ഞാൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു. ഇത്രയും പണം ചെലവാക്കി ഗുരു എന്നെ ഇങ്ങോട്ട് കൊണ്ടുവന്നതെന്തിനാണ്? ഈ പണം ലാഭിക്കാമായിരുന്നു. അങ്ങനെയാണല്ലോ എല്ലാവരും ചിന്തിക്കുക. ലക്ഷങ്ങളും കോടികളും മുടക്കി എത്രയോ എഴുത്തുകാരുടെ കഥകൾ സിനിമയാക്കുന്നുണ്ട്! അവരെല്ലാം ഇതുപോലെ ആദരിക്കപ്പെടുന്നുണ്ടോ? എഴുത്തുകാരുടെ പേരുപോലും സിനിമാ പരസ്യങ്ങളിൽ കണ്ടിട്ടില്ല. പ്രത്യേകിച്ച്, ഹിന്ദി സിനിമാലോകത്ത്. സിനിമാലോകത്തെ എന്റെ അനുഭവം വെച്ചുപറയാം, സിനിമാക്കാർ കഥ ഒരുപകരണം പോലെയാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ സിനിമ എനിക്കിഷ്ടപ്പെട്ടാൽ ഈ ‘ഇഷ്ടപ്പെടലിന്റെ’ വില നിങ്ങൾക്കു തരും. ആവശ്യക്കാരനും ആവശ്യക്കാരനും തമ്മിലുള്ള ബന്ധമാണ് അവർ തമ്മിലുള്ളത്. പക്ഷേ, സ്നേഹത്തിന്റെ വില സ്നേഹംകൊണ്ടല്ലാതെ തിരിച്ചുകൊടുക്കാൻ കഴിയുമോ? ഗുരുവിന്റെ സ്വഭാവം ഇതാണ്. കഴിഞ്ഞ കുറച്ചുകൊല്ലങ്ങളിലെ സൗഹൃദംകൊണ്ടുതന്നെ ഞാനത് മനസ്സിലാക്കി. സ്നേഹമല്ലാതെ മറ്റൊന്നും എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. ബോംബെ എവിടെ കിടക്കുന്നു, കൽക്കത്ത എവിടെ കിടക്കുന്നു! ഇവയെ വേർതിരിക്കുന്ന പർവതങ്ങളും നദികളും മേഘമാലകളും കഴിഞ്ഞ കുറച്ചുകൊല്ലങ്ങൾകൊണ്ട് അപ്രത്യക്ഷമായെന്നെനിക്കു തോന്നി. ഇത് വെറും ലൗകികമായ ഒരു സൗഹൃദമല്ല. അങ്ങനെയായിരുന്നെങ്കിൽ എവിടെയാണെങ്കിലും ഫോൺചെയ്ത് എന്റെ സുഖവിവരങ്ങൾ ഗുരു അന്വേഷിക്കുമായിരുന്നില്ല.
ഇങ്ങനെ പലതും ചിന്തിച്ച് ഞാനുറങ്ങിപ്പോയി. ഗീത തിരിച്ചെത്തിയതുകണ്ട് വളരെ സന്തോഷം തോന്നി. മുഖത്തെ പ്രസന്നതകണ്ടപ്പോൾ അവൾ സന്തോഷവതിയാണെന്നും തോന്നി. ഉറക്കമുണർന്നപ്പോൾ സമയം വൈകുന്നേരം അഞ്ചുമണി. വെയിൽ ചാഞ്ഞിരുന്നു. ഗുരുവിന്റെ പൂന്തോട്ടത്തിൽനിന്നും പാലി ഹില്ലിന്റെ മുകളിൽനിന്നും വെയിൽ മാഞ്ഞുകഴിഞ്ഞു. കണ്ണുതുറന്നപ്പോൾ വേലക്കാരൻ കൃഷ്ണനെ കണ്ടു.
