്കിൽ പോകുകയായിരുന്നു. സിങ്കപ്പൂർ പ്രധാനമന്ത്രിയായിരുന്ന പരേതനായ ലീ ക്വാൻ യുവിനെക്കുറിച്ച് ചോദ്യങ്ങളുണ്ടാകുമെന്ന് സുഹൃത്ത് പറഞ്ഞു. അവന് വെറുതേ തോന്നിയതാണെങ്കിലും അതു നന്നായി റഫർ ചെയ്തു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ നേട്ടവുംകോട്ടവും സംബന്ധിച്ച് കൃത്യമായി ചോദ്യംവരുകയും ചെയ്തു.
ബൈക്ക് വെച്ചൊരു പന്തയം
സിവിൽ സർവീസ് ഫലം വരുന്നതിന് കുറച്ചുദിവസംമുമ്പ് സുഹൃത്ത് ഹരി വന്നു. ഇത്തവണ നൂറിൽത്താഴെ റാങ്കുകിട്ടുമെന്ന് പറഞ്ഞു. എനിക്കത്ര ഉറപ്പുണ്ടായിരുന്നില്ല. എന്റെ ബൈക്കുവെച്ചായിരുന്നു പന്തയം. ഫലം വരുമ്പോൾ ഞാൻ തിയേറ്ററിലായിരുന്നു. കൂട്ടുകാരന്റെ വിളിവന്നു. ബൈക്ക് അവനു കൊടുക്കേണ്ടിവരുമെന്നു പറഞ്ഞു. കാരണം എനിക്ക് 66-ാം റാങ്ക്.
സർവീസിലേക്ക്
ആന്ധ്ര, തെലങ്കാന, കേരളം എന്നിങ്ങനെ ക്രമത്തിലാണ് ഓപ്ഷൻ കൊടുത്തിരുന്നത്. മുതുമുത്തച്ഛൻമാർ മുതൽ സ്ഥിരമായി ശബരിമലയിൽ വരുന്നതിനാൽ കേരളത്തെക്കുറിച്ച് അറിയാമായിരുന്നു. അപ്പൂപ്പൻ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിൽ പതിവുകാരനായിരുന്നു. ഇതൊക്കെയാണ് ഓപ്ഷനിൽ കേരളം വെക്കാൻ കാരണം. സ്ഥിരമായി സബ് കളക്ടർ ഇല്ലാതിരുന്ന സ്ഥലമായിരുന്നു ആലപ്പുഴ. ആശങ്കയോടെയാണ് വന്നത്. അക്കാലത്തായിരുന്നു കേരളം നടുങ്ങിയ പ്രളയം. കുട്ടനാട് മുങ്ങിപ്പോകുമോയെന്ന ആശങ്കയുണ്ടായി. വളരെപ്പെട്ടെന്ന് രണ്ടുലക്ഷത്തോളംപേരെ ഒഴിപ്പിക്കണം. ജനങ്ങളെ സംഭവത്തിന്റെ ഗൗരവംപറഞ്ഞ് പേടിപ്പിക്കാനും പാടില്ല. പിന്നീടെല്ലാം പെട്ടന്നായിരുന്നു. ഇരുനൂറോളം ബോട്ടുകളിറക്കി. ജനങ്ങളെ പറഞ്ഞുമനസ്സിലാക്കി സഹകരിപ്പിക്കുന്ന ഉത്തരവാദിത്വം മുൻ ധനമന്ത്രി തോമസ് ഐസക്കിനായിരുന്നു. സർക്കാരും ജില്ലാഭരണകൂടവും ദേശീയ-സംസ്ഥാന സുരക്ഷാസേനകളും ജനങ്ങളും ഒത്തൊരുമിച്ചപ്പോൾ ഇതെല്ലാം സാധിച്ചു. മൂന്നുദിവസത്തിനകം രണ്ടരലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ഇപ്പോഴും അദ്‌ഭുതം തോന്നുന്ന കാര്യങ്ങളാണ് അതെല്ലാം.
2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പുകാലം. ജില്ലയിലെ എല്ലാ ബൂത്തുകളും സന്ദർശിക്കണം. പുലർച്ചെ ഇറങ്ങിയാലും തിരിച്ചെത്തുമ്പോൾ രാത്രിയാകും. ഒരുദിവസം തിരിച്ചുവന്നപ്പോൾ കുറച്ചു മത്സ്യത്തൊഴിലാളികൾ കാത്തുനിൽക്കുന്നു. അവർക്ക് ബോട്ടാണ് ആവശ്യം. അതു ശരിയാക്കാമെന്നു പറഞ്ഞപ്പോഴാണ് ഒരെണ്ണത്തിനു നാൽപ്പതിനായിരത്തോളം രൂപയാകുമെന്നും നാനൂറെണ്ണം വേണമെന്നും അറിഞ്ഞത്. തന്നെക്കൊണ്ട് കൂട്ടിയാൽക്കൂടാത്ത കാര്യമായതിനാൽ തത്കാലം അവരെ മടക്കിവിട്ടു. ഒന്നു ശ്രമിച്ചുനോക്കാമെന്നുമാത്രമേ കരുതിയുള്ളൂ. എല്ലാ വ്യക്തിബന്ധങ്ങളും ഉപയോഗിച്ചു. കമ്പനികളിലെ സുഹൃത്തുക്കളെ വിളിച്ചു. അവരുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി.എസ്.ആർ.) ഫണ്ടുകൊണ്ട് ദിവസങ്ങൾക്കകം 400 ബോട്ടു കിട്ടി. വിപ്രോ നൂറു ബോട്ടുതന്നു. ഒരുദിവസം അവരുടെ ജീവനക്കാർ ആലപ്പുഴയിൽ പുരവഞ്ചിയിൽ കയറാൻ വന്നു. അപ്പോഴാണ് സമീപത്തുകൂടി അവരുടെ പേരുപതിച്ച ഫൈബർബോട്ടു പോകുന്നതു കണ്ടത്. അവരതിന്റെ ഫോട്ടോയെടുത്ത് കമ്പനി മേധാവികൾക്കയച്ചു. അവിടെനിന്ന് ഒരു ഉന്നതോദ്യോഗസ്ഥൻ എന്നെ വിളിച്ച് ഇങ്ങനെയൊരു ദൗത്യത്തിന് അവരെയും ഉൾപ്പെടുത്തിയതിൽ നന്ദി അറിയിച്ചു. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥൻ അയാളുടെ പരിമിതികൾ ലംഘിച്ച് മുന്നോട്ടുപോകുമ്പോൾ സമൂഹത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻപറ്റുമെന്ന് തിരിച്ചറിഞ്ഞത് അത്തരം സംഭവങ്ങളിലൂടെയാണ്.