‘‘പുറത്തേക്കു പോകുന്നതിനുമുമ്പ് സാബ്ജി ഈ മുറിയിൽ വന്നിരുന്നു. സാറ് ഉറങ്ങുന്നതുകണ്ട് ഒറ്റയ്ക്ക് പുറത്തുപോയി. സാറിനോട് അങ്ങോട്ടു ചെല്ലാൻ പറഞ്ഞു.’’
‘‘എത്ര മണിക്ക്?’’
‘‘എട്ടര മണിക്ക്, ദീദിമണിയുടെ കൂടെ, എല്ലാവരും അവിടെയുണ്ടാകും.’’
സുഖമില്ലാത്ത അവസ്ഥയിൽ പുലർച്ചെയ്ക്കെഴുന്നേറ്റ് കൽക്കത്തയിൽനിന്നു പുറപ്പെട്ടതാണ്. പക്ഷേ, ഉറങ്ങിയെഴുന്നേറ്റപ്പോൾ ക്ഷീണമെല്ലാം മാറി. ഏറെ പരിചയപ്പെട്ട ആ മുറിയിൽനിന്നു പുറത്തുകടന്ന് ഞാൻ ചാരുകസേരയിൽ ചാരിക്കിടന്നു. ഇവിടെ എത്രയോ ദിനരാത്രങ്ങളിൽ കഥയുടെ ചർച്ചകളും കൂടിയാലോചനകളും നടന്നു! ചിരിയും കണ്ണീരും വിഷമാവസ്ഥകളും എത്ര കണ്ടു! കഴിഞ്ഞ സംഭവങ്ങളെല്ലാം ജാഥയിലെന്നപോലെ വരിവരിയായി കൺമുന്നിലൂടെ കടന്നുപോയി. വിലയ്ക്കുവാങ്ങാം എന്ന നോവലിന്റെ അനേകം ലക്കങ്ങൾ ഇവിടെയിരുന്നാണെഴുതിയതും കൽക്കത്തയിലെ ദേശ് മാസികയുടെ ഓഫീസിലേക്കെത്തിച്ചുകൊടുത്തതും. എന്തെല്ലാം നാടകങ്ങൾ ജീവിതത്തിൽ അരങ്ങേറി! തന്ദ്ര ബർമനും അച്ഛനും സതീശ് ഭട്‌നാഗറും അയാളുടെ ഇംഗ്ളീഷുകാരി ഭാര്യയും പിന്നെ ആ നേപ്പാളി യുവാവും. സതീശ് ഭട്‌നാഗറിന് അയാളുടെ ഭാര്യയെ നഷ്ടമായത്. ഈ മുറിക്ക് പല ചരിത്രങ്ങളും പറയാനുണ്ട്. ഹേമന്ത് മുഖർജി സാഹബ് ബീബി ഓർ ഗുലാം സിനിമയിലെ പാട്ടുകൾ ഗുരുവിനെ കേൾപ്പിച്ചത് ഇവിടെവെച്ചാണ്. വ്യാപാരികൾ സിനിമയ്ക്കുവേണ്ട സാരികൾ കൊണ്ടുവന്ന് കൂട്ടിയിട്ടത് ഇവിടെ. ഗുരുതന്നെയാണ് സാരികൾ തിരഞ്ഞെടുത്തതും വാങ്ങിച്ചതും. ആത്മഹത്യ ചെയ്യാനുറച്ച് ഗുരു മുപ്പത്തെട്ട് ഉറക്കഗുളികകൾ കഴിച്ചതും ഇവിടെവെച്ച്. എത്ര വിചിത്രമാണ് ഇതിന്റെ ചരിത്രം! കഷ്ടം! ആ മുറി ഇന്നില്ല. 1963 ജൂലായിൽ ഞാൻ ബോംബെയിൽ ചെന്നപ്പോഴേക്കും ആ വീട് ഇടിച്ചുനിരപ്പാക്കിയിരുന്നു.