ഐ.എ.എസിനു ശ്രമിക്കുന്നവരോട്
സ്ഥിരത പുലർത്തണം. ദിവസം രണ്ടുമണിക്കൂറാണ് പഠിക്കുന്നതെങ്കിൽപ്പോലും അതു കൃത്യമായിരിക്കണം. വിജയികളുടെ അപദാനങ്ങൾ പാടാൻ ഒരുപാടു പേരുണ്ടാകും. വിജയത്തിനുപിന്നിലെ കഷ്ടപ്പാടുകൾ ആരുമറിയില്ല.
കുറച്ചുകാലം മുമ്പാണ്. വെള്ളം കയറി നശിച്ച വീടുകൾ കാണാൻ മന്ത്രി പി. പ്രസാദുമൊത്താണ് വി.ആർ. കൃഷ്ണതേജ കുട്ടനാട്ടിലെത്തിയത്. വീടുകളുടെ സമീപത്തേക്കു പോകണമെങ്കിൽ ഫൈബർ ബോട്ടിൽ കയറണം. വലിയ സംഘം ഒപ്പമുള്ളതിനാൽ എല്ലാവർക്കും ബോട്ടിൽ കയറാനാകില്ല. ഒടുവിൽ മന്ത്രിയും കളക്ടറും ആദ്യംപോകാൻ തീരുമാനിച്ചു. കളക്ടറുടെ കൈയിൽപിടിച്ച് ബോട്ടിലേക്കു കയറ്റുമ്പോൾ ബോട്ടോടിക്കുന്നയാൾ ചോദിച്ചു: സാറിന് എന്നെ മനസ്സിലായോ? തെല്ല് ആലോചിച്ചെങ്കിലും കൃഷ്ണ തേജയ്ക്ക് ആളെ പിടികിട്ടിയില്ല. കളക്ടറെ അധികം വിഷമിപ്പിക്കേണ്ടെന്നു കരുതി അദ്ദേഹംതന്നെ പരിചയപ്പെടുത്തി: ‘‘സാറേ ഈ ബോട്ട് സാറു തന്നതാണ്. 2018-ലെ പ്രളയത്തിനുശേഷം. അന്നുമുതൽ എന്റെ ജീവനോപാധി ഇതാണ്’’ പ്രളയത്തിൽ മുങ്ങിയ ആലപ്പുഴയെ രക്ഷിക്കാൻ അന്ന് സബ് കളക്ടറായിരുന്ന കൃഷ്ണതേജ ആവിഷ്കരിച്ച പദ്ധതിയായിരുന്നു ‘അയാം ഫോർ ആലപ്പി’. അതുവഴി ബോട്ടുകിട്ടിയ ആളാണ് മുന്നിൽനിൽക്കുന്നത്. ഒരു നിമിഷം തേജ വികാരാധീനനായി. കുറച്ചുദിവസം മുമ്പ് മറ്റൊരു സംഭവവുമുണ്ടായി. കളക്ടറായി ചുമതലയേൽക്കുന്നതിനുമുമ്പാണ്. ടൂറിസം ഡയറക്ടർ എന്ന നിലയിൽ അദ്ദേഹം ആലപ്പുഴയിൽ ഒരു യോഗത്തിനെത്തിയതായിരുന്നു. കളക്ടറേറ്റിൽ നടന്ന യോഗം കഴിയുംവരെ ഒരു കുടുംബം അദ്ദേഹത്തെ കാത്തുനിന്നു. പോകാനിറങ്ങുമ്പോൾ ഈ കുടുംബം കൃഷ്ണതേജയെ സമീപിച്ചു. ഞങ്ങളുടെ വീടുവരെ ഒന്നുവരാമോ എന്നായി ചോദ്യം. ആദ്യം ഒന്നു പകച്ചെങ്കിലും അദ്ദേഹം കൂടെപ്പോയി. കുട്ടനാട്ടിൽ തലയുയർത്തിനിൽക്കുന്ന ഒരു വീട്ടിലാണ് അവരെത്തിയത്. കൃഷ്ണതേജയോട് അവർ പറഞ്ഞു: ‘‘ഇത് സാറു തന്ന വീടാണ്’’- പ്രളയത്തിനുശേഷം അയാം ഫോർ ആലപ്പി പദ്ധതിയിലൂടെ നൽകിയതാണ് ഈ വീട്. പ്രളയത്തെ അതിജീവിക്കുന്നതരത്തിലാണ് അതിന്റെ നിർമാണം. അത് കാണിക്കാൻ കൊണ്ടുവന്നതാണ് വീട്ടുകാർ. ഒരു െഎ.എ.എസ്. ഓഫീസർക്ക് സന്തോഷിക്കാൻ ഇതിൽപ്പരം എന്താണു വേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..