‘‘മനോഹരമായ ഒരു വീട് പൊളിച്ചുകളഞ്ഞതെന്തിനായിരുന്നു?’’-ഞാൻ ചോദിച്ചു. ഗുരു ചിരിച്ചതേയുള്ളൂ.
അക്കാര്യങ്ങളെല്ലാം പിന്നീട്. 1962-ലേക്കു വരാം.
1962, ഗുരുവിന്റെ ജീവിതത്തിൽ എന്നും ഓർമിക്കപ്പെടേണ്ട ഒരുവർഷം. അക്കൊല്ലം ജൂണിലാണ് സാഹബ് ബീബി ഓർ ഗുലാം റിലീസ് ആയത്. ഇതിനുമുമ്പ് ഗുരു പല സിനിമകളും ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപ നേടിയിട്ടുണ്ട്. ഇതിനുമുമ്പുതന്നെ അയാൾ പ്രശസ്തനുമായിരുന്നു. പക്ഷേ, ഈ സിനിമയോടെ ഗുരു ഒരു സാഹിത്യകാരനായും അംഗീകാരം നേടി. ഇതാണ് ആദ്യമായി ബർലിനിലേക്ക് സർക്കാർ അയച്ച ഗുരുവിന്റെ സിനിമ. സാഹിത്യപുരസ്കാരം പോലെത്തന്നെയാണ് സിനിമാപുരസ്കാരവും. ഏറ്റവും നല്ല സാഹിത്യകാരനാകാൻ, ഏറ്റവും നല്ല നടനാകാൻ, ഏറ്റവും നല്ല നിർമാതാവാകാൻ ചില പൊടിക്കൈകൾ ആവശ്യമാണ്. പുരസ്കാരങ്ങളുടെ കാര്യത്തിൽ തികഞ്ഞ ഉദാസീനതയാണ് ഗുരുവിന്. എന്തു ചെയ്താൽ, ആരെ സമീപിച്ചാൽ നേട്ടമുണ്ടാകുമെന്ന് ഗുരു ഒരിക്കലും ചിന്തിക്കാറില്ല. സമ്മേളനങ്ങൾക്കൊന്നും പോകാറില്ല. ഒരു പാർട്ടിയോടും പ്രതിപത്തിയില്ല. ഇക്കാര്യത്തിൽ ഞാനും അയാളും തമ്മിൽ നല്ലചേർച്ചയാണ്. അതുകൊണ്ടൊക്കെത്തന്നെയാവാം ഞങ്ങൾ തമ്മിൽ ഇത്രയടുപ്പമുണ്ടായത്.
അതിരിക്കട്ടെ. സന്ധ്യ കഴിഞ്ഞപ്പോൾ ഞാൻ പോകാൻ തയ്യാറായി. ഗീതയും റെഡിയായി. എന്നാലും വീട്ടിൽനിന്നിറങ്ങിയപ്പോൾ ഏഴരമണിയായി. പാലി ഹില്ലിൽനിന്ന് ചർച്ച് ഗേറ്റിലെ ‘ഇറോസ്’ സിനിമാ ഹാൾവരെ പത്തുപതിനേഴു മൈൽ ദൂരമുണ്ട്. എന്റെ മനസ്സിലും പലവിധ ആശങ്കകളുണ്ട്. ഇരുപതുലക്ഷം രൂപ ചെലവിൽ നിർമിച്ച സിനിമ. സിനിമ ഓടിയില്ലെങ്കിൽ ഗുരുവിന് ഭീമമായ നഷ്ടം ഉറപ്പ്. കാഗസ് ക ഫൂൽ’ വലിയ നഷ്ടംവരുത്തിയ സിനിമയായിരുന്നു. ഇതും നഷ്ടത്തിലായാൽ ! എനിക്കു പിന്നെ ഗുരുവിന്റെ മുഖത്തുനോക്കാൻ കഴിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..